പ്രവചനം 5. ഭൂമിയെ നശിപ്പിക്കുന്നവരുടെ നാശം
പ്രവചനം 5. ഭൂമിയെ നശിപ്പിക്കുന്നവരുടെ നാശം
‘ഭൂമിയെ നശിപ്പിക്കുന്നവരെ (ദൈവം) നശിപ്പിക്കും’—വെളിപാട് 11:18.
● നൈജീരിയയിലെ കപോർ എന്ന സ്ഥലത്ത് പന ചെത്തുന്ന ജോലി ചെയ്യുകയായിരുന്നു പിരെ. നൈജർ തുരുത്തിലുണ്ടായ വലിയ എണ്ണ ചോർച്ചയിൽ അദ്ദേഹത്തിന്റെ ഉപജീവനമാർഗം നഷ്ടപ്പെട്ടു. പിരെ പറയുന്നു: “ആ എണ്ണ ചോർച്ച കാരണം മീനുകൾ ചത്തുപൊന്തി. ഞങ്ങൾക്ക് ചർമരോഗങ്ങൾ വരാൻ തുടങ്ങി. ഞങ്ങളുടെ തോടുകളും പുഴകളും നശിച്ചു. . . . എനിക്ക് ജീവിക്കാൻ വേറെ മാർഗം ഒന്നുമില്ലാതായി.”
കണക്കുകൾ കാണിക്കുന്നത്: 65 ലക്ഷം ടൺ മാലിന്യങ്ങളാണ് ലോകത്താകെ ഓരോ വർഷവും കടലിൽ എത്തുന്നത് എന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. അതിൽ പകുതിയോളം പ്ലാസ്റ്റിക് വസ്തുക്കളാണ്. അത് കടലിൽ ഒഴുകി നടക്കും, നൂറുകണക്കിനു വർഷമെടുക്കും ഇതുപോലുള്ള വസ്തുക്കൾ ജീർണിച്ചുപോകാൻ. ഭൂമിയെ നശിപ്പിക്കുന്നതോടൊപ്പം അപകടകരമായ വിധത്തിൽ അതിന്റെ വിഭവങ്ങളും മനുഷ്യർ തീർത്തുകൊണ്ടിരിക്കുകയാണ്. ഒരു വർഷംകൊണ്ട് മനുഷ്യർ ഉപയോഗിക്കുന്ന വിഭവങ്ങൾ ഉത്പാദിപ്പിച്ചെടുക്കാൻ ഭൂമി ഏതാണ്ട് ഒന്നര വർഷമെടുക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. “ജനസംഖ്യയും വിഭവങ്ങളുടെ ഉപയോഗവും ഇതേ വിധത്തിൽ തുടർന്നാൽ 2035 ആകുമ്പോഴെക്കും നമുക്ക് രണ്ടു ഭൂമി വേണ്ടിവരും” എന്ന് ഓസ്ട്രേലിയൻ ദിനപ്പത്രമായ സിഡ്‌നി മോർണിങ് ഹെറാൾഡ് പറയുന്നു.
പൊതുവേ പറയാറുള്ളത്: എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും അതെല്ലാം പരിഹരിക്കാനുള്ള ബുദ്ധി മനുഷ്യർക്കുണ്ട്. ഓരോന്നും പരിഹരിച്ച് ഭൂമിയെ സംരക്ഷിക്കാൻ അവർക്കു കഴിയും.
വസ്‌തുത എന്താണ്? പരിസ്ഥിതിപ്രശ്നത്തിന്റെ ഗൗരവം ആളുകളെ ബോധ്യപ്പെടുത്താൻ കഠിനാധ്വാനികളായ പല വ്യക്തികളും കൂട്ടങ്ങളും ഇന്നു പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഭൂമി ഇപ്പോഴും വലിയ അളവിൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങൾക്ക് എന്തു തോന്നുന്നു? നമ്മുടെ ഈ ഗ്രഹം നശിച്ചുപോകാതെ സംരക്ഷിക്കാൻവേണ്ടി ദൈവം ഇടപെടണമെന്ന് തോന്നുന്നില്ലേ? അതെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന കാര്യം അറിയാമോ?
അവസാനകാലത്ത് നടക്കുന്ന അഞ്ചു പ്രവചനങ്ങളെക്കുറിച്ച് നമ്മൾ മനസ്സിലാക്കി. സന്തോഷകരമായ ചില കാര്യങ്ങൾകൂടി നടക്കാനുണ്ടെന്ന് ബൈബിൾ മുൻകൂട്ടിപ്പറയുന്നു. അത് ആറാമത്തെ പ്രവചനത്തിൽ ഉണ്ട്. അതിന് ഒരു ഉദാഹരണം നമുക്കു കാണാം.
[ആകർഷകവാക്യം]
“പറുദീസയുടെ ഒരു കഷണം സ്വന്തമാക്കാമെന്ന് വിചാരിച്ച് ഞാൻ വാങ്ങിയത് വിഷമാലിന്യങ്ങൾ കുന്നുകൂട്ടിയിരിക്കുന്ന ഒരിടമാണ്.”—എറിൻ ടാമ്പർ, യു. എസ്. ഗൾഫ് തീരത്ത് താമസിക്കുന്ന ഒരാൾ. 2010-ൽ മെക്സിക്കോ ഗൾഫ് കടലിടുക്കിൽ ഉണ്ടായ എണ്ണ ചോർച്ചയെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം.
[ചതുരം]
ദൈവം ആണോ ഉത്തരവാദി?
ഇക്കാലത്ത് മോശമായ കാര്യങ്ങൾ നടക്കുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട് എന്നതു സത്യമാണ്. പക്ഷേ, അതിനർഥം ദൈവമാണ് ഇതിനെല്ലാം ഉത്തരവാദി എന്നാണോ? കഷ്ടപ്പാടുകൾ വരുത്തുന്നത് ദൈവമാണോ? ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 11-ാം പാഠത്തിൽ കാണാം.
[ചിത്രത്തിനു കടപ്പാട്]
U.S. Coast Guard photo