നിങ്ങൾക്ക് ഒരു സന്തുഷ്ടഭാവി ആസ്വദിക്കാൻ കഴിയും!
അധ്യായം 1
നിങ്ങൾക്ക് ഒരു സന്തുഷ്ടഭാവി ആസ്വദിക്കാൻ കഴിയും!
1, 2. നിങ്ങളുടെ സ്രഷ്ടാവു നിങ്ങൾക്കുവേണ്ടി എന്ത് ആഗ്രഹിക്കുന്നു?
നിങ്ങൾ സ്നേഹിക്കുന്ന ഒരാളുടെ ഊഷ്മളമായ ആശ്ലേഷം. പ്രിയ സുഹൃത്തുക്കളോടൊത്ത് ഒരു നല്ല ഭക്ഷണം കഴിക്കുമ്പോഴത്തെ ഹൃദ്യമായ പൊട്ടിച്ചിരി. നിങ്ങളുടെ കുട്ടികൾ ഉല്ലാസഭരിതരായി കളിക്കുന്നതു കാണുന്നതിന്റെ ആഹ്ലാദം. ഇങ്ങനെയുളള സന്ദർഭങ്ങൾ ജീവിതത്തിലെ സന്തുഷ്ട നിമിഷങ്ങളാണ്. എന്നിരുന്നാലും, അനേകരെ സംബന്ധിച്ചടത്തോളം, ജീവിതം ഒന്നിനുപിറകേ മറെറാന്നായി ഗൗരവാവഹമായ പ്രശ്നങ്ങളുടെ പരമ്പരയായി തോന്നുന്നു. നിങ്ങളുടെ അനുഭവം അതായിരിക്കുന്നുവെങ്കിൽ, ധൈര്യപ്പെടുക.
2 വിസ്മയാവഹമായ ചുററുപാടുകളിൽ അത്യുത്തമമായ അവസ്ഥകളിൻകീഴിൽ നിങ്ങൾ നിലനിൽക്കുന്ന സന്തുഷ്ടി ആസ്വദിക്കണമെന്നുളളതു ദൈവത്തിന്റെ ഇഷ്ടമാണ്. ഇതു കേവലം സ്വപ്നമല്ല, എന്തെന്നാൽ അത്തരമൊരു സന്തുഷ്ട ഭാവിയുടെ താക്കോൽ യഥാർഥത്തിൽ ദൈവം നിങ്ങൾക്കു നീട്ടിത്തരുകയാണ്. ആ താക്കോൽ പരിജ്ഞാനമാണ്.
3. ഏതു പരിജ്ഞാനമാണു സന്തുഷ്ടിയുടെ താക്കോൽ, ദൈവത്തിന് ആ പരിജ്ഞാനം നൽകാൻ കഴിയുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
3 മനുഷ്യ ജ്ഞാനത്തെക്കാൾ വളരെ മഹത്തരമായ ഒരു പ്രത്യേക തരം പരിജ്ഞാനത്തെക്കുറിച്ചാണു ഞങ്ങൾ സംസാരിക്കുന്നത്. അതു “ദൈവപരിജ്ഞാനം”തന്നെയാണ്. (സദൃശവാക്യങ്ങൾ 2:5) “ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സർവ്വവും ചമെച്ചവൻ ദൈവം തന്നേ” എന്ന് ഏതാണ്ടു 2,000 വർഷം മുമ്പ് ഒരു ബൈബിളെഴുത്തുകാരൻ പറയുകയുണ്ടായി. (എബ്രായർ 3:4) സകലത്തിന്റെയും നിർമാതാവിന് ഉണ്ടായിരിക്കേണ്ട പരിജ്ഞാനത്തെക്കുറിച്ചൊന്നു ചിന്തിക്കുക! ദൈവം സകല നക്ഷത്രങ്ങളെയും എണ്ണുന്നുവെന്നും അവയ്ക്കു പേരിടുന്നുവെന്നും ബൈബിൾ പറയുന്നു. എന്തൊരു അമ്പരപ്പിക്കുന്ന ആശയം, എന്തെന്നാൽ നാം വസിക്കുന്ന താരാപംക്തിയിൽ സഹസ്രകോടിക്കണക്കിനു നക്ഷത്രങ്ങൾ ഉണ്ട്, ഏതാണ്ടു പതിനായിരം കോടി താരാപംക്തികൾ വേറെയും ഉണ്ടെന്നു വാനശാസ്ത്രജ്ഞർ പറയുന്നു! (സങ്കീർത്തനം 147:4) ദൈവത്തിനു നമ്മെക്കുറിച്ചും സകലവും അറിയാം, അതുകൊണ്ടു ജീവിതത്തെ സംബന്ധിച്ച പ്രധാനപ്പെട്ട ചോദ്യങ്ങൾക്കു മെച്ചപ്പെട്ട ഉത്തരങ്ങൾ നൽകാൻ വേറെ ആർക്കാണു കഴിയുക?—മത്തായി 10:30.
4. നമ്മെ നയിക്കുന്നതിനു ദൈവം നിർദേശങ്ങൾ നൽകാൻ നാം പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്, ഏതു പുസ്തകം ഈ ആവശ്യം നിറവേററുന്നു?
4 രണ്ടു പേർ തങ്ങളുടെ കാറുകൾ നന്നാക്കാൻ ശ്രമിക്കുന്നുവെന്നു സങ്കൽപ്പിക്കുക. ഒരാൾ മടുത്തു തന്റെ പണി ഇട്ടെറിഞ്ഞിട്ടു പോകുന്നു. മറേറയാൾ ശാന്തമായി പ്രശ്നം പരിഹരിക്കുന്നു, താക്കോൽ തിരിച്ച് എൻജിൻ സ്ററാർട്ടാക്കുന്നു, അതു സുഗമമായി പ്രവർത്തിക്കുമ്പോൾ അയാൾ പുഞ്ചിരി തൂകുന്നു. നിർമാതാവിൽനിന്നുളള നിർദേശമടങ്ങിയ ഒരു പുസ്തകം ഉണ്ടായിരുന്നത് ഈ രണ്ടു പേരിൽ ആർക്കായിരുന്നുവെന്ന് ഊഹിക്കാൻ നിങ്ങൾക്കു പ്രയാസമുണ്ടായിരിക്കയില്ല. ജീവിതത്തിൽ നമ്മെ നയിക്കുന്നതിനു ദൈവം നിർദേശങ്ങൾ നൽകുമെന്നതു ന്യായയുക്തമല്ലേ? ഒരുപക്ഷേ, നിങ്ങൾക്കറിയാവുന്നതുപോലെ, ബൈബിൾ അതുതന്നെയാണെന്ന് അവകാശപ്പെടുന്നു—ദൈവപരിജ്ഞാനം പ്രദാനംചെയ്യാനുളള ഉദ്ദേശ്യത്തിൽ നമ്മുടെ സ്രഷ്ടാവിൽനിന്നുളള പ്രബോധനവും മാർഗനിർദേശവുമടങ്ങിയ ഒരു പുസ്തകം.—2 തിമൊഥെയൊസ് 3:16.
5. ബൈബിളിലടങ്ങിയിരിക്കുന്ന പരിജ്ഞാനം എത്ര മൂല്യവത്താണ്?
5 ബൈബിളിന്റെ അവകാശവാദം സത്യമാണെങ്കിൽ, ആ പുസ്തകത്തിൽ പരിജ്ഞാനത്തിന്റെ എന്തെന്തു നിക്ഷേപങ്ങളായിരിക്കണം അടങ്ങിയിരിക്കുന്നതെന്നു ചിന്തിക്കുക! ജ്ഞാനം അന്വേഷിക്കാൻ, മറഞ്ഞിരിക്കുന്ന ഒരു നിക്ഷേപത്തിനായി കുഴിക്കുന്നതുപോലെ അതിനുവേണ്ടി കുഴിച്ചിറങ്ങാൻ, സദൃശവാക്യങ്ങൾ 2:1-5-ൽ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു—മനുഷ്യചിന്തയുടെ മണ്ണിലല്ല, പിന്നെയോ ദൈവത്തിന്റെ സ്വന്തം വചനത്തിൽ. അവിടെ തിരയുന്നുവെങ്കിൽ നാം “ദൈവപരിജ്ഞാനം കണ്ടെ”ത്തും. നമ്മുടെ പരിമിതികളും ആവശ്യങ്ങളും ദൈവത്തിനു മനസ്സിലാകുന്നതിനാൽ, സമാധാനപൂർണമായ സന്തുഷ്ടജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന പ്രബോധനം അവൻ നൽകുന്നു. (സങ്കീർത്തനം 103:14; യെശയ്യാവു 48:17) കൂടാതെ, ദൈവപരിജ്ഞാനം ആവേശംപകരുന്ന സുവാർത്ത നമുക്കു പ്രദാനംചെയ്യുന്നു.
നിത്യജീവൻ!
6. ദൈവപരിജ്ഞാനം സംബന്ധിച്ചു യേശുക്രിസ്തു എന്ത് ഉറപ്പുനൽകി?
6 സുപ്രസിദ്ധ ചരിത്രപുരുഷനായ യേശുക്രിസ്തു ദൈവപരിജ്ഞാനത്തിന്റെ ഈ സവിശേഷത വ്യക്തമായി വർണിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യോഹന്നാൻ 17:3) ചിന്തിച്ചുനോക്കൂ—നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം!
7. നാം മരിക്കണമെന്നു ദൈവം ഉദ്ദേശിച്ചില്ലെന്നതിന് എന്തു തെളിവുണ്ട്?
7 നിത്യജീവനെ വെറുമൊരു സ്വപ്നമെന്നപോലെ പെട്ടെന്നു തളളിക്കളയരുത്. പകരം, മനുഷ്യശരീരം നിർമിക്കപ്പെട്ടിരിക്കുന്ന വിധം നോക്കുക. രുചിക്കാനും കേൾക്കാനും മണക്കാനും കാണാനും സ്പർശിക്കാനും അതു വിശിഷ്ടമായി രൂപകല്പന ചെയ്തിരിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ഉല്ലാസം പകരുന്ന വളരെയധികം കാര്യങ്ങൾ ഭൂമിയിലുണ്ട്—രുചികരമായ ഭക്ഷണം, ഇമ്പമായ കിളിപ്പാട്ട്, പരിമളം പരത്തുന്ന പുഷ്പങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ഉല്ലാസപ്രദമായ സഖിത്വം! നമ്മുടെ വിസ്മയാവഹമായ തലച്ചോറ് ഒരു സൂപ്പർ കമ്പ്യൂട്ടറിനെക്കാൾ വളരെ കവിഞ്ഞതാണ്, കാരണം ഈവകയെല്ലാം വിലമതിക്കാനും ആസ്വദിക്കാനും അതു നമ്മെ പ്രാപ്തരാക്കുന്നു. നാം മരിക്കാനും ഇതെല്ലാം നമുക്കു നഷ്ടപ്പെടാനും നമ്മുടെ സ്രഷ്ടാവ് ആഗ്രഹിക്കുന്നുവെന്നു നിങ്ങൾ വിചാരിക്കുന്നുവോ? നാം സന്തുഷ്ടരായി ജീവിക്കാനും ജീവിതം എന്നേക്കും ആസ്വദിക്കാനും അവൻ ആഗ്രഹിക്കുന്നുവെന്നു നിഗമനംചെയ്യുന്നതു കൂടുതൽ ന്യായയുക്തമായിരിക്കയില്ലേ? അതേ, അതാണു ദൈവപരിജ്ഞാനത്തിനു നിങ്ങൾക്കുവേണ്ടി കൈവരുത്താൻ കഴിയുന്നത്.
പറുദീസയിലെ ജീവിതം
8. മനുഷ്യവർഗത്തിന്റെ ഭാവിയെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
8 ഭൂമിയുടെയും മനുഷ്യവർഗത്തിന്റെയും ഭാവിയെക്കുറിച്ചു ബൈബിൾ പറയുന്നതത്രയും ഒററ വാക്കിൽ സംഗ്രഹിക്കാൻ കഴിയും—പറുദീസ! മരിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനോടു “നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടായിരിക്കും” എന്നു യേശുക്രിസ്തു പറഞ്ഞപ്പോൾ അതിനെക്കുറിച്ചു പ്രസ്താവിക്കുകയുണ്ടായി. (ലൂക്കോസ് 23:43, NW) പറുദീസയെക്കുറിച്ചുളള പ്രസ്താവം നമ്മുടെ ആദ്യ മാതാപിതാക്കളായിരുന്ന ആദാമിന്റെയും ഹവ്വായുടെയും സന്തുഷ്ടാവസ്ഥയെ ആ മമനുഷ്യന്റെ മനസ്സിലേക്കു വരുത്തിയെന്നതിനു സംശയമില്ല. ദൈവം അവരെ സൃഷ്ടിച്ചപ്പോൾ അവർ പൂർണരായിരുന്നു; സ്രഷ്ടാവു സംവിധാനംചെയ്തു നട്ടുണ്ടാക്കിയ ഉദ്യാനതുല്യമായ ഒരു ഉപവനത്തിൽ അവർ ജീവിച്ചു. അതിനെ ഏദെൻതോട്ടം എന്നു വിളിച്ചതു സമുചിതമായിരുന്നു, കാരണം ആ പേർ ഉല്ലാസത്തെ സൂചിപ്പിക്കുന്നു.
9. ആദ്യ പറുദീസയിലെ ജീവിതം എങ്ങനെയായിരുന്നു?
9 ആ ഉദ്യാനം എത്ര ഉല്ലാസപ്രദമായിരുന്നു! അത് ഒരു യഥാർഥ പറുദീസ ആയിരുന്നു. അതിലെ മനോഹര വൃക്ഷങ്ങളുടെ കൂട്ടത്തിൽ രുചികരമായ ഫലം കായ്ക്കുന്നവ ഉണ്ടായിരുന്നു. ആദാമും ഹവ്വായും അവരുടെ പ്രദേശം പര്യവേഷണം ചെയ്തും അതിലെ സ്വച്ഛ ജലം കുടിച്ചും അതിലെ വൃക്ഷങ്ങളിൽനിന്നു ഫലം ശേഖരിച്ചും പോന്നപ്പോഴൊന്നും അവർക്ക് ഉത്കണ്ഠാകുലരോ ഭയമുളളവരോ ആയിരിക്കാൻ കാരണമില്ലായിരുന്നു. മൃഗങ്ങൾ പോലും ഭീഷണി ഉയർത്തിയില്ല, കാരണം അവയുടെമേലെല്ലാമുളള സ്നേഹപൂർവകമായ ഭരണാവകാശത്തോടെയാണു ദൈവം മനുഷ്യനെയും അവന്റെ ഭാര്യയെയും ആക്കിവെച്ചിരുന്നത്. പോരെങ്കിൽ, ആദ്യ മനുഷ്യജോടിക്ക് ഓജസ്സുററ ആരോഗ്യമുണ്ടായിരുന്നു. അവർ ദൈവത്തോട് അനുസരണമുളളവരായി നിലനിന്നടത്തോളം കാലം അവരുടെ മുമ്പാകെ നിത്യമായ ഒരു സന്തുഷ്ടഭാവി സ്ഥിതിചെയ്തിരുന്നു. വിശിഷ്ടമായ പറുദീസാഭവനത്തെ പരിരക്ഷിക്കുന്ന സംതൃപ്തികരമായ വേല അവർക്കു നൽകിയിരുന്നു. കൂടാതെ, ‘ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കാനുള്ള’ അനുശാസനം ദൈവം ആദാമിനും ഹവ്വായ്ക്കും കൊടുത്തു. അവരും സന്തതികളും, നമ്മുടെ ഭൂഗ്രഹം മുഴുവൻ അഴകിന്റെയും ആനന്ദത്തിന്റെയും ഒരു സ്ഥലമായിത്തീരുന്നതുവരെ പറുദീസയുടെ അതിർത്തികൾ വിപുലപ്പെടുത്തണമായിരുന്നു.—ഉല്പത്തി 1:28.
10. യേശു പറുദീസയെക്കുറിച്ചു സംസാരിച്ചപ്പോൾ, അവന്റെ മനസ്സിൽ എന്താണുണ്ടായിരുന്നത്?
10 എന്നിരുന്നാലും, യേശു പറുദീസയെക്കുറിച്ചു പറഞ്ഞപ്പോൾ അവൻ വിദൂര ഭൂതകാലത്തെക്കുറിച്ചു ചിന്തിക്കാൻ മരിച്ചുകൊണ്ടിരുന്ന മനുഷ്യനോട് ആവശ്യപ്പെടുകയല്ലായിരുന്നു. അല്ല, യേശു ഭാവിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു! നമ്മുടെ മുഴു ഭൗമികഭവനവും ഒരു പറുദീസ ആയിത്തീരുമെന്ന് അവൻ അറിഞ്ഞിരുന്നു. അങ്ങനെ ദൈവം മനുഷ്യവർഗത്തെയും നമ്മുടെ ഭൂമിയെയും സംബന്ധിച്ച തന്റെ ആദിമോദ്ദേശ്യം നിവർത്തിക്കും. (യെശയ്യാവു 55:10, 11) അതേ, പറുദീസ പുനഃസ്ഥാപിക്കപ്പെടും! അത് എങ്ങനെയുള്ള ഒന്നായിരിക്കും? ദൈവവചനമായ വിശുദ്ധ ബൈബിൾ ഉത്തരം പറയട്ടെ.
പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയിലെ ജീവിതം
11. പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയിൽ രോഗത്തിനും വാർധക്യത്തിനും മരണത്തിനും എന്തു സംഭവിക്കും?
11 രോഗവും വാർധക്യവും മരണവും മേലാൽ ഉണ്ടായിരിക്കയില്ല. “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.” (യെശയ്യാവു 35:5, 6) “ദൈവം താൻ അവരുടെ ദൈവമായി [മനുഷ്യവർഗത്തോടുകൂടെ] ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3, 4.
12. ഭാവിയിലെ പറുദീസയിൽ കുററകൃത്യമോ അക്രമമോ ദുഷ്ടതയോ ഉണ്ടായിരിക്കയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
12 കുററകൃത്യവും അക്രമവും ദുഷ്ടതയും എന്നേക്കുമായി നീങ്ങിപ്പോകും. “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും . . . കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുളളവർ ഭൂമിയെ കൈവശമാക്കും.” (സങ്കീർത്തനം 37:9-11) “ദുഷ്ടൻമാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”—സദൃശവാക്യങ്ങൾ 2:22.
13. ദൈവം എങ്ങനെ സമാധാനം കൈവരുത്തും?
13 ഭൂവ്യാപകമായി സമാധാനം പ്രബലപ്പെടും. “അവൻ [ദൈവം] ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു . . . കളയുന്നു.” (സങ്കീർത്തനം 46:9) “നീതിമാൻമാർ തഴെക്കട്ടെ; ചന്ദ്രനുളേളടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.”—സങ്കീർത്തനം 72:7.
14, 15. പുനഃസ്ഥാപിക്കപ്പെടുന്ന പറുദീസയിലെ പാർപ്പിടത്തെക്കുറിച്ചും വേലയെക്കുറിച്ചും ആഹാരത്തെക്കുറിച്ചും ബൈബിൾ എന്തു പറയുന്നു?
14 പാർപ്പിടം സുരക്ഷിതമായിരിക്കും; വേല സംതൃപ്തിദായകവും. “അവർ വീടുകളെ പണിതു പാർക്കും . . . അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതൻമാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും. അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.”—യെശയ്യാവു 65:21-23.
15 ആരോഗ്യപ്രദമായ ആഹാരം സമൃദ്ധമായി ലഭ്യമായിരിക്കും. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു [“തീർച്ചയായും തരും,” NW]; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 67:6.
16. പറുദീസയിലെ ജീവിതം ഉല്ലാസപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
16 പറുദീസാഭൂമിയിലെ നിത്യജീവിതം ഉല്ലാസപ്രദമായിരിക്കും. “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും.”—യെശയ്യാവു 35:1.
പരിജ്ഞാനവും നിങ്ങളുടെ ഭാവിയും
17. (എ) പറുദീസയിലെ ജീവിതം നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുവെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? (ബി) ദൈവം ഭൂമിയിൽ വലിയ മാററങ്ങൾ വരുത്തുമെന്നു നാം എങ്ങനെ അറിയുന്നു?
17 പറുദീസയിലെ ജീവിതം നിങ്ങൾക്കിഷ്ടപ്പെടുന്നുവെങ്കിൽ, ദൈവപരിജ്ഞാനം സമ്പാദിക്കുന്നതിൽനിന്നു നിങ്ങളെ തടയാൻ യാതൊന്നിനെയും അനുവദിക്കരുത്. അവൻ മനുഷ്യവർഗത്തെ സ്നേഹിക്കുന്നു; ഭൂമിയെ ഒരു പറുദീസ ആക്കാനാവശ്യമായ മാററങ്ങൾ അവൻ വരുത്തുകയും ചെയ്യും. ഏതായാലും, ഇന്നു ലോകത്തിൽ വളരെ വ്യാപകമായുളള ദുരിതവും അനീതിയും അവസാനിപ്പിക്കാനുളള ശക്തി നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, നിങ്ങൾ അങ്ങനെ ചെയ്യുകയില്ലേ? ദൈവം അതിൽ കുറഞ്ഞതു ചെയ്യാനാണോ നാം പ്രതീക്ഷിക്കുക? യഥാർഥത്തിൽ, ദൈവം ഈ കലാപകലുഷിതമായ വ്യവസ്ഥിതിയെ നീക്കംചെയ്തു പൂർണതയും നീതിയുമുളള ഒരു ഭരണം അതിനു പകരം കൊണ്ടുവരുന്ന ഒരു കാലത്തെക്കുറിച്ചു ബൈബിൾ ഭംഗ്യന്തരേണ വർണിക്കുന്നു. (ദാനീയേൽ 2:44) എന്നാൽ ബൈബിൾ ഇതിനെക്കുറിച്ചെല്ലാം നമ്മോടു പറയുന്നതിനെക്കാൾ വളരെയധികം ചെയ്യുന്നു. ദൈവത്തിന്റെ പുതിയ വാഗ്ദത്തലോകത്തിലേക്കു നമുക്ക് എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന് അതു കാണിച്ചുതരുന്നു.—2 പത്രൊസ് 3:13; 1 യോഹന്നാൻ 2:17.
18. ഇപ്പോൾ നിങ്ങൾക്കുവേണ്ടി എന്തു ചെയ്യാൻ ദൈവപരിജ്ഞാനത്തിനു കഴിയും?
18 ദൈവപരിജ്ഞാനത്തിന് ഇപ്പോൾത്തന്നെ നിങ്ങൾക്കു പ്രയോജനം ചെയ്യാൻ കഴിയും. ജീവിതത്തിലെ അത്യഗാധവും അങ്ങേയറ്റം അസഹ്യപ്പെടുത്തുന്നതുമായ ചോദ്യങ്ങൾക്ക് ബൈബിളിൽ ഉത്തരം നൽകുന്നു. അതിന്റെ മാർഗനിർദേശം സ്വീകരിക്കുന്നതു ദൈവവുമായി സൗഹൃദം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും. എത്ര മഹത്തായ പദവി! ഇതു ദൈവത്തിനു മാത്രം നൽകാൻ കഴിയുന്ന സമാധാനം ആസ്വദിക്കുന്നതിനു നിങ്ങളെ പ്രാപ്തരാക്കും. (റോമർ 15:13, 33) മർമപ്രധാനമായ ഈ പരിജ്ഞാനം സമ്പാദിച്ചുതുടങ്ങുമ്പോൾ നിങ്ങൾ ജീവിതത്തിലെ പരമപ്രധാനവും പ്രതിഫലദായകവുമായ സംരംഭത്തിനു തുടക്കമിടുകയാണ്. നിത്യജീവനിലേക്കു നയിക്കുന്ന ദൈവപരിജ്ഞാനം സമ്പാദിക്കുന്നതിൽ നിങ്ങൾ ഒരിക്കലും ഖേദിക്കുകയില്ല.
19. അടുത്ത അധ്യായത്തിൽ നാം ഏതു ചോദ്യം പരിചിന്തിക്കും?
19 ബൈബിളിനെ ദൈവപരിജ്ഞാനം അടങ്ങിയ പുസ്തകമായി നമ്മൾ പരാമർശിക്കുകയുണ്ടായി. എന്നിരുന്നാലും, അതു മനുഷ്യജ്ഞാനമടങ്ങിയ ഒരു പുസ്തകമല്ല, മറിച്ച്, അതിലും വളരെ മഹത്തരമായ ഒന്നാണെന്നു നമുക്ക് എങ്ങനെ അറിയാം? നമ്മൾ അടുത്ത അധ്യായത്തിൽ ഈ ചോദ്യം പരിചിന്തിക്കും.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ദൈവപരിജ്ഞാനത്തിനു നിങ്ങളെ നിത്യസന്തുഷ്ടിയിലേക്കു നയിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
വരാനിരിക്കുന്ന ഭൗമികപറുദീസയിലെ ജീവിതം എങ്ങനെയുള്ള ഒന്നായിരിക്കും?
ഇപ്പോൾ ദൈവപരിജ്ഞാനം ഉൾക്കൊളളുന്നതിൽനിന്നു നിങ്ങൾക്കു പ്രയോജനം കിട്ടുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]