മർക്കൊസ്‌ എഴുതിയത്‌ 10:1-52

10  യേശു അവിടെനിന്ന്‌ പോയി യോർദാന്‌ അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ എത്തി. വീണ്ടും അനേകം ആളുകൾ യേശുവിന്റെ അടുത്ത്‌ വന്നുകൂടി. പതിവുപോലെ യേശു അവരെ പഠിപ്പിക്കാൻതുടങ്ങി.+ 2  അപ്പോൾ യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ ചെന്ന്‌, ഒരാൾ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ* എന്നു ചോദിച്ചു.+ 3  അപ്പോൾ യേശു, “മോശ നിങ്ങളോട്‌ എന്താണു കല്‌പിച്ചത്‌ ” എന്നു ചോദിച്ചു. 4  “മോചനപത്രം എഴുതിയിട്ട്‌ വിവാഹമോചനം ചെയ്‌തുകൊള്ളാൻ മോശ അനുവദിച്ചിട്ടുണ്ട്‌ ”+ എന്ന്‌ അവർ പറഞ്ഞു. 5  പക്ഷേ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു+ മോശ നിങ്ങൾക്കുവേണ്ടി ഈ കല്‌പന എഴുതിയത്‌.+ 6  എന്നാൽ സൃഷ്ടിയുടെ ആരംഭത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 7  അതുകൊണ്ട്‌ പുരുഷൻ അപ്പനെയും അമ്മയെയും പിരിയുകയും+ 8  അവർ രണ്ടു പേരും ഒരു ശരീരമാകുകയും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്‌. 9  അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+ 10  വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഇതെക്കുറിച്ച്‌ യേശുവിനോടു ചോദിക്കാൻതുടങ്ങി. 11  യേശു അവരോടു പറഞ്ഞു: “ഭാര്യയെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.+ 12  ഒരു സ്‌ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരാളെ വിവാഹം കഴിച്ചാൽ അവളും വ്യഭിചാരം ചെയ്യുന്നു.”+ 13  യേശു തൊട്ട്‌ അനുഗ്രഹിക്കാൻവേണ്ടി ആളുകൾ കുട്ടികളെ യേശുവിന്റെ അടുത്ത്‌ കൊണ്ടുവരാൻതുടങ്ങി. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14  ഇതു കണ്ട്‌ അമർഷം തോന്നിയ യേശു അവരോടു പറഞ്ഞു: “കുട്ടികളെ എന്റെ അടുത്തേക്കു വിടൂ. അവരെ തടയേണ്ടാ. ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ്‌.+ 15  ഒരു കുട്ടിയെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരു വിധത്തിലും അതിൽ കടക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 16  പിന്നെ യേശു കുട്ടികളെ കൈയിൽ എടുത്ത്‌ അവരുടെ മേൽ കൈകൾ വെച്ച്‌ അനുഗ്രഹിച്ചു.+ 17  യേശു പോകുന്ന വഴിക്ക്‌ ഒരു മനുഷ്യൻ ഓടിവന്ന്‌ യേശുവിന്റെ മുന്നിൽ മുട്ടുകുത്തി, “നല്ലവനായ ഗുരുവേ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്‌ ” എന്നു ചോദിച്ചു.+ 18  യേശു അയാളോടു പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളിക്കുന്നത്‌? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.+ 19  ‘കൊല ചെയ്യരുത്‌,+ വ്യഭിചാരം ചെയ്യരുത്‌,+ മോഷ്ടിക്കരുത്‌,+ കള്ളസാക്ഷി പറയരുത്‌,+ വഞ്ചന കാണിക്കരുത്‌,+ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’+ എന്നീ കല്‌പനകൾ നിനക്ക്‌ അറിയാമല്ലോ.” 20  അപ്പോൾ അയാൾ, “ഗുരുവേ, ഇക്കാര്യങ്ങളെല്ലാം ഞാൻ ചെറുപ്പംമുതൽ അനുസരിക്കുന്നുണ്ട്‌ ” എന്നു പറഞ്ഞു. 21  യേശു അയാളെ നോക്കി. അയാളോടു സ്‌നേഹം തോന്നിയിട്ട്‌ പറഞ്ഞു: “ഒരു കുറവ്‌ നിനക്കുണ്ട്‌: പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാമിയാകുക.”+ 22  എന്നാൽ അയാൾ ഇതു കേട്ട്‌ ആകെ സങ്കടപ്പെട്ട്‌ അവിടെനിന്ന്‌ പോയി. കാരണം അയാൾക്കു ധാരാളം വസ്‌തുവകകളുണ്ടായിരുന്നു. 23  യേശു ചുറ്റും നോക്കിയിട്ട്‌ ശിഷ്യന്മാരോട്‌, “സമ്പത്തുള്ളവർക്കു ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്‌!” എന്നു പറഞ്ഞു.+ 24  എന്നാൽ യേശുവിന്റെ വാക്കുകൾ കേട്ട്‌ ശിഷ്യന്മാർ അത്ഭുതപ്പെട്ടു. അതുകൊണ്ട്‌ യേശു അവരോടു പറഞ്ഞു: “മക്കളേ, ദൈവരാജ്യത്തിൽ കടക്കാൻ എത്ര പ്രയാസമാണ്‌! 25  ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.”+ 26  അവർ മുമ്പത്തെക്കാൾ അതിശയിച്ച്‌ യേശുവിനോട്‌, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ” എന്നു ചോദിച്ചു.+ 27  യേശു അവരെത്തന്നെ നോക്കി ഇങ്ങനെ പറഞ്ഞു: “അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവത്തിന്‌ അങ്ങനെയല്ല. ദൈവത്തിന്‌ എല്ലാം സാധ്യം.”+ 28  പത്രോസ്‌ യേശുവിനോട്‌, “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 29  യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെപ്രതിയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്തയെപ്രതിയും വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്ന ഏതൊരാൾക്കും+ 30  ഈ കാലത്തുതന്നെ ഉപദ്രവത്തോടുകൂടെ 100 മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും ലഭിക്കും;+ വരാൻപോകുന്ന വ്യവസ്ഥിതിയിൽ നിത്യജീവനും! 31  എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.”+ 32  അവർ യരുശലേമിലേക്കുള്ള വഴിയേ പോകുകയായിരുന്നു. യേശു അവരുടെ മുന്നിലായാണു നടന്നിരുന്നത്‌. അവർ ആകെ ആശ്ചര്യഭരിതരായിരുന്നു. അവരെ അനുഗമിച്ചിരുന്നവർക്കോ ഭയം തോന്നി. വീണ്ടും യേശു പന്ത്രണ്ടു പേരെ* അടുത്ത്‌ വിളിച്ച്‌ തനിക്കു സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ അവരോടു വിവരിച്ചു:+ 33  “നമ്മൾ ഇപ്പോൾ യരുശലേമിലേക്കു പോകുകയാണ്‌. മനുഷ്യപുത്രനെ മുഖ്യപുരോഹിതന്മാരുടെയും ശാസ്‌ത്രിമാരുടെയും കൈയിൽ ഏൽപ്പിച്ചുകൊടുക്കും. അവർ അവനെ മരണത്തിനു വിധിച്ച്‌ ജനതകളിൽപ്പെട്ടവരുടെ കൈയിൽ ഏൽപ്പിക്കും. 34  അവർ അവനെ പരിഹസിക്കുകയും അവന്റെ മേൽ തുപ്പുകയും+ അവനെ ചാട്ടയ്‌ക്ക്‌ അടിക്കുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ്‌ മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”+ 35  സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ+ സമീപിച്ച്‌, “ഗുരുവേ, ഞങ്ങൾ ചോദിക്കുന്നത്‌ എന്തായാലും ചെയ്‌തുതരണം” എന്നു പറഞ്ഞു.+ 36  യേശു അവരോട്‌, “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌ ” എന്നു ചോദിച്ചു. 37  അവർ യേശുവിനോട്‌, “അങ്ങ്‌ മഹത്ത്വത്തോടെ ഇരിക്കുമ്പോൾ ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും ഇരുത്തേണമേ” എന്നു പറഞ്ഞു.+ 38  എന്നാൽ യേശു അവരോടു പറഞ്ഞു: “നിങ്ങൾ ചോദിക്കുന്നത്‌ എന്താണെന്നു നിങ്ങൾക്ക്‌ അറിയില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്കു കഴിയുമോ? ഞാൻ ഏൽക്കുന്ന സ്‌നാനം ഏൽക്കാൻ നിങ്ങൾക്കാകുമോ?”+ 39  “ഞങ്ങൾക്കു കഴിയും” എന്ന്‌ അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏൽക്കുന്ന സ്‌നാനം നിങ്ങൾ ഏൽക്കുകയും ചെയ്യും.+ 40  എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത്‌ അവർക്കുള്ളതാണ്‌.” 41  എന്നാൽ ഇതെക്കുറിച്ച്‌ കേട്ടപ്പോൾ മറ്റു പത്തു പേർക്കും യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നി.+ 42  എന്നാൽ യേശു അവരെ അടുത്ത്‌ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ജനതകൾ ഭരണാധികാരികളായി കാണുന്നവർ അവരുടെ മേൽ ആധിപത്യം നടത്തുന്നെന്നും അവർക്കിടയിലെ ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക്‌ അറിയാമല്ലോ.+ 43  എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്‌. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം.+ 44  നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം. 45  കാരണം മനുഷ്യപുത്രൻപോലും വന്നതു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും+ അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാനും ആണ്‌.”+ 46  പിന്നെ അവർ യരീഹൊയിൽ എത്തി. ശിഷ്യന്മാരോടും ഒരു വലിയ ജനക്കൂട്ടത്തോടും ഒപ്പം യേശു യരീഹൊ വിട്ട്‌ പോകുമ്പോൾ ബർത്തിമായി (തിമായിയുടെ മകൻ) എന്ന അന്ധനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരിപ്പുണ്ടായിരുന്നു.+ 47  നസറെത്തുകാരനായ യേശുവാണ്‌ അതുവഴി പോകുന്നതെന്നു കേട്ടപ്പോൾ അയാൾ, “ദാവീദുപുത്രാ,+ യേശുവേ, എന്നോടു കരുണ തോന്നേണമേ”+ എന്ന്‌ ഉറക്കെ വിളിച്ചുപറയാൻതുടങ്ങി. 48  പലരും മിണ്ടാതിരിക്കാൻ പറഞ്ഞ്‌ ശകാരിച്ചെങ്കിലും അയാൾ, “ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ” എന്നു കൂടുതൽ ഉറക്കെ വിളിച്ചുപറഞ്ഞു. 49  യേശു നിന്നിട്ട്‌, “അയാളെ ഇങ്ങു വിളിക്കൂ” എന്നു പറഞ്ഞു. അവർ അന്ധനായ ആ മനുഷ്യനെ വിളിച്ചു. അവർ പറഞ്ഞു: “ധൈര്യമായിരിക്കൂ. യേശു നിന്നെ വിളിക്കുന്നു. എഴുന്നേറ്റ്‌ വരൂ.” 50  അപ്പോൾ അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞ്‌ ചാടിയെഴുന്നേറ്റ്‌ യേശുവിന്റെ അടുത്ത്‌ ചെന്നു. 51  “ഞാൻ എന്താണു ചെയ്‌തുതരേണ്ടത്‌ ” എന്ന്‌ യേശു ചോദിച്ചപ്പോൾ, “റബ്ബോനീ,+ എനിക്കു കാഴ്‌ച തിരിച്ചുകിട്ടണം” എന്ന്‌ അന്ധനായ ആ മനുഷ്യൻ പറഞ്ഞു. 52  യേശു അയാളോടു പറഞ്ഞു: “പൊയ്‌ക്കൊള്ളൂ. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.”*+ ഉടനെ ബർത്തിമായിക്കു കാഴ്‌ച തിരിച്ചുകിട്ടി.+ യാത്രയിൽ അയാളും യേശുവിനെ അനുഗമിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാനുസൃതമാണോ.”
അക്ഷ. “ഒരു നുകത്തിൽ കെട്ടിയതിനെ.”
അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
അഥവാ “രക്ഷിച്ചിരിക്കുന്നു.”

പഠനക്കുറിപ്പുകൾ

യോർദാന്‌ അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ: ഇതു സാധ്യതയനുസരിച്ച്‌ യോർദാൻ നദിയുടെ കിഴക്കുള്ള പെരിയ പ്രദേശത്തെ, പ്രത്യേകിച്ച്‌ യഹൂദ്യയോടു ചേർന്നുകിടക്കുന്ന പെരിയയുടെ അതിർത്തിപ്രദേശങ്ങളെ, ആയിരിക്കാം കുറിക്കുന്നത്‌.​—മത്ത 19:1-ന്റെ പഠനക്കുറിപ്പും അനു. എ7-ലെ ഭൂപടം 5-ഉം കാണുക.

മോചനപത്രം: മത്ത 19:7-ന്റെ പഠനക്കുറിപ്പു കാണുക.

സൃഷ്ടിയുടെ ആരംഭത്തിൽ: തെളിവനുസരിച്ച്‌ ഇത്‌ മനുഷ്യകുലത്തിന്റെ സൃഷ്ടിയെ കുറിക്കുന്നു. സ്‌ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധത്തിനു സ്രഷ്ടാവ്‌ തുടക്കം കുറിച്ചതിനെക്കുറിച്ച്‌ പറയുകയായിരുന്നു യേശു ഇവിടെ. ഇവരിൽനിന്നാണു മുഴുമാനവകുലവും ഉത്ഭവിക്കേണ്ടിയിരുന്നത്‌.

ഭാര്യയെ വിവാഹമോചനം ചെയ്‌ത്‌: അഥവാ, “ഭാര്യയെ പറഞ്ഞയച്ച്‌.” മർക്കോസ്‌ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ മത്ത 19:9-ന്റെ വെളിച്ചത്തിലാണു മനസ്സിലാക്കേണ്ടത്‌. യേശുവിന്റെ പ്രസ്‌താവനയുടെ കുറെക്കൂടെ പൂർണമായ രൂപം കാണുന്ന ആ വാക്യത്തിൽ ‘ലൈംഗിക അധാർമികത വിവാഹമോചനത്തിനുള്ള അടിസ്ഥാനമാണെന്നു’ പറയുന്നു. (മത്ത 5:32-ന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ട്‌ ഒരാൾ തന്റെ വിവാഹപങ്കാളിയെ ലൈംഗിക അധാർമികതയുടെ (ഗ്രീക്കിൽ, പോർണിയ) പേരിലല്ലാതെ വിവാഹമോചനം ചെയ്യുമ്പോഴാണു മർക്കോസ്‌ രേഖപ്പെടുത്തിയ യേശുവിന്റെ വാക്കുകൾ ബാധകമാകുന്നത്‌. വിവാഹപങ്കാളിയുടെ അത്തരമൊരു അവിശ്വസ്‌തത മാത്രമാണു വിവാഹമോചനത്തിനുള്ള അടിസ്ഥാനം.

അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു: ഒരു പുരുഷന്‌ “ഏതു കാരണം പറഞ്ഞും” ഭാര്യയെ വിവാഹമോചനം ചെയ്യാമെന്ന റബ്ബിമാരുടെ ഉപദേശം അന്നു പരക്കെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും യേശു അതിനെ തള്ളിക്കളയുകയാണു ചെയ്‌തത്‌. (മത്ത 19:3, 9) ഭാര്യക്കു വിരോധമായി വ്യഭിചാരം ചെയ്യുക എന്ന ആശയംതന്നെ മിക്ക ജൂതന്മാർക്കും ഒരു പുതിയ കാര്യമായിരുന്നു. അവരുടെ റബ്ബിമാർ പഠിപ്പിച്ചിരുന്നതു ഭർത്താവിന്റെ അവിശ്വസ്‌തത ഒരിക്കലും ഭാര്യക്ക്‌ എതിരെയുള്ള വ്യഭിചാരമാകില്ല എന്നാണ്‌. അവരുടെ അഭിപ്രായത്തിൽ ഭാര്യയുടെ അവിശ്വസ്‌തത മാത്രമേ വ്യഭിചാരമാകുമായിരുന്നുള്ളൂ. എന്നാൽ ഭാര്യയിൽനിന്ന്‌ പ്രതീക്ഷിക്കുന്ന അതേ ധാർമികപ്രതിബദ്ധത ഭർത്താവിൽനിന്നും പ്രതീക്ഷിക്കുന്നു എന്ന്‌ സൂചിപ്പിച്ചതിലൂടെ യേശു സ്‌ത്രീകളെ ആദരിക്കുകയായിരുന്നു, അവർക്കു സമൂഹം നൽകിയിരുന്നതിനെക്കാൾ നിലയും വിലയും കല്‌പിക്കുകയായിരുന്നു.

ഒരു സ്‌ത്രീ തന്റെ ഭർത്താവിനെ വിവാഹമോചനം ചെയ്‌ത്‌: ഈ പദപ്രയോഗത്തിലൂടെ, അവിശ്വസ്‌തനായ ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ ഒരു ഭാര്യക്കുള്ള അവകാശത്തെ അംഗീകരിക്കുകയായിരുന്നു യേശു. എന്നാൽ തെളിവനുസരിച്ച്‌ യേശുവിന്റെ കാലത്തെ ജൂതന്മാർക്ക്‌ ഇതൊട്ടും സ്വീകാര്യമായിരുന്നില്ല. ക്രിസ്‌തുവിന്റെ അനുഗാമികളുടെ ഇടയിൽ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരേ നിലവാരമായിരിക്കും എന്നാണു യേശു സൂചിപ്പിച്ചത്‌.

കുട്ടികൾ: ഇക്കൂട്ടത്തിൽ പല പ്രായത്തിലുള്ള കുട്ടികൾ ഉണ്ടായിരുന്നിരിക്കാം. കാരണം ഇവിടെ ‘കുട്ടികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം നവജാതശിശുക്കളെയും തീരെ ചെറിയ കുട്ടികളെയും മാത്രമല്ല (മത്ത 2:8; ലൂക്ക 1:59) യായീറൊസിന്റെ 12 വയസ്സുകാരി മകളെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌. (മർ 5:39-42) എന്നാൽ ഇതേ കുട്ടികളുമായി യേശു ഇടപഴകുന്നതിനെക്കുറിച്ച്‌ പറയുന്ന ലൂക്ക 18:15-ലെ സമാന്തരവിവരണത്തിൽ മറ്റൊരു ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആ പദത്തിനാകട്ടെ തീരെ ചെറിയ കുട്ടികളെ മാത്രമേ കുറിക്കാനാകൂ.​—ലൂക്ക 1:41; 2:12.

ഒരു കുട്ടിയെപ്പോലെ: കൊച്ചുകുട്ടികൾക്കുള്ള നല്ല ഗുണങ്ങൾ ഉണ്ടായിരിക്കുന്നതിനെയാണ്‌ ഇതു കുറിക്കുന്നത്‌. അതിൽ, താഴ്‌മയുള്ളവരായിരിക്കുന്നതും മറ്റുള്ളവരിൽനിന്ന്‌ പഠിക്കാൻ മനസ്സു കാണിക്കുന്നതും കാര്യങ്ങളെ സംശയദൃഷ്ടിയോടെ കാണാതിരിക്കുന്നതും വസ്‌തുതകൾ അംഗീകരിക്കാൻ മനസ്സു കാണിക്കുന്നതും ഉൾപ്പെടുന്നു.​—മത്ത 18:5.

യേശു കുട്ടികളെ കൈയിൽ എടുത്തു: ഈ വിശദാംശം മർക്കോസിന്റെ വിവരണത്തിൽ മാത്രമേ കാണുന്നുള്ളൂ. ‘കൈയിൽ എടുക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം ഇവിടെയും മർ 9:36-ലും മാത്രമേ കാണുന്നുള്ളൂ. അതിനെ “ആലിംഗനം ചെയ്യുക” എന്നും പരിഭാഷപ്പെടുത്താനാകും. യേശു കുട്ടികളെ ഒന്നു ‘തൊട്ടാൽ’ മതി എന്ന ചിന്തയുമായി അവരെയുംകൊണ്ട്‌ അവിടെ എത്തിയവരുടെ പ്രതീക്ഷയെ കടത്തിവെട്ടുന്നതായിരുന്നു യേശുവിന്റെ ഈ പ്രവൃത്തി. (മർ 10:13) കുറഞ്ഞത്‌ ഏഴു കുട്ടികളുണ്ടായിരുന്ന കുടുംബത്തിലെ മൂത്ത മകനായിരുന്നതുകൊണ്ട്‌ യേശുവിനു കൊച്ചുകുട്ടികളുടെ ആഗ്രഹങ്ങൾ നന്നായി മനസ്സിലാകുമായിരുന്നു. (മത്ത 13:55, 56) യേശു അവരെ അനുഗ്രഹിക്കുകപോലും ചെയ്‌തു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ‘അനുഗ്രഹിക്കുക’ എന്നതിന്റെ തീവ്രരൂപമാണ്‌. അതു സൂചിപ്പിക്കുന്നതു യേശു അവരെ അനുഗ്രഹിച്ചതു വളരെ ആർദ്രതയോടെയും സ്‌നേഹത്തോടെയും ആയിരിക്കാം എന്നാണ്‌.

നല്ലവനായ ഗുരുവേ: സാധ്യതയനുസരിച്ച്‌ വളരെ ഔപചാരികമായ, മുഖസ്‌തുതി കലർന്ന ഒരു സ്ഥാനപ്പേരെന്ന നിലയിലാണ്‌ ആ മനുഷ്യൻ യേശുവിനെ “നല്ലവനായ ഗുരുവേ” എന്നു വിളിച്ചത്‌. കാരണം അന്നത്തെ മതനേതാക്കന്മാർ ആളുകളിൽനിന്ന്‌ പൊതുവേ അത്തരം ബഹുമതി ആവശ്യപ്പെട്ടിരുന്നു. യഥാർഥത്തിൽ “ഗുരുവും” “കർത്താവും” (യോഹ 13:13) ആയിരുന്ന യേശുവിന്‌, ആളുകൾ തന്നെ ഗുരുവെന്നോ കർത്താവെന്നോ വിളിക്കുന്നതിൽ വിരോധമൊന്നുമില്ലായിരുന്നെങ്കിലും തനിക്കു ലഭിച്ച എല്ലാ ബഹുമതിയും യേശു പിതാവിലേക്കാണു തിരിച്ചുവിട്ടത്‌.

ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല: നല്ലത്‌ എന്താണ്‌ എന്നതിന്റെ ഏറ്റവും ഉയർന്ന മാനദണ്ഡം യഹോവയാണെന്ന്‌ അംഗീകരിക്കുകയായിരുന്നു യേശു ഇവിടെ. ശരിയേത്‌ തെറ്റേത്‌ എന്നു തീരുമാനിക്കാനുള്ള പരമമായ അവകാശം ദൈവത്തിനാണെന്നു യേശു അതിലൂടെ സൂചിപ്പിച്ചു. എന്നാൽ ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം കഴിച്ചപ്പോൾ ആദാമും ഹവ്വയും ധിക്കാരത്തോടെ ആ അവകാശം കൈയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ യേശു അവരെപ്പോലെയല്ലായിരുന്നു. നിലവാരങ്ങൾ വെക്കാനുള്ള അവകാശം തന്റെ പിതാവിനാണെന്നു യേശു താഴ്‌മയോടെ അംഗീകരിച്ചു. നല്ലത്‌ എന്താണെന്നു ദൈവം തന്റെ വചനമായ ബൈബിളിലൂടെ പറഞ്ഞുതന്നിട്ടുണ്ട്‌, അതിൽ അതു നിർവചിച്ചിട്ടുമുണ്ട്‌..​—മർ 10:19.

അയാളോടു സ്‌നേഹം തോന്നിയിട്ട്‌: സമ്പന്നനായ ഈ യുവപ്രമാണിയോടു യേശുവിനു തോന്നിയ മനോവികാരം മർക്കോസ്‌ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. (മത്ത 19:16-26; ലൂക്ക 18:18-30) യേശുവിന്റെ വികാരങ്ങളെക്കുറിച്ച്‌ ഇങ്ങനെയൊരു ചിത്രം മർക്കോസിനു ലഭിച്ചത്‌, തീവ്രവികാരങ്ങളുള്ള വ്യക്തിയായ പത്രോസിൽനിന്നായിരിക്കാം.​—“മർക്കോസ്‌—ആമുഖം” കാണുക.

എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌: ഒരു കാര്യം വ്യക്തമാക്കാൻ യേശു ഇവിടെ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. ഒരു ഒട്ടകത്തിനു തയ്യൽസൂചിയുടെ ദ്വാരത്തിലൂടെ കടക്കാനാകാത്തതുപോലെ, ഒരു ധനികൻ യഹോവയോടുള്ള ബന്ധത്തെക്കാൾ എപ്പോഴും തന്റെ സമ്പത്തിനു പ്രാധാന്യം കൊടുക്കുന്നെങ്കിൽ അയാൾക്ക്‌ ഒരിക്കലും ദൈവരാജ്യത്തിൽ കടക്കാനാകില്ല. എന്നാൽ സമ്പന്നരായ ആർക്കും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ലെന്നല്ല യേശു ഉദ്ദേശിച്ചത്‌. കാരണം “ദൈവത്തിന്‌ എല്ലാം സാധ്യം” എന്നും യേശു തൊട്ടുപിന്നാലെ പറഞ്ഞു.​—മർ 10:27.

യേശുവിനോട്‌: ചില കൈയെഴുത്തുപ്രതികളിൽ “പരസ്‌പരം” എന്നാണു കാണുന്നത്‌.

വരാൻപോകുന്ന വ്യവസ്ഥിതിയിൽ: അഥവാ “വരാൻപോകുന്ന യുഗത്തിൽ.” ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്‌. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ദൈവരാജ്യഭരണത്തിൻകീഴിൽ വരാൻപോകുന്ന ഒരു യുഗത്തെക്കുറിച്ചാണ്‌ യേശു ഇവിടെ പറയുന്നത്‌. ആ ഭരണത്തിൻകീഴിൽ നിത്യജീവനും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.​—ലൂക്ക 18:29, 30; പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.

യരുശലേമിലേക്കുള്ള വഴിയേ പോകുകയായിരുന്നു: സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 750 മീ. (2,500 അടി) ഉയരത്തിലായിരുന്നു യരുശലേം നഗരം. ഇപ്പോൾ യേശുവും ശിഷ്യന്മാരും യോർദാൻ താഴ്‌വരയിൽ എത്തിനിൽക്കുകയായിരുന്നു. (മർ 10:1-ന്റെ പഠനക്കുറിപ്പു കാണുക.) സമുദ്രനിരപ്പിൽനിന്ന്‌ ഏകദേശം 400 മീ. (1,300 അടി) താഴെയായിരുന്നു ആ താഴ്‌വരയുടെ ഏറ്റവും താഴ്‌ന്ന ഭാഗം. അതുകൊണ്ട്‌ ഏകദേശം 1,000 മീ. (3,330 അടി) കയറ്റം കയറിയാൽ മാത്രമേ അവർക്ക്‌ യരുശലേമിൽ എത്താനാകുമായിരുന്നുള്ളൂ.

അവന്റെ മേൽ തുപ്പുകയും: ഒരാളുടെ ദേഹത്തോ മുഖത്തോ തുപ്പുന്നത്‌ അങ്ങേയറ്റത്തെ പുച്ഛത്തിന്റെയോ ശത്രുതയുടെയോ രോഷത്തിന്റെയോ പ്രകടനമായിരുന്നു. അയാളെ അപമാനിക്കുന്നതിനു തുല്യമായിരുന്നു അത്‌. (സംഖ 12:14; ആവ 25:9) തനിക്ക്‌ അങ്ങനെയൊരു പെരുമാറ്റം സഹിക്കേണ്ടിവരുമെന്നു പറയുകയായിരുന്നു യേശു. അതാകട്ടെ “എന്നെ നിന്ദിക്കുകയും തുപ്പുകയും ചെയ്‌തപ്പോൾ ഞാൻ മുഖം മറച്ചില്ല” എന്ന മിശിഹൈകപ്രവചനത്തിന്റെ നിവൃത്തിയുമായിരുന്നു. (യശ 50:6) യേശുവിനെ സൻഹെദ്രിനു മുന്നിൽ ഹാജരാക്കിയപ്പോൾ ചിലർ യേശുവിന്റെ മേൽ തുപ്പി. (മർ 14:65) പീലാത്തോസിന്റെ വിചാരണയ്‌ക്കു ശേഷം റോമൻസൈനികരും അങ്ങനെ ചെയ്‌തതായി രേഖയുണ്ട്‌ (മർ 15:19).

സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ച്‌: യേശുവിന്റെ അടുക്കൽ അപേക്ഷയുമായി ചെല്ലുന്നതു യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയാണ്‌ എന്നു മത്തായിയുടെ വിവരണത്തിൽ കാണുന്നുണ്ടെങ്കിലും തെളിവനുസരിച്ച്‌ ആ അപേക്ഷയുടെ ഉറവിടം യാക്കോബും യോഹന്നാനും തന്നെയായിരുന്നു. ഇങ്ങനെ നിഗമനം ചെയ്യാൻ ഒരു കാരണമുണ്ട്‌. ആ അപേക്ഷയെക്കുറിച്ച്‌ കേട്ടപ്പോൾ പത്തു ശിഷ്യന്മാർക്കും ‘അമർഷം തോന്നിയത്‌ ’ അമ്മയോടല്ല, മറിച്ച്‌ “ആ രണ്ടു സഹോദരന്മാരോട്‌ ” ആണെന്നാണു മത്തായിയുടെ വിവരണത്തിൽ കാണുന്നത്‌.​—മത്ത 20:20-24; മത്ത 4:21; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

പുത്രന്മാരായ: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ “രണ്ടു പുത്രന്മാർ” എന്നാണു കാണുന്നത്‌. എന്നാൽ ഇവിടെ കാണുന്ന ഹ്രസ്വമായ പ്രയോഗത്തെയാണു മിക്ക കൈയെഴുത്തുപ്രതികളും പിന്തുണയ്‌ക്കുന്നത്‌.

ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും: ഇവിടെ രണ്ടു വശവും ആദരവിനെയും അധികാരത്തെയും സൂചിപ്പിക്കുന്നെങ്കിലും വലതുവശമാണ്‌ എപ്പോഴും ഏറ്റവും ആദരണീയമായ സ്ഥാനം.​—സങ്ക 110:1; പ്രവൃ 7:55, 56; റോമ 8:34; മത്ത 25:33-ന്റെ പഠനക്കുറിപ്പു കാണുക.

പാനപാത്രം കുടിക്കാൻ: മത്ത 20:22-ന്റെ പഠനക്കുറിപ്പു കാണുക.

ഞാൻ ഏൽക്കുന്ന സ്‌നാനം ഏൽക്കാൻ: അഥവാ “ഞാൻ നിമജ്ജനം ചെയ്യപ്പെടുന്നതുപോലെ നിമജ്ജനം ചെയ്യപ്പെടാൻ.” യേശു ഇവിടെ “സ്‌നാനം” എന്ന പദവും “പാനപാത്രം” എന്ന പദവും ഏതാണ്ട്‌ സമാനമായ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ഈ വാക്യത്തിലെ പാനപാത്രം കുടിക്കാൻ എന്നതിന്റെ പഠനക്കുറിപ്പു കാണുക.) വാസ്‌തവത്തിൽ യേശുവിന്റെ ഭൗമികശുശ്രൂഷയുടെ സമയത്ത്‌ ഈ സ്‌നാനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. യേശുവിന്റെ കാര്യത്തിൽ, എ.ഡി. 33 നീസാൻ 14-ന്‌ ദണ്ഡനസ്‌തംഭത്തിൽ വധിക്കപ്പെടുമ്പോഴായിരുന്നു (മരണത്തിലേക്കുള്ള) ആ നിമജ്ജനം പൂർണമാകുന്നത്‌. പുനരുത്ഥാനത്തിലൂടെ യേശുവിനെ ഉയർത്തുമ്പോൾ ആ സ്‌നാനം പൂർത്തിയാകുകയും ചെയ്യുമായിരുന്നു. (റോമ 6:3, 4) മരണത്തിലേക്കുള്ള യേശുവിന്റെ ഈ സ്‌നാനവും യേശുവിന്റെ ജലസ്‌നാനവും രണ്ടും രണ്ടായിരുന്നു. കാരണം ശുശ്രൂഷ തുടങ്ങിയപ്പോൾ യേശുവിന്റെ ജലസ്‌നാനം പൂർത്തിയായിരുന്നെങ്കിലും മരണത്തിലേക്കുള്ള യേശുവിന്റെ സ്‌നാനം അപ്പോൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

അവരുടെ മേൽ ആധിപത്യം നടത്തുന്നെന്ന്‌: അഥവാ “അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്ന്‌.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിൽ നാലിടത്ത്‌ മാത്രമേ കാണുന്നുള്ളൂ. (മത്ത 20:25; മർ 10:42; 1പത്ര 5:3; ഈ പദപ്രയോഗം പ്രവൃ 19:16-ൽ “കീഴ്‌പെടുത്തി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.) യേശുവിന്റെ ഈ ഉപദേശം കേട്ടപ്പോൾ അവരുടെ മനസ്സിലേക്കു വന്നത്‌ ആളുകൾ വെറുത്തിരുന്ന റോമൻ നുകവും ഹെരോദുമാരുടെ അടിച്ചമർത്തലും ഒക്കെ ആയിരുന്നിരിക്കാം. (മത്ത 2:16; യോഹ 11:48) യേശു ഉദ്ദേശിച്ചത്‌ എന്താണെന്നു മനസ്സിലായിട്ടാകാം, ക്രിസ്‌തീയമൂപ്പന്മാർ മറ്റുള്ളവരുടെ മേൽ ആധിപത്യം നടത്തരുതെന്നു പത്രോസ്‌ പിൽക്കാലത്ത്‌ ഉപദേശിച്ചത്‌. അവർ വഴി കാട്ടേണ്ടതു സ്വന്തം മാതൃകയാൽ ആയിരിക്കണമായിരുന്നു. (1പത്ര 5:3) ഇതിനോടു ബന്ധമുള്ള ഒരു ക്രിയ ലൂക്കോസിന്റെ സമാന്തരവിവരണത്തിൽ കാണുന്നുണ്ട്‌. (ലൂക്ക 22:25) അതേ പദം, ക്രിസ്‌ത്യാനികൾ സഹവിശ്വാസികളുടെ ‘വിശ്വാസത്തിന്മേൽ ആധിപത്യം നടത്തരുത്‌ ’ എന്നു പറയുന്ന 2കൊരി 1:24-ൽ പൗലോസും ഉപയോഗിച്ചിട്ടുണ്ട്‌.

യരീഹൊ: മത്ത 20:29-ന്റെ പഠനക്കുറിപ്പു കാണുക.

അന്ധനായ ഒരു ഭിക്ഷക്കാരൻ: ഈ സംഭവത്തെക്കുറിച്ചുള്ള മത്തായിയുടെ വിവരണത്തിൽ (20:30) രണ്ട്‌ അന്ധന്മാരെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ചേ പറയുന്നുള്ളൂ. സാധ്യതയനുസരിച്ച്‌ ബർത്തിമായി എന്ന ഈ വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാകാം മർക്കോസും ലൂക്കോസും ഒരാളെക്കുറിച്ച്‌ മാത്രം പറഞ്ഞിരിക്കുന്നത്‌. ബർത്തിമായി എന്ന പേരാകട്ടെ മർക്കോസിന്റെ വിവരണത്തിൽ മാത്രമേ കാണുന്നുള്ളൂ.

നസറെത്തുകാരനായ: യേശുവിനെ തിരിച്ചറിയിക്കുന്ന ഒരു പേര്‌. പിന്നീട്‌ യേശുവിന്റെ അനുഗാമികളും ആ പേരിൽ അറിയപ്പെടാൻതുടങ്ങി. (പ്രവൃ 24:5) പല ജൂതന്മാർക്കും യേശു എന്ന പേരുണ്ടായിരുന്നതുകൊണ്ട്‌ ഓരോരുത്തരെയും തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു പേരുകൂടെ ഒപ്പം ചേർക്കുന്നത്‌ അക്കാലത്ത്‌ സാധാരണമായിരുന്നു. ബൈബിൾക്കാലങ്ങളിൽ ആളുകളെ സ്ഥലപ്പേര്‌ ചേർത്ത്‌ വിളിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. (2ശമു 3:2, 3; 17:27; 23:25-39; നഹൂ 1:1; പ്രവൃ 13:1; 21:29) യേശുവിന്റെ കുട്ടിക്കാലം പ്രധാനമായും ഗലീലയിലെ നസറെത്ത്‌ എന്ന പട്ടണത്തിലായിരുന്നതുകൊണ്ട്‌ യേശുവിനെ തിരിച്ചറിയാൻ ആ പേര്‌ ഉപയോഗിക്കുന്നതു തികച്ചും സ്വാഭാവികമായിരുന്നു. യേശുവിനെ പല സാഹചര്യങ്ങളിൽ, പല വ്യക്തികൾ ‘നസറെത്തുകാരൻ’ എന്നു വിളിച്ചിട്ടുണ്ട്‌. (മർ 1:23, 24; 10:46, 47; 14:66-69; 16:5, 6; ലൂക്ക 24:13-19; യോഹ 18:1-7) യേശുതന്നെയും ആ പേര്‌ അംഗീകരിക്കുകയും ഉപയോഗിക്കുകയും ചെയ്‌തതായി കാണാം. (യോഹ 18:5-8; പ്രവൃ 22:6-8) യേശുവിന്റെ ദണ്ഡനസ്‌തംഭത്തിൽ പീലാത്തൊസ്‌ സ്ഥാപിച്ച മേലെഴുത്തിൽ എബ്രായ, ലത്തീൻ, ഗ്രീക്ക്‌ ഭാഷകളിൽ “നസറെത്തുകാരനായ യേശു, ജൂതന്മാരുടെ രാജാവ്‌ ” എന്ന്‌ എഴുതിവെച്ചിരുന്നു. (യോഹ 19:19, 20) എ.ഡി. 33-ലെ പെന്തിക്കോസ്‌ത്‌ മുതൽ അപ്പോസ്‌തലന്മാരും മറ്റുള്ളവരും പലപ്പോഴും യേശുവിനെ നസറെത്തുകാരൻ എന്നു വിളിച്ചിരിക്കുന്നതായി രേഖയുണ്ട്‌.​—പ്രവൃ 2:22; 3:6; 4:10; 6:14; 10:38; 26:9 മത്ത 2:​23-ന്റെ പഠനക്കുറിപ്പും കാണുക.

ദാവീദുപുത്രാ: യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചതിലൂടെ യേശുതന്നെയാണു മിശിഹ എന്ന കാര്യം അന്ധനായ ബർത്തിമായി പരസ്യമായി അംഗീകരിക്കുകയായിരുന്നു.​—മത്ത 1:​1, 6; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

റബ്ബോനി: “എന്റെ ഗുരു” എന്ന്‌ അർഥമുള്ള ഒരു സെമിറ്റിക്ക്‌ പദം. തുടക്കത്തിൽ “റബ്ബോനി” എന്ന പദം, “ഗുരു” എന്ന്‌ അർഥമുള്ള “റബ്ബി” എന്ന അഭിസംബോധനയെക്കാൾ (യോഹ 1:38) ആദരവും അടുപ്പവും ധ്വനിപ്പിക്കുന്ന ഒരു പദമായിരുന്നിരിക്കാം. എന്നാൽ യോഹന്നാൻ സുവിശേഷം എഴുതിയ സമയമായപ്പോഴേക്കും ആ പദത്തിലെ “എന്റെ” എന്ന്‌ അർഥം വരുന്ന പ്രത്യയത്തിന്റെ (ഉത്തമപുരുഷ പ്രത്യയം) പ്രാധാന്യം നഷ്ടമായിരിക്കാനാണു സാധ്യത. കാരണം യോഹന്നാൻ ആ പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ഗുരു” എന്നു മാത്രമാണ്‌.​—യോഹ 20:16.

ദൃശ്യാവിഷ്കാരം