സങ്കീർത്തനം 65:1-13
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
65 ദൈവമേ, സീയോനിൽ സ്‌തുതി അങ്ങയെ കാത്തിരിക്കുന്നു;+അങ്ങയ്‌ക്കു നേർന്ന നേർച്ചകൾ ഞങ്ങൾ നിറവേറ്റും.+
2 പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും.+
3 എന്റെ തെറ്റുകൾ എന്നെ കീഴടക്കിയിരിക്കുന്നു;+എന്നാൽ അങ്ങ് ഞങ്ങളുടെ ലംഘനങ്ങൾ മൂടുന്നു.+
4 തിരുമുറ്റത്ത് വസിക്കാനായി+അങ്ങ് തിരഞ്ഞെടുത്ത് അങ്ങയുടെ അടുത്തേക്കു കൊണ്ടുവരുന്ന മനുഷ്യൻ സന്തുഷ്ടൻ.
അങ്ങയുടെ ഭവനത്തിലെ, അങ്ങയുടെ വിശുദ്ധമായ ആലയത്തിലെ,*+ നന്മയാൽഞങ്ങൾ തൃപ്തരാകും.+
5 ഞങ്ങളുടെ രക്ഷയുടെ ദൈവമേ,ഭയാദരവ് ഉണർത്തുന്ന+ നീതിപ്രവൃത്തികളാൽ അങ്ങ് ഞങ്ങൾക്ക് ഉത്തരമേകും;ഭൂമിയുടെ അറുതികൾക്കുംകടലിന് അക്കരെ അതിവിദൂരത്ത് കഴിയുന്നവർക്കും അങ്ങാണ് ഒരേ ഒരു ആശ്രയം.+
6 അങ്ങ്* അങ്ങയുടെ ശക്തിയാൽ പർവതങ്ങളെ സുസ്ഥിരമായി സ്ഥാപിച്ചു;അങ്ങ്* ബലം അണിഞ്ഞിരിക്കുന്നു.+
7 ഇളകിമറിയുന്ന സമുദ്രത്തെ അങ്ങ്* ശാന്തമാക്കുന്നു;+തിരകളുടെ ഗർജനവും ജനതകളുടെ കോലാഹലവും അങ്ങ് ശമിപ്പിക്കുന്നു.+
8 അതിവിദൂരസ്ഥലങ്ങളിൽ കഴിയുന്നവർ അങ്ങയുടെ അടയാളങ്ങൾ കണ്ട് സ്തംഭിച്ചുനിൽക്കും;+സൂര്യോദയംമുതൽ സൂര്യാസ്തമയംവരെയുള്ളവർ സന്തോഷിച്ചാർക്കാൻ അങ്ങ് ഇടയാക്കും.
9 അങ്ങ് ഭൂമിയെ പരിപാലിക്കുന്നു;അതിനെ വളരെ ഫലപുഷ്ടിയുള്ളതും* വളക്കൂറുള്ളതും ആക്കുന്നു.+
ദൈവത്തിൽനിന്നുള്ള അരുവിയിൽ നിറയെ വെള്ളമുണ്ട്;അങ്ങ് അവർക്കു ധാന്യം നൽകുന്നു;+അങ്ങനെയല്ലോ അങ്ങ് ഭൂമി ഒരുക്കിയത്.
10 അങ്ങ് അതിന്റെ ഉഴവുചാലുകൾ കുതിർക്കുന്നു, ഉഴുതിട്ട മണ്ണു നിരത്തുന്നു;*അങ്ങ് മഴ പെയ്യിച്ച് മണ്ണു മയപ്പെടുത്തുന്നു, അതിൽ വളരുന്നവയെയെല്ലാം അങ്ങ് അനുഗ്രഹിക്കുന്നു.+
11 അങ്ങ് നന്മകൊണ്ട് സംവത്സരത്തിനു കിരീടം അണിയിക്കുന്നു;അങ്ങയുടെ പാതകളിൽ സമൃദ്ധി നിറഞ്ഞുതുളുമ്പുന്നു.+
12 വിജനഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ നിറഞ്ഞുകവിയുന്നു;*+കുന്നുകൾ സന്തോഷം അണിഞ്ഞുനിൽക്കുന്നു.+
13 മേച്ചിൽപ്പുറങ്ങളിൽ ആട്ടിൻപറ്റങ്ങൾ നിറഞ്ഞിരിക്കുന്നു;താഴ്‌വരകളിൽ ധാന്യം പരവതാനി വിരിച്ചിരിക്കുന്നു.+
അവ ജയഘോഷം മുഴക്കുന്നു; അതെ, അവ പാടുന്നു.+
അടിക്കുറിപ്പുകള്‍
^ അഥവാ “അങ്ങയുടെ വിശുദ്ധമന്ദിരത്തിലെ.”
^ അക്ഷ. “അവൻ.”
^ അക്ഷ. “അവൻ.”
^ അക്ഷ. “അവൻ.”
^ അക്ഷ. “അതിനെ നിറഞ്ഞ് കവിയുന്നതും.”
^ അഥവാ “ഉഴവുചാൽ നികത്തുന്നു.”
^ അക്ഷ. “ഇറ്റിറ്റുവീഴുന്നു.”