ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുക
അധ്യായം 12
ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുക
1. യേശു ദുഷ്ടാത്മാക്കളെ അഭിമുഖീകരിച്ചപ്പോൾ എങ്ങനെ പ്രതികരിച്ചു?
തന്റെ സ്നാപനം കഴിഞ്ഞ ഉടനേ യേശുക്രിസ്തു പ്രാർഥിക്കാനും ധ്യാനിക്കാനുമായി യഹൂദ്യമരുഭൂമിയിലേക്കു പോയി. അവിടെവച്ച് അവനെക്കൊണ്ടു ദൈവനിയമം ലംഘിപ്പിക്കാൻ പിശാചായ സാത്താൻ ശ്രമിച്ചു. പക്ഷേ, യേശു സാത്താൻ വെച്ച ഇര തളളിക്കളയുകയും അവന്റെ കെണിയിൽ അകപ്പെടാതിരിക്കുകയും ചെയ്തു. യേശു ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്തു മററു ദുഷ്ടാത്മാക്കളെയും അഭിമുഖീകരിച്ചു. എന്നുവരികിലും, കൂടെക്കൂടെ അവൻ അവരെ ശാസിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്തു.—ലൂക്കൊസ് 4:1-13; 8:26-34; 9:37-43.
2. നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
2 ആ ഏററുമുട്ടലുകളെ വർണിക്കുന്ന ബൈബിൾവിവരണങ്ങൾ ദുഷ്ടാത്മസേനകൾ സ്ഥിതിചെയ്യുന്നുണ്ടെന്നു നമ്മെ ബോധ്യപ്പെടുത്തേണ്ടതാണ്. അവർ ആളുകളെ വഴിതെററിക്കാൻ ശ്രമിക്കുകയാണ്. ഏതായാലും നമുക്ക് ഈ ദുരാത്മാക്കളെ ചെറുത്തുനിൽക്കാനാകും. എന്നാൽ, ദുഷ്ടാത്മാക്കൾ എവിടെനിന്ന് ഉത്ഭവിക്കുന്നു? അവർ മനുഷ്യരെ വഞ്ചിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ട്? അവരുടെ ലക്ഷ്യങ്ങൾ നേടാൻ അവർ ഏതു രീതികളാണ് ഉപയോഗിക്കുന്നത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതു ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കാൻ നിങ്ങളെ സഹായിക്കും.
ദുഷ്ടാത്മാക്കൾ—അവരുടെ ഉത്ഭവവും ലക്ഷ്യവും
3. പിശാചായ സാത്താൻ എങ്ങനെ ഉളവായി?
3 മനുഷ്യരെ സൃഷ്ടിക്കുന്നതിനു ദീർഘനാൾമുമ്പ് യഹോവയാം ദൈവം ഒട്ടേറെ ആത്മജീവികളെ ഉളവാക്കി. (ഇയ്യോബ് 38:4, 7) 6-ാം അധ്യായത്തിൽ വിശദീകരിച്ചതുപോലെ, യഹോവക്കു പകരം തന്നെ മനുഷ്യർ ആരാധിക്കണമെന്നുളള ഒരു ആഗ്രഹം ഈ ദൂതൻമാരിലൊരാൾ വളർത്തിയെടുത്തു. ആ ലക്ഷ്യം പിന്തുടർന്നുകൊണ്ട് ഈ ദുഷ്ടദൂതൻ സ്രഷ്ടാവിനെ എതിർക്കുകയും ദുഷിക്കുകയും ചെയ്തു, ദൈവം ഒരു നുണയൻ ആണെന്ന് ആദ്യസ്ത്രീയോടു സൂചിപ്പിച്ചുകൊണ്ടുപോലും. അപ്പോൾ, ഉചിതമായിത്തന്നെ, ഈ മത്സരിയായ ആത്മജീവി സാത്താൻ (എതിരാളി) എന്നും പിശാച് (ദൂഷകൻ) എന്നും അറിയപ്പെട്ടു.—ഉല്പത്തി 3:1-5; ഇയ്യോബ് 1:6.
4. നോഹയുടെ നാളിൽ ചില ദൂതൻമാർ എങ്ങനെ പാപംചെയ്തു?
4 പിന്നീടു മററു ദൂതൻമാർ പിശാചായ സാത്താന്റെ പക്ഷം ചേർന്നു. നീതിമാനായ നോഹയുടെ നാളുകളിൽ അവരിൽ ചിലർ സ്വർഗത്തിലെ തങ്ങളുടെ സേവനം ഉപേക്ഷിച്ച് ഭൗമ സ്ത്രീകളുമായി ലൈംഗികബന്ധങ്ങൾക്കുളള മോഹത്തെ തൃപ്തിപ്പെടുത്തുന്നതിനു ജഡശരീരങ്ങൾ ധരിച്ചു. ആ അനുസരണക്കേടിന്റെ ഗതി സ്വീകരിക്കാൻ സാത്താൻ ആ ദൂതൻമാരെ സ്വാധീനിച്ചുവെന്നതിനു സംശയമില്ല. അത് അവർ നെഫിലിം എന്നു വിളിക്കപ്പെട്ട സങ്കരസന്തതികളെ ജനിപ്പിക്കുന്നതിലേക്കു നയിച്ചു, അവർ അക്രമാസക്തരായ കലഹപ്രിയരായിത്തീർന്നു. യഹോവ മഹാജലപ്രളയം വരുത്തിയപ്പോൾ അതു ദുഷിച്ച മനുഷ്യവർഗത്തെയും അനുസരണംകെട്ട ദൂതൻമാരുടെ ഈ പ്രകൃതിവിരുദ്ധ സന്തതികളെയും നശിപ്പിച്ചു. തങ്ങളുടെ ജഡികശരീരങ്ങളെ വിലയിപ്പിച്ച് ആത്മമണ്ഡലത്തിലേക്കു മടങ്ങിപ്പൊയ്ക്കൊണ്ട് മത്സരികളായ ദൂതൻമാർ നാശത്തിൽനിന്നു രക്ഷപ്പെട്ടു. എന്നാൽ ദൈവം ഈ ഭൂതങ്ങളെ ഭ്രഷ്ടരായി കണക്കാക്കി ആത്മീയാന്ധകാരത്തിൽ തളച്ചിട്ടു. (ഉല്പത്തി 6:1-7, 17; യൂദാ 6) എന്നിരുന്നാലും, ‘ഭൂതങ്ങളുടെ തലവ’നായ സാത്താനും അവന്റെ ദുഷ്ട ദൂതൻമാരും അവരുടെ മത്സരവുമായി മുമ്പോട്ടുപോയിരിക്കുന്നു. (ലൂക്കൊസ് 11:15) അവരുടെ ലക്ഷ്യമെന്താണ്?
5. സാത്താനും അവന്റെ ഭൂതങ്ങൾക്കും എന്തു ലക്ഷ്യമാണുളളത്, ആളുകളെ കുരുക്കാൻ അവർ എന്ത് ഉപയോഗിക്കുന്നു?
5 സാത്താന്റെയും ഭൂതങ്ങളുടെയും ദുഷ്ടലക്ഷ്യം ആളുകളെ യഹോവയാം ദൈവത്തിനെതിരെ തിരിക്കുക എന്നതാണ്. അതുകൊണ്ട്, ഈ ദുഷ്ടർ മനുഷ്യ ചരിത്രത്തിലുടനീളം ആളുകളെ വഴിതെററിക്കുകയും ഭയപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുകൊണ്ടാണിരിക്കുന്നത്. (വെളിപ്പാടു 12:9) ഭൂതാക്രമണം ഇപ്പോൾ എന്നെത്തേതിലും ദൂഷിതമാണെന്ന് ആധുനികനാളിലെ ദൃഷ്ടാന്തങ്ങൾ സ്ഥിരീകരിക്കുന്നു. ആളുകളെ കുരുക്കുന്നതിന്, ഭൂതങ്ങൾ മിക്കപ്പോഴും ആത്മവിദ്യയുടെ സകല രൂപങ്ങളും ഉപയോഗിക്കുന്നു. ഭൂതങ്ങൾ ഈ ഇര എങ്ങനെയാണ് ഉപയോഗിക്കുന്നത്, നിങ്ങൾക്കു നിങ്ങളെത്തന്നെ എങ്ങനെ സംരക്ഷിക്കാനാകും?
ദുഷ്ടാത്മാക്കൾ നിങ്ങളെ വഴിതെററിക്കാൻ ശ്രമിക്കുന്ന വിധം
6. ആത്മവിദ്യ എന്താണ്, അതിന്റെ ചില രൂപങ്ങളേവ?
6 എന്താണ് ആത്മവിദ്യ? അത് ഭൂതങ്ങളുമായുളള അഥവാ ദുഷ്ടാത്മാക്കളുമായുളള കൂട്ടുപ്രവർത്തനമാണ്, ഒന്നുകിൽ നേരിട്ടോ അല്ലെങ്കിൽ ഒരു മനുഷ്യ മധ്യവർത്തിമുഖേനയോ. വേട്ടക്കാർക്ക് ഇര എങ്ങനെ ഉപയോഗപ്രദമായിരിക്കുന്നുവോ അതുപോലെ ആത്മവിദ്യ ഭൂതങ്ങൾക്ക് ഉപയോഗപ്രദമാണ്: ഇര മൃഗത്തെ ആകർഷിക്കുന്നു. മൃഗങ്ങളെ കുരുക്കിലേക്ക് ആകർഷിക്കുന്നതിനു വേട്ടക്കാരൻ വിവിധ ഇരകൾ ഉപയോഗിക്കുന്നു. അങ്ങനെതന്നെ മനുഷ്യരെ തങ്ങളുടെ നിയന്ത്രണത്തിൽ വരുത്തുന്നതിന് ആത്മവിദ്യയുടെ വിവിധരൂപങ്ങളെ ദുഷ്ടാത്മക്കൾ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 119:110 താരതമ്യം ചെയ്യുക.) ഈ രൂപങ്ങളിൽ ചിലത് ആഭിചാരം, ജാലവിദ്യ, ശകുനംനോട്ടം, ക്ഷുദ്രപ്രയോഗം, മന്ത്രവശീകരണം, മധ്യവർത്തികളോട് ആലോചന ചോദിക്കൽ, മരിച്ചവരോടുളള ആശയവിനിയമം എന്നിവയാണ്.
7. ആത്മവിദ്യ എത്ര വിപുലവ്യാപകമാണ്, ക്രൈസ്തവദേശങ്ങളെന്നു വിളിക്കപ്പെടുന്നടങ്ങളിൽപോലും അതു തഴയ്ക്കുന്നത് എന്തുകൊണ്ട്?
7 ഇര വിജയപ്രദമാണ്, കാരണം ആത്മവിദ്യ ലോകത്തിലെങ്ങുമുളള ആളുകളെ ആകർഷിക്കുന്നു. കാട്ടുഗ്രാമങ്ങളിൽ ജീവിക്കുന്നവർ മന്ത്രവാദവൈദ്യൻമാരെ കാണാൻ പോകുന്നു. നഗരങ്ങളിലെ ഓഫീസ് ജോലിക്കാർ ജ്യോതിഷക്കാരോട് ആലോചന ചോദിക്കുന്നു. ക്രൈസ്തവദേശങ്ങൾ എന്നു വിളിക്കപ്പെടുന്നടത്തുപോലും ആത്മവിദ്യ തഴച്ചുവളരുന്നു. ഐക്യനാടുകളിൽ മാത്രം മൊത്തം 1,00,00,000 പ്രതികൾ പ്രചരിക്കുന്ന ഏതാണ്ട് 30 മാസികകൾ വിവിധ ആത്മവിദ്യാരൂപങ്ങൾ കൈകാര്യംചെയ്യുന്നുണ്ട് എന്നു ഗവേഷണം സൂചിപ്പിക്കുന്നു. ബ്രസീലുകാർ ഓരോ വർഷവും 50 കോടി ഡോളർ ആത്മവിദ്യാസംബന്ധമായ സാമഗ്രികൾക്കു ചെലവഴിക്കുന്നു. അതേസമയം, ആത്മവിദ്യാസംബന്ധമായ ആരാധനാകേന്ദ്രങ്ങളിൽ കൂടെക്കൂടെ സന്ദർശിക്കുന്നവരുടെ 80 ശതമാനം കുർബാനയിലും സംബന്ധിക്കുന്ന സ്നാപനമേററ കത്തോലിക്കരാണ്. ചില വൈദികർ ആത്മവിദ്യ ആചരിക്കുന്നതുകൊണ്ട് അതിന്റെ ആചരണം ദൈവത്തിനു സ്വീകാര്യമാണന്ന് അനേകം മതഭക്തർ വിചാരിക്കുന്നു. എന്നാൽ അങ്ങനെ ആണോ?
ബൈബിൾ ആത്മവിദ്യയുടെ ആചരണത്തെ കുററംവിധിക്കുന്നതിന്റെ കാരണം
8. ആത്മവിദ്യയെക്കുറിച്ചുളള തിരുവെഴുത്തു വീക്ഷണമെന്താണ്?
8 ചില ആത്മവിദ്യാരൂപങ്ങൾ നല്ല ആത്മാക്കളുമായി സമ്പർക്കംപുലർത്തുന്നതിനുളള മാർഗമാണെന്നു നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ആത്മവിദ്യയെക്കുറിച്ചു ബൈബിൾ പറയുന്നതു മനസ്സിലാക്കുമ്പോൾ നിങ്ങൾ അതിശയിച്ചുപോയേക്കാം. യഹോവയുടെ ജനത്തിന് ഇങ്ങനെ മുന്നറിയിപ്പു കൊടുക്കപ്പെട്ടു: “മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുത്.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (ലേവ്യപുസ്തകം 19:31; 20:6, 27) “ക്ഷുദ്രക്കാർ” “തീയും ഗന്ധകവും കത്തുന്ന തീപ്പൊയ്ക”യിൽ ഒടുങ്ങിപ്പോകുമെന്നു വെളിപാട് എന്ന ബൈബിൾ പുസ്തകം പറയുന്നു. “അതു രണ്ടാമത്തെ [നിത്യ] മരണം.” (വെളിപ്പാടു 21:8; 22:15) ആത്മവിദ്യയുടെ സകല രൂപങ്ങളെയും യഹോവയാം ദൈവം വെറുക്കുന്നു. (ആവർത്തനപുസ്തകം 18:10-12) വാസ്തവം അതായിരിക്കുന്നത് എന്തുകൊണ്ട്?
9. ആത്മലോകത്തിൽനിന്ന് ഇക്കാലത്തു കിട്ടുന്ന സന്ദേശങ്ങൾ യഹോവയിൽനിന്നല്ലെന്നു നമുക്കു നിഗമനം ചെയ്യാൻ കഴിയുന്നത് എന്തുകൊണ്ട്?
9 ബൈബിൾ പൂർത്തീകരിക്കപ്പെടുന്നതിനു മുമ്പ് ചില മനുഷ്യരുമായി ആശയവിനിയമം നടത്തുന്നതിനു യഹോവ നല്ല ആത്മാക്കളെ അഥവാ നീതിയുളള ദൂതൻമാരെ അയച്ചു. ദൈവവചനത്തിന്റെ പൂർത്തീകരണത്തിനു ശേഷം യഹോവയെ സ്വീകാര്യമായി സേവിക്കുന്നതിനു മനുഷ്യർക്കാവശ്യമായ മാർഗനിർദേശം ആ വചനം പ്രദാനംചെയ്തിരിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17; എബ്രായർ 1:1, 2) അവൻ മധ്യവർത്തികൾക്കു സന്ദേശങ്ങൾ കൊടുത്തുകൊണ്ടു തന്റെ വിശുദ്ധവചനത്തെ മറികടക്കുന്നില്ല. ആത്മലോകത്തിൽനിന്ന് ഇക്കാലത്തു ലഭിക്കുന്ന അത്തരം സന്ദേശങ്ങളെല്ലാം വരുന്നതു ദുഷ്ടാത്മാക്കളിൽനിന്നാണ്. ആത്മവിദ്യയുടെ ആചരണത്തിനു ഭൂതശല്യത്തിലേക്കോ ദുഷ്ടാത്മബാധയിലേക്കു പോലുമോ നയിക്കാൻ കഴിയും. അതുകൊണ്ട് ഏതെങ്കിലും ആത്മവിദ്യാസംബന്ധമായ ആചാരങ്ങളിൽ ഉൾപ്പെടരുതെന്നു ദൈവം സ്നേഹപൂർവം നമുക്കു മുന്നറിയിപ്പു നൽകുന്നു. (ആവർത്തനപുസ്തകം 18:14; ഗലാത്യർ 5:19-21) തന്നെയുമല്ല, നാം ആത്മവിദ്യയെക്കുറിച്ചുളള യഹോവയുടെ വീക്ഷണമറിഞ്ഞശേഷം തുടർന്ന് അതു നടത്തുന്നുവെങ്കിൽ നാം മത്സരികളായ ദുഷ്ടാത്മാക്കളുടെ പക്ഷം പിടിച്ച് ദൈവത്തിന്റെ ശത്രുക്കളായിത്തീരുകയായിരിക്കും ചെയ്യുന്നത്.—1 ശമൂവേൽ 15:23; 1 ദിനവൃത്താന്തം 10:13, 14; സങ്കീർത്തനം 5:4.
10. ആഭിചാരം എന്താണ്, നാം അത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
10 ആത്മവിദ്യയുടെ പ്രചാരമുളള ഒരു രൂപം ആഭിചാരമാണ്—ആത്മാക്കളുടെ സഹായത്തോടെ ഭാവി അല്ലെങ്കിൽ അജ്ഞാതകാര്യങ്ങൾ അറിയുന്നതിനുളള ശ്രമം. ആഭിചാരത്തിന്റെ ചില രൂപങ്ങളാണു ജ്യോതിഷം, പരൽനോട്ടം, സ്വപ്നവ്യാഖ്യാനം, ഹസ്തരേഖാശാസ്ത്രം, ശീട്ടുകൾ ഉപയോഗിച്ചുളള ഭാഗ്യംപറച്ചിൽ എന്നിവ. ആഭിചാരത്തെ അനേകർ നിരുപദ്രവകരമായ തമാശയായി വീക്ഷിക്കുന്നു. എന്നാൽ ഭാഗ്യം പറയുന്നവരും ദുഷ്ടാത്മാക്കളും കൈകോർത്തു നീങ്ങുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. ദൃഷ്ടാന്തമായി, “ഭാവികഥന വിദ്യ” ആചരിക്കാൻ ഒരു പെൺകുട്ടിയെ പ്രാപ്തയാക്കിയ ഒരു “ആഭിചാര ഭൂത”ത്തെക്കുറിച്ചു പ്രവൃത്തികൾ 16:16-19 (NW) പറയുന്നു. പക്ഷേ, ഭൂതത്തെ പുറത്താക്കിയപ്പോൾ ഭാവി മുൻകൂട്ടിപ്പറയാനുളള അവളുടെ പ്രാപ്തി നഷ്ടപ്പെട്ടു. തങ്ങളുടെ കുരുക്കിലേക്ക് ആളുകളെ ആകർഷിക്കാൻ ഭൂതങ്ങൾ ഉപയോഗിക്കുന്ന ഒരു ഇരയാണ് ആഭിചാരം എന്നു വ്യക്തമാണ്.
11. മരിച്ചവരോട് ആശയവിനിയമം ചെയ്യാനുളള ശ്രമങ്ങൾ ഒരു കുരുക്കിലേക്കു നയിക്കുന്നത് എങ്ങനെ?
11 പ്രിയപ്പെട്ട ഒരു കുടുംബാംഗത്തിന്റെയോ ഉറ്റസുഹൃത്തിന്റെയോ മരണത്തിൽ നിങ്ങൾ ദുഃഖിക്കുകയാണെങ്കിൽ, നിങ്ങൾ മറെറാരു ഇരയാൽ അനായാസം ആകർഷിക്കപ്പെട്ടേക്കാം. ആത്മമധ്യവർത്തി നിങ്ങൾക്കു പ്രത്യേക അറിവു നൽകിയേക്കാം അല്ലെങ്കിൽ മരിച്ച ആളിന്റേതെന്നു തോന്നിക്കുന്ന ശബ്ദത്തിൽ നിങ്ങളോടു സംസാരിച്ചേക്കാം. സൂക്ഷിക്കുക! മരിച്ചവരോടു സംസാരിക്കാനുളള ശ്രമം ഒരു കുരുക്കിലേക്കു നയിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മരിച്ചവർക്കു സംസാരിക്കാനാവില്ല. നിങ്ങൾ ഓർമിക്കാനിടയുളളതുപോലെ, മരണത്തിങ്കൽ ഒരു വ്യക്തി “മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു” എന്നു ദൈവവചനം വ്യക്തമായി പറയുന്നു. “മരിച്ചവരോ ഒന്നും അറിയുന്നില്ല.” (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 10) യഥാർഥത്തിൽ, ഭൂതങ്ങളാണു മരിച്ചവരുടെ ശബ്ദം അനുകരിക്കുന്നതായും മരിച്ചയാളെ സംബന്ധിച്ച വിവരങ്ങൾ ഒരു ആത്മമധ്യവർത്തിക്കു കൊടുക്കുന്നതായും അറിയപ്പെട്ടിട്ടുള്ളത്. (1 ശമൂവേൽ 28:3-19) അതുകൊണ്ട്, ‘മരിച്ചവരോടു ചോദിക്കുന്നവനെ’ ദുഷ്ടാത്മാക്കൾ കുരുക്കിലാക്കുകയാണ്, അയാൾ യഹോവയാം ദൈവത്തിന്റെ ഇഷ്ടത്തിനു വിരുദ്ധമായി പ്രവർത്തിക്കുകയുമാണ്.—ആവർത്തനപുസ്തകം 18:11, 12; യെശയ്യാവു 8:19.
ആകർഷിക്കുന്നതിൽനിന്ന് ആക്രമിക്കുന്നതിലേക്ക്
12, 13. ഭൂതങ്ങൾ ആളുകളെ പ്രലോഭിപ്പിക്കുന്നതിലും ശല്യം ചെയ്യുന്നതിലും നിർബന്ധം പിടിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്?
12 ആത്മവിദ്യസംബന്ധിച്ച ദൈവത്തിന്റെ ബുദ്ധ്യുപദേശമനുസരിച്ചു പ്രവർത്തിക്കുമ്പോൾ, നിങ്ങൾ ഭൂതങ്ങൾ വെക്കുന്ന ഇര നിരസിക്കുകയാണ്. (സങ്കീർത്തനം 141:9, 10 താരതമ്യം ചെയ്യുക; റോമർ 12:9.) ദുഷ്ടാത്മാക്കൾ നിങ്ങളെ അടിപ്പെടുത്താനുളള ശ്രമം നിർത്തിക്കളയുമെന്ന് അതിന് അർഥമുണ്ടോ? തീർച്ചയായുമില്ല! യേശുവിനെ മൂന്നു പ്രാവശ്യം പ്രലോഭിപ്പിക്കാൻ ശ്രമിച്ച ശേഷം സാത്താൻ “കുറെ കാലത്തേക്കു അവനെ വിട്ടുമാറി.” (ലൂക്കൊസ് 4:13) അതുപോലെതന്നെ, ശാഠ്യക്കാരായ ആത്മാക്കൾ ആളുകളെ ആകർഷിക്കുന്നുവെന്നു മാത്രമല്ല, ആക്രമിക്കുകയും ചെയ്യുന്നു.
13 ദൈവദാസനായ ഇയ്യോബിനെ സാത്താൻ ആക്രമിച്ചതിനെക്കുറിച്ചുളള നമ്മുടെ മുൻ പരിചിന്തനം ഓർക്കുക. പിശാച് അദ്ദേഹത്തിന്റെ ആടുമാടുകളുടെ നഷ്ടത്തിനും മിക്ക ദാസരുടെയും മരണത്തിനും ഇടയാക്കി. സാത്താൻ ഇയ്യോബിന്റെ മക്കളെ കൊന്നുകളയുകപോലും ചെയ്തു. അടുത്തതായി, അവൻ വേദനാജനകമായ ഒരു രോഗത്താൽ ഇയ്യോബിനെത്തന്നെ പ്രഹരിച്ചു. എന്നാൽ ഇയ്യോബ് ദൈവത്തോടുളള നിർമലത പാലിക്കുകയും അതിയായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. (ഇയ്യോബ് 1:7-19; 2:7, 8; 42:12) അതിനുശേഷം, ഭൂതങ്ങൾ ചിലരെ ഊമരോ അന്ധരോ ആക്കിയിട്ടുണ്ട്, മനുഷ്യരുടെ കഷ്ടപ്പാടിൽ ആഹ്ലാദിക്കുന്നതിൽ തുടരുകയും ചെയ്തിരിക്കുന്നു. (മത്തായി 9:32, 33; 12:22; മർക്കൊസ് 5:2-5) ഇന്ന്, ഭൂതങ്ങൾ ലൈംഗികമായി ചിലരെ ബുദ്ധിമുട്ടിക്കുകയും മററു ചിലരെ ഭ്രാന്തരാക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ പ്രകടമാക്കുന്നു. ഇനിയും കൊലയും ആത്മഹത്യയും നടത്തുന്നതിന് അവർ മററു ചിലരെ പ്രേരിപ്പിക്കുന്നു, അവ ദൈവത്തിനെതിരായുളള പാപങ്ങളാണ്. (ആവർത്തനപുസ്തകം 5:17; 1 യോഹന്നാൻ 3:15) എന്നിരുന്നാലും, ഈ ദുഷ്ടാത്മാക്കൾ ഒരു കാലത്തു കെണിയിൽ വീഴിച്ചിരുന്ന ആയിരക്കണക്കിന് ആളുകൾക്കു സ്വതന്ത്രരാകാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് ഇത് എങ്ങനെ സാധ്യമായിരിക്കുന്നു? അവർ മർമപ്രധാനമായ നടപടികൾ സ്വീകരിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്.
ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കേണ്ട വിധം
14. ഒന്നാം നൂറ്റാണ്ടിലെ എഫേസ്യ ക്രിസ്ത്യാനികളുടെ മാതൃകക്കു ചേർച്ചയായി നിങ്ങൾക്കു ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ കഴിയുന്നതെങ്ങനെ?
14 നിങ്ങൾക്കു ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാനും നിങ്ങളെയും കുടുംബത്തെയും അവരുടെ കെണികളിൽനിന്നു സംരക്ഷിക്കാനും കഴിയുന്ന ഒരു മാർഗം എന്താണ്? എഫേസൂസിൽ വിശ്വാസികളായിത്തീരുന്നതിനുമുമ്പ് ആത്മവിദ്യ ആചരിച്ചിരുന്ന ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചു. “ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു” എന്നു നാം വായിക്കുന്നു. (പ്രവൃത്തികൾ 19:19) നിങ്ങൾ ആത്മവിദ്യ ആചരിച്ചിട്ടില്ലെങ്കിൽപ്പോലും ആത്മവിദ്യാപരമായ ഉപയോഗങ്ങളോ അതിന്റെ സൂചനകളോ ഉളള എന്തും നീക്കംചെയ്യുക. ഇതിൽ ആത്മവിദ്യാചാര ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പുസ്തകങ്ങൾ, മാസികകൾ, വീഡിയോകൾ, പോസ്റററുകൾ സംഗീത റെക്കോഡിംഗുകൾ, വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സംരക്ഷണത്തിനായി ധരിക്കുന്ന വിഗ്രഹങ്ങൾ, മന്ത്രവളകൾ, മററു സാമഗ്രികൾ എന്നിവയും ആത്മവിദ്യാചാരക്കാരിൽനിന്നുളള സമ്മാനങ്ങളും ഉൾപ്പെടുന്നു. (ആവർത്തനപുസ്തകം 7:25, 26; 1 കൊരിന്ത്യർ 10:21) ദൃഷ്ടാന്തത്തിന്, തായ്ലണ്ടിലെ ഒരു വിവാഹിത ഇണകളെ ദീർഘകാലം ഭൂതങ്ങൾ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നീട് അവർ ആത്മവിദ്യാചാരത്തോടു ബന്ധപ്പെട്ട വസ്തുക്കൾ നീക്കംചെയ്തു. ഫലമെന്തായിരുന്നു? അവർ ഭൂതാക്രമണങ്ങളിൽനിന്നു വിമുക്തരാകയും പിന്നീടു യഥാർഥ ആത്മീയ പുരോഗതി കൈവരിക്കുകയും ചെയ്തു.
15. ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുന്നതിൽ മറ്റൊരു അവശ്യ നടപടി എന്താണ്?
15 ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുന്നതിനുള്ള മറ്റൊരു അവശ്യ നടപടി ദൈവദത്തമായ സമ്പൂർണ ആത്മീയ പടക്കോപ്പു ധരിക്കാനുളള അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുകയാണ്. (എഫെസ്യർ 6:11-17) ക്രിസ്ത്യാനികൾ ദുഷ്ടാത്മാക്കൾക്കെതിരായ തങ്ങളുടെ പ്രതിരോധത്തെ ശക്തമാക്കേണ്ടതാണ്. ഈ നടപടിയിൽ എന്താണുൾപ്പെട്ടിരിക്കുന്നത്? “എല്ലാററിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടു”നിൽപ്പാൻ പൗലോസ് പറഞ്ഞു. തീർച്ചയായും, നിങ്ങളുടെ വിശ്വാസം എത്ര ശക്തമാണോ അത്ര വലുതായിരിക്കും ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാനുളള നിങ്ങളുടെ പ്രാപ്തി.—മത്തായി 17:14-20.
16. നിങ്ങൾക്കു നിങ്ങളുടെ വിശ്വാസത്തെ എങ്ങനെ ബലിഷ്ഠമാക്കാൻ കഴിയും?
16 നിങ്ങൾക്കു വിശ്വാസത്തെ എങ്ങനെ ബലപ്പെടുത്താൻ കഴിയും? ബൈബിൾ പഠിക്കുന്നതിലും അതിലെ ബുദ്ധ്യുപദേശങ്ങൾ ജീവിതത്തിൽ ബാധകമാക്കുന്നതിലും തുടരുന്നതിനാൽ. ഒരുവന്റെ വിശ്വാസത്തിന്റെ ബലം ഏറെയും അതിന്റെ അടിത്തറയുടെ ഉറപ്പിനെ—ദൈവപരിജ്ഞാനത്തെ—ആശ്രയിച്ചിരിക്കുന്നു. ബൈബിൾ പഠിക്കവേ നിങ്ങൾ നേടിയിരിക്കുന്നതും ഗൗരവമായി എടുത്തിട്ടുളളതുമായ സൂക്ഷ്മപരിജ്ഞാനം നിങ്ങളുടെ വിശ്വാസത്തെ ബലിഷ്ഠമാക്കിയിട്ടുണ്ടെന്നുളളതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? (റോമർ 10:10, 17) തന്നിമിത്തം, നിങ്ങൾ ഈ പഠനം തുടരുകയും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്നതു നിങ്ങളുടെ ശീലമാക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വിശ്വാസം ഇതിലും ബലിഷ്ഠമാക്കപ്പെടുമെന്നുളളതിനു സംശയം വേണ്ട. (റോമർ 1:11, 12; കൊലൊസ്സ്യർ 2:6, 7) അതു ഭൂതാക്രമണത്തിനെതിരെ ശക്തമായ ഒരു സംരക്ഷണമായിരിക്കും.—1 യോഹന്നാൻ 5:5.
17. ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുന്നതിൽ ഏതു കൂടുതലായ നടപടികൾ ആവശ്യമായിരിക്കാം?
17 ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്ന ഒരാൾക്കു കൂടുതലായി എന്തു നടപടികൾ സ്വീകരിക്കാവുന്നതാണ്? എഫേസ്യക്രിസ്ത്യാനികൾ ഭൂതമതബാധിതമായ ഒരു നഗരത്തിൽ ജീവിച്ചിരുന്നതുകൊണ്ട് അവർക്കു സംരക്ഷണം ആവശ്യമായിരുന്നു. തന്നിമിത്തം, പൗലോസ് അവരോട്: ‘ഏതു നേരത്തും ആത്മാവിൽ പ്രാർഥിക്കാൻ’ പറഞ്ഞു. (എഫെസ്യർ 6:18) നാം ഭൂതബാധിതമായ ഒരു ലോകത്തിൽ വസിക്കുന്നതുകൊണ്ടു ദൈവസംരക്ഷണത്തിനായുളള ഉററ പ്രാർഥന ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുന്നതിന് അത്യന്താപേക്ഷിതമാണ്. (മത്തായി 6:13) ഈ കാര്യത്തിൽ ക്രിസ്തീയ സഭയിലെ നിയമിതമൂപ്പൻമാരുടെ ആത്മീയ സഹായവും പ്രാർഥനകളും സഹായകമാണ്.—യാക്കോബ് 5:13-15.
ദുഷ്ടാത്മാക്കൾക്കെതിരായ നിങ്ങളുടെ പോരാട്ടം നിലനിർത്തുക
18, 19. ഭൂതങ്ങൾ വീണ്ടും ഒരു വ്യക്തിയെ ഉപദ്രവിക്കുന്നുവെങ്കിൽ എന്തു ചെയ്യാൻ കഴിയും?
18 എന്നിരുന്നാലും, ഈ അടിസ്ഥാന പടികൾ സ്വീകരിച്ചശേഷവും ചിലരെ ദുഷ്ടാത്മാക്കൾ ശല്യപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, കോട്ട് ഡെൽവോയറിലെ ഒരു മനുഷ്യൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുകയും അദ്ദേഹത്തിന്റെ സകല മന്ത്രവളകളും നശിപ്പിക്കുകയും ചെയ്തു. അതിനുശേഷം, അദ്ദേഹം നല്ല പുരോഗതി നേടി തന്റെ ജീവനെ യഹോവക്കു സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം സ്നാപനമേറ്റ് ഒരാഴ്ച കഴിഞ്ഞു ഭൂതങ്ങൾ അദ്ദേഹത്തെ വീണ്ടും ശല്യപ്പെടുത്തിത്തുടങ്ങി, അദ്ദേഹത്തിന്റെ പുതുതായി കണ്ടെത്തിയ വിശ്വാസം ഉപേക്ഷിക്കാൻ ശബ്ദങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. ഇതു നിങ്ങൾക്കു സംഭവിച്ചെങ്കിൽ, നിങ്ങൾക്കു യഹോവയുടെ സംരക്ഷണം നഷ്ടമായി എന്ന് അതർഥമാക്കുമോ? അവശ്യം ഇല്ല.
19 പൂർണമനുഷ്യനായ യേശുക്രിസ്തുവിനു ദിവ്യസംരക്ഷണം ഉണ്ടായിരുന്നിട്ടും അവൻ ദുഷ്ടാത്മജീവിയായ, പിശാചായ സാത്താന്റെ ശബ്ദം കേട്ടു. അങ്ങനെയുളള ഒരു സന്ദർഭത്തിൽ എന്തു ചെയ്യണമെന്നു യേശു കാണിച്ചുതന്നു. “സാത്താനേ, എന്നെ വിട്ടുപോ” എന്ന് അവൻ പിശാചിനോടു പറഞ്ഞു. (മത്തായി 4:3-10) ഇതേ രീതിയിൽ നിങ്ങൾ ആത്മലോകത്തിൽനിന്നുളള ശബ്ദങ്ങൾ ശ്രദ്ധിക്കാൻ വിസമ്മതിക്കണം. സഹായത്തിനായി യഹോവയെ വിളിച്ചപേക്ഷിച്ചുകൊണ്ടു ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുക. അതേ, ദൈവനാമം ഉപയോഗിച്ച് ഉച്ചത്തിൽ പ്രാർഥിക്കുക. “യഹോവയുടെ നാമം ബലമുളള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു” എന്നു സദൃശവാക്യങ്ങൾ 18:10 പറയുന്നു. കോട്ട് ഡൽവോയറിലെ ആ ക്രിസ്തീയ മനുഷ്യൻ ഇതു ചെയ്തു, ദുഷ്ടാത്മാക്കൾ അദ്ദേഹത്തെ ശല്യം ചെയ്യുന്നതു നിർത്തി.—സങ്കീർത്തനം 124:8; 145:18.
20. സംഗ്രഹമായി, ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
20 ദുഷ്ടാത്മാക്കൾ സ്ഥിതിചെയ്യാൻ യഹോവ അനുവദിച്ചിരിക്കുന്നു, എന്നാൽ അവൻ വിശേഷാൽ തന്റെ ജനത്തിനുവേണ്ടി തന്റെ ശക്തി പ്രകടമാക്കുന്നു, അവന്റെ നാമം സർവഭൂമിയിലും ഘോഷിക്കപ്പെടുന്നു. (പുറപ്പാടു 9:16) നിങ്ങൾ ദൈവത്തോട് അടുത്തുനിൽക്കുന്നുവെങ്കിൽ ദുഷ്ടാത്മാക്കളെ ഭയപ്പെടേണ്ടതില്ല. (സംഖ്യാപുസ്തകം 23:21, 23; യാക്കോബ് 4:7, 8; 2 പത്രൊസ് 2:9) അവരുടെ ശക്തി പരിമിതമാണ്. നോഹയുടെ നാളിൽ അവർ ശിക്ഷിക്കപ്പെട്ടു, അടുത്ത കാലത്ത് സ്വർഗത്തിൽനിന്നു പുറന്തളളപ്പെട്ടു, ഇപ്പോൾ അന്തിമ ന്യായവിധി കാത്തിരിക്കയുമാണ്. (യൂദാ 6; വെളിപ്പാടു 12:9; 20:1-3, 7-10, 14) യഥാർഥത്തിൽ, അവർ തങ്ങളുടെ വരാനിരിക്കുന്ന നാശത്തെ ഭയക്കുകയാണ്. (യാക്കോബ് 2:19) അതുകൊണ്ട് ഏതെങ്കിലും തരം ഇരകൊണ്ടു ദുഷ്ടാത്മാക്കൾ നിങ്ങളെ ആകർഷിക്കാൻ ശ്രമിച്ചാലും അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ആക്രമിച്ചാലും നിങ്ങൾക്ക് അവരെ ചെറുത്തുനിൽക്കാൻ കഴിയും. (2 കൊരിന്ത്യർ 2:11) ഏതു രൂപത്തിലുമുളള ആത്മവിദ്യ ഉപേക്ഷിക്കുക, ദൈവവചനത്തിലെ ബുദ്ധ്യുപദേശം ബാധകമാക്കുക, യഹോവയുടെ അംഗീകാരം തേടുകയും ചെയ്യുക. താമസംവിനാ ഇതു ചെയ്യുക, എന്തെന്നാൽ നിങ്ങളുടെ ജീവൻ നിങ്ങൾ ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു!
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ദുഷ്ടാത്മാക്കൾ ആളുകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതെങ്ങനെ?
ബൈബിൾ ആത്മവിദ്യയെ കുറ്റംവിധിക്കുന്നത് എന്തുകൊണ്ട്?
ഒരു വ്യക്തിക്ക് എങ്ങനെ ദുഷ്ടാത്മസേനകളിൽനിന്നു സ്വതന്ത്രനാകാൻ കഴിയും?
നിങ്ങൾ ദുഷ്ടാത്മസേനകളെ തുടർന്നു ചെറുത്തുനിൽക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[110-ാം പേജിലെ ചിത്രം]
അനേകം രൂപങ്ങളിലുളള ആത്മവിദ്യയെ നിങ്ങൾ വീക്ഷിക്കുന്നത് എങ്ങനെ?