ഉൽപത്തി 6:1-22
6 മനുഷ്യർ ഭൂമിയിലെങ്ങും പെരുകുകയും അവർക്കു പുത്രിമാർ ജനിക്കുകയും ചെയ്തപ്പോൾ
2 മനുഷ്യരുടെ പുത്രിമാർ സുന്ദരികളാണെന്ന കാര്യം സത്യദൈവത്തിന്റെ പുത്രന്മാർ*+ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെട്ടവരെയെല്ലാം അവർ ഭാര്യമാരാക്കി.
3 അപ്പോൾ യഹോവ പറഞ്ഞു: “എന്റെ ആത്മാവ് എല്ലാ കാലവും മനുഷ്യനെ സഹിക്കില്ല.+ അവൻ വെറും ജഡമാണ്.* അതുകൊണ്ടുതന്നെ, അവന്റെ നാളുകൾ 120 വർഷമാകും.”+
4 അക്കാലത്തും അതിനു ശേഷവും ഭൂമിയിൽ നെഫിലിമുകൾ* ഉണ്ടായിരുന്നു. ആ സമയത്തെല്ലാം സത്യദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുമായി ബന്ധപ്പെടുകയും ആ സ്ത്രീകൾ പുത്രന്മാരെ പ്രസവിക്കുകയും ചെയ്‌തു. ഇവരായിരുന്നു പുരാതനകാലത്തെ ശക്തന്മാർ, കീർത്തികേട്ട പുരുഷന്മാർ.
5 അങ്ങനെ, ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങളെല്ലാം എപ്പോഴും ദോഷത്തിലേക്കാണെന്നും+ യഹോവ കണ്ടു.
6 ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതു കാരണം യഹോവ ഖേദിച്ചു;* ദൈവത്തിന്റെ ഹൃദയത്തിനു ദുഃഖമായി.+
7 അതുകൊണ്ട് യഹോവ പറഞ്ഞു: “ഞാൻ സൃഷ്ടിച്ച മനുഷ്യരെ ഭൂമിയിൽനിന്ന് തുടച്ചുനീക്കാൻപോകുകയാണ്. മനുഷ്യനെ മാത്രമല്ല, വളർത്തുമൃഗങ്ങളെയും ഭൂമിയിൽ കാണുന്ന മറ്റു ജീവികളെയും ആകാശത്തിലെ പറവകളെയും ഞാൻ തുടച്ചുനീക്കും. കാരണം, അവയെ ഉണ്ടാക്കിയതിൽ ഞാൻ ഖേദിക്കുന്നു.”
8 എന്നാൽ നോഹയ്ക്ക് യഹോവയുടെ പ്രീതി ലഭിച്ചു.
9 നോഹയുടെ ജീവചരിത്രം ഇതാണ്.
നോഹ നീതിമാനും+ തന്റെ തലമുറയിൽ കുറ്റമറ്റവനും ആയിരുന്നു. നോഹ സത്യദൈവത്തോടുകൂടെ നടന്നു.+
10 നോഹയ്‌ക്കു മൂന്നു പുത്രന്മാർ ജനിച്ചു: ശേം, ഹാം, യാഫെത്ത്.+
11 എന്നാൽ സത്യദൈവം നോക്കിയപ്പോൾ ഭൂമി ദുഷിച്ചിരിക്കുന്നതായി കണ്ടു; അത് അക്രമംകൊണ്ട് നിറഞ്ഞിരുന്നു.
12 അതെ, ദൈവം ഭൂമിയെ നോക്കി, അത് അധഃപതിച്ചതായി+ കണ്ടു. ഭൂമിയിലെ ആളുകളുടെയെല്ലാം* വഴികൾ ദുഷിച്ചതായിരുന്നു.+
13 അതിനു ശേഷം ദൈവം നോഹയോടു പറഞ്ഞു: “എല്ലാ ആളുകളെയും നശിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. കാരണം അവരുടെ അക്രമംകൊണ്ട് ഭൂമി നിറഞ്ഞു. അതുകൊണ്ട് ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.+
14 പശയുള്ള മേത്തരം തടികൊണ്ട് നിനക്കായി ഒരു പെട്ടകം* പണിയുക.+ അതിൽ നീ അറകൾ ഉണ്ടാക്കണം; പെട്ടകത്തിന്റെ അകത്തും പുറത്തും ടാർ*+ തേക്കണം.
15 നീ അത് ഇങ്ങനെ ഉണ്ടാക്കണം: പെട്ടകത്തിന്റെ നീളം 300 മുഴവും* വീതി 50 മുഴവും ഉയരം 30 മുഴവും ആയിരിക്കണം.
16 പെട്ടകത്തിൽ വെളിച്ചം കടക്കാൻ മുകളിൽനിന്ന് ഒരു മുഴം ജനലായി* വിടണം. വാതിൽ പെട്ടകത്തിന്റെ ഒരു വശത്ത് വെക്കണം.+ പെട്ടകത്തിനു മൂന്നു തട്ടുകളുണ്ടായിരിക്കണം—താഴെ ഒന്ന്, അതിനു മുകളിൽ ഒന്ന്, ഏറ്റവും മുകളിൽ മറ്റൊന്ന്.
17 “ആകാശത്തിൻകീഴിൽ ജീവശ്വാസമുള്ള എല്ലാത്തിനും സമ്പൂർണനാശം വരുത്താൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം+ കൊണ്ടുവരാൻപോകുന്നു. ഭൂമിയിലുള്ളതെല്ലാം നശിക്കും.+
18 എന്നാൽ നിന്നോടു ഞാൻ എന്റെ ഉടമ്പടി ചെയ്യുന്നു. നീ പെട്ടകത്തിൽ പ്രവേശിക്കണം. നീയും നിന്റെ ആൺമക്കളും നിന്റെ ഭാര്യയും ആൺമക്കളുടെ ഭാര്യമാരും അതിൽ കടക്കണം.+
19 എല്ലാ തരം ജീവികളിൽനിന്നും+ രണ്ടെണ്ണത്തെ വീതം—ഒരു ആണിനെയും ഒരു പെണ്ണിനെയും+—നീ പെട്ടകത്തിൽ കയറ്റണം; അവയെയും ഞാൻ നിന്നോടൊപ്പം ജീവനോടെ രക്ഷിക്കും.
20 ജീവനോടെ ശേഷിക്കേണ്ടതിന്, പറവകളിൽനിന്നും വളർത്തുമൃഗങ്ങളിൽനിന്നും ഭൂമിയിൽ കാണുന്ന മറ്റെല്ലാ ജീവികളിൽനിന്നും തരംതരമായി രണ്ടു വീതം നിന്റെ അടുത്ത് പെട്ടകത്തിൽ വരും.+
21 നീ നിനക്കും മൃഗങ്ങൾക്കും വേണ്ടി എല്ലാ തരം ഭക്ഷണവും+ ശേഖരിച്ച് കൂടെക്കരുതണം.”
22 ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്‌തു; അങ്ങനെതന്നെ ചെയ്‌തു.+
അടിക്കുറിപ്പുകള്‍
^ ഒരു എബ്രായശൈലി. ദൈവത്തിന്റെ ദൂതപുത്രന്മാരെ കുറിക്കുന്നു.
^ അഥവാ “ദുഃഖിച്ചു.”
^ അഥവാ “ജഡത്തിന്റെയെല്ലാം.”
^ അക്ഷ. “പെട്ടി;” ഒരു വലിയ കപ്പൽ.
^ അഥവാ “കീൽ.”
^ എബ്രായയിൽ സോഹർ. സോഹർ എന്നതു വെളിച്ചത്തിനുള്ള ജനലല്ല, പകരം ഒരു മുഴം ചെരിവുള്ള ഒരു മേൽക്കൂരയാണെന്നും അഭിപ്രായമുണ്ട്.