പാഠം 10
ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുക
സുഭാഷിതങ്ങൾ 8:4, 7
ചുരുക്കം: ശബ്ദം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതും സ്ഥായിയിലും (pitch) സംസാരത്തിന്റെ വേഗത്തിലും വ്യത്യാസം വരുത്തുന്നതും ആളുകളുടെ വികാരങ്ങളെ തൊട്ടുണർത്തും, ആശയങ്ങൾക്കു വ്യക്തത പകരും.
എങ്ങനെ ചെയ്യാം:
-
ശബ്ദം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. പ്രധാനപ്പെട്ട ആശയങ്ങൾ എടുത്തുകാണിക്കുന്നതിനോ കേൾവിക്കാരെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നതിനോ ശബ്ദം കൂട്ടി സംസാരിക്കുക. ന്യായവിധിസന്ദേശങ്ങൾ അടങ്ങിയ തിരുവെഴുത്തുഭാഗങ്ങൾ വായിക്കുമ്പോഴും അങ്ങനെതന്നെ ചെയ്യുക. ആകാംക്ഷ ജനിപ്പിക്കുന്നതിനും പേടിയോ ഉത്കണ്ഠയോ തോന്നിപ്പിക്കുന്നതിനും ശബ്ദം താഴ്ത്തി സംസാരിക്കുക.
-
സ്ഥായിയിൽ വ്യത്യാസം വരുത്തുക. ഉത്സാഹം പ്രകടിപ്പിക്കാനോ വലുപ്പമോ ദൂരമോ സൂചിപ്പിക്കാനോ ഉയർന്ന സ്ഥായിയിൽ (ശബ്ദത്തിന്റെ ആവൃത്തി കൂട്ടി) സംസാരിക്കുക. സങ്കടമോ ഉത്കണ്ഠയോ കാണിക്കാൻ താഴ്ന്ന സ്ഥായിയിൽ സംസാരിക്കാം.
-
സംസാരത്തിന്റെ വേഗത്തിൽ വ്യത്യാസം വരുത്തുക. ആവേശം നിറഞ്ഞ കാര്യങ്ങൾ പറയുമ്പോൾ സംസാരത്തിന്റെ വേഗം കൂട്ടുക. പ്രധാനപ്പെട്ട ആശയങ്ങൾ പറയുമ്പോൾ മെല്ലെ, നിറുത്തിനിറുത്തി സംസാരിക്കുക.