യോശുവ 24:1-33
24 പിന്നെ, യോശുവ ഇസ്രായേൽഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടിവരുത്തി. ഇസ്രായേൽ ജനത്തിന്റെ മൂപ്പന്മാർ, തലവന്മാർ, ന്യായാധിപന്മാർ, അധികാരികൾ+ എന്നിവരെ യോശുവ വിളിപ്പിച്ചു. അവർ സത്യദൈവത്തിന്റെ സന്നിധിയിൽ നിന്നു.
2 യോശുവ ജനത്തോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: ‘അബ്രാഹാമിന്റെയും നാഹോരിന്റെയും അപ്പനായ തേരഹ് ഉൾപ്പെടെ നിങ്ങളുടെ പൂർവികർ+ പണ്ടു നദിയുടെ* അക്കരെയാണു ജീവിച്ചിരുന്നത്.+ അവർ അന്യദൈവങ്ങളെ സേവിച്ചുപോന്നു.+
3 “‘പിന്നീട്, ഞാൻ നദിയുടെ അക്കരെനിന്ന് നിങ്ങളുടെ പൂർവികനായ അബ്രാഹാമിനെ+ കനാൻ ദേശത്ത് കൊണ്ടുവന്നു. അബ്രാഹാം ആ ദേശത്തുകൂടെയെല്ലാം സഞ്ചരിച്ചു. ഞാൻ അബ്രാഹാമിന്റെ സന്തതിയെ* വർധിപ്പിക്കുകയും ചെയ്തു.+ ഞാൻ അബ്രാഹാമിനു യിസ്ഹാക്കിനെ കൊടുത്തു.+
4 യിസ്ഹാക്കിനു യാക്കോബിനെയും ഏശാവിനെയും കൊടുത്തു.+ പിന്നീട്, ഏശാവിനു ഞാൻ സേയീർ പർവതം അവകാശമായി കൊടുത്തു.+ യാക്കോബും പുത്രന്മാരും ഈജിപ്തിലേക്കും പോയി.+
5 പിന്നീട്, ഞാൻ മോശയെയും അഹരോനെയും അയച്ചു;+ ബാധകൾ വരുത്തി ഈജിപ്തുകാരെ കഷ്ടപ്പെടുത്തി.+ പിന്നെ ഞാൻ നിങ്ങളെ വിടുവിച്ചു.
6 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരുന്ന സമയത്ത്,+ നിങ്ങൾ കടലിന് അടുത്ത് എത്തിയപ്പോൾ ഈജിപ്തുകാർ യുദ്ധരഥങ്ങളും കുതിരപ്പടയാളികളും സഹിതം നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്ന് ചെങ്കടലിന് അടുത്തേക്കു വന്നു.+
7 നിങ്ങൾ യഹോവയെ വിളിച്ചപേക്ഷിച്ചു.+ അപ്പോൾ, ഞാൻ നിങ്ങൾക്കും ഈജിപ്തുകാർക്കും ഇടയിൽ അന്ധകാരം വരുത്തി; കടൽ വന്ന് അവരെ മൂടിക്കളയാൻ ഇടയാക്കുകയും ചെയ്തു.+ ഞാൻ ഈജിപ്തിൽ ചെയ്തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടു.+ പിന്നെ, അനേകവർഷങ്ങൾ* നിങ്ങൾ വിജനഭൂമിയിൽ താമസിച്ചു.+
8 “‘ഞാൻ നിങ്ങളെ യോർദാന്റെ മറുകരയിൽ* വസിച്ചിരുന്ന അമോര്യരുടെ ദേശത്ത് കൊണ്ടുവന്നു. അവർ നിങ്ങളോടു പോരാടി.+ പക്ഷേ, നിങ്ങൾ അവരുടെ ദേശം കൈവശമാക്കാൻ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. ഞാൻ അവരെ നിങ്ങളുടെ മുന്നിൽനിന്ന് നിശ്ശേഷം നീക്കിക്കളഞ്ഞു.+
9 പിന്നെ സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവ് എഴുന്നേറ്റ് ഇസ്രായേലിനോടു പോരാടി. നിങ്ങളെ ശപിക്കാൻ ബാലാക്ക് ബയോരിന്റെ മകനായ ബിലെയാമിനെ+ വിളിച്ചുവരുത്തി.
10 പക്ഷേ ഞാൻ ബിലെയാമിനു ചെവി കൊടുത്തില്ല.+ അതുകൊണ്ട് ബിലെയാം നിങ്ങളെ വീണ്ടുംവീണ്ടും അനുഗ്രഹിച്ചു.+ ഞാൻ നിങ്ങളെ അയാളുടെ കൈയിൽനിന്ന് രക്ഷപ്പെടുത്തി.+
11 “‘പിന്നെ, നിങ്ങൾ യോർദാൻ കടന്ന്+ യരീഹൊയിലെത്തി.+ യരീഹൊയിലെ തലവന്മാർ,* അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗശ്യർ, ഹിവ്യർ, യബൂസ്യർ എന്നിവർ നിങ്ങളോടു പോരാടി. പക്ഷേ, ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു.+
12 നിങ്ങൾ എത്തുംമുമ്പേ ഞാൻ അവരുടെ ഇടയിൽ പരിഭ്രാന്തി* പരത്തി. ആ രണ്ട് അമോര്യരാജാക്കന്മാരുടെ കാര്യത്തിൽ സംഭവിച്ചതുപോലെ പരിഭ്രാന്തി അവരെയും നിങ്ങളുടെ മുന്നിൽനിന്ന് നീക്കിക്കളഞ്ഞു.+ നിങ്ങളുടെ വാളുകൊണ്ടോ വില്ലുകൊണ്ടോ അല്ല അതു സാധിച്ചത്.+
13 അങ്ങനെ, നിങ്ങൾ അധ്വാനിക്കാതെതന്നെ ഞാൻ നിങ്ങൾക്ക് ഒരു ദേശം തന്നു; നിങ്ങൾ പണിയാത്ത നഗരങ്ങളും തന്നു.+ നിങ്ങൾ അവയിൽ താമസമുറപ്പിച്ചു. നിങ്ങൾ നടാത്ത മുന്തിരിത്തോട്ടങ്ങളിൽനിന്നും ഒലിവുതോട്ടങ്ങളിൽനിന്നും ആണ് നിങ്ങൾ ഭക്ഷിക്കുന്നത്.’+
14 “അതുകൊണ്ട്, യഹോവയെ ഭയപ്പെടുക. ധർമനിഷ്ഠയോടും* വിശ്വസ്തതയോടും+ കൂടെ* ആ ദൈവത്തെ സേവിക്കുക. നദിക്ക്* അക്കരെവെച്ചും ഈജിപ്തിൽവെച്ചും+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങൾ യഹോവയെ സേവിക്കുക.
15 പക്ഷേ, യഹോവയെ സേവിക്കുന്നതുകൊണ്ട് ഒരു ഗുണവുമില്ലെന്നു തോന്നുന്നെങ്കിൽ, ആരെ സേവിക്കണമെന്നു നിങ്ങൾ ഇന്നു തീരുമാനിക്കുക.+ നദിക്ക് അക്കരെവെച്ച്+ നിങ്ങളുടെ പൂർവികർ സേവിച്ച ദൈവങ്ങളെയോ നിങ്ങൾ താമസിക്കുന്ന അമോര്യദേശത്തെ ദൈവങ്ങളെയോ+ ആരെ വേണമെങ്കിലും നിങ്ങൾക്കു സേവിക്കാം. പക്ഷേ, ഞാനും എന്റെ കുടുംബവും യഹോവയെ സേവിക്കും.”
16 അപ്പോൾ, ജനം ഇങ്ങനെ മറുപടി പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ച് മറ്റു ദൈവങ്ങളെ സേവിക്കുന്നതിനെപ്പറ്റി ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല.
17 അടിമത്തത്തിന്റെ വീടായ ഈജിപ്ത് ദേശത്തുനിന്ന് ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും വിടുവിച്ച് കൊണ്ടുവന്നതു ഞങ്ങളുടെ ദൈവമായ യഹോവയാണ്.+ ഞങ്ങളുടെ കൺമുന്നിൽ ഇത്ര വലിയ അടയാളങ്ങൾ കാണിച്ചതും,+ ഞങ്ങൾ പിന്നിട്ട വഴിയിലുടനീളവും ഞങ്ങൾ കടന്നുപോന്ന ജനതകളുടെയെല്ലാം ഇടയിൽവെച്ചും ഞങ്ങളെ കാത്തുരക്ഷിച്ചതും മറ്റാരുമല്ലല്ലോ.+
18 ഞങ്ങൾക്കു മുമ്പേ ദേശത്ത് ജീവിച്ചിരുന്ന അമോര്യർ ഉൾപ്പെടെയുള്ള എല്ലാ ജനതകളെയും യഹോവ ഓടിച്ചുകളഞ്ഞു. അതുകൊണ്ട്, ഞങ്ങളും യഹോവയെ സേവിക്കും. കാരണം, ഇതാണു ഞങ്ങളുടെ ദൈവം.”
19 അപ്പോൾ, യോശുവ ജനത്തോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക് യഹോവയെ സേവിക്കാനാകില്ല. കാരണം, ഈ ദൈവം വിശുദ്ധനും+ സമ്പൂർണഭക്തി ആഗ്രഹിക്കുന്നവനും+ ആണ്. നിങ്ങളുടെ ലംഘനങ്ങളും* പാപങ്ങളും ദൈവം പൊറുക്കില്ല.+
20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ നിങ്ങൾക്കു നന്മ ചെയ്തുവന്ന ഇതേ ദൈവം നിങ്ങൾക്കെതിരെ തിരിഞ്ഞ് നിങ്ങളെ നിശ്ശേഷം സംഹരിക്കും.”+
21 പക്ഷേ, ജനം യോശുവയോടു പറഞ്ഞു: “ഇല്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും!”+
22 അപ്പോൾ, യോശുവ ജനത്തോടു പറഞ്ഞു: “യഹോവയെ സേവിക്കാൻ നിങ്ങൾ സ്വമനസ്സാലെ തീരുമാനിച്ചിരിക്കുന്നു എന്നതിനു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷികൾ.”+ മറുപടിയായി ജനം, “അതെ, ഞങ്ങൾതന്നെ സാക്ഷികൾ” എന്നു പറഞ്ഞു.
23 “അങ്ങനെയെങ്കിൽ, നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് നിങ്ങളുടെ ഹൃദയം ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു ചായിക്കൂ.”
24 ജനം യോശുവയോടു പറഞ്ഞു: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയെ സേവിക്കും. ഞങ്ങൾ ദൈവത്തിന്റെ വാക്കു കേട്ടനുസരിക്കും!”
25 അങ്ങനെ, യോശുവ ആ ദിവസം ജനവുമായി ഒരു ഉടമ്പടി ചെയ്ത്, ശെഖേമിൽവെച്ച് അവർക്കുവേണ്ടി ഒരു ചട്ടവും നിയമവും സ്ഥാപിച്ചു.
26 തുടർന്ന്, യോശുവ ഈ വാക്കുകൾ ദൈവത്തിന്റെ നിയമപുസ്തകത്തിലെഴുതി.+ യോശുവ ഒരു വലിയ കല്ല്+ എടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന് അടുത്തുള്ള വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ നാട്ടി.
27 യോശുവ സർവജനത്തോടുമായി ഇങ്ങനെയും പറഞ്ഞു: “ഇതാ! ഈ കല്ല് നമുക്കെതിരെ ഒരു സാക്ഷിയാണ്.+ കാരണം, യഹോവ നമ്മളോടു പറഞ്ഞതെല്ലാം അതു കേട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ ദൈവത്തെ തള്ളിപ്പറയാതിരിക്കാൻ ഇതു നിങ്ങൾക്കെതിരെ ഒരു സാക്ഷിയായിരിക്കട്ടെ.”
28 ഇത്രയും പറഞ്ഞിട്ട് യോശുവ ജനത്തെ അവരവരുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.+
29 ഇതെല്ലാം കഴിഞ്ഞ്, നൂന്റെ മകനും യഹോവയുടെ ദാസനും ആയ യോശുവ മരിച്ചു. അപ്പോൾ, യോശുവയ്ക്ക് 110 വയസ്സായിരുന്നു.+
30 അവർ യോശുവയെ അദ്ദേഹത്തിന് അവകാശമായി കിട്ടിയ പ്രദേശത്ത്, ഗായശ് പർവതത്തിനു വടക്ക് എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹിൽ,+ അടക്കം ചെയ്തു.
31 യോശുവയുടെ കാലത്തും യഹോവ ഇസ്രായേലിനുവേണ്ടി ചെയ്ത കാര്യങ്ങളെല്ലാം കണ്ട, യോശുവയുടെ കാലത്തെ മൂപ്പന്മാർ മരിക്കുന്നതുവരെയും ഇസ്രായേൽ യഹോവയെ സേവിച്ചുപോന്നു.+
32 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോരുമ്പോൾ കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികൾ+ അവർ ശെഖേമിൽ യാക്കോബ് വാങ്ങിയിരുന്ന നിലത്ത് അടക്കം ചെയ്തു. ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ പുത്രന്മാരുടെ കയ്യിൽനിന്ന് യാക്കോബ് 100 കാശിനു+ വാങ്ങിയതായിരുന്നു ആ നിലം.+ അതു യോസേഫിന്റെ പുത്രന്മാരുടെ അവകാശമായി.+
33 അഹരോന്റെ മകനായ എലെയാസരും മരിച്ചു.+ അവർ എലെയാസരിനെ മകനായ ഫിനെഹാസിന്റെ+ കുന്നിൽ അടക്കി. എഫ്രയീംമലനാട്ടിൽ അദ്ദേഹത്തിനു ലഭിച്ചതായിരുന്നു ഈ ഫിനെഹാസ് കുന്ന്.
അടിക്കുറിപ്പുകള്
^ അതായത്, യൂഫ്രട്ടീസ്.
^ അക്ഷ. “വിത്തിനെ.”
^ അക്ഷ. “അനേകദിവസങ്ങൾ.”
^ അതായത്, കിഴക്കുവശത്ത്.
^ മറ്റൊരു സാധ്യത “ഭൂവുടമകൾ.”
^ മറ്റൊരു സാധ്യത “നിരാശ.”
^ അഥവാ “ധർമനിഷ്ഠയോടെ, സത്യത്തിൽ.”
^ അതായത്, യൂഫ്രട്ടീസ്.
^ അഥവാ “ധിക്കാരവും.”