സംഖ്യ 9:1-23
9 അവർ ഈജിപ്ത് ദേശത്തുനിന്ന് പുറപ്പെട്ടുപോന്നതിന്റെ രണ്ടാം വർഷം ഒന്നാം മാസം+ സീനായ് വിജനഭൂമിയിൽവെച്ച് യഹോവ മോശയോടു സംസാരിച്ചു. ദൈവം പറഞ്ഞു:
2 “നിശ്ചയിച്ച സമയത്തുതന്നെ+ ഇസ്രായേല്യർ പെസഹാബലി+ ഒരുക്കണം.
3 ഈ മാസം 14-ാം ദിവസം സന്ധ്യാസമയത്ത്,* അതിനു നിശ്ചയിച്ച സമയത്ത്, നിങ്ങൾ അത് ഒരുക്കണം. അതിന്റെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് വേണം നിങ്ങൾ അത് ഒരുക്കാൻ.”+
4 പെസഹാബലി ഒരുക്കാൻ മോശ ഇസ്രായേല്യരോടു പറഞ്ഞു.
5 അങ്ങനെ, സീനായ് വിജനഭൂമിയിൽവെച്ച് ഒന്നാം മാസം 14-ാം ദിവസം സന്ധ്യാസമയത്ത് അവർ പെസഹാബലി ഒരുക്കി. യഹോവ മോശയോടു കല്പിച്ചതൊക്കെ ഇസ്രായേല്യർ ചെയ്‌തു.
6 എന്നാൽ ഒരു ശവശരീരത്തിൽ തൊട്ട്* അശുദ്ധരായതിനാൽ+ അവിടെയുണ്ടായിരുന്ന ചിലർക്ക് അന്നേ ദിവസം പെസഹാബലി ഒരുക്കാൻ സാധിച്ചില്ല. അതുകൊണ്ട് അവർ അന്നു മോശയുടെയും അഹരോന്റെയും മുമ്പാകെ ചെന്ന്+
7 അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ ശവത്തിൽ തൊട്ട് അശുദ്ധരായിരിക്കുന്നു. ഇസ്രായേല്യരെല്ലാം യഹോവയ്ക്കു നിശ്ചിതസമയത്ത് യാഗം അർപ്പിക്കുമ്പോൾ ഞങ്ങൾ മാറി നിൽക്കണോ?”+
8 മോശ അവരോടു പറഞ്ഞു: “നിങ്ങൾ ഇവിടെ നിൽക്കൂ, യഹോവ നിങ്ങളെക്കുറിച്ച് കല്പിക്കുന്നത് എന്താണെന്നു ഞാൻ കേൾക്കട്ടെ.”+
9 അപ്പോൾ യഹോവ മോശയോട്:
10 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘നിങ്ങളുടെ ഇടയിലോ വരുംതലമുറയിലോ ഉള്ള ആരെങ്കിലും ശവത്തിൽ തൊട്ട് അശുദ്ധനായാലും+ ഒരു ദൂരയാത്രയിലായാലും അയാൾ യഹോവയ്ക്കു പെസഹാബലി ഒരുക്കേണ്ടതാണ്.
11 രണ്ടാം മാസം+ 14-ാം ദിവസം സന്ധ്യാസമയത്ത് അവർ അത് ഒരുക്കണം. പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടും കൂടെ അവർ അതു തിന്നണം.+
12 അതൊന്നും അവർ രാവിലെവരെ ബാക്കി വെക്കരുത്.+ അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയുമരുത്.+ പെസഹയുടെ എല്ലാ നിയമങ്ങളുമനുസരിച്ച് അവർ അത് ഒരുക്കണം.
13 എന്നാൽ ശുദ്ധിയുള്ളവനായിരിക്കുകയോ ദൂരയാത്രയിലല്ലാതിരിക്കുകയോ ചെയ്തിട്ടും ഒരാൾ പെസഹാബലി ഒരുക്കാൻ തയ്യാറല്ലെങ്കിൽ അയാളെ അയാളുടെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണം.*+ കാരണം നിശ്ചയിച്ച സമയത്ത് അയാൾ യഹോവയ്ക്കു യാഗം അർപ്പിച്ചില്ല. അയാൾ തന്റെ പാപത്തിനു കണക്കു ബോധിപ്പിക്കേണ്ടിവരും.
14 “‘നിങ്ങൾക്കിടയിൽ ഒരു വിദേശി താമസിക്കുന്നുണ്ടെങ്കിൽ അയാളും യഹോവയ്ക്കു പെസഹാബലി ഒരുക്കണം.+ പെസഹയുടെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് അയാൾ അതു ചെയ്യണം.+ സ്വദേശിയായാലും വിദേശിയായാലും നിങ്ങൾക്ക് എല്ലാവർക്കും ഒരേ നിയമമായിരിക്കണം.’”+
15 വിശുദ്ധകൂടാരം സ്ഥാപിച്ച ദിവസം+ മേഘം വിശുദ്ധകൂടാരത്തെ—സാക്ഷ്യകൂടാരത്തെ—മൂടി. എന്നാൽ വൈകുന്നേരംമുതൽ രാവിലെവരെ അതു വിശുദ്ധകൂടാരത്തിനു മുകളിൽ തീപോലെ കാണപ്പെട്ടു.+
16 അങ്ങനെതന്നെ തുടർന്നും സംഭവിച്ചു: പകൽ മേഘവും രാത്രി അഗ്നിപ്രഭയും അതിനെ മൂടും.+
17 മേഘം കൂടാരത്തിൽനിന്ന് ഉയർന്നാൽ ഉടൻ ഇസ്രായേല്യർ പുറപ്പെടും;+ മേഘം നിൽക്കുന്നിടത്ത് ഇസ്രായേല്യർ പാളയമടിക്കും.+
18 യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ ഇസ്രായേല്യർ പുറപ്പെടും, യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ ഇസ്രായേല്യർ പാളയമടിക്കും.+ മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കുന്നിടത്തോളം അവർ പാളയത്തിൽത്തന്നെ കഴിയും.
19 ചിലപ്പോൾ, മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ പല ദിവസത്തേക്കു നിൽക്കും. ഇസ്രായേല്യർ യഹോവയെ അനുസരിക്കും, അവർ പുറപ്പെടില്ല.+
20 മറ്റു ചിലപ്പോൾ, കുറച്ച് ദിവസമേ മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കൂ. യഹോവയുടെ ആജ്ഞയനുസരിച്ച് അവർ പാളയത്തിൽ താമസിക്കുകയും യഹോവയുടെ ആജ്ഞയനുസരിച്ച് അവർ പുറപ്പെടുകയും ചെയ്യും.
21 ചിലപ്പോൾ, മേഘം വൈകുന്നേരംമുതൽ രാവിലെവരെ മാത്രം നിൽക്കും. രാവിലെ മേഘം ഉയരുമ്പോൾ അവർ പുറപ്പെടും. പകലായാലും രാത്രിയായാലും, മേഘം ഉയർന്നാൽ അവർ പുറപ്പെടും.+
22 രണ്ടു ദിവസമോ ഒരു മാസമോ അതിലേറെ കാലമോ ആയാലും, മേഘം വിശുദ്ധകൂടാരത്തിനു മുകളിൽ നിൽക്കുന്നിടത്തോളം ഇസ്രായേല്യർ പാളയത്തിൽത്തന്നെ താമസിക്കും; അവർ പുറപ്പെടില്ല. എന്നാൽ അത് ഉയരുമ്പോൾ അവർ പുറപ്പെടും.
23 യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ അവർ പാളയമടിക്കും, യഹോവയുടെ ആജ്ഞ കിട്ടുമ്പോൾ അവർ പുറപ്പെടും. മോശയിലൂടെ യഹോവ നൽകിയ ആജ്ഞപോലെ അവർ യഹോവയെ അനുസരിച്ചു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “രണ്ടു സന്ധ്യകൾക്കിടയിൽ.”
^ അഥവാ “ഒരു മനുഷ്യദേഹിയാൽ.”
^ അഥവാ “കൊന്നുകളയണം.”