എസ്ര 5:1-17
5 പിന്നെ, പ്രവാചകന്മാരായ ഹഗ്ഗായിയും+ ഇദ്ദൊയുടെ+ കൊച്ചുമകൻ സെഖര്യയും+ യഹൂദയിലും യരുശലേമിലും ഉള്ള ജൂതന്മാരോട്, അവരുടെകൂടെയുണ്ടായിരുന്ന ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു.
2 അക്കാലത്താണു ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും+ യഹോസാദാക്കിന്റെ മകൻ യേശുവയും+ യരുശലേമിലുള്ള ദൈവഭവനത്തിന്റെ പണി വീണ്ടും തുടങ്ങിയത്.+ അവരെ പിന്തുണച്ചുകൊണ്ട് ദൈവത്തിന്റെ പ്രവാചകന്മാരും അവരോടൊപ്പമുണ്ടായിരുന്നു.+
3 അപ്പോൾ അക്കരപ്രദേശത്തിന്റെ* ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും സഹപ്രവർത്തകരും വന്ന് അവരോടു ചോദിച്ചു: “ഈ ഭവനം പണിയാനും ഇതു പൂർത്തിയാക്കാനും ആരാണു നിങ്ങൾക്ക് അനുമതി തന്നത്?”
4 പിന്നെ അവർ ചോദിച്ചു: “ആരെല്ലാം ചേർന്നാണ് ഈ കെട്ടിടം പണിയുന്നത്? അവരുടെ പേരുകൾ പറയൂ.”
5 എന്നാൽ ദൈവത്തിന്റെ പിന്തുണ ജൂതന്മാരുടെ മൂപ്പന്മാർക്കുണ്ടായിരുന്നതുകൊണ്ട്*+ അന്വേഷണറിപ്പോർട്ട് ദാര്യാവേശിനു സമർപ്പിച്ച് അതിന് ഔദ്യോഗികമായ ഒരു മറുപടി ലഭിക്കുന്നതുവരെ തത്നായിയും കൂട്ടരും അവരുടെ പണി നിറുത്തിച്ചില്ല.
6 അക്കരപ്രദേശത്തിന്റെ ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും അക്കരപ്രദേശത്തിന്റെ ഉപഗവർണർമാരായ അയാളുടെ സഹപ്രവർത്തകരും ചേർന്ന് ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പാണ് ഇത്.
7 അവർ ഇതു ദാര്യാവേശിന് അയച്ചുകൊടുത്തു. ഇങ്ങനെയാണ് അവർ എഴുതിയത്:
“ദാര്യാവേശ് രാജാവിന്,
“അങ്ങയ്ക്കു സമാധാനം!
8 പ്രഭോ, ഞങ്ങൾ യഹൂദാസംസ്ഥാനത്തിൽ ആ മഹാദൈവത്തിന്റെ ഭവനത്തിൽ പോയിരുന്നു. അവർ വലിയ കല്ലുകൾ ഉരുട്ടിക്കയറ്റി ആ ഭവനം നിർമിക്കുന്നു, ചുവരുകളിൽ തടികൾ വെച്ച് പണിയുന്നു. ആളുകൾ ഉത്സാഹത്തോടെ പണിയെടുക്കുന്നതുകൊണ്ട് നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
9 ഞങ്ങൾ അവരുടെ മൂപ്പന്മാരോട്, ‘ഈ ഭവനം പണിയാനും ഇതു പൂർത്തിയാക്കാനും ആരാണു നിങ്ങൾക്ക് അനുമതി തന്നത്’ എന്നു ചോദിച്ചു.+
10 പണിക്കു നേതൃത്വമെടുക്കുന്നവരുടെ പേരുകൾ അങ്ങയെ എഴുതി അറിയിക്കാനായി ഞങ്ങൾ അതും അവരോടു ചോദിച്ചു.
11 “ഇതാണ് അവർ പറഞ്ഞ മറുപടി: ‘സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. മഹാനായ ഒരു ഇസ്രായേൽരാജാവ് വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച ഒരു ഭവനമാണു ഞങ്ങൾ ഇപ്പോൾ പുനർനിർമിക്കുന്നത്.+
12 എന്നാൽ ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്+ ദൈവം അവരെ ബാബിലോൺരാജാവിന്റെ, കൽദയനായ നെബൂഖദ്നേസറിന്റെ,+ കൈയിൽ ഏൽപ്പിച്ചു. നെബൂഖദ്നേസർ ഈ ഭവനം തകർത്ത് തരിപ്പണമാക്കി+ ജനത്തെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി.+
13 പക്ഷേ ബാബിലോൺരാജാവായ കോരെശിന്റെ ഒന്നാം വർഷം കോരെശ് ഈ ദൈവഭവനം പുതുക്കിപ്പണിയാൻ ഉത്തരവിട്ടു.+
14 മാത്രമല്ല നെബൂഖദ്നേസർ യരുശലേമിലെ ദേവാലയത്തിൽനിന്ന് എടുത്ത് ബാബിലോണിലെ ആലയത്തിലേക്കു കൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കോരെശ് അവിടെനിന്ന് പുറത്ത് എടുപ്പിച്ചു.+ എന്നിട്ട്, കോരെശ് രാജാവ് ഗവർണറായി നിയമിച്ച ശേശ്ബസ്സരിന്റെ*+ കൈയിൽ അത് ഏൽപ്പിച്ചു.+
15 കോരെശ് ശേശ്ബസ്സരിനോടു പറഞ്ഞു: “ഈ പാത്രങ്ങൾ കൊണ്ടുപോയി യരുശലേമിലെ ദേവാലയത്തിൽ വെക്കുക; ദൈവത്തിന്റെ ഭവനം അത് ഇരുന്ന സ്ഥലത്തുതന്നെ വീണ്ടും പണിയുകയും വേണം.”+
16 അങ്ങനെ ശേശ്ബസ്സർ വന്ന് യരുശലേമിലുള്ള ദൈവഭവനത്തിന് അടിസ്ഥാനമിട്ടു.+ അന്നുമുതൽ ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്; ഇതുവരെ പൂർത്തിയായിട്ടില്ല.’+
17 “അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നെങ്കിൽ, യരുശലേമിലുള്ള ദൈവഭവനം പുതുക്കിപ്പണിയാൻ കോരെശ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നു ബാബിലോണിലെ ഖജനാവിൽ* ഒരു അന്വേഷണം നടത്തിയാലും.+ എന്നിട്ട് അതു സംബന്ധിച്ച അങ്ങയുടെ തീരുമാനം ഞങ്ങളെ അറിയിച്ചാലും.”
അടിക്കുറിപ്പുകള്
^ അതായത്, യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള പ്രദേശം.
^ അക്ഷ. “അവരുടെ ദൈവത്തിന്റെ കണ്ണുകൾ ജൂതന്മാരുടെ മൂപ്പന്മാരുടെ മേലുണ്ടായിരുന്നതുകൊണ്ട്.” പദാവലിയിൽ “മൂപ്പൻ” കാണുക.
^ അഥവാ “ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്.”