പോരടിക്കുന്ന രാജാക്കന്മാർ തങ്ങളുടെ അന്ത്യത്തോട് അടുക്കുന്നു
അധ്യായം പതിനാറ്
പോരടിക്കുന്ന രാജാക്കന്മാർ തങ്ങളുടെ അന്ത്യത്തോട് അടുക്കുന്നു
1, 2. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നു വടക്കേദേശത്തെ രാജാവിന്റെ തനിമയ്ക്കു മാറ്റം വന്നതെങ്ങനെ?
ഐക്യനാടുകളിലെയും റഷ്യയിലെയും രാഷ്ട്രീയ കാലാവസ്ഥ വിചിന്തനം ചെയ്തുകൊണ്ട് 1835-ൽ ഫ്രഞ്ച് തത്ത്വചിന്തകനും ചരിത്രകാരനുമായ അലിക്സെ ദെ റ്റോക്കവില്ലി ഇപ്രകാരം എഴുതി: “ഒന്നിനു മുഖ്യ പ്രവർത്തന ഉപാധിയായി സ്വാതന്ത്ര്യമുണ്ട്; മറ്റേതിനു ദാസ്യവും. അവരുടെ . . . വഴികൾ വിഭിന്നമാണ്; എന്നാൽ ലോകത്തിൽ പകുതിയുടെയും ഭാവി ഒരിക്കൽ കൈപ്പിടിയിൽ ഒതുക്കാനുള്ള ഏതോ അജ്ഞാതമായ ദിവ്യവിളി ഇരുവർക്കും ഉണ്ടെന്നു തോന്നുന്നു.” രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഈ പ്രവചനം എത്രത്തോളം ശരിയായിരുന്നു? ചരിത്രകാരനായ ജെ. എം. റോബർട്ട്സ് എഴുതുന്നു: “ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തീർച്ചയായും മുൻ റഷ്യയിലും അമേരിക്കൻ ഐക്യനാടുകളിലും അധിഷ്ഠിതമായ വലുതും തികച്ചും വിഭിന്നവുമായ രണ്ട് അധികാര വ്യവസ്ഥകൾ ലോകത്തിന്റെ ഭാവി നിയന്ത്രിക്കാൻ ഇടയുള്ളതായി തോന്നി.”
2 വടക്കേദേശത്തെ രാജാവിന്റെ സ്ഥാനത്തായിരുന്ന ജർമനി ആയിരുന്നു രണ്ടു ലോകമഹായുദ്ധങ്ങളിലും തെക്കേദേശത്തെ രാജാവായ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ മുഖ്യശത്രു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നു ജർമനി വിഭജിക്കപ്പെട്ടു. പശ്ചിമ ജർമനി തെക്കേദേശത്തെ രാജാവിന്റെ ഒരു സഖ്യകക്ഷി ആയിത്തീർന്നു. പൂർവ ജർമനിയാകട്ടെ, ശക്തമായ മറ്റൊരു ഘടകവുമായി—സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റു ചേരിയുമായി—സഖ്യത്തിൽ ഏർപ്പെട്ടു. വടക്കേദേശത്തെ രാജാവായി ഉയർന്നുവന്ന ഈ ചേരി അഥവാ രാഷ്ട്രീയ ഘടകം ആംഗ്ലോ-അമേരിക്കൻ സഖ്യത്തിന് എതിരെ ശക്തമായി നിലയുറപ്പിച്ചു. ഈ രണ്ടു രാജാക്കന്മാർ തമ്മിലുളള പോരാട്ടം 1948 മുതൽ 1989 വരെ ദീർഘിച്ച ഒരു ശീതയുദ്ധമായി പരിണമിച്ചു. മുമ്പ്, വടക്കേദേശത്തെ ജർമൻ രാജാവ് “വിശുദ്ധ ഉടമ്പടിക്കു വിരോധമായി” പ്രവർത്തിച്ചിരുന്നു. (ദാനീയേൽ 11:28, 30, NW) ഉടമ്പടിയോടുള്ള ബന്ധത്തിൽ കമ്മ്യൂണിസ്റ്റു ചേരി എങ്ങനെ വർത്തിക്കുമായിരുന്നു?
സത്യക്രിസ്ത്യാനികൾ ഇടറിവീഴുന്നെങ്കിലും പ്രബലപ്പെടുന്നു
3, 4. ‘ഉടമ്പടിക്കു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവർ’ ആരാണ്, വടക്കേദേശത്തെ രാജാവുമായി അവർക്ക് എന്തു ബന്ധമാണ് ഉണ്ടായിരുന്നത്?
3 “ഉടമ്പടിക്കു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ [വടക്കേദേശത്തെ രാജാവ്] ചക്കരവാക്കുകളിലൂടെ വിശ്വാസത്യാഗത്തിലേക്കു നയിക്കും” എന്നു ദൂതൻ പറഞ്ഞു. ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നാൽ തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ജയംപ്രാപിച്ച് ഫലപ്രദമായി പ്രവർത്തിക്കും. ജനത്തിൽ ഉൾക്കാഴ്ചയുള്ളവർ അനേകർക്കു ഗ്രാഹ്യം പ്രദാനം ചെയ്യും. കുറെക്കാലത്തേക്ക് അവർ തീർച്ചയായും വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീഴാൻ ഇടയാകും.”—ദാനീയേൽ 11:32, 33, NW.
4 ‘ഉടമ്പടിക്കു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവർ’ ക്രൈസ്തവലോക നേതാക്കന്മാർ ആകാനേ ഇടയുളളൂ. തങ്ങൾ ക്രിസ്ത്യാനികൾ ആണെന്നാണ് അവർ അവകാശപ്പെടുന്നത്, എന്നാൽ അവരുടെ ചെയ്തികൾ ക്രിസ്ത്യാനിത്വമെന്ന പേരിനുതന്നെ കളങ്കം ചാർത്തുന്നു. സോവിയറ്റ് യൂണിയനിലെ മതം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ വൊൾട്ടർ കോളാഴ്സ് പറയുന്നു: “[രണ്ടാം ലോകമഹായുദ്ധത്തിൽ] സോവിയറ്റ് ഗവൺമെന്റ് മാതൃരാജ്യത്തിന്റെ പ്രതിരോധാർഥം സഭകളുടെ ഭൗതികവും ധാർമികവുമായ സഹായം തരപ്പെടുത്താൻ ഒരു ശ്രമം നടത്തി.” യുദ്ധശേഷം, വടക്കേദേശത്തെ രാജാവായി ഉയർന്നുവന്ന ഈ ശക്തിയുടെ നിരീശ്വരവാദ നയങ്ങൾ കാര്യമാക്കാതെ അതുമായുളള സൗഹൃദം കാത്തുസൂക്ഷിക്കാൻ സഭാനേതാക്കന്മാർ ശ്രമിച്ചു. അങ്ങനെ, ക്രൈസ്തവലോകം മുമ്പെന്നത്തേതിലും അധികം ഈ ലോകത്തിന്റെ ഭാഗമായിത്തീർന്നു—യഹോവയുടെ ദൃഷ്ടിയിൽ മ്ലേച്ഛമായ വിശ്വാസത്യാഗംതന്നെ.—യോഹന്നാൻ 17:16; യാക്കോബ് 4:4.
5, 6. “തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം” ആരായിരുന്നു, വടക്കേദേശത്തെ രാജാവിനു കീഴിൽ അവർ എങ്ങനെ നിലകൊണ്ടു?
5 എന്നാൽ “തങ്ങളുടെ ദൈവത്തെ അറിയുന്ന ജന”വും “ഉൾക്കാഴ്ചയുളളവ”രും ആയ സത്യക്രിസ്ത്യാനികളെ സംബന്ധിച്ചെന്ത്? വടക്കേദേശത്തെ രാജാവിന്റെ ഭരണത്തിൻ കീഴിൽ ആയിരുന്ന ക്രിസ്ത്യാനികൾ, “ശ്രേഷ്ഠാധികാരങ്ങൾ”ക്ക് ഉചിതമായി “കീഴടങ്ങി”യിരുന്നുവെങ്കിലും ഈ ലോകത്തിന്റെ ഭാഗമായിരുന്നില്ല. (റോമർ 13:1; യോഹന്നാൻ 18:36) “കൈസർക്കുളളതു കൈസർക്കു”തന്നെ തിരിച്ചുകൊടുക്കാൻ ശ്രദ്ധിച്ച അവർ “ദൈവത്തിന്നുളളതു ദൈവത്തിന്നും കൊടു”ത്തു. (മത്തായി 22:21) തന്മൂലം അവരുടെ നിർമലത വെല്ലുവിളിക്കപ്പെട്ടു.—2 തിമൊഥെയൊസ് 3:12.
6 തത്ഫലമായി, യഥാർഥ ക്രിസ്ത്യാനികൾ ‘വീഴുക’യും അതേസമയം ‘ജയംപ്രാപിക്കുക’യും ചെയ്തു. പീഡിപ്പിക്കപ്പെടുകയും കഠിനമായി കഷ്ടം അനുഭവിക്കുകയും ചിലർ വധിക്കപ്പെടുകയും ചെയ്തു എന്ന അർഥത്തിലാണ് അവർ വീണത്. എന്നാൽ അവരിൽ ഏറിയപങ്കും വിശ്വസ്തരായി നിലകൊണ്ടു എന്ന അർഥത്തിലാണ് അവർ ജയംപ്രാപിച്ചത്. യേശുവിനെപ്പോലെ തന്നെ അവരും ലോകത്തെ ജയിച്ചടക്കി. (യോഹന്നാൻ 16:33) കൂടാതെ, ജയിലിലോ തടങ്കൽ പാളയങ്ങളിലോ ആയിരുന്നപ്പോൾപ്പോലും അവർ പ്രസംഗവേല നിറുത്തിയില്ല. അങ്ങനെ അവർ ‘അനേകർക്കു ഗ്രാഹ്യം പ്രദാനം ചെയ്തു.’ പീഡനം ഉണ്ടായിരുന്നിട്ടും, വടക്കേദേശത്തെ രാജാവ് ഭരിച്ച മിക്ക രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ എണ്ണം വർധിച്ചു. “ഉൾക്കാഴ്ചയുള്ളവ”രുടെ വിശ്വസ്തത നിമിത്തം, സദാ വർധിച്ചുകൊണ്ടിരിക്കുന്ന “മഹാപുരുഷാര”ത്തിന്റെ ഒരു ഭാഗം ആ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.—വെളിപ്പാടു 7:9-14.
യഹോവയുടെ ജനം സ്ഫുടം ചെയ്യപ്പെടുന്നു
7. വടക്കേദേശത്തെ രാജാവിന്റെ കീഴിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് എന്ത് “അല്പസഹായ”മാണു ലഭിച്ചത്?
7 ദൈവജനം “വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷ പ്രാപിക്കു”മെന്നു ദൂതൻ പറഞ്ഞു. (ദാനീയേൽ 11:34എ) രണ്ടാം ലോകമഹായുദ്ധത്തിൽ തെക്കേദേശത്തെ രാജാവിനുണ്ടായ വിജയം ശത്രുരാജാവിന്റെ കീഴിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്കു കുറെയൊക്കെ ആശ്വാസം കൈവരുത്തി. (വെളിപ്പാടു 12:15, 16 താരതമ്യം ചെയ്യുക.) സമാനമായി, തുടർന്നുവന്ന രാജാവിനാൽ പീഡിപ്പിക്കപ്പെട്ടവർക്ക് ഇടയ്ക്കിടെ അതിൽനിന്നു വിടുതൽ ലഭിച്ചിരുന്നു. ശീതയുദ്ധം അവസാനിക്കവെ, വിശ്വസ്ത ക്രിസ്ത്യാനികൾ ഒരു പ്രകാരത്തിലും ഭീഷണിയല്ലെന്നു മനസ്സിലാക്കിയ അനേകം നേതാക്കന്മാർ അവർക്കു നിയമാംഗീകാരം നൽകി. അഭിഷിക്തരുടെ വിശ്വസ്ത പ്രസംഗവേലയോടു പ്രതികരിക്കുകയും അവരെ സഹായിക്കുകയും ചെയ്ത പെരുകിക്കൊണ്ടിരുന്ന മഹാപുരുഷാരത്തിൽ നിന്നും സഹായം എത്തി.—മത്തായി 25:34-40.
8. ചിലർ “കപടഭാവത്തോടെ” ദൈവജനത്തോടു ചേർന്നത് എപ്രകാരം?
8 ശീതയുദ്ധ വർഷങ്ങളിൽ ദൈവത്തെ സേവിക്കുന്നതിൽ താത്പര്യം കാട്ടിയ എല്ലാവരും നല്ല ആന്തരം ഉള്ളവരായിരുന്നില്ല. ദൂതൻ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തിരുന്നു: “പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊളളും.” (ദാനീയേൽ 11:34ബി) അനേകർ സത്യത്തിൽ താത്പര്യം കാണിച്ചെങ്കിലും ദൈവത്തിനു സമർപ്പണം നടത്താൻ അവർ ഒരുക്കമല്ലായിരുന്നു. സുവാർത്ത സ്വീകരിച്ചവരെന്നു തോന്നിയ മറ്റു ചിലർ വാസ്തവത്തിൽ അധികാരികളുടെ ചാരന്മാരായിരുന്നു. ഒരു രാജ്യത്തുനിന്നുളള റിപ്പോർട്ട് ഇങ്ങനെ വായിക്കുന്നു: “തത്ത്വദീക്ഷയില്ലാഞ്ഞ ഇവരിൽ ചിലർ കർത്താവിന്റെ സംഘടനയിലേക്കു നുഴഞ്ഞുകയറിയ കടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നു. വലിയ തീക്ഷ്ണത പ്രകടമാക്കിയ അവർ ഉയർന്ന സേവനപദവികളിൽ നിയമിക്കപ്പെടുകപോലും ചെയ്തു.”
9. നുഴഞ്ഞുകയറ്റക്കാർ നിമിത്തം ചില വിശ്വസ്ത ക്രിസ്ത്യാനികൾ ‘ഇടറാൻ’ യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
9 ദൂതൻ ഇങ്ങനെ തുടർന്നു: “എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും [“സ്ഫുടം ചെയ്യലും,” NW] ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാന്മാരിൽ ചിലർ വീഴും [“ഇടറും”, NW]; നിശ്ചയിക്കപ്പെട്ടകാലത്തു മാത്രം അന്തം വരും.” (ദാനീയേൽ 11:35) വിശ്വസ്തരായ ചിലർ അധികാരികളുടെ കൈകളിൽ അകപ്പെടാൻ നുഴഞ്ഞുകയറ്റക്കാർ ഇടയാക്കി. തന്റെ ജനത്തെ സ്ഫുടം ചെയ്യാനും ശുദ്ധീകരിക്കാനും വേണ്ടിയായിരുന്നു അത്തരം കാര്യങ്ങൾ സംഭവിക്കാൻ യഹോവ അനുവദിച്ചത്. യേശു “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ച”തുപോലെ, ഈ വിശ്വസ്തർ തങ്ങളുടെ വിശ്വാസത്തിന്റെ പരിശോധനയിൽനിന്നു സഹിഷ്ണുത പഠിച്ചു. (എബ്രായർ 5:8; യാക്കോബ് 1:2, 3; മലാഖി 3:3 താരതമ്യം ചെയ്യുക.) അങ്ങനെ അവർ ‘സ്ഫുടം ചെയ്യപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും നിർമലീകരിക്കപ്പെടുകയും’ ചെയ്തു.
10. “അന്ത്യകാലംവരെ” എന്ന പ്രയോഗത്താൽ എന്താണ് അർഥമാക്കപ്പെടുന്നത്?
10 യഹോവയുടെ ജനം “അന്ത്യകാലംവരെ” ഇടറിക്കപ്പെടുകയും സ്ഫുടം ചെയ്യപ്പെടുകയും വേണമായിരുന്നു. ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനം വരെ അവർ തീർച്ചയായും പീഡനങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ, വടക്കേദേശത്തെ രാജാവിന്റെ കടന്നാക്രമണ ഫലമായുള്ള ദൈവജനത്തിന്റെ ശുദ്ധീകരണവും നിർമലീകരണവും ‘നിശ്ചയിക്കപ്പെട്ട കാലത്തേക്കു’ മാത്രമായിരുന്നു. അതുകൊണ്ട് ദാനീയേൽ 11:35-ലെ ‘അന്ത്യകാലം,’ വടക്കേദേശത്തെ രാജാവിന്റെ ആക്രമണം സഹിക്കവെ സ്ഫുടം ചെയ്യപ്പെടാൻ ദൈവജനത്തിന് ആവശ്യമായിരുന്ന കാലഘട്ടത്തിന്റെ അന്ത്യത്തെ ആയിരിക്കണം സൂചിപ്പിക്കുന്നത്. ആ ഇടറിവീഴൽ വ്യക്തമായും യഹോവ നിശ്ചയിച്ച കാലത്ത് അവസാനിച്ചു.
രാജാവ് സ്വയം മഹത്ത്വീകരിക്കുന്നു
11. യഹോവയുടെ പരമാധികാരത്തോടുള്ള വടക്കേദേശത്തെ രാജാവിന്റെ മനോഭാവത്തെ കുറിച്ചു ദൂതൻ എന്തു പറഞ്ഞു?
11 വടക്കേദേശത്തെ രാജാവിനെ കുറിച്ചു ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “രാജാവോ ഇഷ്ടംപോലെ പ്രവർത്തിക്കും; അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നുംമേലായി മഹത്വീകരിക്കയും [യഹോവയുടെ പരമാധികാരം അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട്] ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിർണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ. അവൻ എല്ലാററിന്നും മേലായി തന്നെത്താൻ മഹത്വീകരിക്കുകയാൽ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും [“ആഗ്രഹത്തെയും,” NW] യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.”—ദാനീയേൽ 11:36, 37.
12, 13. (എ) വടക്കേദേശത്തെ രാജാവ് “പിതാക്കൻമാരുടെ ദേവൻമാരെ” തിരസ്കരിച്ചത് ഏതു വിധത്തിൽ? (ബി) വടക്കേദേശത്തെ രാജാവ് ഏതു “സ്ത്രീകളുടെ ആഗ്രഹങ്ങൾ”ക്കാണു യാതൊരു പരിഗണനയും നൽകാതിരുന്നത്? (സി) വടക്കേദേശത്തെ രാജാവ് ഏതു “ദേവ”നാണു മഹത്ത്വം നൽകിയത്?
12 ഈ പ്രാവചനിക വാക്കുകൾ നിവർത്തിച്ചുകൊണ്ടു വടക്കേദേശത്തെ രാജാവ് ക്രൈസ്തവലോകത്തിന്റെ ത്രിത്വദേവനെപ്പോലുള്ള “പിതാക്കൻമാരുടെ ദേവൻമാരെ” തിരസ്കരിച്ചു. കമ്മ്യൂണിസ്റ്റു ചേരി കറതീർന്ന നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ “എല്ലാററിന്നും മേലായി തന്നെത്താൻ മഹത്വീകരി”ച്ചുകൊണ്ടു വടക്കേദേശത്തെ രാജാവ് സ്വയം ഒരു ദൈവമാക്കി. “സ്ത്രീകളുടെ”—അവന്റെ ഭരണ ദാസികളായി സേവിച്ച ഉത്തര വിയറ്റ്നാമിനെപ്പോലെയുള്ള ഉപഗ്രഹ രാജ്യങ്ങളുടെ—‘ആഗ്രഹങ്ങൾക്കു’ യാതൊരു പരിഗണനയും നൽകാതെ പ്രസ്തുത രാജാവ് “ഇഷ്ടംപോലെ പ്രവർത്തി”ച്ചു.
13 പ്രവചനം തുടർന്നുകൊണ്ടു ദൂതൻ പറഞ്ഞു: “അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.” (ദാനീയേൽ 11:38) വാസ്തവത്തിൽ വടക്കേദേശത്തെ രാജാവ് ആധുനിക ശാസ്ത്രീയ സൈനിക പദ്ധതി എന്ന ‘കോട്ടകളുടെ ദേവനി’ലാണു വിശ്വാസം അർപ്പിച്ചത്. ഈ ‘ദേവന്റെ’ യാഗപീഠത്തിൽ ഭീമമായ സമ്പത്തു ബലിയർപ്പിച്ചുകൊണ്ടു പ്രസ്തുത രാജാവ് അവനിലൂടെയുള്ള രക്ഷ തേടി.
14. വടക്കേദേശത്തെ രാജാവ് “ഫലപ്രദമായി പ്രവർത്തി”ച്ചത് എങ്ങനെ?
14 “ഒരു വിദേശ ദേവനോടൊപ്പം അവൻ ഏറ്റവും ശക്തമായ കോട്ടകൾക്ക് എതിരെ ഫലപ്രദമായി പ്രവർത്തിക്കും. അവനെ അംഗീകരിക്കുന്നവരുടെ മഹത്ത്വം അവൻ വർധിപ്പിക്കുകയും അവർ അനേകരെ ഭരിക്കാൻ ഇടയാക്കുകയും ചെയ്യും; പ്രതിഫലമായി അവൻ അവർക്കു പ്രദേശങ്ങളും വിഭാഗിച്ചു കൊടുക്കും.” (ദാനീയേൽ 11:39, NW) തന്റെ സൈനിക “വിദേശ ദേവ”നിൽ ആശ്രയിച്ചുകൊണ്ടു വടക്കേദേശത്തെ രാജാവ് ഏറ്റവും “ഫലപ്രദമായി” പ്രവർത്തിച്ചു, “അന്ത്യകാല”ത്തെ അജയ്യമായ ഒരു സൈനിക ശക്തിയാണു താനെന്നു തെളിയിച്ചുകൊണ്ടുതന്നെ. (2 തിമൊഥെയൊസ് 3:1) തന്റെ പ്രത്യയശാസ്ത്രത്തെ പിന്താങ്ങിയവർക്ക് അവൻ രാഷ്ട്രീയവും സാമ്പത്തികവും ചിലപ്പോൾ സൈനികവുമായ പിന്തുണ നൽകി.
അന്ത്യകാലത്തെ ‘ഒരു സമ്മർദം ചെലുത്തൽ’
15. തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവിന്റെമേൽ ‘സമ്മർദം ചെലുത്തിയത്’ എങ്ങനെ?
15 “അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും [“അവന്റെ മേൽ സമ്മർദം ചെലുത്തും,” NW]” എന്നു ദൂതൻ ദാനീയേലിനോടു പറഞ്ഞു. (ദാനീയേൽ 11:40എ) “അന്ത്യകാലത്തു” തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവിന്റെമേൽ ‘സമ്മർദം ചെലുത്തി’യിട്ടുണ്ടോ? (ദാനീയേൽ 12:4, 9) തീർച്ചയായും ഉണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, വടക്കേദേശത്തെ രാജാവിന്റെ അതായത് ജർമനിയുടെ മേൽ അടിച്ചേൽപ്പിച്ച, ശിക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സമാധാന ഉടമ്പടി തീർച്ചയായും ഒരു “സമ്മർദം,” തിരിച്ചടിക്കാനുളള ഒരു ഉത്തേജനം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിനുശേഷം തെക്കേദേശത്തെ രാജാവ് തന്റെ എതിരാളിയെ ലക്ഷ്യമാക്കി ഭീതിജനകമായ ആണവായുധങ്ങൾ വിന്യസിക്കുകയും നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) എന്ന ശക്തമായ ഒരു സൈനിക സഖ്യത്തെ അവന് എതിരെ സംഘടിപ്പിക്കുകയും ചെയ്തു. നാറ്റോയുടെ പ്രവർത്തനത്തെ കുറിച്ച് ഒരു ബ്രിട്ടീഷ് ചരിത്രകാരൻ ഇങ്ങനെ പറയുന്നു: “യൂറോപ്പിലെ സമാധാനത്തിനു മുഖ്യ ഭീഷണിയായി കണക്കാക്കപ്പെട്ടിരുന്ന യു.എസ്സ്.എസ്സ്.ആർ-നെ ‘നിയന്ത്രിച്ചുനിർത്താ’നുള്ള പ്രധാന ഉപകരണമായിരുന്നു അത്. അതിന്റെ ദൗത്യം 40 വർഷം നീണ്ടുനിന്നു, അത് അവിതർക്കിത വിജയം കൈവരിക്കുകയും ചെയ്തു.” ശീതയുദ്ധ വർഷങ്ങൾ കടന്നുപോയതോടെ, തെക്കേദേശത്തെ രാജാവിന്റെ ‘സമ്മർദം ചെലുത്തലിൽ’ ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുളള ചാരവൃത്തിയും നയതന്ത്രപരവും സൈനികവുമായ ആക്രമണങ്ങളും ഉൾപ്പെട്ടു.
16. തെക്കേദേശത്തെ രാജാവിൽനിന്നുള്ള സമ്മർദത്തോടു വടക്കേദേശത്തെ രാജാവ് എങ്ങനെയാണു പ്രതികരിച്ചത്?
16 വടക്കേദേശത്തെ രാജാവ് എങ്ങനെയാണു പ്രതികരിച്ചത്? “വടക്കെദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാററുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും.” (ദാനീയേൽ 11:40ബി) ഭൂവിസ്തൃതി വികസിപ്പിക്കാൻ വടക്കേദേശത്തെ രാജാവ് കൈക്കൊണ്ട നടപടികൾ അന്ത്യനാളുകളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി “രാജാവ്” തന്റെ അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. ആ യുദ്ധത്തിന്റെ ഒടുക്കം, പിൻഗാമിയായി വന്ന “രാജാവ്” ശക്തമായ ഒരു സാമ്രാജ്യം പടുത്തുയർത്തി. ശീതയുദ്ധകാലത്ത്, തന്റെ പ്രതിയോഗിയുടെ ശത്രു രാജ്യങ്ങളെയും ഗ്രൂപ്പുകളെയും പിന്തുണച്ചുകൊണ്ടും ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും കലാപങ്ങൾ ഇളക്കിവിട്ടുകൊണ്ടും വടക്കേദേശത്തെ രാജാവ് തന്റെ പ്രതിയോഗിയോട് ഏറ്റുമുട്ടി. യഥാർഥ ക്രിസ്ത്യാനികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിക്കൊണ്ട് അവൻ അവരെ പീഡിപ്പിച്ചു. പക്ഷേ ഒരു പ്രകാരത്തിലും അവന് അവരുടെ പ്രവർത്തനം നിറുത്താൻ കഴിഞ്ഞില്ല. സൈനികവും രാഷ്ട്രീയവുമായ കടന്നാക്രമണങ്ങളിലൂടെ അനേകം രാജ്യങ്ങളെ അവൻ തന്റെ നിയന്ത്രണത്തിലാക്കി. അതു കൃത്യമായും ദൂതൻ പ്രവചിച്ചതുപോലെ തന്നെയായിരുന്നു: “അവൻ മനോഹരദേശത്തിലേക്കും [യഹോവയുടെ ജനത്തിന്റെ ആത്മീയ അവസ്ഥ] കടക്കും; പതിനായിരം പതിനായിരം പേർ [“അനേകം രാജ്യങ്ങൾ,” NW] ഇടറിവീഴും.”—ദാനീയേൽ 11:41എ.
17. വടക്കേദേശത്തെ രാജാവിന്റെ ഭൂവിസ്തൃതി വികസിപ്പിക്കൽ നടപടികൾക്ക് എന്തു പരിമിതികളാണ് ഉണ്ടായിരുന്നത്?
17 എന്നുവരികിലും, വടക്കേദേശത്തെ രാജാവിനു ലോകം കീഴടക്കാനായില്ല. ദൂതൻ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “എങ്കിലും ഏദോമും മോവാബും അമ്മോന്യശ്രേഷ്ഠൻമാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും.” (ദാനീയേൽ 11:41ബി) പുരാതന നാളുകളിൽ ഏദോം, മോവാബ്, അമ്മോൻ എന്നിവ തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന്റെയും വടക്കേദേശത്തെ സിറിയൻ രാജാവിന്റെയും രാജ്യങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്തിരുന്നു. ആധുനിക കാലത്ത്, വടക്കേദേശത്തെ രാജാവ് നോട്ടമിട്ടെങ്കിലും തന്റെ സ്വാധീനത്തിൽ കൊണ്ടുവരാൻ കഴിയാതെപോയ ജനതകളെയും സംഘടനകളെയും ആണ് അവ സൂചിപ്പിക്കുന്നത്.
ഈജിപ്ത് ഒഴിഞ്ഞുപോകയില്ല
18, 19. തെക്കേദേശത്തെ രാജാവിനു തന്റെ പ്രതിയോഗിയുടെ സ്വാധീനം അനുഭവപ്പെട്ടത് ഏതു വിധങ്ങളിൽ?
18 യഹോവയുടെ ദൂതൻ ഇങ്ങനെ തുടർന്നു: “അവൻ [വടക്കേദേശത്തെ രാജാവ്] ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. അവൻ പൊന്നും വെളളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹരവസ്തുക്കളെയും കൈവശമാക്കും [“മറഞ്ഞിരിക്കുന്ന നിധികളുടെമേൽ ആധിപത്യം നടത്തും,” NW]; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ [“കാൽക്കൽ,” NW] ആയിരിക്കും.” (ദാനീയേൽ 11:42, 43) തെക്കേദേശത്തെ രാജാവായ “മിസ്രയീം” [“ഈജിപ്ത്,” NW] പോലും വടക്കേദേശത്തെ രാജാവ് കൈക്കൊണ്ട സാമ്രാജ്യവികസന നയങ്ങളുടെ ഫലങ്ങളിൽനിന്നു രക്ഷപ്പെട്ടില്ല. ഉദാഹരണത്തിന്, തെക്കേദേശത്തെ രാജാവ് വിയറ്റ്നാമിൽ കനത്ത പരാജയം ഏറ്റുവാങ്ങി. “ലൂബ്യ”രെയും “കൂശ്യ”രെയും സംബന്ധിച്ചെന്ത്? പുരാതന ഈജിപ്തിന്റെ ഈ അയൽക്കാർ ഭൂമിശാസ്ത്രപരമായി ആധുനിക “ഈജിപ്തി”ന്റെ (തെക്കേദേശത്തെ രാജാവിന്റെ) അയൽക്കാരായ രാജ്യങ്ങളെ നന്നായി മുൻനിഴലാക്കിയേക്കാം. ചിലപ്പോഴെല്ലാം അവർ വടക്കേദേശത്തെ രാജാവിന്റെ “കാൽക്കൽ” ആയിരുന്നിട്ടുണ്ട് അഥവാ “അനുചാരികൾ” ആയിരുന്നിട്ടുണ്ട്.
19 വടക്കേദേശത്തെ രാജാവ് ‘ഈജിപ്തിന്റെ മറഞ്ഞിരിക്കുന്ന നിധിക’ളുടെമേൽ ആധിപത്യം നടത്തിയിട്ടുണ്ടോ? തെക്കേദേശത്തെ രാജാവ് തന്റെ സാമ്പത്തിക വിഭവങ്ങൾ ഉപയോഗിച്ച വിധത്തിന്മേൽ അവനു തീർച്ചയായും ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എതിരാളിയോടുള്ള ഭയം നിമിത്തം തെക്കേദേശത്തെ രാജാവ് ഒരു വൻ കര-നാവിക-വ്യോമ സേനയെ വേണ്ടവിധം നിലനിർത്താൻ ഓരോ വർഷവും ഭീമമായ തുക മാറ്റിവെച്ചു. ഈ വിധത്തിൽ വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവിന്റെ ധനവിനിയോഗത്തിന്മേൽ “ആധിപത്യം” പുലർത്തി അഥവാ അതിനെ നിയന്ത്രിച്ചു.
അന്തിമ ആക്രമണം
20. വടക്കേദേശത്തെ രാജാവിന്റെ അന്തിമ ആക്രമണത്തെ ദൂതൻ വർണിക്കുന്നത് എങ്ങനെ?
20 വടക്കേദേശത്തെ രാജാവും തെക്കേദേശത്തെ രാജാവും തമ്മിലുള്ള കിടമത്സരം, അതു സൈനികമോ സാമ്പത്തികമോ മറ്റു വിധങ്ങളിൽ ഉള്ളതോ ആയാലും അവസാനത്തോട് അടുക്കുകയാണ്. ഇനിയും നടക്കാനിരിക്കുന്ന പോരാട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ടു യഹോവയുടെ ദൂതൻ ഇപ്രകാരം പറഞ്ഞു: “എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉളള വർത്തമാനങ്ങളാൽ അവൻ [വടക്കേദേശത്തെ രാജാവ്] പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുളള വിശുദ്ധ പർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.”—ദാനീയേൽ 11:44, 45.
21. വടക്കേദേശത്തെ രാജാവിനെ കുറിച്ച് ഇനിയും എന്തു മനസ്സിലാക്കാനുണ്ട്?
21 1991 ഡിസംബറിൽ സോവിയറ്റ് യൂണിയൻ ശിഥിലമായതോടെ വടക്കേദേശത്തെ രാജാവിനു നിർണായകമായ ഒരു തിരിച്ചടി നേരിട്ടു. ദാനീയേൽ 11:44, 45 നിവൃത്തിയേറുമ്പോൾ ആരായിരിക്കും വടക്കേദേശത്തെ രാജാവ്? പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഏതെങ്കിലും ഒരു രാജ്യം ആയിരിക്കുമോ അത്? അല്ലെങ്കിൽ, മുൻകാലങ്ങളിൽ പലതവണ സംഭവിച്ചിട്ടുള്ളതുപോലെ, തികച്ചും വ്യത്യസ്തനായ മറ്റൊരുവൻ അവന്റെ സ്ഥാനം ഏറ്റെടുക്കുമോ? മറ്റ് അനവധി രാഷ്ട്രങ്ങൾ ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതു പുതിയൊരു ആയുധ മത്സരത്തിനു വഴിതെളിക്കുകയും അതു വടക്കേദേശത്തെ രാജാവിന്റെ തിരിച്ചറിയിക്കലിന്മേൽ പ്രഭാവം ചെലുത്തുകയും ചെയ്യുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കാലം വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ഊഹാപോഹങ്ങൾ നടത്താതിരിക്കുന്നതാണു നമ്മുടെ ഭാഗത്തു ജ്ഞാനം. വടക്കേദേശത്തെ രാജാവ് തന്റെ അന്തിമ ആക്രമണം ആരംഭിക്കുമ്പോൾ, ബൈബിൾ അധിഷ്ഠിത ഉൾക്കാഴ്ചയുള്ള എല്ലാവരും പ്രവചന നിവൃത്തി വ്യക്തമായി തിരിച്ചറിയും.—284-ാം പേജിൽ കൊടുത്തിരിക്കുന്ന “ദാനീയേൽ 11-ാം അധ്യായത്തിലെ രാജാക്കന്മാർ” എന്ന ഭാഗം കാണുക.
22. വടക്കേദേശത്തെ രാജാവിന്റെ അന്തിമ ആക്രമണത്തെ കുറിച്ച് ഏതു ചോദ്യങ്ങൾ ഉയരുന്നു?
22 എന്നാൽ, വടക്കേദേശത്തെ രാജാവ് പെട്ടെന്നുതന്നെ എന്തു നടപടി സ്വീകരിക്കുമെന്നു നമുക്കു തീർച്ചയായും അറിയാം. “കിഴക്കുനിന്നും വടക്കുനിന്നും ഉളള വർത്തമാനങ്ങളാൽ” പ്രേരിതനായി “പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു” അവൻ ഒരു ആക്രമണം നടത്തും. എന്നാൽ ആർക്ക് എതിരെ ആയിരിക്കും ഈ ആക്രമണം? ഏതു “വർത്തമാനങ്ങ”ൾ ആയിരിക്കും അതിനു വഴിമരുന്നിടുക?
പരവശപ്പെടുത്തുന്ന വർത്തമാനങ്ങളാൽ ഉണർത്തപ്പെടുന്നു
23. (എ) അർമഗെദോനു മുമ്പു ശ്രദ്ധേയമായ ഏതു സംഭവം നടക്കണം? (ബി) “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർ” ആർ?
23 വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിന്റെ നാശത്തെക്കുറിച്ചു വെളിപ്പാടു പുസ്തകത്തിന് എന്താണു പറയാനുള്ളതെന്നു നോക്കാം. സത്യാരാധനയുടെ ഈ പ്രബല ശത്രുവിനെ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ അർമഗെദോനു മുമ്പു “തീയിൽ ഇട്ടു ചുട്ടുകളയും.” (വെളിപ്പാടു 16:14, 16; 18:2-8) യൂഫ്രാത്തേസ് എന്ന പ്രതീകാത്മക നദിയിൽ ദൈവക്രോധത്തിന്റെ ആറാമത്തെ കലശം ഒഴിക്കുന്നതിലൂടെ അവളുടെ നാശം മുൻനിഴലാക്കപ്പെട്ടിരിക്കുന്നു. “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർക്കു വഴി ഒരുങ്ങേണ്ടതിന്നു” നദി വറ്റിക്കപ്പെടുന്നു. (വെളിപ്പാടു 16:12) ആരാണ് ഈ രാജാക്കന്മാർ? അതു യഹോവയാം ദൈവവും യേശുക്രിസ്തുവും അല്ലാതെ മറ്റാരുമല്ല!—യെശയ്യാവു 41:2-ഉം 46:10, 11-ഉം താരതമ്യം ചെയ്യുക.
24. യഹോവയുടെ ഏതു പ്രവർത്തനം വടക്കേദേശത്തെ രാജാവിനെ പരവശനാക്കിയേക്കാം?
24 മഹാബാബിലോണിന്റെ നാശം വെളിപ്പാടു പുസ്തകത്തിൽ പിൻവരുന്ന പ്രകാരം ഭംഗ്യന്തരേണ വർണിച്ചിരിക്കുന്നു: “നീ കണ്ട പത്തു കൊമ്പും [അന്ത്യകാലത്തു ഭരണം നടത്തുന്ന രാജാക്കന്മാർ] മൃഗവും [ഐക്യരാഷ്ട്ര സംഘടന] വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാടു 17:16) എന്തുകൊണ്ടായിരിക്കും ഈ ഭരണാധിപന്മാർ മഹാബാബിലോണിനെ നശിപ്പിക്കുന്നത്? എന്തുകൊണ്ടെന്നാൽ, ‘തന്റെ ചിന്തകൾ നടപ്പാക്കാൻ ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.’ (വെളിപ്പാടു 17:17) ഈ ഭരണാധിപന്മാരിൽ വടക്കേദേശത്തെ രാജാവുമുണ്ട്. അവൻ “കിഴക്കുനിന്നും” കേൾക്കുന്ന വർത്തമാനം, മഹാമതവേശ്യയെ പൂർണമായും നശിപ്പിക്കാൻ മാനുഷ നേതാക്കളെ അവരുടെ ഹൃദയത്തിൽ തോന്നിപ്പിക്കുന്ന യഹോവയുടെ ഈ പ്രവർത്തനത്തെ ആയിരിക്കാം ഉചിതമായും സൂചിപ്പിക്കുന്നത്.
25. (എ) വടക്കേദേശത്തെ രാജാവിന് എന്തു പ്രത്യേക ലക്ഷ്യമാണുള്ളത്? (ബി) വടക്കേദേശത്തെ രാജാവ് തന്റെ “മണിപ്പന്തൽ ഇടു”ന്നത് എവിടെ?
25 എന്നാൽ വടക്കേദേശത്തെ രാജാവിന്റെ ക്രോധത്തിനു മറ്റൊരു ലക്ഷ്യവുമുണ്ട്. “അവൻ സമുദ്രത്തിന്നും [“മഹാസമുദ്രം,” NW] മഹത്വമുളള വിശുദ്ധ പർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും” എന്നു ദൂതൻ പറയുന്നു. ദാനീയേലിന്റെ നാളിൽ മഹാസമുദ്രം മെഡിറ്ററേനിയൻ സമുദ്രവും മഹത്ത്വമുളള വിശുദ്ധ പർവതം ഒരിക്കൽ ദൈവത്തിന്റെ ആലയം സ്ഥിതിചെയ്തിരുന്ന സീയോനും ആയിരുന്നു. അതുകൊണ്ട് പ്രവചനം നിവൃത്തിയേറുമ്പോൾ, കോപാക്രാന്തനായ വടക്കേദേശത്തെ രാജാവ് ദൈവജനത്തിനു നേരെ ഒരു ആക്രമണം നടത്തുന്നു. ഒരു ആത്മീയ അർഥത്തിൽ, “സമുദ്രത്തിന്നും മഹത്വമുളള വിശുദ്ധ പർവ്വതത്തിന്നും മദ്ധ്യേ”യുള്ള സ്ഥലം യഹോവയുടെ അഭിഷിക്ത ദാസന്മാരുടെ ആത്മീയ അവസ്ഥയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. അവർ ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ “സമുദ്ര”ത്തിൽനിന്നു പുറത്തു വന്നിരിക്കുന്നു. യേശുക്രിസ്തുവിനോട് ഒപ്പം സ്വർഗീയ സീയോനിൽ ഭരിക്കാനുള്ള പ്രത്യാശ അവർക്കുണ്ട്.—യെശയ്യാവു 57:20; എബ്രായർ 12:22; വെളിപ്പാടു 14:1.
26. യെഹെസ്കേലിന്റെ പ്രവചനത്തിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ, “വടക്കുനിന്നും ഉളള” വാർത്തയുടെ ഉത്ഭവം എന്തായിരിക്കാം?
26 “അന്ത്യകാലത്ത്” ദൈവജനത്തിനു നേരെ ഉണ്ടാകുന്ന ഒരു ആക്രമണത്തെ കുറിച്ചു ദാനീയേലിന്റെ ഒരു സമകാലികൻ ആയിരുന്ന യെഹെസ്കേലും പ്രവചിച്ചു. പോരാട്ടത്തിനു തുടക്കം കുറിക്കുന്നതു മാഗോഗിലെ ഗോഗ് എന്ന പിശാചായ സാത്താൻ ആയിരിക്കുമെന്ന് അവൻ പറഞ്ഞു. (യെഹെസ്കേൽ 38:14, 16) പ്രതീകാത്മകമായി പറഞ്ഞാൽ, ഏതു ദിശയിൽ നിന്നാണു ഗോഗ് വരുക? “വടക്കെ അററത്തുനിന്നു തന്നേ വരു”മെന്ന് യഹോവ യെഹെസ്കേലിലൂടെ പറയുന്നു. (യെഹെസ്കേൽ 38:15) ആക്രമണം എത്ര കഠിനമായിരുന്നാലും അതു യഹോവയുടെ ജനത്തെ നശിപ്പിക്കില്ല. ഗോഗിന്റെ സേനകളെ ഉന്മൂലനം ചെയ്യാനുള്ള യഹോവയുടെ തന്ത്രപരമായ ഒരു നീക്കത്തിന്റെ ഫലമായിരിക്കും വിസ്മയാവഹമായ ഈ ഏറ്റുമുട്ടൽ. അതുകൊണ്ട് യഹോവ സാത്താനോടു പറയുന്നു: “ഞാൻ . . . നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളു”ത്തും. “ഞാൻ നിന്നെ . . . വടക്കെ അററത്തുനിന്നു പുറപ്പെടുവിച്ചു, യിസ്രായേൽപർവ്വതങ്ങളിൽ വരുത്തും.” (യെഹെസ്കേൽ 38:4; 39:2) അതുകൊണ്ട്, വടക്കേദേശത്തെ രാജാവിനെ കോപാക്രാന്തൻ ആക്കുന്ന, “വടക്കുനിന്നും ഉളള” വാർത്ത യഹോവയിൽനിന്ന് ആയിരിക്കണം ഉത്ഭവിക്കുന്നത്. എന്നാൽ “കിഴക്കുനിന്നും വടക്കുനിന്നും ഉളള വർത്തമാനങ്ങ”ളിൽ ഒടുവിൽ എന്തെല്ലാം ഉൾപ്പെടുമെന്നു തീരുമാനിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ. കാലം അതു വെളിപ്പെടുത്തുകയും ചെയ്യും.
27. (എ) യഹോവയുടെ ജനത്തെ ആക്രമിക്കാൻ വടക്കേദേശത്തെ രാജാവ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളെ ഗോഗ് പ്രേരിപ്പിക്കുന്നത് എന്തുകൊണ്ട്? (ബി) ഗോഗിന്റെ ആക്രമണം എങ്ങനെ പരിണമിക്കും?
27 മേലാൽ ലോകത്തിന്റെ ഭാഗമല്ലാത്ത “ദൈവത്തിന്റെ യിസ്രയേ”ലും “വേറെ ആടുക”ളുടെ “മഹാപുരുഷാര”വും അനുഭവിക്കുന്ന സമൃദ്ധിയാണ് സകല ശക്തിയോടുംകൂടെ ഈ ആക്രമണം സംഘടിപ്പിക്കാൻ ഗോഗിനെ പ്രേരിപ്പിക്കുന്നത്. (ഗലാത്യർ 6:16; വെളിപ്പാടു 7:9; യോഹന്നാൻ 10:16; 17:15, 16; 1 യോഹന്നാൻ 5:19) ‘ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും [ആത്മീയ] ധനം സമ്പാദിച്ചും ഇരിക്കുന്ന ഒരു ജനത്തെ’ ഗോഗ് പുച്ഛത്തോടെ നോക്കുന്നു. ക്രിസ്ത്യാനികളുടെ ആത്മീയ സ്ഥിതിയെ, അനായാസം കീഴടക്കാൻ സാധിക്കുന്ന “മതിലില്ലാത്ത ഗ്രാമ”മായി വീക്ഷിച്ചുകൊണ്ടു മനുഷ്യവർഗത്തിന്മേലുളള തന്റെ സമ്പൂർണ നിയന്ത്രണത്തിന് എതിരായുളള ഈ വിലങ്ങുതടിയെ നീക്കം ചെയ്യാൻ ഗോഗ് ഒരു അന്തിമ ശ്രമം നടത്തുന്നു. പക്ഷേ അവൻ പരാജയമടയുന്നു. (യെഹെസ്കേൽ 38:11, 12, 18; 39:4) വടക്കേദേശത്തെ രാജാവ് ഉൾപ്പെടെയുള്ള ഭൂമിയിലെ രാജാക്കന്മാർ യഹോവയുടെ ജനത്തെ ആക്രമിക്കുമ്പോൾ, ആ ആക്രമണകാരികൾ “അന്തരിക്കും.”
‘രാജാവ് അന്തരിക്കും’
28. വടക്കേദേശത്തെയും തെക്കേദേശത്തെയും രാജാക്കന്മാരുടെ ഭാവി സംബന്ധിച്ച് നമുക്ക് എന്ത് അറിയാം?
28 വടക്കേദേശത്തെ രാജാവിന്റെ അന്തിമ ആക്രമണം തെക്കേദേശത്തെ രാജാവിന് എതിരായിട്ടല്ല. അതുകൊണ്ട് വടക്കേദേശത്തെ രാജാവിന്റെ അന്ത്യം അവന്റെ ബദ്ധ ശത്രുവിന്റെ കൈകളാലല്ല. അതുപോലെതന്നെ, തെക്കേദേശത്തെ രാജാവ് നശിപ്പിക്കപ്പെടുന്നതു വടക്കേദേശത്തെ രാജാവിനാലുമല്ല. തെക്കേദേശത്തെ രാജാവ് “[മനുഷ്യ]കൈ തൊടാതെ,” ദൈവരാജ്യത്താലാണു നശിപ്പിക്കപ്പെടുക. a (ദാനീയേൽ 8:25) വാസ്തവത്തിൽ അർമഗെദോൻ യുദ്ധത്തിൽ ഭൂമിയിലെ എല്ലാ രാജാക്കന്മാരും ദൈവരാജ്യത്താൽ നീക്കം ചെയ്യപ്പെടേണ്ടതാണ്. തെളിവനുസരിച്ച്, വടക്കേദേശത്തെ രാജാവിനും അതുതന്നെയാണു സംഭവിക്കുക. (ദാനീയേൽ 2:44) ആ അന്ത്യയുദ്ധത്തിലേക്കു നയിക്കുന്ന സംഭവങ്ങളാണു ദാനീയേൽ 11:44, 45 വിവരിക്കുന്നത്. വടക്കേദേശത്തെ രാജാവ് തന്റെ അന്ത്യത്തോട് അടുക്കുമ്പോൾ, ‘ആരും അവനെ രക്ഷിക്കയി’ല്ലെന്നുള്ളതിൽ അതിശയിക്കാനില്ല!
[അടിക്കുറിപ്പുകൾ]
a ഈ പുസ്തകത്തിന്റെ 10-ാം അധ്യായം കാണുക.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നു വടക്കേദേശത്തെ രാജാവിന്റെ തനിമയ്ക്കു മാറ്റം വന്നത് എങ്ങനെ?
• ഒടുവിൽ വടക്കേദേശത്തെ രാജാവിനും തെക്കേ ദേശത്തെ രാജാവിനും എന്തു സംഭവിക്കും?
• രണ്ടു രാജാക്കന്മാർ തമ്മിലുള്ള പോരാട്ടത്തെ സംബന്ധിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുത്തതിൽനിന്നു നിങ്ങൾ എങ്ങനെ പ്രയോജനം നേടിയിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[284-ാം പേജിലെ ചാർട്ട്/ചിത്രം]
ദാനീയേൽ 11-ാം അധ്യായത്തിലെ രാജാക്കന്മാർ
വടക്കേദേശത്തെ തെക്കേദേശത്തെ
രാജാവ് രാജാവ്
ദാനീയേൽ 11:5 സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ ടോളമി ഒന്നാമൻ
ദാനീയേൽ 11:6 ആന്റിയോക്കസ് രണ്ടാമൻ ടോളമി രണ്ടാമൻ (ഭാര്യ ലവോദിസ്) (പുത്രി ബെറനൈസി)
ദാനീയേൽ 11:7-9 സെല്യൂക്കസ് രണ്ടാമൻ ടോളമി മൂന്നാമൻ
ദാനീയേൽ 11:10-12 ആന്റിയോക്കസ് മൂന്നാമൻ ടോളമി നാലാമൻ
ദാനീയേൽ 11:13-19 ആന്റിയോക്കസ് മൂന്നാമൻ ടോളമി അഞ്ചാമൻ
(പുത്രി ഒന്നാം ക്ലിയോപാട്ര) പിൻഗാമി: ടോളമി പിൻഗാമികൾ: ആറാമൻ
സെല്യൂക്കസ് നാലാമനും
ആന്റിയോക്കസ് നാലാമനും
ദാനീയേൽ 11:20 അഗസ്റ്റസ്
ദാനീയേൽ 11:21-24 തീബെര്യൊസ്
ദാനീയേൽ 11:25, 26 ഔറേലിയൻ സെനോബിയ രാജ്ഞി
റോമാ സാമ്രാജ്യം
തകരുന്നു
ദാനീയേൽ 11:27-30എ ജർമൻ സാമ്രാജ്യം ബ്രിട്ടൻ, തുടർന്ന്
(ഒന്നാം ലോകമഹായുദ്ധം) ആംഗ്ലോ-അമേരിക്കൻ
ലോകശക്തി
ദാനീയേൽ 11:30ബി, 31 ഹിറ്റ്ലറുടെ മൂന്നാം റൈച്ച് ആംഗ്ലോ-അമേരിക്കൻ
(രണ്ടാം ലോകമഹായുദ്ധം) ലോകശക്തി
ദാനീയേൽ 11:32-43 കമ്മ്യൂണിസ്റ്റ് ബ്ലോക്ക് ആംഗ്ലോ-അമേരിക്കൻ
(ശീതയുദ്ധം) ലോകശക്തി
ദാനീയേൽ 11:44, 45 വരാനിരിക്കുന്നു b ആംഗ്ലോ-അമേരിക്കൻ
ലോകശക്തി
[അടിക്കുറിപ്പ്]
b വ്യത്യസ്ത കാലങ്ങളിൽ വടക്കേദേശത്തെ രാജാവിന്റെയും തെക്കേദേശത്തെ രാജാവിന്റെയും സ്ഥാനം അലങ്കരിക്കുന്ന രാഷ്ട്രീയ ഘടകങ്ങളുടെ പേരുകൾ ദാനീയേൽ 11-ാം അധ്യായത്തിലെ പ്രവചനം മുൻകൂട്ടി പറയുന്നില്ല. സംഭവങ്ങൾ നടക്കാൻ തുടങ്ങിയ ശേഷം മാത്രമേ അവ ഏതെന്നു വ്യക്തമാകുകയുള്ളൂ. അതിനു പുറമേ, പോരാട്ടം നടക്കുന്നതു ഘട്ടംഘട്ടമായിട്ട് ആയതിനാൽ പോരാട്ടം ഇല്ലാത്ത കാലയളവുകളും ഉണ്ട്—ഒരു രാജാവ് നിഷ്ക്രിയൻ ആയിരിക്കുമ്പോൾ മറ്റവൻ ആധിപത്യം പുലർത്തുന്നു.
[271-ാം പേജ് നിറയെയുള്ള ചിത്രം]
[279-ാം പേജിലെ ചിത്രങ്ങൾ]
തെക്കേദേശത്തെ രാജാവിനാലുള്ള ‘സമ്മർദം ചെലുത്തലിൽ’ ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചാരവൃത്തിയും സൈനിക നടപടിയുടെ ഭീഷണിയും ഉൾപ്പെട്ടിരിക്കുന്നു