പുറപ്പാട് 13:1-22
13 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു:
2 “ഇസ്രായേല്യരുടെ ഇടയിലുള്ള മൂത്ത ആൺമക്കളെയെല്ലാം എനിക്കുവേണ്ടി വിശുദ്ധീകരിക്കുക.* മനുഷ്യനും മൃഗത്തിനും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കുള്ളതാണ്.”+
3 പിന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ അടിമത്തത്തിന്റെ വീടായ ഈജിപ്തിൽനിന്ന് പുറത്ത് പോന്ന ഈ ദിവസം ഓർമിക്കണം.+ കാരണം ബലമുള്ള കൈകൊണ്ട് യഹോവ നിങ്ങളെ അവിടെനിന്ന് വിടുവിച്ച് കൊണ്ടുപോന്നതാണല്ലോ.+ അതുകൊണ്ട് പുളിപ്പിച്ചതൊന്നും തിന്നരുത്.
4 ആബീബ്* മാസത്തിലെ ഈ ദിവസമാണു നിങ്ങൾ ഈജിപ്ത് വിട്ട് പോരുന്നത്.+
5 യഹോവ നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോടു സത്യം ചെയ്ത ദേശമായ+ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്ക്,+ കനാന്യരുടെയും ഹിത്യരുടെയും അമോര്യരുടെയും ഹിവ്യരുടെയും യബൂസ്യരുടെയും+ ദേശത്തേക്ക്, ദൈവം നിങ്ങളെ കൊണ്ടുചെന്നുകഴിഞ്ഞ് ഇതേ മാസം നിങ്ങൾ ഇത് ആചരിക്കണം.
6 ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ ഏഴാം ദിവസമോ യഹോവയ്ക്ക് ഒരു ഉത്സവമുണ്ടായിരിക്കും.
7 പുളിപ്പില്ലാത്ത അപ്പമായിരിക്കണം ഏഴു ദിവസവും കഴിക്കേണ്ടത്.+ പുളിപ്പിച്ചതൊന്നും നിങ്ങളുടെ കൈവശം കാണരുത്.+ നിങ്ങളുടെ കൈവശം, നിങ്ങളുടെ പ്രദേശത്ത്* ഒരിടത്തും, പുളിച്ച മാവ് അൽപ്പംപോലും കാണരുത്.
8 അന്നേ ദിവസം നീ നിന്റെ മകനോട്, ‘ഞാൻ ഇതു ചെയ്യുന്നത് ഈജിപ്തിൽനിന്ന് പോന്നപ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമയ്ക്കാണ്’ എന്നു പറയണം.+
9 യഹോവയുടെ നിയമം നിന്റെ വായിലുണ്ടായിരിക്കാൻ ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നെറ്റിയിൽ* ഒരു സ്മാരകമായും* ഇരിക്കും.+ ബലമുള്ള കൈയാൽ യഹോവ നിന്നെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നല്ലോ.
10 ഈ നിയമത്തിനു ചേർച്ചയിൽ, ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയത്ത് വർഷംതോറും നീ ഇത് ആചരിക്കണം.+
11 “യഹോവ നിനക്കു നൽകുമെന്നു നിന്നോടും നിന്റെ പൂർവികരോടും സത്യം ചെയ്ത കനാന്യരുടെ നാട്ടിലേക്കു ദൈവം നിന്നെ കൊണ്ടുവരുമ്പോൾ,+
12 എല്ലാ മൂത്ത ആൺമക്കളെയും നീ സമ്പാദിക്കുന്ന മൃഗങ്ങളുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്ക്കു സമർപ്പിക്കണം. ആണെല്ലാം യഹോവയ്ക്കുള്ളതാണ്.+
13 കഴുതയുടെ ഓരോ കടിഞ്ഞൂലിനെയും ഒരു ആടിനെ പകരം കൊടുത്ത് വീണ്ടെടുക്കണം. എന്നാൽ അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിക്കണം. നിന്റെ ആൺമക്കളിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കണം.+
14 “നിന്റെ മകൻ പിൽക്കാലത്ത്, ‘ഇതിന്റെ അർഥം എന്താണ്’ എന്നു ചോദിച്ചാൽ നീ അവനോടു പറയണം: ‘അടിമത്തത്തിന്റെ വീടായ ഈജിപ്തിൽനിന്ന് ബലമുള്ള കൈകൊണ്ട് യഹോവ നമ്മളെ വിടുവിച്ച് കൊണ്ടുവന്നു.+
15 നമ്മളെ വിട്ടയയ്ക്കാൻ ഫറവോൻ ശാഠ്യപൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യന്റെ ആദ്യജാതൻമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെ ഈജിപ്ത് ദേശത്തെ എല്ലാ ആദ്യജാതന്മാരെയും യഹോവ സംഹരിച്ചു.+ അതുകൊണ്ടാണ് നമ്മുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്ക്കു ബലി അർപ്പിക്കുകയും നമ്മുടെ പുത്രന്മാരിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കുകയും ചെയ്യുന്നത്.’
16 ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നിന്റെ നെറ്റിയിൽ* ഒരു പട്ടയായും ഇരിക്കണം.+ ബലമുള്ള കൈകൊണ്ട് യഹോവ നമ്മളെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവന്നല്ലോ.”
17 ഫറവോൻ ജനത്തെ വിട്ടപ്പോൾ, ഫെലിസ്ത്യരുടെ നാട്ടിലൂടെ ഒരു എളുപ്പവഴിയുണ്ടായിരുന്നിട്ടും ദൈവം അവരെ ആ വഴിക്കു നയിച്ചില്ല. കാരണം, “ഒരു യുദ്ധമുണ്ടായാൽ അതു കണ്ട് ജനം മനസ്സുമാറ്റി ഈജിപ്തിലേക്കു തിരിച്ചുപോയേക്കാം” എന്നു ദൈവം പറഞ്ഞു.
18 അതുകൊണ്ട് ജനം ചെങ്കടലിന് അടുത്തുള്ള വിജനഭൂമിവഴി ചുറ്റിവളഞ്ഞ് പോകാൻ ദൈവം ഇടയാക്കി.+ സൈനികഗണങ്ങളെപ്പോലെ ക്രമീകൃതമായിട്ടാണ് ഇസ്രായേല്യർ ഈജിപ്ത് ദേശം വിട്ട് പോയത്.
19 മോശ യോസേഫിന്റെ അസ്ഥികളും കൊണ്ടുപോയി. കാരണം, “ദൈവം നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കാതിരിക്കില്ല; നിങ്ങൾ ഇവിടെനിന്ന് പോകുമ്പോൾ എന്റെ അസ്ഥികളും കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേൽമക്കളെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.+
20 അവർ സുക്കോത്തിൽനിന്ന് പുറപ്പെട്ട് വിജനഭൂമിയുടെ ഓരം ചേർന്ന് ഏഥാമിൽ കൂടാരം അടിച്ചു.
21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+
22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “ഉഴിഞ്ഞുവെക്കുക.”
^ അക്ഷ. “അതിർത്തികൾക്കുള്ളിൽ.”
^ അഥവാ “ഓർമിപ്പിക്കലായും.”
^ അക്ഷ. “കണ്ണുകൾക്കു മധ്യേ.”
^ അക്ഷ. “കണ്ണുകൾക്കു മധ്യേ.”