ആമോസ് 7:1-17
7 പരമാധികാരിയായ യഹോവ എനിക്കു കാണിച്ചുതന്നത് ഇതാണ്: രണ്ടാം തവണ* വിതച്ചതു മുളച്ചുതുടങ്ങിയപ്പോൾ ദൈവം വെട്ടുക്കിളിയുടെ ഒരു കൂട്ടത്തെ വരുത്തി. രാജാവിനുവേണ്ടിയുള്ള കൊയ്‌ത്തു കഴിഞ്ഞശേഷം വിതച്ചതായിരുന്നു അത്.
2 ദേശത്തെ സസ്യങ്ങളെല്ലാം വെട്ടുക്കിളികൾ തിന്നുതീർത്തപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു: “പരമാധികാരിയായ യഹോവേ, ക്ഷമിക്കേണമേ!+ യാക്കോബ് ദുർബലനല്ലേ, അവൻ എങ്ങനെ ഇതിനെ അതിജീവിക്കും?”*+
3 അതുകൊണ്ട് യഹോവ അതിനെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു.*+ “ഇല്ല, അങ്ങനെ സംഭവിക്കില്ല” എന്ന് യഹോവ പറഞ്ഞു.
4 പിന്നെ പരമാധികാരിയായ യഹോവ എനിക്കു കാണിച്ചുതന്നത് ഇതാണ്: തീയാലുള്ള ശിക്ഷ ഉണ്ടാകട്ടെ എന്നു പരമാധികാരിയായ യഹോവ കല്പിച്ചു. അതു സമുദ്രങ്ങളെ വറ്റിച്ചു, ദേശത്തിന്റെ ഒരു ഭാഗം ദഹിപ്പിച്ചുകളഞ്ഞു.
5 അപ്പോൾ ഞാൻ പറഞ്ഞു: “പരമാധികാരിയായ യഹോവേ, ഇങ്ങനെ ചെയ്യരുതേ.+ യാക്കോബ് ദുർബലനല്ലേ, അവൻ എങ്ങനെ ഇതിനെ അതിജീവിക്കും?”*+
6 അതുകൊണ്ട് യഹോവ ഇക്കാര്യത്തെക്കുറിച്ച് ഒന്നുകൂടി ആലോചിച്ചു.*+ “ശരി, ഇതും സംഭവിക്കില്ല” എന്നു പരമാധികാരിയായ യഹോവ പറഞ്ഞു.
7 അടുത്തതായി ദൈവം എനിക്കു കാണിച്ചുതന്നത് ഇതാണ്: തൂക്കുകട്ട പിടിച്ച് നിർമിച്ച ഒരു മതിലിന്മേൽ യഹോവ നിൽക്കുന്നു, കൈയിൽ ഒരു തൂക്കുകട്ടയുമുണ്ട്.
8 അപ്പോൾ യഹോവ, “ആമോസേ, നീ എന്താണു കാണുന്നത്” എന്ന് എന്നോടു ചോദിച്ചു. “ഒരു തൂക്കുകട്ട” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ പറഞ്ഞു, “ഇതാ, ഇസ്രായേൽഗൃഹത്തിൽ ഞാൻ ഒരു തൂക്കുകട്ട പിടിച്ചിരിക്കുന്നു. ഞാൻ ഇനി അവരോടു ക്ഷമിക്കില്ല.+
9 യിസ്‌ഹാക്കിന്റെ ആരാധനാസ്ഥലങ്ങൾ*+ നശിച്ചുപോകും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ നാമാവശേഷമാകും.+ ഞാൻ വാളുമായി യൊരോബെയാംഗൃഹത്തിനു നേരെ വരും.”+
10 ബഥേലിലെ പുരോഹിതനായ+ അമസ്യ ഇസ്രായേൽരാജാവായ യൊരോബെയാമിന്+ ഈ സന്ദേശം അയച്ചു: “ആമോസ് ഇസ്രായേൽഗൃഹത്തിനു+ നടുവിലിരുന്ന് അങ്ങയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ദേശത്തിന് അയാളുടെ വാക്കുകൾ സഹിക്കാനാകുന്നില്ല.+
11 ‘യൊരോബെയാം വാളാൽ മരിക്കും, ഇസ്രായേൽ സ്വദേശത്തുനിന്ന് ബന്ദികളായി പോകും’ എന്നാണ് ആമോസ് പറയുന്നത്.”+
12 പിന്നെ അമസ്യ ആമോസിനോടു പറഞ്ഞു: “ദിവ്യദർശീ, യഹൂദയിലേക്ക് ഓടിപ്പോകൂ. നിന്റെ പ്രവചനമൊക്കെ അവിടെ മതി, ആഹാരത്തിനുള്ള* വക നീ അവിടെനിന്ന് കണ്ടെത്തിക്കൊള്ളൂ.+
13 രാജാവിന്റെ വിശുദ്ധമന്ദിരവും+ രാജ്യത്തിന്റെ വിശുദ്ധഭവനവും ആണ് ബഥേൽ. അതുകൊണ്ട് മേലാൽ ബഥേലിൽ പ്രവചിച്ചുപോകരുത്.”+
14 അപ്പോൾ ആമോസ് അമസ്യയോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകപുത്രനോ ആയിരുന്നില്ല, വെറും ഒരു ആട്ടിടയനും+ അത്തിമരത്തോട്ടം പരിപാലിക്കുന്നവനും* ആയിരുന്നു.
15 എന്നാൽ ആടിനെ മേയ്ക്കുന്നിടത്തുനിന്ന് യഹോവ എന്നെ വിളിച്ചുമാറ്റി. എന്നിട്ട്, ‘നീ ചെന്ന് എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’+ എന്നു പറഞ്ഞു.
16 അതുകൊണ്ട് യഹോവ പറയുന്നതു ശ്രദ്ധിക്കുക: ‘“ഇസ്രായേലിന് എതിരെ പ്രവചിക്കരുത്,+ ഇസ്രായേൽഗൃഹത്തിന് എതിരെ പ്രസംഗിക്കരുത്”+ എന്നാണല്ലോ നീ പറയുന്നത്.
17 എന്നാൽ യഹോവ പറയുന്നു: “നിന്റെ ഭാര്യ നഗരത്തിലെ ഒരു വേശ്യയാകും, നിന്റെ പുത്രീപുത്രന്മാർ വാളിന് ഇരയാകും, അളവുചരടുകൊണ്ട് നിന്റെ ദേശം അളന്ന് വീതിക്കും, അശുദ്ധമായ ഒരു ദേശത്തുവെച്ച് നിനക്കു മരിക്കേണ്ടിവരും, ഇസ്രായേൽ സ്വദേശത്തുനിന്ന് പ്രവാസത്തിലേക്കു പോകും.”’”+
അടിക്കുറിപ്പുകള്‍
^ അതായത്, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ.
^ അക്ഷ. “എങ്ങനെ എഴുന്നേൽക്കും?”
^ അഥവാ “യഹോവയ്ക്ക് അതിനെക്കുറിച്ച് ഖേദം തോന്നി.”
^ അക്ഷ. “എങ്ങനെ എഴുന്നേൽക്കും?”
^ അഥവാ “യഹോവയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് ഖേദം തോന്നി.”
^ അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
^ അക്ഷ. “അപ്പം കഴിക്കാനുള്ള.”
^ അഥവാ “സിക്ക്‌മൂർ അത്തിക്കായ്കൾ തുളയ്ക്കുന്നവനും.”