പ്രവചനം 3. രോഗങ്ങൾ
പ്രവചനം 3. രോഗങ്ങൾ
‘മാരകമായ പകർച്ചവ്യാധികൾ ഉണ്ടാകും.’—ലൂക്കോസ് 21:11.
● ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്ന ഒരു ആഫ്രിക്കൻ രാജ്യത്തെ പൊതുജനാരോഗ്യപ്രവർത്തകനായിരുന്നു ബോൺസാലി. മാർബർഗ് വൈറസ് ബാധിതരായ അനേകം ഖനി തൊഴിലാളികളെ തന്നെക്കൊണ്ടാകുന്നതുപോലെ സഹായിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. നഗരത്തിലുള്ള ഉദ്യോഗസ്ഥരോട് സഹായത്തിന് അപേക്ഷിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. അവസാനം, നാലു മാസം കഴിഞ്ഞപ്പോൾ സഹായമെത്തി. അപ്പോഴേക്കും ബോൺസാലി മരിച്ചിരുന്നു. ഖനി തൊഴിലാളികളുമായുള്ള സമ്പർക്കത്തിലൂടെ അദ്ദേഹത്തെയും മാർബർഗ് വൈറസ് ബാധിച്ചു.
കണക്കുകൾ കാണിക്കുന്നത്: ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങൾ, വയറിളക്കം, എയ്ഡ്സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങൾ മനുഷ്യകുടുംബത്തെ പിടിച്ചുലച്ചിരിക്കുകയാണ്. 2004-ലെ ഒരു കണക്കനുസരിച്ച് ഇത്തരം രോഗങ്ങളിൽ മരിച്ചവരുടെ എണ്ണം ഏകദേശം ഒരു കോടി ഏഴു ലക്ഷമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഓരോ മൂന്നു സെക്കന്റ് കൂടുമ്പോഴും ഒരാൾ വീതം മരിക്കുന്നു.
പൊതുവേ പറയാറുള്ളത്: ജനസംഖ്യ വർധിക്കുന്തോറും രോഗങ്ങളും വർധിക്കും. കൂടുതൽ ആളുകൾ രോഗികളാകാനും സാധ്യതയുണ്ട്.
വസ്തുത എന്താണ്? ലോകജനസംഖ്യയിൽ വലിയ വർധനവുണ്ടായിട്ടുണ്ട് എന്നുള്ളത് സത്യംതന്നെയാണ്. എന്നാൽ അതോടൊപ്പം രോഗങ്ങൾ കണ്ടുപിടിക്കാനും അത് നിയന്ത്രിക്കാനും ചികിത്സിക്കാനും ഒക്കെയുള്ള മനുഷ്യന്റെ പ്രാപ്തിയും കൂടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഇതൊക്കെ രോഗങ്ങളെ നിയന്ത്രണ വിധേയമാക്കേണ്ടതല്ലേ? പക്ഷേ സംഭവിക്കുന്നതോ നേരെ തിരിച്ചും.
നിങ്ങൾക്ക് എന്തു തോന്നുന്നു? ഈ രോഗങ്ങളും പകർച്ചവ്യാധികളും ഒക്കെ ശരിക്കും ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ തന്നെയല്ലേ?
ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും രോഗങ്ങളും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം താറുമാറാക്കിയിരിക്കുന്നു. ഇനി സഹമനുഷ്യരുടെ കൈയാൽ ലക്ഷക്കണക്കിന് ആളുകളാണ് കഷ്ടപ്പെടുന്നത്. സംരക്ഷിക്കേണ്ടവർ തന്നെയാണ് പലപ്പോഴും പീഡിപ്പിക്കുന്നത്. ഇതെക്കുറിച്ച് ബൈബിൾ പറയുന്ന പ്രവചനം ശ്രദ്ധിക്കാം.
[ആകർഷകവാക്യം]
“സിംഹംപോലുള്ള ഒരു കാട്ടുമൃഗത്തിന്റെ ആക്രമണത്തിൽ മരിക്കുന്നത് എത്ര ഭയാനകമാണ്. അതുപോലെയാണ് ഒരു രോഗാണു ശരീരത്തിനുള്ളിൽ കടന്ന് ഒരാളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതും.”—സാംക്രമികരോഗ ശാസ്ത്രജ്ഞനായ മൈക്കിൾ ഓസ്റ്റർഹോം.
[ചിത്രങ്ങൾക്ക് കടപ്പാട്]
© William Daniels/Panos Pictures