എസ്ര 3:1-13
3 ഏഴാം മാസമായപ്പോൾ+ ഇസ്രായേല്യരെല്ലാം അവരവരുടെ നഗരങ്ങളിൽനിന്ന് ഏകമനസ്സോടെ യരുശലേമിൽ കൂടിവന്നു.
2 ദൈവപുരുഷനായ മോശയുടെ നിയമത്തിൽ* എഴുതിയിരിക്കുന്നതനുസരിച്ച് ദഹനബലികൾ അർപ്പിക്കാനായി,+ യഹോസാദാക്കിന്റെ മകൻ യേശുവയും+ സഹപുരോഹിതന്മാരും ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ സഹോദരന്മാരും ചേർന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ യാഗപീഠം പണിതു.
3 ചുറ്റുമുള്ള ദേശങ്ങളിലെ ആളുകളെ പേടിയുണ്ടായിരുന്നെങ്കിലും അവർ യാഗപീഠം അതു മുമ്പുണ്ടായിരുന്ന സ്ഥാനത്തുതന്നെ സ്ഥാപിച്ചു.+ എന്നിട്ട് അതിൽ രാവിലെയും വൈകുന്നേരവും യഹോവയ്ക്ക് അർപ്പിക്കേണ്ട ദഹനബലികൾ അർപ്പിച്ചുതുടങ്ങി.+
4 അതിനു ശേഷം, എഴുതിയിരിക്കുന്നതുപോലെതന്നെ അവർ കൂടാരോത്സവം* ആഘോഷിച്ചു.+ ഓരോ ദിവസവും അർപ്പിക്കേണ്ടിയിരുന്നത്രയും+ ദഹനബലികൾ അവർ കൃത്യമായി അർപ്പിച്ചു.
5 പിന്നെ പതിവുദഹനയാഗവും+ അമാവാസികളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയുടെ വിശുദ്ധമായ ഉത്സവകാലങ്ങളിൽ+ അർപ്പിക്കേണ്ട യാഗങ്ങളും യഹോവയ്ക്കു ജനം സ്വമനസ്സാലെ കൊണ്ടുവന്ന കാഴ്ചകളും+ അർപ്പിച്ചു.
6 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടിരുന്നില്ലെങ്കിലും ഏഴാം മാസം ഒന്നാം ദിവസംമുതൽ+ അവർ യഹോവയ്ക്കു ദഹനബലികൾ അർപ്പിച്ചുതുടങ്ങി.
7 അവർ കല്ലുവെട്ടുകാർക്കും+ ശില്പികൾക്കും+ പണം കൊടുത്തു. കൂടാതെ പേർഷ്യൻ രാജാവായ കോരെശ്+ അനുമതി നൽകിയിരുന്നതനുസരിച്ച് ലബാനോനിൽനിന്ന് കടൽമാർഗം യോപ്പയിലേക്കു+ ദേവദാരുത്തടി കൊണ്ടുവരുന്നതിന് അവർ സീദോന്യർക്കും സോർദേശക്കാർക്കും ഭക്ഷണപാനീയങ്ങളും എണ്ണയും കൊടുത്തു.
8 അവർ യരുശലേമിലെ ദൈവഭവനത്തിൽ എത്തിയതിന്റെ രണ്ടാം വർഷം രണ്ടാം മാസം ശെയൽതീയേലിന്റെ മകൻ സെരുബ്ബാബേലും യഹോസാദാക്കിന്റെ മകൻ യേശുവയും അവരുടെ മറ്റു സഹോദരന്മാരും, അതായത് പുരോഹിതന്മാരും ലേവ്യരും അടിമത്തത്തിൽനിന്ന് മോചിതരായി യരുശലേമിൽ എത്തിയ എല്ലാവരും,+ ചേർന്ന് നിർമാണം തുടങ്ങി. 20 വയസ്സും അതിനു മുകളിലും പ്രായമുള്ള ലേവ്യരെ അവർ യഹോവയുടെ ഭവനത്തിന്റെ നിർമാണത്തിനു മേൽനോട്ടക്കാരായി നിയമിച്ചു.
9 അങ്ങനെ യേശുവയും ആൺമക്കളും യേശുവയുടെ സഹോദരന്മാരും യഹൂദയുടെ മക്കളായ കദ്മിയേലും ആൺമക്കളും ചേർന്ന് ദൈവഭവനത്തിന്റെ പണികൾ ചെയ്തിരുന്നവർക്കു മേൽനോട്ടം വഹിച്ചു. ലേവ്യരായ ഹെനാദാദിന്റെ ആൺമക്കളും+ അവരുടെ ആൺമക്കളും അവരുടെ സഹോദരന്മാരും അവരോടൊപ്പമുണ്ടായിരുന്നു.
10 പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട+ സമയത്ത്, ഇസ്രായേൽരാജാവായ ദാവീദ് നിർദേശിച്ചിരുന്നതുപോലെ യഹോവയെ സ്തുതിക്കാൻ, ഔദ്യോഗികവസ്ത്രം അണിഞ്ഞ പുരോഹിതന്മാർ കാഹളങ്ങളുമായും+ ആസാഫിന്റെ വംശത്തിൽപ്പെട്ട ലേവ്യർ ഇലത്താളങ്ങളുമായും മുന്നോട്ടു വന്നു.+
11 “ദൈവം നല്ലവനല്ലോ; ഇസ്രായേലിനോടുള്ള ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്”+ എന്നു പാടുകയും ഏറ്റുപാടുകയും+ ചെയ്തുകൊണ്ട് അവർ ദൈവമായ യഹോവയെ സ്തുതിച്ച് ദൈവത്തിനു നന്ദി പറഞ്ഞു. യഹോവയുടെ ഭവനത്തിന് അടിസ്ഥാനമിട്ടതുകൊണ്ട് ജനം മുഴുവൻ ഉച്ചത്തിൽ ആർത്തുവിളിച്ച് യഹോവയെ സ്തുതിച്ചു.
12 ഭവനത്തിന് അടിസ്ഥാനമിടുന്നതു കണ്ടപ്പോൾ, മുമ്പുണ്ടായിരുന്ന ഭവനം+ കണ്ടിട്ടുള്ള വൃദ്ധരായ പല പുരോഹിതന്മാരും ലേവ്യരും പിതൃഭവനത്തലവന്മാരും ഉറക്കെ കരഞ്ഞു. എന്നാൽ മറ്റു പലരും ആ സമയത്ത് സന്തോഷിച്ച് ആർത്തുവിളിച്ചു.+
13 അതുകൊണ്ട് കരച്ചിലിന്റെ സ്വരവും ആർത്തുവിളിക്കുന്നതിന്റെ സ്വരവും വേർതിരിച്ചറിയാൻ ജനത്തിനു കഴിഞ്ഞില്ല. അങ്ങു ദൂരെവരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തിലാണു ജനം ആർത്തുവിളിച്ചത്.