സങ്കീർത്തനം 40:1-17
സംഗീതസംഘനായകന്; ദാവീദ് രചിച്ച ശ്രുതിമധുരമായ ഗാനം.
40 ഞാൻ ആത്മാർഥമായി യഹോവയിൽ പ്രത്യാശവെച്ചു;*ദൈവം എന്നിലേക്കു ചെവി ചായിച്ച്* സഹായത്തിനായുള്ള എന്റെ നിലവിളി കേട്ടു.+
2 ഇരമ്പൽ കേൾക്കുന്ന കുഴിയിൽനിന്ന്,ചെളിക്കുണ്ടിൽനിന്ന്, ദൈവം എന്നെ വലിച്ചുകയറ്റി.
ദൈവം എന്റെ കാൽ പാറയിൽ ഉറപ്പിച്ചുനിറുത്തി,എന്റെ കാലടികൾ ഇടറാതാക്കി.
3 ദൈവം എന്റെ വായിൽ ഒരു പുതിയ പാട്ടും തന്നു,+നമ്മുടെ ദൈവത്തിനുള്ള സ്തുതിഗീതം!
അനേകർ ഭയാദരവോടെ അതു നോക്കിനിൽക്കും;അവരും യഹോവയിൽ ആശ്രയിക്കും.
4 ധിക്കാരികളിലേക്കോ വ്യാജമാർഗത്തിൽ നടക്കുന്നവരിലേക്കോ* തിരിയാതെയഹോവയിൽ ആശ്രയിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.
5 എന്റെ ദൈവമായ യഹോവേ,അങ്ങ് എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു!അങ്ങയുടെ മഹനീയപ്രവൃത്തികളും ഞങ്ങളെക്കുറിച്ചുള്ള ചിന്തകളും എത്രയധികം!+
അങ്ങയ്ക്കു തുല്യനായി ആരുമില്ല;+അവയെക്കുറിച്ചെല്ലാം വർണിക്കാൻ നോക്കിയാലോഅവ എണ്ണമറ്റവയും!+
6 ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല;*+എന്നാൽ ഞാൻ കേൾക്കേണ്ടതിന് അങ്ങ് എന്റെ കാതു തുറന്നു.+
ദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ചോദിച്ചില്ല.+
7 അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വന്നിരിക്കുന്നു.
ചുരുളിൽ* എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.+
8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യുന്നതല്ലോ എന്റെ സന്തോഷം.*+അങ്ങയുടെ നിയമം എന്റെ ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞിരിക്കുന്നു.+
9 മഹാസഭയിൽ ഞാൻ നീതിയെക്കുറിച്ചുള്ള സന്തോഷവാർത്ത ഘോഷിക്കുന്നു.+
ഞാൻ എന്റെ നാവിനെ അടക്കിവെക്കുന്നില്ല.+യഹോവേ, അങ്ങയ്ക്ക് ഇതു നന്നായി അറിയാമല്ലോ.
10 അങ്ങയുടെ നീതിനിഷ്ഠ ഞാൻ എന്റെ ഹൃദയത്തിൽ മൂടിവെക്കുന്നില്ല.
അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസിദ്ധമാക്കുന്നു.
മഹാസഭയോടു ഞാൻ അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും മറച്ചുവെക്കുന്നില്ല.”+
11 യഹോവേ, അങ്ങയുടെ കരുണ എനിക്കു നിഷേധിക്കരുതേ.
അങ്ങയുടെ അചഞ്ചലസ്നേഹവും സത്യവും എപ്പോഴും എന്നെ കാക്കട്ടെ.+
12 എണ്ണമറ്റ ദുരന്തങ്ങൾ എന്നെ വലയം ചെയ്യുന്നു.+
എന്റെ തെറ്റുകൾ എന്നെ ഞെരുക്കുന്നു; അവയുടെ പെരുപ്പം നിമിത്തം എനിക്കു വഴി കാണാനാകുന്നില്ല;+അവ എന്റെ മുടിയിഴകളുടെ എണ്ണത്തെക്കാൾ അധികമാണ്;ഞാൻ നിരാശയിലാണ്ടുപോയിരിക്കുന്നു.
13 യഹോവേ, എന്നെ രക്ഷിക്കാൻ അങ്ങ് മനസ്സു കാണിക്കേണമേ.+
യഹോവേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+
14 എന്റെ ജീവനെടുക്കാൻ നോക്കുന്നവരെല്ലാംനാണിച്ച് തല താഴ്ത്തട്ടെ.
എന്റെ ദുരന്തം കണ്ട് സന്തോഷിക്കുന്നവർഅപമാനിതരായി പിൻവാങ്ങട്ടെ.
15 “കൊള്ളാം! നന്നായിപ്പോയി!” എന്ന് എന്നോടു പറയുന്നവർ
തങ്ങൾക്കുണ്ടായ നാണക്കേടുകൊണ്ട് സ്തംഭിച്ചുപോകട്ടെ.
16 എന്നാൽ അങ്ങയെ അന്വേഷിക്കുന്നവർ+അങ്ങയിൽ സന്തോഷിച്ചാനന്ദിക്കട്ടെ.+
അങ്ങയുടെ രക്ഷാപ്രവൃത്തികളെ പ്രിയപ്പെടുന്നവർ
“യഹോവ വാഴ്ത്തപ്പെടട്ടെ” എന്ന് എപ്പോഴും പറയട്ടെ.+
17 ഞാനോ നിസ്സഹായനും പാവപ്പെട്ടവനും ആണ്;യഹോവ എന്നെ ശ്രദ്ധിക്കട്ടെ.
അങ്ങാണല്ലോ എന്റെ സഹായിയും രക്ഷകനും;+എന്റെ ദൈവമേ, വൈകരുതേ.+
അടിക്കുറിപ്പുകള്
^ അഥവാ “യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു.”
^ അഥവാ “ശ്രദ്ധിക്കാനായി കുനിഞ്ഞ്.”
^ അഥവാ “നുണയന്മാരിലേക്കോ.”
^ അഥവാ “അങ്ങയെ സന്തോഷിപ്പിച്ചില്ല.”
^ അക്ഷ. “പുസ്തകച്ചുരുളിൽ.”
^ അഥവാ “ചെയ്യാനല്ലോ എന്റെ ആഗ്രഹം.”