ഉൽപത്തി 7:1-24
7 അതിനു ശേഷം യഹോവ നോഹയോടു പറഞ്ഞു: “നീയും നിന്റെ വീട്ടിലുള്ള എല്ലാവരും പെട്ടകത്തിൽ കയറുക. കാരണം, ഈ തലമുറയിൽ ഞാൻ നിന്നെ നീതിമാനായി+ കണ്ടിരിക്കുന്നു.
2 വംശം അറ്റുപോകാതെ ഭൂമിയിലെങ്ങും പെരുകേണ്ടതിന്,+ ആണും പെണ്ണും ആയി ശുദ്ധിയുള്ള എല്ലാ തരം മൃഗങ്ങളിൽനിന്നും ഏഴു വീതവും*+ ശുദ്ധിയില്ലാത്ത എല്ലാ മൃഗങ്ങളിൽനിന്നും ആണും പെണ്ണും ആയി രണ്ടു വീതവും
3 ആകാശത്തിലെ പറവകളിൽനിന്ന് ആണും പെണ്ണും ആയി ഏഴു വീതവും* നീ പെട്ടകത്തിൽ കയറ്റണം.
4 ഇനി വെറും ഏഴു ദിവസം! പിന്നെ ഞാൻ 40 പകലും 40 രാത്രിയും+ ഭൂമിയിൽ മഴ+ പെയ്യിക്കുകയും ഞാൻ ഉണ്ടാക്കിയ എല്ലാ ജീവികളെയും ഭൂമിയിൽനിന്ന് തുടച്ചുനീക്കുകയും ചെയ്യും.”+
5 യഹോവ കല്പിച്ചതെല്ലാം നോഹ ചെയ്തു.
6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു.+
7 നോഹയും ആൺമക്കളും നോഹയുടെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും ജലപ്രളയത്തിനു മുമ്പ് പെട്ടകത്തിൽ കയറി.+
8 ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത എല്ലാ മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളിൽനിന്നും+ ഉള്ളവ
9 ആണും പെണ്ണും ആയി പെട്ടകത്തിൽ നോഹയുടെ അടുത്ത് ചെന്നു. ദൈവം നോഹയോടു കല്പിച്ചിരുന്നതുപോലെതന്നെ ജോടിയായി അവ ചെന്നു.
10 ഏഴു ദിവസത്തിനു ശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.
11 നോഹയുടെ ആയുസ്സിന്റെ 600-ാം വർഷം രണ്ടാം മാസം 17-ാം ദിവസം ആകാശത്തിലെ ആഴിയുടെ ഉറവുകളും ആകാശത്തിന്റെ പ്രളയവാതിലുകളും തുറന്നു.+
12 ഭൂമിയിൽ 40 പകലും 40 രാത്രിയും ശക്തിയായി മഴ പെയ്തു.
13 അന്നേ ദിവസം നോഹ പെട്ടകത്തിൽ കയറി. നോഹയോടൊപ്പം ആൺമക്കളായ ശേം, ഹാം, യാഫെത്ത്+ എന്നിവരും നോഹയുടെ ഭാര്യയും ആൺമക്കളുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കയറി.+
14 എല്ലാ വന്യമൃഗങ്ങളും എല്ലാ വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളും എല്ലാ പറവകളും തരംതരമായി അവരോടൊപ്പം കയറി; എല്ലാ പക്ഷികളും ചിറകുള്ള എല്ലാ ജീവികളും കയറി.
15 ജീവശ്വാസമുള്ള* എല്ലാ തരം ജഡവും* ഈരണ്ടായി പെട്ടകത്തിനുള്ളിൽ നോഹയുടെ അടുത്ത് ചെന്നുകൊണ്ടിരുന്നു.
16 അങ്ങനെ ദൈവം കല്പിച്ചതുപോലെ എല്ലാ തരം ജഡവും ആണും പെണ്ണും ആയി അകത്ത് കടന്നു. അതിനു ശേഷം യഹോവ വാതിൽ അടച്ചു.
17 ഭൂമിയിൽ 40 ദിവസം പെരുമഴ പെയ്തു; വെള്ളം ഉയർന്നുകൊണ്ടിരുന്നു. അതിനനുസരിച്ച് പെട്ടകവും നിലത്തുനിന്ന് ഉയർന്ന് വെള്ളത്തിൽ ഒഴുകിനടന്നു.
18 വെള്ളം ഭൂമിയെ മൂടി, അതു പിന്നെയുംപിന്നെയും കൂടിക്കൊണ്ടിരുന്നു. എന്നാൽ, പെട്ടകം വെള്ളത്തിൽ ഒഴുകിനടന്നു.
19 വെള്ളം ഭൂമിയിൽ കൂടിക്കൂടിവന്നു. ആകാശത്തിൻകീഴിലുള്ള ഉയർന്ന പർവതങ്ങളൊക്കെ വെള്ളത്തിന് അടിയിലായി.+
20 പർവതങ്ങൾക്കു മീതെ 15 മുഴംവരെ* വെള്ളം ഉയർന്നു.
21 അങ്ങനെ, ഭൂമിയിലുള്ള എല്ലാ ജീവികളും* നശിച്ചു.+ പറവകളും വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും കൂട്ടമായി കാണുന്ന ചെറുജീവികളും മനുഷ്യരും ഉൾപ്പെടെ എല്ലാം ചത്തൊടുങ്ങി.+
22 കരയിലുള്ളതെല്ലാം, മൂക്കിൽ ജീവശ്വാസമുള്ളതൊക്കെ,+ നശിച്ചു.
23 മനുഷ്യനും മൃഗങ്ങളും ഭൂമിയിലുള്ള മറ്റു ജന്തുക്കളും ആകാശത്തിലെ പറവകളും ഉൾപ്പെടെ ജീവനുള്ള എല്ലാത്തിനെയും ദൈവം ഭൂമിയിൽനിന്ന് നശിപ്പിച്ചുകളഞ്ഞു. അവയെയെല്ലാം ഭൂമിയിൽനിന്ന് തുടച്ചുനീക്കി.+ നോഹയും നോഹയുടെകൂടെ പെട്ടകത്തിലുള്ളവരും മാത്രം രക്ഷപ്പെട്ടു.+
24 വെള്ളം 150 ദിവസം ഭൂമിയെ മൂടിനിന്നു.+
അടിക്കുറിപ്പുകള്
^ മറ്റൊരു സാധ്യത “ഏഴു ജോടി വീതവും.”
^ മറ്റൊരു സാധ്യത “ഏഴു ജോടി വീതവും.”
^ അഥവാ “ജീവാത്മാവുള്ള.”
^ അക്ഷ. “മാംസവും.”