ഭാഗം 5
മായാജാലത്തിന്റെയും മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും പിന്നിലെ അപകടങ്ങൾ
1. മാന്ത്രികവിദ്യ, ആഭിചാരം, ദുർമന്ത്രവാദം എന്നിവയെക്കുറിച്ചുള്ള വിശ്വാസം എത്രത്തോളം വ്യാപകമാണ്?
“മന്ത്രവാദം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ആഫ്രിക്കയിൽ ഒരു പ്രസക്തിയുമില്ല,”എന്ന് ആഫ്രിക്കയുടെ പരമ്പരാഗതമതം എന്ന പുസ്തകം പറയുന്നു. “ആഫ്രിക്കയിലെ എല്ലാ വിഭാഗം ആളുകളും മന്ത്രവാദത്തിൽ വിശ്വസിക്കുന്നവരാണ്” എന്നും ആ പുസ്തകം പറയുന്നു. മാന്ത്രികവിദ്യ, ആഭിചാരം, ദുർമന്ത്രവാദം ഇവയിലൊക്കെ വിശ്വസിക്കുന്നവരിൽ തീരെ വിദ്യാഭ്യാസം കുറഞ്ഞവരും ഉയർന്ന വിദ്യാഭ്യാസം നേടിയവരും ഒക്കെ ഉണ്ട്. ഇസ്ലാം മതത്തിലെയും ക്രൈസ്തവമതത്തിലെയും ചില മതനേതാക്കന്മാർ പോലും മന്ത്രവാദത്തിൽ വിശ്വസിക്കുന്നവരാണ്.
2. പ്രചാരമുള്ള ഒരു വിശ്വാസമനുസരിച്ച് മാന്ത്രികശക്തി എവിടെനിന്നാണു കിട്ടുന്നത്?
2 ആഫ്രിക്കയിൽ പ്രചാരമുള്ള ഒരു വിശ്വാസമനുസരിച്ച്, അജ്ഞാതമായ ഒരു ആത്മശക്തി നിലവിലുണ്ട്. ആ വിശ്വാസമനുസരിച്ച് ദൈവത്തിന് അതിന്റെ മേൽ നിയന്ത്രണമുണ്ട്. ആത്മാക്കൾക്കും മരിച്ചുപോയ പൂർവികർക്കും ആ ശക്തി ഉപയോഗിക്കാനാകുമെന്നും കരുതപ്പെടുന്നു. ദുർമന്ത്രവാദത്തിനുവേണ്ടിയോ നല്ല ഉദ്ദേശ്യത്തോടെയുള്ള മന്ത്രവാദത്തിനുവേണ്ടിയോ ഈ ശക്തി എങ്ങനെ ഉപയോഗിക്കാമെന്നു ചില മനുഷ്യർക്കും അറിയാം.
3. എന്താണു ദുർമന്ത്രവാദം, ദുർമന്ത്രവാദത്തിലൂടെ എന്തൊക്കെ സംഭവിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു?
3 ദുർമന്ത്രവാദം അല്ലെങ്കിൽ ആഭിചാരം ശത്രുക്കൾക്കെതിരെയാണു പ്രയോഗിക്കുന്നത്. ദുർമന്ത്രവാദികൾക്ക് വവ്വാലുകൾ, പക്ഷികൾ, ഈച്ചകൾ, മറ്റു മൃഗങ്ങൾ എന്നിവയെ ഉപയോഗിച്ച് ആളുകളെ ആക്രമിക്കാൻ കഴിയുമെന്നു കരുതപ്പെടുന്നു. ഇനി, അസുഖം ബാധിക്കുകയോ വന്ധ്യതയുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ അല്ലെങ്കിൽ മരിക്കുകയോപോലും ചെയ്യുമ്പോൾ അതൊക്കെ ആരെങ്കിലും ദുർമന്ത്രവാദം ചെയ്തതുകൊണ്ടാണെന്ന് ആളുകൾ വിശ്വസിക്കുന്നു.
4. ദുർമന്ത്രവാദികളെക്കുറിച്ച് പലരും എന്താണു വിശ്വസിക്കുന്നത്, മുമ്പ് മന്ത്രവാദം നടത്തിയിട്ടുള്ള പലരും എന്തു കുറ്റസമ്മതമാണു നടത്തിയത്?
4 ദുർമന്ത്രവാദത്തിന് മറ്റൊരു രൂപവും ഉണ്ട്. ദുർമന്ത്രവാദികൾക്കു രാത്രിയിൽ തങ്ങളുടെ ശരീരം വിട്ട് പറക്കാനും മറ്റു ദുർമന്ത്രവാദികളുമായി കൂടിക്കാണാനും ആളുകളുടെ ജീവൻ അപായപ്പെടുത്താനും കഴിയുമെന്നു കരുതപ്പെടുന്നു. പക്ഷേ അപ്പോഴും അവരുടെ ശരീരം കട്ടിലിൽത്തന്നെ ഉണ്ടായിരിക്കുമത്രേ. ഇത്തരം കഥകളൊക്കെ ആളുകൾ അറിയുന്നതു ദുർമന്ത്രവാദം ഉപേക്ഷിച്ചവരുടെ ഏറ്റുപറച്ചിലുകളിൽനിന്നാണ്. ഉദാഹരണത്തിന്, മുൻമന്ത്രവാദികൾ (കൂടുതലും കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ) ഇങ്ങനെ പറയുന്നതായി ആഫ്രിക്കയിലെ ഒരു മാസിക രേഖപ്പെടുത്തുന്നു: “വാഹനാപകടത്തിന് ഇടയാക്കിക്കൊണ്ട് ഞാൻ 150 പേരെ കൊന്നു.” “രക്തം മുഴുവൻ ഊറ്റിക്കുടിച്ചുകൊണ്ട് അഞ്ചു കുട്ടികളെ ഞാൻ കൊന്നു.” “എന്നെ വഞ്ചിച്ച മൂന്നു കാമുകന്മാരെ ഞാൻ കൊന്നു.”
5. എന്താണ് സദ്മന്ത്രവാദം, ഇതു ചെയ്യുന്നവരുടെ രീതികൾ എന്തൊക്കെയാണ്?
5 നല്ല ഉദ്ദേശ്യത്തോടെയുള്ള മന്ത്രവാദം അഥവാ സദ്മന്ത്രവാദം ദുഷ്ടശക്തികളിൽനിന്ന് സംരക്ഷണം തരുമെന്ന് ആളുകൾ വിശ്വസിക്കുന്നു. സദ്മന്ത്രവാദം ചെയ്യുന്നവർ മാന്ത്രികത്തകിടോ മന്ത്രമോതിരങ്ങളോ ഒക്കെ ധരിക്കുന്നു. അവർ സംരക്ഷണത്തിനുവേണ്ടി ചില മരുന്നുകൾ കഴിക്കുകയോ ദേഹത്ത് പുരട്ടുകയോ ചെയ്യാറുണ്ട്. ഇനി, സംരക്ഷണശക്തിയുണ്ടെന്നു വിശ്വസിക്കുന്ന വസ്തുക്കൾ വീട്ടിലോ പറമ്പിലോ സൂക്ഷിക്കുന്ന രീതിയും അവർക്കുണ്ട്. ബൈബിളിൽനിന്നോ ഖുറാനിൽനിന്നോ ഉള്ള വചനങ്ങൾ എഴുതിയ ഏലസ്സുകളും അവർ ധരിക്കുന്നു.
നുണയും വഞ്ചനയും
6. സാത്താനും അവന്റെ ഭൂതങ്ങളും മുൻകാലങ്ങളിൽ എന്തു ചെയ്തിട്ടുണ്ട്, അവയുടെ ശക്തിയെക്കുറിച്ച് നമ്മൾ എന്തു മനസ്സിലാക്കണം?
6 സാത്താനും അവന്റെ ഭൂതങ്ങളും മനുഷ്യരുടെ അപകടകാരികളായ ശത്രുക്കൾത്തന്നെയാണ്. ആളുകളുടെ ചിന്തകളെയും ജീവിതത്തെയും സ്വാധീനിക്കാനുള്ള ശക്തി അവർക്കുണ്ട്. കൂടാതെ, മുൻകാലങ്ങളിൽ അവർ മനുഷ്യരിലും മൃഗങ്ങളിലും പ്രവേശിക്കുകയും അവയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. (മത്തായി 12:43-45) നമ്മൾ അവയുടെ ശക്തി കുറച്ചുകാണരുത്. എന്നാൽ അവയുടെ ശക്തി ഒരുപാട് പെരുപ്പിച്ചുകാണേണ്ട ആവശ്യവുമില്ല.
7. നമ്മൾ എന്തു വിശ്വസിക്കണമെന്നാണു സാത്താന്റെ ആഗ്രഹം, നമുക്ക് അത് എങ്ങനെ ഒരു ഉദാഹരണത്തിലൂടെ പറയാം?
7 വഞ്ചന കാണിക്കുന്നതിൽ വിദഗ്ധനാണു സാത്താൻ. യഥാർഥത്തിൽ തനിക്കില്ലാത്ത ശക്തിയും കഴിവുകളും ഒക്കെ ഉണ്ടെന്നു വിശ്വസിപ്പിച്ച് സാത്താൻ ആളുകളെ വിഡ്ഢികളാക്കുകയാണ്. ഒരു ഉദാഹരണത്തിലൂടെ അതു മനസ്സിലാക്കാം: ആഫ്രിക്കൻ രാജ്യത്ത് നടന്ന ഒരു ഏറ്റുമുട്ടലിൽ, ശത്രുക്കളെ ഭയപ്പെടുത്താൻ സൈനികർ വലിയ ശബ്ദോപകരണങ്ങൾ ഉപയോഗിച്ചു. ആക്രമിക്കുന്നതിനു മുമ്പ് സൈനികർ പീരങ്കിയുടെയും വെടിയൊച്ചയുടെയും വലിയ ശബ്ദത്തിലുള്ള റെക്കോർഡിങ്ങുകൾ കേൾപ്പിച്ചിരുന്നു. ശക്തമായ ആയുധങ്ങളുമായിട്ടാണു തങ്ങൾ ആക്രമിക്കാൻ വരുന്നതെന്നു ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ഇങ്ങനെ ചെയ്തത്. ഇതുതന്നെയാണു സാത്താനും ചെയ്യുന്നത്. തനിക്ക് അപാരമായ ശക്തിയുണ്ടെന്ന് ആളുകൾ വിശ്വസിക്കാൻ അവൻ ആഗ്രഹിക്കുന്നു. ആളുകൾ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനു പകരം തന്റെ ഇഷ്ടം ചെയ്യണം. അതിനുവേണ്ടിയാണ് അവൻ ആളുകളെ ഇങ്ങനെ പേടിപ്പിച്ച് നിറുത്തുന്നത്. സാത്താൻ ആളുകളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന മൂന്നു നുണകൾ നമുക്ക് ഇപ്പോൾ നോക്കാം.
8. സാത്താൻ പ്രചരിപ്പിക്കുന്ന ഒരു നുണ എന്താണ്?
8 സാത്താൻ പ്രചരിപ്പിക്കുന്ന ഒരു നുണ ഇതാണ്: മോശമായ സംഭവങ്ങളൊന്നും യാദൃശ്ചികമായി നടക്കുന്നതല്ല. അതായത്, നമ്മുടെ ജീവിതത്തിൽ നടക്കുന്ന ദുരന്തങ്ങൾക്കു വ്യക്തികളല്ല കാരണക്കാരെങ്കിൽ പിന്നെ സംശയിക്കേണ്ടാ, അതിന്റെ പിന്നിൽ ഒരു അജ്ഞാതശക്തിയുണ്ട്. ഉദാഹരണത്തിന്, മലേറിയ വന്ന് ഒരു കുട്ടി മരിച്ചുപോകുന്നെന്നു വിചാരിക്കുക. മലേറിയ എന്നു പറയുന്നത് കൊതുകുകൾ പരത്തുന്ന രോഗമാണെന്ന് ആ കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരിക്കും. പക്ഷേ ആരോ മന്ത്രവാദം ചെയ്ത് കൊതുകിനെ അയച്ചതാണെന്നും ആ അമ്മ വിശ്വസിച്ചേക്കാം.
9. എല്ലാ പ്രശ്നങ്ങൾക്കും കാരണം സാത്താനല്ലെന്നു ബൈബിൾ കാണിക്കുന്നത് എങ്ങനെയാണ്?
9 ചില പ്രശ്നങ്ങളൊക്കെ സൃഷ്ടിക്കാനുള്ള കഴിവ് സാത്താനുണ്ട് എന്നത് ശരിയാണ്. പക്ഷേ എല്ലാ പ്രശ്നങ്ങളുടെയും പിന്നിൽ സാത്താനാണെന്നു വിചാരിക്കേണ്ട. ബൈബിൾ പറയുന്നു: “വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല. എപ്പോഴും ജ്ഞാനികൾക്കല്ല ഭക്ഷണം, ബുദ്ധിമാന്മാർക്കല്ല സമ്പത്ത്. അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല. കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.” (സഭാപ്രസംഗകൻ 9:11) ഓട്ടമത്സരത്തിൽ ഒരാൾക്ക് മറ്റെല്ലാവരെക്കാളും വേഗത്തിൽ ഓടാൻ കഴിയുമായിരിക്കും. പക്ഷേ അദ്ദേഹം വിജയിക്കണമെന്നു നിർബന്ധമുണ്ടോ? ഇല്ല. ‘അപ്രതീക്ഷിതസംഭവങ്ങൾ’ കാരണം അദ്ദേഹം പരാജയപ്പെട്ടെന്നുവരാം. ചിലപ്പോൾ ഓട്ടത്തിനിടയിൽ തട്ടി വീണേക്കാം, വയ്യാതായേക്കാം, മസ്സിൽ കയറിയേക്കാം. ആർക്കുവേണമെങ്കിലും ഇതൊക്കെ സംഭവിക്കാം. അതിന്റെ പിന്നിൽ സാത്താനോ ദുർമന്ത്രവാദമോ ഒന്നും ആയിരിക്കണമെന്നില്ല. അതൊക്കെ അങ്ങ് സംഭവിക്കുന്നെന്നേ ഉള്ളൂ.
10. മന്ത്രവാദികളെക്കുറിച്ച് എന്തെല്ലാം കഥകളുണ്ട്, അത് നുണയാണെന്നു നമുക്ക് എങ്ങനെ അറിയാം?
10 സാത്താൻ പ്രചരിപ്പിക്കുന്ന രണ്ടാമത്തെ നുണ ഇതാണ്: മന്ത്രവാദികൾ രാത്രിയിൽ തങ്ങളുടെ ശരീരം വിട്ട് മറ്റു മന്ത്രവാദികളുമായി കൂടിക്കാണാനോ ശത്രുക്കളുടെ രക്തം ഊറ്റിക്കുടിക്കാനോ അവരുടെ ജീവൻ അപായപ്പെടുത്താനോ ഒക്കെ പോകാറുണ്ട്. പക്ഷേ ഒന്നു ചിന്തിക്കുക: മന്ത്രവാദികൾക്ക് അങ്ങനെ ചെയ്യാൻ കഴിയും എന്നുതന്നെയിരിക്കട്ടെ. വാസ്തവത്തിൽ അപ്പോൾ അവരുടെ ശരീരം വിട്ടുപോകുന്നത് എന്താണ്? അതു ദേഹിയായിരിക്കുമോ? അല്ല. കാരണം ദേഹി എന്നു പറയുന്നത് ആ വ്യക്തി തന്നെയാണ് എന്നു നമ്മൾ കണ്ടുകഴിഞ്ഞു. ദേഹിക്ക് ഒരു മനുഷ്യനെ വിട്ട് പുറത്തുപോകാനാകില്ല. ഇനി, അത് ആത്മാവായിരിക്കുമോ? അതുമല്ല. കാരണം ആത്മാവ് എന്നു പറയുന്നതു ശരീരത്തിന് ഊർജം പകരുന്ന ജീവശക്തിയാണ്. അതിനു തനിയെ ഒന്നും ചെയ്യാനാകില്ല.
11. മന്ത്രവാദികൾക്ക് ശരീരം വിട്ട് പോകാനാകില്ലെന്നു നമുക്ക് എങ്ങനെ അറിയാം, നിങ്ങൾ അതു വിശ്വസിക്കുന്നുണ്ടോ?
11 ദേഹിക്കോ ആത്മാവിനോ ശരീരം വിട്ട് പുറത്തുപോകാനാകില്ല. അവയ്ക്കു നല്ലതാകട്ടെ ചീത്തയാകട്ടെ ഒന്നും ചെയ്യാനുമാകില്ല. ചുരുക്കിപ്പറഞ്ഞാൽ, മന്ത്രവാദികൾക്ക് അവരുടെ ശരീരം വിട്ട് പോകാനാകില്ല. തങ്ങൾ ചെയ്തെന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ ശരിക്കും അവർ ചെയ്തിട്ടില്ല. അത് അവരുടെ തോന്നൽ മാത്രമാണ്.
12. ആളുകൾ ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും അവർ ചെയ്തെന്നു വിശ്വസിപ്പിക്കാൻ സാത്താനു കഴിയുന്നത് എങ്ങനെയാണ്?
12 അങ്ങനെയെങ്കിൽ തങ്ങൾ ഇങ്ങനെയെല്ലാം ചെയ്തെന്നു മന്ത്രവാദികൾ ഉറപ്പിച്ച് പറയുന്നത് എന്തുകൊണ്ടാണ്? ആളുകൾ ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും അവർ ചെയ്തതാണെന്നു വിശ്വസിപ്പിക്കാൻ സാത്താനു കഴിയും. ദർശനങ്ങളിലൂടെ സാത്താന് അങ്ങനെ തോന്നിപ്പിക്കാനാകും. അപ്പോൾ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കണ്ടെന്നും കേട്ടിട്ടില്ലാത്ത കാര്യങ്ങൾ കേട്ടെന്നും ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ചെയ്തെന്നും ഒക്കെ അവർക്കു തോന്നും. എങ്ങനെയും ആളുകളെ യഹോവയിൽനിന്ന് അകറ്റാനും ബൈബിൾ തെറ്റാണെന്നു വിശ്വസിപ്പിക്കാനും ആണ് സാത്താൻ ഇതിലൂടെ ശ്രമിക്കുന്നത്.
13. (എ) സദ്മന്ത്രവാദം നല്ലതാണോ? (ബി) മന്ത്രവാദത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണു പറയുന്നത്?
13 മൂന്നാമത്തെ നുണ ഇതാണ്: ദുർമന്ത്രവാദത്തെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നു പറയപ്പെടുന്ന സദ്മന്ത്രവാദം നല്ലതാണ്. എന്നാൽ ബൈബിൾ ദുർമന്ത്രവാദവും സദ്മന്ത്രവാദവും ഉൾപ്പെടെ മന്ത്രവാദത്തിന്റെ എല്ലാ രീതികളെയും കുറ്റം വിധിക്കുന്നു. മന്ത്രവാദത്തെക്കുറിച്ചും മന്ത്രവാദികളെക്കുറിച്ചും യഹോവ ഇസ്രായേൽ ജനത്തിനു കൊടുത്ത നിയമങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം.
-
‘നിങ്ങൾ മന്ത്രവാദം ചെയ്യരുത്.’—ലേവ്യ 19:26.
-
“ആത്മാക്കളുടെ ഉപദേശം തേടുകയോ ഭാവി പറയുകയോ ചെയ്യുന്ന ഏതൊരു പുരുഷനെയും സ്ത്രീയെയും കൊന്നുകളയണം.”—ലേവ്യ 20:27.
-
‘മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെ സഹായം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്.’—ആവർത്തനം 18:10-14.
14. യഹോവ മന്ത്രവാദത്തിന് എതിരെ നിയമങ്ങൾ നൽകിയത് എന്തുകൊണ്ടാണ്?
14 തന്റെ ജനം മന്ത്രവാദം ചെയ്യുന്നതു ദൈവത്തിന് ഇഷ്ടമല്ലെന്ന് ഈ നിയമങ്ങൾ വ്യക്തമാക്കുന്നു. അവരെ സ്നേഹിച്ചതുകൊണ്ടാണ് യഹോവ അവർക്ക് ഈ നിയമങ്ങൾ നൽകിയത്. തന്റെ ജനം ഭയത്തിനും അന്ധവിശ്വാസത്തിനും അടിമകളാകുന്നത് യഹോവയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഭൂതങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നതും കഷ്ടപ്പെടുത്തുന്നതും കാണാൻ യഹോവ ആഗ്രഹിച്ചില്ല.
15. യഹോവ സാത്താനെക്കാളും ശക്തനാണെന്നു ബൈബിൾ സൂചിപ്പിക്കുന്നത് എങ്ങനെ?
15 ഭൂതങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും എന്തൊക്കെ ചെയ്യാനാകില്ല എന്നൊന്നും ബൈബിൾ വിശദമായി പറയുന്നില്ലെങ്കിലും ദൈവമായ യഹോവ സാത്താനെക്കാളും ഭൂതങ്ങളെക്കാളും വളരെയധികം ശക്തനാണെന്ന് അതു വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, യഹോവ സാത്താനെ സ്വർഗത്തിൽനിന്ന് പുറത്താക്കി. (വെളിപാട് 12:9) ഇനി, ഇയ്യോബിനെ പരീക്ഷിക്കുന്നതിനു മുമ്പ് സാത്താൻ യഹോവയോട് അനുവാദം ചോദിക്കേണ്ടിവന്നു എന്നും ശ്രദ്ധിക്കുക. ഇയ്യോബിന്റെ ജീവന് ആപത്തൊന്നും സംഭവിക്കരുതെന്ന് യഹോവ പറഞ്ഞപ്പോൾ അതും സാത്താൻ അനുസരിച്ചു.—ഇയ്യോബ് 2:4-6.
16. സംരക്ഷണത്തിനായി നമ്മൾ ആരിലേക്കു നോക്കണം?
16 സുഭാഷിതങ്ങൾ 18:10 പറയുന്നു: “യഹോവയുടെ പേര് ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് സംരക്ഷണം നേടും.” അതുകൊണ്ട് നമ്മൾ സംരക്ഷണത്തിനായി യഹോവയിലേക്കു നോക്കണം. ദുഷ്ടനായ സാത്താനിൽനിന്നും അവന്റെ ഭൂതങ്ങളിൽനിന്നും സംരക്ഷണം നേടാൻ ദൈവദാസർക്കു മന്ത്രപ്രയോഗങ്ങളുടെയോ ഏതെങ്കിലും മരുന്നുകളുടെയോ ആവശ്യമില്ല. ദുർമന്ത്രവാദികളുടെ മന്ത്രവിദ്യകളെയും അവർ ഭയക്കുന്നില്ല. ബൈബിളിലെ ഈ വാക്കുകളിൽ അവർക്ക് ഉറച്ച വിശ്വാസമുണ്ട്. “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.”—2 ദിനവൃത്താന്തം 16:9.
17. യാക്കോബ് 4:7 നമുക്ക് എന്ത് ഉറപ്പുതരുന്നു, പക്ഷേ നമ്മൾ എന്തു ചെയ്യണം?
17 യഹോവയെ സേവിക്കുന്നെങ്കിൽ നിങ്ങൾക്കും ഇതേ ഉറപ്പുണ്ടായിരിക്കാനാകും. യാക്കോബ് 4:7 പറയുന്നു: “അതുകൊണ്ട് നിങ്ങൾ ദൈവത്തിനു കീഴ്പെടുക. എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക. അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും.” സത്യദൈവമായ യഹോവയ്ക്ക് കീഴ്പെട്ട് ആ ദൈവത്തെ സേവിക്കുക, എങ്കിൽ തീർച്ചയായും നിങ്ങൾക്ക് യഹോവയുടെ സംരക്ഷണം ഉണ്ടായിരിക്കും.