കഥ 65
രാജ്യം വിഭജിക്കപ്പെടുന്നു
ഈ മനുഷ്യൻ തന്റെ വസ്ത്രം കീറുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അങ്ങനെ ചെയ്യാൻ യഹോവ അവനോടു കൽപ്പിച്ചതാണ്. അവൻ ദൈവത്തിന്റെ പ്രവാചകനായ അഹീയാവാണ്. ഒരു പ്രവാചകൻ എന്നു പറഞ്ഞാൽ ആരാണ്? സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ദൈവം മുൻകൂട്ടി അറിയിക്കുന്ന വ്യക്തിയെയാണ് പ്രവാചകൻ എന്നു വിളിക്കുന്നത്.
ഇവിടെ അഹീയാവുമായി സംസാരിച്ചുകൊണ്ടു നിൽക്കുന്ന ആളുടെ പേര് യൊരോബെയാം എന്നാണ്. ശലോമോൻ തന്റെ നിർമാണവേലയിൽ ചിലതിന്റെ മേൽനോട്ടത്തിന് ആക്കിവെച്ചിരുന്ന ഒരു മനുഷ്യനാണ് യൊരോബെയാം. യൊരോബെയാമിനെ ഇവിടെ വഴിയിൽവെച്ചു കാണുമ്പോൾ അഹീയാവ് ഒരു അസാധാരണ സംഗതി ചെയ്യുന്നു. അവൻ തന്റെ പുതിയ അങ്കി ഊരി 12 കഷണങ്ങളായി കീറുന്നു. അവൻ യൊരോബെയാമിനോട്: ‘10 കഷണം നീ എടുത്തുകൊൾക’ എന്നു പറയുന്നു. അഹീയാവ് യൊരോബെയാമിനു 10 കഷണങ്ങൾ കൊടുക്കുന്നത് എന്തുകൊണ്ടായിരിക്കും?
യഹോവ ശലോമോനിൽനിന്നു രാജ്യം എടുത്തുകളയാൻ പോകുകയാണെന്ന് അഹീയാവു വിശദമാക്കുന്നു. യഹോവ യൊരോബെയാമിനു 10 ഗോത്രങ്ങൾ കൊടുക്കുമെന്ന് അവൻ പറയുന്നു. ഇതിന്റെ അർഥം ശലോമോന്റെ മകനായ രെഹബെയാം രണ്ടു ഗോത്രങ്ങളുടെമേൽ മാത്രമേ രാജാവായിരിക്കുകയുള്ളൂ എന്നാണ്.
അഹീയാവ് യൊരോബെയാമിനോടു പറഞ്ഞതിനെക്കുറിച്ച് ശലോമോൻ കേൾക്കുമ്പോൾ അവൻ വളരെ കോപിക്കുന്നു. അവൻ യൊരോബെയാമിനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ യൊരോബെയാം ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. കുറച്ചുനാൾ കഴിഞ്ഞ് ശലോമോൻ മരിക്കുന്നു. അവൻ 40 വർഷം രാജാവായിരുന്നു. എന്നാൽ ഇപ്പോൾ അവന്റെ പുത്രനായ രെഹബെയാം രാജാവായി. ശലോമോൻ മരിച്ചെന്ന് യൊരോബെയാം ഈജിപ്തിൽവെച്ചു കേൾക്കുന്നു, അതുകൊണ്ട് അവൻ ഇസ്രായേലിലേക്കു തിരിച്ചുവരുന്നു.
രെഹബെയാം ഒരു നല്ല രാജാവല്ല. അവൻ തന്റെ അപ്പനായ ശലോമോനെക്കാൾ മോശമായിട്ടാണു ജനത്തോടു പെരുമാറിയത്. യൊരോബെയാമും ജനത്തിന്റെ ഇടയിലെ മറ്റു ചില പ്രധാന ആളുകളും രെഹബെയാം രാജാവിന്റെ അടുക്കൽ ചെന്ന് ജനത്തോട് കുറേക്കൂടെ നന്നായി പെരുമാറണമെന്ന് അപേക്ഷിക്കുന്നു. എന്നാൽ രെഹബെയാം ശ്രദ്ധിക്കുന്നില്ല. മാത്രമല്ല അവൻ മുമ്പത്തെക്കാൾ ക്രൂരനായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് ജനം യൊരോബെയാമിനെ 10 ഗോത്രങ്ങളുടെമേൽ രാജാവാക്കുന്നു; എന്നാൽ ബെന്യാമീൻ, യെഹൂദാ എന്നീ രണ്ടു ഗോത്രങ്ങൾ രെഹബെയാമിനെ തങ്ങളുടെ രാജാവായി നിലനിറുത്തുന്നു.
ജനം യഹോവയുടെ ആലയത്തിൽ ആരാധിക്കാനായി യെരൂശലേമിലേക്കു പോകുന്നത് യൊരോബെയാമിന് ഇഷ്ടമല്ല. അതുകൊണ്ട് അവൻ രണ്ടു സ്വർണ കാളക്കുട്ടികളെ ഉണ്ടാക്കുകയും 10 ഗോത്ര രാജ്യത്തിലെ ജനങ്ങളെക്കൊണ്ട് അവയെ ആരാധിപ്പിക്കുകയും ചെയ്യുന്നു. പെട്ടെന്നുതന്നെ ദേശം അക്രമവും കുറ്റകൃത്യവും കൊണ്ടു നിറയുന്നു.
രണ്ടുഗോത്ര രാജ്യത്തിലും കുഴപ്പങ്ങളുണ്ട്. രെഹബെയാം രാജാവായി അഞ്ചു വർഷം ആകുന്നതിനു മുമ്പ് ഈജിപ്തിലെ രാജാവ് യെരൂശലേമിനെതിരെ യുദ്ധത്തിനു വരുന്നു. അവൻ യഹോവയുടെ ആലയത്തിൽനിന്നു വിലപിടിപ്പുള്ള അനേകം സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നു. അതുകൊണ്ട് ആലയം പണിയപ്പെട്ടപ്പോഴത്തെ നിലയിൽ കുറച്ചുകാലം മാത്രമേ തുടരുന്നുള്ളൂ.