പാഠം 1
എന്താണു സന്തോഷവാർത്ത?
1. എന്താണു ദൈവത്തിൽനിന്നുള്ള വാർത്ത?
ആളുകൾ ഭൂമിയിലെ ജീവിതം ആസ്വദിക്കാൻ ദൈവം ആഗ്രഹിക്കുന്നു. മനുഷ്യരോടു സ്നേഹമുള്ളതുകൊണ്ടാണു ദൈവം ഭൂമിയും അതിലുള്ളതൊക്കെയും സൃഷ്ടിച്ചത്. എല്ലാ ദേശങ്ങളിലുമുള്ള ആളുകൾക്കു ദൈവം പെട്ടെന്നുതന്നെ നല്ലൊരു ഭാവി കൊടുക്കും. മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കുള്ള കാരണം ദൈവം ഇല്ലാതാക്കും.—യിരെമ്യ 29:11 വായിക്കുക.
അക്രമം, രോഗം, മരണം എന്നിവ ഇല്ലാതാക്കാൻ ഒരു ഗവൺമെന്റിനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഒരു സന്തോഷവാർത്തയുണ്ട്. പെട്ടെന്നുതന്നെ ദൈവം മനുഷ്യരുടെ ഗവൺമെന്റുകളെയെല്ലാം നീക്കി, പകരം തന്റെ ഭരണം കൊണ്ടുവരും. ആ ഭരണത്തിൻകീഴിൽ എല്ലാവർക്കും സമാധാനവും നല്ല ആരോഗ്യവും ഉണ്ടായിരിക്കും.—യശയ്യ 25:8; 33:24; ദാനിയേൽ 2:44 വായിക്കുക.
2. ഈ സന്തോഷവാർത്ത ഇന്നു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
ദൈവം ദുഷ്ടമനുഷ്യരെ ഭൂമിയിൽനിന്നു നീക്കുമ്പോൾ മാത്രമേ കഷ്ടപ്പാടുകൾ അവസാനിക്കുകയുള്ളൂ. (സെഫന്യ 2:3) അത് എപ്പോഴായിരിക്കും? മനുഷ്യവർഗത്തിനു ഭീഷണി ഉയർത്തുന്ന അവസ്ഥകളെക്കുറിച്ച് ദൈവവചനം മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അത്തരം സംഭവങ്ങളാണ് ഇന്നു നമുക്കു ചുറ്റും കാണുന്നത്. അതു സൂചിപ്പിക്കുന്നത് ദൈവം ഇടപെടാനുള്ള സമയം അടുത്തിരിക്കുന്നു എന്നാണ്.—2 തിമൊഥെയൊസ് 3:1-5 വായിക്കുക.
3. നമ്മൾ എന്തു ചെയ്യണം?
നമ്മൾ ദൈവത്തെക്കുറിച്ച് പഠിക്കണം. ദൈവവചനമായ ബൈബിൾ പഠിക്കുന്നെങ്കിൽ നമുക്ക് അതിനു കഴിയും. സ്നേഹനിധിയായ അപ്പനിൽനിന്നുള്ള ഒരു കത്തുപോലെയാണ് അത്. ഇപ്പോൾത്തന്നെ നല്ലൊരു ജീവിതം ആസ്വദിക്കാനാകുന്നത് എങ്ങനെയെന്നും ഭാവിയിൽ ഈ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാൻ കഴിയുന്നത് എങ്ങനെയെന്നും അതു വിശദീകരിക്കുന്നു. ബൈബിൾ പഠിക്കാൻ നിങ്ങളെ ആരെങ്കിലും സഹായിക്കുന്നതിനെ ചിലർ എതിർത്തേക്കാം. എന്നാൽ നല്ലൊരു ഭാവി ആസ്വദിക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്.—സുഭാഷിതങ്ങൾ 29:25; വെളിപാട് 14:6, 7 വായിക്കുക.