എബ്രായർക്ക് എഴുതിയ കത്ത് 9:1-28
9 ആദ്യത്തെ ഉടമ്പടിയിൽ വിശുദ്ധസേവനത്തോടു ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകളുണ്ടായിരുന്നു. ഉടമ്പടിയുടെ ഭാഗമായി ഭൂമിയിൽ ഒരു വിശുദ്ധമന്ദിരവുമുണ്ടായിരുന്നു.+
2 വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്.* ആദ്യത്തെ ഭാഗത്ത് തണ്ടുവിളക്കും+ മേശയും കാഴ്ചയപ്പവും+ വെച്ചിരുന്നു. ആ ഭാഗത്തിനു വിശുദ്ധസ്ഥലം+ എന്നാണു പേര്.
3 രണ്ടാം തിരശ്ശീലയ്ക്കു+ പിന്നിലായിരുന്നു അതിവിശുദ്ധം+ എന്ന് അറിയപ്പെട്ടിരുന്ന ഭാഗം.
4 അവിടെ, സുഗന്ധക്കൂട്ടു കത്തിക്കുന്ന സ്വർണപാത്രവും+ മുഴുവനായി സ്വർണം പൊതിഞ്ഞ+ ഉടമ്പടിപ്പെട്ടകവും+ ഉണ്ടായിരുന്നു. ഉടമ്പടിപ്പെട്ടകത്തിനുള്ളിൽ മന്ന+ വെച്ചിരുന്ന സ്വർണഭരണിയും അഹരോന്റെ തളിർത്ത വടിയും+ ഉടമ്പടിയുടെ കൽപ്പലകകളും+ ആണുണ്ടായിരുന്നത്.
5 പെട്ടകത്തിനു മീതെ, അതിന്റെ മൂടിയിന്മേൽ* നിഴൽ വിരിച്ചുകൊണ്ട് തേജസ്സാർന്ന കെരൂബുകളുണ്ടായിരുന്നു.+ എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
6 ഇവയെല്ലാം ഇങ്ങനെ ഒരുക്കിയശേഷം, പുരോഹിതന്മാർ ആദ്യഭാഗത്ത് പ്രവേശിച്ച് പതിവായി വിശുദ്ധസേവനം+ നിർവഹിച്ചുപോന്നു.
7 എന്നാൽ രണ്ടാം ഭാഗത്ത് മഹാപുരോഹിതൻ മാത്രമേ പ്രവേശിക്കൂ; തനിക്കുവേണ്ടിയും+ അറിവില്ലായ്മ കാരണം ജനം ചെയ്ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പിക്കാനുള്ള രക്തവുമായി,+ മഹാപുരോഹിതൻ അവിടെ പ്രവേശിക്കും.
8 അങ്ങനെ, ആദ്യകൂടാരം നിലനിന്നിടത്തോളം കാലം വിശുദ്ധസ്ഥലത്തേക്കുള്ള വഴി വെളിപ്പെട്ടിരുന്നില്ലെന്നു+ പരിശുദ്ധാത്മാവ് വ്യക്തമാക്കിത്തരുന്നു.
9 ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്.+ ആ ക്രമീകരണമനുസരിച്ച് കാഴ്ചകളും ബലികളും അർപ്പിച്ചുപോരുന്നു.+ എന്നാൽ ആരാധന* അർപ്പിക്കുന്നയാളുടെ മനസ്സാക്ഷിയെ പൂർണമായും ശുദ്ധമാക്കാൻ അവയ്ക്കു കഴിയില്ല.+
10 ഭക്ഷണപാനീയങ്ങൾ, ആചാരപ്രകാരമുള്ള പല തരം ശുദ്ധീകരണങ്ങൾ*+ എന്നിവയോടു മാത്രം ബന്ധപ്പെട്ടവയാണ് അവ. എല്ലാം നേരെയാക്കാൻ നിശ്ചയിച്ച സമയംവരെയാണു ശരീരത്തെ സംബന്ധിച്ചുള്ള അത്തരം നിയമപരമായ വ്യവസ്ഥകൾ+ ഏർപ്പെടുത്തിയിരുന്നത്.
11 എന്നാൽ നമുക്കു ലഭിച്ച നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നപ്പോൾ കൈകൊണ്ട് പണിതതല്ലാത്ത, അതായത് ഈ സൃഷ്ടിയിൽപ്പെടാത്ത, മഹനീയവും ഏറെ പൂർണവും ആയ കൂടാരത്തിലേക്കു പ്രവേശിച്ചു.
12 ക്രിസ്തു വിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചതു കോലാടുകളുടെയോ കാളക്കുട്ടികളുടെയോ രക്തവുമായല്ല, സ്വന്തം രക്തവുമായാണ്.+ ക്രിസ്തു എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം അവിടെ പ്രവേശിച്ച് നമുക്കു നിത്യമായ മോചനത്തിനു* വഴിയൊരുക്കി.+
13 ആടുകളുടെയും കാളകളുടെയും രക്തവും+ അശുദ്ധരായവരുടെ മേൽ തളിച്ചിരുന്ന പശുഭസ്മവും* ശരീരത്തെ ശുദ്ധീകരിക്കുന്നെങ്കിൽ+
14 നിത്യാത്മാവിനാൽ കളങ്കമില്ലാതെ സ്വയം ദൈവത്തിന് അർപ്പിച്ച ക്രിസ്തുവിന്റെ രക്തം+ നമ്മുടെ മനസ്സാക്ഷിയെ പ്രയോജനമില്ലാത്ത പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!+ ജീവനുള്ള ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കാൻ അങ്ങനെ നമുക്കു കഴിയുന്നു.+
15 അതുകൊണ്ടാണ് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായത്.+ വിളിക്കപ്പെട്ടവരെ ക്രിസ്തു തന്റെ മരണത്തിലൂടെ മോചനവില* നൽകി+ ആദ്യത്തെ ഉടമ്പടിയുടെ കീഴിലെ ലംഘനങ്ങളിൽനിന്ന് വിടുവിച്ചു. അവർക്കു നിത്യാവകാശത്തിന്റെ വാഗ്ദാനം ലഭിക്കാൻവേണ്ടിയാണ്+ അങ്ങനെ ചെയ്തത്.
16 ഉടമ്പടിയുള്ളിടത്ത് ഉടമ്പടി ഉണ്ടാക്കിയ മനുഷ്യന്റെ മരണം അനിവാര്യമാണ്.
17 കാരണം മരണത്തോടെയാണ് ഉടമ്പടി സാധുവാകുന്നത്; ഉടമ്പടിക്കാരൻ ജീവിച്ചിരിക്കുന്നിടത്തോളം അതു പ്രാബല്യത്തിൽ വരില്ല.
18 ആദ്യത്തെ ഉടമ്പടിയും രക്തം കൂടാതെയല്ല പ്രാബല്യത്തിൽ വന്നത്.*
19 മോശ ജനത്തെ മുഴുവനും നിയമത്തിലെ കല്പനകളൊക്കെ അറിയിച്ചശേഷം കാളക്കുട്ടികളുടെയും കോലാടുകളുടെയും രക്തം എടുത്ത് വെള്ളം കലർത്തി കടുഞ്ചുവപ്പു നിറമുള്ള കമ്പിളിനൂലും ഈസോപ്പുചെടിയും കൊണ്ട് പുസ്തകത്തിന്മേലും* ജനത്തിന്മേലും തളിച്ചു.
20 “അനുസരിക്കണമെന്നു പറഞ്ഞ് ദൈവം നിങ്ങൾക്കു തന്ന ഉടമ്പടിയുടെ രക്തമാണ് ഇത്”+ എന്നു മോശ പറഞ്ഞു.
21 അതുപോലെ, മോശ കൂടാരത്തിന്മേലും വിശുദ്ധസേവനത്തിനുള്ള* എല്ലാ പാത്രങ്ങളിലും ആ രക്തം തളിച്ചു.+
22 മിക്കവാറും എല്ലാംതന്നെ രക്തത്താൽ ശുദ്ധിയാകുന്നു+ എന്നാണു നിയമം പറയുന്നത്. രക്തം ചൊരിയാതെ ക്ഷമ ലഭിക്കില്ല.+
23 അതുകൊണ്ട് സ്വർഗീയകാര്യങ്ങളുടെ പ്രതീകങ്ങളെ+ ഈ വിധത്തിൽ ശുദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു.+ എന്നാൽ സ്വർഗീയമായവയ്ക്ക് ഇവയെക്കാൾ മികച്ച ബലികളാണു വേണ്ടത്.
24 മനുഷ്യൻ നിർമിച്ചതും യഥാർഥത്തിലുള്ളതിന്റെ രൂപമാതൃകയും+ ആയ ഒരു വിശുദ്ധസ്ഥലത്തേക്കല്ല,+ സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്തു പ്രവേശിച്ചത്.+ അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ+ ക്രിസ്തുവിനു കഴിയുന്നു.
25 മഹാപുരോഹിതൻ തന്റേതല്ലാത്ത രക്തവുമായി വർഷംതോറും വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നതുപോലെയല്ലായിരുന്നു അത്;+ ക്രിസ്തു പല പ്രാവശ്യം തന്നെത്തന്നെ അർപ്പിക്കുന്നില്ല.
26 അങ്ങനെയായിരുന്നെങ്കിൽ, ലോകാരംഭംമുതൽ* ക്രിസ്തു പലവട്ടം കഷ്ടത അനുഭവിക്കേണ്ടിവരുമായിരുന്നല്ലോ. എന്നാൽ സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് പാപത്തെ ഇല്ലാതാക്കാൻ ക്രിസ്തു വ്യവസ്ഥിതികളുടെ* അവസാനകാലത്ത് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം പ്രത്യക്ഷനായി.+
27 മനുഷ്യർ ഒരിക്കൽ* മാത്രം മരിക്കണം, പിന്നെ ന്യായം വിധിക്കപ്പെടണം എന്നുള്ളതുപോലെ,
28 ക്രിസ്തുവും അനേകം ആളുകളുടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ* മാത്രം സ്വയം അർപ്പിച്ചു.+ ക്രിസ്തു രണ്ടാമതു പ്രത്യക്ഷനാകുന്നതു പാപത്തെ ഇല്ലാതാക്കാനല്ല. അപ്പോൾ, രക്ഷയ്ക്കുവേണ്ടി ആകാംക്ഷയോടെ ക്രിസ്തുവിനെ നോക്കിയിരിക്കുന്നവർ ക്രിസ്തുവിനെ കാണും.+
അടിക്കുറിപ്പുകള്
^ അക്ഷ. “കൂടാരമുണ്ടായിരുന്നു.”
^ അഥവാ “പാപപരിഹാരത്തിന്റെ സ്ഥലത്തിനു മേൽ; അനുരഞ്ജനമൂടിയുടെ മേൽ.”
^ അഥവാ “വിശുദ്ധസേവനം.”
^ അക്ഷ. “പല തരം സ്നാനങ്ങൾ.”
^ അക്ഷ. “വീണ്ടെടുപ്പിന്.”
^ അഥവാ “പശുക്കിടാവിന്റെ ചാരവും.”
^ അക്ഷ. “ഉദ്ഘാടനം ചെയ്തത്.”
^ അഥവാ “ചുരുളിന്മേലും.”
^ അഥവാ “പൊതുജനസേവനത്തിനുള്ള.”
^ ‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
^ അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
^ അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”