മത്തായി എഴുതിയത് 22:1-46
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ദൃഷ്ടാന്തങ്ങൾ: അഥവാ “ദൃഷ്ടാന്തകഥകൾ.”—മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
വിവാഹവസ്ത്രം: ഇതൊരു രാജകീയവിവാഹമായിരുന്നതുകൊണ്ട് ആതിഥേയനായ രാജാവ് അതിഥികൾക്ക് ഒരു പ്രത്യേകവസ്ത്രം നൽകിയിരിക്കാം. അങ്ങനെയാണെങ്കിൽ, അതു ധരിക്കാതിരിക്കുന്നതു കടുത്ത അനാദരവാകുമായിരുന്നു.
നിരാശയോടെ പല്ലിറുമ്മും: മത്ത 8:12-ന്റെ പഠനക്കുറിപ്പു കാണുക.
കുടുക്കാൻവേണ്ടി: അക്ഷ. “കെണിയിൽപ്പെടുത്താൻവേണ്ടി.” അതായത് ഒരു പക്ഷിയെ വലയിൽ അകപ്പെടുത്തുന്നതുപോലെ. (സഭ 9:12 താരതമ്യം ചെയ്യുക. അവിടെ, “കെണിവെച്ച് പിടിക്കുക; കെണിയിൽപ്പെടുത്തുക” എന്നെല്ലാം അർഥംവരുന്ന ഒരു എബ്രായപദം പരിഭാഷപ്പെടുത്താൻ വേട്ടയോടു ബന്ധപ്പെട്ട ഇതേ ഗ്രീക്കുപദമാണു സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത്.) യേശുവിനെ കുടുക്കാൻ പറ്റുന്ന ഒരു ഉത്തരം യേശുവിന്റെ വായിൽനിന്ന് എങ്ങനെയെങ്കിലും വീണുകിട്ടാൻവേണ്ടിയായിരുന്നു പരീശന്മാർ മുഖസ്തുതി പറഞ്ഞതും ആത്മാർഥതയില്ലാത്ത ചോദ്യങ്ങൾ ചോദിച്ചതും.—മത്ത 22:16, 17.
ഹെരോദിന്റെ അനുയായികൾ: പദാവലി കാണുക.
സീസർ: അഥവാ “ചക്രവർത്തി.” യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് തിബെര്യൊസ് ആയിരുന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തിലിരുന്ന ചക്രവർത്തിയെ മാത്രമല്ല “സീസർ” എന്ന പദം കുറിച്ചിരുന്നത്. റോമൻ ഗവൺമെന്റിനെയും അതിന്റെ നിയമിതപ്രതിനിധികളെയും അതിന് അർഥമാക്കാനാകുമായിരുന്നു. പൗലോസ് പറഞ്ഞ ‘ഉന്നതാധികാരികളും’ പത്രോസ് പറഞ്ഞ ‘രാജാവും’ ‘ഗവർണർമാരും’ ഇതിൽപ്പെടും.—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.
തലക്കരം: വാർഷികനികുതിയായിരുന്നു ഇത്. സാധ്യതയനുസരിച്ച് ഈ തുക ഒരു ദിവസത്തെ കൂലിക്കു തുല്യമായ ഒരു ദിനാറെ ആയിരുന്നു. ജനസംഖ്യാകണക്കെടുപ്പിൽ പേര് വന്നിട്ടുള്ള എല്ലാവരിൽനിന്നും റോമാക്കാർ ഇത് ഈടാക്കിയിരുന്നു.—ലൂക്ക 2:1-3.
കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
ദിനാറെ: സീസറിന്റെ രൂപം ആലേഖനം ചെയ്ത ഈ റോമൻ വെള്ളിനാണയമാണു റോമാക്കാർ ജൂതന്മാരിൽനിന്ന് ‘തലക്കരമായി’ ഈടാക്കിയിരുന്നത്. (മത്ത 22:17) യേശുവിന്റെ കാലത്ത്, 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവൃത്തിദിവസത്തെ കൂലിയായി കൃഷിപ്പണിക്കാർക്കു കിട്ടിയിരുന്നത് ഒരു ദിനാറെ ആയിരുന്നു. എന്തിന്റെയെങ്കിലും മൂല്യം കണക്കാക്കാനുള്ള അടിസ്ഥാനമായി ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതും ദിനാറെയാണ്. (മത്ത 20:2; മർ 6:37; 14:5; വെളി 6:6) സോരിൽ നിർമിച്ച വെള്ളിനാണയങ്ങൾ (ദേവാലയനികുതി കൊടുക്കാൻ ഉപയോഗിച്ചിരുന്നത് ഇതാണ്.) ഉൾപ്പെടെ വ്യത്യസ്തതരം ചെമ്പുനാണയങ്ങളും വെള്ളിനാണയങ്ങളും ഇസ്രായേലിൽ പ്രചാരത്തിലുണ്ടായിരുന്നു. എങ്കിലും തെളിവനുസരിച്ച് ആളുകൾ റോമിനു നികുതി കൊടുക്കാൻ ഉപയോഗിച്ചിരുന്നതു സീസറിന്റെ രൂപമുള്ള വെള്ളിദിനാറെയാണ്.—പദാവലിയും അനു. ബി14-ഉം കാണുക.
ചിത്രവും എഴുത്തും: അക്കാലത്ത് സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്ന ദിനാറെയുടെ മുൻവശത്ത് റോമൻ ചക്രവർത്തിയായ തിബെര്യൊസിന്റെ, ഇലക്കിരീടം അണിഞ്ഞ ശിരസ്സിന്റെ രൂപം ഉണ്ടായിരുന്നു. (എ.ഡി. 14 മുതൽ 37 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.) ഒപ്പം ലത്തീൻ ഭാഷയിൽ ഇങ്ങനെയൊരു എഴുത്തും ഉണ്ടായിരുന്നു: “തിബെര്യൊസ് സീസർ അഗസ്റ്റസ്, ആരാധ്യനായ അഗസ്റ്റസിന്റെ മകൻ.”—അനു. ബി14-ഉം കാണുക.
സീസർക്കുള്ളതു സീസർക്ക്: ഈ വാക്യത്തിലെ യേശുവിന്റെ മറുപടിയിലും സമാന്തരവിവരണങ്ങളായ മർ 12:17; ലൂക്ക 20:25 എന്നീ വാക്യങ്ങളിലും മാത്രമാണു യേശു റോമൻ ചക്രവർത്തിയെക്കുറിച്ച് പരാമർശിച്ചതായി കാണുന്നത്. “സീസർക്കുള്ളത്” എന്നു പറയുന്നതിൽ, ഗവൺമെന്റുകൾ ചെയ്തുതരുന്ന സേവനങ്ങൾക്കായി കൊടുക്കേണ്ട പണവും അതുപോലെ അത്തരം അധികാരികളോടു കാണിക്കേണ്ട ആദരവും ആപേക്ഷികകീഴ്പെടലും ഉൾപ്പെട്ടിരിക്കുന്നു.—റോമ 13:1-7.
ദൈവത്തിനുള്ളതു ദൈവത്തിന്: ഇതിൽ ഒരാളുടെ മുഴുഹൃദയത്തോടെയുള്ള ആരാധനയും മുഴുദേഹിയോടെയുള്ള സ്നേഹവും വിശ്വസ്തതയോടെയുള്ള, സമ്പൂർണമായ അനുസരണവും ഉൾപ്പെടുന്നു.—മത്ത 4:10; 22:37, 38; പ്രവൃ 5:29; റോമ 14:8.
പുനരുത്ഥാനം: ഇവിടെ കാണുന്ന അനസ്താസിസ് എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റ് നിൽക്കുക” എന്നെല്ലാമാണ്. മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട് ഈ പദം 40-ഓളം പ്രാവശ്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. (മത്ത 22:31; പ്രവൃ 4:2; 24:15; 1കൊ 15:12, 13) യശ 26:19-ലെ “നിങ്ങളുടെ മരിച്ചവർ ജീവിക്കും” എന്ന പദപ്രയോഗത്തിലെ “ജീവിക്കുക” എന്ന എബ്രായക്രിയ പരിഭാഷപ്പെടുത്താൻ സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത് അനസ്താസിസിന്റെ ക്രിയാരൂപമാണ്.—പദാവലി കാണുക.
തിരുവെഴുത്തുകൾ: ദൈവപ്രചോദിതമായി എഴുതിയ എബ്രായലിഖിതങ്ങളെ മുഴുവനായി കുറിക്കാനാണു പൊതുവേ ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
പുനരുത്ഥാനം: മത്ത 22:23–ന്റെ പഠനക്കുറിപ്പു കാണുക.
ദൈവം നിങ്ങളോട്: ബി.സി. 1514-നോട് അടുത്ത് മോശയും യഹോവയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെക്കുറിച്ച് പറയാൻപോകുകയായിരുന്നു യേശു. (പുറ 3:2, 6) അക്കാലമായപ്പോഴേക്കും അബ്രാഹാം മരിച്ചിട്ട് 329 വർഷവും യിസ്ഹാക്ക് മരിച്ചിട്ട് 224 വർഷവും യാക്കോബ് മരിച്ചിട്ട് 197 വർഷവും ആയിരുന്നു. എന്നിട്ടും യഹോവ പറഞ്ഞത്, ‘ഞാൻ അവരുടെ ദൈവം ആയിരുന്നു’ എന്നല്ല മറിച്ച് ‘ഞാൻ അവരുടെ ദൈവം ആണ് ’ എന്നാണ്.—മത്ത 22:32.
ദൈവം മരിച്ചവരുടെ ദൈവമല്ല: ഗ്രീക്കുതിരുവെഴുത്തുകളുടെ ഒരു എബ്രായപരിഭാഷയിൽ (അനു. സി-യിൽ J18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ചതുരക്ഷരി (ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായ വ്യഞ്ജനാക്ഷരങ്ങൾ.) ഉപയോഗിച്ചിട്ടുണ്ട്. “യഹോവ മരിച്ചവരുടെ ദൈവമല്ല” എന്നാണ് അതു വായിക്കുന്നത്.—പുറ 3:6, 15 താരതമ്യം ചെയ്യുക.
ജീവനുള്ളവരുടെ ദൈവമാണ്: മർ 12:27-ന്റെ പഠനക്കുറിപ്പു കാണുക.
മിണ്ടാതാക്കിയെന്ന്: ഇതിന്റെ ഗ്രീക്കുക്രിയയെ “സ്തബ്ധരാക്കി” (അക്ഷ. “വായ് മൂടിക്കെട്ടി.”) എന്നും പരിഭാഷപ്പെടുത്താനാകും. അവരുടെ ചോദ്യത്തിലെ കാപട്യം കണക്കിലെടുക്കുമ്പോൾ മത്തായി ഉപയോഗിച്ച ഈ പദപ്രയോഗം എന്തുകൊണ്ടും ചേരും. സദൂക്യർക്കു തിരിച്ച് ഒന്നും പറയാൻ പറ്റാത്തത്ര ഫലപ്രദമായിരുന്നു യേശുവിന്റെ മറുപടി.—1പത്ര 2:15.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:5-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ഹൃദയം: ആലങ്കാരികാർഥത്തിൽ ഉപയോഗിക്കുമ്പോൾ ഈ പദം പൊതുവേ ഒരാളുടെ ആന്തരികവ്യക്തിത്വത്തെ മുഴുവനായി കുറിക്കുന്നു. എന്നാൽ ഈ പദം “ദേഹി,” “മനസ്സ്” എന്നീ പദങ്ങളോടൊപ്പം വരുമ്പോൾ സാധ്യതയനുസരിച്ച് അതിന്റെ അർഥവ്യാപ്തി കുറയുന്നു. അത്തരം സന്ദർഭങ്ങളിൽ അതു പ്രധാനമായും ഒരു വ്യക്തിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മനോഭാവത്തെയും ആണ് കുറിക്കുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന മൂന്നു പദങ്ങളുടെയും (ഹൃദയം, ദേഹി, മനസ്സ്) അർഥങ്ങൾക്കു കുറച്ചൊക്കെ സമാനതകളുള്ളതുകൊണ്ട് അവയുടെ അർഥങ്ങളെ പൂർണമായി ഇഴപിരിച്ചെടുക്കാൻ സാധിക്കില്ല. സമാനാർഥങ്ങളുള്ള ഈ പദങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ഒട്ടും പിടിച്ചുവെക്കാതെ പൂർണമായ രീതിയിൽ ദൈവത്തോടു സ്നേഹം കാണിക്കേണ്ടതിന്റെ ആവശ്യം ഏറ്റവും ശക്തമായി ഊന്നിപ്പറയാനാണ്.
ദേഹി: അഥവാ “മുഴുവ്യക്തിയും.”—പദാവലി കാണുക.
മനസ്സ്: അതായത് ബൗദ്ധികപ്രാപ്തികൾ. ദൈവത്തെ അറിയാനും ദൈവത്തോടുള്ള സ്നേഹം വളർത്താനും ഒരാൾ തന്റെ മാനസികപ്രാപ്തികൾ ഉപയോഗിക്കണം. (യോഹ 17:3, അടിക്കുറിപ്പ്; റോമ 12:1) ഈ വാക്യം ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്. അവിടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങൾ കാണുന്നു. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ “ശക്തി” എന്നതിനു പകരം “മനസ്സ്” എന്ന പദമാണു ഗ്രീക്കിൽ കാണുന്നത്. ഇങ്ങനെ വ്യത്യസ്തമായ ഒരു പദം ഉപയോഗിച്ചതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. ഒന്നാമതായി പുരാതന എബ്രായഭാഷയിൽ “മനസ്സ്” എന്നതിനു പ്രത്യേകമായ ഒരു പദമില്ലായിരുന്നു. എങ്കിലും “മനസ്സ്” എന്ന ആശയവുംകൂടെ ഉൾക്കൊള്ളുന്ന ഒരു പദമായിരുന്നു “ഹൃദയം.” കാരണം ആലങ്കാരികാർഥത്തിൽ “ഹൃദയം” എന്ന പദത്തിന്, ചിന്തകളും വികാരങ്ങളും പ്രേരണകളും മനോഭാവവും ഉൾപ്പെടെ ഒരാളുടെ മുഴു ആന്തരികവ്യക്തിയെയും കുറിക്കാനാകുമായിരുന്നു. (ആവ 29:4; സങ്ക 26:2; 64:6; ഈ വാക്യത്തിലെ ഹൃദയം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ എബ്രായപാഠത്തിൽ “ഹൃദയം” എന്നു വരുന്നിടത്ത് ഗ്രീക്ക് സെപ്റ്റുവജിന്റ് മിക്കപ്പോഴും “മനസ്സ്” എന്നതിനുള്ള ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (ഉൽ 8:21; 17:17; സുഭ 2:10; യശ 14:13) ഇനി, ആവ 6:5-ൽനിന്ന് ഉദ്ധരിച്ചപ്പോൾ മത്തായി, “ശക്തി” എന്നതിനു പകരം “മനസ്സ്” എന്നതിനുള്ള ഗ്രീക്കുപദം ഉപയോഗിക്കാൻ മറ്റൊരു കാരണവും ഉണ്ടായിരിക്കാം. “ശക്തി” (അഥവാ, “ഓജസ്സ്,” അടിക്കുറിപ്പ്.) എന്നതിന്റെ എബ്രായപദത്തിനു ശാരീരികശക്തിയെ മാത്രമല്ല മാനസികമോ ബൗദ്ധികമോ ആയ പ്രാപ്തിയെയും കുറിക്കാനാകും എന്നതാണ് അത്. കാരണം എന്തുതന്നെയായാലും എബ്രായ, ഗ്രീക്ക് പദങ്ങൾ തമ്മിലുള്ള ഈ അർഥസമാനതകൾകൊണ്ടാകാം സുവിശേഷയെഴുത്തുകാർ ആവർത്തനത്തിൽനിന്ന് ഉദ്ധരിച്ചപ്പോൾ അതേ പദങ്ങൾതന്നെ ഉപയോഗിക്കാതിരുന്നത്.—മത്ത 22:37; ലൂക്ക 10:27 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
രണ്ടാമത്തേതും: പരീശന്റെ ചോദ്യത്തിനു യേശു നൽകിയ നേരിട്ടുള്ള ഉത്തരം മത്ത 22:37-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യേശു അതുകൊണ്ട് അവസാനിപ്പിക്കാതെ മറ്റൊരു കല്പനകൂടെ ഉദ്ധരിക്കുന്നു. (ലേവ 19:18) ഇതിലൂടെ, ആ രണ്ടു കല്പനകളും ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നെന്നും അവ മുഴുനിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരമാണെന്നും പഠിപ്പിക്കുകയായിരുന്നു യേശു.—മത്ത 22:40.
അയൽക്കാരൻ: അക്ഷ. “സമീപത്തുള്ളവൻ.” “അയൽക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അർഥം, അടുത്ത് താമസിക്കുന്ന ആൾ എന്നു മാത്രമല്ല. ഒരാൾ ഏതെല്ലാം വ്യക്തികളുമായി ഇടപെടുന്നോ അവരെല്ലാം അയാളുടെ അയൽക്കാരാണ്.—ലൂക്ക 10:29-37; റോമ 13:8-10; മത്ത 5:43-ന്റെ പഠനക്കുറിപ്പു കാണുക.
മുഴുനിയമവും പ്രവാചകവചനങ്ങളും: മത്ത 5:17-ന്റെ പഠനക്കുറിപ്പു കാണുക.
അധിഷ്ഠിതമാണ്: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “തൂങ്ങിക്കിടക്കുക” എന്നാണെങ്കിലും, ഇവിടെ അത് ഉപയോഗിച്ചിരിക്കുന്നത് “ആശ്രയിച്ചിരിക്കുന്നു; അടിസ്ഥാനപ്പെട്ടിരിക്കുന്നു” എന്നിങ്ങനെയുള്ള ആലങ്കാരികാർഥത്തിലാണ്. ഈ പദം ഉപയോഗിച്ചതിലൂടെ, പത്തു കല്പനകൾ അടങ്ങിയ നിയമം മാത്രമല്ല എബ്രായതിരുവെഴുത്തുകൾ മുഴുവനും സ്നേഹത്തിൽ അധിഷ്ഠിതമാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.—റോമ 13:9.
ക്രിസ്തു: അഥവാ “മിശിഹ.”—മത്ത 1:1; 2:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൈവാത്മാവിന്റെ പ്രചോദനത്താൽ: അക്ഷ. “ആത്മാവിൽ.” അതായത്, ദൈവാത്മാവിന്റെ സ്വാധീനത്തിലായിട്ട്.—പദാവലിയിൽ “ആത്മാവ്” കാണുക.
നിന്റെ കാൽക്കീഴ്: അതായത് നിന്റെ അധികാരത്തിൻകീഴിൽ.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന സങ്ക 110:1-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ദൃശ്യാവിഷ്കാരം
ബി.സി. 42-ലാണു തിബെര്യൊസ് ജനിച്ചത്. എ.ഡി. 14-ൽ അദ്ദേഹം റോമിലെ രണ്ടാമത്തെ ചക്രവർത്തിയായി ഭരണം ഏറ്റെടുത്തു. എ.ഡി. 37 മാർച്ച് വരെ ജീവിച്ച ഇദ്ദേഹമായിരുന്നു യേശുവിന്റെ ശുശ്രൂഷക്കാലത്തുടനീളം റോമിലെ ചക്രവർത്തി. അതുകൊണ്ട് യേശു, ‘സീസർക്കുള്ളതു സീസർക്കു കൊടുക്കുക’ എന്നു നികുതിനാണയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അധികാരത്തിലിരുന്ന സീസർ തിബെര്യൊസ് ആയിരുന്നു.—മർ 12:14-17; മത്ത 22:17-21; ലൂക്ക 20:22-25.