യശയ്യ 66:1-24
66 യഹോവ ഇങ്ങനെ പറയുന്നു:
“സ്വർഗം എന്റെ സിംഹാസനമാണ്; ഭൂമി എന്റെ പാദപീഠവും.+
പിന്നെ എവിടെയാണു നിങ്ങൾ എനിക്കുവേണ്ടി ഭവനം പണിയുക?+എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക?”+
2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+
“ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;മനസ്സു തകർന്ന ഒരുവനെ.+
3 കാളയെ അറുക്കുന്നവൻ+ മനുഷ്യനെ കൊല്ലുന്നവനെപ്പോലെ.
ആടിനെ ബലി അർപ്പിക്കുന്നവൻ പട്ടിയുടെ കഴുത്ത് ഒടിക്കുന്നവനെപ്പോലെ.+
കാഴ്ച കൊണ്ടുവരുന്നവൻ പന്നിയുടെ രക്തം അർപ്പിക്കുന്നവനെപ്പോലെ.+
അനുസ്മരണയാഗമായി കുന്തിരിക്കം കാഴ്ച വെക്കുന്നവൻ+ മന്ത്രങ്ങൾ ഉച്ചരിച്ച് ആശീർവദിക്കുന്നവനെപ്പോലെ.*+
അവർ ഓരോരുത്തരും തോന്നിയ വഴിക്കു നടക്കുന്നു,വൃത്തികെട്ട കാര്യങ്ങളിൽ സന്തോഷിക്കുന്നു.
4 അതുകൊണ്ട് അവരെ ശിക്ഷിക്കാൻ ഞാനും വഴികൾ കണ്ടെത്തും,+അവർ ഭയക്കുന്ന കാര്യങ്ങൾതന്നെ ഞാൻ അവർക്കു വരുത്തും.
ഞാൻ വിളിച്ചപ്പോൾ ആരും വിളി കേട്ടില്ല,ഞാൻ സംസാരിച്ചപ്പോൾ ആരും ശ്രദ്ധിച്ചില്ല.+
അവർ എന്റെ മുമ്പാകെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു;എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചു.”+
5 യഹോവയുടെ വാക്കുകൾ ഭയപ്പെടുന്നവരേ, ദൈവം പറയുന്നതു കേൾക്കുക:
“നിങ്ങളെ വെറുക്കുകയും എന്റെ നാമം നിമിത്തം നിങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരന്മാർ,
‘യഹോവയ്ക്കു മഹത്ത്വം ഉണ്ടാകട്ടെ’+ എന്നു പരിഹസിച്ചുപറഞ്ഞു.എന്നാൽ ദൈവം പ്രത്യക്ഷപ്പെട്ട് നിങ്ങൾക്കു സന്തോഷം നൽകും,നാണംകെടുന്നത് അവരായിരിക്കും.”+
6 അതാ, നഗരത്തിൽ ഒരു ആരവം മുഴങ്ങുന്നു, ദേവാലയത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നു!
യഹോവ തന്റെ ശത്രുക്കൾക്കു തക്ക ശിക്ഷ കൊടുക്കുന്ന ശബ്ദം!
7 പ്രസവവേദന വരുംമുമ്പേ അവൾ പ്രസവിച്ചു,+
നോവ് കിട്ടുംമുമ്പേ അവൾ ഒരു ആൺകുഞ്ഞിനു ജന്മം നൽകി.
8 ഇങ്ങനെയൊരു കാര്യം ആരെങ്കിലും കേട്ടിട്ടുണ്ടോ?
ഇങ്ങനെയൊരു കാര്യം ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഒറ്റ ദിവസംകൊണ്ട് ഒരു ദേശം ജനിക്കുമോ?
ഒറ്റ നിമിഷംകൊണ്ട് ഒരു ജനത പിറക്കുമോ?
എന്നാൽ സീയോനോ, പ്രസവവേദന തുടങ്ങിയ ഉടനെ പുത്രന്മാരെ പ്രസവിച്ചു.
9 “ഞാൻ പ്രസവദ്വാരത്തോളം കൊണ്ടുവന്നിട്ട് പ്രസവിപ്പിക്കാതിരിക്കുമോ” എന്ന് യഹോവ ചോദിക്കുന്നു,
“പ്രസവിപ്പിക്കാറാക്കിയിട്ട് ഗർഭപാത്രം അടച്ചുകളയുമോ” എന്നു നിന്റെ ദൈവം ചോദിക്കുന്നു.
10 യരുശലേമിനെ സ്നേഹിക്കുന്നവരേ, അവളോടൊപ്പം സന്തോഷിച്ചാനന്ദിക്കുക,+
അവളെ ഓർത്ത് വിലപിക്കുന്നവരേ, അവളോടൊപ്പം ആഹ്ലാദിക്കുക.
11 അവളുടെ മുലപ്പാൽ കുടിച്ച് നിങ്ങൾ തൃപ്തരാകും, നിങ്ങൾക്ക് ആശ്വാസം ലഭിക്കും,മതിവരുവോളം കുടിച്ച് അവളുടെ മഹത്ത്വത്തിന്റെ നിറവിൽ നിങ്ങൾ സന്തോഷിക്കും.
12 യഹോവ ഇങ്ങനെ പറയുന്നു:
“ഞാൻ അവൾക്കു നദിപോലെ സമാധാനവും+മലവെള്ളംപോലെ ജനതകളുടെ മഹത്ത്വവും നൽകും.+
നിങ്ങളെ മുലയൂട്ടി എളിയിൽ കൊണ്ടുനടക്കും,നിങ്ങളെ മടിയിൽ ഇരുത്തി ലാളിക്കും.
13 ഒരു അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ,ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും;+യരുശലേമിന്റെ കാര്യത്തിൽ നിങ്ങൾക്ക് ആശ്വാസം തോന്നും.+
14 നിങ്ങൾ ഇതു കാണും, നിങ്ങളുടെ ഹൃദയം ആഹ്ലാദിക്കും,പുൽനാമ്പുകൾപോലെ നിങ്ങളുടെ അസ്ഥികൾ തഴയ്ക്കും.
ദൈവദാസന്മാർ യഹോവയുടെ ശക്തി അനുഭവിച്ചറിയും,എന്നാൽ ശത്രുക്കളെ ദൈവം കുറ്റം വിധിക്കും.”+
15 “ഉഗ്രകോപത്തോടെ പകരം ചോദിക്കാനുംഅഗ്നിജ്വാലകൾകൊണ്ട് ശകാരിക്കാനും+യഹോവ തീപോലെ വരും,+ദൈവത്തിന്റെ രഥങ്ങൾ കൊടുങ്കാറ്റുപോലെ വരും.+
16 യഹോവ തീകൊണ്ട് ശിക്ഷ നടപ്പാക്കും,അതെ, തന്റെ വാളുകൊണ്ട് സകല മനുഷ്യരെയും ശിക്ഷിക്കും;യഹോവ അനേകരെ കൊന്നൊടുക്കും.
17 “നടുവിലുള്ളവന്റെ പുറകേ തോട്ടത്തിൽ*+ പ്രവേശിക്കാനായി, തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും തങ്ങൾക്കുതന്നെ ശുദ്ധി വരുത്തുകയും ചെയ്യുന്നവർ നശിച്ചുപോകും; പന്നിയുടെയും+ എലിയുടെയും അശുദ്ധജീവികളുടെയും+ ഇറച്ചി തിന്നുന്നവരും അവരോടൊപ്പം നശിച്ചുപോകും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
18 “എനിക്ക് അവരുടെ ചിന്തകളും പ്രവൃത്തികളും അറിയാം. അതുകൊണ്ട് ഞാൻ ഇതാ, സകല രാജ്യക്കാരെയും ഭാഷക്കാരെയും കൂട്ടിച്ചേർക്കാൻ വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.”
19 “ഞാൻ അവർക്കിടയിൽ ഒരു അടയാളം സ്ഥാപിക്കും; രക്ഷപ്പെട്ടവരിൽ കുറച്ച് പേരെ, എന്നെക്കുറിച്ച് കേൾക്കുകയോ എന്റെ മഹത്ത്വം കാണുകയോ ചെയ്തിട്ടില്ലാത്ത ജനതകളുടെ അടുത്തേക്കു ഞാൻ അയയ്ക്കും. അതായത് തർശീശ്,+ പൂൽ, ലൂദ്+ എന്നിവിടങ്ങളിലേക്കും തൂബലിലും യാവാനിലും+ ഉള്ള വില്ലാളികളുടെ അടുത്തേക്കും വിദൂരദ്വീപുകളിലേക്കും ഞാൻ അവരെ അയയ്ക്കും. അവർ ജനതകളുടെ ഇടയിൽ എന്റെ മഹത്ത്വം അറിയിക്കും.+
20 ഇസ്രായേൽ ജനം യഹോവയുടെ ഭവനത്തിലേക്കു വൃത്തിയുള്ള പാത്രത്തിൽ കാഴ്ച കൊണ്ടുവരുന്നതുപോലെ, അവർ നിങ്ങളുടെ സഹോദരങ്ങളെയെല്ലാം യഹോവയ്ക്ക് ഒരു കാഴ്ചയായി എന്റെ വിശുദ്ധപർവതമായ യരുശലേമിലേക്കു കൊണ്ടുവരും; രഥങ്ങളിലും അടച്ചുകെട്ടിയ വണ്ടികളിലും കുതിരപ്പുറത്തും കോവർകഴുതകളുടെ പുറത്തും വേഗതയേറിയ ഒട്ടകങ്ങളുടെ പുറത്തും കയറ്റി എല്ലാ ജനതകളിൽനിന്നും+ അവരെ കൊണ്ടുവരും” എന്ന് യഹോവ പറയുന്നു.
21 “മാത്രമല്ല, ഞാൻ ചിലരെ പുരോഹിതന്മാരും ലേവ്യരും ആക്കും,” യഹോവ പറയുന്നു.
22 “ഞാൻ നിർമിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും+ എന്റെ മുന്നിൽ എന്നും നിലനിൽക്കുന്നതുപോലെ, നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും എന്നേക്കും നിലനിൽക്കും”+ എന്ന് യഹോവ പറയുന്നു.
23 “അമാവാസിതോറും ശബത്തുതോറും,*എല്ലാ മനുഷ്യരും സ്ഥിരമായി വന്ന് എന്റെ മുന്നിൽ കുമ്പിടും,”*+ യഹോവ പറയുന്നു.
24 “അവർ പുറത്ത് ചെന്ന്, എന്നോട് എതിർത്തുനിന്നവരുടെ ശവങ്ങൾ കാണും,അവരുടെ മേലുള്ള പുഴുക്കൾ ചാകില്ല,അവരുടെ തീ കെട്ടുപോകില്ല,+അവരെ കാണുന്ന സകല മനുഷ്യർക്കും അറപ്പു തോന്നും.”
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “കാഴ്ച വെക്കുന്നവൻ വിഗ്രഹത്തെ സ്തുതിക്കുന്നവനെപ്പോലെ.”
^ അതായത്, വിഗ്രഹാരാധനയ്ക്കുള്ള കാവുകളിൽ.
^ അക്ഷ. “അമാവാസിമുതൽ അമാവാസിവരെയും ശബത്തുമുതൽ ശബത്തുവരെയും.”
^ അഥവാ “വന്ന് എന്നെ ആരാധിക്കും.”