നാം വാർധക്യംപ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്?
അധ്യായം 6
നാം വാർധക്യംപ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്?
1. മനുഷ്യജീവനെ സംബന്ധിച്ചു ശാസ്ത്രജ്ഞർ എന്തു വിശദീകരിക്കാൻ അപ്രാപ്തരായിരിക്കുന്നു?
മനുഷ്യർ വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ടെന്നു ശാസ്ത്രജ്ഞർക്ക് അറിയില്ല. നമ്മുടെ കോശങ്ങൾ പുതുക്കപ്പെട്ടുകൊണ്ടേയിരിക്കയും നാം എന്നേക്കും ജീവിക്കയും ചെയ്യേണ്ടതാണ് എന്നു കാണപ്പെടുന്നു. ഹയോജൂൻ സോഷീകിഗാക്കു (പ്രമാണ പേശീശാസ്ത്രം) ഇങ്ങനെ പറയുന്നു: “കോശങ്ങളുടെ വാർധക്യംപ്രാപിക്കൽ ഒരു വ്യക്തിയുടെ വാർധക്യം പ്രാപിക്കലിനോടും മരണത്തോടും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നുളളത് ഒരു വലിയ മർമമാണ്.” ജീവനു “സ്വാഭാവികമായ സഹജ” പരിധി ഉണ്ടെന്ന് ഒട്ടു വളരെ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. അവർ പറയുന്നതു ശരിയാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ?
2. ജീവിതത്തിന്റെ ക്ഷണികസ്വഭാവം നിമിത്തം ചിലർ എന്തു ചെയ്തിരിക്കുന്നു?
2 മനുഷ്യർ എല്ലായ്പോഴും ദീർഘായുസ്സിനായി കാംക്ഷിച്ചിട്ടുണ്ട്, അമർത്ത്യത പ്രാപിക്കാൻ ശ്രമിക്കുകപോലും ചെയ്തിട്ടുണ്ട്. സങ്കല്പമനുസരിച്ച്, അമർത്ത്യത സാധ്യമാക്കാൻ തയ്യാർചെയ്ത ഔഷധങ്ങൾ പൊ.യു.മു. നാലാം നൂററാണ്ടുമുതൽ ചീനയിലെ പ്രഭുക്കൻമാരുടെ ശ്രദ്ധ ആകർഷിച്ചു. ചില പിൽക്കാല ചീനചക്രവർത്തിമാർ രസത്തിൽനിന്നു നിർമിച്ച, ജീവന്റെ അമൃത് എന്നു വിളിക്കപ്പെട്ട ഔഷധം പരീക്ഷിച്ചു നോക്കുകയും മരിക്കുകയും ചെയ്തു! മരണം തങ്ങളുടെ അസ്തിത്വത്തിന്റെ അവസാനമല്ലെന്നു ഗോളമാസകലമുളള ആളുകൾ വിശ്വസിക്കുന്നു. ബുദ്ധമതക്കാർക്കും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും, മറ്റെല്ലാവർക്കും, മരണാനന്തരജീവിതത്തിന്റെ ശോഭനമായ പ്രത്യാശകളുണ്ട്. ക്രൈസ്തവലോകത്തിൽ, അനേകർ മരണാനന്തര സ്വർഗീയ സൗഭാഗ്യജീവിതം വിഭാവന ചെയ്യുന്നു.
3. (എ) മനുഷ്യർ നിത്യജീവൻ കാംക്ഷിക്കുന്നത് എന്തുകൊണ്ട്? (ബി) മരണത്തെക്കുറിച്ചുളള ഏതു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്?
3 മരണാനന്തര സൗഭാഗ്യത്തിന്റെ ആശയങ്ങൾ നിത്യജീവനുവേണ്ടിയുളള അഭിവാഞ്ഛയെ പ്രതിഫലിപ്പിക്കുന്നു. ദൈവം നമ്മിൽ നട്ടിരിക്കുന്ന നിത്യതയുടെ ആശയംസംബന്ധിച്ച് “നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 3:11) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെയാണ് അവൻ ആദ്യ മനുഷ്യരെ സൃഷ്ടിച്ചത്. (ഉല്പത്തി 2:16, 17) അപ്പോൾ മനുഷ്യർ മരിക്കുന്നത് എന്തുകൊണ്ട്? മരണം ലോകത്തിലേക്ക് ആനയിക്കപ്പെട്ടത് എങ്ങനെയാണ്? ദൈവപരിജ്ഞാനം ഈ ചോദ്യങ്ങളിൻമേൽ വെളിച്ചം വീശുന്നു.—സങ്കീർത്തനം 119:105.
ഒരു കുടില തന്ത്രം
4. മനുഷ്യരുടെ മരണത്തിന് ഉത്തരവാദിയായ കുററവാളിയെ യേശു തിരിച്ചറിയിച്ചത് എങ്ങനെ?
4 ഒരു അക്രമി തന്റെ നീക്കങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്നു. ശതകോടിക്കണക്കിനാളുകളുടെ മരണത്തിൽ കലാശിച്ചിരിക്കുന്ന ഒരു കുററകൃത്യത്തിന് ഉത്തരവാദിയായ ഒരാളെക്കുറിച്ചും ഇതു സത്യമായിരിക്കുന്നു. അവൻ മനുഷ്യ മരണത്തെ ദുരൂഹതയിൽ മൂടിവെക്കാൻ കരുനീക്കം നടത്തിയിരിക്കുന്നു. തന്നെ കൊല്ലാൻ ശ്രമിച്ചവരോടു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യേശുക്രിസ്തു ഈ കുററവാളിയെ തിരിച്ചറിയിച്ചു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല.”—യോഹന്നാൻ 8:31, 40, 44.
5. (എ) പിശാചായ സാത്താൻ ആയിത്തീർന്നവന്റെ ഉത്ഭവം എങ്ങനെയായിരുന്നു? (ബി) “സാത്താൻ,” “പിശാച്” എന്നീ പദങ്ങളുടെ അർഥമെന്ത്?
5 അതേ, പിശാച് ദ്രോഹിയായ ഒരു ‘കൊലപാതകി’ ആണ്. അവൻ ആരുടെയെങ്കിലും ഹൃദയത്തിലെ വെറും തിൻമയല്ല, പിന്നെയോ ഒരു യഥാർഥ ആളാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (മത്തായി 4:1-11) നീതിമാനായ ഒരു ദൂതനായി സൃഷ്ടിക്കപ്പെട്ടെങ്കിലും ‘അവൻ സത്യത്തിൽ നിന്നില്ല.’ അവനു പിശാചായ സാത്താൻ എന്നു പേരിട്ടിരിക്കുന്നത് എത്ര ഉചിതമാണ്! (വെളിപ്പാടു 12:9) അവൻ യഹോവയോടു മറുത്തുനിൽക്കുകയും എതിർക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു “സാത്താൻ” അല്ലെങ്കിൽ “എതിരാളി” എന്നു വിളിക്കപ്പെടുന്നു. ഈ കുററവാളി “ദൂഷകൻ” എന്നർഥമുളള “പിശാച്” എന്നും വിളിക്കപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവൻ ദൂഷണരൂപത്തിൽ ദൈവത്തെക്കുറിച്ചു വ്യാജപ്രസ്താവന നടത്തിയിരിക്കുന്നു.
6. സാത്താൻ ദൈവത്തിനെതിരെ മത്സരിച്ചത് എന്തിന്?
6 ദൈവത്തിനെതിരെ മത്സരിക്കാൻ സാത്താനെ പ്രേരിപ്പിച്ചത് എന്താണ്? അത്യാഗ്രഹം. യഹോവക്കു മനുഷ്യരിൽനിന്നു കിട്ടിയിരുന്ന ആരാധന അവൻ അത്യാഗ്രഹത്തോടെ മോഹിച്ചു. സ്രഷ്ടാവിനുമാത്രം ഉചിതമായി അവകാശപ്പെട്ട അത്തരം ആരാധന സ്വീകരിക്കാനുളള ആഗ്രഹത്തെ പിശാച് തളളിക്കളഞ്ഞില്ല. (യെഹെസ്കേൽ 28:12-19 താരതമ്യം ചെയ്യുക.) പകരം, സാത്താനായിത്തീർന്ന ദൂതൻ ഈ അത്യാഗ്രഹം പുഷ്ടിപ്പെട്ടു പാപത്തെ പ്രസവിക്കുന്നതുവരെ അതിനെ വളർത്തി.—യാക്കോബ് 1:14, 15.
7. (എ) മനുഷ്യമരണത്തിന് ഇടയാക്കുന്നത് എന്ത്? (ബി) പാപം എന്നാൽ എന്ത്?
7 മനുഷ്യരുടെ മരണത്തിലേക്കു നയിച്ചിരിക്കുന്ന കുററകൃത്യം ചെയ്തയാളെ നമ്മൾ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ മനുഷ്യമരണത്തിന്റെ സ്പഷ്ടമായ കാരണം എന്താണ്? ബൈബിൾ പറയുന്നു: “മരണത്തിന്റെ വിഷമുളളു [“മരണം ഉളവാക്കുന്ന കുത്ത്,” NW] പാപം.” (1 കൊരിന്ത്യർ 15:56) പാപം എന്താണ്? ഈ പദം മനസ്സിലാക്കുന്നതിനു ബൈബിളിന്റെ മൂലഭാഷകളിൽ അതിന്റെ അർഥമെന്തായിരുന്നുവെന്നു നമുക്കു പരിചിന്തിക്കാം. “പാപം ചെയ്യുക” എന്നു സാധാരണമായി വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങളുടെ അർഥം “പിഴയ്ക്കുക” എന്നാണ്, ലക്ഷ്യം പിഴയ്ക്കുക അല്ലെങ്കിൽ ലക്ഷ്യത്തിലെത്താതിരിക്കുക എന്ന അർഥത്തിൽ. ഏതു ലക്ഷ്യമാണു നമുക്കെല്ലാം പിഴയ്ക്കുന്നത്? ദൈവത്തോടുളള പൂർണമായ അനുസരണത്തിന്റെ ലക്ഷ്യം. എന്നാൽ എങ്ങനെയായിരുന്നു ലോകത്തിലേക്കു പാപം ആനയിക്കപ്പെട്ടത്?
തന്ത്രം നടപ്പിലാക്കപ്പെട്ട വിധം
8. സാത്താൻ മനുഷ്യരുടെ ആരാധന നേടിയെടുക്കാൻ ശ്രമിച്ചത് എങ്ങനെ?
8 താൻ മനുഷ്യരെ ഭരിക്കുന്നതിലേക്കും അവരുടെ ആരാധന തനിക്കു ലഭിക്കുന്നതിലേക്കും നയിക്കും എന്നു സാത്താൻ വിചാരിച്ച ഒരു തന്ത്രം അവൻ ശ്രദ്ധാപൂർവം മെനഞ്ഞെടുത്തു. ദൈവത്തിനെതിരെ പാപംചെയ്യാൻ ആദ്യ മനുഷ്യജോടിയായിരുന്ന ആദാമിനെയും ഹവ്വായെയും പ്രേരിപ്പിക്കുന്നതിന് അവൻ തീരുമാനിച്ചു. നമ്മുടെ ആദ്യ മാതാപിതാക്കൾക്കു നിത്യജീവനിലേക്കു നയിക്കുമായിരുന്ന പരിജ്ഞാനം യഹോവ കൊടുത്തിരുന്നു. അവരെ മനോഹരമായ ഏദെൻതോട്ടത്തിൽ ആക്കിവെച്ചിരുന്നതുകൊണ്ടു സ്രഷ്ടാവു നല്ലവനാണെന്ന് അവർക്കറിയാമായിരുന്നു. ദൈവം ആദാമിനു സുന്ദരിയും തുണയുമായ ഒരു ഭാര്യയെ കൊടുത്തപ്പോൾ തന്റെ സ്വർഗീയ പിതാവിന്റെ നൻമ അവനു വിശേഷാൽ അനുഭവപ്പെട്ടിരുന്നു. (ഉല്പത്തി 1:26, 29; 2:7-9, 18-23) ആദ്യ മനുഷ്യജോടിയുടെ തുടർന്നുളള ജീവിതം ദൈവത്തോടുളള അനുസരണത്തെ ആശ്രയിച്ചിരുന്നു.
9. ദൈവം ആദ്യ മനുഷ്യന് ഏതു കല്പന കൊടുത്തു, ഇതു ന്യായമായിരുന്നത് എന്തുകൊണ്ട്?
9 ദൈവം ആദാമിനോട് ഇങ്ങനെ കല്പിച്ചു: “തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നൻമതിൻമകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്പത്തി 2:16, 17) സ്രഷ്ടാവെന്ന നിലയിൽ ധാർമികപ്രമാണങ്ങൾ വെക്കുന്നതിനും തന്റെ സൃഷ്ടികൾക്കു നൻമ എന്താണെന്നും തിൻമ എന്താണെന്നും നിശ്ചയിക്കുന്നതിനുമുളള അവകാശം യഹോവയാം ദൈവത്തിന് ഉണ്ടായിരുന്നു. തോട്ടത്തിലെ മറെറല്ലാ വൃക്ഷങ്ങളുടെയും ഫലം തിന്നുന്നതിന് ആദാമിനും ഹവ്വായ്ക്കും സ്വാതന്ത്ര്യമുണ്ടായിരുന്നതുകൊണ്ട് അവന്റെ കല്പന ന്യായമായിരുന്നു. അഹങ്കാരപൂർവം സ്വന്തം ധാർമികപ്രമാണങ്ങൾ വെക്കാതെ ഈ നിയമം അനുസരിക്കുന്നതിനാൽ അവർക്കു യഹോവയുടെ ന്യായയുക്തമായ ഭരണാധിപത്യത്തോടുളള വിലമതിപ്പു പ്രകടമാക്കാൻ കഴിയുമായിരുന്നു.
10. (എ) തന്റെ പക്ഷത്തേക്കു മനുഷ്യരെ ആകർഷിക്കാൻ സാത്താൻ അവരെ സമീപിച്ചത് എങ്ങനെ? (ബി) സാത്താൻ യഹോവയിൽ എന്ത് ആന്തരങ്ങൾ ആരോപിച്ചു? (സി) ദൈവത്തിൻമേലുളള സാത്താന്റെ ആക്രമണത്തെക്കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?
10 ആദ്യ മനുഷ്യരെ ദൈവത്തിൽനിന്ന് അകററാൻ പിശാചു പദ്ധതിയിട്ടു. തന്റെ പക്ഷം ചേരാൻ അവരെ വശീകരിക്കുന്നതിനു സാത്താൻ വ്യാജം പറഞ്ഞു. ഒരു ഗാരുഢവിദ്യക്കാരൻ ഒരു വ്യാജരൂപത്തെ ഉപയോഗിക്കുന്നതുപോലെ ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ടു പിശാച് ഹവ്വായോടു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. ഹവ്വാ ദൈവത്തിന്റെ കല്പന എടുത്തുപറഞ്ഞപ്പോൾ “നിങ്ങൾ മരിക്കയില്ല നിശ്ചയം” എന്നു സാത്താൻ പ്രഖ്യാപിച്ചു. അനന്തരം, “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നൻമതിൻമകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു” എന്നു പറഞ്ഞുകൊണ്ട് അവൻ യഹോവയിൽ തെററായ ആന്തരങ്ങൾ ആരോപിച്ചു. (ഉല്പത്തി 3:1-5) അങ്ങനെ ദൈവം എന്തോ നൻമ പിടിച്ചുവെച്ചിരിക്കുകയാണ് എന്നു പിശാചു സൂചിപ്പിച്ചു. സത്യവാനും സ്നേഹവാനുമായ സ്വർഗീയ പിതാവായ യഹോവയുടെമേൽ എന്തൊരു ദൂഷണപരമായ കടന്നാക്രമണം!
11. ആദാമും ഹവ്വായും സാത്താന്റെ കൂട്ടുകുററവാളികൾ ആയിത്തീർന്നത് എങ്ങനെ?
11 ഹവ്വാ വീണ്ടും വൃക്ഷത്തെ നോക്കി, ഇപ്പോൾ അതിന്റെ ഫലം വിശേഷാൽ അഭികാമ്യമെന്നു തോന്നി. തന്നിമിത്തം അവൾ പഴം പറിച്ചുതിന്നു. പിന്നീട്, ദൈവത്തോടുളള അനുസരണക്കേടിന്റെ ഈ പാപകൃത്യത്തിൽ അവളുടെ ഭർത്താവു മനഃപൂർവം അവളോടു ചേർന്നു. (ഉല്പത്തി 3:6) ഹവ്വാ വഞ്ചിക്കപ്പെട്ടതാണെങ്കിലും മനുഷ്യവർഗത്തെ ഭരിക്കാനുളള സാത്താന്റെ പദ്ധതിയെ അവളും ആദാമും പിന്താങ്ങി. ഫലത്തിൽ, അവർ അവന്റെ കൂട്ടുകുററവാളികളായിത്തീർന്നു.—റോമർ 6:16; 1 തിമൊഥെയൊസ് 2:14.
12. ദൈവത്തിനെതിരായ മനുഷ്യ മത്സരത്തിൽനിന്ന് എന്തു ഫലമുണ്ടായി?
12 ആദാമും ഹവ്വായും അവരുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾ അനുഭവിക്കേണ്ടിവന്നു. അവർ സവിശേഷ പരിജ്ഞാനം സിദ്ധിച്ചു ദൈവത്തെപ്പോലെയായിത്തീർന്നില്ല. മറിച്ച്, അവർക്കു ലജ്ജതോന്നി ഒളിച്ചു. യഹോവ ആദാമിനോടു സമാധാനം ചോദിക്കുകയും ഈ വിധി പ്രസ്താവിക്കുകയും ചെയ്തു: “നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” (ഉല്പത്തി 3:19) നമ്മുടെ ആദ്യ മാതാപിതാക്കൾ നൻമതിൻമകളുടെ അറിവിന്റെ വൃക്ഷത്തിൽനിന്നു ഭക്ഷിച്ച “നാളിൽ” അവർ ദൈവത്താൽ ശിക്ഷക്കു വിധിക്കപ്പെടുകയും അവന്റെ കാഴ്ചപ്പാടിൽ മരിക്കുകയും ചെയ്തു. പിന്നെ അവർ പറുദീസയിൽനിന്നു പുറത്താക്കപ്പെട്ടു; അവരുടെ ശാരീരിക മരണത്തിലേക്കുളള അധോഗതി തുടങ്ങുകയും ചെയ്തു.
പാപവും മരണവും വ്യാപിച്ച വിധം
13. പാപം സകല മനുഷ്യവർഗത്തിലേക്കും വ്യാപിച്ചത് എങ്ങനെ?
13 മനുഷ്യാരാധന സ്വീകരിക്കാനുളള സാത്താന്റെ പദ്ധതിയിൽ അവൻ പ്രത്യക്ഷത്തിൽ വിജയിച്ചിരുന്നു. എന്നിരുന്നാലും അവന്റെ ആരാധകരെ അവനു ജീവനോടെ നിലനിർത്താനായില്ല. ആദ്യ മനുഷ്യ ജോടിയിൽ പാപം വ്യാപരിച്ചുതുടങ്ങിയപ്പോൾ അവർക്കു തങ്ങളുടെ സന്താനങ്ങളിലേക്കു മേലാൽ പൂർണത കൈമാറാനായില്ല. കല്ലിൽ കൊത്തിയ ഒരു എഴുത്തുപോലെ നമ്മുടെ ആദ്യ മാതാപിതാക്കളുടെ ജീനുകളിൽ പാപം ആഴത്തിൽ കൊത്തപ്പെട്ടു. അങ്ങനെ, അവർക്ക് അപൂർണ സന്താനങ്ങളെ മാത്രമേ ഉളവാക്കാൻ കഴിഞ്ഞുളളു. ആദാമും ഹവ്വായും പാപം ചെയ്തതിനുശേഷം മാത്രം അവരുടെ മക്കളെയെല്ലാം ഗർഭംധരിച്ചതിനാൽ അവർ പാപവും മരണവും അവകാശപ്പെടുത്തി.—സങ്കീർത്തനം 51:5; റോമർ 5:12.
14. (എ) തങ്ങളുടെ പാപങ്ങളെ നിഷേധിക്കുന്നവരെ നമുക്ക് ആരോട് ഉപമിക്കാം? (ബി) ഇസ്രായേല്യർ തങ്ങളുടെ പാപാവസ്ഥയെക്കുറിച്ച് എങ്ങനെ ബോധമുളളവർ ആക്കപ്പെട്ടു?
14 എന്നിരുന്നാലും, ഇന്ന് അനേകർ തങ്ങൾ പാപികളാണെന്നു വിചാരിക്കുന്നില്ല. ലോകത്തിന്റെ ചില ഭാഗങ്ങളിൽ, അവകാശപ്പെടുത്തിയ പാപത്തെക്കുറിച്ചുളള ആശയം പൊതുവേ അറിയപ്പെടുന്നില്ല. എന്നാൽ അതു പാപം സ്ഥിതിചെയ്യുന്നില്ലെന്നുളളതിന്റെ തെളിവല്ല. ചെളിപുരണ്ട മുഖമുളള ഒരു ബാലൻ ശുദ്ധനാണെന്ന് അവകാശപ്പെട്ടേക്കാം, അവൻ ഒരു കണ്ണാടിയിൽ നോക്കിയശേഷമേ മറിച്ചു ബോധ്യപ്പെടുകയുളളു എന്നു വരാം. പുരാതന ഇസ്രായേല്യർക്കു ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ പ്രവാചകനായ മോശമുഖാന്തരം ലഭിച്ചപ്പോൾ അവർ ആ ബാലനെപ്പോലെയായിരുന്നു. പാപം സ്ഥിതിചെയ്യുന്നുണ്ടെന്ന് ആ ന്യായപ്രമാണം വ്യക്തമാക്കി. “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” എന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിക്കുന്നു. (റോമർ 7:7-12) കണ്ണാടിയിൽ നോക്കുന്ന ബാലനെപ്പോലെ, തങ്ങളേത്തന്നെ നോക്കുന്നതിനു ന്യായപ്രമാണം ഉപയോഗിച്ചതിനാൽ തങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധരാണെന്ന് ഇസ്രായേല്യർക്കു കാണാൻ കഴിഞ്ഞു.
15. ദൈവവചനമാകുന്ന കണ്ണാടിയിൽ നോക്കുന്നതിനാൽ എന്തു വെളിവാകുന്നു?
15 ദൈവവചനമാകുന്ന കണ്ണാടിയിൽ നോക്കുന്നതിനാലും അതിന്റെ പ്രമാണങ്ങൾ ഗൗനിക്കുന്നതിനാലും നാം അപൂർണരാണെന്നു നമുക്കു കാണാൻ കഴിയും. (യാക്കോബ് 1:23-25) ദൃഷ്ടാന്തത്തിന്, മത്തായി 22:37-40-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കുന്നതു സംബന്ധിച്ചു തന്റെ ശിഷ്യരോടു യേശുക്രിസ്തു പറഞ്ഞതു പരിചിന്തിക്കുക. ഈ രംഗങ്ങളിൽ മനുഷ്യർക്ക് എത്ര കൂടെക്കൂടെ ലക്ഷ്യം പിഴയ്ക്കുന്നു! ദൈവത്തോടോ അയൽക്കാരോടോ സ്നേഹം പ്രകടമാക്കുന്നതിൽ പരാജയപ്പെടുന്നതു സംബന്ധിച്ച് അനേകർക്ക് ഒരു മനഃസാക്ഷിക്കുത്തു പോലും അനുഭവപ്പെടുന്നില്ല.—ലൂക്കൊസ് 10:29-37.
സാത്താന്റെ ഉപായങ്ങളെ സൂക്ഷിക്കുക!
16. സാത്താന്റെ തന്ത്രങ്ങളുടെ ഒരു ഇരയായിത്തീരുന്നത് ഒഴിവാക്കുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും, ഇതു പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
16 നമ്മൾ മനഃപൂർവം പാപംചെയ്യുന്നതിനിടയാക്കാൻ സാത്താൻ ശ്രമിക്കുകയാണ്. (1 യോഹന്നാൻ 3:8) അവന്റെ തന്ത്രങ്ങളുടെ ഒരു ഇരയാകുന്നതൊഴിവാക്കാൻ എന്തെങ്കിലും മാർഗമുണ്ടോ? ഉണ്ട്, എന്നാൽ ഇതിനു മനഃപൂർവ പാപത്തിലേക്കുളള ചായ്വുകളോടു നാം പോരാടേണ്ടതാവശ്യമാണ്. പാപം ചെയ്യാനുളള നമ്മുടെ സഹജപ്രവണത വളരെ ശക്തമാകയാൽ ഇത് എളുപ്പമല്ല. (എഫെസ്യർ 2:3) പൗലോസ് ഒരു യഥാർഥ പോരാട്ടം നടത്തേണ്ടതുണ്ടായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പാപം അവനിൽ വസിക്കുന്നുണ്ടായിരുന്നു. നാം ദൈവാംഗീകാരം ആഗ്രഹിക്കുന്നുവെങ്കിൽ, നാമും നമ്മിലുളള പാപപ്രവണതകളോടു പോരാടേണ്ടതാണ്.—റോമർ 7:14-24; 2 കൊരിന്ത്യർ 5:10.
17. പാപപ്രവണതകൾക്കെതിരായ നമ്മുടെ പോരാട്ടത്തെ കൂടുതൽ പ്രയാസകരമാക്കിത്തീർക്കുന്നത് എന്ത്?
17 ദൈവനിയമങ്ങൾ ലംഘിക്കുന്നതിലേക്കു നമ്മെ വശീകരിക്കാനുളള അവസരങ്ങൾ സാത്താൻ എല്ലായ്പോഴും അന്വേഷിക്കുന്നതിനാൽ പാപത്തിനെതിരായ നമ്മുടെ പോരാട്ടം എളുപ്പമല്ല. (1 പത്രൊസ് 5:8) സഹക്രിസ്ത്യാനികളെക്കുറിച്ച് ഉത്കണ്ഠ പ്രകടമാക്കിക്കൊണ്ടു പൗലോസ് ഇങ്ങനെ പറഞ്ഞു: “സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുളള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2 കൊരിന്ത്യർ 11:3) സാത്താൻ ഇന്നു സമാനമായ ഉപായങ്ങൾ പ്രയോഗിക്കുന്നു. യഹോവയുടെ നൻമയെയും ദൈവകല്പനകൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെയും കുറിച്ചു സംശയത്തിന്റെ വിത്തുകൾ വിതക്കാൻ അവൻ ശ്രമിക്കുന്നു. നമ്മുടെ അവകാശപ്പെടുത്തിയ പാപപ്രവണതകളെ മുതലെടുക്കാനും നമ്മൾ ഗർവിന്റെയും അത്യാഗ്രഹത്തിന്റെയും വിദ്വേഷത്തിന്റെയും മുൻവിധിയുടെയും ഗതി പിൻതുടരാനിടയാക്കാനും പിശാചു ശ്രമിക്കുന്നു.
18. പാപത്തെ പ്രോത്സാഹിപ്പിക്കുന്നതിനു സാത്താൻ ലോകത്തെ ഉപയോഗിക്കുന്നത് എങ്ങനെ?
18 നമുക്കെതിരെ പിശാചുപയോഗിക്കുന്ന ഉപായങ്ങളിലൊന്ന് അവന്റെ അധികാരത്തിൻ കീഴിൽ കിടക്കുന്ന ലോകമാണ്. (1 യോഹന്നാൻ 5:19) നാം ശ്രദ്ധാലുക്കളല്ലെങ്കിൽ നമുക്കു ചുററുമുളള ലോകത്തിലെ വഷളരും വഞ്ചകരുമായ ആളുകൾ നമ്മുടെമേൽ സമ്മർദം ചെലുത്തി ദൈവത്തിന്റെ ധാർമികപ്രമാണങ്ങളെ ലംഘിക്കുന്ന ഒരു പാപഗതി സ്വീകരിക്കാനിടയാക്കിയേക്കാം. (1 പത്രൊസ് 4:3-5) അനേകർ ദൈവനിയമങ്ങളെ അവഗണിക്കുന്നു, അവരുടെ മനഃസാക്ഷിയുടെ ശബ്ദത്തെ തളളിക്കളക പോലും ചെയ്തുകൊണ്ട് ഒടുവിൽ അതിനെ അചേതനമാക്കുന്നു. (റോമർ 2:14, 15; 1 തിമൊഥെയൊസ് 4:1, 2) ചിലർ അവരുടെ അപൂർണ മനഃസാക്ഷിപോലും മുമ്പു സ്വീകരിക്കാൻ അനുവദിക്കാഞ്ഞ ഒരു ഗതി കാലക്രമേണ സ്വീകരിക്കുന്നു.—റോമർ 1:24-32; എഫെസ്യർ 4:17-19.
19. ഒരു സൻമാർഗജീവിതം നയിച്ചാൽ മാത്രം മതിയാകാത്തത് എന്തുകൊണ്ട്?
19 ഒരു സൻമാർഗജീവിതം നയിക്കുന്നത് ഈ ലോകത്തിൽ ഒരു നേട്ടമാണ്. എന്നിരുന്നാലും നമ്മുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കുന്നതിനു കൂടുതൽ കാര്യങ്ങൾ ആവശ്യമാണ്. നമുക്കു ദൈവവിശ്വാസവും ഉണ്ടായിരിക്കണം; അവനോട് ഒരു ഉത്തരവാദിത്വം തോന്നുകയും വേണം. (എബ്രായർ 11:6) “നൻമ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ,” ശിഷ്യനായ യാക്കോബ് എഴുതി. (യാക്കോബ് 4:17) അതേ, കരുതിക്കൂട്ടി ദൈവത്തെയും അവന്റെ കല്പനകളെയും അവഗണിക്കുന്നത് അതിൽത്തന്നെ ഒരു രൂപത്തിലുളള പാപമാണ്.
20. ശരി ചെയ്യുന്നതിൽനിന്നു നിങ്ങളെ തടയാൻ സാത്താൻ എങ്ങനെ ശ്രമിച്ചേക്കാം, എന്നാൽ അങ്ങനെയുളള സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ നിങ്ങളെ എന്തു സഹായിക്കും?
20 ബൈബിൾപഠനത്തിലൂടെ നിങ്ങൾ ദൈവപരിജ്ഞാനം അന്വേഷിക്കുന്നതിനെതിരെ സാത്താൻ എതിർപ്പ് ഇളക്കിവിടാൻ വളരെ സാധ്യതയുണ്ട്. ശരി ചെയ്യുന്നതിൽനിന്ന് അത്തരം സമ്മർദം നിങ്ങളെ തടയാൻ നിങ്ങൾ അനുവദിക്കുകയില്ലെന്ന് ആത്മാർഥമായി ആശിക്കുകയാണ്. (യോഹന്നാൻ 16:2) യേശുവിന്റെ ശുശ്രൂഷക്കാലത്ത് അനേകം ഭരണാധികാരികൾ അവനിൽ വിശ്വാസമർപ്പിച്ചുവെങ്കിലും സമുദായഭ്രഷ്ടു ഭയന്ന് അവർ അവനെ ഏററുപറഞ്ഞില്ല. (യോഹന്നാൻ 12:42, 43) ദൈവപരിജ്ഞാനം അന്വേഷിക്കുന്ന ഏതൊരാളെയും ഭീഷണിപ്പെടുത്താൻ സാത്താൻ നിർദയം ശ്രമിക്കുകയാണ്. ഏതായാലും, യഹോവ ചെയ്തിരിക്കുന്ന മഹനീയ കാര്യങ്ങൾ നിങ്ങൾ എല്ലായ്പോഴും ഓർക്കുകയും വിലമതിക്കുകയും വേണം. ഇതേ വിലമതിപ്പു നേടാൻ നിങ്ങൾക്ക് എതിരാളികളെ സഹായിക്കാൻ പോലും കഴിഞ്ഞേക്കാം.
21. ലോകത്തെയും നമ്മുടെ സ്വന്തം പാപപ്രവണതകളെയും നമുക്ക് എങ്ങനെ ജയിക്കാം?
21 നാം അപൂർണരായിരിക്കുന്നടത്തോളം കാലം നാം പാപം ചെയ്യും. (1 യോഹന്നാൻ 1:8) എന്നുവരികിലും, ഈ പോരാട്ടം നടത്തുന്നതിനു നമുക്കു സഹായം ലഭിക്കും. അതേ, ദുഷ്ടനോട്, പിശാചായ സാത്താനോട്, ഉളള പോരാട്ടത്തിൽ വിജയശ്രീലാളിതരായിത്തീരുക സാധ്യമാണ്. (റോമർ 5:21) യേശു ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ അവസാനത്തിൽ ഈ വാക്കുകളോടെ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു: “ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” (യോഹന്നാൻ 16:33) അപൂർണ മനുഷ്യർക്കുപോലും ദൈവസഹായത്താൽ ലോകത്തെ ജയിക്കുക സാധ്യമാണ്. സാത്താന് അവനെ എതിർക്കുകയും ‘ദൈവത്തിനു കീഴ്പ്പെടുകയും’ ചെയ്യുന്നവരുടെമേൽ സ്വാധീനമില്ല. (യാക്കോബ് 4:7; 1 യോഹന്നാൻ 5:18) നാം കാണാൻ പോകുന്നതുപോലെ, ദൈവം പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നുളള പോംവഴി പ്രദാനംചെയ്തിട്ടുണ്ട്.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
പിശാചായ സാത്താൻ ആരാണ്?
മനുഷ്യർ വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
പാപം എന്നാൽ എന്ത്?
സാത്താൻ ദൈവത്തിനെതിരായ മനഃപൂർവ പാപത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[54-ാം പേജ് നിറയെയുള്ള ചിത്രം]