പുറപ്പാട് 7:1-25
7 യഹോവ പിന്നെ മോശയോടു പറഞ്ഞു: “ഇതാ! ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു.* നിന്റെ സഹോദരനായ അഹരോനെ നിനക്കു പ്രവാചകനും.+
2 ഞാൻ നിന്നോടു കല്പിക്കുന്നതെല്ലാം നീ അഹരോനോടു പറയണം. നിന്റെ സഹോദരനായ അഹരോൻ ഫറവോനോടു സംസാരിക്കും. ഫറവോൻ തന്റെ ദേശത്തുനിന്ന് ഇസ്രായേല്യരെ വിട്ടയയ്ക്കുകയും ചെയ്യും.
3 എന്നാൽ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ ഈജിപ്ത് ദേശത്ത് എന്റെ അടയാളങ്ങളും അത്ഭുതങ്ങളും+ ഞാൻ പല മടങ്ങു വർധിപ്പിക്കുകയും ചെയ്യും.
4 പക്ഷേ ഫറവോൻ നിങ്ങൾ പറയുന്നതു കേൾക്കില്ല. ഞാൻ ഈജിപ്തിന്മേൽ കൈവെച്ച് മഹാന്യായവിധികളോടെ ആ ദേശത്തുനിന്ന് എന്റെ വലിയ ജനസമൂഹത്തെ,* എന്റെ ജനമായ ഇസ്രായേല്യരെ, വിടുവിച്ച് കൊണ്ടുവരും.+
5 ഞാൻ ഈജിപ്തിന് എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനിന്ന് ഇസ്രായേല്യരെ വിടുവിച്ച് കൊണ്ടുവരുമ്പോൾ ഞാൻ യഹോവയാണെന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+
6 മോശയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെതന്നെ ചെയ്തു.
7 ഫറവോനോടു സംസാരിച്ചപ്പോൾ മോശയ്ക്ക് 80 വയസ്സും+ അഹരോന് 83 വയസ്സും ഉണ്ടായിരുന്നു.
8 യഹോവ മോശയോടും അഹരോനോടും പറഞ്ഞു:
9 “ഫറവോൻ നിങ്ങളോട്, ‘ഒരു അത്ഭുതം കാണിക്കൂ’ എന്നു പറഞ്ഞാൽ, ‘വടി എടുത്ത് ഫറവോന്റെ മുന്നിൽ നിലത്ത് ഇടൂ’ എന്നു നീ അഹരോനോടു പറയണം. അതു വലിയൊരു പാമ്പായിത്തീരും.”+
10 അങ്ങനെ, മോശയും അഹരോനും ഫറവോന്റെ അടുത്ത് ചെന്ന് യഹോവ കല്പിച്ചതുപോലെതന്നെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും ദാസന്മാരുടെയും മുമ്പാകെ നിലത്ത് ഇട്ടു. അതു വലിയൊരു പാമ്പായിത്തീർന്നു.
11 എന്നാൽ ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും* വിളിച്ചുവരുത്തി. ഈജിപ്തിലെ മന്ത്രവാദികളും+ അവരുടെ മാന്ത്രികവിദ്യയാൽ അതുതന്നെ ചെയ്തു.+
12 അവർ ഓരോരുത്തരും അവരുടെ വടി താഴെ ഇട്ടു. അവയും വലിയ പാമ്പുകളായിത്തീർന്നു. പക്ഷേ, അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13 എന്നിട്ടും, ഫറവോൻ അവർക്കു ചെവി കൊടുത്തില്ല, ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു.+ അങ്ങനെ, യഹോവ പറഞ്ഞതുതന്നെ സംഭവിച്ചു.
14 പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ ഹൃദയത്തിന് ഒരു കുലുക്കവുമില്ല.+ ജനത്തെ വിട്ടയയ്ക്കാൻ അവൻ സമ്മതിക്കുന്നില്ല.
15 രാവിലെ ഫറവോന്റെ അടുത്ത് ചെല്ലുക. അതാ, അവൻ വെള്ളത്തിന്റെ അടുത്തേക്കു പോകുന്നു! നീ നൈൽ നദിയുടെ തീരത്ത് അവനെ കാത്തുനിൽക്കണം. സർപ്പമായിത്തീർന്ന വടിയും+ നീ കൈയിലെടുക്കണം.
16 നീ അവനോട് ഇങ്ങനെ പറയണം: ‘എബ്രായരുടെ ദൈവമായ യഹോവയാണ്+ എന്നെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. ദൈവം ഇങ്ങനെ പറയുന്നു: “വിജനഭൂമിയിൽ ചെന്ന് എന്നെ സേവിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.” എന്നാൽ ഫറവോൻ ഇതുവരെ അനുസരിച്ചിട്ടില്ല.
17 ഇപ്പോൾ യഹോവ പറയുന്നത് ഇതാണ്: “ഞാൻ യഹോവയെന്ന് ഇങ്ങനെ നീ അറിയും.+ ഇതാ, എന്റെ കൈയിലിരിക്കുന്ന വടികൊണ്ട് ഞാൻ നൈൽ നദിയിലെ വെള്ളത്തിൽ അടിക്കുന്നു. അതു രക്തമായി മാറും.
18 നൈലിലെ മത്സ്യങ്ങൾ ചാകും, നൈൽ നാറും. ഈജിപ്തുകാർക്കു നൈലിൽനിന്ന് വെള്ളം കുടിക്കാൻ കഴിയാതെവരും.”’”
19 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “അഹരോനോടു പറയുക: ‘നിന്റെ വടി എടുത്ത് ഈജിപ്തിലെ വെള്ളത്തിനു മീതെ, അവിടത്തെ നദികളുടെയും കനാലുകളുടെയും* ചതുപ്പുനിലങ്ങളുടെയും+ എല്ലാ ജലസംഭരണികളുടെയും മീതെ, നീട്ടുക.+ അങ്ങനെ അവയെല്ലാം രക്തമായിത്തീരട്ടെ.’ ഈജിപ്ത് ദേശം മുഴുവൻ, മരപ്പാത്രങ്ങളിലും കൽപ്പാത്രങ്ങളിലും പോലും, രക്തമായിരിക്കും.”
20 ഉടനെ മോശയും അഹരോനും യഹോവ കല്പിച്ചതുപോലെതന്നെ ചെയ്തു. ഫറവോന്റെയും ദാസരുടെയും കൺമുന്നിൽവെച്ച് അഹരോൻ വടി ഉയർത്തി നൈൽ നദിയിലെ വെള്ളത്തിൽ അടിച്ചു. നൈലിലുണ്ടായിരുന്ന വെള്ളം മുഴുവനും രക്തമായി മാറി.+
21 നദിയിലെ മത്സ്യങ്ങൾ ചത്തൊടുങ്ങി;+ നദി നാറാൻതുടങ്ങി. ഈജിപ്തുകാർക്കു നൈലിൽനിന്ന് വെള്ളം കുടിക്കാൻ കഴിയാതെയായി.+ ഈജിപ്ത് ദേശത്ത് എല്ലായിടത്തും രക്തമായിരുന്നു.
22 എന്നാൽ ഈജിപ്തിലെ മന്ത്രവാദികളും+ അവരുടെ ഗൂഢവിദ്യയാൽ അതുതന്നെ ചെയ്തു. അതുകൊണ്ട് യഹോവ പറഞ്ഞതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തന്നെയിരുന്നു. ഫറവോൻ അവർ പറഞ്ഞതു കേട്ടില്ല.+
23 ഇത് ഒട്ടും കാര്യമാക്കിയതുമില്ല. പിന്നെ ഫറവോൻ കൊട്ടാരത്തിലേക്കു മടങ്ങി.
24 നൈലിലെ വെള്ളം കുടിക്കാൻ ഒട്ടും കൊള്ളില്ലായിരുന്നതുകൊണ്ട് ഈജിപ്തുകാരെല്ലാം കുടിവെള്ളത്തിനായി നൈലിനു ചുറ്റും കുഴി കുഴിച്ചുതുടങ്ങി.
25 അങ്ങനെ, യഹോവ നൈലിനെ അടിച്ചിട്ട് ഏഴു ദിവസം കടന്നുപോയി.
അടിക്കുറിപ്പുകള്
^ അതായത്, ഫറവോന്റെ മേൽ അധികാരം നൽകുന്നു.
^ അക്ഷ. “സൈന്യങ്ങളെ.”
^ അതായത്, നൈലിൽനിന്നുള്ള തോടുകൾ.