ഇയ്യോബ് 23:1-17
23 അപ്പോൾ ഇയ്യോബ് പറഞ്ഞു:
2 “നിങ്ങൾ എന്തു പറഞ്ഞാലും ഞാൻ ഇനിയും പരാതി പറയും;*+എന്റെ നെടുവീർപ്പുകൾ നിമിത്തം ഞാൻ ക്ഷീണിച്ച് തളർന്നിരിക്കുന്നു.
3 ദൈവത്തിന്റെ വാസസ്ഥലം എനിക്ക് അറിയാമായിരുന്നെങ്കിൽ+
ഞാൻ അവിടെ ചെന്ന് ദൈവത്തെ കണ്ടേനേ.+
4 ദൈവമുമ്പാകെ എന്റെ പരാതി ബോധിപ്പിച്ചേനേ;എന്റെ എല്ലാ വാദമുഖങ്ങളും ഞാൻ നിരത്തിയേനേ.
5 അങ്ങനെ, ദൈവം മറുപടി പറയുന്നത് എങ്ങനെയെന്നു ഞാൻ മനസ്സിലാക്കുമായിരുന്നു;ദൈവം എന്നോടു പറയുന്നതു ഞാൻ ശ്രദ്ധിച്ചുകേൾക്കുമായിരുന്നു.
6 ദൈവം തന്റെ മഹാശക്തികൊണ്ട് എന്നെ എതിർക്കുമോ?
ഇല്ല, എന്റെ വാക്കുകൾ ദൈവം ശ്രദ്ധിച്ചുകേൾക്കും.+
7 അവിടെ, നേരുള്ളവനു ദൈവമുമ്പാകെ പ്രശ്നം പറഞ്ഞുതീർക്കാം;എന്റെ ന്യായാധിപൻ എന്നെ എന്നേക്കുമായി കുറ്റവിമുക്തനാക്കും.
8 എന്നാൽ ഞാൻ കിഴക്കോട്ടു പോയാൽ ദൈവം അവിടെയുണ്ടാകില്ല;പടിഞ്ഞാറോട്ടു പോയാൽ അവിടെയുമുണ്ടാകില്ല.
9 ദൈവം എന്റെ ഇടതുവശത്തുനിന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ എനിക്കു ദൈവത്തെ നോക്കാൻ കഴിയുന്നില്ല;ദൈവം വലത്തേക്കു മാറുമ്പോഴും എനിക്കു കാണാനാകുന്നില്ല.
10 പക്ഷേ ഞാൻ തിരഞ്ഞെടുത്ത വഴി ദൈവത്തിന് അറിയാം;+
ദൈവം എന്നെ പരീക്ഷിച്ചുകഴിയുമ്പോൾ തനിത്തങ്കമായി ഞാൻ പുറത്ത് വരും.+
11 ഞാൻ വിശ്വസ്തമായി ദൈവത്തിന്റെ കാലടികൾ പിന്തുടർന്നു;ദൈവത്തിന്റെ വഴിയിൽനിന്ന് ഞാൻ മാറിയിട്ടില്ല.+
12 ദൈവത്തിന്റെ വായിൽനിന്ന് വന്ന കല്പനകൾ ഞാൻ ലംഘിച്ചിട്ടില്ല;
ദൈവത്തിന്റെ വാക്കുകൾ ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചു;+ ചെയ്യേണ്ടതിലധികം ഞാൻ ചെയ്തു.
13 ദൈവം ഒരു കാര്യം തീരുമാനിച്ചാൽ ആർക്ക് അതു തടയാനാകും?+
എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ചാൽ ദൈവം അതു ചെയ്തിരിക്കും.+
14 എന്നെക്കുറിച്ച് തീരുമാനിച്ചതു മുഴുവൻ ദൈവം നടപ്പിലാക്കും;ഇതുപോലെ പലതും ദൈവം എനിക്കുവേണ്ടി കരുതിവെച്ചിട്ടുണ്ട്.
15 അതുകൊണ്ട്, ഞാൻ ദൈവത്തെ ഭയപ്പെടുന്നു;ദൈവത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്റെ പേടി കൂടുന്നു.
16 ദൈവം എന്റെ ധൈര്യം ചോർത്തിക്കളഞ്ഞു;സർവശക്തൻ എന്നെ ഭയപ്പെടുത്തി.
17 എന്നാൽ കൂരിരുട്ടും എന്റെ മുഖത്തെ മൂടിയിരിക്കുന്ന അന്ധകാരവുംഇന്നും എന്നെ നിശ്ശബ്ദനാക്കിയിട്ടില്ല.
അടിക്കുറിപ്പുകള്
^ അഥവാ “ശാഠ്യത്തോടെ പരാതി പറയും.”