സങ്കീർത്തനം 148:1-14
148 യാഹിനെ സ്തുതിപ്പിൻ!*
സ്വർഗത്തിൽ യഹോവയെ സ്തുതിപ്പിൻ!+ഉന്നതങ്ങളിൽ ദൈവത്തെ സ്തുതിപ്പിൻ!
2 ദൈവദൂതന്മാരേ, നിങ്ങളെല്ലാം ദൈവത്തെ സ്തുതിപ്പിൻ!+
ദൈവത്തിന്റെ സൈന്യമേ, ഏവരും ദൈവത്തെ സ്തുതിപ്പിൻ!+
3 സൂര്യചന്ദ്രന്മാരേ, ദൈവത്തെ സ്തുതിപ്പിൻ!
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളേ, ദൈവത്തെ സ്തുതിപ്പിൻ!+
4 സ്വർഗാധിസ്വർഗങ്ങളേ, ദൈവത്തെ സ്തുതിപ്പിൻ!ആകാശത്തിനു മീതെയുള്ള ജലമേ, ദൈവത്തെ സ്തുതിപ്പിൻ!
5 അവയെല്ലാം യഹോവയുടെ പേര് സ്തുതിക്കട്ടെ!ദൈവകല്‌പനയാലല്ലോ അവ ഉണ്ടായത്.+
6 അവ ഒരുനാളും ഇളകിപ്പോകാതെ ദൈവം നോക്കുന്നു;+ഒരിക്കലും നീങ്ങിപ്പോകാത്ത ഒരു കല്‌പന ദൈവം പുറപ്പെടുവിച്ചിരിക്കുന്നു.+
7 ഭൂമിയിൽനിന്ന് യഹോവയെ സ്തുതിപ്പിൻ!സമുദ്രത്തിലെ ഭീമാകാരജന്തുക്കളും ആഴികളും,
8 മിന്നൽപ്പിണരും ആലിപ്പഴവും, മഞ്ഞും കനത്ത മേഘപടലങ്ങളും,ദൈവകല്‌പന നടപ്പാക്കുന്ന കൊടുങ്കാറ്റും,+
9 പർവതങ്ങളും സകല കുന്നുകളും,+ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,+
10 വന്യമൃഗങ്ങളും+ സകല വളർത്തുമൃഗങ്ങളും,ഇഴജന്തുക്കളും സകല പറവകളും,
11 ഭൂരാജാക്കന്മാരും സകല ജനതകളും,പ്രഭുക്കന്മാരും ഭൂമിയിലെ സകല ന്യായാധിപന്മാരും,+
12 യുവാക്കളും യുവതികളും,*വൃദ്ധന്മാരും ബാലന്മാരും* ദൈവത്തെ സ്തുതിക്കട്ടെ.
13 അവരെല്ലാം യഹോവയുടെ നാമം സ്തുതിക്കട്ടെ.തിരുനാമം മാത്രമല്ലോ പരമോന്നതമായത്.+
ദൈവമഹത്ത്വം ഭൂമിയെക്കാളും സ്വർഗത്തെക്കാളും ഉന്നതം!+
14 ദൈവം തന്റെ ജനത്തെ കൂടുതൽക്കൂടുതൽ ശക്തരാക്കും;*അതു ദൈവത്തിന്റെ വിശ്വസ്തരുടെ,ദൈവത്തിന് അടുപ്പമുള്ള ഇസ്രായേൽമക്കളുടെ, പുകഴ്ചയ്ക്ക് ഉതകും.
യാഹിനെ സ്തുതിപ്പിൻ!*
അടിക്കുറിപ്പുകള്‍
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”
^ അക്ഷ. “കന്യകമാരും.”
^ അഥവാ “വൃദ്ധരും കുട്ടികളും.”
^ അക്ഷ. “ജനത്തിന്റെ കൊമ്പ് ഉയർത്തും.”
^ അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ് “യാഹ്.”