ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
നമ്മുടെ പാപങ്ങൾക്കു ക്ഷമ കിട്ടുമോ?
എല്ലാ മനുഷ്യരും പാപികളാണെന്നു ബൈബിൾ പറയുന്നു. ആദ്യമനുഷ്യനായ ആദാമിൽനിന്ന് പാപം കൈമാറിക്കിട്ടിയതുകൊണ്ട് നമുക്ക് തെറ്റു ചെയ്യാനുള്ള ഒരു ചായ്വുണ്ട്. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും മോശമായ കാര്യങ്ങൾ ചെയ്യുന്നതും പിന്നീട് അതെക്കുറിച്ച് ഓർത്ത് ദുഃഖിക്കുന്നതും. ദൈവപുത്രനായ യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു. യേശുവിന്റെ മോചനവിലയിലൂടെയാണു നമ്മുടെ പാപങ്ങൾക്കുള്ള ക്ഷമ ലഭിക്കുന്നത്. മോചനവില ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്.—റോമർ 3:23, 24 വായിക്കുക.
ഗുരുതരമായ പാപം ചെയ്തിട്ടുള്ളവർ ദൈവം തങ്ങളോടു ക്ഷമിക്കുമോ എന്നു ചിന്തിക്കാറുണ്ട്. എന്നാൽ ബൈബിളിൽ പറയുന്ന ഈ വാക്കുകൾ നമ്മളെ ആശ്വസിപ്പിക്കുന്നു: “ദൈവപുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മളെ ശുദ്ധീകരിക്കുന്നു.” (1 യോഹന്നാൻ 1:7) അതുകൊണ്ട് ഉചിതമായ, ആത്മാർഥമായ, പശ്ചാത്താപം കാണിക്കുന്നെങ്കിൽ നമ്മുടെ ഗുരുതരമായ പാപങ്ങൾപോലും യഹോവ ക്ഷമിക്കും.—യശയ്യ 1:18 വായിക്കുക.
ക്ഷമ കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
യഹോവ നമ്മളോടു ക്ഷമിക്കണമെങ്കിൽ നമ്മൾ യഹോവയെക്കുറിച്ച് പഠിക്കണം. അതായത്, യഹോവയുടെ കല്പനകളും നിലവാരങ്ങളും യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും നമ്മൾ മനസ്സിലാക്കണം. (യോഹന്നാൻ 17:3) തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുന്നവരോടും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവരോടും യഹോവ ധാരാളമായി ക്ഷമിക്കും.—പ്രവൃത്തികൾ 3:19 വായിക്കുക.
ദൈവത്തിന്റെ അംഗീകാരം കിട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. നമ്മുടെ കുറവുകൾ ദൈവം മനസ്സിലാക്കുന്നു. കരുണയും ദയയും ഉള്ള ദൈവമാണ് യഹോവ. യഹോവ നമ്മളോടു കാണിക്കുന്ന സ്നേഹവും ദയയും യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാനും അങ്ങനെ ദൈവത്തെ സന്തോഷിപ്പിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നില്ലേ?—സങ്കീർത്തനം 103:13, 14 വായിക്കുക.