യോന 2:1-10
2 മത്സ്യത്തിന്റെ വയറ്റിൽവെച്ച് യോന തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു:+
2 “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോവയോടു നിലവിളിച്ചു, ദൈവം എന്റെ വിളി കേട്ടു.+
ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു.+
അങ്ങ് എന്റെ ശബ്ദം കേട്ടു.
3 അങ്ങ് എന്നെ ആഴങ്ങളിലേക്ക് എറിഞ്ഞപ്പോൾ,പുറങ്കടലിന്റെ ഹൃദയത്തിലേക്കു വലിച്ചെറിഞ്ഞപ്പോൾ,
പ്രവാഹങ്ങൾ എന്നെ ചുറ്റി.+
അങ്ങയുടെ തിരകളും തിരമാലകളും എന്റെ മേൽ വന്നലച്ചു.+
4 ഞാൻ പറഞ്ഞു: ‘എന്നെ അങ്ങയുടെ കൺമുന്നിൽനിന്ന് ഓടിച്ചുകളഞ്ഞല്ലോ!
അങ്ങയുടെ വിശുദ്ധമായ ദേവാലയം ഞാൻ ഇനി കാണുന്നത് എങ്ങനെ?’
5 വെള്ളം എന്നെ മൂടി, എന്റെ പ്രാണൻ അപകടത്തിലായി;+ആഴമുള്ള വെള്ളം എന്നെ വലയം ചെയ്‌തു.
പായൽ എന്റെ തലയെ പൊതിഞ്ഞു.
6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു.
എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി.
എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+
7 എന്റെ ജീവൻ പൊലിയാൻതുടങ്ങിയ നേരത്ത് ഞാൻ യഹോവയെയാണ് ഓർത്തത്.+
അപ്പോൾ എന്റെ പ്രാർഥന അങ്ങയുടെ അടുത്ത് എത്തി, അങ്ങയുടെ വിശുദ്ധമായ ആലയത്തിൽ എത്തി.+
8 ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളോടു കൂറു കാട്ടുന്നവർ,
തങ്ങളോട് അചഞ്ചലസ്നേഹം കാണിച്ചവനെ* ഉപേക്ഷിച്ചിരിക്കുന്നു.
9 എന്നാൽ ഞാൻ അങ്ങയോടു നന്ദി പറഞ്ഞുകൊണ്ട് ബലി അർപ്പിക്കും.
ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും.+
യഹോവയാണു രക്ഷ നൽകുന്നത്.”+
10 പിന്നീട് യഹോവയുടെ കല്പനയനുസരിച്ച് ആ മത്സ്യം യോനയെ കരയിലേക്കു ഛർദിച്ചു.