യോഹന്നാനു ലഭിച്ച വെളിപാട് 20:1-15
20 പിന്നെ ഒരു ദൈവദൂതൻ അഗാധത്തിന്റെ താക്കോലും+ വലിയൊരു ചങ്ങലയും പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന്* ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
2 പിശാചും+ സാത്താനും+ ആയ പഴയ പാമ്പിനെ,+ ആ ഭീകരസർപ്പത്തെ,+ ദൂതൻ 1,000 വർഷത്തേക്കു പിടിച്ചുകെട്ടി.
3 1,000 വർഷം കഴിയുന്നതുവരെ അവൻ ഇനി ജനതകളെ വഴിതെറ്റിക്കാതിരിക്കാൻ ദൂതൻ അവനെ അഗാധത്തിലേക്ക്+ എറിഞ്ഞ് അവിടം അടച്ചുപൂട്ടി മുദ്രവെച്ചു. അതിനു ശേഷം അൽപ്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്.+
4 പിന്നെ ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരിക്കുന്നവർക്കു ന്യായം വിധിക്കാനുള്ള അധികാരം ലഭിച്ചിരുന്നു. അതെ, യേശുവിനുവേണ്ടി സാക്ഷി പറഞ്ഞതുകൊണ്ടും ദൈവത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ടും കാട്ടുമൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അതിന്റെ മുദ്രയേൽക്കുകയോ+ ചെയ്യാതിരുന്നതുകൊണ്ടും കൊല്ലപ്പെട്ടവരെയാണു* ഞാൻ കണ്ടത്. അവർ ജീവനിലേക്കു വന്ന് 1,000 വർഷം ക്രിസ്തുവിന്റെകൂടെ രാജാക്കന്മാരായി ഭരിച്ചു.+
5 (മരിച്ചവരിൽ ബാക്കിയുള്ളവർ+ ആ 1,000 വർഷം കഴിയുന്നതുവരെ ജീവനിലേക്കു വന്നില്ല.) ഇതാണ് ഒന്നാമത്തെ പുനരുത്ഥാനം.+
6 ഒന്നാമത്തെ പുനരുത്ഥാനത്തിൽ+ പങ്കുള്ളവർ സന്തുഷ്ടർ, അവർ വിശുദ്ധരുമാണ്. അവരുടെ മേൽ രണ്ടാം മരണത്തിന്+ അധികാരമില്ല.+ അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായിരിക്കും.+ ക്രിസ്തുവിന്റെകൂടെ അവർ ആ 1,000 വർഷം രാജാക്കന്മാരായി ഭരിക്കുകയും ചെയ്യും.+
7 1,000 വർഷം കഴിഞ്ഞാൽ ഉടനെ സാത്താനെ തടവിൽനിന്ന് വിട്ടയയ്ക്കും.
8 അവൻ ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ, ഗോഗിനെയും മാഗോഗിനെയും, വഴിതെറ്റിച്ച് യുദ്ധത്തിനു കൂട്ടിച്ചേർക്കാൻ പുറപ്പെടും. അവരുടെ എണ്ണം കടലിലെ മണൽപോലെയായിരിക്കും.
9 അവർ ഭൂമിയിലെല്ലായിടത്തും അണിനിരന്ന് വിശുദ്ധരുടെ പാളയവും ദൈവത്തിന്റെ പ്രിയപ്പെട്ട നഗരവും വളഞ്ഞു. എന്നാൽ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.+
10 അവരെ വഴിതെറ്റിച്ച പിശാചിനെ കാട്ടുമൃഗവും+ കള്ളപ്രവാചകനും കിടക്കുന്ന,+ ഗന്ധകം* കത്തുന്ന തീത്തടാകത്തിലേക്ക് എറിയും. അവരെ രാപ്പകൽ എന്നുമെന്നേക്കും ദണ്ഡിപ്പിക്കും.*
11 പിന്നെ ഞാൻ വലിയൊരു വെള്ളസിംഹാസനം കണ്ടു. അതിൽ ദൈവം ഇരിക്കുന്നുണ്ടായിരുന്നു.+ ദൈവസന്നിധിയിൽനിന്ന് ആകാശവും ഭൂമിയും ഓടിപ്പോയി.+ അവയെ പിന്നെ അവിടെ കണ്ടില്ല.
12 മരിച്ചവർ, വലിയവരും ചെറിയവരും എല്ലാം, സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതു ഞാൻ കണ്ടു. അപ്പോൾ ചുരുളുകൾ തുറന്നു. ജീവന്റെ ചുരുൾ+ എന്ന മറ്റൊരു ചുരുളും തുറന്നു. ചുരുളുകളിൽ എഴുതിയിരുന്നതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരെ അവരുടെ പ്രവൃത്തികളനുസരിച്ച് ന്യായം വിധിച്ചു.+
13 കടൽ അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും ശവക്കുഴിയും* അവയിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. അവരെ ഓരോരുത്തരെയും അവരുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ ന്യായം വിധിച്ചു.+
14 പിന്നെ മരണത്തെയും ശവക്കുഴിയെയും* തീത്തടാകത്തിലേക്ക് എറിഞ്ഞു.+ ഈ തീത്തടാകം+ രണ്ടാം മരണത്തെ+ അർഥമാക്കുന്നു.
15 ജീവന്റെ പുസ്തകത്തിൽ പേര് എഴുതിക്കാണാത്തവരെയും+ തീത്തടാകത്തിലേക്ക്+ എറിഞ്ഞു.
അടിക്കുറിപ്പുകള്‍
^ അഥവാ “ആകാശത്തുനിന്ന്.”
^ അക്ഷ. “മഴുകൊണ്ട് വധിക്കപ്പെട്ടവരുടെ ദേഹികളെയാണ്.”
^ അതായത്, സൾഫർ.
^ അഥവാ “തടവിലാക്കും; അടക്കിനിറുത്തും.” വെളി 14:11-ന്റെ അടിക്കുറിപ്പു കാണുക.