യശയ്യ 64:1-12
64 ആകാശം കീറി അങ്ങ് ഇറങ്ങിവന്നിരുന്നെങ്കിൽ,അങ്ങയുടെ മുന്നിൽ പർവതങ്ങൾ കുലുങ്ങിയേനേ;
2 അഗ്നിജ്വാല ചുള്ളിക്കമ്പുകൾ കത്തിക്കുകയുംതീജ്വാല വെള്ളം തിളപ്പിക്കുകയും ചെയ്യുന്നതുപോലെ അങ്ങ് വന്നിരുന്നെങ്കിൽ,അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ പേര് അറിയുകയുംജനതകൾ അങ്ങയുടെ മുന്നിൽ വിറയ്ക്കുകയും ചെയ്തേനേ.
3 ഞങ്ങൾ സ്വപ്നം കാണാൻപോലും ധൈര്യപ്പെടാത്ത+ ഭയാനകകാര്യങ്ങൾ ചെയ്ത് അങ്ങ് ഇറങ്ങിവന്നു;പർവതങ്ങൾ അങ്ങയുടെ മുന്നിൽ വിറച്ചു.+
4 അങ്ങയെപ്പോലൊരു ദൈവത്തെക്കുറിച്ച് ഇന്നുവരെ ആരും കേട്ടിട്ടില്ല, ശ്രവിച്ചിട്ടില്ല,തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി*+ പ്രവർത്തിക്കുന്ന മറ്റൊരു ദൈവത്തെ ആരും കണ്ടിട്ടില്ല.
5 സന്തോഷത്തോടെ ശരിയായതു ചെയ്യുകയും+അങ്ങയെ മറക്കാതെ അങ്ങയുടെ വഴികളിൽ നടക്കുകയും ചെയ്യുന്നവരെ അങ്ങ് സ്വീകരിച്ചിരിക്കുന്നു.
ഞങ്ങൾ പാപം ചെയ്തുകൊണ്ടിരുന്നു;+ ഞങ്ങൾ കാലങ്ങളോളം അങ്ങനെ ചെയ്തു.അപ്പോൾ അങ്ങ് ഞങ്ങളോടു കോപിച്ചു.
ഇനി അങ്ങ് ഞങ്ങളെ രക്ഷിക്കുമോ?
6 ഞങ്ങളെല്ലാം അശുദ്ധനായ ഒരുവനെപ്പോലെയായി,ഞങ്ങളുടെ നീതിപ്രവൃത്തികളെല്ലാം ആർത്തവകാലത്തെ തുണിപോലെയായി.+
ഞങ്ങൾ ഇലകൾപോലെ കരിഞ്ഞുണങ്ങിപ്പോകും,ഞങ്ങളുടെ തെറ്റുകൾ ഒരു കാറ്റുപോലെ ഞങ്ങളെ പറപ്പിച്ചുകൊണ്ടുപോകും.
7 ആരും അങ്ങയുടെ പേര് വിളിച്ചപേക്ഷിക്കുന്നില്ല,അങ്ങയെ മുറുകെ പിടിക്കാൻ ആരും ശ്രമിക്കുന്നില്ല,അങ്ങ് ഞങ്ങളിൽനിന്ന് മുഖം മറച്ചിരിക്കുന്നല്ലോ,+ഞങ്ങളുടെ തെറ്റുകൾ നിമിത്തം ഞങ്ങൾ ക്ഷീണിച്ചുപോകാൻ* അങ്ങ് ഇടവരുത്തുന്നു.
8 എന്നാൽ ഇപ്പോൾ യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാണ്.+
ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളുടെ കുശവനും* ആണ്;+അങ്ങയുടെ കൈകളാണു ഞങ്ങളെയെല്ലാം നിർമിച്ചത്.
9 യഹോവേ, ഞങ്ങളോട് ഇത്രയധികം കോപിക്കരുതേ,+ഞങ്ങളുടെ തെറ്റുകൾ എന്നെന്നും ഓർത്തുവെക്കരുതേ.
ഞങ്ങളെ നോക്കേണമേ, ഞങ്ങൾ അങ്ങയുടെ ജനമല്ലേ?
10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ വിജനമായിരിക്കുന്നു.സീയോൻ ഒരു വിജനഭൂമിയും യരുശലേം പാഴ്നിലവും+ ആയിരിക്കുന്നു.
11 ഞങ്ങളുടെ പൂർവികർ അങ്ങയെ സ്തുതിച്ചിരുന്നവിശുദ്ധവും മഹത്ത്വപൂർണവും* ആയ ഞങ്ങളുടെ ദേവാലയം,*ഇതാ, കത്തിച്ചാമ്പലായിരിക്കുന്നു,+ഞങ്ങളുടെ പ്രിയങ്കരമായ വസ്തുക്കളെല്ലാം നശിച്ചുകിടക്കുന്നു.
12 യഹോവേ, ഇതെല്ലാം കണ്ടിട്ടും അങ്ങ് അടങ്ങിയിരിക്കുമോ?
ഞങ്ങൾ ഇങ്ങനെ കഷ്ടപ്പെടുന്നതു കണ്ട്+ അങ്ങ് നിശ്ശബ്ദനായിരിക്കുമോ?
അടിക്കുറിപ്പുകള്
^ അഥവാ “തനിക്കായി ക്ഷമയോടെ കാത്തിരിക്കുന്നവർക്കുവേണ്ടി.”
^ അക്ഷ. “ഉരുകിപ്പോകാൻ.”
^ അഥവാ “അങ്ങ് ഞങ്ങൾക്കു രൂപം നൽകിയവനും.”
^ അഥവാ “മനോഹരവും.”
^ അഥവാ “ഭവനം.”