യശയ്യ 32:1-20
32 ഒരു രാജാവ്+ നീതിയോടെ ഭരിക്കും,+പ്രഭുക്കന്മാർ ന്യായത്തോടെ വാഴ്ച നടത്തും.
2 അവർ ഓരോരുത്തരും കാറ്റത്ത് ഒരു ഒളിയിടവും,*പെരുമഴയത്ത് ഒരു അഭയസ്ഥാനവും* ആയിരിക്കും.അവർ വെള്ളമില്ലാത്ത ദേശത്ത് അരുവികൾപോലെയും,+വരണ്ടുണങ്ങിയ ദേശത്ത് പടുകൂറ്റൻ പാറയുടെ തണൽപോലെയും ആകും.
3 കാണുന്നവരുടെ കണ്ണുകൾ പിന്നെ അടഞ്ഞിരിക്കില്ല,കേൾക്കുന്നവരുടെ ചെവികൾ ശ്രദ്ധവെച്ച് കേൾക്കും.
4 എടുത്തുചാട്ടക്കാരുടെ ഹൃദയം ആഴമായ അറിവ് നേടും,വിക്കന്മാർ ഒഴുക്കോടെ, വ്യക്തമായി സംസാരിക്കും.+
5 വിവരംകെട്ടവനെ ഇനി ഉദാരമതി എന്നു വിളിക്കില്ല,നേരും നെറിയും ഇല്ലാത്തവനെ മാന്യൻ എന്നും വിളിക്കില്ല.
6 കാരണം, വിവരംകെട്ടവൻ ബുദ്ധിശൂന്യമായി സംസാരിക്കും;വിശ്വാസത്യാഗം വളർത്താനും ധിക്കാരത്തോടെ യഹോവയെ ദുഷിച്ച് സംസാരിക്കാനുംവിശക്കുന്നവനെ പട്ടിണിക്കിടാനുംദാഹിക്കുന്നവനു ദാഹജലം നിഷേധിക്കാനും വേണ്ടിഅവൻ ഹൃദയത്തിൽ കുതന്ത്രങ്ങൾ മനയും.+
7 നേരും നെറിയും ഇല്ലാത്തവന്റെ തന്ത്രങ്ങൾ ദുഷ്ടമായവ;+എളിയവൻ ന്യായമായതു സംസാരിക്കുമ്പോഴുംദ്രോഹത്തിന് ഇരയായവനെ നുണകളാൽ നശിപ്പിക്കാൻ+അവൻ നാണംകെട്ട പ്രവൃത്തികൾക്കു വളംവെക്കുന്നു.
8 എന്നാൽ ഉദാരമനസ്കൻ ഉദാരത ഇഷ്ടപ്പെടുന്നു,ഉദാരത കാട്ടുന്നതിൽ* അവൻ മടുത്തുപോകുന്നില്ല.
9 “ഉദാസീനരായ സ്ത്രീകളേ, എഴുന്നേറ്റ് എന്റെ ശബ്ദത്തിനു ചെവി തരൂ!
അലസരായ പുത്രിമാരേ,+ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ!
10 ഒരു വർഷത്തിനു ശേഷം ഉദാസീനരായ നിങ്ങൾ പേടിച്ചുവിറയ്ക്കും,കാരണം, വിളവെടുപ്പു കഴിഞ്ഞാലും നിങ്ങളുടെ പക്കൽ മുന്തിരിയൊന്നും കാണില്ല.+
11 ഉദാസീനരായ സ്ത്രീകളേ, പേടിച്ചുവിറയ്ക്കുക!
അലസരായ പുത്രിമാരേ, നടുങ്ങുക!
വസ്ത്രം ഉരിഞ്ഞുകളഞ്ഞ്അരയിൽ വിലാപവസ്ത്രം ധരിക്കുക.+
12 മനോഹരമായ വയലുകളെയും ഫലസമൃദ്ധമായ മുന്തിരിവള്ളികളെയും ഓർത്ത്മാറത്തടിച്ച് വിലപിക്കുക!
13 എന്റെ ജനത്തിന്റെ നിലങ്ങൾ മുള്ളും മുൾച്ചെടികളും കൊണ്ട് നിറയും.ആഹ്ലാദം അലയടിച്ചിരുന്ന എല്ലാ ഭവനങ്ങളെയും അതു മൂടും;അതെ, ഉല്ലസിച്ചിരുന്ന നഗരത്തെ അതു ഗ്രസിക്കും.+
14 കോട്ടഗോപുരങ്ങൾ വിജനമായിരിക്കുന്നു,ശബ്ദമുഖരിതമായിരുന്ന നഗരം ആളൊഴിഞ്ഞുകിടക്കുന്നു.+
ഓഫേലും+ കാവൽഗോപുരവും പാഴ്നിലമായി മാറിയിരിക്കുന്നു;അതു കാട്ടുകഴുതകളുടെ വിഹാരകേന്ദ്രവുംആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറവും ആയിരിക്കുന്നു.+
15 ഉന്നതങ്ങളിൽനിന്ന് നമ്മുടെ മേൽ ദൈവാത്മാവിനെ ചൊരിയുന്ന കാലത്തോളം,+വിജനഭൂമി ഫലവൃക്ഷത്തോപ്പായിത്തീരുകയുംഫലവൃക്ഷത്തോപ്പിനെ ഒരു വനമായി കരുതുകയും ചെയ്യുന്ന കാലത്തോളം, അവ അങ്ങനെ കിടക്കും.+
16 പിന്നെ വിജനഭൂമിയിൽ നീതി വസിക്കും,ഫലവൃക്ഷത്തോപ്പിൽ ന്യായം കുടികൊള്ളും.+
17 യഥാർഥനീതി സമാധാനം വിളയിക്കും,+യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.+
18 എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും,സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.+
19 എന്നാൽ ആലിപ്പഴവർഷം വനത്തെ നശിപ്പിക്കും,നഗരം അപ്പാടേ നിലംപരിചാകും.
20 ജലാശയങ്ങൾക്കരികെ വിത്തു വിതയ്ക്കുകയുംകാളയെയും കഴുതയെയും അഴിച്ചുവിടുകയും+ ചെയ്യുന്ന നിങ്ങൾ സന്തുഷ്ടർ.”
അടിക്കുറിപ്പുകള്
^ അഥവാ “സുരക്ഷിതസ്ഥാനവും.”
^ അഥവാ “മറവിടവും.”
^ അഥവാ “ഉത്തമമായ കാര്യങ്ങൾ ചെയ്യുന്നതിൽ.”