സംഖ്യ 12:1-16
12 മോശ ഒരു കൂശ്യസ്‌ത്രീയെയായിരുന്നു+ വിവാഹം കഴിച്ചത്. മോശയുടെ ഈ ഭാര്യ കാരണം മിര്യാമും അഹരോനും മോശയ്ക്കെതിരെ സംസാരിച്ചുതുടങ്ങി.
2 “മോശയിലൂടെ മാത്രമാണോ യഹോവ സംസാരിച്ചിട്ടുള്ളത്, ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ”+ എന്ന് അവർ പറഞ്ഞു. പക്ഷേ യഹോവ അതു കേൾക്കുന്നുണ്ടായിരുന്നു.+
3 എന്നാൽ മോശ ഭൂമിയിലുള്ള എല്ലാ മനുഷ്യരെക്കാളും സൗമ്യനായിരുന്നു.*+
4 യഹോവ ഉടനെ മോശയോടും അഹരോനോടും മിര്യാമിനോടും പറഞ്ഞു: “നിങ്ങൾ മൂന്നു പേരും സാന്നിധ്യകൂടാരത്തിലേക്കു ചെല്ലുക.” അങ്ങനെ അവർ മൂന്നും അവിടേക്കു ചെന്നു.
5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങിവന്ന്+ കൂടാരവാതിൽക്കൽ നിന്നു. ദൈവം അഹരോനെയും മിര്യാമിനെയും വിളിച്ചു, അവർ രണ്ടും മുന്നോട്ടു ചെന്നു.
6 അപ്പോൾ ദൈവം പറഞ്ഞു: “ഞാൻ പറയുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. നിങ്ങളുടെ ഇടയിൽ യഹോവയുടെ ഒരു പ്രവാചകനുണ്ടെങ്കിൽ ഒരു ദിവ്യദർശനത്തിലൂടെ+ ഞാൻ എന്നെത്തന്നെ അവനു വെളിപ്പെടുത്തും, ഒരു സ്വപ്‌നത്തിലൂടെ+ ഞാൻ അവനോടു സംസാരിക്കും.
7 എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല. എന്റെ ഭവനം മുഴുവനും ഞാൻ അവനെ ഭരമേൽപ്പിച്ചിരിക്കുന്നു.*+
8 ഞാൻ അവനോടു നിഗൂഢമായ വാക്കുകളിലല്ല, വ്യക്തമായി, മുഖാമുഖമാണു* സംസാരിക്കുന്നത്.+ യഹോവയുടെ രൂപം കാണുന്നവനാണ് അവൻ. അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?”
9 യഹോവയുടെ കോപം അവർക്കെതിരെ ജ്വലിച്ചു, ദൈവം അവരെ വിട്ട് പോയി.
10 മേഘം കൂടാരത്തിനു മുകളിൽനിന്ന് നീങ്ങിയപ്പോൾ അതാ, മിര്യാം മഞ്ഞുപോലെ വെളുത്ത് കുഷ്ഠരോഗിയായിരിക്കുന്നു!+ അഹരോൻ തിരിഞ്ഞുനോക്കിയപ്പോൾ മിര്യാമിനു കുഷ്‌ഠം ബാധിച്ചിരിക്കുന്നതു കണ്ടു.+
11 ഉടനെ അഹരോൻ മോശയോടു പറഞ്ഞു: “യജമാനനേ, ഈ പാപത്തെപ്രതി ഞങ്ങളെ ശിക്ഷിക്കരുതേ. ഞാൻ അങ്ങയോടു യാചിക്കുകയാണ്. വിഡ്ഢിത്തമാണു ഞങ്ങൾ കാണിച്ചത്.
12 മാംസം പകുതി അഴുകി പെറ്റുവീണ ചാപിള്ളയെപ്പോലെ മിര്യാമിനെ വിടരുതേ!”
13 അപ്പോൾ മോശ യഹോവയെ വിളിച്ചപേക്ഷിച്ചു: “ദൈവമേ, ദയവായി, ദയവായി മിര്യാമിനെ സുഖപ്പെടുത്തേണമേ!”+
14 യഹോവ മോശയോടു പറഞ്ഞു: “അവളുടെ അപ്പൻ അവളുടെ മുഖത്ത് തുപ്പിയാൽ ഏഴു ദിവസം അവൾ അപമാനം സഹിച്ച് കഴിയേണ്ടിവരില്ലേ? അതുകൊണ്ട് അവളെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കുക, അവൾ പാളയത്തിനു പുറത്ത് കഴിയട്ടെ.+ അതിനു ശേഷം അവളെ തിരികെ കൊണ്ടുവരാം.”
15 അങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്തേക്കു മാറ്റിപ്പാർപ്പിച്ചു.+ മിര്യാമിനെ തിരികെ കൊണ്ടുവരുന്നതുവരെ ജനം പാളയത്തിൽത്തന്നെ കഴിഞ്ഞു.
16 അതിനു ശേഷം ജനം ഹസേരോത്തിൽനിന്ന്+ പുറപ്പെട്ട് പാരാൻ വിജനഭൂമിയിൽ+ പാളയമടിച്ചു.
അടിക്കുറിപ്പുകള്‍
^ അഥവാ “വളരെ താഴ്മയുള്ളവനായിരുന്നു.”
^ അക്ഷ. “എന്റെ മുഴുവൻ ഭവനത്തിലുംവെച്ച് അവൻ വിശ്വസ്തനാണെന്നു തെളിയിക്കുന്നു.”
^ അക്ഷ. “വായോടുവായാണ്.”