അധ്യായം 11
സ്നാപകയോഹന്നാൻ വഴി ഒരുക്കുന്നു
മത്തായി 3:1-12; മർക്കോസ് 1:1-8; ലൂക്കോസ് 3:1-18; യോഹന്നാൻ 1:6-8, 15-28
-
യോഹന്നാൻ പ്രസംഗിക്കുന്നു, സ്നാനപ്പെടുത്തുന്നു
-
പലരും സ്നാനമേൽക്കുന്നു, പക്ഷേ എല്ലാവരും ഇല്ല
പന്ത്രണ്ട് വയസ്സുണ്ടായിരുന്ന യേശു ആലയത്തിൽവെച്ച് ഉപദേഷ്ടാക്കളോടു ചോദ്യങ്ങൾ ചോദിച്ചിട്ട് ഇപ്പോൾ ഏതാണ്ട് 17 വർഷം പിന്നിട്ടിരിക്കുന്നു. എ.ഡി. 29-ലെ വസന്തകാലമാണ് ഇത്. യേശുവിന്റെ ബന്ധുവായ യോഹന്നാനെക്കുറിച്ചാണ് ഇപ്പോൾ പലരുടെയും സംസാരം. അദ്ദേഹം യോർദാൻ നദിക്കു പടിഞ്ഞാറുള്ള ദേശങ്ങളിലെല്ലാം പ്രസംഗിക്കുകയാണ്.
യോഹന്നാൻ ആരുടെയും ശ്രദ്ധ ആകർഷിക്കും, കാഴ്ചയിൽ മാത്രമല്ല സംസാരത്തിലും. ഒട്ടകരോമംകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ വസ്ത്രം. തുകലുകൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരിക്കുന്നു. വെട്ടുക്കിളിയും, അതായത് ഒരുതരം പുൽച്ചാടിയും, കാട്ടുതേനും ആണ് ആഹാരം. എന്തു സന്ദേശമാണ് അദ്ദേഹം പ്രസംഗിക്കുന്നത്? “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക.”—മത്തായി 3:2.
യോഹന്നാന്റെ സന്ദേശം കേൾക്കുന്നവർകേൾക്കുന്നവർ ആവേശംകൊള്ളുന്നു. തങ്ങളുടെ മുൻകാലജീവിതം ഉപേക്ഷിച്ച് മാനസാന്തരപ്പെടണമെന്ന്, അതായത് അവരുടെ മനോഭാവത്തിനും ചിന്താഗതിക്കും മാറ്റം വരുത്തണമെന്ന്, പലരും തിരിച്ചറിയുന്നു. “യരുശലേമിലും യഹൂദ്യയിലെങ്ങും ഉള്ളവരും യോർദാനു ചുറ്റുവട്ടത്തുള്ള എല്ലാവരും” ആണ് യോഹന്നാന്റെ അടുത്ത് വരുന്നത്. (മത്തായി 3:5) യോഹന്നാന്റെ അടുത്ത് വരുന്ന അനേകരും മാനസാന്തരപ്പെടുന്നു. യോഹന്നാൻ അവരെ യോർദാനിലെ വെള്ളത്തിൽ മുക്കി സ്നാനപ്പെടുത്തുന്നു. എന്തുകൊണ്ട്?
ദൈവം ഇസ്രായേല്യരുമായി ചെയ്ത നിയമ ഉടമ്പടിക്കെതിരെ അവർ പാപം ചെയ്തിരുന്നു. എന്നാൽ അവർ ഇപ്പോൾ മാനസാന്തരപ്പെട്ടു. അതിന്റെ അടയാളമായിട്ടാണു സ്നാനപ്പെടുന്നത്. (പ്രവൃത്തികൾ 19:4) എന്നാൽ എല്ലാവരും അതിനുള്ള യോഗ്യതയിൽ എത്തുന്നില്ല. മതനേതാക്കന്മാരായ ചില പരീശന്മാരും സദൂക്യരും യോഹന്നാന്റെ അടുത്ത് വരുമ്പോൾ അദ്ദേഹം അവരെ “അണലിസന്തതികളേ” എന്നാണു വിളിക്കുന്നത്. അദ്ദേഹം പറയുന്നു: “ആദ്യം മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കൂ. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാമുണ്ട്’ എന്ന് അഹങ്കരിക്കേണ്ടാ. കാരണം അബ്രാഹാമിനുവേണ്ടി ഈ കല്ലുകളിൽനിന്ന് മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മരങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത മരമെല്ലാം വെട്ടി തീയിലിടും.”—മത്തായി 3:7-10.
യോഹന്നാനു വലിയ ശ്രദ്ധ കിട്ടുന്നു, അദ്ദേഹം ശക്തമായ സന്ദേശം പ്രസംഗിക്കുന്നു, അനേകരെ സ്നാനപ്പെടുത്തുന്നു. ഇതെല്ലാം കാണുമ്പോൾ അദ്ദേഹം ആരാണെന്ന് അറിയാൻ പുരോഹിതന്മാരെയും ലേവ്യരെയും ജൂതന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് അയയ്ക്കുന്നു. അവർ ചെന്ന് “അങ്ങ് ആരാണ്” എന്നു ചോദിക്കുന്നു.
“ഞാൻ ക്രിസ്തുവല്ല,” യോഹന്നാൻ തുറന്നുസമ്മതിക്കുന്നു.
“പിന്നെ അങ്ങ് ആരാണ്, ഏലിയയാണോ?” അവർ ചോദിക്കുന്നു.
“അല്ല” എന്ന് അദ്ദേഹം മറുപടി പറയുന്നു.
“അങ്ങ് ആ പ്രവാചകനാണോ,” അവർ ചോദിക്കുന്നു. വരുമെന്നു മോശ പറഞ്ഞ ആ വലിയ പ്രവാചകനാണോ അദ്ദേഹം എന്നാണ് അവരുടെ സംശയം.—ആവർത്തനം 18:15, 18.
“അല്ല,” യോഹന്നാൻ പറയുന്നു.
“എങ്കിൽ അങ്ങ് ആരാണ്? ഞങ്ങളെ അയച്ചവരോടു ഞങ്ങൾക്ക് ഉത്തരം പറയണമല്ലോ. അങ്ങയെക്കുറിച്ച് അങ്ങ് എന്തു പറയുന്നു?” എന്ന് അവർ ആവർത്തിച്ച് ചോദിക്കുന്നു. അപ്പോൾ യോഹന്നാൻ പറയുന്നു: “യശയ്യ പ്രവാചകൻ പറഞ്ഞതുപോലെ, ‘യഹോവയുടെ വഴി നേരെയാക്കുക’ എന്നു വിജനഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാൻ.”—യോഹന്നാൻ 1:19-23.
“അങ്ങ് ക്രിസ്തുവോ ഏലിയയോ ആ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനപ്പെടുത്തുന്നത് എന്തിനാണ്,” അവർക്ക് അറിയണം. യോഹന്നാൻ അവർക്ക് അർഥവത്തായ ഒരു ഉത്തരം കൊടുക്കുന്നു: “ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നു. നിങ്ങൾ അറിയാത്ത ഒരാൾ നിങ്ങൾക്കിടയിലുണ്ട്. അദ്ദേഹം എന്റെ പിന്നാലെ വരുന്നുണ്ട്.”—യോഹന്നാൻ 1:25-27.
മുൻകൂട്ടിപ്പറഞ്ഞ മിശിഹയ്ക്കുവേണ്ടി താൻ വഴിയൊരുക്കുകയാണെന്ന്, ആ ഭാവിരാജാവിനെ സ്വീകരിക്കാൻ ആളുകളുടെ ഹൃദയത്തെ ഒരുക്കുകയാണെന്ന്, യോഹന്നാൻ പറയുന്നു. “അദ്ദേഹത്തിന്റെ ചെരിപ്പ് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല” എന്നും പറയുന്നു. (മത്തായി 3:11) “എന്റെ പിന്നാലെ വരുന്നയാൾ എന്റെ മുന്നിൽ കയറിക്കഴിഞ്ഞു. കാരണം, എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു” എന്നുപോലും യോഹന്നാൻ പറയുന്നു.—യോഹന്നാൻ 1:15.
അതെ, “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട് മാനസാന്തരപ്പെടുക” എന്ന യോഹന്നാന്റെ ആ സന്ദേശം വളരെ ഉചിതമാണ്. (മത്തായി 3:2) യഹോവയുടെ ഭാവിരാജാവായ യേശുക്രിസ്തുവിന്റെ ശുശ്രൂഷ ആരംഭിക്കാൻപോകുന്നു എന്നതിന്റെ ദൃശ്യമായ അടയാളമാണ് ഇത്.