യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 21:1-27

21  പിന്നെ ഞാൻ ഒരു പുതിയ ആകാശ​വും പുതിയ ഭൂമി​യും കണ്ടു.+ പഴയ ആകാശ​വും പഴയ ഭൂമി​യും നീങ്ങിപ്പോ​യി​രു​ന്നു.+ കടലും+ ഇല്ലാതാ​യി. 2  പുതിയ യരുശ​ലേം എന്ന വിശു​ദ്ധ​ന​ഗരം മണവാ​ള​നുവേണ്ടി അണി​ഞ്ഞൊ​രു​ങ്ങിയ മണവാട്ടിയെപ്പോലെ+ സ്വർഗ​ത്തിൽനിന്ന്‌, ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌,+ ഇറങ്ങി​വ​രു​ന്ന​തും ഞാൻ കണ്ടു. 3  അപ്പോൾ സിംഹാ​സ​ന​ത്തിൽനിന്ന്‌ വലി​യൊ​രു ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “ഇതാ, ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രുടെ​കൂ​ടെ. ദൈവം അവരുടെ​കൂ​ടെ വസിക്കും. അവർ ദൈവ​ത്തി​ന്റെ ജനമാ​യി​രി​ക്കും. ദൈവം അവരുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ 4  ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും.+ മേലാൽ മരണം ഉണ്ടായി​രി​ക്കില്ല;+ ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.+ പഴയ​തെ​ല്ലാം കഴിഞ്ഞുപോ​യി!” 5  സിംഹാസനത്തിൽ ഇരിക്കു​ന്നവൻ,+ “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു”+ എന്നു പറഞ്ഞു. “എഴുതുക, ഈ വാക്കുകൾ സത്യമാ​ണ്‌, ഇവ വിശ്വ​സി​ക്കാം”* എന്നും ദൈവം പറഞ്ഞു. 6  പിന്നെ ദൈവം എന്നോടു പറഞ്ഞു: “എല്ലാം സംഭവി​ച്ചു​ക​ഴി​ഞ്ഞു! ഞാൻ ആൽഫയും ഒമേഗയും* ആണ്‌; തുടക്ക​വും ഒടുക്ക​വും ഞാനാണ്‌.+ ദാഹി​ക്കു​ന്ന​വനു ഞാൻ ജീവജ​ല​ത്തി​ന്റെ ഉറവയിൽനിന്ന്‌+ സൗജന്യമായി* കുടി​ക്കാൻ കൊടു​ക്കും. 7  ജയിക്കുന്നവൻ ഇതെല്ലാം അവകാ​ശ​മാ​ക്കും. ഞാൻ അവനു ദൈവ​വും അവൻ എനിക്കു മകനും ആയിരി​ക്കും. 8  എന്നാൽ ഭീരുക്കൾ, വിശ്വാ​സ​മി​ല്ലാ​ത്തവർ,+ വൃത്തി​കെട്ട കാര്യങ്ങൾ ചെയ്യുന്ന അശുദ്ധർ, കൊല​പാ​ത​കി​കൾ,+ അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ ഭൂതവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ, വിഗ്ര​ഹാ​രാ​ധകർ, നുണ പറയുന്നവർ+ എന്നിവർക്കുള്ള ഓഹരി ഗന്ധകം* കത്തുന്ന തീത്തടാ​ക​മാണ്‌.+ ഇതു രണ്ടാം മരണത്തെ അർഥമാ​ക്കു​ന്നു.”+ 9  അവസാനത്തെ ഏഴു ബാധകൾ+ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടി​ച്ചി​രുന്ന ഏഴു ദൈവ​ദൂ​ത​ന്മാ​രിൽ ഒരാൾ വന്ന്‌ എന്നോട്‌, “വരൂ, ഞാൻ മണവാ​ട്ടി​യെ, കുഞ്ഞാ​ടി​ന്റെ ഭാര്യയെ, കാണി​ച്ചു​ത​രാം”+ എന്നു പറഞ്ഞു. 10  ദൂതൻ എന്നെ ദൈവാ​ത്മാ​വി​ന്റെ ശക്തിയാൽ, ഉയരമുള്ള ഒരു വലിയ മലയി​ലേക്കു കൊണ്ടുപോ​യി. എന്നിട്ട്‌ വിശു​ദ്ധ​ന​ഗ​ര​മായ യരുശ​ലേം സ്വർഗ​ത്തിൽനിന്ന്‌, ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌,+ ഇറങ്ങി​വ​രു​ന്നത്‌ എനിക്കു കാണി​ച്ചു​തന്നു. 11  അതിനു ദൈവ​ത്തി​ന്റെ തേജസ്സു​ണ്ടാ​യി​രു​ന്നു.+ അതിന്റെ പ്രഭ അമൂല്യ​ര​ത്‌ന​ത്തിന്‌, ശുദ്ധമായ സ്‌ഫടി​കംപോ​ലെ തിളങ്ങുന്ന സൂര്യ​കാ​ന്ത​ക്ക​ല്ലിന്‌,+ സമാന​മാ​യി​രു​ന്നു. 12  അതിന്‌ ഉയരമുള്ള ഒരു വലിയ മതിലും 12 കവാട​ങ്ങ​ളും കവാട​ങ്ങ​ളിൽ 12 ദൈവ​ദൂ​ത​ന്മാ​രും ഉണ്ടായി​രു​ന്നു. ഇസ്രായേൽമ​ക്ക​ളു​ടെ 12 ഗോ​ത്ര​ങ്ങ​ളു​ടെ പേരുകൾ കവാട​ങ്ങ​ളിൽ കൊത്തിവെ​ച്ചി​രു​ന്നു. 13  കിഴക്ക്‌ മൂന്നു കവാടം; വടക്ക്‌ മൂന്നു കവാടം; തെക്ക്‌ മൂന്നു കവാടം; പടിഞ്ഞാ​റ്‌ മൂന്നു കവാടം.+ 14  നഗരമതിലിന്‌ 12 പേരുകൾ കൊത്തിയ 12 അടിസ്ഥാ​ന​ശി​ല​ക​ളു​ണ്ടാ​യി​രു​ന്നു. കുഞ്ഞാ​ടി​ന്റെ 12 അപ്പോസ്‌തലന്മാരുടെ+ പേരു​ക​ളാ​യി​രു​ന്നു അവ. 15  എന്നോടു സംസാ​രി​ച്ചുകൊ​ണ്ടി​രുന്ന ദൈവ​ദൂ​തന്റെ കൈയിൽ, നഗരവും അതിന്റെ കവാട​ങ്ങ​ളും മതിലും അളക്കാൻ സ്വർണംകൊ​ണ്ടുള്ള ഒരു മുഴ​ക്കോ​ലു​ണ്ടാ​യി​രു​ന്നു.+ 16  നഗരം സമചതു​ര​മാ​യി​രു​ന്നു; നീളവും വീതി​യും സമം. ദൂതൻ മുഴ​ക്കോൽകൊണ്ട്‌ നഗരം അളന്നു. അത്‌ ഏകദേശം 2,220 കിലോമീറ്റർ* ആയിരു​ന്നു. നഗരത്തി​ന്റെ നീളവും വീതി​യും ഉയരവും തുല്യ​മാ​യി​രു​ന്നു. 17  പിന്നെ ദൂതൻ അതിന്റെ മതിൽ അളന്നു. അതു മനുഷ്യ​രു​ടെ അളവനു​സ​രിച്ച്‌ 144 മുഴം;* ദൂതന്മാ​രു​ടെ അളവനു​സ​രി​ച്ചും അത്രതന്നെ. 18  മതിൽ സൂര്യകാന്തക്കല്ലുകൊണ്ടുള്ളതും+ നഗരം ശുദ്ധമായ സ്‌ഫടി​കംപോ​ലുള്ള തനിത്ത​ങ്കംകൊ​ണ്ടു​ള്ള​തും ആയിരു​ന്നു. 19  എല്ലാ തരം അമൂല്യരത്‌നങ്ങൾകൊണ്ടും* അലങ്കരി​ച്ച​താ​യി​രു​ന്നു നഗരമ​തി​ലി​ന്റെ അടിസ്ഥാ​നങ്ങൾ: ഒന്നാമത്തെ അടിസ്ഥാ​നം സൂര്യ​കാ​ന്ത​ക്കല്ല്‌, രണ്ടാമ​ത്തേത്‌ ഇന്ദ്രനീ​ല​ക്കല്ല്‌, മൂന്നാ​മത്തേതു സ്‌ഫടി​ക​ക്കല്ല്‌, നാലാ​മത്തേതു മരതകം, 20  അഞ്ചാമത്തേതു നഖവർണി​ക്കല്ല്‌, ആറാമ​ത്തേതു ചുവപ്പു​ര​ത്‌നം, ഏഴാമ​ത്തേതു പീതര​ത്‌നം, എട്ടാമ​ത്തേതു വൈഡൂ​ര്യം, ഒൻപതാ​മത്തേതു ഗോ​മേ​ദകം, പത്താമ​ത്തേത്‌ ഇളംപ​ച്ച​ര​ത്‌നം, പതി​നൊ​ന്നാ​മത്തേതു നീലര​ത്‌നം, പന്ത്രണ്ടാ​മത്തേത്‌ അമദമണി. 21  കവാടം 12-ഉം 12 മുത്ത്‌; ഓരോ കവാട​വും ഓരോ മുത്തുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. നഗരത്തി​ന്റെ പ്രധാ​ന​വീ​ഥി ശുദ്ധമായ സ്‌ഫടി​കംപോ​ലുള്ള തനിത്ത​ങ്കംകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. 22  ഞാൻ നഗരത്തിൽ ഒരു ദേവാ​ലയം കണ്ടില്ല. കാരണം സർവശ​ക്ത​നാം ദൈവ​മായ യഹോവയും*+ കുഞ്ഞാ​ടും ആയിരു​ന്നു ആ നഗരത്തി​ന്റെ ദേവാ​ലയം. 23  നഗരത്തിൽ സൂര്യന്റെ​യോ ചന്ദ്ര​ന്റെ​യോ ആവശ്യ​മില്ല; കാരണം ദൈവതേ​ജസ്സ്‌ അതിനു പ്രകാശം നൽകി.+ കുഞ്ഞാ​ടാ​യി​രു​ന്നു അതിന്റെ വിളക്ക്‌.+ 24  ജനതകൾ ആ നഗരത്തി​ന്റെ വെളി​ച്ച​ത്തിൽ നടക്കും.+ ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ അവരുടെ തേജസ്സ്‌ അതി​ലേക്കു കൊണ്ടു​വ​രും. 25  അതിന്റെ കവാടങ്ങൾ ഒരിക്ക​ലും അടയ്‌ക്കില്ല. കാരണം അവിടെ പകൽ മാത്രമേ ഉണ്ടായി​രി​ക്കൂ, രാത്രി​യു​ണ്ടാ​യി​രി​ക്കില്ല.+ 26  അവർ ജനതക​ളു​ടെ തേജസ്സും ബഹുമാ​ന​വും അതി​ലേക്കു കൊണ്ടു​വ​രും.+ 27  അശുദ്ധമായതൊന്നും അവി​ടേക്കു കടക്കില്ല. മ്ലേച്ഛകാ​ര്യ​ങ്ങൾ ചെയ്യു​ക​യോ വഞ്ചന കാട്ടു​ക​യോ ചെയ്യുന്ന ആർക്കും അവിടെ പ്രവേ​ശി​ക്കാ​നാ​കില്ല.+ കുഞ്ഞാ​ടി​ന്റെ ജീവപു​സ്‌ത​ക​ത്തിൽ പേരു​ള്ളവർ മാത്രമേ അവിടെ പ്രവേ​ശി​ക്കൂ.+

അടിക്കുറിപ്പുകള്‍

അഥവാ “ആശ്രയ​യോ​ഗ്യ​മാ​ണ്‌.”
ഗ്രീക്ക്‌ ഭാഷയിൽ, അക്ഷരമാ​ല​യി​ലെ ആദ്യത്തെ അക്ഷരമാ​ണ്‌ ആൽഫ. അവസാ​നത്തെ അക്ഷരമാ​ണ്‌ ഒമേഗ.
അഥവാ “വില വാങ്ങാതെ.”
അതായത്‌, സൾഫർ.
ലൈംഗിക അധാർമി​ക​തയെ കുറി​ക്കു​ന്നു. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.
അക്ഷ. “12,000 സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി). അനു. ബി14 കാണുക.
അതായത്‌, ഏകദേശം 64 മീ. (210 അടി). അനു. ബി14 കാണുക.
പദാവലിയിൽ “രത്‌നങ്ങൾ” കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം