കപടഭക്തി തുറന്നുകാട്ടപ്പെടുന്നു!
അധ്യായം പത്തൊമ്പത്
കപടഭക്തി തുറന്നുകാട്ടപ്പെടുന്നു!
1. യേശുവും യഹോവയും കപടഭക്തിയെ എങ്ങനെ വീക്ഷിക്കുന്നു, യെശയ്യാവിന്റെ കാലത്ത് അത് ഏതു രൂപം കൈവരിച്ചു?
“അങ്ങനെ തന്നേ പുറമേ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ,” തന്റെ നാളിലെ മതനേതാക്കന്മാരോട് യേശു പറഞ്ഞു. (മത്തായി 23:28) അവരുടെ കപടഭക്തിയെ അപലപിക്കുകവഴി യേശു തന്റെ സ്വർഗീയ പിതാവിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുകയായിരുന്നു. യെശയ്യാ പ്രവചനത്തിന്റെ 58-ാം അധ്യായം യഹൂദയിൽ വ്യാപകമായിരിക്കുന്ന കപടഭക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കലാപവും അടിച്ചമർത്തലും അക്രമവും ഇവിടെ നിത്യസംഭവങ്ങളാണ്. ശബത്താചരണം അർഥശൂന്യമായ ഒരു ചടങ്ങായി അധഃപതിച്ചിരിക്കുന്നു. ജനം യഹോവയ്ക്ക് വെറും നാമമാത്ര സേവനമാണ് അർപ്പിക്കുന്നത്, ആത്മാർഥതയില്ലാതെ ഉപവസിച്ചുകൊണ്ട് അവർ ഭക്തിയുടെ വെറുമൊരു പ്രഹസനം നടത്തുന്നു. യഹോവ അവരുടെ കപടഭക്തി തുറന്നുകാട്ടുന്നതിൽ അതിശയിക്കാനില്ല!
‘ജനത്തിന്റെ പാപങ്ങൾ അവരെ അറിയിക്കുക’
2. യഹോവയുടെ സന്ദേശം ഘോഷിക്കുന്നതിൽ യെശയ്യാവ് എങ്ങനെയുള്ള മനോഭാവം പ്രകടമാക്കുന്നു, ഇന്ന് ആരാണ് അവനെ പോലെ ആയിരിക്കുന്നത്?
2 യഹൂദയുടെ നടത്തയിൽ യഹോവയ്ക്ക് വെറുപ്പു തോന്നുന്നെങ്കിലും, ആ ജനതയോടുള്ള അവന്റെ വാക്കുകളിൽ അനുതപിക്കാനുള്ള ഹൃദയംഗമമായ അഭ്യർഥനയുണ്ട്. എങ്കിലും, തന്റെ ശാസന അവ്യക്തമായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവൻ യെശയ്യാവിനോടു കൽപ്പിക്കുന്നു: “ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറയിക്ക.” (യെശയ്യാവു 58:1) യഹോവയുടെ വാക്കുകൾ ധൈര്യപൂർവം ഘോഷിക്കുന്നത് നിമിത്തം യെശയ്യാവ് ആളുകളുടെ അപ്രീതിക്കു പാത്രമായേക്കാം. എന്നാൽ അവൻ പിൻവാങ്ങുന്നില്ല. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു പറഞ്ഞപ്പോൾ പ്രകടമാക്കിയ അതേ അർപ്പണ മനോഭാവം അവന് ഇപ്പോഴും ഉണ്ട്. (യെശയ്യാവു 6:8) യഹോവയുടെ ആധുനികകാല സാക്ഷികൾക്ക് യെശയ്യാവ് സഹിഷ്ണുതയുടെ എത്ര നല്ല മാതൃകയാണ്. ദൈവവചനം ഘോഷിക്കാനും മതപരമായ കപടഭക്തി തുറന്നുകാട്ടാനും ദൈവം തന്റെ ഈ സാക്ഷികളെ നിയോഗിച്ചിരിക്കുന്നു!—സങ്കീർത്തനം 118:6; 2 തിമൊഥെയൊസ് 4:1-5.
3, 4. (എ) യെശയ്യാവിന്റെ നാളിലെ ആളുകൾ പുറമേ എങ്ങനെ കാണപ്പെടുന്നു? (ബി) യഹൂദയിലെ യഥാർഥ അവസ്ഥ എന്താണ്?
3 യെശയ്യാവിന്റെ നാളിലെ ആളുകൾ യഹോവയെ അന്വേഷിക്കുകയും അവന്റെ നീതിനിഷ്ഠമായ ന്യായവിധികളിൽ സന്തോഷിക്കുകയും ചെയ്യുന്നതായി പുറമേ കാണപ്പെട്ടു. നാം യഹോവയുടെ വാക്കുകൾ വായിക്കുന്നു: “എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ [“ന്യായവിധികളെ,” NW] എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു.” (യെശയ്യാവു 58:2) യഹോവയുടെ വഴികളെ കുറിച്ച് അറിയാൻ അവർ യഥാർഥത്തിൽ ഇച്ഛിക്കുന്നുണ്ടോ? ഇല്ല. ‘നീതി പ്രവർത്തിക്കുന്ന ഒരു ജാതി’ എന്നപോലെ അവർ നടിക്കുകയാണ്. സത്യത്തിൽ ആ ജനത ‘ദൈവത്തിന്റെ ന്യായം ഉപേക്ഷിച്ചിരിക്കുന്നു.’
4 അവരുടേത് പ്രവാചകനായ യെഹെസ്കേലിനു പിൽക്കാലത്ത് ദൈവം വെളിപ്പെടുത്തിക്കൊടുത്ത അവസ്ഥയ്ക്കു സമാനമാണ്. “യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേൾപ്പിൻ” എന്ന് അന്യോന്യം യഹൂദന്മാർ പ്രോത്സാഹിപ്പിക്കുന്നതായി യഹോവ യെഹെസ്കേലിനോടു പറഞ്ഞു. എന്നാൽ അവരുടെ ആത്മാർഥതയില്ലായ്മ സംബന്ധിച്ച് ദൈവം യെഹെസ്കേലിനു മുന്നറിയിപ്പു നൽകി: “അവർ നിന്റെ അടുക്കൽ വന്നു . . . നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു. നീ അവർക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവർ നിന്റെ വചനങ്ങളെ കേൾക്കുന്നു; ചെയ്യുന്നില്ലതാനും.” (യെഹെസ്കേൽ 33:30-32) യെശയ്യാവിന്റെ തലമുറയിൽ പെട്ടവരും യഹോവയെ നിരന്തരം അന്വേഷിക്കുന്നതായി അവകാശപ്പെടുന്നു. എന്നാൽ, അവർ അവന്റെ വാക്കുകൾ അനുസരിക്കുന്നില്ല.
കപട ഉപവാസം
5. ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ യഹൂദന്മാർ ശ്രമിക്കുന്നത് എങ്ങനെ, അതിനോടുള്ള യഹോവയുടെ പ്രതികരണം എന്താണ്?
5 ദൈവത്തിന്റെ പ്രീതി സമ്പാദിക്കാനുള്ള ശ്രമത്തിൽ, യഹൂദന്മാർ ഒരു ചടങ്ങെന്ന പോലെ ഉപവസിക്കുന്നു. എന്നാൽ അവരുടെ ഭക്തി വെറും നാട്യമാണ്. അത് അവരെ യഹോവയിൽനിന്ന് അകറ്റുന്നതേ ഉള്ളൂ. അമ്പരപ്പോടെയെന്നവണ്ണം അവർ ഇങ്ങനെ ചോദിക്കുന്നു: “ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു?” അതിനു മറുപടിയായി യഹോവ അവരോടു തുറന്നു പറയുന്നു: “ഇതാ, നിങ്ങൾ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു. നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു. എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു?”—യെശയ്യാവു 58:3-5.
6. യഹൂദന്മാരുടെ ഉപവാസം കപടമാണെന്ന് അവരുടെ എന്തെല്ലാം പ്രവൃത്തികൾ സൂചിപ്പിക്കുന്നു?
6 ഉപവസിക്കുകയും നേരുള്ളവരായി നടിക്കുകയും യഹോവയുടെ നീതിനിഷ്ഠമായ ന്യായവിധികൾ ആരായുകയും ചെയ്യുമ്പോൾ പോലും, ആളുകൾ സ്വാർഥ സുഖങ്ങൾക്കും വാണിജ്യ താത്പര്യങ്ങൾക്കും പിന്നാലെയാണ് പോകുന്നത്. അവർ പരസ്പരം കലഹിക്കുകയും അടിച്ചമർത്തുകയും അക്രമത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ മോശമായ നടത്ത മറച്ചുവെക്കാനുള്ള ശ്രമത്തിൽ, പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുന്നു എന്നു കാണിക്കാൻ വേഴത്തെ പോലെ (ഉയരമുള്ള ഒരുതരം പുല്ല്) തല കുനിച്ചുകൊണ്ടും രട്ടിലും വെണ്ണീരിലും ഇരുന്നുകൊണ്ടും അവർ പുറമേ ദുഃഖം പ്രകടിപ്പിക്കുന്നു. അവർ തുടർന്നും മത്സരിക്കുകയാന്നെങ്കിൽ, ഇതുകൊണ്ടെല്ലാം എന്തു പ്രയോജനമാണ് ഉള്ളത്? ആത്മാർഥമായ ഉപവാസത്തോടു ബന്ധപ്പെട്ട് ഉണ്ടായിരിക്കേണ്ട യാതൊരു ദൈവിക ദുഃഖവും അനുതാപവും അവർ കാണിക്കുന്നില്ല. അവരുടെ വിലാപം ഉച്ചത്തിലാണെങ്കിലും, അതു സ്വർഗത്തിൽ കേൾക്കുന്നില്ല.
7. യേശുവിന്റെ നാളിലെ യഹൂദന്മാർ കപടഭക്തി കാട്ടിയത് എങ്ങനെ, ഇന്ന് അനേകർ അതുപോലെ ആയിരിക്കുന്നത് എങ്ങനെ?
7 യേശുവിന്റെ നാളിലെ യഹൂദന്മാർ ഒരു ചടങ്ങെന്ന നിലയിൽ വാരത്തിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. (മത്തായി 6:16-18; ലൂക്കൊസ് 18:11, 12) അവരുടെ മതനേതാക്കന്മാരിൽ പലരും പരുഷമായും അധികാരഭാവത്തോടെയും പെരുമാറിക്കൊണ്ട് യെശയ്യാവിന്റെ തലമുറയിൽ പെട്ടവരെ അനുകരിക്കുന്നു. അതിനാൽ, ആ കപടഭക്തിക്കാരെ യേശു ധൈര്യപൂർവം തുറന്നുകാട്ടുകയും അവരുടെ ആരാധന വ്യർഥമാണെന്നു പറയുകയും ചെയ്യുന്നു. (മത്തായി 15:7-9) ഇന്നും ദശലക്ഷക്കണക്കിന് ആളുകൾ “ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിന്നും കൊള്ളാത്തവരുമാകുന്നു.” (തീത്തൊസ് 1:16) അത്തരക്കാർ ദൈവത്തിന്റെ കരുണ ലഭിക്കാൻ ആഗ്രഹിച്ചേക്കാമെങ്കിലും, അവരുടെ നടത്ത ആത്മാർഥതയില്ലായ്മയെ വെളിപ്പെടുത്തുന്നു. അതിൽനിന്നു ഭിന്നമായി, യഹോവയുടെ സാക്ഷികൾ യഥാർഥ ദൈവഭക്തിയും സഹോദരസ്നേഹവും പ്രകടമാക്കുന്നു.—യോഹന്നാൻ 13:35.
യഥാർഥ അനുതാപത്തിൽ ഉൾപ്പെട്ടിരിക്കുന്നത്
8, 9. ആത്മാർഥമായ അനുതാപത്തോടൊപ്പം ശരിയായ എന്തു നടപടികളും ആവശ്യമാണ്?
8 ജനം തങ്ങളുടെ പാപങ്ങളെപ്രതി ഉപവസിക്കുന്നതിലധികം ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു; അവർ അനുതപിക്കണമെന്നതാണ് അവന്റെ ആഗ്രഹം. അപ്പോൾ അവർക്ക് അവന്റെ പ്രീതി ലഭിക്കും. (യെഹെസ്കേൽ 18:23, 32) ഉപവാസം അർഥവത്തായിരിക്കണമെങ്കിൽ, കഴിഞ്ഞകാല പാപങ്ങൾ തിരുത്തേണ്ടതുണ്ടെന്ന് അവൻ വിശദീകരിക്കുന്നു. ഹൃദയത്തെ ശോധന ചെയ്യുന്ന വിധത്തിൽ യഹോവ ചോദിക്കുന്ന ചോദ്യം പരിചിന്തിക്കുക: “അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?”—യെശയ്യാവു 58:6.
9 ബന്ധനങ്ങളും നുകങ്ങളും കഠിനമായ അടിമത്തത്തിന്റെ ഉചിതമായ പ്രതീകങ്ങളാണ്. ഉപവസിക്കുകയും അതേസമയം സഹവിശ്വാസികളെ മർദിക്കുകയും ചെയ്യുന്നതിനു പകരം, “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന കൽപ്പന അവർ അനുസരിക്കേണ്ടതാണ്. (ലേവ്യപുസ്തകം 19:18) തങ്ങൾ അടിച്ചമർത്തിയിരിക്കുന്ന, അന്യായമായി അടിമകളാക്കി വെച്ചിരിക്കുന്ന സകലരെയും അവർ വിമോചിപ്പിക്കേണ്ടതുണ്ട്. a ഉപവാസം പോലുള്ള ബാഹ്യമായ മതചടങ്ങുകൾ യഥാർഥ ദൈവികഭക്തിക്കും സഹോദരസ്നേഹം പ്രകടമാക്കുന്നതിനും പകരമാകുന്നില്ല. യെശയ്യാവിന്റെ ഒരു സമകാലികനായ മീഖാ പ്രവാചകൻ ഇങ്ങനെ എഴുതുന്നു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?”—മീഖാ 6:8.
10, 11. (എ) യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഉപവസിക്കുന്നതിനെക്കാൾ ഏറെ മെച്ചം എന്താണ്? (ബി) യഹൂദന്മാരോടുള്ള യഹോവയുടെ ബുദ്ധിയുപദേശം ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ ബാധകമാക്കാനാകും?
10 മറ്റുള്ളവർക്കു നന്മ ചെയ്യാൻ നീതിയും ദയയും എളിമയും ആവശ്യമാണ്. അതാണ് യഹോവയുടെ ന്യായപ്രമാണത്തിന്റെ രത്നച്ചുരുക്കവും. (മത്തായി 7:12) ഉപവസിക്കുന്നതിനെക്കാൾ ഏറെ മെച്ചമായിരിക്കും തങ്ങളുടെ വസ്തുവകകൾ ദരിദ്രരുമായി പങ്കുവെക്കുന്നത്. യഹോവ ചോദിക്കുന്നു: “[ഞാൻ തിരഞ്ഞെടുക്കുന്ന ഉപവാസം] വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?” (യെശയ്യാവു 58:7) അതേ, ഉപവസിക്കുന്നു എന്ന് പുറമേ കാണിക്കുന്നതിനു പകരം, വകയുള്ളവർ യഹൂദയിലെ തങ്ങളുടെ ദരിദ്രരായ സഹനിവാസികൾക്ക്—സ്വന്തം മാംസവും രക്തവും ആയിരിക്കുന്നവർക്ക്—ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽകേണ്ടതാണ്.
11 സഹോദര സ്നേഹത്തിന്റെയും യഹോവ പ്രകടമാക്കിയ അനുകമ്പയുടെയും ഉദാത്തമായ ആ തത്ത്വങ്ങൾ യെശയ്യാവിന്റെ കാലത്തെ യഹൂദന്മാർക്കു മാത്രമല്ല ബാധകമാകുന്നത്. അവ ഇന്നു ക്രിസ്ത്യാനികൾക്കും വഴികാട്ടിയായി ഉതകുന്നു. അതിനാൽ പൗലൊസ് അപ്പൊസ്തലൻ ഇപ്രകാരം എഴുതി: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.” (ഗലാത്യർ 6:10) നാം ഇന്ന് ജീവിക്കുന്നത് ദുർഘടകാലത്ത് ആയതിനാൽ, ക്രിസ്തീയ സഭ സ്നേഹത്തിന്റെയും സഹോദരപ്രീതിയുടെയും ഒരു സങ്കേതം ആയിരിക്കണം.—2 തിമൊഥെയൊസ് 3:1; യാക്കോബ് 1:27.
അനുസരണം സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു
12. തന്റെ ജനം തന്നെ അനുസരിക്കുന്നെങ്കിൽ, യഹോവ എന്തു ചെയ്യും?
12 യഹോവയുടെ സ്നേഹപുരസ്സരമായ ശാസന കേൾക്കാനുള്ള ഉൾക്കാഴ്ച അവന്റെ ജനത്തിന് ഉണ്ടായിരുന്നെങ്കിൽ! യഹോവ പറയുന്നു: “അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും. അപ്പോൾ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും.” (യെശയ്യാവു 58:8, 9എ) എത്ര ഊഷ്മളവും ഹൃദ്യവുമായ വാക്കുകൾ! സ്നേഹദയയിലും നീതിയിലും സന്തോഷിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. യഹോവയുടെ ജനം തങ്ങളുടെ മത്സരവും കാപട്യവും സംബന്ധിച്ച് അനുതപിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ, അവർക്കു കാര്യങ്ങൾ ഏറെ ശോഭനമായിത്തീരും. യഹോവ ആ ജനതയ്ക്ക് ആത്മീയവും ശാരീരികവുമായ ‘പൊറുതി വരുത്തും.’ ഈജിപ്ത് വിട്ടുപോന്ന അവരുടെ പൂർവപിതാക്കന്മാരെ സംരക്ഷിച്ചതു പോലെ, അവൻ അവരെ സംരക്ഷിക്കും. സഹായത്തിനുള്ള അവരുടെ നിലവിളികളോട് അവൻ സത്വരം പ്രതികരിക്കും.—പുറപ്പാടു 14:19, 20, 31.
13. യഹോവയുടെ ബോധനത്തിനു ചെവി കൊടുക്കുന്നെങ്കിൽ, എന്തെല്ലാം അനുഗ്രഹങ്ങൾ യഹൂദന്മാരെ കാത്തിരിക്കുന്നു?
13 തന്റെ മുൻ ഉദ്ബോധനത്തിനു പുറമേ യഹോവ ഇങ്ങനെ പറയുന്നു: “[ക്രൂരമായ, നീതികെട്ട അടിമത്തത്തിന്റെ] നുകവും [ഒരുപക്ഷേ, പരിഹസിച്ച് അല്ലെങ്കിൽ വ്യാജമായ ആരോപണം നടത്തി] വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നംപോലെയാകും.” (യെശയ്യാവു 58:9ബി, 10) സ്വാർഥതയും പാരുഷ്യവും കൊണ്ട് വിപരീത ഫലങ്ങളേ ഉണ്ടാകൂ. അതു ദൈവകോപം വരുത്തിവെക്കുകയും ചെയ്യും. എന്നാൽ വിശേഷിച്ച് ദരിദ്രരോടും പീഡിതരോടും പ്രകടമാക്കുന്ന ദയയും ഔദാര്യവും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും. യഹൂദന്മാർ ഈ സത്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചിരുന്നെങ്കിൽ! അപ്പോൾ സകലതരം അന്ധകാരവും നീക്കിക്കൊണ്ട് മധ്യാഹ്ന സൂര്യനെ പോലെ പ്രകാശിക്കാൻ അവരുടെ ആത്മീയ പ്രഭയും ഐശ്വര്യവും ഇടയാക്കും. സർവോപരി, തങ്ങളുടെ മഹത്ത്വത്തിന്റെയും അനുഗ്രഹങ്ങളുടെയും ഉറവായ യഹോവയ്ക്ക് അതു സ്തുതിയും മഹത്ത്വവും കരേറ്റും.—1 രാജാക്കന്മാർ 8:41-43.
ഒരു ജനത പുനഃസ്ഥിതീകരിക്കപ്പെടുന്നു
14. (എ) യെശയ്യാവിന്റെ സമകാലികർ അവന്റെ വാക്കുകളോട് പ്രതികരിക്കുന്നത് എങ്ങനെ? (ബി) യഹോവ എന്തു പ്രത്യാശ നൽകുന്നു?
14 ദുഃഖകരമെന്നു പറയട്ടെ, ആ ജനത യഹോവയുടെ ആഹ്വാനം അവഗണിക്കുകയും കൂടുതൽ കൂടുതൽ ദുഷ്ടത പ്രവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെ, മുൻകൂട്ടി പറഞ്ഞതു പോലെ അവരെ പ്രവാസത്തിലേക്ക് അയയ്ക്കാൻ യഹോവ നിർബന്ധിതനാകുന്നു. (ആവർത്തനപുസ്തകം 28:15, 36, 37, 64, 65) എന്നിരുന്നാലും, യെശയ്യാവ് മുഖാന്തരമുള്ള യഹോവയുടെ അടുത്ത വാക്കുകൾ തുടർന്നും പ്രത്യാശ പകരുന്നു. യഹൂദാദേശം ശൂന്യമായി കിടക്കുന്നെങ്കിൽ പോലും ശിക്ഷണം സ്വീകരിച്ച, അനുതാപമുള്ള ഒരു ശേഷിപ്പ് സന്തോഷത്തോടെ അവിടേക്കു മടങ്ങിവരുമെന്ന് ദൈവം പ്രവചിക്കുന്നു.
15. യഹോവ സന്തോഷകരമായ എന്തു പുനഃസ്ഥിതീകരണത്തെ കുറിച്ച് മുൻകൂട്ടി പറയുന്നു?
15 പൊ.യു.മു. 537-ൽ തന്റെ ജനത്തിന്റെ പുനഃസ്ഥിതീകരണത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് യെശയ്യാവ് മുഖാന്തരം യഹോവ പറയുന്നു: “യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ളതോട്ടംപോലെയും വെള്ളം വററിപ്പോകാത്ത നീരുറവുപോലെയും ആകും.” (യെശയ്യാവു 58:11) യഹോവ ഇസ്രായേലിന്റെ വരണ്ട നിലത്തെ സമൃദ്ധമായ ഫലം പുറപ്പെടുവിക്കുന്ന ഒന്നാക്കി മാറ്റും. അതിലുമേറെ അത്ഭുതകരമായി, ആത്മീയമായി നിർജീവമായ ഒരു അവസ്ഥയിൽനിന്ന് ഊർജസ്വലമായ ഒരു അവസ്ഥയിലേക്ക് വരുത്തിക്കൊണ്ട് അവൻ അനുതാപമുള്ളവരെ അനുഗ്രഹിക്കുകയും അവരുടെ “അസ്ഥികളെ” ബലപ്പെടുത്തുകയും ചെയ്യും. (യെഹെസ്കേൽ 37:1-14) ആളുകൾ ആത്മീയ ഫലം നിറഞ്ഞ “നനവുള്ള തോട്ടം” പോലെ ആയിത്തീരും.
16. ദേശം എങ്ങനെ പുനഃസ്ഥാപിക്കപ്പെടും?
16 ബാബിലോണിയൻ ആക്രമണകാരികൾ പൊ.യു.മു. 607-ൽ നശിപ്പിച്ച നഗരങ്ങൾ പുനർനിർമിക്കുന്നതും പുനഃസ്ഥിതീകരണ പ്രവർത്തനത്തിൽ ഉൾപ്പെടും. “നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും [“വിള്ളലുകൾ പോക്കുന്നവൻ,” “ഓശാന ബൈ.”] കുടിയിരിപ്പാൻതക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.” (യെശയ്യാവു 58:12) ‘പുരാതനശൂന്യങ്ങൾ,’ ‘തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങൾ’ (അല്ലെങ്കിൽ തലമുറകളായി ശൂന്യശിഷ്ടങ്ങളായി കിടക്കുന്ന അടിസ്ഥാനങ്ങൾ) എന്നീ സമാന്തര പ്രയോഗങ്ങൾ, തിരിച്ചെത്തുന്ന ശേഷിപ്പ് യഹൂദാ നഗരങ്ങൾ, വിശേഷിച്ച് യെരൂശലേം പുനർനിർമിക്കുമെന്നു പ്രകടമാക്കുന്നു. (നെഹെമ്യാവു 2:5; 12:27; യെശയ്യാവു 44:28) അവർ യെരൂശലേമിലെയും നിസ്സംശയമായും യഹൂദയിലെ മറ്റു നഗരങ്ങളിലെയും മതിലുകളിലെ “വിള്ളലുകൾ” കേടുപോക്കും.—യിരെമ്യാവു 31:38-40; ആമോസ് 9:14.
വിശ്വസ്തമായ ശബത്താചരണത്തിൽനിന്നു ലഭിക്കുന്ന അനുഗ്രഹങ്ങൾ
17. ശബത്തു നിയമങ്ങൾ അനുസരിക്കാൻ യഹോവ തന്റെ ജനത്തോട് ആഹ്വാനം ചെയ്യുന്നത് എങ്ങനെ?
17 തന്റെ ജനത്തിന്റെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിലുള്ള യഹോവയുടെ ആഴമായ താത്പര്യത്തിന്റെ ഒരു പ്രകടനമായിരുന്നു ശബത്ത്. “ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ [“മനുഷ്യനു വേണ്ടിയത്രേ,” NW] ഉണ്ടായതു” എന്ന് യേശു പറഞ്ഞു. (മർക്കൊസ് 2:27) യഹോവ വിശുദ്ധീകരിച്ച ഈ ദിവസം ദൈവത്തോടുള്ള തങ്ങളുടെ സ്നേഹം പ്രകടമാക്കാൻ ഇസ്രായേല്യർക്ക് അവസരം പ്രദാനം ചെയ്തു. എന്നാൽ ദുഃഖകരമെന്നേ പറയേണ്ടു, യെശയ്യാവിന്റെ കാലം ആയപ്പോഴേക്കും വ്യർഥ ചടങ്ങുകൾ നടത്തുന്നതിനും സ്വാർഥ മോഹങ്ങൾ നിവർത്തിക്കുന്നതിനും ഉള്ള ഒരു ദിവസമായി അതു മാറിക്കഴിഞ്ഞിരുന്നു. അതിനാൽ യഹോവയ്ക്ക് വീണ്ടും തന്റെ ജനത്തെ കുറ്റം വിധിക്കേണ്ടതായി വരുന്നു. തങ്ങളുടെ തെറ്റ് അവരെ ബോധ്യപ്പെടുത്താൻ അവൻ ശ്രമിക്കുന്നു. യഹോവ പറയുന്നു: “നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും; ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേററി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.”—യെശയ്യാവു 58:13, 14.
18. ശബത്തിനെ ആദരിക്കാൻ യഹൂദ പരാജയപ്പെട്ടാൽ അതിന്റെ ഫലം എന്തായിരിക്കും?
18 ആത്മീയ ധ്യാനത്തിനും പ്രാർഥനയ്ക്കും കുടുംബ ആരാധനയ്ക്കുമുള്ള ഒരു സമയമാണ് ശബത്ത്. തങ്ങൾക്കായി യഹോവ ചെയ്ത വിസ്മയകരമായ കാര്യങ്ങളെയും അവന്റെ ന്യായപ്രമാണത്തിൽ വ്യക്തമാക്കിയിരിക്കുന്ന നീതിയെയും സ്നേഹത്തെയും കുറിച്ച് ധ്യാനിക്കാൻ അത് യഹൂദന്മാരെ സഹായിക്കണം. അങ്ങനെ ആ വിശുദ്ധ ദിവസത്തിന്റെ ആചരണം ദൈവത്തോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കേണ്ടതാണ്. എന്നാൽ അവരാകട്ടെ ശബത്തിനെ വികലമാക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് അവർക്ക് യഹോവയിൽ നിന്നുള്ള അനുഗ്രഹം ലഭിക്കാതെ പോയേക്കാം.—ലേവ്യപുസ്തകം 26:34; 2 ദിനവൃത്താന്തം 36:21.
19. ദൈവജനത വീണ്ടും ശബത്ത് ആചരിക്കുകയാണെങ്കിൽ, അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
19 യഹൂദന്മാർ ശിക്ഷണത്തിൽനിന്നു പാഠം പഠിക്കുകയും ശബത്തു ക്രമീകരണത്തെ വീണ്ടും ആദരിക്കുകയും ചെയ്താൽ അവർക്കു സമൃദ്ധമായ അനുഗ്രഹങ്ങളായിരിക്കും ലഭിക്കുക. സത്യാരാധനയുടെ നല്ല ഫലങ്ങളും ശബത്തിനോടുള്ള ആദരവും അവരുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വ്യാപിക്കും. (ആവർത്തനപുസ്തകം 28:1-13; സങ്കീർത്തനം 19:7-11) ഉദാഹരണത്തിന്, യഹോവ തന്റെ ജനത്തെ ‘ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേററി ഓടുമാറാക്കും.’ ഈ പ്രയോഗം സുരക്ഷിതത്വത്തെയും ശത്രുക്കളുടെ മേലുള്ള ജയത്തെയും സൂചിപ്പിക്കുന്നു. ഉന്നത സ്ഥലങ്ങളെ—കുന്നുകളെയും പർവതങ്ങളെയും—നിയന്ത്രിച്ചിരുന്നത് ആരാണോ അവർക്കായിരുന്നു ദേശത്തിന്മേൽ അവകാശം. (ആവർത്തനപുസ്തകം 32:13; 33:29) ഒരുകാലത്ത് ഇസ്രായേൽ യഹോവയെ അനുസരിച്ചിരുന്നു. അപ്പോൾ അവർക്ക് അവന്റെ സംരക്ഷണം ഉണ്ടായിരുന്നു, മറ്റു ജനതകൾ അവരെ ആദരിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നു. (യോശുവ 2:9-11; 1 രാജാക്കന്മാർ 4:20, 21) അവർ വീണ്ടും അനുസരണത്തോടെ യഹോവയിലേക്കു തിരിഞ്ഞാൽ, അവർക്കുണ്ടായിരുന്ന പൂർവ മഹത്ത്വത്തിൽ അൽപ്പം തിരിച്ചുകിട്ടും. യഹോവ തന്റെ ജനത്തിന് “യാക്കോബിന്റെ അവകാശ”ത്തിൽ—ദൈവത്തിന്റെ ഉടമ്പടി മുഖാന്തരം പൂർവ പിതാക്കന്മാരോട് വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങളിൽ, വിശേഷാൽ വാഗ്ദത്തദേശം തീർച്ചയായും നൽകുമെന്ന അനുഗ്രഹത്തിൽ—ഒരു പൂർണ പങ്കു നൽകും.—സങ്കീർത്തനം 105:8-11.
20. ക്രിസ്ത്യാനികൾക്കുള്ള “ശബ്ബത്തനുഭവം” എന്താണ്?
20 ഇതിൽ ക്രിസ്ത്യാനികൾക്ക് ഒരു പാഠമുണ്ടോ? യേശു മരിച്ചപ്പോൾ ശബത്തു നിബന്ധനകൾ ഉൾപ്പെടുന്ന മോശൈക ന്യായപ്രമാണം നീങ്ങിപ്പോയി. (കൊലൊസ്സ്യർ 2:16, 17) എന്നിരുന്നാലും, ശബത്താചരണം യഹൂദരിൽ ഉളവാക്കേണ്ടിയിരുന്ന ആ മനോഭാവം—ആത്മീയ താത്പര്യങ്ങൾ ഒന്നാമതു വെക്കുന്നതും യഹോവയോട് അടുത്തുചെല്ലുന്നതും—യഹോവയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും മർമപ്രധാനമാണ്. (മത്തായി 6:33; യാക്കോബ് 4:8) മാത്രമല്ല, എബ്രായർക്കുള്ള ലേഖനത്തിൽ പൗലൊസ് ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.” യഹോവയെ അനുസരിച്ചുകൊണ്ടും യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലെ വിശ്വാസത്തിൽ അധിഷ്ഠിതമായ നീതി പിന്തുടർന്നുകൊണ്ടും ക്രിസ്ത്യാനികൾ “ശബ്ബത്തനുഭവ”ത്തിൽ പ്രവേശിക്കുന്നു. (എബ്രായർ 3:12, 18, 19; 4:6, 9-11, 14-16) ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ശബത്താചരണം ആഴ്ചയിൽ ഒരിക്കലല്ല, പിന്നെയോ ദിവസവും ഉള്ളതാണ്.—കൊലൊസ്സ്യർ 3:23, 24.
ആത്മീയ ഇസ്രായേൽ ‘ദേശത്തെ ഉന്നതങ്ങളിൽ ഓടുന്നു’
21, 22. ഏതു വിധത്തിൽ യഹോവ ദൈവത്തിന്റെ ഇസ്രായേലിനെ ‘ദേശത്തെ ഉന്നതങ്ങളിൽ ഓടുമാറാക്കിയിരിക്കുന്നു’?
21 ബാബിലോണിയൻ പ്രവാസത്തിൽനിന്ന് 1919-ൽ വിടുവിക്കപ്പെട്ടതു മുതൽ, ശബത്തിനാൽ മുൻനിഴലാക്കപ്പെട്ടത് അഭിഷിക്ത ക്രിസ്ത്യാനികൾ വിശ്വസ്തയോടെ പിൻപറ്റിയിരിക്കുന്നു. തത്ഫലമായി, യഹോവ അവരെ ‘ദേശത്തെ ഉന്നതങ്ങളിൽ ഓടുമാറാക്കിയിരിക്കുന്നു.’ ഏത് അർഥത്തിൽ? അനുസരണം പ്രകടമാക്കുന്നെങ്കിൽ, അവർ ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആയിത്തീരുമെന്ന് പൊ.യു.മു. 1513-ൽ അബ്രാഹാമിന്റെ സന്തതികളുമായി യഹോവ ഒരു ഉടമ്പടി ചെയ്തിരുന്നു. (പുറപ്പാടു 19:5, 6) അവർ മരുഭൂമിയിൽ ആയിരുന്ന 40 വർഷക്കാലം, ഒരു കഴുകൻ അതിന്റെ കുഞ്ഞുങ്ങളെ വഹിക്കുന്നതു പോലെ യഹോവ അവരെ സുരക്ഷിതമായി വഹിക്കുകയും സമൃദ്ധമായ കരുതലുകളാൽ അവരെ അനുഗ്രഹിക്കുകയും ചെയ്തു. (ആവർത്തനപുസ്തകം 32:10-12) എന്നാൽ, ആ ജനതയ്ക്കു വിശ്വാസമില്ലാതെ പോയി. അങ്ങനെ അവർക്ക് തങ്ങളുടെ എല്ലാ പദവികളും നഷ്ടമായി. എങ്കിലും, ഇന്ന് യഹോവയ്ക്ക് ഒരു പുരോഹിതരാജ്യമുണ്ട്. അതു ദൈവത്തിന്റെ ആത്മീയ ഇസ്രായേലാണ്.—ഗലാത്യർ 6:16; 1 പത്രൊസ് 2:9.
22 ‘അന്ത്യകാലത്ത്’ ഈ ആത്മീയ ജനത, പുരാതനകാലത്തെ ഇസ്രായേൽ ചെയ്യാൻ പരാജയപ്പെട്ടത് എന്താണോ അതു ചെയ്തിരിക്കുന്നു. അവർ യഹോവയിൽ വിശ്വാസം പ്രകടമാക്കിയിരിക്കുന്നു. (ദാനീയേൽ 8:17) യഹോവയുടെ ഉന്നതമായ നിലവാരങ്ങളും വഴികളും അവർ കർശനമായി പിൻപറ്റവേ, ഒരു ആത്മീയ അർഥത്തിൽ യഹോവ അവരെ ഉന്നതങ്ങളിൽ നടക്കുമാറാക്കുന്നു. (സദൃശവാക്യങ്ങൾ 4:4, 5, 8; വെളിപ്പാടു 11:12) ചുറ്റുമുള്ള അശുദ്ധിയിൽനിന്നു സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവർ ഉയർന്ന ഒരു ജീവിതരീതി ആസ്വദിക്കുന്നു. മാത്രമല്ല, സ്വന്തം വഴികളിൽ നടക്കുന്നതിനു പകരം അവർ ‘യഹോവയിലും’ അവന്റെ വചനത്തിലും ‘രസിക്കുന്നു.’ (സങ്കീർത്തനം 37:4) ലോകവ്യാപകമായി കടുത്ത എതിർപ്പ് നേരിടുന്നെങ്കിലും, യഹോവ അവരെ ആത്മീയമായി സംരക്ഷിച്ചിരിക്കുന്നു. 1919 മുതൽ അവരുടെ ആത്മീയ “ദേശ”ത്തിന്മേൽ ഹാനി വരുത്താൻ ആർക്കും കഴിഞ്ഞിട്ടില്ല. (യെശയ്യാവു 66:8) അവർ അവന്റെ ഉന്നതമായ നാമത്തിനു വേണ്ടിയുള്ള ഒരു ജനമായി തുടരുന്നു, അവർ ആ നാമം ലോകവ്യാപകമായി ഘോഷിക്കുകയും ചെയ്യുന്നു. (ആവർത്തനപുസ്തകം 32:2; പ്രവൃത്തികൾ 15:14) മാത്രമല്ല, സകല ജനതകളിലും നിന്നുള്ള സൗമ്യരുടെ വർധിച്ചുവരുന്ന ഒരു കൂട്ടം യഹോവയുടെ വഴികൾ പഠിക്കുകയും അവന്റെ പാതകളിൽ നടക്കുകയും ചെയ്യുകയെന്ന മഹത്തായ പദവിയിൽ പങ്കുപറ്റുന്നു.
23. അഭിഷിക്ത ദാസർ “യാക്കോബിന്റെ അവകാശ”ത്തിൽനിന്നു ഭക്ഷിക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നത് എങ്ങനെ?
23 തന്റെ അഭിഷിക്ത ദാസർ “യാക്കോബിന്റെ അവകാശ”ത്തിൽനിന്നു ഭക്ഷിക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നു. ഗോത്രപിതാവായ ഇസ്ഹാക്, ഏശാവിനു പകരം യാക്കോബിനെ അനുഗ്രഹിച്ചപ്പോൾ അബ്രാഹാമിന്റെ വാഗ്ദത്ത സന്തതിയിൽ വിശ്വാസം പ്രകടമാക്കുന്ന സകലർക്കും ലഭിക്കാൻ പോകുന്ന അനുഗ്രഹങ്ങളെ കുറിച്ചു മുൻകൂട്ടി പറഞ്ഞു. (ഉല്പത്തി 27:27-29; ഗലാത്യർ 3:16, 17) യാക്കോബിനെ പോലെ—ഏശാവിനെ പോലെ അല്ല—അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ സഹകാരികളും ‘വിശുദ്ധ കാര്യങ്ങളെ,’ വിശേഷാൽ ദൈവം സമൃദ്ധമായി പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണത്തെ, ‘വിലമതിക്കുന്നു.’ (എബ്രായർ 12:16, 17, NW; മത്തായി 4:4) ഈ ആത്മീയ ഭക്ഷണം—വാഗ്ദത്ത സന്തതിയും ആ സന്തതിയുടെ സഹകാരികളും മുഖാന്തരം യഹോവ നിവർത്തിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച പരിജ്ഞാനം അതിൽ ഉൾപ്പെടുന്നു—ശക്തി പകരുന്നതും ഉത്തേജനം നൽകുന്നതും ആത്മീയ ജീവനു മർമപ്രധാനവുമാണ്. അതിനാൽ ദൈവവചനം വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്തുകൊണ്ട് ആത്മീയ പോഷണം തുടർച്ചയായി ഉൾക്കൊള്ളുന്നതു വളരെ പ്രധാനമാണ്. (സങ്കീർത്തനം 1:1-3) ക്രിസ്തീയ യോഗങ്ങളിൽ സഹവിശ്വാസികളുമൊത്ത് സഹവസിക്കുന്നതും സുപ്രധാനമാണ്. മറ്റുള്ളവരുമായി സന്തോഷപൂർവം ആത്മീയ പോഷണം പങ്കുവെക്കവേ, നിർമലാരാധനയുടെ ഉന്നത നിലവാരങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.
24. ഇന്ന് സത്യക്രിസ്ത്യാനികളുടെ നടത്ത എങ്ങനെയുള്ളതാണ്?
24 യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തി കാണാൻ ആകാംക്ഷാപൂർവം കാത്തിരിക്കവേ, സത്യക്രിസ്ത്യാനികൾ എല്ലാത്തരം കപടഭക്തിയും വർജിക്കുമാറാകട്ടെ. ‘യാക്കോബിന്റെ അവകാശത്താൽ’ പോഷിപ്പിക്കപ്പെടവേ, ‘ദേശത്തിലെ ഉന്നതങ്ങളിലെ’ ആത്മീയ സുരക്ഷിതത്വം അവർ തുടർന്നും ആസ്വദിക്കുമാറാകട്ടെ.
[അടിക്കുറിപ്പ്]
a കടം മൂലം തങ്ങളെത്തന്നെ അടിമത്തത്തിലേക്കു വിൽക്കേണ്ടിവന്ന—ഫലത്തിൽ കൂലിക്കെടുക്കപ്പെടുന്ന തൊഴിലാളികൾ ആയിത്തീർന്ന—തന്റെ ജനത്തിൽ പെട്ടവരുടെ കടം വീട്ടാൻ യഹോവ കരുതൽ ചെയ്തു. (ലേവ്യപുസ്തകം 25:39-43) അടിമകളോട് ദയാപുരസ്സരം ഇടപെടാൻ ന്യായപ്രമാണം വ്യവസ്ഥ ചെയ്തു. മൃഗീയ പെരുമാറ്റത്തിനു വിധേയരാകുന്നവരെ സ്വതന്ത്രരാക്കണമായിരുന്നു.—പുറപ്പാടു 21:2, 3, 26, 27; ആവർത്തനപുസ്തകം 15:12-15.
[അധ്യയന ചോദ്യങ്ങൾ]
[278-ാം പേജിലെ ചിത്രം]
കപടമായി അനുതാപം പ്രകടമാക്കിക്കൊണ്ട് യഹൂദന്മാർ ഉപവസിക്കുകയും തലകൾ കുമ്പിടുകയും ചെയ്തു—എന്നാൽ അവർ തങ്ങളുടെ വഴികൾക്കു മാറ്റം വരുത്തിയില്ല
[283-ാം പേജിലെ ചിത്രം]
വകയുള്ളവർ പാവപ്പെട്ടവർക്ക് പാർപ്പിടവും വസ്ത്രവും ഭക്ഷണവും നൽകുവിൻ
[286-ാം പേജിലെ ചിത്രം]
യഹൂദ അനുതപിച്ചാൽ, അവൾക്ക് തന്റെ നശിപ്പിക്കപ്പെട്ട നഗരങ്ങൾ വീണ്ടും പണിയാനാകും