‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’
അധ്യായം മുപ്പത്
‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’
1. യഹോവ നമ്മെ ആശ്വസിപ്പിക്കുന്ന ഒരു വിധം ഏത്?
‘ആശ്വാസം നൽകുന്ന ദൈവ’മാണ് യഹോവ. അവൻ നമ്മെ ആശ്വസിപ്പിക്കുന്ന ഒരു വിധം അവന്റെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദാനങ്ങളിലൂടെ ആണ്. (റോമർ 15:5, 6) ഉദാഹരണത്തിന്, നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ മരണത്തിൽ വേർപിരിയുമ്പോൾ ദൈവത്തിന്റെ പുതിയ ലോകത്തിൽ ആ വ്യക്തി പുനരുത്ഥാനം പ്രാപിക്കുമെന്ന പ്രത്യാശയെക്കാൾ ആശ്വാസം പകരുന്നതായി എന്തുണ്ട്? (യോഹന്നാൻ 5:28, 29) പെട്ടെന്നുതന്നെ ദുഷ്ടതയ്ക്ക് അറുതി വരുത്തുകയും ഈ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യുമെന്ന യഹോവയുടെ വാഗ്ദാനം സംബന്ധിച്ചോ? ആസന്നമായ ആ പറുദീസയിലേക്ക് അതിജീവിക്കാനും ഒരിക്കലും മരിക്കാതെ ജീവിക്കാനും കഴിയുമെന്ന പ്രത്യാശ ഉണ്ടായിരിക്കുന്നത് ആശ്വാസപ്രദമല്ലേ?—സങ്കീർത്തനം 37:9-11, 29; വെളിപ്പാടു 21:3-5.
2. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
2 ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നമുക്ക് യഥാർഥത്തിൽ ആശ്രയിക്കാൻ കഴിയുമോ? തീർച്ചയായും! ആ വാഗ്ദാനങ്ങൾ നൽകുന്ന ദൈവം തികച്ചും ആശ്രയയോഗ്യനാണ്. പറയുന്ന കാര്യങ്ങൾ നിവർത്തിക്കാനുള്ള പ്രാപ്തിയും മനസ്സൊരുക്കവും അവനുണ്ട്. (യെശയ്യാവു 55:10, 11) യെരൂശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കുമെന്ന് യെശയ്യാ പ്രവാചകൻ മുഖാന്തരം യഹോവ നടത്തിയ പ്രസ്താവനയിൽ അക്കാര്യം വളരെ വ്യക്തമായി പ്രകടമാക്കപ്പെട്ടു. യെശയ്യാവു 40-ാം അധ്യായത്തിൽ കാണുന്ന ആ പ്രവചനം നമുക്കിപ്പോൾ പരിശോധിക്കാം. അങ്ങനെ ചെയ്യുന്നത് വാഗ്ദാനങ്ങളെ നിവർത്തിക്കുന്നവനായ യഹോവയിലുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തും.
ആശ്വാസപ്രദമായ ഒരു വാഗ്ദാനം
3, 4. (എ) പിൽക്കാലത്ത് ദൈവജനത്തിന് ആവശ്യമായിവരുന്ന ഏത് ആശ്വാസ വചനങ്ങൾ യെശയ്യാവ് രേഖപ്പെടുത്തുന്നു? (ബി) യഹൂദയിലെയും യെരൂശലേമിലെയും നിവാസികൾ ബാബിലോണിൽ പ്രവാസികൾ ആയിത്തീരുന്നത് എന്തുകൊണ്ട്, അവിടത്തെ അവരുടെ ദാസ്യവേല എത്ര കാലം നീണ്ടുനിൽക്കും?
3 പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ, യഹോവയുടെ ജനത്തിന് പിൽക്കാലത്ത് ആവശ്യമായി വരുമായിരുന്ന ആശ്വാസവചനങ്ങൾ യെശയ്യാവ് രേഖപ്പെടുത്തുന്നു. യെരൂശലേമിന്റെ ആസന്ന നാശത്തെയും യഹൂദന്മാരെ പ്രവാസികളായി ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകുന്നതിനെയും കുറിച്ച് ഹിസ്കീയാവിനോടു പറഞ്ഞ ഉടനെതന്നെ പുനഃസ്ഥിതീകരണം വാഗ്ദാനം ചെയ്യുന്ന യഹോവയുടെ വാക്കുകൾ യെശയ്യാവ് അറിയിക്കുന്നു: “എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു.”—യെശയ്യാവു 40:1, 2.
4 40-ാം അധ്യായത്തിന്റെ തുടക്കത്തിൽ കാണുന്ന “ആശ്വസിപ്പിപ്പിൻ” എന്ന പദം യെശയ്യാ പ്രവചനത്തിന്റെ ശേഷിക്കുന്ന ഭാഗത്ത് അടങ്ങിയിരിക്കുന്ന വെളിച്ചത്തിന്റെയും പ്രത്യാശയുടെയും സന്ദേശത്തിന് അടിവരയിടുന്നു. വിശ്വാസത്യാഗം മൂലം യെരൂശലേമിലും യഹൂദയുടെ മറ്റു ഭാഗങ്ങളിലുമുള്ള നിവാസികൾ പൊ.യു.മു. 607-ൽ ബാബിലോണിൽ പ്രവാസികൾ ആയിത്തീരും. എന്നാൽ, ആ യഹൂദാ പ്രവാസികൾ ബാബിലോണിയരെ എക്കാലവും സേവിക്കുകയില്ല. മറിച്ച്, അവരുടെ അകൃത്യം “മോചിക്ക”പ്പെടുന്നതു വരെ മാത്രമായിരിക്കും ആ ദാസ്യവേല. അത് എത്രകാലം ആയിരിക്കും? യിരെമ്യാ പ്രവാചകൻ പറയുന്നതനുസരിച്ച് 70 വർഷക്കാലം. (യിരെമ്യാവു 25:11, 12) അതിനുശേഷം, അനുതാപമുള്ള ഒരു ശേഷിപ്പിനെ യഹോവ ബാബിലോണിൽനിന്ന് യെരൂശലേമിലേക്കു മടക്കിവരുത്തും. യഹൂദയുടെ ശൂന്യമാക്കലിന്റെ 70-ാം വർഷത്തിൽ വാഗ്ദത്ത വിടുതലിനുള്ള സമയമായിരിക്കുന്നു എന്നറിയുമ്പോൾ പ്രവാസികൾക്ക് എന്തൊരാശ്വാസം ആയിരിക്കും തോന്നുക!—ദാനീയേൽ 9:1, 2.
5, 6. (എ) ബാബിലോണിൽനിന്ന് യെരൂശലേമിലേക്കുള്ള ദീർഘയാത്ര ദൈവത്തിന്റെ വാഗ്ദാന നിവൃത്തിക്കു വിഘാതമായിരിക്കുകയില്ലാത്തത് എന്തുകൊണ്ട്? (ബി) യഹൂദന്മാർ സ്വദേശത്തേക്ക് പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ, അതു മറ്റു ജനതകളുടെമേൽ എന്തു ഫലം ഉളവാക്കും?
5 ബാബിലോണിൽനിന്ന് യെരൂശലേമിലേക്ക് 800 മുതൽ 1,600 വരെ കിലോമീറ്റർ ദൂരമുണ്ട്, അത് ഏതു വഴി തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആ ദീർഘയാത്ര ദൈവത്തിന്റെ വാഗ്ദാന നിവൃത്തിക്കു വിഘാതമാകുമോ? തീർച്ചയായും ഇല്ല! യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ. എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം. യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.”—യെശയ്യാവു 40:3-5.
6 പൂർവ ദേശങ്ങളിലെ ഭരണാധികാരികൾ ഒരു യാത്ര പുറപ്പെടുന്നതിനു മുമ്പ്, വഴിയിൽനിന്ന് വലിയ കല്ലുകൾ നീക്കം ചെയ്യാനും റോഡുകൾ നിർമിക്കാനും കുന്നുകൾ നിരപ്പാക്കാനുമൊക്കെ തങ്ങൾക്കു മുമ്പായി മിക്കപ്പോഴും ആളുകളെ അയയ്ക്കുമായിരുന്നു. എന്നാൽ മാതൃദേശത്തേക്കു മടങ്ങിവരുന്ന ഈ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം അവരുടെ മുന്നിലുള്ള എല്ലാ തടസ്സങ്ങളും ദൈവംതന്നെ നീക്കം ചെയ്യുമായിരുന്നു. എന്തൊക്കെയാണെങ്കിലും, അവർ യഹോവയുടെ നാമം വഹിക്കുന്ന ജനമാണല്ലോ. മാത്രമല്ല, അവരെ തങ്ങളുടെ സ്വദേശത്തു പുനഃസ്ഥിതീകരിക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന്റെ നിവൃത്തി, സകല ജനതകളുടെയും മുമ്പാകെ അവന്റെ മഹത്ത്വം പ്രകടമാകാൻ ഇടയാക്കും. അവരുടെ മനോഭാവം എന്തായിരുന്നാലും യഹോവ തന്റെ വാഗ്ദാനങ്ങളെ നിവർത്തിക്കുന്നതു കാണാൻ അവർ നിർബന്ധിതരാകും.
7, 8. (എ) യെശയ്യാവു 40:3-ന് പൊ.യു. ഒന്നാം നൂറ്റാണ്ടിൽ എന്തു നിവൃത്തി ഉണ്ടായി? (ബി) യെശയ്യാ പ്രവചനത്തിന് 1919-ൽ എന്തു വലിയ നിവൃത്തിയാണ് ഉണ്ടായത്?
7 പൊ.യു.മു. ആറാം നൂറ്റാണ്ടിലെ പുനഃസ്ഥിതീകരണം മാത്രമായിരുന്നില്ല ഈ പ്രവചനത്തിന്റെ നിവൃത്തി. അതിന് പൊ.യു. ഒന്നാം നൂറ്റാണ്ടിലും ഒരു നിവൃത്തി ഉണ്ടായി. യെശയ്യാവു 40:3-ന്റെ നിവൃത്തിയായി ‘മരുഭൂമിയിൽ വിളിച്ചുപറയുന്ന’ ഒരുവൻ യോഹന്നാൻ സ്നാപകൻ ആയിരുന്നു. (ലൂക്കൊസ് 3:1-6) നിശ്വസ്തതയിൽ യോഹന്നാൻ യെശയ്യാവിന്റെ വാക്കുകൾ തനിക്കുതന്നെ ബാധകമാക്കി. (യോഹന്നാൻ 1:19-23) പൊ.യു. 29 മുതൽ യോഹന്നാൻ യേശുക്രിസ്തുവിനു വഴി ഒരുക്കാൻ തുടങ്ങി. a യോഹന്നാൻ മുൻകൂട്ടി നൽകിയ അറിയിപ്പ് വാഗ്ദത്ത മിശിഹായെ കണ്ടെത്താനുള്ള ആളുകളുടെ താത്പര്യത്തെ ഉണർത്തി. അങ്ങനെ, അവർക്ക് അവനെ അനുഗമിക്കുന്നതിനും അവന്റെ വാക്കുകൾ ചെവിക്കൊള്ളുന്നതിനും സാധിക്കുമായിരുന്നു. (ലൂക്കൊസ് 1:13-17, 76, 77) യേശു മുഖാന്തരം, ദൈവരാജ്യത്തിനു മാത്രം നൽകാൻ കഴിയുന്ന സ്വാതന്ത്ര്യത്തിലേക്ക്—പാപത്തിൽനിന്നും മരണത്തിൽ നിന്നുമുള്ള വിമോചനത്തിലേക്ക്—അനുതാപമുള്ളവരെ യഹോവ നയിക്കുകയും ചെയ്യുമായിരുന്നു. (യോഹന്നാൻ 1:29; 8:32) 1919-ൽ മഹാബാബിലോണിൽ നിന്ന് ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പ് വിടുവിക്കപ്പെട്ട് സത്യാരാധനയിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ യെശയ്യാവിന്റെ വാക്കുകൾക്കു കൂടുതലായ നിവൃത്തി ഉണ്ടായി.
8 എന്നാൽ, പ്രസ്തുത പ്രവചനത്തിന്റെ പ്രാരംഭ നിവൃത്തിയിൽനിന്നു പ്രയോജനം നേടാൻ പോകുന്ന ബാബിലോണിലെ യഹൂദാ പ്രവാസികളുടെ കാര്യമോ? തങ്ങളുടെ പ്രിയപ്പെട്ട സ്വദേശത്തേക്ക് അവരെ മടക്കിവരുത്തുമെന്ന യഹോവയുടെ വാഗ്ദാനത്തിൽ അവർക്കു വാസ്തവത്തിൽ ആശ്രയിക്കാൻ കഴിയുമായിരുന്നോ? തീർച്ചയായും! വ്യക്തമായ വാക്കുകളും അനുദിന ജീവിതത്തിൽ നിന്ന് എടുത്ത ദൃഷ്ടാന്തങ്ങളും ഉപയോഗിച്ചുകൊണ്ട് യെശയ്യാവ്, യഹോവ തന്റെ വാഗ്ദാനം നിവർത്തിക്കുമെന്ന പൂർണ ബോധ്യം ഉണ്ടായിരിക്കാൻ കഴിയുന്നതിന്റെ ഈടുറ്റ കാരണങ്ങൾ നിരത്തുന്നു.
ദൈവത്തിന്റെ വചനം എന്നേക്കും നിലനിൽക്കുന്നു
9, 10. യെശയ്യാവ് മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ ദൈവവചനത്തിന്റെ ശാശ്വതത്വവുമായി വിപരീത താരതമ്യം ചെയ്യുന്നത് എങ്ങനെ?
9 ഒന്നാമതായി, പുനഃസ്ഥിതീകരണം വാഗ്ദാനം ചെയ്യുന്ന ദൈവത്തിന്റെ വചനം എന്നേക്കും നിലനിൽക്കുന്നതാണ്. യെശയ്യാവ് എഴുതുന്നു: “കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു. യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ. പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.”—യെശയ്യാവു 40:6-8.
10 പുല്ല് എന്നേക്കും നിലനിൽക്കുന്നതല്ലെന്ന് ഇസ്രായേല്യർക്കു നന്നായി അറിയാം. വേനൽക്കാല സൂര്യന്റെ കൊടുംചൂടിൽ അത് ഉണങ്ങിപ്പോകുന്നു. ചില വിധങ്ങളിൽ മനുഷ്യജീവിതം അതിനു സമാനമാണ്, അത് വെറും താത്കാലികമാണ്. (സങ്കീർത്തനം 103:15, 16; യാക്കോബ് 1:10, 11) മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ ദൈവത്തിന്റെ ‘വചന’ത്തിന്റെ അഥവാ പ്രഖ്യാപിത ഉദ്ദേശ്യത്തിന്റെ ശാശ്വതത്വവുമായി യെശയ്യാവ് വിപരീത താരതമ്യം ചെയ്യുന്നു. അതേ, ‘നമ്മുടെ ദൈവത്തിന്റെ വചനം’ എന്നേക്കും നിലനിൽക്കുന്നു. ദൈവത്തിന്റെ വചനങ്ങളെ അസാധുവാക്കാനോ നിവർത്തിക്കുന്നതിൽനിന്ന് തടയാനോ യാതൊന്നിനും സാധ്യമല്ല.—യോശുവ 23:14.
11. തന്റെ ലിഖിത വചനത്തിൽ അടങ്ങിയിരിക്കുന്ന വാഗ്ദാനങ്ങൾ യഹോവ നിവർത്തിക്കുമെന്നു നമുക്കു വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
11 ഇന്ന്, തന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച യഹോവയുടെ പ്രസ്താവനകൾ ലിഖിതരൂപത്തിൽ ബൈബിളിൽ നമുക്കു ലഭ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ, ബൈബിളിനു കടുത്ത എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. നിർഭയരായ പരിഭാഷകരും മറ്റുള്ളവരും തങ്ങളുടെ ജീവൻ പണയപ്പെടുത്തി പോലും അതിനെ പരിരക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, അവരുടെ ശ്രമംകൊണ്ടു മാത്രമാണ് ബൈബിൾ ഇക്കാലംവരെയും നിലനിന്നിട്ടുള്ളത് എന്നു പറയാനാവില്ല. അതിന്റെ അതിജീവനത്തിന്റെ സകല ബഹുമതിയും ‘ജീവനുള്ളവനും നിലനില്ക്കുന്നവനുമായ ദൈവ’വും തന്റെ വചനത്തിന്റെ പരിരക്ഷകനുമായ യഹോവയ്ക്കുള്ളതാണ്. (1 പത്രൊസ് 1:23-25, NW) ഇതേക്കുറിച്ചു ചിന്തിക്കുക: യഹോവ തന്റെ നിശ്വസ്ത വചനം പരിരക്ഷിച്ചിരിക്കുന്നതിനാൽ, അതിൽ അടങ്ങിയിരിക്കുന്ന തന്റെ വാഗ്ദാനങ്ങൾ അവൻ നിവർത്തിക്കുമെന്നു നമുക്കു വിശ്വസിക്കാൻ കഴിയില്ലേ?
ആടുകളെ ആർദ്രമായി പരിപാലിക്കുന്ന ബലിഷ്ഠനായ ദൈവം
12, 13. (എ) പുനഃസ്ഥിതീകരണ വാഗ്ദാനത്തിൽ വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) യഹൂദാ പ്രവാസികൾക്ക് എന്തു സുവാർത്തയുണ്ട്, അവർക്ക് അതു സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
12 പുനഃസ്ഥിതീകരണം സംബന്ധിച്ച വാഗ്ദാനത്തിൽ വിശ്വസിക്കാൻ കഴിയുന്നതിന്റെ രണ്ടാമത്തെ കാരണം യെശയ്യാവ് നൽകുന്നു. ഈ വാഗ്ദാനം നൽകുന്നത് തന്റെ ജനത്തെ ആർദ്രമായി പരിപാലിക്കുന്ന ശക്തനായ ദൈവമാണ്. യെശയ്യാവ് തുടരുന്നു: “സുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക. ഇതാ, യഹോവയായ കർത്താവും ബലശാലിയായി [“ബലത്തോടെ,” NW, അടിക്കുറിപ്പ്] വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു. ഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.”—യെശയ്യാവു 40:9-11.
13 ബൈബിൾ കാലങ്ങളിൽ, യുദ്ധജയത്തെയോ ആസന്നമായ ആശ്വാസകാലത്തെയോ കുറിച്ച് ആർപ്പിടുകയോ പാടുകയോ ചെയ്തുകൊണ്ട് സ്ത്രീകൾ വിജയം ആഘോഷിക്കുന്ന ഒരു പതിവുണ്ടായിരുന്നു. (1 ശമൂവേൽ 18:6, 7; സങ്കീർത്തനം 68:11) യഹൂദ പ്രവാസികൾക്കു പർവതമുകളിൽനിന്നു പോലും നിർഭയം ഘോഷിക്കാൻ കഴിയുന്ന ഒരു വാർത്ത, ഒരു സുവാർത്ത ഉണ്ടെന്ന് യെശയ്യാവ് പ്രാവചനികമായി സൂചിപ്പിക്കുന്നു. തങ്ങളുടെ പ്രിയ നഗരമായ യെരൂശലേമിലേക്ക് യഹോവ തന്റെ ജനത്തെ നയിക്കും എന്നതാണ് ആ വാർത്ത! അതു സംബന്ധിച്ച് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും, കാരണം യഹോവ “ബലത്തോടെ” വരും. അവന്റെ വാഗ്ദത്ത നിവൃത്തിക്ക് യാതൊന്നും പ്രതിബന്ധമാകുകയില്ല.
14. (എ) യഹോവ തന്റെ ജനത്തെ നയിക്കുന്ന ആർദ്രമായ വിധത്തെ യെശയ്യാവ് ദൃഷ്ടാന്തീകരിക്കുന്നത് എങ്ങനെ? (ബി) ഇടയന്മാർ ആടുകളോട് ആർദ്രമായി ഇടപെടുന്ന വിധം ചിത്രീകരിക്കുന്ന ഒരു ഉദാഹരണം നൽകുക. (405-ാം പേജിലെ ചതുരം കാണുക.)
14 ദൈവം അതിശക്തനാണെങ്കിലും, അവന്റെ സ്വഭാവത്തിന് ആർദ്രമായ ഒരു വശം കൂടിയുണ്ട്. യഹോവ തന്റെ ജനത്തെ അവരുടെ സ്വദേശത്തേക്ക് നയിക്കുന്നത് എങ്ങനെ എന്നതിന്റെ ഊഷ്മളമായ ഒരു വിവരണം യെശയ്യാവ് നൽകുന്നു. ആടുകളെ ഒരുമിച്ചു കൂട്ടി “മാർവ്വിടത്തിൽ” ചേർത്തുപിടിച്ചു കൊണ്ടുപോകുന്ന സ്നേഹവാനായ ഒരു ഇടയനെ പോലെയാണ് യഹോവ. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘മാർവിടം’ എന്ന പദം അങ്കിയുടെ മേൽമടക്കിനെ സൂചിപ്പിക്കുന്നു. മറ്റ് ആടുകൾക്കൊപ്പം നടക്കാൻ കഴിയാത്ത കുഞ്ഞാടുകളെ ഇടയന്മാർ ചിലപ്പോൾ അങ്കിയുടെ മേൽമടക്കിൽ എടുത്തുകൊണ്ടു പോകാറുണ്ട്. (2 ശമൂവേൽ 12:3, NW) ഒരു ഇടയന് കുഞ്ഞാടുകളോടുള്ള സ്നേഹത്തിന്റെ ഹൃദയസ്പർശിയായ അത്തരമൊരു രംഗം യഹോവയ്ക്ക് തങ്ങളോടുള്ള സ്നേഹപുരസ്സരമായ താത്പര്യം സംബന്ധിച്ച് അവന്റെ പ്രവാസിത ജനതയ്ക്ക് ഉറപ്പു നൽകുന്നതാണ്. ശക്തനും ആർദ്രതയുള്ളവനുമായ അത്തരമൊരു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ നിവർത്തിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും!
15. (എ) യഹോവ “ബലത്തോടെ” വന്നത് എപ്പോൾ, ‘അവനു വേണ്ടി ഭരണം നടത്തുന്ന ഭുജം’ ആരാണ്? (ബി) നിർഭയം ഘോഷിക്കേണ്ട സുവാർത്ത എന്ത്?
15 പ്രാവചനിക അർഥം നിറഞ്ഞ യെശയ്യാവിന്റെ ഈ വാക്കുകൾ നമ്മുടെ നാളുകൾക്കു ബാധകമാണ്. 1914-ൽ യഹോവ “ബലത്തോടെ” വരുകയും സ്വർഗത്തിൽ തന്റെ രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഇവിടെ പറഞ്ഞിരിക്കുന്ന ‘അവനു വേണ്ടി ഭരണം നടത്തുന്ന ഭുജം’ യേശുക്രിസ്തുവാണ്. സ്വർഗീയ സിംഹാസനത്തിൽ യഹോവ അവനെ വാഴിച്ചിരിക്കുന്നു. 1919-ൽ യഹോവ ഭൂമിയിലെ തന്റെ അഭിഷിക്ത ദാസന്മാരെ മഹാബാബിലോണിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കുകയും ജീവനുള്ള സത്യദൈവത്തിന്റെ നിർമലാരാധനയിലേക്ക് അവരെ പൂർണമായി പുനഃസ്ഥിതീകരിക്കാൻ തുടങ്ങുകയും ചെയ്തു. അതിദൂരം കേൾക്കത്തക്കവണ്ണം പർവതമുകളിൽ നിന്നെന്നപോലെ നിർഭയം ഘോഷിക്കേണ്ട ഒരു സുവാർത്തയാണിത്. അതിനാൽ, നമുക്കു ശബ്ദം ഉയർത്തി യഹോവയാം ദൈവം ഭൂമിയിൽ നിർമലാരാധന പുനഃസ്ഥാപിച്ചിരിക്കുന്നു എന്നു സധൈര്യം മറ്റുള്ളവരെ അറിയിക്കാം!
16. യഹോവ ഇന്നു തന്റെ ജനത്തെ നയിക്കുന്നത് എങ്ങനെ, അത് എന്തു മാതൃക പ്രദാനം ചെയ്യുന്നു?
16 യെശയ്യാവു 40:10, 11-ലെ വാക്കുകൾക്ക് നമ്മുടെ നാളിൽ കൂടുതലായ പ്രായോഗിക മൂല്യമുണ്ട്. യഹോവ തന്റെ ജനത്തെ നയിക്കുന്ന ആർദ്രമായ വിധം ശ്രദ്ധിക്കുന്നത് ആശ്വാസപ്രദമാണ്. മറ്റ് ആടുകളുടെ ഒപ്പമെത്താൻ കഴിയാത്ത കുഞ്ഞാടുകൾ ഉൾപ്പെടെ ഓരോ ആടിന്റെയും ആവശ്യങ്ങൾ ഒരു ഇടയൻ മനസ്സിലാക്കുന്നതു പോലെ, തന്റെ ഓരോ വിശ്വസ്ത ദാസന്റെയും പരിമിതികൾ യഹോവ മനസ്സിലാക്കുന്നു. മാത്രമല്ല, ആർദ്രതയുള്ള ഒരു ഇടയൻ എന്ന നിലയിൽ അവൻ ക്രിസ്തീയ ഇടയന്മാർക്ക് ഒരു മാതൃക വെക്കുകയും ചെയ്യുന്നു. യഹോവ പ്രകടമാക്കിയിരിക്കുന്ന സ്നേഹപൂർവകമായ ഈ കരുതലിനെ അനുകരിച്ചുകൊണ്ട് ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ ഇടപെടാൻ മൂപ്പന്മാർ ശ്രമിക്കണം. ആട്ടിൻകൂട്ടത്തിലെ ഓരോ അംഗത്തെയും യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്ന സംഗതി അവർ എപ്പോഴും മനസ്സിൽ പിടിക്കണം. ആ ആട്ടിൻകൂട്ടത്തിൽ ഓരോന്നിനെയും ദൈവം സ്വന്തപുത്രന്റെ ‘രക്തത്താൽ സമ്പാദിച്ചിരിക്കുന്നതാണ്’ എന്ന കാര്യം അവർ മറക്കരുത്.—പ്രവൃത്തികൾ 20:28.
സർവശക്തനും സർവജ്ഞാനിയും
17, 18. (എ) പുനഃസ്ഥിതീകരണ വാഗ്ദാനം സംബന്ധിച്ച് യഹൂദ പ്രവാസികൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) ഭയാദരവ് ഉണർത്തുന്ന ഏതു ചോദ്യങ്ങൾ യെശയ്യാവ് ചോദിക്കുന്നു?
17 പുനഃസ്ഥിതീകരണം സംബന്ധിച്ച വാഗ്ദാനത്തിൽ യഹൂദ പ്രവാസികൾക്ക് വിശ്വാസമുണ്ടായിരിക്കാൻ കഴിയും. കാരണം, വാഗ്ദാനം നൽകിയ ദൈവം സർവശക്തനും സർവജ്ഞാനിയുമാണ്. യെശയ്യാവ് ഇപ്രകാരം പറയുന്നു: “തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ? യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ? അവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?”—യെശയ്യാവു 40:12-14.
18 ഭയാദരവ് ഉണർത്തുന്ന ഈ ചോദ്യങ്ങളെ കുറിച്ച് യഹൂദാ പ്രവാസികൾ ചിന്തിക്കേണ്ടതാണ്. വൻസമുദ്രത്തിലെ ശക്തിയേറിയ തിരകളെ തിരിച്ചയയ്ക്കാൻ ഇത്തിരിപ്പോന്ന മനുഷ്യർക്കു സാധിക്കുമോ? തീർച്ചയായുമില്ല! എന്നാൽ യഹോവയെ സംബന്ധിച്ചിടത്തോളം ഭൂമിയെ മൂടുന്ന സമുദ്രങ്ങൾ അവന്റെ കൈവെള്ളയിലെ ഒരു തുള്ളി വെള്ളം പോലെയേ ഉള്ളൂ. b നിസ്സാരരായ മനുഷ്യർക്കു നക്ഷത്രങ്ങൾ നിറഞ്ഞ ബൃഹത്തായ ആകാശമണ്ഡലത്തെ അളക്കാനോ ഭൂമിയിലെ പർവതങ്ങളെയും കുന്നുകളെയും തൂക്കിനോക്കാനോ കഴിയുമോ? സാധ്യമല്ല. എന്നാൽ, മനുഷ്യർ ഒരു ചാൺ നീളമുള്ള വസ്തുവിനെ അളക്കുന്ന അത്ര അനായാസമായി യഹോവ ആകാശമണ്ഡലത്തെ അളക്കുന്നു. ഫലത്തിൽ, ദൈവത്തിന് പർവതങ്ങളെയും കുന്നുകളെയും ഒരു തുലാസ്സിൽ തൂക്കിനോക്കാൻ കഴിയും. ഇപ്പോൾ എന്തു ചെയ്യണം അല്ലെങ്കിൽ ഭാവിയിൽ എന്താണു ചെയ്യേണ്ടത് എന്നൊക്കെ ദൈവത്തോടു പറയാൻ ഏറ്റവും ജ്ഞാനിയായ ആളിനു പോലും കഴിയുമോ? തീർച്ചയായും ഇല്ല!
19, 20. യഹോവയുടെ മഹത്ത്വം ഊന്നിപ്പറയാൻ യെശയ്യാവ് വ്യക്തമായ ഏതു ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നു?
19 ഭൂമിയിലുള്ള പ്രബലമായ രാഷ്ട്രങ്ങളുടെ കാര്യമോ? ദൈവം തന്റെ വാഗ്ദാനം നിവർത്തിക്കവെ, അവനെ ചെറുത്തുനിൽക്കാൻ അവയ്ക്കു കഴിയുമോ? രാഷ്ട്രങ്ങളെ പിൻവരുന്നപ്രകാരം വർണിച്ചുകൊണ്ട് യെശയ്യാവ് അതിന് ഉത്തരം നൽകുന്നു: “ഇതാ ജാതികൾ തുലാക്കൊട്ടയിലെ [‘തൊട്ടിയിലെ,’ “പി.ഒ.സി. ബൈ.”] ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു. ലെബാനോൻ വിറകിന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിന്നു മതിയാകുന്നില്ല. സകലജാതികളും അവന്നു ഏതുമില്ലാത്തുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.”—യെശയ്യാവു 40:15-17.
20 യഹോവയെ സംബന്ധിച്ചിടത്തോളം, ലോകത്തിലെ മുഴു രാഷ്ട്രങ്ങളും ഒരു തൊട്ടിയിലെ ഒരു നീർത്തുള്ളി പോലെയാണ്. ഒരു തുലാസ്സിലെ നേർത്ത പൊടി തൂക്കത്തിൽ യാതൊരു വ്യത്യാസവും വരുത്തുന്നില്ലാത്തതു പോലെയാണ് ഇത്. c ഒരാൾ ഒരു വലിയ യാഗപീഠം പണിതിട്ട് ലെബാനോൻ പർവതങ്ങളിലുള്ള മുഴു വൃക്ഷങ്ങളും ആ യാഗപീഠത്തിലെ വിറകിനായി ഉപയോഗിക്കുന്നു എന്നു കരുതുക. എന്നിട്ട്, യാഗത്തിനായി ആ പർവതങ്ങളിൽ വിഹരിക്കുന്ന എല്ലാ മൃഗങ്ങളെയും ഉപയോഗിക്കുന്നു എന്നും വിചാരിക്കുക. അത്തരം ബൃഹത്തായ ഒരു യാഗം പോലും യഹോവയുടെ മുന്നിൽ യാതൊന്നുമല്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ദൃഷ്ടാന്തം പോര എന്നതുപോലെ, യെശയ്യാവ് ശക്തമായ ഭാഷയിൽ ഇങ്ങനെ പറയുന്നു—യഹോവയുടെ ദൃഷ്ടിയിൽ സകല ജനതകളും “ഏതുമില്ല.”—യെശയ്യാവു 40:17.
21, 22. (എ) യഹോവയ്ക്കു തുല്യനായി മറ്റാരുമില്ലെന്ന കാര്യം യെശയ്യാവ് ഊന്നിപ്പറയുന്നത് എങ്ങനെ? (ബി) യെശയ്യാവിന്റെ വ്യക്തമായ വിവരണങ്ങൾ ഏതു നിഗമനത്തിൽ നമ്മെ എത്തിക്കുന്നു? (സി) ശാസ്ത്രീയമായി കൃത്യതയുള്ള ഏതു വിവരം യെശയ്യാ പ്രവാചകൻ രേഖപ്പെടുത്തുന്നു? (412-ാം പേജിലെ ചതുരം കാണുക.)
21 യഹോവയ്ക്കു തുല്യനായി മറ്റാരുമില്ല എന്ന കാര്യം കൂടുതലായി ഊന്നിപ്പറയാൻ സ്വർണവും വെള്ളിയും മരവും കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കുന്നവരുടെ ഭോഷത്വം യെശയ്യാവ് തുറന്നുകാട്ടുന്നു. ‘ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുകയും’ അതിലെ നിവാസികളുടെമേൽ അധീശത്വം പുലർത്തുകയും ചെയ്യുന്നവന്റെ ഉചിതമായ പ്രതീകം എന്നവണ്ണം അത്തരമൊരു വിഗ്രഹം ഉപയോഗിക്കുന്നത് എത്ര ഭോഷത്വമാണ്!—യെശയ്യാവു 40:18-24 വായിക്കുക.
22 ഈ സുവ്യക്തമായ വിവരണങ്ങളെല്ലാം നമ്മെ ഒരു നിഗമനത്തിൽ എത്തിക്കുന്നു—തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കുന്നതിൽനിന്നു സർവശക്തനും സർവജ്ഞാനിയും അതുല്യനുമായ യഹോവയെ തടയാൻ യാതൊന്നിനുമാവില്ല. സ്വദേശത്തേക്കു മടങ്ങാൻ അതിയായി ആഗ്രഹിച്ച ബാബിലോണിലെ യഹൂദാ പ്രവാസികൾക്ക് യെശയ്യാവിന്റെ വാക്കുകൾ എത്രമാത്രം ആശ്വാസവും കരുത്തും പകർന്നിരിക്കണം! ഭാവി സംബന്ധിച്ച യഹോവയുടെ വാഗ്ദാനങ്ങൾ നിവൃത്തിയാകുമെന്ന ബോധ്യം ഇന്നു നമുക്കും ഉണ്ടായിരിക്കാൻ കഴിയും.
“ഇവയെ സൃഷ്ടിച്ചതാർ?”
23. പ്രോത്സാഹനം തോന്നാൻ യഹൂദാ പ്രവാസികൾക്ക് എന്തു കാരണമുണ്ട്, യഹോവ തന്നെക്കുറിച്ചുതന്നെ എന്ത് ഊന്നിപ്പറയുന്നു?
23 യഹൂദാ പ്രവാസികൾക്കു പ്രോത്സാഹനം തോന്നാൻ മറ്റൊരു കാരണമുണ്ട്. വിടുതൽ വാഗ്ദാനം ചെയ്യുന്നത് സകലത്തിന്റെയും സ്രഷ്ടാവും മുഴു ചലനാത്മക ഊർജത്തിന്റെയും ഉറവിടവുമായ യഹോവയാണ്. തന്റെ അത്ഭുതകരമായ കഴിവിന് അടിവരയിടാനെന്ന പോലെ സൃഷ്ടിയിൽ പ്രകടമായ തന്റെ ശക്തിയിലേക്ക് യഹോവ ശ്രദ്ധ തിരിക്കുന്നു: “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു. നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും [“ചലനാത്മക ഊർജം,” NW] അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”—യെശയ്യാവു 40:25, 26.
24. തനിക്കു വേണ്ടിത്തന്നെ സംസാരിക്കവെ, തനിക്കു തുല്യനായി മറ്റാരുമില്ലെന്ന് യഹോവ പ്രകടമാക്കുന്നത് എങ്ങനെ?
24 ഇസ്രായേലിന്റെ പരിശുദ്ധൻ തനിക്കു വേണ്ടിത്തന്നെ സംസാരിക്കുകയാണ്. തനിക്കു തുല്യനായി മറ്റാരുമില്ലെന്നു പ്രകടമാക്കാൻ ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് അവൻ ശ്രദ്ധ തിരിക്കുന്നു. തന്റെ സേനകളെ അണിനിരത്തുന്ന ഒരു സൈനിക മേധാവിയെ പോലെ, യഹോവ നക്ഷത്രങ്ങൾക്കു കൽപ്പന കൊടുക്കുന്നു. അവൻ അവയെ കൂട്ടിവരുത്തിയാൽ “അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.” നക്ഷത്രങ്ങളുടെ എണ്ണം അസംഖ്യമാണെങ്കിലും, അവയിൽ ഓരോന്നിനെയും അവൻ പേര്—ഒരു പേരോ അതിനു തുല്യമായ ഒരു സംജ്ഞയോ—ചൊല്ലി വിളിക്കുന്നു. അനുസരണമുള്ള സൈനികരെ പോലെ അവ അതതു സ്ഥാനത്തു നിൽക്കുകയും ഉചിതമായ ക്രമം പാലിക്കുകയും ചെയ്യുന്നു. കാരണം അവയെ നയിക്കുന്ന യഹോവയ്ക്ക് “ചലനാത്മക ഊർജ”ത്തിന്റെ സമൃദ്ധിയും “ശക്തിയുടെ ആധിക്യ”വും ഉണ്ട്. അതിനാൽ, അവൻ തങ്ങളെ പിന്താങ്ങുമെന്ന് യഹൂദാ പ്രവാസികൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നക്ഷത്രങ്ങൾക്കു കൽപ്പന കൊടുക്കുന്ന സ്രഷ്ടാവിന് തീർച്ചയായും തന്റെ ദാസന്മാരെ പിന്താങ്ങുന്നതിനുള്ള ശക്തിയുണ്ട്.
25. യെശയ്യാവു 40:26-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവ്യ ക്ഷണത്തോട് നാം എങ്ങനെ പ്രതികരിക്കണം, അതിന്റെ ഫലം എന്തായിരിക്കും?
25 യെശയ്യാവു 40:26-ൽ കൊടുത്തിരിക്കുന്ന, “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ” എന്ന ദിവ്യ ക്ഷണം തിരസ്കരിക്കാൻ ആർക്കാണു കഴിയുക? നക്ഷത്രനിബിഡമായ ആകാശം യെശയ്യാവിന്റെ കാലത്ത് കാണപ്പെട്ടതിലും ഭയാദരവ് ഉളവാക്കുന്നതാണെന്ന് ജ്യോതിശ്ശാസ്ത്രജ്ഞർ ആധുനികകാലത്തു നടത്തിയ കണ്ടുപിടിത്തങ്ങൾ പ്രകടമാക്കിയിരിക്കുന്നു. ശക്തിയേറിയ ദൂരദർശിനികൾ ഉപയോഗിച്ച് ആകാശത്തെ നിരീക്ഷിക്കുന്ന ഈ ജ്യോതിശ്ശാസ്ത്രജ്ഞർ, ദൃശ്യ പ്രപഞ്ചത്തിൽ 12,500 കോടി താരാപഥങ്ങൾ ഉള്ളതായി കണക്കാക്കുന്നു. എന്തിന്, ചില കണക്കുകൾ പ്രകാരം അതിൽ ഒരു താരാപഥമായ ക്ഷീരപഥത്തിൽത്തന്നെ 10,000 കോടി നക്ഷത്രങ്ങൾ ഉണ്ടത്രേ! അത്തരം അറിവ് നമ്മുടെ ഹൃദയങ്ങളിൽ സ്രഷ്ടാവിനോടുള്ള ഭയാദരവ് ഉണർത്തുകയും അവന്റെ വാഗ്ദാനത്തിൽ പൂർണമായി ആശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും വേണം.
26, 27. ബാബിലോണിലെ പ്രവാസികളുടെ വികാരങ്ങളെ എങ്ങനെ വർണിച്ചിരിക്കുന്നു, എന്തെല്ലാം കാര്യങ്ങളാണ് അവർ അറിഞ്ഞിരിക്കേണ്ടത്?
26 നിരവധി വർഷങ്ങൾ പ്രവാസത്തിൽ കഴിഞ്ഞുകൂടുന്ന യഹൂദാ നിവാസികളുടെ ഉത്സാഹം തണുത്തുപോകും എന്നു മനസ്സിലാക്കുന്ന യഹോവ, പ്രത്യാശ പകരുന്ന ഈ വാക്കുകൾ മുന്നമേതന്നെ രേഖപ്പെടുത്താൻ യെശയ്യാവിനെ നിശ്വസ്തനാക്കുന്നു: “എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു? നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.”—യെശയ്യാവു 40:27, 28.
27 സ്വദേശത്തുനിന്ന് നൂറുകണക്കിനു കിലോമീറ്ററുകൾ അകലെ ബാബിലോണിൽ പ്രവാസികൾ ആയിരിക്കുന്ന യഹൂദന്മാരുടെ വികാരങ്ങൾ വ്യക്തമാക്കുന്ന യഹോവയുടെ വാക്കുകൾ അടുത്തതായി യെശയ്യാവ് രേഖപ്പെടുത്തുന്നു. തങ്ങളുടെ “വഴി”—തങ്ങളുടെ ദുഷ്കരമായ ജീവിതഗതി—ദൈവം കാണുന്നില്ല, അവന് അറിയില്ല എന്നു ചിലർ കരുതുന്നു. തങ്ങൾ അനുഭവിക്കുന്ന അനീതിക്കു നേരെ അവൻ കണ്ണടയ്ക്കുകയാണ് എന്ന് അവർ വിചാരിക്കുന്നു. സ്വന്തം അനുഭവത്തിൽനിന്ന്, അല്ലെങ്കിൽ ചുരുങ്ങിയപക്ഷം മറ്റുള്ളവരിൽ നിന്നെങ്കിലും, അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് അവൻ അവരെ ഓർമിപ്പിക്കുകയാണ്. യഹോവ തന്റെ ജനത്തെ വിടുവിക്കാൻ പ്രാപ്തനും മനസ്സൊരുക്കമുള്ളവനും ആണ്. അവൻ നിത്യദൈവവും മുഴു ഭൂമിയുടെയും സ്രഷ്ടാവുമാണ്. അക്കാരണത്താൽ സൃഷ്ടിയിൽ താൻ പ്രകടമാക്കിയ അതേ ശക്തി അവന്റെ പക്കൽ ഇപ്പോഴുമുണ്ട്. പ്രബലശക്തിയായ ബാബിലോൺ പോലും അവന്റെ മുമ്പിൽ ഒന്നുമല്ല. അത്തരമൊരു ദൈവം തളർന്നുപോകുകയോ തന്റെ ജനത്തെ നിരാശപ്പെടുത്തുകയോ ഇല്ല. യഹോവയുടെ പ്രവൃത്തികളെ പൂർണമായി മനസ്സിലാക്കാമെന്ന് അവന്റെ ജനം വിചാരിക്കേണ്ടതില്ല. കാരണം, അവന്റെ ഗ്രാഹ്യം—അല്ലെങ്കിൽ ഉൾക്കാഴ്ച, വിവേകം, വിവേചന—അവർക്ക് ഉൾക്കൊള്ളാവുന്നതിന് അതീതമാണ്.
28, 29. (എ) ക്ഷീണിതരെ താൻ സഹായിക്കുമെന്ന് യഹോവ തന്റെ ജനത്തെ എങ്ങനെ ഓർമിപ്പിക്കുന്നു? (ബി) യഹോവ തന്റെ ദാസന്മാരെ ശക്തീകരിക്കുന്ന വിധം കാണിക്കാൻ ഏതു ദൃഷ്ടാന്തം ഉപയോഗിച്ചിരിക്കുന്നു?
28 നിരാശരായ പ്രവാസികൾക്ക് യെശയ്യാവ് മുഖാന്തരം യഹോവ തുടർന്നും പ്രോത്സാഹനം നൽകുന്നു: “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.”—യെശയ്യാവു 40:29-31.
29 ക്ഷീണിതർക്കു ശക്തി നൽകേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുമ്പോൾ, സ്വദേശത്തേക്കു മടങ്ങാൻ പ്രവാസികൾ നടത്തേണ്ട ദുഷ്കരമായ യാത്ര ആയിരിക്കാം യഹോവയുടെ മനസ്സിലുള്ളത്. സഹായത്തിനായി തന്നിലേക്കു നോക്കുന്ന ക്ഷീണിതരെ താൻ ഒരു കാരണവശാലും കൈവിടില്ലെന്ന് യഹോവ തന്റെ ജനത്തെ ഓർമിപ്പിക്കുന്നു. ഏറ്റവും ഊർജസ്വലരായ ആളുകൾ—‘ബാല്യക്കാരും യൗവനക്കാരും’—പോലും ക്ഷീണിച്ചു വലഞ്ഞ് ഇടറിവീണേക്കാം. എന്നിരുന്നാലും, തന്നിൽ ആശ്രയിക്കുന്നവർക്കു ശക്തി—ഓടിയാലോ നടന്നാലോ ക്ഷയിച്ചുപോകുകയില്ലാത്ത ശക്തി—നൽകുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. യഹോവ തന്റെ ദാസന്മാരെ ശക്തീകരിക്കുന്ന വിധം ചിത്രീകരിക്കാൻ കഴുകന്റെ പ്രത്യക്ഷത്തിലുള്ള അനായാസകരമായ പറക്കലാണ് ഉപയോഗിച്ചിരിക്കുന്നത്. d വളരെ ശക്തിയുള്ള ഈ പക്ഷിക്ക് മണിക്കൂറുകളോളം തുടർച്ചയായി പറക്കാൻ കഴിയും. ദിവ്യ പിന്തുണ ഉള്ളതിനാൽ യഹൂദാ പ്രവാസികൾക്കു നിരാശപ്പെടാൻ യാതൊരു കാരണവും ഇല്ല.
30. യെശയ്യാവു 40-ാം അധ്യായത്തിലെ അവസാന വാക്യങ്ങളിൽനിന്നു സത്യക്രിസ്ത്യാനികൾക്ക് ഇന്ന് എങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിയും?
30 യെശയ്യാവു 40-ാം അധ്യായത്തിലെ അവസാന വാക്യങ്ങളിൽ ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ജീവിക്കുന്ന സത്യക്രിസ്ത്യാനികൾക്കുള്ള ആശ്വാസ വാക്കുകൾ അടങ്ങിയിരിക്കുന്നു. നിരുത്സാഹപ്പെടുത്തുന്ന നാനാതരം സമ്മർദങ്ങളും പ്രശ്നങ്ങളും ഉള്ളതിനാൽ, നാം സഹിക്കുന്ന കഷ്ടതകളും അനുഭവിക്കുന്ന അനീതികളും ദൈവം ശ്രദ്ധിക്കുന്നു എന്നത് ആശ്വാസപ്രദമാണ്. സകലത്തിന്റെയും സ്രഷ്ടാവും ‘അന്തമില്ലാത്ത വിവേകം’ ഉള്ളവനുമായ യഹോവ തക്കസമയത്ത് തന്റേതായ രീതിയിൽ എല്ലാ അനീതിയും ഇല്ലാതാക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 147:5, 6) അതുവരെ നമുക്കു സഹിച്ചുനിൽക്കുന്നതിന് നാം സ്വന്ത ശക്തിയിൽ ആശ്രയിക്കേണ്ടതില്ല. അക്ഷയ ശക്തിയുള്ള യഹോവയ്ക്ക് തന്റെ ദാസന്മാർ പരിശോധിക്കപ്പെടുന്ന ഏതു സമയത്തും അവർക്കു ശക്തി നൽകാനാകും—‘സാധാരണയിൽ കവിഞ്ഞ ശക്തി’ പോലും.—2 കൊരിന്ത്യർ 4:7, NW.
31. ബാബിലോണിലെ യഹൂദാ പ്രവാസികൾക്കായി യെശയ്യാ പ്രവചനത്തിൽ പ്രത്യാശ പകരുന്ന എന്തു വാഗ്ദാനം അടങ്ങിയിരുന്നു, നമുക്ക് എന്തിനെ കുറിച്ചു പൂർണ ബോധ്യം ഉണ്ടായിരിക്കാൻ കഴിയും?
31 പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ബാബിലോണിൽ ആയിരുന്ന യഹൂദാ പ്രവാസികളെ കുറിച്ചു ചിന്തിക്കുക. നൂറുകണക്കിനു കിലോമീറ്റർ അകലെ അവരുടെ പ്രിയ നഗരവും അതിലെ ആലയവും ശൂന്യമായി കിടന്നിരുന്നു. അവരെ സംബന്ധിച്ചിടത്തോളം യെശയ്യാവിന്റെ പ്രവചനത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ആശ്വാസകരമായ ഒരു വാഗ്ദാനം അടങ്ങിയിരുന്നു. അതായത്, യഹോവ അവരെ മാതൃദേശത്ത് പുനഃസ്ഥിതീകരിക്കും എന്ന വാഗ്ദാനം! പൊ.യു.മു. 537-ൽ, യഹോവ തന്റെ ജനത്തെ അവരുടെ മാതൃദേശത്തേക്കു നയിച്ചു. അങ്ങനെ അവൻ വാഗ്ദാനങ്ങൾ നിവർത്തിക്കുന്നവൻ ആണെന്നു തെളിഞ്ഞു. നമുക്കും യഹോവയെ സമ്പൂർണമായി ആശ്രയിക്കാൻ കഴിയും. യെശയ്യാ പ്രവചനം വളരെ മനോഹരമായി വർണിക്കുന്ന അവന്റെ രാജ്യവാഗ്ദാനങ്ങൾ യാഥാർഥ്യമായിത്തീരും. അതു തീർച്ചയായും ഒരു സുവാർത്തയാണ്, മുഴു മനുഷ്യവർഗത്തിനും വെളിച്ചം പകരുന്ന സന്ദേശമാണ്!
[അടിക്കുറിപ്പുകൾ]
a യഹോവയ്ക്ക് വഴി ഒരുക്കുന്നതിനെ കുറിച്ച് യെശയ്യാവ് മുൻകൂട്ടി പറയുന്നു. (യെശയ്യാവു 40:3) എന്നിരുന്നാലും, യേശുക്രിസ്തുവിനു വേണ്ടി യോഹന്നാൻ സ്നാപകൻ വഴി ഒരുക്കിയതിനാണ് സുവിശേഷങ്ങൾ ആ പ്രവചനം ബാധകമാക്കുന്നത്. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ നിശ്വസ്ത എഴുത്തുകാർ പ്രസ്തുത പ്രവചനം അങ്ങനെ ബാധകമാക്കിയത് യേശു തന്റെ പിതാവിനെ പ്രതിനിധാനം ചെയ്തുകൊണ്ട് അവന്റെ നാമത്തിൽ വന്നതിനാലാണ്.—യോഹന്നാൻ 5:43; 8:29.
b “സമുദ്രങ്ങളിലെ മൊത്തം ജലത്തിന്റെ ദ്രവ്യമാനം ഏകദേശം 135 ദശസഹസ്രലക്ഷം കോടി (135 x 1016) മെട്രിക് ടൺ, അതായത് ഭൂമിയുടെ മൊത്ത പിണ്ഡത്തിന്റെ ഏകദേശം 1/4400” വരുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.—എൻകാർട്ടാ 97 എൻസൈക്ലോപീഡിയ.
c ദി എക്സ്പോസിറ്റേഴ്സ് ബൈബിൾ കമന്ററി ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സമീപ പൂർവദേശത്തെ കമ്പോളത്തിൽ കച്ചവടം നടക്കുമ്പോൾ അളന്നുകൊടുക്കാൻ ഉപയോഗിക്കുന്ന തൊട്ടിയിലെ ഒരു തുള്ളി വെള്ളമോ മാംസവും പഴങ്ങളും മറ്റും തൂക്കിക്കൊടുത്തിരുന്ന തുലാസ്സിലുള്ള ഇത്തിരി പൊടിയോ ആരും ഗൗനിക്കുമായിരുന്നില്ല.”
d കഴുകന് ഉയരത്തിൽ പറന്നുനിൽക്കാൻ വളരെ കുറഞ്ഞ ഊർജം മതി. തെർമലുകൾ അഥവാ ഉയർന്നുപോകുന്ന ഉഷ്ണവായുപിണ്ഡം ഉപയോഗപ്പെടുത്തിയാണ് അവയ്ക്ക് ഇതു സാധിക്കുന്നത്.
[അധ്യയന ചോദ്യങ്ങൾ]
[404, 405 പേജുകളിലെ ചതുരം/ചിത്രം]
യഹോവ, സ്നേഹവാനായ ഇടയൻ
മാർവിടത്തിൽ കുഞ്ഞാടിനെ എടുത്തുകൊണ്ടു പോകുന്ന സ്നേഹവാനായ ഒരു ഇടയനോടാണ് യെശയ്യാവ് യഹോവയെ ഉപമിക്കുന്നത്. (യെശയ്യാവു 40:10, 11) യെശയ്യാവ് ഈ ഊഷ്മളമായ ദൃഷ്ടാന്തം ഇടയന്മാരുടെ യഥാർഥ അനുഭവങ്ങളെ അധിഷ്ഠിതമാക്കി ആയിരിക്കാം ഉപയോഗിക്കുന്നത്. ഹെർമോൻ പർവതച്ചെരിവുകളിലെ ഇടയന്മാരെ അടുത്തു വീക്ഷിച്ച ഒരു ആധുനിക നിരീക്ഷകൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഓരോ ഇടയനും തന്റെ ആട്ടിൻകൂട്ടത്തെ ആർദ്രമായി പരിപാലിച്ചിരുന്നു. പിറന്നിട്ട് അധികമാകാത്ത കുഞ്ഞാട് അതിന്റെ തള്ളയുടെ ഒപ്പമെത്താൻ കഴിയാത്തവിധം ദുർബലമായിരിക്കും. അതിനെ ആ ഇടയൻ തന്റെ വലിയ കുപ്പായത്തിന്റെ മടക്കുകൾക്കുള്ളിൽ എടുത്തുകൊണ്ടു പോകുമായിരുന്നു. മാർവിടത്തിൽ വെക്കാൻ ഇടമില്ലാതെ വരുമ്പോൾ കുഞ്ഞാടിനെ അയാൾ തോളിലേറ്റി കാലുകളിൽ പിടിച്ചു കൊണ്ടുപോകുമായിരുന്നു. അതുമല്ലെങ്കിൽ, ഒരു സഞ്ചിയിലോ കുട്ടയിലോ വെച്ച് ഒരു കഴുതയുടെ പുറത്തേറ്റി കൊണ്ടുപോകുമായിരുന്നു. കുഞ്ഞാടുകൾക്കു തള്ളയ്ക്കൊപ്പം എത്താറാകുന്നതുവരെ അയാൾ അങ്ങനെ ചെയ്യുമായിരുന്നു.” തന്റെ ജനത്തോട് അത്തരം ആർദ്ര കരുതലുള്ള ഒരു ദൈവത്തെയാണു നാം സേവിക്കുന്നത് എന്നത് ആശ്വാസപ്രദമല്ലേ?
[412-ാം പേജിലെ ചതുരം/ചിത്രം]
ഭൂമിയുടെ ആകൃതി എന്ത്?
ഭൂമി പരന്നതാണ് എന്നായിരുന്നു പുരാതന കാലങ്ങളിൽ ആളുകൾ പൊതുവെ വിശ്വസിച്ചിരുന്നത്. എന്നാൽ, പൊ.യു.മു. ആറാം നൂറ്റാണ്ടിൽത്തന്നെ ഗ്രീക്കു തത്ത്വചിന്തകനായ പൈതഗോറസ് ഭൂമി ഒരു ഗോളമായിരിക്കണമെന്ന് സിദ്ധാന്തിച്ചിരുന്നു. എന്നാൽ പൈതഗോറസ് ഈ സിദ്ധാന്തം മുന്നോട്ടു വെക്കുന്നതിനു മുമ്പ്, അസാധാരണമായ കൃത്യതയോടും ഉറപ്പോടും കൂടെ യെശയ്യാ പ്രവാചകൻ ഇങ്ങനെ പ്രസ്താവിച്ചു: ‘അവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു.’ (യെശയ്യാവു 40:22) ‘മണ്ഡലം’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ച്യുഗ് എന്ന എബ്രായ പദത്തെ “ഗോളം” എന്നും വിവർത്തനം ചെയ്യാവുന്നതാണ്. രസാവഹമെന്നു പറയട്ടെ, ഗോളാകാരത്തിലുള്ള ഒരു വസ്തു മാത്രമേ ഏത് ദിശയിൽനിന്നു നോക്കിയാലും മണ്ഡലാകൃതിയിൽ അഥവാ വൃത്താകൃതിയിൽ കാണപ്പെടൂ. e ശാസ്ത്രീയമായി കൃത്യതയുള്ളതും കെട്ടുകഥകളിൽനിന്ന് മുക്തവുമായ ഒരു വസ്തുതയാണ് യെശയ്യാ പ്രവാചകൻ ഇവിടെ രേഖപ്പെടുത്തുന്നത്. അവൻ ജീവിച്ചിരുന്ന കാലഘട്ടം കണക്കിലെടുക്കുമ്പോൾ അതു തികച്ചും അതിശയകരംതന്നെ!
[അടിക്കുറിപ്പ്]
e സാങ്കേതികമായി പറഞ്ഞാൽ, ധ്രുവങ്ങൾ അൽപ്പം പരന്നിരിക്കുന്ന ഒരു ഗോളത്തിന്റെ ആകൃതിയാണ് ഭൂമിക്കുള്ളത്.
[403-ാം പേജിലെ ചിത്രം]
“മരുഭൂമിയിൽ വിളിച്ചുപറയുന്ന” ഒരുവൻ യോഹന്നാൻ സ്നാപകൻ ആയിരുന്നു