അധ്യായം 138
ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്ത്
-
യേശു ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു
-
ശൗൽ ഒരു ശിഷ്യനായിത്തീരുന്നു
-
നമുക്കു സന്തോഷിക്കാൻ കാരണമുണ്ട്
യേശു സ്വർഗാരോഹണം ചെയ്ത് പത്തു ദിവസത്തിനു ശേഷം പെന്തിക്കോസ്ത് നാളിൽ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിച്ചത് യേശു സ്വർഗത്തിലുണ്ട് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു. പിന്നീട് അതിന് മറ്റൊരു തെളിവും ലഭിച്ചു. യേശുവിന്റെ ശിഷ്യനായ സ്തെഫാനൊസ് കല്ലെറിയപ്പെടുന്നതിനു മുമ്പ് ഇങ്ങനെ പറഞ്ഞു: “ഇതാ, ആകാശങ്ങൾ തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു.”—പ്രവൃത്തികൾ 7:56.
പിതാവിനോടൊപ്പം ഇപ്പോൾ സ്വർഗത്തിലുള്ള യേശു ദൈവവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന ഒരു പ്രത്യേകനിർദേശത്തിനുവേണ്ടി കാത്തിരുന്നു. ദൈവപ്രചോദിതമായി ദാവീദ് ഇങ്ങനെ എഴുതി: “യഹോവ എന്റെ കർത്താവിനോടു (യേശുവിനോടു) പറഞ്ഞു: ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക.’” കാത്തിരിപ്പിൻ കാലം തീരുമ്പോൾ യേശു ‘ശത്രുക്കളുടെ ഇടയിലേക്കു ചെന്ന് അവരെ കീഴടക്കി മുന്നേറുമായിരുന്നു.’ (സങ്കീർത്തനം 110:1, 2) തന്റെ ശത്രുക്കൾക്കെതിരെ നടപടിയെടുക്കുന്ന സമയംവരെ യേശു സ്വർഗത്തിലിരുന്ന് എന്തു ചെയ്യുമായിരുന്നു?
എ.ഡി. 33-ലെ പെന്തിക്കോസ്തിൽ ക്രിസ്തീയസഭ രൂപംകൊണ്ടു. തന്റെ ആത്മാഭിഷിക്ത ശിഷ്യരുടെ മേൽ യേശു സ്വർഗത്തിൽനിന്ന് ഭരിക്കാൻ തുടങ്ങി. (കൊലോസ്യർ 1:13) പ്രസംഗപ്രവർത്തനത്തിൽ യേശു അവരെ നയിക്കുകയും അവരുടെ ഭാവിയിലെ ഉത്തരവാദിത്വത്തിനായി ഒരുക്കുകയും ചെയ്തു. ഏത് ഉത്തരവാദിത്വത്തിനായി? മരണംവരെ വിശ്വസ്തരായി നിൽക്കുന്നവർ കാലക്രമത്തിൽ പുനരുത്ഥാനപ്പെടുകയും യേശുവിനോടൊപ്പം രാജ്യത്തിൽ സഹരാജാക്കന്മാരായി ഭരിക്കുകയും ചെയ്യുമായിരുന്നു.
ഇതിനൊരു മികച്ച ഉദാഹരണം പൗലോസ് എന്ന റോമൻ പേരിൽ അറിയപ്പെട്ട ശൗലാണ്. അദ്ദേഹം ഭാവിയിൽ യേശുവിനോടൊപ്പം ഒരു രാജാവാകുമായിരുന്നു. മോശയുടെ നിയമം ദീർഘകാലം തീക്ഷണതയോടെ പിൻപറ്റിയ ഒരു ജൂതനായിരുന്നു അദ്ദേഹം. എന്നാൽ ജൂത മതനേതാക്കന്മാരുടെ സ്വാധീനത്തിനു വഴിപ്പെട്ട ശൗൽ സ്തെഫാനൊസിനെ കൊല്ലുന്നതിനുവരെ കൂട്ടുനിന്നു. ‘കർത്താവിന്റെ ശിഷ്യന്മാർക്കെതിരെ ഭീഷണി ഉയർത്തിക്കൊണ്ട് ’ ശൗൽ ദമസ്കൊസിലേക്കു പോയി. യേശുവിന്റെ അനുഗാമികളെ അറസ്റ്റു ചെയ്ത് യരുശലേമിലേക്കു തിരികെ കൊണ്ടുവരാൻ മഹാപുരോഹിതനായ കയ്യഫ ശൗലിനെ അധികാരപ്പെടുത്തിയിരുന്നു. (പ്രവൃത്തികൾ 7:58; 9:1) എന്നാൽ അങ്ങോട്ടുള്ള വഴിയിൽവെച്ച് ഒരു ഉജ്ജ്വലപ്രകാശം ശൗലിനു ചുറ്റും മിന്നി. ശൗൽ നിലത്ത് വീണു.
“ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത് ” എന്ന് ആരോ ചോദിക്കുന്നത് കേട്ടു. “കർത്താവേ, അങ്ങ് ആരാണ് ” എന്നു ശൗൽ ചോദിച്ചു. “നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ” എന്നായിരുന്നു മറുപടി.—പ്രവൃത്തികൾ 9:4, 5.
ദമസ്കൊസിലേക്കു പോകാനും കൂടുതലായ നിർദേശങ്ങൾക്കായി കാത്തിരിക്കാനും യേശു ശൗലിനോടു പറഞ്ഞു. എന്നാൽ അത്ഭുതവെളിച്ചം കാരണം ശൗലിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് ശൗലിനെ ആരെങ്കിലും പ്രവൃത്തികൾ 9:15, 20.
അങ്ങോട്ടേയ്ക്കു കൂട്ടിക്കൊണ്ടുപോകണമായിരുന്നു. മറ്റൊരു ദർശനത്തിൽ യേശു ദമസ്കൊസിലുള്ള അനന്യാസ് എന്ന ശിഷ്യനു പ്രത്യക്ഷനായി. എന്നിട്ട് താൻ പറഞ്ഞ സ്ഥലത്ത് ചെന്ന് ശൗലിനെ കാണാൻ യേശു അനന്യാസിനോടു പറഞ്ഞു. അനന്യാസിന് ആദ്യം ഒരു പേടിയുണ്ടായിരുന്നു. എന്നാൽ യേശു ഈ ഉറപ്പ് കൊടുത്തു: “ജനതകളുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ എന്റെ പേര് വഹിക്കാൻ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന ഒരു പാത്രമാണ് ആ മനുഷ്യൻ.” പിന്നീട് കാഴ്ച കിട്ടിയ ശൗൽ ദമസ്കൊസിൽ ചെന്ന് “യേശു ദൈവപുത്രനാണെന്നു പ്രസംഗിക്കാൻതുടങ്ങി.”—യേശുവിന്റെ പിന്തുണയോടെ പൗലോസും മറ്റു സുവിശേഷകരും യേശു തുടങ്ങിവെച്ച പ്രസംഗവേലയിൽ തുടർന്നു. വലിയ നേട്ടങ്ങൾ നൽകിക്കൊണ്ട് ദൈവം അവരെ അനുഗ്രഹിച്ചു. ദമസ്കൊസിലെ വഴിയിൽവെച്ച് യേശു പ്രത്യക്ഷനായി ഏകദേശം 25-വർഷം കഴിഞ്ഞപ്പോൾ സന്തോഷവാർത്ത “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും” ഘോഷിച്ചതായി പൗലോസ് എഴുതി.—കൊലോസ്യർ 1:23.
വർഷങ്ങൾക്കു ശേഷം, തന്റെ പ്രിയപ്പെട്ട ശിഷ്യനായ യോഹന്നാനു യേശു ചില ദർശനങ്ങൾ നൽകി. അത് ബൈബിൾപുസ്തകമായ വെളിപാടിൽ കാണാം. ഈ ദർശനങ്ങൾ കണ്ട യോഹന്നാൻ ഒരർഥത്തിൽ യേശു രാജ്യാധികാരത്തിൽ വരുന്ന സമയത്തു ജീവിച്ചിരുന്നെന്നു പറയാം. (യോഹന്നാൻ 21:22) “ദൈവാത്മാവിനാൽ (യോഹന്നാൻ) കർത്താവിന്റെ ദിവസത്തിലായി” എന്നു തിരുവെഴുത്തു പറയുന്നു. (വെളിപാട് 1:10) എപ്പോഴായിരിക്കും ആ ദിവസം?
ബൈബിൾപ്രവചനങ്ങളുടെ സൂക്ഷ്മമായ പഠനം ‘കർത്താവിന്റെ ദിവസം’ 1914-ൽ തുടങ്ങിയെന്നു കാണിക്കുന്നു. ആ വർഷം ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിനു ശേഷമുള്ള വർഷങ്ങളിലെ പ്രത്യേകതയായിരുന്നു വർധിച്ച തോതിലുള്ള യുദ്ധങ്ങളും പകർച്ചവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും ഒക്കെ. തന്റെ ‘സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ അവസാനത്തിന്റെയും’ ‘അടയാളമായി’ അപ്പോസ്തലന്മാരോടു യേശു പറഞ്ഞ കാര്യങ്ങളുടെ വലിയ നിവൃത്തിയായിരുന്നു ഇവ. (മത്തായി 24:3, 7, 8, 14) ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഇന്ന് റോമാസാമ്രാജ്യത്തിൽ മാത്രമല്ല മുഴുഭൂമിയിലും ഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് എന്ത് സൂചിപ്പിക്കുന്നു? ദൈവപ്രചോദിതനായി യോഹന്നാൻ ഇങ്ങനെ വിശദീകരിച്ചു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും ദൈവത്തിന്റെ ക്രിസ്തുവിന്റെ ആധിപത്യവും വന്നിരിക്കുന്നു.” (വെളിപാട് 12:10) അതെ, യേശു സജീവമായി ഘോഷിച്ച ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായിരിക്കുന്നു!
യേശുവിന്റെ എല്ലാ വിശ്വസ്തശിഷ്യർക്കും ഇതൊരു നല്ല വാർത്തയാണ്. യോഹന്നാന്റെ ഈ വാക്കുകൾ അവർക്ക് മനസ്സിൽപ്പിടിക്കാനാകും: “അതുകൊണ്ട് സ്വർഗമേ, അവിടെ വസിക്കുന്നവരേ, സന്തോഷിക്കുക! ഭൂമിക്കും സമുദ്രത്തിനും ഹാ, കഷ്ടം! തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് പിശാച് ഉഗ്രേകാപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.”—വെളിപാട് 12:12.
ഇപ്പോൾ യേശു പിതാവിന്റെ വലതുഭാഗത്ത് കാത്തിരിക്കുകയല്ല. രാജാവായി ഭരിക്കുകയാണ്. ഉടൻതന്നെ യേശു തന്റെ ശത്രുക്കളെയെല്ലാം ഇല്ലാതാക്കും. (എബ്രായർ 10:12, 13) അതിനു ശേഷം, ആവേശകരമായ എന്തെല്ലാം കാര്യങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്?