മത്തായി എഴുതിയത് 13:1-58
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
ഇരുന്നു: ഇതു ജൂതന്മാരായ അധ്യാപകരുടെ ഒരു രീതിയായിരുന്നു.—മത്ത 5:1, 2.
കടൽത്തീരത്ത്: ഗലീലക്കടൽത്തീരത്ത് പ്രകൃതിതന്നെ ഒരുക്കിയ, വൃത്താകൃതിയിലുള്ള നാടകശാലയോടു (ആംഫിതിയേറ്റർ) രൂപസാദൃശ്യമുള്ള ഒരു സ്ഥലമുണ്ട്. കഫർന്നഹൂമിന് അടുത്താണ് അത്. വള്ളത്തിലിരുന്ന് സംസാരിക്കുന്ന യേശുവിന്റെ ശബ്ദം ഒരു വലിയ ജനക്കൂട്ടത്തിനുപോലും നന്നായി കേൾക്കാനാകുന്ന വിധത്തിലായിരുന്നു ആ സ്ഥലത്തിന്റെ കിടപ്പ്.
ദൃഷ്ടാന്തങ്ങൾ: അഥവാ “ദൃഷ്ടാന്തകഥകൾ.” ഇതിന്റെ ഗ്രീക്കുപദമായ പരബൊളേയുടെ അക്ഷരാർഥം “അരികിൽ (ചേർത്ത്) വെക്കുക” എന്നാണ്. ഇതിന് ഒരു ദൃഷ്ടാന്തകഥയെയോ പഴമൊഴിയെയോ ദൃഷ്ടാന്തത്തെയോ അർഥമാക്കാനാകും. പലപ്പോഴും യേശു ഒരു കാര്യം വിശദീകരിച്ചിരുന്നത് അതിനെ സാമ്യമുള്ള എന്തിന്റെയെങ്കിലും ‘അരികിൽ വെച്ചുകൊണ്ട്,’ അഥവാ സാമ്യമുള്ള എന്തിനോടെങ്കിലും താരതമ്യം ചെയ്തുകൊണ്ട് ആയിരുന്നു. (മർ 4:30) ധാർമികമോ ആത്മീയമോ ആയ സത്യങ്ങൾ വേർതിരിച്ചെടുക്കാവുന്ന ഹ്രസ്വമായ ദൃഷ്ടാന്തങ്ങളാണു യേശു ഉപയോഗിച്ചത്. പലപ്പോഴും അവ സാങ്കൽപ്പികകഥകളായിരുന്നു.
പാറസ്ഥലം: ഇതു കുറിക്കുന്നത്, മണ്ണിൽ അവിടവിടെയായി പാറകൾ കാണപ്പെടുന്ന സ്ഥലങ്ങളെയല്ല, മറിച്ച് മണ്ണിന് അധികം ആഴമില്ലാത്ത, മണ്ണിന് അടിയിൽ പാറകൾ നിറഞ്ഞ സ്ഥലങ്ങളെയാണ്. സമാന്തരവിവരണമായ ലൂക്ക 8:6-ൽ ചില വിത്തുകൾ “പാറപ്പുറത്ത് വീണു” എന്നാണു പറയുന്നത്. അത്തരം സ്ഥലങ്ങളിൽ വീഴുന്ന വിത്തുകൾക്ക് ആഴത്തിൽ വേരോടില്ല. അതുകൊണ്ടുതന്നെ ആവശ്യമായ ഈർപ്പവും ലഭിക്കില്ല.
മുൾച്ചെടികൾക്കിടയിൽ: സാധ്യതയനുസരിച്ച് യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, വളർന്നുവലുതായ മുൾച്ചെടികളല്ല, മറിച്ച് ഉഴുതിട്ടിരിക്കുന്ന മണ്ണിൽനിന്ന് നീക്കം ചെയ്യാത്ത കളകളാണ്. ഇവ വളർന്ന്, പുതുതായി നട്ട വിത്തുകളെ ഞെരുക്കിക്കളയുമായിരുന്നു.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
വ്യവസ്ഥിതി: ഇതിന്റെ ഗ്രീക്കുപദമായ ഏയോൻ എന്നതിന്റെ അടിസ്ഥാനാർഥം “യുഗം” എന്നാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതിരിച്ചുകാണിക്കുന്ന പ്രത്യേകതകളെയോ സാഹചര്യങ്ങളെയോ സ്ഥിതിവിശേഷത്തെയോ ഇതിനു കുറിക്കാനാകും. ഇവിടെ ഈ പദം ഉപയോഗിച്ചിരിക്കുന്നത്, ഈ വ്യവസ്ഥിതിയിലെ ജീവിതത്തിന്റെ മുഖമുദ്രയായ ഉത്കണ്ഠകളോടും പ്രശ്നങ്ങളോടും ബന്ധപ്പെടുത്തിയാണ്.—പദാവലി കാണുക.
ഗോതമ്പിന്റെ ഇടയിൽ കളകൾ വിതച്ചു: ഇത്തരത്തിൽ ആരെയെങ്കിലും ദ്രോഹിക്കുന്നതു പണ്ടു മധ്യപൂർവദേശത്ത് ഒരു അസാധാരണകാര്യമല്ലായിരുന്നു.
കളകൾ: പുല്ലുവർഗത്തിൽപ്പെട്ട ഡാർണെൽ (ലോലിയം റ്റെമുലെന്റം) എന്ന ചെടിയായിരിക്കാം ഇതെന്നാണു പൊതുവേ കരുതപ്പെടുന്നത്. ഈ വിഷച്ചെടി കണ്ടാൽ വളർച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള ഗോതമ്പുചെടിപോലിരിക്കും.
ഗോതമ്പുംകൂടെ പിഴുതുപോരും: കളകളുടെയും ഗോതമ്പിന്റെയും വേരുകൾ അതിനോടകം കെട്ടുപിണഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കളകളെ തിരിച്ചറിയാൻ പറ്റിയാലും അവ പിഴുതുമാറ്റിയാൽ ഗോതമ്പും അവയോടൊപ്പം പോരുമായിരുന്നു.
കളകൾ പറിച്ചുകൂട്ടി: വളർച്ചയെത്തിയ ഡാർണെൽ ചെടികളെ (മത്ത 13:25-ന്റെ പഠനക്കുറിപ്പു കാണുക.) ഗോതമ്പുചെടിയിൽനിന്ന് വേർതിരിച്ചറിയാൻ എളുപ്പമായിരുന്നു.
കടുകുമണി: ഇസ്രായേലിലെങ്ങും പലതരം കടുകുചെടികൾ ധാരാളമായി കാണാം. സാധാരണയായി കൃഷി ചെയ്യുന്ന ഇനം, കറുത്ത കടുകാണ് (ബ്രാസിക്ക നൈഗ്ര). വെറും 1-1.6 മി.മീ. വ്യാസവും 1 മി.ഗ്രാം ഭാരവും ഉള്ള, താരതമ്യേന ചെറിയ ഈ വിത്തിൽനിന്ന് കാഴ്ചയ്ക്കു മരംപോലിരിക്കുന്ന ഒരു ചെടി വളരുന്നു. ചിലയിനം കടുകുചെടികൾ 4.5 മീ. (15 അടി) വരെ ഉയരത്തിൽ വളരാറുണ്ട്.
വിത്തുകളിൽവെച്ച് ഏറ്റവും ചെറുത്: ജൂതഭാഷയിലെ പുരാതനലിഖിതങ്ങളിൽ, ഒരു വസ്‌തു തീരെ ചെറുതാണെന്നു കാണിക്കാൻ ഒരു അലങ്കാരപ്രയോഗമായി കടുകുമണിയെ ഉപയോഗിച്ചിരുന്നു. ഇന്ന് അതിലും വലുപ്പം കുറഞ്ഞ വിത്തുകളെക്കുറിച്ച് നമുക്ക് അറിയാമെങ്കിലും തെളിവനുസരിച്ച് യേശുവിന്റെ കാലത്ത് ഗലീലപ്രദേശത്തെ ആളുകൾ കൃഷിചെയ്തിരുന്ന വിത്തുകളിൽ ഏറ്റവും ചെറുതായിരുന്നു ഇവ.
പുളിപ്പിക്കാൻ ഉപയോഗിക്കുന്ന മാവ്: പുളിച്ച മാവിൽനിന്ന് എടുത്തുമാറ്റിവെക്കുന്ന അല്‌പം മാവാണ് ഇത്. പിന്നീട്, പുതിയ മാവ് കുഴയ്ക്കുമ്പോൾ പുളിച്ചുപൊങ്ങാനായി ഇതും അതിൽ ചേർക്കും. അപ്പമുണ്ടാക്കുന്ന സാധാരണരീതിയെക്കുറിച്ച് പറയുകയായിരുന്നു യേശു ഇവിടെ. ‘പുളിപ്പിക്കുന്ന മാവ് ’ എന്ന പദപ്രയോഗം പലപ്പോഴും പാപത്തിന്റെയും വഷളത്തത്തിന്റെയും പ്രതീകമായി ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും (മത്ത 16:6-ന്റെ പഠനക്കുറിപ്പു കാണുക.) എപ്പോഴും ഇതിന് അത്തരത്തിൽ മോശമായൊരു അർഥമില്ല. (ലേവ 7:11-15) തെളിവനുസരിച്ച് പുളിപ്പിക്കൽപ്രക്രിയ ഇവിടെ, നല്ല ഒരു സംഗതിയുടെ വ്യാപനത്തെയാണു കുറിക്കുന്നത്.
സെയാ: ഒരു സെയാ = 7.33 ലി.—പദാവലിയും അനു. ബി14-ഉം കാണുക.
അങ്ങനെ ഈ പ്രവാചകവചനം നിറവേറി: സങ്ക 78:2-ൽനിന്നുള്ള ഉദ്ധരണിയാണ് ഇത്. ആ സങ്കീർത്തനത്തിൽ അതിന്റെ രചയിതാവ് (ഈ വാക്യത്തിൽ ‘പ്രവാചകൻ’ എന്നു വിളിച്ചിരിക്കുന്നു.) ഇസ്രായേൽ ജനതയോടു ദൈവം ഇടപെട്ടതിന്റെ നീണ്ട ചരിത്രം വർണനാത്മകമായാണു വിവരിച്ചിരിക്കുന്നത്. സമാനമായി യേശുവും, തന്റെ ശിഷ്യന്മാരെയും തന്നെ അനുഗമിച്ച ജനക്കൂട്ടങ്ങളെയും പഠിപ്പിക്കാനായി പറഞ്ഞ ധാരാളം ദൃഷ്ടാന്തങ്ങളിൽ ആലങ്കാരികഭാഷ നിർലോപം ഉപയോഗിച്ചിട്ടുണ്ട്.—മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
തുടക്കംമുതൽ: മറ്റൊരു സാധ്യത “ലോകം സ്ഥാപിച്ചതുമുതൽ.” “ലോകം” എന്നതിനുള്ള ഗ്രീക്കുപദം പ്രത്യക്ഷപ്പെടുന്ന ഈ പദപ്രയോഗമാണു ചില പുരാതന കൈയെഴുത്തുപ്രതികളിൽ കാണുന്നത്. (മത്ത 25:34-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.) എന്നാൽ മറ്റു പുരാതന കൈയെഴുത്തുപ്രതികളിൽ ഈ വാക്യത്തിൽ കാണുന്ന “തുടക്കംമുതൽ” എന്ന പദപ്രയോഗമാണുള്ളത്.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
ലോകം: മനുഷ്യസമൂഹത്തെ മുഴുവനും കുറിക്കുന്നു.
വ്യവസ്ഥിതി: അഥവാ “യുഗം.”—മത്ത 13:22; 24:3 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതി(കൾ)”; “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നിവയും കാണുക.
അവസാനകാലം: “അവസാനകാലം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സുന്റേലയ എന്ന ഗ്രീക്കുപദം മത്ത 13:40, 49; 24:3; 28:20; എബ്ര 9:26 എന്നീ വാക്യങ്ങളിലും കാണുന്നുണ്ട്.—മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.
നിയമലംഘകർ: മത്ത 24:12-ന്റെ പഠനക്കുറിപ്പു കാണുക.
നിരാശയോടെ പല്ലിറുമ്മും: മത്ത 8:12-ന്റെ പഠനക്കുറിപ്പു കാണുക.
തനിക്കുള്ളതെല്ലാം: ഒരു പുരാതന കൈയെഴുത്തുപ്രതി ഈ വാക്യത്തിൽ “എല്ലാ; എല്ലാം” എന്നതിനുള്ള പാന്റ എന്ന ഗ്രീക്കുപദം വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും ആദ്യകാലത്തെയും പിൽക്കാലത്തെയും കൈയെഴുത്തുപ്രതികൾ ആ പദം ഉൾപ്പെടുത്തുന്നതിനെ ശക്തമായി പിന്താങ്ങുന്നു.
മുത്ത്: ബൈബിൾക്കാലങ്ങളിൽ ചെങ്കടൽ, പേർഷ്യൻ കടലിടുക്ക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽനിന്നാണു മേന്മയേറിയ മുത്തുകൾ ലഭിച്ചിരുന്നത്. അതുകൊണ്ടാണ് വ്യാപാരി മുത്തു തേടി സഞ്ചരിക്കുന്നു എന്നു യേശു പറഞ്ഞത്. നീണ്ട യാത്രയും കഠിനശ്രമവും ഉൾപ്പെട്ട ഒരു ഉദ്യമമായിരുന്നു അത്.
കൊള്ളാത്തവ: ഇവ മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് അശുദ്ധമായി കണക്കാക്കിയിരുന്ന, ചിറകും ചെതുമ്പലും ഇല്ലാത്ത മീനുകളായിരിക്കാം. അത്തരം മീനുകളെ തിന്നുന്നതിനു വിലക്കുണ്ടായിരുന്നു. ഇനി അവ, അവർക്കു കിട്ടിയ ഭക്ഷ്യയോഗ്യമല്ലാത്ത മറ്റു മീനുകളുമാകാം.—ലേവ 11:9-12; ആവ 14:9, 10.
വ്യവസ്ഥിതിയുടെ അവസാനകാലം: മത്ത 13:39; 24:3 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതി(കൾ)”; “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നിവയും കാണുക.
പഠിപ്പിക്കുന്ന ഏതൊരു ശിഷ്യനും: അഥവാ “പഠിപ്പുള്ളയാൾ.” ഗ്രമ്മറ്റ്യൂസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മോശയിലൂടെ കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന ജൂതാധ്യാപകരെക്കുറിച്ച് പറയുമ്പോൾ ഈ പദം “ശാസ്‌ത്രി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവിടെ ഈ പദപ്രയോഗം മറ്റുള്ളവരെ പഠിപ്പിക്കാൻ പരിശീലനം ലഭിച്ച ക്രിസ്തുശിഷ്യരെയാണു കുറിക്കുന്നത്.
സ്വന്തം നാട്: അക്ഷ. “അപ്പന്റെ നാട്.” അതായത്, യേശു വളർന്നുവന്ന നസറെത്ത് എന്ന പട്ടണം. യേശുവിന്റെ മാതാപിതാക്കൾ അന്നാട്ടുകാരായിരുന്നു.
മരണപ്പണിക്കാരന്റെ മകൻ: “മരപ്പണിക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ടെക്‌റ്റോൻ എന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമുണ്ട്. അതിൽ എല്ലാത്തരം കൈത്തൊഴിലും കെട്ടിടനിർമാണവും ഉൾപ്പെടും. എന്നാൽ മരപ്പണിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ വീടുപണിയോടു ബന്ധപ്പെട്ട ജോലികളും, വീട്ടുപകരണങ്ങളുടെയോ തടികൊണ്ടുള്ള മറ്റു വസ്തുക്കളുടെയോ നിർമാണവും ഉൾപ്പെടാം. യേശു “മനുഷ്യരുടെ ഇടയിലായിരുന്നപ്പോൾ ഒരു മരപ്പണിക്കാരനായി കലപ്പയും നുകവും ഉണ്ടാക്കുന്ന” ജോലി ചെയ്‌തു എന്ന് എ.ഡി. 2-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജസ്റ്റിൻ മാർട്ടയർ എഴുതി. പുരാതനഭാഷകളിലെ ആദ്യകാല ബൈബിൾതർജമകളും യേശു ഒരു മരപ്പണിക്കാരനായിരുന്നു എന്ന ആശയത്തെ പിന്താങ്ങുന്നു. യേശു ‘മരപ്പണിക്കാരന്റെ മകൻ’ എന്നും ‘മരപ്പണിക്കാരൻ’ എന്നും അറിയപ്പെട്ടിരുന്നു. (മർ 6:3) തെളിവനുസരിച്ച്, യേശു മരപ്പണി പഠിച്ചതു വളർത്തച്ഛനായ യോസേഫിൽനിന്നാണ്. സാധാരണയായി ആൺകുട്ടികൾക്ക് ഏതാണ്ട് 12 അല്ലെങ്കിൽ 15 വയസ്സുള്ളപ്പോൾത്തന്നെ അത്തരം തൊഴിൽപരിശീലനം നൽകിത്തുടങ്ങിയിരുന്നു. അനേകവർഷങ്ങൾ നീളുന്ന ഒരു പരിശീലനമായിരുന്നു അത്.
സഹോദരന്മാർ: അഡെൽഫോസ് എന്ന ഗ്രീക്കുപദം ബൈബിളിൽ ആത്മീയബന്ധത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അതു യേശുവിന്റെ അർധസഹോദരന്മാരെ, യോസേഫിന്റെയും മറിയയുടെയും ഇളയ ആൺമക്കളെ, ആണ് കുറിക്കുന്നത്. യേശു ജനിച്ചശേഷവും മറിയ ഒരു കന്യകയായിത്തന്നെ തുടർന്നു എന്നു വിശ്വസിക്കുന്നവർ വാദിക്കുന്നത്, ഈ വാക്യത്തിലെ അഡെൽഫോസ് എന്ന പദം കുറിക്കുന്നതു യേശുവിന്റെ മാതാപിതാക്കളുടെ സഹോദരപുത്രന്മാരെയാണെന്നാണ്. എന്നാൽ മാതാപിതാക്കളുടെ സഹോദരീസഹോദരന്മാരുടെ പുത്രന്മാരെ കുറിക്കാൻ ഗ്രീക്കുതിരുവെഴുത്തുകളിൽ വേറൊരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (കൊലോ 4:10-ലെ അനപ്സിയോസ് എന്ന ഗ്രീക്കുപദം.) ഇനി, “പൗലോസിന്റെ പെങ്ങളുടെ മകൻ” എന്നു പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 23:16) കൂടാതെ, ലൂക്ക 21:16-ൽ അഡെൽഫോസ് (“സഹോദരങ്ങൾ”), സിജെനെസ് (“ബന്ധുക്കൾ”) എന്നീ രണ്ടു ഗ്രീക്കുപദങ്ങളുടെയും ബഹുവചനരൂപങ്ങൾ കാണുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ കുടുംബബന്ധങ്ങളെ സൂചിപ്പിക്കുന്ന പദങ്ങൾ വളരെ വിവേചനയോടെ, ശ്രദ്ധാപൂർവമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു.
യാക്കോബ്: ഇതു യേശുവിന്റെ അർധസഹോദരനായ യാക്കോബാണ്. തെളിവനുസരിച്ച് പ്രവൃ 12:17; ഗല 1:19 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന യാക്കോബും, യാക്കോബ് എന്ന ബൈബിൾപുസ്തകം എഴുതിയ വ്യക്തിയും ഇദ്ദേഹംതന്നെയാണ്.—യാക്ക 1:1.
യൂദാസ്: യേശുവിന്റെ അർധസഹോദരനായ ഇദ്ദേഹംതന്നെയാണു തെളിവനുസരിച്ച് യൂദ (ഗ്രീക്കിൽ, യിഊദാസ്) എന്ന പേരിലുള്ള ബൈബിൾപുസ്തകം എഴുതിയ യൂദ.
ദൃശ്യാവിഷ്കാരം
യേശുവിന്റെ കാലത്തിനു ശേഷം നൂറ്റാണ്ടുകൾകൊണ്ട് ഗലീലക്കടലിന്റെ രൂപത്തിനും അതിലെ ജലനിരപ്പിനും മാറ്റം സംഭവിച്ചിട്ടുണ്ട്. എങ്കിലും യേശു ഒരു വള്ളത്തിലിരുന്ന് ജനക്കൂട്ടത്തോടു സംസാരിച്ചത്, ചിത്രത്തിൽ കാണിച്ചിരിക്കുന്ന സ്ഥലത്തുവെച്ചാണെന്നു കരുതപ്പെടുന്നു. യേശുവിന്റെ ശബ്ദം ജലോപരിതലത്തിൽ തട്ടി പ്രതിധ്വനിച്ചപ്പോൾ അതിന്റെ തീവ്രത കൂടിക്കാണും.
ബൈബിൾക്കാലങ്ങളിൽ, വിത്തു വിതയ്‌ക്കാൻ പല രീതികളുണ്ടായിരുന്നു. ചില വിതക്കാർ, വിത്തു കൊണ്ടുപോകുന്ന സഞ്ചി ചുമലിൽ തൂക്കി, അരയിൽ കെട്ടിനിറുത്തുമായിരുന്നു. എന്നാൽ മറ്റു ചിലർ അവരുടെ പുറങ്കുപ്പായത്തിന്റെ ഒരു ഭാഗം സഞ്ചിപോലെയാക്കി അതിലാണു വിത്തു കൊണ്ടുപോയിരുന്നത്. എന്നിട്ട് അവർ ആ വിത്തു നല്ലതുപോലെ വീശി എറിയും. വയലുകളുടെ ഇടയിലുള്ള നടപ്പാതകളിലെ മണ്ണു നല്ലവണ്ണം തറഞ്ഞുകിടന്നിരുന്നതുകൊണ്ട് വിത്തു വീഴുന്നതു നല്ല മണ്ണിൽത്തന്നെയാണെന്നു വിതക്കാരൻ ഉറപ്പുവരുത്തണമായിരുന്നു. പക്ഷികൾ വിത്തു കൊത്തിക്കൊണ്ടുപോകാതിരിക്കാൻ എത്രയും പെട്ടെന്ന് അതു മണ്ണ് ഇട്ട് മൂടിയിരുന്നു.
ബൈബിൾക്കാലങ്ങളിൽ ചിലപ്പോഴൊക്കെ കൊയ്ത്തുകാർ ധാന്യക്കതിരുകൾ ചെടിയോടെ പിഴുതെടുക്കാറുണ്ടായിരുന്നു. എങ്കിലും ധാന്യക്കതിരുകൾ അരിവാൾകൊണ്ട് അരിഞ്ഞെടുക്കുന്നതായിരുന്നു സാധാരണരീതി. (ആവ 16:9; മർ 4:29) വിളഞ്ഞുകിടക്കുന്ന ധാന്യം കൊയ്യുന്നതു പൊതുവേ പലർ ചേർന്ന് ചെയ്യുന്ന പണിയായിരുന്നു. (രൂത്ത് 2:3; 2രാജ 4:18) ശലോമോൻ രാജാവ്, ഹോശേയ പ്രവാചകൻ, പൗലോസ് അപ്പോസ്തലൻ എന്നിങ്ങനെ ധാരാളം ബൈബിളെഴുത്തുകാർ പ്രാധാന്യമേറിയ സത്യങ്ങൾ പഠിപ്പിക്കാൻ കൊയ്ത്തിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചിട്ടുണ്ട്. (സുഭ 22:8; ഹോശ 8:7; ഗല 6:7-9) ശിഷ്യരാക്കൽവേലയിൽ തന്റെ ശിഷ്യന്മാർക്കും ദൂതന്മാർക്കും ഉള്ള പങ്കിനെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവും, ആളുകൾക്കു സുപരിചിതമായ ഈ തൊഴിൽ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചു.—മത്ത 13:24-30, 39; യോഹ 4:35-38.
ഇസ്രായേലിൽ പണ്ട് അങ്ങോളമിങ്ങോളം സംഭരണശാലകളുണ്ടായിരുന്നു. മെതിച്ചെടുത്ത ധാന്യം സൂക്ഷിച്ചിരുന്നത് അവയിലാണ്. എണ്ണയും വീഞ്ഞും, ചിലപ്പോഴൊക്കെ അമൂല്യലോഹങ്ങളും രത്നങ്ങളും പോലും അവയിൽ സൂക്ഷിച്ചിരുന്നു.
തെളിവനുസരിച്ച്, ഗലീലപ്രദേശത്തെ ആളുകൾ കൃഷിചെയ്തിരുന്ന വിത്തുകളിൽ ഏറ്റവും ചെറുതായിരുന്നു കടുകുമണി. ജൂതഭാഷയിലെ പുരാതനലിഖിതങ്ങളിൽ, ഒരു വസ്‌തു തീരെ ചെറുതാണെന്നു കാണിക്കാൻ ഒരു അലങ്കാരപ്രയോഗമായി കടുകുമണിയെ ഉപയോഗിച്ചിരുന്നു.
സാധ്യതയനുസരിച്ച് യേശുവിന്റെ കാലത്ത് ഇത്തരം വലകൾ ഉണ്ടാക്കിയിരുന്നതു ഫ്ളാക്സ് ചെടികളുടെ നാരുകൊണ്ടാണ്. ഇത്തരം ഒരു വലയ്‌ക്ക് 300 മീ. (ഏതാണ്ട് 1,000 അടി) നീളമുണ്ടായിരുന്നിരിക്കാം എന്നാണു ചിലർ അഭിപ്രായപ്പെടുന്നത്. വലയുടെ താഴത്തെ വിളുമ്പിൽ ഭാരക്കട്ടികളും മുകളിലത്തെ വിളുമ്പിൽ പൊങ്ങിക്കിടക്കുന്ന വസ്തുക്കളും പിടിപ്പിച്ചിരുന്നത്രേ. മീൻപിടുത്തക്കാർ വള്ളത്തിൽ പോയാണ് ഇത്തരം വലകൾ ഇറക്കിയിരുന്നത്. ചിലപ്പോഴൊക്കെ വലയുടെ രണ്ട് അറ്റത്തുമുള്ള നീണ്ട കയറുകൾ അവർ തീരത്ത് നിൽക്കുന്നവരുടെ കൈയിൽ കൊണ്ടുവന്ന് കൊടുക്കുകയും പലർ ചേർന്ന് ആ വല പതിയെ കരയിലേക്കു വലിച്ചുകയറ്റുകയും ചെയ്യുമായിരുന്നു. വല പോരുന്ന വഴിയിലുള്ളതെല്ലാം അതിൽ കുടുങ്ങും.