യോശുവ 20:1-9
20 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു:
2 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘മോശയിലൂടെ ഞാൻ നിങ്ങളോടു പറഞ്ഞ അഭയനഗരങ്ങൾ+ തിരഞ്ഞെടുക്കുക.
3 ഒരാൾ മനഃപൂർവമല്ലാതെയോ അബദ്ധവശാലോ* ആരെയെങ്കിലും കൊന്നാൽ* ആ കൊലയാളിക്ക് അങ്ങോട്ട് ഓടിപ്പോകാം. രക്തത്തിനു പകരം ചോദിക്കുന്നവനിൽനിന്ന്+ അവ നിങ്ങൾക്ക് അഭയം തരും.
4 കൊലയാളി ഈ നഗരങ്ങളിൽ ഏതിലേക്കെങ്കിലും ഓടിച്ചെന്ന്+ നഗരകവാടത്തിന്+ അടുത്ത് നിന്ന് തനിക്കു പറയാനുള്ളത് ആ നഗരത്തിലെ മൂപ്പന്മാരെ അറിയിക്കണം. അപ്പോൾ അവർ അവനെ കൈക്കൊണ്ട് നഗരത്തിനുള്ളിൽ കൊണ്ടുപോയി താമസിക്കാൻ ഒരിടം നൽകണം. അവൻ അവരുടെകൂടെ കഴിയും.
5 രക്തത്തിനു പകരം ചോദിക്കുന്നവൻ പിന്തുടർന്ന് വരുന്നെങ്കിൽ അവർ കൊലയാളിയെ അയാളുടെ കൈയിൽ ഏൽപ്പിക്കരുത്. കാരണം, അബദ്ധവശാലാണു കൊലയാളി സഹമനുഷ്യനെ കൊന്നത്. കൊലയാളിക്കു കൊല്ലപ്പെട്ടവനോടു മുൻവൈരാഗ്യം ഉണ്ടായിരുന്നുമില്ല.+
6 സമൂഹത്തിന്റെ മുമ്പാകെ വിചാരണയ്ക്കായി നിൽക്കുന്നതുവരെ+ കൊലയാളി ആ നഗരത്തിൽ താമസിക്കണം. അപ്പോഴുള്ള മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അവിടെത്തന്നെ കഴിയുകയും വേണം.+ അതിനു ശേഷം, കൊലയാളിക്കു താൻ വിട്ട് ഓടിപ്പോന്ന നഗരത്തിലേക്കു മടങ്ങിപ്പോകാം. തന്റെ നഗരത്തിലും വീട്ടിലും പ്രവേശിക്കാൻ പിന്നെ അവനു വിലക്കില്ല.’”+
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.*
8 യരീഹൊയ്ക്കു കിഴക്കുള്ള യോർദാൻപ്രദേശത്ത് അവർ തിരഞ്ഞെടുത്തതാകട്ടെ, രൂബേൻഗോത്രത്തിൽനിന്ന് പീഠഭൂമിയിലെ വിജനഭൂമിയിലുള്ള ബേസെർ,+ ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്ത്,+ മനശ്ശെഗോത്രത്തിൽനിന്ന് ബാശാനിലെ ഗോലാൻ+ എന്നിവയായിരുന്നു.+
9 ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ ഓടിച്ചെല്ലാനും+ സഭയുടെ മുമ്പാകെ+ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയാൽ കൊല്ലപ്പെടാതിരിക്കാനും വേണ്ടി എല്ലാ ഇസ്രായേല്യർക്കും അവരുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശികൾക്കും നിയമിച്ചുകൊടുത്ത നഗരങ്ങളാണ് ഇവ.
അടിക്കുറിപ്പുകള്
^ അഥവാ “അറിയാതെയോ.”
^ അഥവാ “മാരകമായി പ്രഹരിക്കുന്നെങ്കിൽ.”
^ അഥവാ “എന്നിവയെ വേർതിരിച്ചു.”