വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജാവും പ്രഭുക്കന്മാരും

രാജാവും പ്രഭുക്കന്മാരും

അധ്യായം ഇരുപ​ത്തഞ്ച്‌

രാജാ​വും പ്രഭു​ക്ക​ന്മാ​രും

യെശയ്യാവു 32:1-20

1, 2. യെശയ്യാ​വി​ന്റെ ചാവു​കടൽ ചുരു​ളി​ലെ പാഠഭാ​ഗത്തെ കുറിച്ച്‌ എന്തു പറയാൻ സാധി​ക്കും?

 പാലസ്‌തീ​നിൽ, ചാവു​ക​ട​ലി​നു സമീപ​ത്തുള്ള ഗുഹക​ളിൽനിന്ന്‌ 1940-കളുടെ അവസാ​ന​ത്തോ​ട​ടുത്ത്‌ പ്രധാ​ന​പ്പെട്ട നിരവധി ചുരു​ളു​കൾ കണ്ടെടു​ക്കു​ക​യു​ണ്ടാ​യി. ചാവു​കടൽ ചുരു​ളു​കൾ എന്ന്‌ അറിയ​പ്പെ​ടുന്ന അവ, പൊ.യു.മു. 200-നും പൊ.യു. 70-നും ഇടയ്‌ക്ക്‌ എഴുതി​യ​വ​യാ​ണെന്നു കരുത​പ്പെ​ടു​ന്നു. ഈടു​നിൽക്കുന്ന തുകലിൽ എബ്രായ ഭാഷയിൽ എഴുത​പ്പെട്ട യെശയ്യാ​വി​ന്റെ ചുരു​ളാണ്‌ അക്കൂട്ട​ത്തിൽ ഏറ്റവും പ്രസി​ദ്ധ​മാ​യത്‌. യെശയ്യാ​വി​ന്റെ മുഴു പുസ്‌ത​ക​വും​തന്നെ ആ ചുരു​ളിൽ അടങ്ങി​യി​രി​ക്കു​ന്നു എന്നു പറയാം. ഇതിനു മാസൊ​രി​റ്റിക്‌ പാഠങ്ങ​ളു​ടെ കയ്യെഴു​ത്തു​പ്ര​തി​ക​ളെ​ക്കാൾ ഏകദേശം 1,000 വർഷം പഴക്കമുണ്ട്‌. എന്നുവ​രി​കി​ലും, ഈ രണ്ടു പാഠഭാ​ഗ​ങ്ങ​ളും തമ്മിൽ കാര്യ​മായ വ്യത്യാ​സ​മൊ​ന്നു​മില്ല. അതിനാൽ, ബൈബി​ളി​ലെ വിവരങ്ങൾ അതേപടി നമുക്കു ലഭിച്ചി​രി​ക്കു​ന്നു എന്നതിന്റെ തെളി​വാണ്‌ ഈ ചാവു​കടൽ ചുരുൾ.

2 യെശയ്യാവിന്റെ ചാവു​കടൽ ചുരു​ളിൽ ഒരു പ്രത്യേ​കത കണ്ടെത്താ​നാ​കും. അതിൽ, ഇന്നു നാം ബൈബി​ളിൽ കാണുന്ന യെശയ്യാ​വു 32-ാം അധ്യായം വരുന്ന ഭാഗം ഒരു ശാസ്‌ത്രി അതിന്റെ മാർജി​നിൽ “X” അടയാളം ഇട്ട്‌ വേർതി​രി​ച്ചി​രി​ക്കു​ന്നു. എന്തിനാണ്‌ അദ്ദേഹം അങ്ങനെ ചെയ്‌തത്‌ എന്നു നമുക്ക​റി​ഞ്ഞു​കൂ​ടാ. എന്നാൽ ഒരു കാര്യം നമുക്ക​റി​യാം, വിശുദ്ധ ബൈബി​ളി​ലെ ഈ ഭാഗത്തിന്‌ ഒരു പ്രത്യേ​ക​ത​യുണ്ട്‌.

നീതി​യോ​ടെ​യും ന്യായ​ത്തോ​ടെ​യു​മുള്ള ഭരണം

3. യെശയ്യാ​വു, വെളി​പ്പാ​ടു എന്നീ ബൈബിൾ പുസ്‌ത​ക​ങ്ങ​ളിൽ എന്തു ഭരണ​ക്ര​മീ​ക​ര​ണത്തെ കുറിച്ചു പ്രവചി​ച്ചി​രി​ക്കു​ന്നു?

3 നമ്മുടെ നാളിൽ ശ്രദ്ധേ​യ​മായ വിധത്തിൽ നിവൃ​ത്തി​യേ​റി​യി​രി​ക്കുന്ന ഹൃദയ​ഹാ​രി​യായ ഒരു പ്രവച​ന​ത്തോ​ടെ​യാണ്‌ യെശയ്യാ​വു 32-ാം അധ്യായം തുടങ്ങു​ന്നത്‌. “കണ്ടാലും! ഒരു രാജാവ്‌ ധർമി​ഷ്‌ഠ​ത​യോ​ടെ ഭരിക്കും; പ്രഭു​ക്ക​ന്മാർ നീതി​പൂർവം ഭരണം നടത്തും.” (യെശയ്യാ​വു 32:1, “ഓശാന ബൈ.”) “കണ്ടാലും!” ആശ്ചര്യ​സൂ​ച​ക​മായ ഈ ഉദ്‌ഘോ​ഷം ബൈബി​ളി​ലെ അവസാ​നത്തെ പ്രാവ​ച​നിക പുസ്‌ത​ക​ത്തി​ലുള്ള സമാന​മായ ഒരു ഉദ്‌ഘോ​ഷത്തെ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്നു: ‘സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നവൻ: ഇതാ, ഞാൻ സകലവും പുതു​താ​ക്കു​ന്നു എന്നു അരുളി​ച്ചെ​യ്‌തു.’ (വെളി​പ്പാ​ടു 21:5) യെശയ്യാ പുസ്‌തകം എഴുതി 900 വർഷത്തി​നു ശേഷമാണ്‌ വെളി​പ്പാ​ടു പുസ്‌തകം എഴുത​പ്പെ​ടു​ന്ന​തെ​ങ്കി​ലും, ഈ രണ്ടു ബൈബിൾ പുസ്‌ത​ക​ങ്ങ​ളും ഒരു “പുതിയ ആകാശ”ത്തെയും ഒരു “പുതിയ ഭൂമി”യെയും കുറി​ച്ചുള്ള ഹൃദ​യോ​ഷ്‌മ​ള​മായ വിവരണം നൽകുന്നു. 1914-ൽ രാജാ​വാ​യി അവരോ​ധി​ക്ക​പ്പെട്ട യേശു​ക്രി​സ്‌തു​വും “ഭൂമി​യിൽനി​ന്നു വിലെക്കു വാങ്ങിയ” 1,44,000 സഹഭര​ണാ​ധി​പ​ന്മാ​രും അടങ്ങിയ ഒരു പുതിയ ഭരണ​ക്ര​മീ​ക​ര​ണ​മാണ്‌ ‘പുതിയ ആകാശം.’ ഒരു ആഗോള ഏകീകൃത മനുഷ്യ സമുദാ​യ​ത്തെ​യാണ്‌ “പുതിയ ഭൂമി” അർഥമാ​ക്കു​ന്നത്‌. a (വെളി​പ്പാ​ടു 14:1-4; 21:1-4; യെശയ്യാ​വു 65:17-25) ക്രിസ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലൂ​ടെ​യാണ്‌ ഇതെല്ലാം സാധ്യ​മാ​കു​ന്നത്‌.

4. പുതിയ ഭൂമി​യു​ടെ കേന്ദ്ര​ബി​ന്ദു ആർ?

4 യോഹന്നാൻ അപ്പൊ​സ്‌തലൻ ദർശന​ത്തിൽ, യേശു​വി​ന്റെ ഈ സഹഭര​ണാ​ധി​പ​ന്മാ​രായ 1,44,000 പേരുടെ അന്തിമ മുദ്ര​യി​ടൽ കണ്ടശേഷം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: ‘പിന്നെ​യും ഞാൻ നോക്കി; അതാ, എല്ലാ ജനപദ​ങ്ങ​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ജനതക​ളി​ലും ഭാഷക്കാ​രി​ലും​നിന്ന്‌ എണ്ണാനാ​വാ​ത്തത്ര വലി​യൊ​രു ജനക്കൂട്ടം [മഹാപു​രു​ഷാ​രം], സിംഹാ​സ​ന​ത്തി​ന്റെ​യും കുഞ്ഞാ​ടി​ന്റെ​യും മുമ്പിൽ നില്‌ക്കു​ന്നു!’ ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന ഈ മഹാപു​രു​ഷാ​ര​മാ​ണു പുതിയ ഭൂമി​യു​ടെ കേന്ദ്ര​ബി​ന്ദു. അവർ 1,44,000-ത്തിൽ ശേഷി​ക്കു​ന്ന​വ​രു​ടെ പക്ഷത്തേക്കു കൂട്ടി​ച്ചേർക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. എണ്ണത്തിൽ കുറഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന ആ അഭിഷിക്ത ശേഷി​പ്പിൽ പലരും വളരെ പ്രായം ചെന്നവ​രാണ്‌. ഈ മഹാപു​രു​ഷാ​രം അതി​വേഗം അടുത്തു​വ​രുന്ന മഹോ​പ​ദ്ര​വത്തെ അതിജീ​വി​ക്കും. തുടർന്നു സ്ഥാപി​ത​മാ​കുന്ന പറുദീ​സാ ഭൂമി​യിൽ അവരെ കൂടാതെ, പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​ന്മാ​രും വിശ്വാ​സം പ്രകട​മാ​ക്കാൻ അവസരം ലഭിക്കുന്ന മറ്റു ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുക​ളും ഉണ്ടായി​രി​ക്കും. വിശ്വാ​സം പ്രകട​മാ​ക്കുന്ന ഏവർക്കും നിത്യ​ജീ​വൻ ലഭിക്കും.—വെളി​പ്പാ​ടു 7:4, 9-17, ഓശാന ബൈ.

5-7. യെശയ്യാ​വു 32-ാം അധ്യാ​യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന ‘പ്രഭു​ക്ക​ന്മാർ’ ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തി​നു​വേണ്ടി എന്തു ചെയ്യുന്നു?

5 എന്നിരുന്നാലും, വിദ്വേ​ഷ​പൂർണ​മായ ഇന്നത്തെ ലോകം നിലനിൽക്കു​ന്നി​ട​ത്തോ​ളം കാലം മഹാപു​രു​ഷാ​ര​ത്തി​നു സംരക്ഷണം ആവശ്യ​മാണ്‌. ഇന്നു കൂടു​ത​ലും, “നീതി​പൂർവം ഭരണം നടത്തു”ന്ന ഈ “പ്രഭു​ക്ക​ന്മാർ” ആണു സംരക്ഷണം പ്രദാനം ചെയ്യു​ന്നത്‌. എത്ര മഹത്തായ ഒരു ക്രമീ​ക​രണം! പ്രസ്‌തുത “പ്രഭു​ക്കന്മാ”രെ പറ്റി മനോ​ജ്ഞ​മായ വാക്കു​ക​ളിൽ യെശയ്യാ​വു കൂടു​ത​ലാ​യി ഇങ്ങനെ പറയുന്നു: “ഓരോ​രു​ത്തൻ കാററി​ന്നു ഒരു മറവും പിശറി​ന്നു ഒരു സങ്കേത​വും ആയി വരണ്ട നിലത്തു നീർത്തോ​ടു​കൾപോ​ലെ​യും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറ​യു​ടെ തണൽപോ​ലെ​യും ഇരിക്കും.”—യെശയ്യാ​വു 32:2.

6 ലോകവ്യാപകമായി കഷ്ടപ്പാ​ടും ദുരി​ത​വും നിറഞ്ഞി​രി​ക്കുന്ന ഇക്കാലത്ത്‌ “പ്രഭു​ക്ക​ന്മാ​രു​ടെ” അതായത്‌, യഹോ​വ​യു​ടെ “ആട്ടിൻകൂ​ട്ടം മുഴു​വ​നെ​യും സൂക്ഷി”ക്കുകയും പരിപാ​ലി​ക്കു​ക​യും അവന്റെ നീതി​യുള്ള പ്രമാ​ണ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന മൂപ്പന്മാ​രു​ടെ ആവശ്യ​മുണ്ട്‌. (പ്രവൃ​ത്തി​കൾ 20:28) അത്തരം “പ്രഭു​ക്ക​ന്മാർ” 1 തിമൊ​ഥെ​യൊസ്‌ 3:2-7-ലും തീത്തൊസ്‌ 1:6-9-ലും കൊടു​ത്തി​രി​ക്കുന്ന യോഗ്യ​ത​ക​ളിൽ എത്തി​ച്ചേ​രേ​ണ്ട​തുണ്ട്‌.

7 ക്ലേശപൂർണമായ ഈ “വ്യവസ്ഥി​തി​യു​ടെ സമാപന”ത്തെ [NW] കുറിച്ചു വിശദീ​ക​രി​ക്കുന്ന മഹത്തായ പ്രവച​ന​ത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ചഞ്ചല​പ്പെ​ടാ​തി​രി​പ്പാൻ സൂക്ഷി​ച്ചു​കൊൾവിൻ.” (മത്തായി 24:3-8) ഇന്നത്തെ ഭീതി​ദ​മായ ലോകാ​വ​സ്ഥകൾ യേശു​വി​ന്റെ അനുഗാ​മി​കളെ ചഞ്ചല​പ്പെ​ടു​ത്താ​ത്തത്‌ അഥവാ പരി​ഭ്ര​മി​പ്പി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? “പ്രഭു​ക്ക​ന്മാർ”—അവർ അഭിഷി​ക്തർ ആയിരു​ന്നാ​ലും “വേറെ ആടുകൾ” ആയിരു​ന്നാ​ലും—വിശ്വ​സ്‌ത​ത​യോ​ടെ ആടുകളെ കാത്തു​പ​രി​പാ​ലി​ക്കു​ന്നു എന്നതാണ്‌ ഒരു കാരണം. (യോഹ​ന്നാൻ 10:16) വംശീയ യുദ്ധങ്ങ​ളും വർഗീയ കശാപ്പും പോലുള്ള കൊടും ക്രൂര​ത​കൾക്കു മധ്യേ പോലും അവർ നിർഭയം തങ്ങളുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ കാത്തു​പ​രി​പാ​ലി​ക്കു​ന്നു. ആത്മീയ​മാ​യി വറ്റിവരണ്ട ഈ ലോക​ത്തിൽ ദൈവ​വ​ച​ന​മായ ബൈബി​ളി​ലെ പരിപു​ഷ്ടി​പ്പെ​ടു​ത്തുന്ന സത്യങ്ങൾകൊണ്ട്‌ അവർ വിഷാ​ദ​മ​ഗ്നർക്കു നവോ​ന്മേഷം പകരുന്നു.

8. യഹോവ വേറെ ആടുക​ളിൽ പെട്ട “പ്രഭു​ക്കന്മാ”രെ പരിശീ​ലി​പ്പി​ക്കു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്നത്‌ എങ്ങനെ?

8 കഴിഞ്ഞ 50 വർഷം​കൊണ്ട്‌ “പ്രഭു​ക്ക​ന്മാർ” ആരാ​ണെ​ന്നതു വളരെ വ്യക്തമാ​യി​ത്തീർന്നി​രി​ക്കു​ന്നു. വേറെ ആടുക​ളിൽ പെട്ട “പ്രഭു​ക്ക​ന്മാർ”ക്ക്‌ ഒരു “പ്രഭു​വർഗ”മായി വളർന്നു​വ​രു​ന്ന​തിന്‌ ആവശ്യ​മായ പരിശീ​ലനം ഇപ്പോൾ ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. തന്മൂലം, അവരിൽ യോഗ്യ​ത​യു​ള്ളവർ മഹോ​പ​ദ്ര​വ​ത്തി​നു ശേഷം “പുതിയ ഭൂമി”യിൽ ഭരണപ​ര​മായ പദവി​ക​ളിൽ സേവി​ക്കാൻ സജ്ജരാ​യി​രി​ക്കും. (യെഹെ​സ്‌കേൽ 44:2, 3; 2 പത്രൊസ്‌ 3:13) രാജ്യ സേവന​ത്തിൽ നേതൃ​ത്വം വഹിക്കവെ, ആത്മീയ മാർഗ​നിർദേ​ശ​വും നവോ​ന്മേ​ഷ​വും പ്രദാനം ചെയ്‌തു​കൊണ്ട്‌ തങ്ങൾ “വമ്പാറ​യു​ടെ തണൽപോ​ലെ” ആണെന്ന്‌ അവർ സ്വയം തെളി​യി​ക്കു​ക​യാണ്‌. അങ്ങനെ, ആരാധ​ന​യോ​ടുള്ള ബന്ധത്തിൽ അവർ ആട്ടിൻകൂ​ട്ട​ത്തിന്‌ ആശ്വാസം പകരു​ക​യും ചെയ്യുന്നു. b

9. ഇന്നത്തെ ഏതെല്ലാം അവസ്ഥകൾ “പ്രഭു​ക്കന്മാ”രുടെ ആവശ്യത്തെ വിളി​ച്ച​റി​യി​ക്കു​ന്നു?

9 സാത്താന്റെ ദുഷ്ട ലോക​ത്തി​ന്റെ ഈ അന്ത്യനാ​ളു​ക​ളിൽ ജീവി​ക്കുന്ന സമർപ്പിത ക്രിസ്‌ത്യാ​നി​കൾക്ക്‌ അത്തരം സംരക്ഷണം അനിവാ​ര്യ​മാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5, 13) വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളു​ടെ​യും വളച്ചൊ​ടിച്ച ആശയ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ​യും ശക്തമായ കാറ്റ്‌ ആഞ്ഞടി​ക്കു​ക​യാണ്‌. രാഷ്‌ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ, ആഭ്യന്തര കലഹങ്ങൾ എന്നിവ​യു​ടെ രൂപത്തി​ലുള്ള കൊടു​ങ്കാ​റ്റും ആഞ്ഞുവീ​ശി​ക്കൊ​ണ്ടി​രി​ക്കു​ന്നു. മാത്രമല്ല, യഹോ​വ​യാം ദൈവ​ത്തി​ന്റെ വിശ്വസ്‌ത ആരാധ​കർക്കു ശത്രു​ക്ക​ളിൽനി​ന്നു നേരി​ട്ടുള്ള ആക്രമ​ണ​വും ഉണ്ടാകു​ന്നു. ആത്മീയ​മാ​യി വരണ്ടു​ണ​ങ്ങിയ ഈ ലോക​ത്തിൽ തങ്ങളുടെ ആത്മീയ ദാഹം ശമിപ്പി​ക്കാൻ ക്രിസ്‌ത്യാ​നി​കൾക്കു നിർമ​ല​വും കലർപ്പി​ല്ലാ​ത്ത​തു​മായ സത്യത്തി​ന്റെ ജലം കൂടിയേ തീരൂ. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ദുർഘ​ട​മായ ഈ കാലഘ​ട്ട​ത്തിൽ, വാഴ്‌ച നടത്തുന്ന രാജാവ്‌ അവന്റെ അഭിഷിക്ത സഹോ​ദ​ര​ങ്ങ​ളി​ലൂ​ടെ​യും അവരെ പിന്തു​ണ​യ്‌ക്കുന്ന വേറെ ആടുക​ളി​ലെ ‘പ്രഭു​ക്ക​ന്മാ​രി’ലൂടെ​യും നിരാ​ശ​രും നിരു​ത്സാ​ഹി​ത​രു​മായ ആളുകൾക്കു പ്രോ​ത്സാ​ഹ​ന​വും മാർഗ​ദർശ​ന​വും നൽകു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. അങ്ങനെ, നീതി​യും ന്യായ​വും കളിയാ​ടു​ന്നു​വെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തും.

കണ്ണു​കൊ​ണ്ടും ചെവി​കൊ​ണ്ടും ഹൃദയം​കൊ​ണ്ടും ശ്രദ്ധ നൽകൽ

10. തന്റെ ജനം ആത്മീയ കാര്യങ്ങൾ ‘കാണുന്ന’തിനും ‘കേൾക്കു’ന്നതിനു​മാ​യി യഹോവ ചെയ്‌തി​രി​ക്കുന്ന കരുത​ലു​കൾ ഏവ?

10 യഹോവയുടെ ദിവ്യാ​ധി​പത്യ ക്രമീ​ക​ര​ണ​ങ്ങ​ളോ​ടു മഹാപു​രു​ഷാ​രം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചി​ട്ടു​ള്ളത്‌? യെശയ്യാ​വി​ന്റെ പ്രവചനം ഇങ്ങനെ തുടരു​ന്നു: “കാണു​ന്ന​വ​രു​ടെ കണ്ണു ഇനി മങ്ങുക​യില്ല; കേൾക്കു​ന്ന​വ​രു​ടെ ചെവി ശ്രദ്ധി​ക്കും.” (യെശയ്യാ​വു 32:3) താൻ വില​യേ​റി​യ​വ​രാ​യി കണക്കാ​ക്കുന്ന തന്റെ ദാസന്മാർക്കു പ്രബോ​ധ​ന​മേ​കു​ന്ന​തി​നും അവരെ പക്വത​യി​ലേക്ക്‌ ഉയർത്തു​ന്ന​തി​നു​മാ​യി യഹോവ വർഷങ്ങ​ളാ​യി വളരെ​യ​ധി​കം കാര്യങ്ങൾ ചെയ്‌തി​രി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പ​ക​മാ​യുള്ള സഭകളിൽ നടത്തി​വ​രുന്ന ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂൾ ഉൾപ്പെ​ടെ​യുള്ള യോഗങ്ങൾ, ഡിസ്‌ട്രി​ക്‌റ്റ്‌-ദേശീയ-അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ, ആട്ടിൻകൂ​ട്ട​ത്തോ​ടു സ്‌നേ​ഹ​പു​ര​സ്സരം ഇടപെ​ടു​ന്ന​തിന്‌ “പ്രഭു​ക്ക​ന്മാർക്കു” നൽകുന്ന വിദഗ്‌ധ പരിശീ​ലനം എന്നിവ​യാണ്‌ അവയിൽ ചിലത്‌. ഇവയെ​ല്ലാം ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന ഏകീകൃ​ത​രായ ഒരു ആഗോള സഹോ​ദ​ര​വർഗത്തെ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നു സഹായ​ക​മാ​യി​രു​ന്നി​ട്ടുണ്ട്‌. ഭൂമി​യിൽ എവിടെ ആയിരു​ന്നാ​ലും, സത്യവ​ച​ന​ത്തി​ന്റെ ഗ്രാഹ്യ​ത്തി​ലെ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ സ്വീക​രി​ക്കാൻ ഈ ഇടയന്മാർ ഉത്സുക​രാണ്‌. ബൈബിൾ പരിശീ​ലിത മനഃസാ​ക്ഷി​യുള്ള അവർ കാര്യങ്ങൾ കേട്ടനു​സ​രി​ക്കാൻ സദാ സന്നദ്ധരാണ്‌.—സങ്കീർത്തനം 25:10.

11. ദൈവ​ജ​ന​ത്തിന്‌ ഇപ്പോൾ ബോധ്യ​മി​ല്ലാ​തെയല്ല, മറിച്ച്‌ ഉറച്ച വിശ്വാ​സ​ത്തോ​ടെ സംസാ​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

11 തുടർന്ന്‌, പ്രവചനം ഈ മുന്നറി​യി​പ്പു നൽകുന്നു: “അവി​വേ​കി​ക​ളു​ടെ [“തിടു​ക്ക​മു​ള്ള​വ​രു​ടെ,” NW] ഹൃദയം പരിജ്ഞാ​നം ഗ്രഹി​ക്കും; വിക്കന്മാ​രു​ടെ നാവു തടവി​ല്ലാ​തെ വ്യക്തമാ​യി സംസാ​രി​ക്കും.” (യെശയ്യാ​വു 32:4) ശരിയും തെറ്റും സംബന്ധി​ച്ചു നിഗമ​ന​ങ്ങ​ളി​ലെ​ത്താൻ ആരും തിടുക്കം കൂട്ടാ​തി​രി​ക്കട്ടെ. “തിടു​ക്കം​പൂണ്ട്‌ സംസാ​രി​ക്കുന്ന ഒരുവനെ നീ കണ്ടിട്ടു​ണ്ടോ? അവനെ​ക്കു​റി​ച്ചു​ള്ള​തി​ലും ഒരു ഭോഷ​നെ​ക്കു​റിച്ച്‌ അധികം പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌.” (സദൃശ​വാ​ക്യ​ങ്ങൾ 29:20, NIBV; സഭാ​പ്ര​സം​ഗി 5:2) 1919-നു മുമ്പ്‌ യഹോ​വ​യു​ടെ ജനം പോലും ദുഷിച്ച ബാബി​ലോ​ണി​യൻ ആശയങ്ങ​ളാൽ കളങ്കി​ത​രാ​യി​രു​ന്നു. എന്നാൽ, ആ വർഷം മുതൽ തന്റെ ഉദ്ദേശ്യ​ങ്ങൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം യഹോവ അവർക്കു നൽകി​ത്തു​ടങ്ങി. തിടു​ക്ക​ത്തോ​ടെയല്ല, മറിച്ച്‌ നന്നായി മുൻകൂ​ട്ടി ചിന്തി​ച്ചാണ്‌ അവൻ ആ സത്യങ്ങൾ വെളി​പ്പെ​ടു​ത്തി​യ​തെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഉറച്ച വിശ്വാ​സ​ത്തോ​ടെ​യാണ്‌ അവർ ഇപ്പോൾ സംസാ​രി​ക്കു​ന്നത്‌, ബോധ്യ​മി​ല്ലാ​തെ വിക്കി​വി​ക്കി​യല്ല.

“ഭോഷൻ”

12. ഇന്ന്‌ ആരെ​യൊ​ക്കെ ‘ഭോഷ​ന്മാർ’ എന്നു വിളി​ക്കാ​നാ​കും, ഏതു വിധത്തി​ലാണ്‌ അവർ ഉദാരത കാണി​ക്കാൻ പരാജ​യ​പ്പെ​ടു​ന്നത്‌?

12 യെശയ്യാവ്‌ അടുത്ത​താ​യി ഒരു വിപരീത താരത​മ്യം ചെയ്യുന്നു: “ഭോഷനെ ഇനി ഉത്തമൻ [“ഉദാര​മതി,” NW] എന്നു വിളി​ക്ക​യില്ല; ആഭാസനെ മഹാത്മാ​വെന്നു പറകയു​മില്ല. ഭോഷൻ ഭോഷ​ത്വം സംസാ​രി​ക്കും.” (യെശയ്യാ​വു 32:5, 6എ) “ഭോഷൻ” എന്ന്‌ ഉദ്ദേശി​ക്കു​ന്നത്‌ ആരെയാണ്‌? ഊന്നലി​നു വേണ്ടി​യാ​കാം, ദാവീദ്‌ രാജാവ്‌ രണ്ടു സന്ദർഭ​ങ്ങ​ളിൽ അതിന്‌ ഉത്തരം നൽകു​ന്നുണ്ട്‌: “[യഹോവ] ഇല്ല എന്നു മൂഢൻ തന്റെ ഹൃദയ​ത്തിൽ പറയുന്നു; അവർ വഷളന്മാ​രാ​യി മ്ലേച്ഛത പ്രവർത്തി​ക്കു​ന്നു; നന്മചെ​യ്യു​ന്നവൻ ആരുമില്ല.” (സങ്കീർത്തനം 14:1; 53:1) “യഹോവ ഇല്ല” എന്നു കടുത്ത നിരീ​ശ്വ​ര​വാ​ദി​കൾ പറയു​ന്നു​വെ​ന്ന​തിൽ തർക്കമില്ല. എന്നാൽ, ദൈവം ഇല്ല എന്നവണ്ണം, അതായത്‌ തങ്ങൾ ആരോ​ടും കണക്കു ബോധി​പ്പി​ക്കാൻ ബാധ്യ​സ്ഥരല്ല എന്നവണ്ണം പ്രവർത്തി​ക്കുന്ന “ബുദ്ധി​ശാ​ലി​ക​ളും” ഫലത്തിൽ അതുത​ന്നെ​യാ​ണു പറയു​ന്നത്‌. അത്തരക്കാ​രിൽ സത്യമില്ല. അവരുടെ ഹൃദയ​ങ്ങ​ളിൽ ഉദാര​ത​യില്ല. മറ്റുള്ള​വരെ അറിയി​ക്കാൻ അവരുടെ പക്കൽ സ്‌നേ​ഹ​ത്തി​ന്റെ ഒരു സന്ദേശ​വു​മില്ല. യഥാർഥ ക്രിസ്‌ത്യാ​നി​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി, അവർ മുട്ടു​ള്ള​വരെ കഷ്ടങ്ങളിൽ സഹായി​ക്കാൻ മന്ദീഭാ​വം കാട്ടു​ക​യോ അക്കാര്യ​ത്തിൽ പൂർണ​മാ​യി പരാജ​യ​പ്പെ​ടു​ക​യോ ചെയ്യുന്നു.

13, 14 (എ) ഇക്കാലത്തെ വിശ്വാ​സ​ത്യാ​ഗി​കൾ ദ്രോ​ഹ​ക​ര​മാ​യി പ്രവർത്തി​ക്കു​ന്നത്‌ എങ്ങനെ? (ബി) വിശപ്പും ദാഹവും ഉള്ളവർക്ക്‌ എന്തു ലഭിക്കാ​തി​രി​ക്കാൻ വിശ്വാ​സ​ത്യാ​ഗി​കൾ തന്ത്രങ്ങൾ അവലം​ബി​ക്കു​ന്നു, അന്തിമ​ഫലം എന്തായി​രി​ക്കും?

13 അത്തരത്തിലുള്ള ഭോഷ​ന്മാ​രായ അനേകർ ദൈവ​സ​ത്യ​ത്തി​നാ​യി നില​കൊ​ള്ളു​ന്ന​വരെ ദ്വേഷി​ക്കു​ന്നു. ‘വഷളത്തം പ്രവർത്തി​ക്കു​വാ​നും യഹോ​വയെ ദുഷിച്ചു സംസാ​രി​ക്കു​വാ​നും അയാളു​ടെ ഹൃദയം ദുഷ്‌ടത ആസൂ​ത്രണം ചെയ്യുന്നു.’ (യെശയ്യാ​വു 32:6ബി, NIBV) ഇക്കാലത്തെ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ കാര്യ​ത്തിൽ ഇത്‌ എത്രയോ സത്യമാണ്‌! ഏഷ്യയി​ലെ​യും യൂറോ​പ്പി​ലെ​യും നിരവധി രാജ്യ​ങ്ങ​ളിൽ വിശ്വാ​സ​ത്യാ​ഗി​കൾ സത്യത്തെ എതിർക്കുന്ന മറ്റുള്ള​വ​രു​മാ​യി കൈ​കോർക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ നിരോ​ധി​ക്കു​ക​യോ അവരുടെ പ്രവർത്ത​ന​ങ്ങ​ളു​ടെ​മേൽ വിലക്ക്‌ ഏർപ്പെ​ടു​ത്തു​ക​യോ ചെയ്യുക എന്ന ലക്ഷ്യത്തിൽ അധികാ​ര​സ്ഥാ​ന​ങ്ങ​ളിൽ ഉള്ളവ​രോട്‌ അവർ സാക്ഷി​കളെ സംബന്ധിച്ച്‌ കല്ലുവെച്ച നുണകൾ പറയുന്നു. യേശു പ്രവചിച്ച “ദുഷ്ടദാസ”ന്റെ അതേ മനോ​ഭാ​വ​മാണ്‌ അവരു​ടേ​തും: “എന്നാൽ അവൻ ദുഷ്ടദാ​സ​നാ​യി: യജമാനൻ വരുവാൻ താമസി​ക്കു​ന്നു എന്നു ഹൃദയം​കൊ​ണ്ടു പറഞ്ഞു, കൂട്ടു​ദാ​സ​ന്മാ​രെ അടിപ്പാ​നും കുടി​യ​ന്മാ​രോ​ടു​കൂ​ടി തിന്നു​കു​ടി​പ്പാ​നും തുടങ്ങി​യാൽ ആ ദാസൻ നിരൂ​പി​ക്കാത്ത നാളി​ലും അറിയാത്ത നാഴി​ക​യി​ലും യജമാനൻ വന്നു അവനെ ദണ്ഡിപ്പി​ച്ചു അവന്നു കപടഭ​ക്തി​ക്കാ​രോ​ടു​കൂ​ടെ പങ്കു കല്‌പി​ക്കും; അവിടെ കരച്ചി​ലും പല്ലുക​ടി​യും ഉണ്ടാകും.”—മത്തായി 24:48-51.

14 അതിനിടയിൽ, വിശ്വാ​സ​ത്യാ​ഗി​കൾ ‘വിശപ്പു​ള്ള​വരെ പട്ടിണി​യി​ടു​ക​യും ദാഹമു​ള്ള​വർക്കു പാനം മുടക്കു​ക​യും’ ചെയ്യുന്നു. (യെശയ്യാ​വു 32:6സി) സത്യത്തി​നാ​യി വിശക്കുന്ന ആളുകൾക്ക്‌ ആത്മീയ ആഹാരം ലഭിക്കാ​തി​രി​ക്കാ​നും രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ നവോ​ന്മേ​ഷ​ദാ​യ​ക​മായ വെള്ളത്തി​നാ​യി ദാഹി​ക്കു​ന്ന​വർക്ക്‌ അതു ലഭിക്കാ​തി​രി​ക്കാ​നു​മാ​യി സത്യത്തി​ന്റെ വൈരി​കൾ പല തന്ത്രങ്ങ​ളും അവലം​ബി​ക്കു​ന്നു. എന്നാൽ ആത്യന്തി​ക​മാ​യി എന്തു സംഭവി​ക്കു​മെന്നു മറ്റൊരു പ്രവാ​ച​ക​നി​ലൂ​ടെ യഹോവ തന്റെ ജനത്തോ​ടു പ്രഖ്യാ​പി​ക്കു​ന്നു: “അവർ നിന്നോ​ടു യുദ്ധം ചെയ്യും; നിന്നെ ജയിക്ക​യി​ല്ല​താ​നും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടു എന്നു യഹോ​വ​യു​ടെ അരുള​പ്പാ​ടു.”—യിരെ​മ്യാ​വു 1:19; യെശയ്യാ​വു 54:17.

15. ഇന്ന്‌ പ്രത്യേ​കി​ച്ചും ‘ആഭാസ​ന്മാർ’ ആയിരി​ക്കു​ന്നത്‌ ആരാണ്‌, അവർ പ്രചരി​പ്പി​ക്കുന്ന “വ്യാജ​വാ​ക്കു”കൾ എന്തെല്ലാം, അതിന്റെ ഫലമെന്ത്‌?

15 20-ാം നൂറ്റാ​ണ്ടി​ന്റെ മധ്യഘട്ടം മുതൽ ക്രൈ​സ്‌ത​വ​ലോക ദേശങ്ങ​ളിൽ അധാർമി​കത നടമാ​ടു​ക​യാണ്‌. എന്തു​കൊണ്ട്‌? പിൻവ​രു​ന്ന​പ്ര​കാ​രം മുൻകൂ​ട്ടി പറഞ്ഞ​പ്പോൾ അതിനുള്ള ഒരു കാരണം യെശയ്യാവ്‌ വ്യക്തമാ​ക്കി: “ആഭാസന്റെ ആയുധ​ങ്ങ​ളും ദോഷ​മു​ള്ളവ; [മാത്രമല്ല, “അഴിഞ്ഞ നടത്തയ്‌ക്കാ​യി അവൻ ബുദ്ധി​യു​പ​ദേശം നൽകി​യി​രി​ക്കു​ന്നു,” NW] ദരിദ്രൻ ന്യായ​മാ​യി സംസാ​രി​ച്ചാ​ലും എളിയ​വരെ വ്യാജ​വാ​ക്കു കൊണ്ടു നശിപ്പി​പ്പാൻ അവൻ ദുരു​പാ​യ​ങ്ങളെ നിരൂ​പി​ക്കു​ന്നു.” (യെശയ്യാ​വു 32:7) ഈ വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി, ഇന്നത്തെ വൈദി​ക​രിൽ അനേക​രും വിവാ​ഹ​പൂർവ ലൈം​ഗി​കത, വിവാ​ഹി​ത​രാ​കാ​തെ സ്‌ത്രീ​യും പുരു​ഷ​നും ഒരുമി​ച്ചു പാർക്കൽ, സ്വവർഗ​രതി എന്നിങ്ങ​നെ​യുള്ള എല്ലാത്തരം ലൈം​ഗിക വികട​ത്ത​ര​ങ്ങ​ളു​ടെ​യും നേർക്ക്‌ അനുവാ​ദാ​ത്മക മനോ​ഭാ​വം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, അവർ ‘ദുർന്ന​ട​പ്പി​ലും സകലവിധ അശുദ്ധി​യി​ലും’ വ്യാപൃ​ത​രാണ്‌. (എഫെസ്യർ 5:3) അങ്ങനെ വ്യാജ​വാ​ക്കു​കൾകൊണ്ട്‌ അവർ തങ്ങളുടെ അജഗണ​ങ്ങളെ “നശിപ്പി”ക്കുന്നു.

16. യഥാർഥ ക്രിസ്‌ത്യാ​നി​കൾക്കു സന്തോഷം ലഭിക്കു​ന്നത്‌ എപ്പോൾ?

16 എന്നാൽ അതിനു നേർവി​പ​രീ​ത​മാ​യി, പ്രവാ​ചകൻ തുടർന്നു പറയുന്ന വാക്കു​ക​ളു​ടെ നിവൃത്തി എത്ര നവോ​ന്മേ​ഷ​പ്ര​ദ​മാണ്‌! “ഉത്തമനോ [“ഉദാര​മ​തി​യോ,”] ഉത്തമകാ​ര്യ​ങ്ങളെ ചിന്തി​ക്കു​ന്നു; ഉത്തമകാ​ര്യ​ങ്ങ​ളിൽ അവൻ ഉററു​നി​ല്‌ക്കു​ന്നു.” (യെശയ്യാ​വു 32:8) പിൻവ​രുന്ന പ്രകാരം പറഞ്ഞു​കൊണ്ട്‌ ഉദാര​മ​തി​ക​ളാ​യി​രി​ക്കാൻ യേശു​ത​ന്നെ​യും പ്രോ​ത്സാ​ഹനം നൽകി: “കൊടു​പ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയു​ന്നൊ​രു നല്ല അളവു നിങ്ങളു​ടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവി​നാൽ നിങ്ങൾക്കും അളന്നു​കി​ട്ടും.” (ലൂക്കൊസ്‌ 6:38) ഉദാര​മ​തി​കൾക്കു ലഭിക്കുന്ന അനു​ഗ്ര​ഹ​ങ്ങളെ കുറിച്ച്‌ പൗലൊസ്‌ അപ്പൊ​സ്‌ത​ല​നും ചൂണ്ടി​ക്കാ​ട്ടി: “വാങ്ങു​ന്ന​തി​നെ​ക്കാൾ കൊടു​ക്കു​ന്നതു ഭാഗ്യം [“സന്തോഷം,” NW] എന്നു കർത്താ​വായ യേശു​താൻ പറഞ്ഞ വാക്കു ഓർത്തു​കൊൾക.” (പ്രവൃ​ത്തി​കൾ 20:35) യഥാർഥ ക്രിസ്‌ത്യാ​നി​കൾക്കു സന്തോഷം കൈവ​രു​ന്നത്‌ ഭൗതിക സമ്പത്തു സ്വരു​ക്കൂ​ട്ടു​മ്പോ​ഴോ സമൂഹ​ത്തിൽ സ്ഥാനമാ​നങ്ങൾ നേടി​യെ​ടു​ക്കു​മ്പോ​ഴോ അല്ല, മറിച്ച്‌ തങ്ങളുടെ ദൈവ​മായ യഹോ​വ​യെ​പ്പോ​ലെ ഉദാര​മ​തി​കൾ ആയിരി​ക്കു​മ്പോ​ഴാണ്‌. (മത്തായി 5:44, 45) അവർ ഏറ്റവും അധികം സന്തോ​ഷി​ക്കു​ന്നത്‌ ദൈവ​ഹി​തം ചെയ്യു​മ്പോൾ, ‘ധന്യനായ [“സന്തുഷ്ട​നായ,” NW] ദൈവ​ത്തി​ന്റെ മഹത്വ​മുള്ള സുവി​ശേഷം’ മറ്റുള്ള​വരെ അറിയി​ക്കു​മ്പോൾ ആണ്‌.—1 തിമൊ​ഥെ​യൊസ്‌ 1:11.

17. ഇക്കാലത്ത്‌ ആരാണ്‌ യെശയ്യാവ്‌ പരാമർശിച്ച ‘ചിന്തയി​ല്ലാത്ത പെണ്ണു​ങ്ങളെ’ പോലെ ആയിരി​ക്കു​ന്നത്‌?

17 യെശയ്യാവ്‌ തുടർന്നു പ്രവചി​ക്കു​ന്നു: “സ്വൈ​ര​മാ​യി​രി​ക്കുന്ന സ്‌ത്രീ​കളേ, എഴു​ന്നേ​ററു എന്റെ വാക്കു കേൾപ്പിൻ; ചിന്തയി​ല്ലാത്ത പെണ്ണു​ങ്ങളേ, എന്റെ വചനം ശ്രദ്ധി​പ്പിൻ. ചിന്തയി​ല്ലാത്ത പെണ്ണു​ങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയു​മ്പോൾ നിങ്ങൾ നടുങ്ങി​പ്പോ​കും; മുന്തി​രി​ക്കൊ​യ്‌ത്തു നഷ്ടമാ​കും; ഫലശേ​ഖരം ഉണ്ടാക​യു​മില്ല. സ്വൈ​ര​മാ​യി​രി​ക്കുന്ന സ്‌ത്രീ​കളേ, വിറെ​പ്പിൻ; ചിന്തയി​ല്ലാത്ത പെണ്ണു​ങ്ങളേ, നടുങ്ങു​വിൻ.” (യെശയ്യാ​വു 32:9-11എ) ഈ സ്‌ത്രീ​ക​ളു​ടെ മനോ​ഭാ​വം, ഇന്ന്‌ ദൈവത്തെ സേവി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും യഥാർഥ​ത്തിൽ അവനെ സേവി​ക്കാ​ത്ത​വരെ കുറിച്ചു നമ്മെ ഓർമി​പ്പി​ച്ചേ​ക്കാം. ‘വേശ്യ​മാ​രു​ടെ മാതാവ്‌’ ആയ “മഹതി​യാം ബാബി​ലോ”ണിന്റെ മതങ്ങളിൽ നമുക്ക്‌ അത്തരക്കാ​രെ കണ്ടെത്താ​നാ​കും. (വെളി​പ്പാ​ടു 17:5) ഉദാഹ​ര​ണ​ത്തിന്‌, ക്രൈ​സ്‌ത​വ​ലോക മതങ്ങളി​ലെ അംഗങ്ങൾ യെശയ്യാ​വു വിശദീ​ക​രി​ക്കുന്ന ഈ ‘സ്‌ത്രീ​കളു’മായി വളരെ സാമ്യ​മു​ള്ള​വ​രാണ്‌. ഉടനടി തങ്ങളെ പിടി​ച്ചു​ല​യ്‌ക്കാ​നി​രി​ക്കുന്ന ന്യായ​വി​ധി​യെ കുറിച്ചു കേൾക്കു​മ്പോ​ഴും യാതൊ​രു കുലു​ക്ക​വു​മി​ല്ലാ​തെ അവർ ‘സ്വൈ​ര്യ​മാ​യി​രി​ക്കു​ന്നു.’

18. “അരയിൽ രട്ടു​കെട്ടു”ന്നതിനുള്ള നിർദേശം ലഭിക്കു​ന്നത്‌ ആർക്ക്‌, എന്തു​കൊണ്ട്‌?

18 വ്യാജമതങ്ങളെ സംബോ​ധന ചെയ്‌തു​കൊ​ണ്ടു​ള്ള​താണ്‌ അടുത്ത വാക്കുകൾ: “വസ്‌ത്രം ഉരിഞ്ഞു നഗ്നമാ​രാ​കു​വിൻ; അരയിൽ രട്ടു​കെ​ട്ടു​വിൻ. മനോ​ഹ​ര​മായ വയലു​ക​ളേ​യും ഫലപു​ഷ്ടി​യുള്ള മുന്തി​രി​വ​ള്ളി​യേ​യും ഓർത്തു അവർ മാറത്തു അടിക്കും. എന്റെ ജനത്തിന്റെ ദേശത്തു ഉല്ലസി​ത​ന​ഗ​ര​ത്തി​ലെ സകലസ​ന്തോ​ഷ​ഭ​വ​ന​ങ്ങ​ളി​ലും മുള്ളും പറക്കാ​ര​യും മുളെ​ക്കും.” (യെശയ്യാ​വു 32:11ബി-13) “വസ്‌ത്രം ഉരിഞ്ഞു നഗ്നമാ​രാ​കു​വിൻ” എന്ന ആഹ്വാനം പൂർണ​മാ​യി വസ്‌ത്രങ്ങൾ അഴിച്ചു​മാ​റ്റു​ന്ന​തി​നെ അർഥമാ​ക്കു​ന്നില്ല. മേൽവ​സ്‌ത്രം മിക്ക​പ്പോ​ഴും, തിരി​ച്ച​റി​യി​ക്കൽ അടയാ​ള​മാ​യി ഉതകി​യി​രു​ന്നു. (2 രാജാ​ക്ക​ന്മാർ 10:22, 23; വെളി​പ്പാ​ടു 7:13, 14) ആ സ്ഥിതിക്ക്‌, വ്യാജ​മ​ത​ത്തി​ലെ അംഗങ്ങ​ളോ​ടു തങ്ങളുടെ മേൽവ​സ്‌ത്രം—ദൈവ​ദാ​സ​ന്മാ​രെന്ന അവരുടെ നാട്യം—നീക്കി​ക്ക​ളഞ്ഞ്‌ പകരം, ആസന്നമായ അവരുടെ ന്യായ​വി​ധി​യെ സൂചി​പ്പി​ക്കുന്ന രട്ടുടു​ക്കാൻ പ്രസ്‌തുത പ്രവചനം നിർദേ​ശി​ക്കു​ന്നു. (വെളി​പ്പാ​ടു 17:16) ദൈവ​ത്തി​ന്റെ “ഉല്ലസി​ത​നഗര”മെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ക്രൈ​സ്‌ത​വ​ലോക മതസം​ഘ​ട​ന​ക​ളി​ലോ വ്യാജമത ലോക​സാ​മ്രാ​ജ്യ​ത്തി​ലെ ശേഷി​ക്കുന്ന മതങ്ങളി​ലോ ഒന്നും ദൈവിക ഫലങ്ങൾ കണ്ടെത്താ​നാ​വില്ല. “മുള്ളും പറക്കാ​ര​യും” മാത്ര​മാണ്‌ അവരുടെ പ്രവർത്ത​ന​ഫലം.

19. വിശ്വാ​സ​ത്യാ​ഗി​നി​യായ “യെരൂ​ശലേ”മിന്റെ ഏത്‌ അവസ്ഥയാണ്‌ യെശയ്യാവ്‌ തുറന്നു​കാ​ട്ടു​ന്നത്‌?

19 വിശ്വാസത്യാഗിനിയായ ‘യെരൂ​ശ​ലേമി’ൽ എമ്പാടും വിഷാദം തളം​കെട്ടി നിൽക്കു​ന്നു: “അരമന ഉപേക്ഷി​ക്ക​പ്പെ​ടും; ജനപു​ഷ്ടി​യുള്ള നഗരം നിർജ്ജ​ന​മാ​യി​ത്തീ​രും; [ഓഫൽ] കുന്നും കാവൽമാ​ളി​ക​യും സദാകാ​ല​ത്തേ​ക്കും ഗുഹക​ളാ​യി [“ശൂന്യ പ്രദേ​ശ​മാ​യി,” NW] ഭവിക്കും; അവ കാട്ടു​ക​ഴു​ത​ക​ളു​ടെ സന്തോ​ഷ​സ്ഥാ​ന​വും ആട്ടിൻകൂ​ട്ട​ങ്ങ​ളു​ടെ മേച്ചൽപു​റ​വും ആയിരി​ക്കും.” (യെശയ്യാ​വു 32:14) യെരൂ​ശ​ലേ​മി​ലെ ഉയർന്ന പ്രദേ​ശ​വും ഒരു ശക്തമായ പ്രതി​രോധ സ്ഥാനവു​മാ​യി വർത്തി​ക്കുന്ന ഓഫൽ പോലും അതിൽ ഉൾപ്പെ​ടു​ന്നു. ഓഫൽ ഒരു ശൂന്യ പ്രദേ​ശ​മാ​കു​ന്നു എന്നതിന്റെ അർഥം ആ നഗരം പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടും എന്നാണ്‌. വിശ്വാ​സ​ത്യാ​ഗി​നി​യായ “യെരൂ​ശ​ലേം”—ക്രൈ​സ്‌ത​വ​ലോ​കം—ദൈ​വേഷ്ടം ചെയ്യു​ന്ന​തിൽ ജാഗരൂ​കയല്ല എന്ന്‌ യെശയ്യാ​വി​ന്റെ വാക്കുകൾ പ്രകട​മാ​ക്കു​ന്നു. ആത്മീയ അർഥത്തിൽ ക്രൈ​സ്‌ത​വ​ലോ​കം ശൂന്യ​മാണ്‌. സത്യവും നീതി​യും അതിൽ ലവലേ​ശ​മില്ല. അത്‌ തീർത്തും മൃഗതു​ല്യ​മാണ്‌.

മഹത്തായ ഒരു വൈപ​രീ​ത്യം!

20. ദൈവം തന്റെ ജനത്തി​ന്മേൽ ആത്മാവി​നെ പകർന്നി​രി​ക്കു​ന്നത്‌ എന്തു ഫലം ഉളവാ​ക്കി​യി​രി​ക്കു​ന്നു?

20 അടുത്തതായി യെശയ്യാവ്‌ ദൈ​വേഷ്ടം ചെയ്യു​ന്ന​വർക്ക്‌ ഹൃദ​യോ​ഷ്‌മ​ള​മായ ഒരു പ്രത്യാശ വെച്ചു​നീ​ട്ടു​ന്നു. ദൈവ​ജനം അനുഭ​വി​ക്കുന്ന ഏതൊരു ക്ലേശവും “ഉയരത്തിൽനി​ന്നു ആത്മാവി​നെ നമ്മു​ടെ​മേൽ പകരു​വോ​ളം” മാത്രമേ അനുഭ​വി​ക്കേണ്ടി വരുക​യു​ള്ളൂ. “അപ്പോൾ മരുഭൂ​മി [ഫല] ഉദ്യാ​ന​മാ​യി​ത്തീ​രും; ഉദ്യാനം വനമായി എണ്ണപ്പെ​ടും.” (യെശയ്യാ​വു 32:15) സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, 1919 മുതൽ യഹോവ തന്റെ ജനത്തി​ന്മേൽ സമൃദ്ധ​മാ​യി പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നി​രി​ക്കു​ന്നു. ഒരർഥ​ത്തിൽ അത്‌, അഭിഷിക്ത സാക്ഷി​ക​ളു​ടെ ഫലസമൃ​ദ്ധ​മായ ഒരു ഉദ്യാ​ന​വും, അതേത്തു​ടർന്ന്‌ വേറെ ആടുക​ളു​ടെ വിശാ​ല​മായ ഒരു വനവും രൂപം കൊള്ളാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ഫലസമൃ​ദ്ധി​യും വളർച്ച​യു​മാണ്‌ ഇന്ന്‌ യഹോ​വ​യു​ടെ ഭൗമിക സംഘട​ന​യു​ടെ മുഖമു​ദ്ര. ആസന്നമായ ദൈവ​രാ​ജ്യ​ത്തെ കുറിച്ച്‌ ദൈവ​ജനം ലോക​വ്യാ​പ​ക​മാ​യി ഘോഷി​ക്കു​ന്ന​തി​ലൂ​ടെ പുനഃ​സ്ഥാ​പിത ആത്മീയ പറുദീ​സ​യിൽ “യഹോ​വ​യു​ടെ മഹത്വ​വും നമ്മുടെ ദൈവ​ത്തി​ന്റെ തേജസ്സും” വിളങ്ങു​ന്നു.—യെശയ്യാ​വു 35:1, 2.

21. നീതി​യും സമാധാ​ന​വും നിർഭ​യ​ത്വ​വും ഇന്ന്‌ എവിടെ കണ്ടെത്താം?

21 അടുത്തതായി, യഹോ​വ​യു​ടെ മഹത്തായ വാഗ്‌ദാ​നം ശ്രദ്ധിക്കൂ: “അന്നു മരുഭൂ​മി​യിൽ ന്യായം വസിക്കും; ഉദ്യാ​ന​ത്തിൽ നീതി പാർക്കും. നീതി​യു​ടെ പ്രവൃത്തി സമാധാ​ന​വും നീതി​യു​ടെ ഫലം ശാശ്വ​ത​വി​ശ്രാ​മ​വും നിർഭ​യ​ത​യും ആയിരി​ക്കും.” (യെശയ്യാ​വു 32:16, 17) യഹോ​വ​യു​ടെ ജനത്തിന്റെ ഇന്നത്തെ ആത്മീയ അവസ്ഥയെ ഇത്‌ എത്ര നന്നായി വർണി​ക്കു​ന്നു! മനുഷ്യ​വർഗ​ത്തിൽ ഭൂരി​ഭാ​ഗ​വും വിദ്വേ​ഷ​വും അക്രമ​വും കടുത്ത ആത്മീയ ദാരി​ദ്ര്യ​വും നിമിത്തം വിഭജി​ത​രാണ്‌. അതിനു നേരെ വിപരീ​ത​മാ​യി, ‘സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും നിന്നു​ള്ളവർ’ ആണെങ്കി​ലും സത്യ​ക്രി​സ്‌ത്യാ​നി​കൾ ഗോള​വ്യാ​പ​ക​മാ​യി ഏകീകൃ​ത​രാണ്‌. ദൈവ​നീ​തി​ക്കു ചേർച്ച​യിൽ ജോലി ചെയ്യു​ക​യും സേവനം അനുഷ്‌ഠി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടാണ്‌ അവർ ജീവി​ക്കു​ന്നത്‌. തത്‌ഫ​ല​മാ​യി, തങ്ങൾക്ക്‌ ഒടുവിൽ യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും ശാശ്വ​ത​മാ​യി ആസ്വദി​ക്കാ​നാ​കു​മെന്ന്‌ അവർ ഉറച്ചു വിശ്വ​സി​ക്കു​ന്നു.—വെളി​പ്പാ​ടു 7:9, 17.

22. ദൈവ​ജ​ന​ത്തി​ന്റെ​യും വ്യാജ​മ​ത​ത്തി​ലെ ആളുക​ളു​ടെ​യും അവസ്ഥകൾ തമ്മിലുള്ള വ്യത്യാ​സ​മെന്ത്‌?

22 ആത്മീയ പറുദീ​സ​യിൽ ഇപ്പോൾത്തന്നെ യെശയ്യാ​വു 32:18 നിവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അത്‌ ഇപ്രകാ​രം പറയുന്നു: “എന്റെ ജനം സമാധാ​ന​നി​വാ​സ​ത്തി​ലും നിർഭ​യ​വ​സ​തി​ക​ളി​ലും സ്വൈ​ര​മുള്ള വിശ്രാ​മ​സ്ഥ​ല​ങ്ങ​ളി​ലും പാർക്കും.” മറിച്ച്‌, നാമധേയ ക്രിസ്‌ത്യാ​നി​ക​ളു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ ആ പ്രവചനം തുടർന്നു പറയുന്നു: “വനത്തിന്റെ വീഴ്‌ചെക്കു കന്മഴ പെയ്‌ക​യും നഗരം അശേഷം നിലം​പ​രി​ചാ​ക​യും ചെയ്യും.” (യെശയ്യാ​വു 32:19) വ്യാജ​മ​ത​മാ​കുന്ന നഗരത്തി​ന്മേൽ യഹോ​വ​യു​ടെ ന്യായ​വി​ധി ഉഗ്രമായ കന്മഴ പോലെ വർഷി​ക്കാ​നി​രി​ക്കു​ക​യാണ്‌. അപ്പോൾ, അതിന്റെ പിന്തു​ണ​ക്കാ​രാ​കുന്ന ‘വനം’ എന്നേക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടും!

23. ഏത്‌ ആഗോള വേലയാ​ണു പൂർത്തി​യാ​കാ​റാ​യി​രി​ക്കു​ന്നത്‌, അതിൽ പങ്കുപ​റ്റു​ന്ന​വരെ കുറിച്ച്‌ എന്തു പറയാൻ കഴിയും?

23 ഈ പ്രവച​ന​ഭാ​ഗം ഇങ്ങനെ അവസാ​നി​ക്കു​ന്നു: “ജലാശ​യ​ങ്ങൾക്ക്‌ അരികെ വിതയ്‌ക്കു​ക​യും കാള​യെ​യും കഴുത​യെ​യും മേയാൻ അഴിച്ചു​വി​ടു​ക​യും ചെയ്യുന്ന നിങ്ങൾ സന്തുഷ്‌ടർ!” (യെശയ്യാ​വു 32:20, “ഓശാന ബൈ.”) പുരാതന കാലത്തു ദൈവ​ജനം നിലം ഉഴുകാ​നും വിത്തു വിതയ്‌ക്കാ​നു​മാ​യി കാള​യെ​യും കഴുത​യെ​യും ഉപയോ​ഗി​ച്ചി​രു​ന്നു. ഇന്ന്‌ യഹോ​വ​യു​ടെ ജനം ശതകോ​ടി​ക്ക​ണ​ക്കി​നു ബൈബിൾ സാഹി​ത്യ​ങ്ങൾ അച്ചടിച്ചു വിതരണം ചെയ്യു​ന്ന​തിന്‌ അച്ചടി യന്ത്രങ്ങ​ളും ഇലക്‌​ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളും ആധുനിക കെട്ടി​ട​ങ്ങ​ളും വാഹന​ങ്ങ​ളു​മൊ​ക്കെ ഉപയോ​ഗി​ക്കു​ന്നു. സർവോ​പരി, ഒരു ഏകീകൃത ദിവ്യാ​ധി​പത്യ സംഘട​ന​യും അവർക്കുണ്ട്‌. ഇന്ന്‌ ഭൂമി​യി​ലു​ട​നീ​ളം, അക്ഷരീയ “ജലാശ​യ​ങ്ങൾക്ക്‌ അരികെ” പോലും, രാജ്യ വിത്തുകൾ പാകു​ന്ന​തി​നു മനസ്സൊ​രു​ക്ക​മുള്ള പ്രവർത്തകർ ഈ ബൈബിൾ സാഹി​ത്യ​ങ്ങൾ ഉപയോ​ഗി​ക്കു​ന്നു. തത്‌ഫ​ല​മാ​യി ദൈവ​ഭ​യ​മുള്ള ദശലക്ഷ​ക്ക​ണ​ക്കി​നു സ്‌ത്രീ​പു​രു​ഷ​ന്മാർ ഇതി​നോ​ടകം കൊയ്‌തെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. വേറെ ബഹുശ​തങ്ങൾ കൊയ്‌ത്തു​വേ​ല​യിൽ അവരോ​ടു ചേരു​ക​യു​മാണ്‌. (വെളി​പ്പാ​ടു 14:15, 16) അവരെ ഏവരെ​യും വാസ്‌ത​വ​മാ​യും “സന്തുഷ്‌ടർ” എന്നു വിളി​ക്കാ​നാ​കും!

[അടിക്കു​റി​പ്പു​കൾ]

a യെശയ്യാവു 32:1-ലെ “രാജാവ്‌” എന്ന പരാമർശം പ്രാഥ​മി​ക​മാ​യി ഹിസ്‌കീ​യാ രാജാ​വി​നെ ആയിരി​ക്കാം കുറി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും, യെശയ്യാ​വു 32-ാം അധ്യാ​യ​ത്തി​ന്റെ മുഖ്യ നിവൃത്തി രാജാ​വായ യേശു​ക്രി​സ്‌തു​വി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു.

b വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച 1999 മാർച്ച്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 13-18 പേജുകൾ കാണുക. യെഹെ​സ്‌കേൽ 44-48 അധ്യാ​യ​ങ്ങ​ളിൽ കാണുന്ന “പ്രഭു” (സത്യ​വേ​ദ​പു​സ്‌തകം) എന്ന പ്രയോ​ഗത്തെ പുതി​യ​ലോക ഭാഷാ​ന്തരം കൂടുതൽ കൃത്യ​ത​യോ​ടെ “മുഖ്യൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[331-ാം പേജിലെ ചിത്രങ്ങൾ]

ചാവുകടൽ ചുരു​ളിൽ, യെശയ്യാ​വു 32-ാം അധ്യായം വരുന്ന ഭാഗം “X” എന്ന്‌ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു

[333-ാം പേജിലെ ചിത്രങ്ങൾ]

ഓരോ ‘പ്രഭു’വും കാറ്റിനു ഒരു മറവും മഴയിൽ നിന്നുള്ള സങ്കേത​വു​മാ​യി വരണ്ട നിലത്തു നീർത്തോ​ടു പോ​ലെ​യും കൊടും വെയി​ലത്തു തണൽ പോ​ലെ​യു​മി​രി​ക്കു​ന്നു

[338-ാം പേജിലെ ചിത്രം]

മറ്റുള്ളവരുമായി സുവാർത്ത പങ്കു​വെ​ക്കു​ന്ന​തിൽ ക്രിസ്‌ത്യാ​നി​കൾ വളരെ​യ​ധി​കം സന്തോഷം കണ്ടെത്തു​ന്നു