ഇയ്യോബ് 13:1-28
13 “എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടിട്ടുണ്ട്,എന്റെ ചെവികൾ ഇതു കേട്ട് മനസ്സിലാക്കിയിട്ടുണ്ട്.
2 നിങ്ങൾക്ക് അറിയാവുന്നതെല്ലാം എനിക്കും അറിയാം;ഞാൻ നിങ്ങളെക്കാൾ മോശമൊന്നുമല്ല.
3 എന്നാൽ എനിക്കു സംസാരിക്കാനുള്ളതു സർവശക്തനോടാണ്;ദൈവമുമ്പാകെ ഞാൻ എന്റെ ഭാഗം വാദിക്കും.+
4 നിങ്ങൾ എന്റെ മേൽ നുണകൾ വാരിയെറിയുന്നു,ഒരു ഗുണവുമില്ലാത്ത വൈദ്യന്മാരാണു നിങ്ങൾ.+
5 നിങ്ങൾ ഒന്നു മിണ്ടാതിരുന്നെങ്കിൽ!എങ്കിൽ നിങ്ങൾ ജ്ഞാനികളാണെന്നു ഞാൻ പറഞ്ഞേനേ.+
6 എന്റെ വാദങ്ങൾ ഒന്നു കേൾക്കൂ;എന്റെ നാവ് നിരത്തുന്ന ന്യായങ്ങൾ ശ്രദ്ധിക്കൂ.
7 നിങ്ങൾ ദൈവത്തിനുവേണ്ടി അന്യായം പറയുമോ?ദൈവത്തിനുവേണ്ടി വഞ്ചനയോടെ സംസാരിക്കുമോ?
8 നിങ്ങൾ ദൈവത്തിന്റെ പക്ഷം പിടിക്കുമോ?*സത്യദൈവത്തിനുവേണ്ടി വാദിക്കാൻ ശ്രമിക്കുമോ?
9 ദൈവം നിങ്ങളെ പരിശോധിച്ചാൽ+ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?
മനുഷ്യനെ വിഡ്ഢിയാക്കുന്നതുപോലെ നിങ്ങൾക്കു ദൈവത്തെ വിഡ്ഢിയാക്കാനാകുമോ?
10 നിങ്ങൾ രഹസ്യത്തിൽ പക്ഷപാതം കാണിച്ചാൽ+ദൈവം നിങ്ങളെ ഉറപ്പായും ശാസിക്കും.
11 ദൈവത്തിന്റെ പ്രൗഢി നിങ്ങളെ ഭയപ്പെടുത്തും;ദൈവത്തെക്കുറിച്ചുള്ള ഭീതി നിങ്ങളെ പിടികൂടും.
12 നിങ്ങളുടെ ജ്ഞാനമൊഴികൾ ചാരംപോലെ വിലകെട്ടതാണ്;നിങ്ങളുടെ വാദമുഖങ്ങൾ* കളിമണ്ണുപോലെ ദുർബലമാണ്.
13 ഒന്നു മിണ്ടാതിരിക്കൂ, ഞാൻ സംസാരിക്കട്ടെ.
പിന്നെ എനിക്ക് എന്തും സംഭവിച്ചുകൊള്ളട്ടെ.
14 ഞാൻ എന്തിനാണ് എന്റെ ജീവൻ അപകടപ്പെടുത്തുന്നത്?*എന്തിന് എന്റെ ജീവൻ എടുത്ത് കൈയിൽപ്പിടിക്കണം?
15 ദൈവം എന്നെ കൊന്നേക്കാം; എങ്കിലും ഞാൻ കാത്തിരിക്കും;+ദൈവമുമ്പാകെ ഞാൻ എന്റെ വാദങ്ങൾ നിരത്തും.*
16 അപ്പോൾ ദൈവം എന്നെ രക്ഷിക്കും;+ഒരു ദുഷ്ടനും* തിരുമുമ്പിൽ ചെല്ലാനാകില്ലല്ലോ.+
17 എന്റെ വാക്കുകൾക്കു കാതോർക്കുക;ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക.
18 ഇതാ, ഞാൻ എന്റെ വാദങ്ങൾ തയ്യാറാക്കിയിരിക്കുന്നു;എന്റെ ഭാഗത്താണു ശരിയെന്ന് എനിക്ക് അറിയാം.
19 എന്നോടു വാദിക്കാൻ ആരുണ്ട്?
മിണ്ടാതിരുന്നാൽ ഞാൻ മരിച്ചുപോകും!*
20 ദൈവമേ, ഞാൻ തിരുമുമ്പിൽനിന്ന് ഓടിയൊളിക്കാതിരിക്കാൻഅങ്ങ് എനിക്കു രണ്ടു കാര്യം അനുവദിച്ചുതരേണമേ.*
21 അങ്ങയുടെ ഭാരമുള്ള കൈ എന്നിൽനിന്ന് എടുത്തുമാറ്റേണമേ,അങ്ങയിൽനിന്നുള്ള ഭീതി എന്നെ തളർത്താൻ അനുവദിക്കരുതേ.+
22 എന്നോടു ചോദിക്കൂ, ഞാൻ ഉത്തരം പറയാം;അല്ലെങ്കിൽ ഞാൻ ചോദിക്കാം, അങ്ങ് ഉത്തരം നൽകിയാലും.
23 എന്താണ് എന്റെ ഭാഗത്തെ തെറ്റ്? എന്തു പാപമാണു ഞാൻ ചെയ്തത്?
എന്റെ ലംഘനങ്ങളും പാപങ്ങളും എനിക്കു പറഞ്ഞുതന്നാലും.
24 അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്?+എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?+
25 കാറ്റത്ത് പറന്നുപോകുന്ന ഇലയെ അങ്ങ് ഭയപ്പെടുത്തുമോ?വയ്ക്കോലിനെ പിടിക്കാൻ അങ്ങ് ഓടുമോ?
26 എനിക്ക് എതിരെയുള്ള ആരോപണങ്ങൾ അങ്ങ് എഴുതിവെക്കുന്നു;ചെറുപ്പത്തിൽ ചെയ്ത പാപങ്ങൾക്ക് എന്നോടു കണക്കു ചോദിക്കുന്നു.
27 അങ്ങ് എന്റെ കാലുകൾ തടിവിലങ്ങിൽ* ഇട്ടിരിക്കുന്നു,എന്റെ വഴികളെല്ലാം സൂക്ഷ്മമായി പരിശോധിക്കുന്നു,എന്റെ കാൽപ്പാടുകൾ നോക്കി അങ്ങ് എന്നെ പിന്തുടരുന്നു.
28 അങ്ങനെ മനുഷ്യൻ* അഴുകിപ്പോകുന്നു,പ്രാണികൾ തിന്ന വസ്ത്രംപോലെ അവൻ നശിച്ചുപോകുന്നു.
അടിക്കുറിപ്പുകള്
^ അഥവാ “ദൈവത്തോടു പക്ഷപാതം കാണിക്കുമോ?”
^ അക്ഷ. “പരിചമൊട്ടുകൾ.”
^ അക്ഷ. “എന്റെ മാംസം പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നത്?”
^ അഥവാ “എന്റെ വഴികൾ ശരിയാണെന്നു വാദിക്കും.”
^ അഥവാ “വിശ്വാസത്യാഗിക്കും.”
^ മറ്റൊരു സാധ്യത “ആർക്കെങ്കിലും വാദിക്കാൻ കഴിയുമെങ്കിൽ ഞാൻ മിണ്ടാതിരുന്ന് മരിച്ചുകൊള്ളാം.”
^ അക്ഷ. “രണ്ടു കാര്യം എന്നോടു ചെയ്യരുതേ.”
^ അക്ഷ. “അവൻ.” ഇയ്യോബിനെയായിരിക്കാം പരാമർശിക്കുന്നത്.