ദൈവവചനത്തിൽനിന്നു പഠിക്കുക
ന്യായവിധി ദിവസത്തിൽ എന്താണു സംഭവിക്കുക?
നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്. അവയ്ക്കുള്ള ഉത്തരങ്ങൾ നിങ്ങളുടെ ബൈബിളിൽ എവിടെ കണ്ടെത്താമെന്നും ഈ ലേഖനത്തിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ച ചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്പര്യപ്പെടുന്നു.
1. എന്താണ് ന്യായവിധി ദിവസം?
ന്യായവിധി ദിവസത്തെക്കുറിച്ച് പല ആളുകളും സങ്കൽപ്പിച്ചുവെച്ചിരിക്കുന്നത് എന്താണെന്നാണ് വലതുവശത്തെ ചിത്രം കാണിക്കുന്നത്. അവരുടെ വിശ്വാസം അനുസരിച്ച് മരിച്ചവരുടെ ആത്മാക്കളെയെല്ലാം ന്യായവിധി ദിവസത്തിൽ ദൈവത്തിന്റെ സിംഹാസനത്തിനുമുമ്പാകെ കൂട്ടിവരുത്തും. മരിക്കുന്നതിനുമുമ്പുവരെ അവർ ചെയ്ത എല്ലാ പ്രവൃത്തികളുടെയും അടിസ്ഥാനത്തിൽ ദൈവം അവരെ ന്യായംവിധിക്കും. ചിലർക്ക് സ്വർഗത്തിൽ ജീവിക്കാനുള്ള അവസരം കിട്ടും. മറ്റു ചിലർക്ക് നരകത്തിലെ ശിക്ഷാവിധിയായിരിക്കും ലഭിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു ആശയമേ അല്ല ബൈബിൾ പഠിപ്പിക്കുന്നത്. ബൈബിളിൽ പറയുന്നത് അനുസരിച്ച് മനുഷ്യരെ അനീതിയിൽനിന്നു രക്ഷിക്കുക എന്നതാണ് ന്യായവിധി ദിവസത്തിന്റെ ഉദ്ദേശ്യം. (സങ്കീർത്തനം 96:13) നീതി നടപ്പാക്കുന്ന ന്യായാധിപനായി ദൈവം നിയമിച്ചിരിക്കുന്നത് യേശുവിനെയാണ്.—യശയ്യ 11:1-5; പ്രവൃത്തികൾ 17:31 വായിക്കുക.
2. ന്യായവിധി ദിവസത്തിൽ എങ്ങനെയായിരിക്കും നീതി നടപ്പാക്കുന്നത്?
ആദ്യമനുഷ്യനായ ആദാം മനഃപൂർവം ദൈവത്തോട് ധിക്കാരം കാണിച്ചു. ആദാം ചെയ്ത ആ തെറ്റിന്റെ ഫലം അവന്റെ മക്കളായ എല്ലാ മനുഷ്യരും അനുഭവിക്കേണ്ടിവന്നു. മനുഷ്യർ പാപത്തിന്റെയും മരണത്തിന്റെയും കഷ്ടതകളുടെയും അടിമകളായിത്തീർന്നു. (റോമർ 5:12) ഇതു ശരിക്കും ഒരു അനീതി തന്നെയാണ്. മനുഷ്യർ നേരിട്ട ആ അനീതിക്ക് യേശു പരിഹാരം കാണും. മരിച്ചുപോയ കോടിക്കണക്കിന് ആളുകളെ യേശു ജീവനിലേക്കു തിരിച്ചുകൊണ്ടുവരും, അതായത് പുനരുത്ഥാനപ്പെടുത്തും. ഇതു സംഭവിക്കുന്നത് ക്രിസ്തുയേശുവിന്റെ ആയിരം വർഷത്തെ ഭരണകാലത്തായിരിക്കുമെന്ന് വെളിപാട് പുസ്തകത്തിൽ പറയുന്നുണ്ട്.—വെളിപാട് 20:4, 11, 12 വായിക്കുക.
പുനരുത്ഥാനപ്പെടുന്നവർ വെളിപാട് 20-ാം അധ്യായത്തിൽ പറയുന്ന ‘ചുരുളുകളിലെ’ നിർദേശങ്ങൾ അനുസരിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അവരെ ന്യായംവിധിക്കുന്നത്. അല്ലാതെ മരിക്കുന്നതിനുമുമ്പ് അവർ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല. (റോമർ 6:7) പുനരുത്ഥാനപ്പെട്ട് ജീവനിലേക്കു തിരിച്ചുവരുന്നവരുടെ കൂട്ടത്തിൽ ‘നീതിമാന്മാരും നീതികെട്ടവരും’ ഉണ്ടായിരിക്കുമെന്ന് അപ്പൊസ്തലനായ പൗലോസ് പറഞ്ഞു. ഈ രണ്ടു കൂട്ടർക്കും ദൈവത്തെക്കുറിച്ചു പഠിക്കാനുള്ള അവസരം കിട്ടും.—പ്രവൃത്തികൾ 24:15 വായിക്കുക.
3. ന്യായവിധി ദിവസം അവസാനിക്കുമ്പോഴേക്കും എന്തൊക്കെ സംഭവിച്ചിട്ടുണ്ടാകും?
യഹോവയെക്കുറിച്ച് അറിയാനോ യഹോവയെ ആരാധിക്കാനോ അവസരം കിട്ടാതെ മരിച്ചുപോയവർ പുനരുത്ഥാനത്തിൽ വരുമ്പോൾ വേണ്ട മാറ്റങ്ങൾ വരുത്തി നന്നായി ജീവിക്കാനുള്ള അവസരം അവർക്കു കിട്ടും. അങ്ങനെ ചെയ്താൽ നിത്യജീവനായിരിക്കും അവർക്കു ലഭിക്കുന്നത്. അതുകൊണ്ട് അവരുടെ പുനരുത്ഥാനത്തെ ‘ജീവനായുള്ള പുനരുത്ഥാനം’ എന്നു വിളിക്കാം. പക്ഷേ പുനരുത്ഥാനപ്പെടുന്ന എല്ലാവരും യഹോവയെ അനുസരിക്കണമെന്നില്ല. അനുസരിക്കാത്തവരുടെ പുനരുത്ഥാനം ‘ന്യായവിധിക്കായുള്ള പുനരുത്ഥാനമായിരിക്കും.’—യോഹന്നാൻ 5:28, 29; യശയ്യ 26:10; 65:20 വായിക്കുക.
ആയിരം വർഷം നീളുന്ന ന്യായവിധി ദിവസം അവസാനിക്കുമ്പോഴേക്കും അനുസരണമുള്ള മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും? അവർ പൂർണതയിൽ എത്തിയിട്ടുണ്ടാകും. അതായത് മനുഷ്യർ എങ്ങനെ ജീവിക്കണമെന്നാണോ ദൈവം ആദ്യം ഉദ്ദേശിച്ചത് ആ അവസ്ഥയിൽ. (1 കൊരിന്ത്യർ 15:24-28) അനുസരണമുള്ള മനുഷ്യർക്ക് ഇതിലും നല്ല ഒരു ഭാവി കിട്ടാനുണ്ടോ! ഏറ്റവും അവസാനം ഒരു പരിശോധന ഉണ്ടായിരിക്കും. ആയിരം വർഷമായി അഗാധത്തിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന പിശാചായ സാത്താനെ ദൈവം തുറന്നുവിടും. യഹോവയിൽനിന്ന് ആളുകളെ അകറ്റാൻ സാത്താൻ വീണ്ടും ശ്രമിക്കും. അപ്പോഴും ദൈവത്തോടു വിശ്വസ്തരായി നിൽക്കുന്നവർക്ക് ഭൂമിയിൽ എന്നെന്നും സന്തോഷമായി ജീവിക്കാനാകും.—യശയ്യ 25:8; വെളിപാട് 20:7-9 വായിക്കുക.
4. മനുഷ്യർക്കു പ്രയോജനം ചെയ്യുന്ന മറ്റൊരു ന്യായവിധി ദിവസം ഏതാണ്?
ഇന്നത്തെ ഈ ദുഷ്ടവ്യവസ്ഥിതിക്ക് അവസാനം കുറിക്കുന്ന സംഭവത്തെ സൂചിപ്പിക്കാനും ‘ന്യായം വിധിക്കുന്ന ദിവസം’ എന്ന പദപ്രയോഗമാണ് ബൈബിൾ ഉപയോഗിക്കുന്നത്. നോഹയുടെ കാലത്ത് ദുഷ്ടമനുഷ്യരെ ഒന്നാകെ മുക്കിക്കൊന്ന ആ പ്രളയം പോലെ അത്ര പെട്ടെന്നായിരിക്കും ഈ ന്യായവിധി ദിവസവും വരുന്നത്. ‘ദൈവഭക്തിയില്ലാത്ത മനുഷ്യരെല്ലാം’ നശിച്ചുപോകുന്നതോടെ ഭൂമിയിൽ “നീതി കളിയാടും,” അത് ഒരു പുതിയ ലോകം തന്നെയായിരിക്കും.—2 പത്രോസ് 3:6, 7, 13 വായിക്കുക.