യെശയ്യാവ് യഹോവയുടെ “അപൂർവ്വക്രിയയെ” കുറിച്ചു പ്രവചിക്കുന്നു
അധ്യായം ഇരുപത്തിരണ്ട്
യെശയ്യാവ് യഹോവയുടെ “അപൂർവ്വക്രിയയെ” കുറിച്ചു പ്രവചിക്കുന്നു
1, 2. ഇസ്രായേലിനും യഹൂദയ്ക്കും സുരക്ഷിതത്വം തോന്നുന്നത് എന്തുകൊണ്ട്?
അപകടകരമായ സാഹചര്യത്തിൽ സുരക്ഷിതത്വം കണ്ടെത്താൻ ഇസ്രായേലിന്റെയും യഹൂദയുടെയും നേതാക്കന്മാർ വലുതും കൂടുതൽ ശക്തവുമായ രാഷ്ട്രങ്ങളുമായി സഖ്യം ചേർന്നിരിക്കുകയാണ്. ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യ അയൽദേശമായ സിറിയയിലേക്കു തിരിഞ്ഞിരിക്കുന്നു. അതേസമയം, യഹൂദയുടെ തലസ്ഥാനമായ യെരൂശലേം നിഷ്ഠുര രാഷ്ട്രമായ അസീറിയയിലാണു പ്രത്യാശ വെച്ചിരിക്കുന്നത്. തന്നിമിത്തം, ചുരുങ്ങിയ ഒരു കാലഘട്ടത്തേക്ക് ഇരു രാഷ്ട്രങ്ങൾക്കും സുരക്ഷിതത്വം തോന്നുന്നു.
2 പുതിയ രാഷ്ട്രീയ സഖ്യങ്ങളിൽ ആശ്രയം വെക്കുമ്പോൾത്തന്നെ പത്തു-ഗോത്ര രാജ്യത്തിലെ ചിലർ യഹോവയുടെ സംരക്ഷണം പ്രതീക്ഷിക്കുന്നുണ്ടാകാം. എന്നാൽ, അവർ അപ്പോഴും പൊന്നുകൊണ്ടുള്ള കാളക്കുട്ടികളെ ആരാധിക്കുന്നു എന്ന കാര്യം നാം മറക്കരുത്. അതുപോലെ, യഹോവയുടെ സംരക്ഷണം തങ്ങൾക്കു ലഭിക്കുമെന്ന് യഹൂദയും ഉറച്ചു വിശ്വസിക്കുന്നു. ഒന്നുമല്ലെങ്കിലും, തങ്ങളുടെ തലസ്ഥാന നഗരമായ യെരൂശലേമിൽ യഹോവയുടെ ആലയമുണ്ടല്ലോ എന്നാണ് അവർ ചിന്തിക്കുന്നത്. എന്നാൽ, അപ്രതീക്ഷിത സംഭവങ്ങളാണ് ഇസ്രായേലിനെയും യഹൂദയെയും കാത്തിരിക്കുന്നത്. വഴിപിഴച്ച ആ ജനതയ്ക്കു തികച്ചും വിസ്മയകരമായി തോന്നുന്ന സംഭവവികാസങ്ങൾ മുൻകൂട്ടി പറയാൻ യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കുന്നു. യെശയ്യാവിന്റെ വാക്കുകളിൽ, ഇന്നു ജീവിച്ചിരിക്കുന്ന ഏവർക്കും ജീവത്പ്രധാനമായ പല പാഠങ്ങളും അടങ്ങിയിരിക്കുന്നു.
‘എഫ്രയീമിലെ മദ്യപന്മാർ’
3, 4. പത്തു-ഗോത്ര വടക്കേ രാജ്യം അഹങ്കരിക്കുന്നത് എന്തു കാരണത്താലാണ്?
3 ഞെട്ടിക്കുന്ന വാക്കുകളോടെയാണ് യെശയ്യാവ് തന്റെ പ്രവചനം തുടങ്ങുന്നത്: “എഫ്രയീമിലെ കുടിയാന്മാരുടെ [മദ്യപന്മാരുടെ] ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം! ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറേറാടുകൂടിയ കന്മഴപോലെ . . . അവൻ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും. എഫ്രയീമിലെ കുടിയാന്മാരുടെ [മദ്യപന്മാരുടെ] ഡംഭകിരീടം അവൻ കാൽകൊണ്ടു ചവിട്ടിക്കളയും.”—യെശയ്യാവു 28:1-3.
4 പത്തു-ഗോത്ര വടക്കേ രാജ്യത്തിൽ ഏറ്റവും പ്രമുഖസ്ഥാനം അലങ്കരിക്കുന്ന എഫ്രയീം മുഴു ഇസ്രായേൽ രാജ്യത്തെയും പ്രതിനിധാനം ചെയ്യുന്നു. അതിന്റെ തലസ്ഥാനമായ ശമര്യ മനോഹരമായ സ്ഥാനത്ത്—“ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ”—ആണു സ്ഥിതിചെയ്യുന്നത്. “ഡംഭകിരീടം” ധരിച്ചിരിക്കുന്നതിൽ, അതായത് യെരൂശലേമിലെ ദാവീദിക രാജത്വത്തിൽനിന്നു സ്വതന്ത്രരായിരിക്കുന്നതിൽ എഫ്രയീമിലെ നേതാക്കന്മാർ അഹങ്കരിക്കുന്നു. എന്നാൽ, അവർ ‘മദ്യപന്മാർ’ ആണ്. ആത്മീയ അർഥത്തിൽ മത്തുപിടിച്ച അവർ യഹൂദയ്ക്കെതിരെ സിറിയയുമായി സഖ്യം ചേർന്നിരിക്കുന്നു. അവർ പ്രിയങ്കരമായി കരുതുന്നതെല്ലാം താമസിയാതെ അക്രമികൾ ചവിട്ടിമെതിക്കും.—യെശയ്യാവു 29:9 താരതമ്യം ചെയ്യുക.
5. ഇസ്രായേൽ ഏത് അപകടാവസ്ഥയിലാണ്, യെശയ്യാവ് എന്തു പ്രത്യാശ വെച്ചുനീട്ടുന്നു?
5 എഫ്രയീം തങ്ങളുടെ അപകടാവസ്ഥ തിരിച്ചറിയുന്നില്ല. യെശയ്യാവ് തുടരുന്നു: “ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.” (യെശയ്യാവു 28:4) എഫ്രയീമിനെ അസീറിയ കീഴടക്കും, ഒറ്റയടിക്ക് അതിന്റെ കഥ കഴിക്കും. അപ്പോൾ, പ്രത്യാശയ്ക്കു യാതൊരു വകയും ഇല്ലെന്നാണോ? യെശയ്യാവിന്റെ പ്രവചനങ്ങൾ ഏറിയപങ്കും, ന്യായവിധിയെ കുറിച്ചുള്ളതാണെങ്കിലും അവയിൽ പ്രത്യാശയും അടങ്ങിയിരിക്കുന്നു. ഒരു ജനതയെന്ന നിലയിൽ അവർ നിലംപതിച്ചാലും, യഹോവയുടെ സഹായത്താൽ വിശ്വസ്തരായ വ്യക്തികൾ അതിജീവിക്കും. “അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും ന്യായവിസ്താരം കഴിപ്പാൻ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്ക്കൽവെച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.”—യെശയ്യാവു 28:5, 6.
‘അവർ വഴിതെറ്റിപ്പോയിരിക്കുന്നു’
6. ഇസ്രായേൽ നാശത്തെ അഭിമുഖീകരിക്കുന്നത് എപ്പോൾ, യഹൂദ അതിൽ ആനന്ദിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
6 പൊ.യു.മു. 740-ൽ ശമര്യ കണക്കു ബോധിപ്പിക്കേണ്ട സമയം വന്നെത്തി. പ്രസ്തുത വർഷം അസീറിയ ആ ദേശത്തെ ശൂന്യമാക്കിയതോടെ വടക്കേ രാജ്യം മേലാൽ ഒരു സ്വതന്ത്ര ജനതയെന്ന നിലയിൽ നിലവിലില്ലാതായി. യഹൂദയുടെ കാര്യമോ? അസീറിയ ആ ദേശത്തെ ആക്രമിക്കും, പിന്നീട് ബാബിലോൺ അവരുടെ തലസ്ഥാനനഗരിയെ തകർത്തുതരിപ്പണമാക്കും. എങ്കിലും, യെശയ്യാവിന്റെ ആയുഷ്കാലത്ത് യെരൂശലേമിൽ ആലയ പ്രവർത്തനങ്ങൾ തുടർന്നു നടക്കും, പൗരോഹിത്യവും നിലവിലുണ്ടായിരിക്കും. പ്രവാചകന്മാർ പ്രവചിക്കുന്നതിൽ തുടരുകയും ചെയ്യും. എന്നുവരികിലും, തങ്ങളുടെ അയൽക്കാരായ വടക്കേ രാജ്യത്തിന്റെ നാശത്തിൽ യഹൂദ ആനന്ദിക്കണമോ? ഒരു കാരണവശാലും വേണ്ട! അനുസരണക്കേടും അവിശ്വാസവും കാട്ടിയതിനാൽ യഹോവ യഹൂദയോടും അവളുടെ നേതാക്കന്മാരോടും കണക്കു തീർക്കും.
7. ഏതർഥത്തിലാണ് യഹൂദയുടെ നേതാക്കന്മാർ മദ്യപിച്ചു ലക്കുകെടുന്നത്, അതിന്റെ ഫലങ്ങൾ എന്തെല്ലാം?
7 യഹൂദയെ ആ സന്ദേശം അറിയിച്ചുകൊണ്ട് യെശയ്യാവ് പറയുന്നു: “എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും [“വഴിതെറ്റുകയും,” NW] മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെററിപ്പോകുന്നു. മേശകൾ ഒക്കെയും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.” (യെശയ്യാവു 28:7, 8) എത്ര അറപ്പുളവാക്കുന്ന സംഗതി! ദൈവഭവനത്തിൽ വെച്ച് അക്ഷരാർഥത്തിൽ മദ്യപിക്കുന്നതു കൊടിയ പാപംതന്നെ. എന്നാൽ, ഈ പുരോഹിതന്മാരും പ്രവാചകന്മാരും ആത്മീയ അർഥത്തിലാണു മത്തരായിരിക്കുന്നത്. മനുഷ്യ സഖ്യങ്ങളിലുള്ള അമിതവിശ്വാസം അവരെ അന്ധരാക്കിയിരിക്കുന്നു. തങ്ങൾ കൈക്കൊണ്ടിരിക്കുന്നതാണു പ്രായോഗികമായ ഏക ഗതിയെന്ന് അവർ ചിന്തിക്കുന്നു. യഹോവയുടെ സംരക്ഷണം പോരാതെ വരുന്നപക്ഷം സഹായത്തിനായി മറ്റൊരു ഉറവിടം ഉണ്ടായിരിക്കുന്നതു ബുദ്ധിയായിരിക്കുമെന്ന് അവർ കരുതുന്നു. എന്നാൽ, അങ്ങനെ ചിന്തിക്കുന്നതിലൂടെ അവർ സ്വയം വഞ്ചിക്കുകയാണ്. ആത്മീയ അർഥത്തിൽ മത്തരായ ഈ മതനേതാക്കന്മാർ ദൈവവാഗ്ദാനങ്ങളിൽ തങ്ങൾക്കു തെല്ലും വിശ്വാസമില്ലെന്നു കാണിക്കുന്ന വിധത്തിൽ മത്സരാത്മകവും മ്ലേച്ഛവുമായ കാര്യങ്ങൾ പറയുന്നു.
8. യെശയ്യാവിന്റെ സന്ദേശത്തോടുള്ള പ്രതികരണം എന്ത്?
8 യഹോവയുടെ മുന്നറിയിപ്പിനോട് അവർ എങ്ങനെയാണു പ്രതികരിക്കുന്നത്? അവർ യെശയ്യാവിനെ പരിഹസിക്കുന്നു. ശിശുക്കളോട് എന്നതുപോലെ തങ്ങളോടു സംസാരിക്കുന്നതായി അവർ അവനെ കുറ്റപ്പെടുത്തുന്നു: “ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിപ്പാൻ പോകുന്നതു? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിപ്പാൻ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ? ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം.” (യെശയ്യാവു 28:9, 10) യെശയ്യാവിന്റെ വാക്കുകൾ ആവർത്തനവിരസവും വിചിത്രവുമായി അവർക്കു തോന്നുന്നു. ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു! യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു! ഇതാകുന്നു യഹോവയുടെ പ്രമാണം! ഇതാകുന്നു യഹോവയുടെ പ്രമാണം!’ എന്ന് അവൻ ആവർത്തിച്ചു പറയുന്നത്രേ. a എന്നാൽ, യഹോവ ഉടൻതന്നെ പ്രവൃത്തിയിലൂടെ അവരോടു “സംസാരിക്കും.” ബാബിലോണിയൻ സേനയെ, മറ്റൊരു ഭാഷ സംസാരിക്കുന്ന വിദേശികളെ, അവൻ അവർക്കെതിരെ അയയ്ക്കും. ആ സേന നിശ്ചയമായും യഹോവയുടെ “ചട്ടം” നിവർത്തിക്കും, അങ്ങനെ യഹൂദ നിലംപതിക്കും.—യെശയ്യാവു 28:11-13 വായിക്കുക.
ഇക്കാലത്തെ ആത്മീയ മദ്യപന്മാർ
9, 10. യെശയ്യാവിന്റെ വാക്കുകൾ പിൽക്കാല തലമുറകൾക്കു ബാധകമാകുന്നത് എപ്പോൾ, എങ്ങനെ?
9 യെശയ്യാവിന്റെ പ്രവചനങ്ങൾ പുരാതന ഇസ്രായേലിലും യഹൂദയിലും മാത്രമേ നിറവേറിയുള്ളോ? തീർച്ചയായുമല്ല! യേശുവും പൗലൊസും യെശയ്യാവിന്റെ വാക്കുകൾ ഉദ്ധരിക്കുകയും തങ്ങളുടെ നാളിലെ ജനതയ്ക്കു ബാധകമാക്കുകയും ചെയ്തു. (യെശയ്യാവു 29:10, 13; മത്തായി 15:8, 9; റോമർ 11:8) ഇന്നും യെശയ്യാവിന്റെ നാളിലേതിനു സമാനമായ ഒരു സ്ഥിതിവിശേഷമാണു നിലവിലുള്ളത്.
10 ഇസ്രായേലിനെയും യഹൂദയെയും പോലെ ഇന്ന് ക്രൈസ്തവലോകത്തിലെ മതനേതാക്കന്മാർ രാഷ്ട്രങ്ങളിൽ ആശ്രയം വെക്കുകയും മദ്യപന്മാരെപ്പോലെ ആടിനടക്കുകയും ചെയ്യുന്നു. മാത്രമല്ല, രാഷ്ട്രീയ കാര്യങ്ങളിൽ അവർ ഇടപെടുകയും ലോകത്തിലെ ‘പ്രമുഖ വ്യക്തികൾ’ തങ്ങളുമായി ആലോചന കഴിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു. ബൈബിളിലെ നിർമല സത്യത്തിനു പകരം മ്ലേച്ഛമായ കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. വ്യക്തമായ ആത്മീയ കാഴ്ചപ്പാട് അവർക്കില്ല. മനുഷ്യവർഗത്തെ സുരക്ഷിത പാതയിൽ നയിക്കാൻ അവർ അപ്രാപ്തരാണ്.—മത്തായി 15:14.
11. ദൈവരാജ്യ സുവാർത്തയോടു ക്രൈസ്തവലോക മതനേതാക്കന്മാർ എങ്ങനെയാണു പ്രതികരിക്കുന്നത്?
11 യഹോവയുടെ സാക്ഷികൾ മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയായ ദൈവരാജ്യത്തിലേക്കു ക്രൈസ്തവലോക നേതാക്കന്മാരുടെ ശ്രദ്ധ ക്ഷണിക്കുമ്പോൾ അവർ എങ്ങനെയാണു പ്രതികരിക്കുന്നത്? അവർക്ക് ആ സന്ദേശം മനസ്സിലാകുന്നില്ല. സാക്ഷികൾ ശിശുക്കളെപ്പോലെ ഒരേ കാര്യം തന്നെയും പിന്നെയും പറയുന്നതു പോലെയാണ് അവർക്കു തോന്നുന്നത്. ആ മതനേതാക്കന്മാർ ഈ സന്ദേശവാഹകരെ അവജ്ഞയോടെ വീക്ഷിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്നു. യേശുവിന്റെ നാളിലെ യഹൂദന്മാരെപ്പോലെ ഇന്നത്തെ മതനേതാക്കന്മാരും ദൈവരാജ്യത്തിനായി കാംക്ഷിക്കുന്നില്ല. തങ്ങളുടെ അജഗണം അതേക്കുറിച്ചു കേൾക്കാനും അവർ ആഗ്രഹിക്കുന്നില്ല. (മത്തായി 23:13) തന്മൂലം, നിരുപദ്രവകാരികളായ തന്റെ സന്ദേശവാഹകർ മുഖാന്തരം സംസാരിക്കുന്നതിൽ യഹോവ എക്കാലവും തുടരില്ല എന്ന് അവർക്ക് മുന്നറിയിപ്പു ലഭിക്കുന്നു. ദൈവരാജ്യത്തിനു കീഴ്പെടാത്തവർ ‘തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിക്കപ്പെടാനുള്ള,’ പൂർണമായി നശിപ്പിക്കപ്പെടാനുള്ള സമയം ഉടൻ വന്നെത്തും.
“മരണത്തോടു സഖ്യത”
12. യഹൂദ “മരണത്തോടു സഖ്യത” ചെയ്തിരിക്കുന്നു എന്നതിന്റെ അർഥമെന്ത്?
12 യെശയ്യാവ് തുടർന്ന് ഇങ്ങനെ പ്രവചിക്കുന്നു: “അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേൾപ്പിൻ. ഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ.” (യെശയ്യാവു 28:14, 15) രാഷ്ട്രീയ സഖ്യങ്ങൾ ഉള്ളതുകൊണ്ട് തങ്ങൾ പരാജയപ്പെടില്ലെന്ന് യഹൂദാ നേതാക്കന്മാർ വീമ്പിളക്കുന്നു. തങ്ങളെ വെറുതെ വിടേണ്ടതിന് അവർ “മരണത്തോടു സഖ്യത” ചെയ്തിരിക്കുന്നതായി അവർക്കു തോന്നുന്നു. എന്നാൽ, അവരുടെ സങ്കേതം അവർക്കു സംരക്ഷണം പ്രദാനം ചെയ്യുകയില്ല. അവരുടെ സഖ്യത വ്യാജമാണ്. സമാനമായി ഇന്ന്, ലോക നേതാക്കന്മാരുമായുള്ള ക്രൈസ്തവലോകത്തിന്റെ ഉറ്റ ബന്ധം അവളോടു കണക്കു തീർക്കാനുള്ള യഹോവയുടെ സമയം വന്നെത്തുമ്പോൾ അവൾക്കു രക്ഷയായി ഭവിക്കില്ല. മറിച്ച്, അത് അവളുടെ നാശത്തിൽ കലാശിക്കും എന്നതാണു വാസ്തവം.—വെളിപ്പാടു 17:16, 17.
13. ‘ശോധനചെയ്ത കല്ല്’ ആരാണ്, ക്രൈസ്തവലോകം അവനെ തള്ളിക്കളഞ്ഞിരിക്കുന്നത് എങ്ങനെ?
13 ആ സ്ഥിതിക്ക്, ഈ മതനേതാക്കന്മാർ എങ്ങോട്ടു തിരിയേണ്ടതുണ്ട്? യെശയ്യാവ് അടുത്തതായി യഹോവയുടെ വാഗ്ദാനം രേഖപ്പെടുത്തുന്നു: “അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല. ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവെക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും.” (യെശയ്യാവു 28:16, 17) യെശയ്യാവ് ഈ വാക്കുകൾ പ്രഖ്യാപിച്ച് അധികനാൾ കഴിയുന്നതിനു മുമ്പ് വിശ്വസ്തനായ ഹിസ്കീയാ രാജാവ് സീയോനിൽ സിംഹാസനസ്ഥനാകുന്നു. അവന്റെ രാജ്യം സംരക്ഷിക്കപ്പെടുന്നു. ചുറ്റുമുള്ള സഖ്യരാഷ്ട്രങ്ങളല്ല, മറിച്ച് യഹോവയാണ് അതിനെ രക്ഷിക്കുന്നത്. എന്നുവരികിലും, മേലുദ്ധരിച്ച നിശ്വസ്ത വചനങ്ങൾ ഹിസ്കീയാവിൽ നിറവേറിയില്ല. ഹിസ്കീയാവ് ജനിച്ച് പല നൂറ്റാണ്ടുകൾക്കു ശേഷം ജനിച്ച അവന്റെ ഒരു പിൻതലമുറക്കാരനായ യേശുക്രിസ്തുവാണ് ആ ‘ശോധനചെയ്ത കല്ല്’ എന്ന് യെശയ്യാവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടു പത്രൊസ് അപ്പൊസ്തലൻ വ്യക്തമാക്കി. യേശുവിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ആരും ഭയപ്പെടേണ്ടതില്ലെന്നും പത്രൊസ് പറഞ്ഞു. (1 പത്രൊസ് 2:6) ക്രിസ്ത്യാനികളെന്നു സ്വയം വിളിക്കുന്ന ക്രൈസ്തവലോക നേതാക്കന്മാർ യേശുവിൽനിന്നു തികച്ചും വ്യത്യസ്തരായി ഈ ലോകത്തിലെ സ്ഥാനമാനങ്ങളും അധികാരങ്ങളും കാംക്ഷിക്കുന്നത് എത്ര നിന്ദാകരമാണ്! രാജാവായ യേശുക്രിസ്തുവിന്റെ കീഴിലുള്ള യഹോവയുടെ രാജ്യത്തിനായി കാത്തിരിക്കാൻ അവർക്കു തെല്ലും താത്പര്യമില്ല.—മത്തായി 4:8-10.
14. “മരണത്തോടുള്ള” യഹൂദയുടെ “സഖ്യത” എപ്പോൾ അസാധുവാക്കപ്പെടും?
14 ബാബിലോണിയൻ സേനയാകുന്ന “പ്രവഹിക്കുന്ന ബാധ” ദേശത്തിലൂടെ കടന്നുപോകുമ്പോൾ യഹൂദയുടെ രാഷ്ട്രീയ സങ്കേതം വെറും വ്യാജമാണെന്ന് യഹോവ തുറന്നുകാട്ടും. “മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുർബ്ബലമാകും” യഹോവ പറയുന്നു. “പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ നിങ്ങൾ തകർന്നുപോകും. അതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; . . . അതിന്റെ ശ്രുതി കേൾക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.” (യെശയ്യാവു 28:18, 19) അതേ, യഹോവയെ സേവിക്കുന്നതായി അവകാശപ്പെടുന്നെങ്കിലും അവനിൽ ആശ്രയിക്കുന്നതിനു പകരം രാഷ്ട്രങ്ങളുമായുള്ള സഖ്യത്തിൽ ആശ്രയിക്കുന്നവർക്ക് എന്തു സംഭവിക്കും എന്നതു സംബന്ധിച്ച് ഇതു നമുക്കു ശക്തമായ ഒരു പാഠമാണ്.
15. യഹൂദയുടെ സംരക്ഷണത്തിന്റെ അപര്യാപ്തത യെശയ്യാവു ദൃഷ്ടാന്തീകരിക്കുന്നത് എങ്ങനെ?
15 യഹൂദയിലെ നേതാക്കന്മാരുടെ ഇപ്പോഴത്തെ അവസ്ഥ പരിചിന്തിക്കുക. “കിടക്ക ഒരുത്തന്നു നിവിർന്നു കിടപ്പാൻ നീളം പോരാത്തതും പുതെപ്പു പുതെപ്പാൻ വീതിപോരാത്തതും ആകും.” (യെശയ്യാവു 28:20) വിശ്രമിക്കാനായി അവർ കിടക്കുമെങ്കിലും അതുകൊണ്ടു ഫലമുണ്ടാകാത്തതു പോലെയാണ് അത്. കിടക്കയ്ക്കു നീളം കുറവായതിനാൽ തണുപ്പത്തു കാൽ പുറത്തേക്കു നീണ്ടുനിൽക്കുകയാണ്. ഇനി, ചുരുണ്ടുകൂടി കിടക്കാമെന്നു വെച്ചാലോ, പുതപ്പിനു വീതി കുറവായതിനാൽ നന്നായി ചുറ്റിപ്പുതയ്ക്കാനും കഴിയുന്നില്ല. യെശയ്യാവിന്റെ നാളിൽ യഹൂദർ ഇതുപോലുള്ള അസുഖകരമായ ഒരു അവസ്ഥയിൽ ആയിരുന്നു. ഇന്ന്, ക്രൈസ്തവലോകത്തിന്റെ വ്യാജ സങ്കേതത്തിൽ ആശ്രയിക്കുന്ന ഏതൊരാളുടെയും സ്ഥിതി അതുതന്നെ. രാഷ്ട്രീയത്തിൽ കൈകടത്തിക്കൊണ്ടു ക്രൈസ്തവലോകത്തിലെ ചില നേതാക്കന്മാർ “വർഗീയ വെടിപ്പാക്കൽ,” വർഗീയ കശാപ്പ് എന്നിങ്ങനെയുള്ള കൊടിയ പ്രവൃത്തികൾക്കു പിന്തുണ നൽകുന്നത് എത്രയോ ഹീനമാണ്!
യഹോവയുടെ “അപൂർവ്വക്രിയ”
16. യഹോവയുടെ “അപൂർവ്വക്രിയ” എന്താണ്, അത് അസാധാരണം ആയിരിക്കുന്നത് എന്തുകൊണ്ട്?
16 യഹൂദയുടെ മതനേതാക്കന്മാരുടെ പ്രതീക്ഷയ്ക്കു നേർവിപരീതം ആയിരിക്കും കാര്യങ്ങളുടെ പരിണതി. ആത്മീയമായി ലക്കുകെട്ട ആ യഹൂദാ നിവാസികളുടെ കാര്യത്തിൽ യഹോവ ഒരു അപൂർവക്രിയ ചെയ്യാനിരിക്കുകയാണ്. “യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.” (യെശയ്യാവു 28:21) ദാവീദ് രാജാവിന്റെ കാലത്തു പെരാസീം മലയിലും ഗിബെയോൻ സമഭൂമിയിലും വെച്ച് യഹോവ തന്റെ ജനത്തിനു ഫെലിസ്ത്യരുടെമേൽ വൻ വിജയം നൽകി. (1 ദിനവൃത്താന്തം 14:10-16) യോശുവയുടെ നാളിൽ, ഇസ്രായേല്യർ അമോര്യരുടെമേൽ സമ്പൂർണ വിജയം നേടേണ്ടതിനു ഗിബെയോൻ പ്രദേശത്തിനു മുകളിൽ സൂര്യൻ നിശ്ചലമായി നിൽക്കാൻപോലും യഹോവ ഇടവരുത്തി. (യോശുവ 10:8-14) അതു തികച്ചും അസാധാരണമായ ഒരു സംഭവമായിരുന്നു! യഹോവ വീണ്ടും പോരാടും, എന്നാൽ ഇത്തവണ അത് തന്റെ ജനമെന്ന് അവകാശപ്പെടുന്നവർക്ക് എതിരെയായിരിക്കും. അതിനെക്കാൾ അസാധാരണമായ എന്തെങ്കിലും ഉണ്ടായിരിക്കുമോ? ഇല്ല. എന്തുകൊണ്ടെന്നാൽ യെരൂശലേം യഹോവയുടെ ആരാധനാ കേന്ദ്രവും അവന്റെ അഭിഷിക്ത രാജാവിന്റെ നഗരവുമാണ് എന്നതിന്റെ വീക്ഷണത്തിൽ ആ പ്രവൃത്തി തികച്ചും അസാധാരണമാണ്. അവിടെ ദാവീദിന്റെ രാജവംശം മുമ്പൊരിക്കലും മറിച്ചിടപ്പെട്ടിട്ടില്ല. എന്നുവരികിലും, നിശ്ചയമായും യഹോവ തന്റെ “അപൂർവ്വക്രിയ” നടപ്പിലാക്കും.—ഹബക്കൂക് 1:5-7 താരതമ്യം ചെയ്യുക.
17. യെശയ്യാവിന്റെ പ്രവചന സന്ദേശത്തിന്മേൽ പരിഹാസം എന്തു ഫലമുളവാക്കും?
17 യെശയ്യാവ് മുന്നറിയിപ്പു നൽകുന്നു: “ആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങൾ പരിഹാസികൾ ആയിരിക്കരുതു; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.” (യെശയ്യാവു 28:22) നേതാക്കന്മാർ പരിഹസിക്കുന്നെങ്കിലും യെശയ്യാവ് അറിയിക്കുന്ന സന്ദേശം സത്യമാണ്. ആ നേതാക്കന്മാർ ഉടമ്പടിബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യഹോവതന്നെയാണ് യെശയ്യാവിന് ആ സന്ദേശം നൽകിയിരിക്കുന്നത്. സമാനമായി ഇന്ന്, യഹോവയുടെ “അപൂർവ്വക്രിയ”കളെ കുറിച്ചുള്ള സന്ദേശത്തെ ക്രൈസ്തവലോക നേതാക്കന്മാർ പുച്ഛിച്ചു തള്ളുന്നു. അവർ അവന്റെ സാക്ഷികൾക്കെതിരെ ആക്രോശിക്കുക പോലും ചെയ്യുന്നു. എന്നാൽ, സാക്ഷികൾ പ്രഖ്യാപിക്കുന്ന സന്ദേശം സത്യമാണ്. ആ നേതാക്കന്മാർ വിശ്വസിക്കുന്നതായി അവകാശപ്പെടുന്ന ഒരു പുസ്തകത്തിൽനിന്ന്—ബൈബിളിൽനിന്ന്—ഉള്ളതാണ് ആ സന്ദേശം.
18. യഹോവ ശിക്ഷണം നൽകുന്നതിൽ സമനില പാലിക്കുന്നു എന്നതിനെ യെശയ്യാവ് എങ്ങനെ ദൃഷ്ടാന്തീകരിക്കുന്നു?
18 ഈ നേതാക്കന്മാരെ പിന്തുടരാത്ത ആത്മാർഥതയുള്ള വ്യക്തികളെ സംബന്ധിച്ചെന്ത്? അവരെ യഹോവ യഥാസ്ഥാനപ്പെടുത്തുകയും തന്റെ പ്രീതിയിലേക്കു വരുത്തുകയും ചെയ്യും. (യെശയ്യാവു 28:23-29 വായിക്കുക.) വളരെ മൃദുവായ ജീരകം പോലുള്ള ധാന്യങ്ങൾ മെതിച്ചെടുക്കാൻ ഒരു കർഷകൻ അതിനു പറ്റിയ രീതി അവലംബിക്കുന്നതുപോലെ, വ്യക്തികളെയും സാഹചര്യങ്ങളെയും കണക്കിലെടുത്തുകൊണ്ട് യഹോവ തന്റെ ശിക്ഷണരീതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നു. അവൻ സ്വേച്ഛാപരമോ മർദകമോ ആയ മുറകൾ സ്വീകരിക്കുന്നില്ല. തെറ്റു ചെയ്ത വ്യക്തിയെ യഥാസ്ഥാനപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് അവൻ പ്രവർത്തിക്കുന്നത്. യഹോവയുടെ ആഹ്വാനത്തോട് അനുകൂലമായി പ്രതികരിക്കുന്നപക്ഷം വ്യക്തികൾക്കു പ്രത്യാശയ്ക്കു വകയുണ്ട്. സമാനമായി ഇന്ന്, ക്രൈസ്തവലോകം നാശത്തിനായി വിധിക്കപ്പെട്ടിരിക്കുന്നെങ്കിലും യഹോവയുടെ രാജ്യത്തിനു കീഴ്പെടുന്ന ഏതൊരു വ്യക്തിക്കും പ്രതികൂല ന്യായവിധി ഒഴിവാക്കാനാകും.
യെരൂശലേമിന് അയ്യോ കഷ്ടം!
19. ഏതർഥത്തിലാണ് യെരൂശലേം ‘യാഗാഗ്നികുണ്ഡം’ ആയിത്തീരുന്നത്, എപ്പോൾ, എങ്ങനെ അതു സംഭവിക്കുന്നു?
19 യഹോവ ഇപ്പോൾ എന്തിനെ കുറിച്ചാണു സംസാരിക്കുന്നത്? “അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ. എന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.” (യെശയ്യാവു 29:1, 2) “അരിയേൽ” എന്നതിന്റെ അർഥം ‘ദൈവത്തിന്റെ യാഗാഗ്നികുണ്ഡം’ എന്നായിരിക്കാനാണു സാധ്യത. തെളിവനുസരിച്ച്, ഇവിടെ അത് യെരൂശലേമിനെ പരാമർശിക്കുന്നു. അവിടെയാണ് ആലയവും യാഗപീഠവും സ്ഥിതിചെയ്യുന്നത്. അവിടെ യഹൂദന്മാർ മുടക്കം വരാതെ തങ്ങളുടെ ഉത്സവങ്ങളും ബലിയർപ്പണങ്ങളും നടത്തുന്നെങ്കിലും, യഹോവ അവരുടെ ആരാധനയിൽ സംപ്രീതനല്ല. (ഹോശേയ 6:6) പകരം, ആ നഗരംതന്നെ ഒരു വ്യത്യസ്ത അർഥത്തിൽ ‘യാഗാഗ്നികുണ്ഡം’ ആയിത്തീരുമെന്ന് അവൻ കൽപ്പിക്കുന്നു. ഒരു യാഗപീഠത്തിൽ എന്നതുപോലെ അതിലൂടെ രക്തം ഒഴുകും, ഒടുവിൽ അത് അഗ്നിക്ക് ഇരയാകും. അത് എങ്ങനെ ആയിരിക്കും സംഭവിക്കുന്നത് എന്നുപോലും യഹോവ മുൻകൂട്ടി പറയുന്നു: “ഞാൻ നിനക്കു വിരോധമായി ചുററും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും. അപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരും.” (യെശയ്യാവു 29:3, 4) പൊ.യു.മു. 607-ൽ ബാബിലോണിയൻ സൈന്യം നഗരത്തെ ഉപരോധിച്ച് അതിനെ നശിപ്പിക്കുകയും ആലയത്തിനു തീ വെക്കുകയും ചെയ്തപ്പോൾ യഹൂദയുടെയും യെരൂശലേമിന്റെയും കാര്യത്തിൽ ഈ പ്രവചനം നിറവേറി. അങ്ങനെ യെരൂശലേം താണുപോയി.
20. ദൈവത്തിന്റെ ശത്രുക്കൾക്ക് ഒടുവിൽ എന്തു സംഭവിക്കും?
20 എന്നാൽ ആ ദുരന്തപൂർണമായ കാലത്തിനു മുമ്പ്, യഹോവയുടെ നിയമം അനുസരിക്കുന്ന ചില രാജാക്കന്മാർ യഹൂദയിൽ ഭരണം നടത്തുന്നു. അപ്പോഴോ? യഹോവ തന്റെ ജനത്തിനുവേണ്ടി പോരാടുന്നു. ശത്രുക്കൾ ദേശത്തെ മൂടിയാലും അവർ “നേരിയ പൊടിപോലെയും” “പതിർപോലെയും” ആയിത്തീരും. തന്റെ തക്കസമയത്ത് “ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാററും കൊടുങ്കാററും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി” യഹോവ അവരെ ചിതറിക്കും.—യെശയ്യാവു 29:5, 6.
21. യെശയ്യാവു 29:7, 8-ലെ ദൃഷ്ടാന്തം വിശദീകരിക്കുക.
21 യെരൂശലേമിന്റെ ശത്രുസേനകൾ അതിലെ മുതലുകൾ കൊള്ളചെയ്യാൻ വ്യഗ്രത കാട്ടിയേക്കാം. എന്നാൽ അവർ ഞെട്ടിക്കുന്ന ഒരു സത്യം അംഗീകരിച്ചേ മതിയാകൂ! വിശന്നിരിക്കുന്നവൻ താൻ വയറു നിറയെ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ട് ഉണരുമ്പോൾ തന്റെ വിശപ്പു മാറിയിട്ടില്ല എന്നു തിരിച്ചറിയുന്നതുപോലെ, തങ്ങൾ ആകാംക്ഷാപൂർവം കാത്തിരുന്ന കൊള്ള തങ്ങൾക്കു കിട്ടാതെ പോകുന്നതായി യഹൂദയുടെ ശത്രുക്കൾ തിരിച്ചറിയും. (യെശയ്യാവു 29:7, 8 വായിക്കുക.) വിശ്വസ്തനായ ഹിസ്കീയാ രാജാവിന്റെ കാലത്ത് സൻഹേരീബിന്റെ കീഴിലുള്ള അസീറിയൻ സേന യെരൂശലേമിനെതിരെ ഭീഷണി മുഴക്കുമ്പോൾ എന്തു സംഭവിക്കുന്നെന്നു പരിചിന്തിക്കുക. (യെശയ്യാവു 36, 37 അധ്യായങ്ങൾ) ഒരു മനുഷ്യ ശ്രമവും കൂടാതെ, ഒറ്റ രാത്രികൊണ്ട് 1,85,000 അസീറിയൻ വീരയോദ്ധാക്കളാണു കൊല്ലപ്പെട്ടത്! നിഷ്ഠുരരായ ആ സേനാംഗങ്ങളിൽ ശേഷിച്ചവർ ജീവനുംകൊണ്ടോടി. സമാനമായി, യഹോവയുടെ ജനത്തെ ആക്രമിച്ചു കീഴടക്കാമെന്ന വ്യാമോഹത്തോടെ സമീപ ഭാവിയിൽ മാഗോഗിലെ ഗോഗിന്റെ സൈന്യങ്ങൾ അവരെ ആക്രമിക്കുമെങ്കിലും അവന്റെ സ്വപ്നം വെറും പാഴ്ക്കിനാവായി അവശേഷിക്കും.—യെഹെസ്കേൽ 38:10-12; 39:6, 7.
22. ആത്മീയമായി ലക്കുകെട്ട അവസ്ഥ യഹൂദയെ എങ്ങനെ ബാധിക്കുന്നു?
22 യെശയ്യാവ് ഈ പ്രവചന ഭാഗം പ്രഖ്യാപിക്കുന്ന സമയത്ത് യഹൂദയിലെ നേതാക്കന്മാർ ഹിസ്കീയാവിനെ പോലെ വിശ്വാസമുള്ളവരല്ല. ഭക്തികെട്ട രാഷ്ട്രങ്ങളുമായി സഖ്യം ചേർന്നുകൊണ്ട് അവർ ആത്മീയ അർഥത്തിൽ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലാണ്. “വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു; വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.” (യെശയ്യാവു 29:9) ആത്മീയമായി ലക്കുകെട്ട ഈ നേതാക്കന്മാർക്കു യഹോവയുടെ യഥാർഥ പ്രവാചകനു ലഭിക്കുന്ന ദർശനത്തിന്റെ പ്രാധാന്യം ഗ്രഹിക്കാൻ കഴിയുന്നില്ല. യെശയ്യാവ് പ്രസ്താവിക്കുന്നു: “യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു. അങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും. അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.”—യെശയ്യാവു 29:10-12.
23. യഹോവ യഹൂദയോടു കണക്കു ചോദിക്കുന്നത് എന്തുകൊണ്ട്, അവൻ അത് എങ്ങനെ നിർവഹിക്കും?
23 ആത്മീയമായി വിവേകികളെന്ന് അവകാശപ്പെടുന്നെങ്കിലും യഹൂദയിലെ മതനേതാക്കന്മാർ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നു. തെറ്റും ശരിയും സംബന്ധിച്ചു തങ്ങളുടേതായ വളച്ചൊടിച്ച ആശയങ്ങളാണ് അവർ പഠിപ്പിക്കുന്നത്. തങ്ങളുടെ വിശ്വാസമില്ലായ്മയെയും അധാർമിക പ്രവൃത്തികളെയും അതുപോലെതന്നെ, ദൈവത്തിന്റെ അപ്രീതിക്ക് ഇടവരുത്തുന്ന കാര്യങ്ങളിലേക്കു ജനങ്ങളെ നയിക്കുന്നതിനെയുമെല്ലാം അവർ ന്യായീകരിക്കുന്നു. അവരുടെ കാപട്യം നിമിത്തം “ഒരു അത്ഭുതപ്രവൃത്തി”യിലൂടെ—“അപൂർവ്വക്രിയ”യിലൂടെ—യഹോവ അവരോടു കണക്കു ചോദിക്കും. അവൻ പറയുന്നു: “ഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകററിവെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ. ഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവു അരുളിച്ചെയ്തു.” (യെശയ്യാവു 29:13, 14) ബാബിലോണിയൻ ലോകശക്തി, വിശ്വാസത്യാഗം ഭവിച്ച യഹൂദ മതവ്യവസ്ഥിതിയെ ഒന്നടങ്കം തുടച്ചുനീക്കത്തക്കവണ്ണം യഹോവ കാര്യങ്ങളെ തിരിച്ചുവിടുമ്പോൾ യഹൂദയുടെ ഈ ജ്ഞാനവും വിവേകവുമെല്ലാം മൺമറയും. അതുതന്നെയാണ് ഒന്നാം നൂറ്റാണ്ടിലും സംഭവിച്ചത്. ജ്ഞാനികളെന്നു സ്വയം കരുതിയ യഹൂദ മതനേതാക്കന്മാർ ജനങ്ങളെ നാശത്തിലേക്കു നയിച്ചു. സമാനമായ ഒന്ന് നമ്മുടെ നാളിൽ ക്രൈസ്തവലോകത്തിനും സംഭവിക്കും.—മത്തായി 15:8, 9; റോമർ 11:8.
24. തങ്ങൾക്കു ദൈവഭയം ഇല്ലെന്ന് യഹൂദന്മാർ പ്രകടിപ്പിക്കുന്നത് എങ്ങനെ?
24 എന്നാൽ, സത്യാരാധനയെ ദുഷിപ്പിച്ചാലും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടാൻ മാത്രം ബുദ്ധിശാലികളാണു തങ്ങളെന്ന് യഹൂദയിലെ അഹങ്കാരികളായ നേതാക്കന്മാർ കരുതുന്നു. എന്നാൽ വാസ്തവത്തിൽ അവർ അത്രയ്ക്കു ബുദ്ധിശാലികളാണോ? യെശയ്യാവ് അവരുടെ മുഖംമൂടി പൊളിച്ചുമാറ്റുന്നു. അവർക്ക് യഥാർഥ ദൈവഭയമില്ലെന്നും അതിനാൽത്തന്നെ അവർ യഥാർഥത്തിൽ ജ്ഞാനികളല്ലെന്നും അവൻ വെട്ടിത്തുറന്നു പറയുന്നു: “തങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! അയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ?” (യെശയ്യാവു 29:15, 16; സങ്കീർത്തനം 111:10 താരതമ്യം ചെയ്യുക.) തങ്ങൾ എത്രതന്നെ മറഞ്ഞിരിക്കുന്നു എന്ന് അവർ കരുതിയാലും അവരെ സംബന്ധിച്ച സകലതും ദൈവദൃഷ്ടിയിൽ “നഗ്നവും മലർന്നതുമായി കിടക്കുന്നു.”—എബ്രായർ 4:13.
‘ചെകിടന്മാർ കേൾക്കും’
25. ഏതർഥത്തിലാണ് “ചെകിടന്മാർ” കേൾക്കുന്നത്?
25 എന്നിരുന്നാലും, വിശ്വാസം പ്രകടമാക്കുന്ന വ്യക്തികൾക്കു രക്ഷ പ്രാപിക്കാനാകും. (യെശയ്യാവു 29:17-24 വായിക്കുക; ലൂക്കൊസ് 7:22 താരതമ്യം ചെയ്യുക.) ‘ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങൾ,’ ദൈവവചനത്തിലെ സന്ദേശം, ‘കേൾക്കും.’ ഇത് അക്ഷരീയമായ ബധിരത മാറിക്കിട്ടുന്നതിനെ അല്ല, മറിച്ച് ആത്മീയ രോഗശാന്തിയെയാണ് അർഥമാക്കുന്നത്. മിശിഹൈക രാജ്യം സ്ഥാപിതമാകുകയും മിശിഹായുടെ ഭരണത്തിൻ കീഴിൽ ഭൂമിയിൽ സത്യാരാധന പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്ന സമയത്തെ കുറിച്ച് യെശയ്യാവ് വീണ്ടും പറയുന്നു. നമ്മുടെ നാളിൽ അതു നിവൃത്തിയേറിയിരിക്കുന്നു. ആത്മാർഥരായ ദശലക്ഷങ്ങൾ ഇപ്പോൾ യഹോവയിൽ നിന്നുള്ള തിരുത്തൽ സ്വീകരിച്ചുകൊണ്ട് അവനെ സ്തുതിക്കാൻ പഠിക്കുകയാണ്. എത്ര പുളകപ്രദമായ ഒരു പ്രവചന നിവൃത്തി! സകലരും, സർവ ജീവജാലങ്ങളും, യഹോവയെ സ്തുതിക്കുകയും അവന്റെ പവിത്രനാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്ന നാൾ ഒടുവിൽ വന്നെത്തും!—സങ്കീർത്തനം 150:6.
26. എന്ത് ആത്മീയ ഓർമിപ്പിക്കലാണ് ഇന്ന് “ചെകിടന്മാർ” കേൾക്കുന്നത്?
26 ദൈവവചനം കേൾക്കുന്ന അത്തരം “ചെകിടന്മാർ” ഇന്ന് എന്താണു പഠിക്കുന്നത്? എല്ലാ ക്രിസ്ത്യാനികളും, പ്രത്യേകിച്ചും സഭാംഗങ്ങൾ മാതൃകയായി വീക്ഷിക്കുന്നവർ, ‘മത്തുപിടിപ്പിക്കുന്ന മദ്യം’ നിമിത്തം ‘വഴിതെറ്റിപ്പോകാതെ’ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്. (യെശയ്യാവു 28:7) ദൈവത്തിന്റെ ഓർമിപ്പിക്കലുകളിൽ നാം ഒരിക്കലും മുഷിയരുത്. കാരണം, എല്ലാ കാര്യങ്ങളും സംബന്ധിച്ച് ആത്മീയ വീക്ഷണം ഉണ്ടായിരിക്കാൻ അതു നമ്മെ സഹായിക്കുന്നു. ക്രിസ്ത്യാനികൾ ശ്രേഷ്ഠാധികാരികൾക്ക് കീഴടങ്ങിയിരിക്കുകയും ചില സേവനങ്ങൾക്കായി അവരിലേക്കു നോക്കുകയും ചെയ്യുന്നു എന്നതു ശരിതന്നെ. എങ്കിലും രക്ഷ വരുന്നത് ഈ ലോകത്തിൽ നിന്നല്ല, മറിച്ച് യഹോവയാം ദൈവത്തിൽ നിന്നാണെന്ന് അവർ തിരിച്ചറിയുന്നു. വിശ്വാസത്യാഗിനിയായ യെരൂശലേമിനു ദൈവത്തിന്റെ ന്യായവിധിയിൽനിന്നു രക്ഷപ്പെടാൻ കഴിയാഞ്ഞതുപോലെതന്നെ ഈ തലമുറയും അവന്റെ ന്യായവിധിയുടെ കയ്പുനീർ കുടിക്കേണ്ടി വരും എന്ന വസ്തുത നാം ഒരിക്കലും മറന്നുകളയരുത്. യഹോവയുടെ സഹായത്താൽ, യെശയ്യാവിനെ പോലെ നമുക്കും എതിർപ്പുകളുടെ മധ്യേയും ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശം തുടർന്നും പ്രഖ്യാപിക്കാൻ കഴിയും.—യെശയ്യാവു 28:14, 22; മത്തായി 24:34; റോമർ 13:1-4.
27. യെശയ്യാ പ്രവചനത്തിൽനിന്നു ക്രിസ്ത്യാനികൾക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകും?
27 യഹോവ ശിക്ഷണം നൽകുന്ന വിധത്തിൽനിന്നു മൂപ്പന്മാർക്കും മാതാപിതാക്കൾക്കും പലതും പഠിക്കാനാകും. തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുക എന്നതല്ല അവരുടെ ലക്ഷ്യം, മറിച്ച് അവരെ ദൈവപ്രീതിയിലേക്കു വരുത്തുക എന്നതാണ്. (യെശയ്യാവു 28:26-29; യിരെമ്യാവു 30:11 താരതമ്യം ചെയ്യുക.) മനുഷ്യരെ പ്രീതിപ്പെടുത്തേണ്ടതിനു വെറുമൊരു കടമപോലെ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനു പകരം യഹോവയെ ഹൃദയാ സേവിക്കുന്നത് എത്ര ജീവത്പ്രധാനമാണെന്നു യുവജനങ്ങൾ ഉൾപ്പെടെ നാമെല്ലാവരും ഓർമിപ്പിക്കപ്പെടുന്നു. (യെശയ്യാവു 29:13) അവിശ്വസ്തരായ യഹൂദാ നിവാസികളിൽനിന്നു വ്യത്യസ്തരായി നമുക്ക് യഹോവയോട് ഉചിതമായ ഭയവും ആഴമായ ആദരവും ഉണ്ടെന്നു നാം പ്രവൃത്തികളാൽ തെളിയിക്കേണ്ടതാണ്. (യെശയ്യാവു 29:16) മാത്രമല്ല, യഹോവയിൽനിന്നു തിരുത്തൽ സ്വീകരിക്കാനും അവനിൽനിന്നു പഠിക്കാനും മനസ്സൊരുക്കമുള്ളവർ ആണെന്നും നാം പ്രകടിപ്പിക്കേണ്ടതുണ്ട്.—യെശയ്യാവു 29:24.
28. യഹോവയുടെ ദാസന്മാർ അവന്റെ രക്ഷാപ്രവൃത്തികളെ എങ്ങനെ വീക്ഷിക്കുന്നു?
28 യഹോവയിലും അവന്റെ പ്രവർത്തന വിധത്തിലും പൂർണ വിശ്വാസം ഉണ്ടായിരിക്കുന്നത് എത്രയോ പ്രധാനമാണ്! (സങ്കീർത്തനം 146:3 താരതമ്യം ചെയ്യുക.) നാം ഘോഷിക്കുന്ന മുന്നറിയിപ്പിൻ സന്ദേശം അനേകർക്കും ബാലിശമായി തോന്നിയേക്കാം. ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്ന ഒരു സംഘടനയുടെ, അതായത് ക്രൈസ്തവലോകത്തിന്റെ നാശം ആശ്ചര്യജനകമായ ഒരു സംഗതിയാണ്, ഒരു അപൂർവക്രിയതന്നെ. എന്നാൽ യഹോവ തന്റെ “അപൂർവ്വക്രിയ” നടപ്പിലാക്കും. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. തന്മൂലം, ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ദൈവദാസന്മാർ അവന്റെ രാജ്യത്തിലും അവന്റെ നിയുക്ത രാജാവായ യേശുക്രിസ്തുവിലും സമ്പൂർണമായി ആശ്രയിക്കുന്നു. “ആശ്ചര്യപ്രവൃത്തി”കൾ സഹിതമുള്ള യഹോവയുടെ രക്ഷാപ്രവൃത്തികൾ അനുസരണമുള്ള മുഴു മാനവരാശിക്കും ശാശ്വതാനുഗ്രഹങ്ങൾ കൈവരുത്തുമെന്ന് അവർക്കറിയാം.
[അടിക്കുറിപ്പ്]
a മൂല എബ്രായ ഭാഷയിൽ യെശയ്യാവു 28:10 ഒരു ആവർത്തന പദ്യമായിട്ട്, നേഴ്സറിപ്പാട്ടിന്റെ രൂപത്തിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. യെശയ്യാവിന്റെ സന്ദേശം ആവർത്തനവിരസവും ബാലിശവുമായി ആ മതനേതാക്കന്മാർക്ക് അനുഭവപ്പെട്ടതായി അതു സൂചിപ്പിക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]
[289-ാം പേജിലെ ചിത്രങ്ങൾ]
ക്രൈസ്തവലോകം ആശ്രയം വെക്കുന്നത് ദൈവത്തിലല്ല, പിന്നെയോ മനുഷ്യ ഭരണാധികാരികളിലാണ്
[290-ാം പേജിലെ ചിത്രം]
യെരൂശലേമിനെ നശിപ്പിക്കാൻ ബാബിലോണിനെ അനുവദിക്കുകവഴി യഹോവ തന്റെ “അപൂർവ്വക്രിയ” നടപ്പിലാക്കുന്നു
[298-ാം പേജിലെ ചിത്രം]
ആത്മീയ അർഥത്തിൽ ചെകിടന്മാർ ആയിരുന്നവർക്ക് ഇപ്പോൾ ദൈവവചനം ‘കേൾക്കാൻ’ സാധിക്കുന്നു