അധ്യായം അഞ്ച്
ശൈശവംമുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക
1, 2. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ മാതാപിതാക്കൾ സഹായത്തിനായി നോക്കേണ്ടത് ആരിലേക്ക്?
“മക്കൾ, യഹോവ നല്കുന്ന അവകാശ”മാകുന്നുവെന്നു വിലമതിപ്പുള്ള ഒരു പിതാവ് 3,000 വർഷംമുമ്പ് ഉദ്ഘോഷിക്കുകയുണ്ടായി. (സങ്കീർത്തനം 127:3) തീർച്ചയായും, മാതൃ-പിതൃത്വത്തിന്റെ സന്തോഷം ദൈവത്തിൽനിന്നുള്ള വിലതീരാത്ത ഒരു പ്രതിഫലമാണ്. മിക്ക വിവാഹിതർക്കും അതു ലഭ്യമാണുതാനും. എന്നാൽ, മാതൃ-പിതൃത്വം സന്തോഷത്തോടൊപ്പം ഉത്തരവാദിത്വങ്ങളും കൈവരുത്തുന്നുവെന്നു കുട്ടികളുള്ളവർ പെട്ടെന്നുതന്നെ തിരിച്ചറിയുന്നു.
2 വിശേഷിച്ചും ഇന്ന്, കുട്ടികളെ വളർത്തിക്കൊണ്ടുവരികയെന്നത് ഒരു വിഷമകരമായ ദൗത്യംതന്നെയാണ്. എന്നാൽ അനേകരും അതു വിജയകരമായി ചെയ്തിട്ടുണ്ട്. നിശ്വസ്ത സങ്കീർത്തനക്കാരൻ അത് എങ്ങനെയെന്നു സൂചിപ്പിക്കുന്നുണ്ട്. “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു,” അവൻ പറഞ്ഞു. (സങ്കീർത്തനം 127:1) നിങ്ങൾ യഹോവയുടെ പ്രബോധനങ്ങൾ എത്രയധികം അടുത്തു പിൻപറ്റുന്നുവോ അത്രയധികം നല്ല മാതാവോ പിതാവോ ആയിത്തീരുന്നതായിരിക്കും. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 3:5) കുട്ടിയെ വളർത്തിക്കൊണ്ടുവരുന്ന 20 വത്സര പദ്ധതിയിൽ ഏർപ്പെടുമ്പോൾ, യഹോവയുടെ ബുദ്ധ്യുപദേശം ശ്രദ്ധിക്കാൻ നിങ്ങൾക്കു മനസ്സൊരുക്കമുണ്ടോ?
ബൈബിളിന്റെ കാഴ്ചപ്പാടു സ്വീകരിക്കൽ
3. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ പിതാക്കന്മാർക്ക് എന്ത് ഉത്തരവാദിത്വമാണുള്ളത്?
3 ലോകമെമ്പാടുമുള്ള അനേകം ഭവനങ്ങളിൽ, പുരുഷന്മാർ കുട്ടികളുടെ പരിശീലനത്തെ കാണുന്നതു മുഖ്യമായും സ്ത്രീകളുടെ ജോലിയായാണ്. അഹോവൃത്തിക്കു വക കണ്ടെത്തുന്നതിൽ മുഖ്യപങ്കു പിതാവിനാണെന്നു ദൈവവചനം സൂചിപ്പിക്കുന്നുവെന്നതു സത്യംതന്നെ. എന്നാൽ, ഭവനത്തിൽ അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങളുണ്ടെന്നും അതു പറയുന്നുണ്ട്. ബൈബിൾ ഇങ്ങനെ പറയുന്നു: “വെളിയിൽ നിന്റെ വേല ചെയ്ക; വയലിൽ എല്ലാം തീർക്കുക; പിന്നെത്തേതിൽ നിന്റെ വീടു പണിയുക.” (സദൃശവാക്യങ്ങൾ 24:27) ദൈവത്തിന്റെ വീക്ഷണത്തിൽ, പിതാക്കന്മാരും മാതാക്കളും കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ പങ്കാളികളാണ്.—സദൃശവാക്യങ്ങൾ 1:8, 9.
4. നാം ആൺകുട്ടികളെ പെൺകുട്ടികളെക്കാൾ ശ്രേഷ്ഠരായി വീക്ഷിക്കരുതാത്തത് എന്തുകൊണ്ട്?
4 നിങ്ങൾ എങ്ങനെയാണു നിങ്ങളുടെ കുട്ടികളെ വീക്ഷിക്കുന്നത്? ഏഷ്യയിൽ “പെൺകുഞ്ഞുങ്ങൾക്കു പലപ്പോഴും ശരിയായ സ്വാഗതം ലഭിക്കുന്നില്ല” എന്നു റിപ്പോർട്ടുകൾ പറയുന്നു. ലാറ്റിനമേരിക്കയിൽ പെൺകുട്ടികളോടുള്ള പക്ഷപാതം ഇപ്പോഴും, “കൂടുതൽ പ്രബുദ്ധമായ കുടുംബങ്ങളിൽ”പ്പോലും, നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, പെൺകുട്ടികൾ രണ്ടാംതരം മക്കളല്ലെന്നതാണു സത്യം. പുരാതന നാളിലെ ഒരു ശ്രദ്ധേയനായ പിതാവ്, യാക്കോബ്, അന്നുവരെ തനിക്കു ജനിച്ച പെൺമക്കളുൾപ്പെടെയുള്ള എല്ലാ മക്കളെയും വർണിച്ചത് “[എനിക്കു] ദൈവം കനിഞ്ഞു നൽകിയിരിക്കുന്ന മക്കൾ” എന്നാണ്. (ഉൽപ്പത്തി 33:1-5, NW; 37:35) അതുപോലെ, തന്റെ അടുക്കൽ കൊണ്ടുവന്ന എല്ലാ “ശിശുക്കളെ”യും (ആൺകുഞ്ഞുങ്ങളെയും പെൺകുഞ്ഞുങ്ങളെയും) യേശു അനുഗ്രഹിച്ചു. (മത്തായി 19:13-15) അവൻ യഹോവയുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുകയായിരുന്നുവെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—ആവർത്തനപുസ്തകം 16:14.
5. ദമ്പതികൾ കുടുംബത്തിന്റെ വലിപ്പം സംബന്ധിച്ചു തീരുമാനിക്കുമ്പോൾ എന്തെല്ലാം സംഗതികൾ പരിചിന്തിക്കണം?
5 ഒരു സ്ത്രീക്കു തന്നാലാവുന്നിടത്തോളം കുട്ടികൾക്കു ജന്മമേകാൻ നിങ്ങളുടെ സമുദായം പ്രതീക്ഷിക്കുന്നുണ്ടോ? തങ്ങൾക്ക് എത്ര കുട്ടികൾ വേണമെന്നത്, ഉചിതമായും, വിവാഹ ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ്. അനേകം കുട്ടികളെ തീറ്റിപ്പോറ്റാനും അവർക്കുവേണ്ട വസ്ത്രവും വിദ്യാഭ്യാസവും നൽകാനും മാതാപിതാക്കൾക്കു വകയില്ലെങ്കിലോ? തീർച്ചയായും, തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം നിശ്ചയിക്കുമ്പോൾ, ദമ്പതികൾ ഇതു പരിചിന്തിക്കണം. എല്ലാ കുട്ടികളെയും പിന്തുണയ്ക്കാൻ കഴിയാനാവാത്ത ചില ദമ്പതികൾ, അവരിൽ ചിലരെ വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്വം ബന്ധുക്കളെ ഏൽപ്പിക്കുന്നു. ഈ നടപടി അഭികാമ്യമാണോ? തീർച്ചയായും അല്ല. അതു കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വത്തിൽനിന്ന് അവരെ ഒഴിവാക്കുന്നില്ല. “തനിക്കുള്ളവർക്കും [“സ്വന്തക്കാർക്കും,” NW] പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ് 5:8) ‘സ്വന്തക്കാർക്കുവേണ്ടി കരുതാൻ’ കഴിയേണ്ടതിന് ഉത്തരവാദിത്വബോധമുള്ള ദമ്പതികൾ തങ്ങളുടെ “കുടുംബ”ത്തിന്റെ വലിപ്പം ആസൂത്രണം ചെയ്യാൻ ശ്രമിക്കുന്നു. ഇതു ചെയ്യാൻ അവർക്കു ജനനനിയന്ത്രണ മാർഗങ്ങൾ അവലംബിക്കാനാവുമോ? അതും വ്യക്തിപരമായ തീരുമാനമാണ്. വിവാഹ ദമ്പതികൾ ഈ ഗതി പിന്തുടരാൻ തീരുമാനിക്കുന്നപക്ഷം, ഏതുതരം ഗർഭനിരോധനമാർഗങ്ങൾ വേണമെന്നതും വ്യക്തിപരമായ സംഗതിയാണ്. “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:5) എന്നാൽ ഗർഭച്ഛിദ്രത്തിന്റെ ഏതെങ്കിലും വിധം ഉൾക്കൊള്ളുന്ന ജനനനിയന്ത്രണം ബൈബിൾ തത്ത്വങ്ങൾക്ക് എതിരാണ്. “ജീവന്റെ ഉറവു” യഹോവയാം ദൈവമാണ്. (സങ്കീർത്തനം 36:9) അതുകൊണ്ട്, ഗർഭസ്ഥ ശിശുവിന്റെ ജീവൻ നുള്ളിക്കളയുന്നതു യഹോവയോടുള്ള കടുത്ത അനാദരവിനെ പ്രകടമാക്കും. മാത്രവുമല്ല, അതു കൊലപാതകത്തിനു തുല്യമാണുതാനും.—പുറപ്പാടു 21:22, 23; സങ്കീർത്തനം 139:16; യിരെമ്യാവു 1:5.
നിങ്ങളുടെ കുട്ടിയുടെ ആവശ്യങ്ങൾ നിറവേറ്റൽ
6. ഒരു കുട്ടിയുടെ പരിശീലനം തുടങ്ങേണ്ടത് എപ്പോൾ?
6 സദൃശവാക്യങ്ങൾ 22:6 പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക.” കുട്ടികളെ പരിശീലിപ്പിക്കുന്നതു മാതാപിതാക്കളുടെ മറ്റൊരു വലിയ കടമയാണ്. എന്നാൽ, ആ പരിശീലനം തുടങ്ങേണ്ടത് എപ്പോഴാണ്? വളരെ നേരത്തെതന്നെ. തിമോത്തിക്കു “ശൈശവം മുതൽ” പരിശീലനം ലഭിച്ചിരുന്നുവെന്നു പൗലോസ് അപ്പോസ്തലൻ രേഖപ്പെടുത്തുകയുണ്ടായി. (2 തിമോത്തി 3:15, NW) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിന് ഒരു കൊച്ചുകുട്ടിയെയോ അജാത ശിശുവിനെയോ പോലും പരാമർശിക്കാവുന്നതാണ്. (ലൂക്കൊസ് 1:41, 44; പ്രവൃത്തികൾ 7:18-20) അതുകൊണ്ട്, നന്നേ ചെറുപ്പത്തിൽത്തന്നെ തിമോത്തിക്കു പരിശീലനം ലഭിച്ചു—അത് അങ്ങനെതന്നെ വേണമായിരുന്നുതാനും. ഒരു കുട്ടിക്കു പരിശീലനം കൊടുത്തുതുടങ്ങുന്നതിന് ഏറ്റവും പറ്റിയ സമയമാണു ശൈശവം. ഇളംപൈതലിനുപോലും അറിവിനായുള്ള വിശപ്പുണ്ട്.
7. (എ) മാതാപിതാക്കൾ കുട്ടിയുമായി ഒരു അടുത്ത ബന്ധം വികസിപ്പിച്ചെടുക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ആരംഭംമുതലേ യഹോവയ്ക്കും അവന്റെ ഏകജാത പുത്രനും ഇടയിൽ എന്തു ബന്ധം നിലനിന്നിരുന്നു?
7 “ഞാൻ എന്റെ കുട്ടിയെ ആദ്യമായി കണ്ടപ്പോൾത്തന്നെ എനിക്ക് അവനോടു സ്നേഹം തോന്നി,” ഒരു അമ്മ പറയുന്നു. മിക്ക അമ്മമാർക്കും അങ്ങനെയാണ്. ജനിച്ചതിനുശേഷം അവർ ഒരുമിച്ചു സമയം ചെലവിടുന്നതോടെ അമ്മയ്ക്കും കുഞ്ഞിനുമിടയിലുള്ള ഹൃദ്യമായ ആ ബന്ധം പുഷ്ടിപ്രാപിക്കുകയായി. മുലയൂട്ടൽ ആ ഉറ്റബന്ധത്തെ കൂടുതൽ ദൃഢീകരിക്കുന്നു. (1 തെസ്സലൊനീക്യർ 2:7 താരതമ്യം ചെയ്യുക.) കുട്ടിയെ അമ്മ താലോലിക്കുന്നതും അതിനോടു സംസാരിക്കുന്നതും കുട്ടിയുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു നിർണായകമാണ്. (യെശയ്യാവു 66:12 താരതമ്യം ചെയ്യുക.) എന്നാൽ പിതാവോ? തന്റെ പുതിയ കുഞ്ഞുമായി ഒരു ഉറ്റബന്ധം അദ്ദേഹവും ഉണ്ടാക്കിയെടുക്കണം. യഹോവതന്നെയും ഇതിനൊരു മാതൃകയാണ്. സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിൽ, തന്റെ ഏകജാത പുത്രനുമായുള്ള യഹോവയുടെ ബന്ധത്തെക്കുറിച്ചു നാം മനസ്സിലാക്കുന്നു. യേശു അവിടെ ഇങ്ങനെ പറയുന്നതായി പ്രതിനിധാനം ചെയ്യപ്പെടുന്നു: “യഹോവ . . . തന്റെ വഴിയുടെ ആരംഭമായി . . . എന്നെ ഉളവാക്കി. ഞാൻ . . . ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു.” (സദൃശവാക്യങ്ങൾ 8:22, 30; യോഹന്നാൻ 1:14) അതുപോലെ, ഒരു നല്ല പിതാവു തന്റെ കുട്ടിയുമായി അതിന്റെ ജീവിതത്തിന്റെ ആരംഭംമുതൽ ഊഷ്മളമായ, സ്നേഹപുരസ്സരമായ ബന്ധം നട്ടുവളർത്തുന്നു. “വളരെയധികം സ്നേഹം കാട്ടുക. ആശ്ലേഷണങ്ങളും ചുംബനങ്ങളും നിമിത്തം ഇന്നുവരെ ഒരു കുട്ടിയും മരിച്ചിട്ടില്ല,” ഒരു പിതാവു പറയുന്നു.
8. കഴിയുന്നത്ര നേരത്തെ മാതാപിതാക്കൾ ശിശുക്കൾക്ക് എന്തു മാനസികോത്തേജനം കൊടുക്കണം?
8 എന്നാൽ കുഞ്ഞുങ്ങൾക്ക് അതുമാത്രം പോര. ജനിച്ച നിമിഷംമുതൽ, അവരുടെ മസ്തിഷ്കം വിവരങ്ങൾ സ്വീകരിക്കാനും സംഭരിക്കാനും തയ്യാറാണ്. അതിനുള്ള പ്രാഥമിക ഉറവിടം മാതാപിതാക്കളാണ്. ഒരുദാഹരണം ഭാഷതന്നെ. സംസാരിക്കാനും വായിക്കാനും എത്ര നന്നായി ഒരു കുട്ടി പഠിക്കുന്നുവെന്നത് “മാതാപിതാക്കളുമായുള്ള കുട്ടിയുടെ ആദ്യകാല ഇടപെടലുകളുടെ സ്വഭാവവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു”വെന്നു ഗവേഷകർ പറയുന്നു. ശൈശവംമുതൽ കുട്ടിയോടു സംസാരിക്കുകയും അവനെ വായിച്ചുകേൾപ്പിക്കുകയും ചെയ്യുക. താമസിയാതെ അവൻ നിങ്ങളെ അനുകരിക്കാൻ ആഗ്രഹിക്കും. ഏറെ താമസിയാതെ, നിങ്ങൾ അവനെ വായിക്കാൻ പഠിപ്പിക്കും. സ്കൂളിൽ പോകുന്നതിനുമുമ്പുതന്നെ അവൻ വായിക്കാനുള്ള പ്രാപ്തി നേടാൻ സാധ്യതയുണ്ട്. അധ്യാപകർ കുറവും വിദ്യാർഥികൾ തിങ്ങിനിറഞ്ഞ സ്കൂളുകളും ഉള്ള ഒരു രാജ്യത്താണു നിങ്ങൾ പാർക്കുന്നതെങ്കിൽ, അതു വിശേഷാൽ സഹായകമായിരിക്കും.
9. മാതാപിതാക്കൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്ത്?
9 കുട്ടിയുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുകയാണു ക്രിസ്തീയ മാതാപിതാക്കളുടെ പ്രഥമ താത്പര്യം. (ആവർത്തനപുസ്തകം 8:3 കാണുക.) എന്തു ലക്ഷ്യത്തോടെ? ക്രിസ്തുസമാന വ്യക്തിത്വം വികസിപ്പിച്ചെടുക്കുന്നതിന്, ഫലത്തിൽ “പുതിയ വ്യക്തിത്വം” ധരിക്കുന്നതിന്, തങ്ങളുടെ കുട്ടിയെ സഹായിക്കാൻ. (എഫേസ്യർ 4:24, NW) ഇതിനായി അവർ ഉചിതമായ നിർമാണ വസ്തുക്കളെയും ഉചിതമായ നിർമാണ രീതികളെയും കുറിച്ചു ചിന്തിക്കേണ്ടയാവശ്യമുണ്ട്.
നിങ്ങളുടെ കുട്ടിയിൽ സത്യം ഉൾനടുക
10. കുട്ടികൾ ഏതെല്ലാം ഗുണങ്ങൾ വികസിപ്പിച്ചെടുക്കണം?
10 ഒരു കെട്ടിടത്തിന്റെ ഗുണമേന്മ ഏറിയകൂറും അതിന്റെ ഘടനയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ഇനത്തെ ആശ്രയിച്ചിരിക്കുന്നു. ക്രിസ്തീയ വ്യക്തിത്വങ്ങൾക്കുവേണ്ടിയുള്ള ഏറ്റവും നല്ല നിർമാണ വസ്തുക്കൾ “പൊന്നു, വെള്ളി, വിലയേറിയ കല്ലു” എന്നിവയാണെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (1 കൊരിന്ത്യർ 3:10-12) അവ വിശ്വാസം, ജ്ഞാനം, വിവേചന, വിശ്വസ്തത, ആദരവ്, യഹോവയോടും അവന്റെ നിയമങ്ങളോടുമുള്ള സ്നേഹപുരസ്സരമായ വിലമതിപ്പ് എന്നിങ്ങനെയുള്ള ഗുണങ്ങളെ പ്രതിനിധാനം ചെയ്യുന്നു. (സങ്കീർത്തനം 19:7-11; സദൃശവാക്യങ്ങൾ 2:1-6; 3:13, 14) കുട്ടിക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ ഈ ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ മാതാപിതാക്കൾക്കു കുട്ടികളെ എങ്ങനെ സഹായിക്കാനാവും? വളരെനാളുകൾക്കു മുമ്പു രേഖപ്പെടുത്തിയിരിക്കുന്ന ഒരു നടപടി പിൻപറ്റിക്കൊണ്ട്.
11. ദൈവിക വ്യക്തിത്വങ്ങൾ വികസിപ്പിച്ചെടുക്കാൻ ഇസ്രായേല്യ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സഹായിച്ചതെങ്ങനെ?
11 ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്, യഹോവ ഇസ്രായേല്യ മാതാപിതാക്കളോടു പറഞ്ഞു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കണം; നീ അവയെ നിന്റെ പുത്രനിൽ ഉൾനടുകയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്തകം 6:6, 7, NW) അതേ, മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു മാതൃകകളും കൂട്ടുകാരും ഉപദേഷ്ടാക്കളും അവരുമായി ആശയവിനിയമം നടത്തുന്നവരും ആയിരിക്കേണ്ടതുണ്ട്.
12. മാതാപിതാക്കൾ നല്ല മാതൃകകൾ ആയിരിക്കേണ്ടതു മർമപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
12 ഒരു മാതൃകയായിരിക്കുക. യഹോവ ഇങ്ങനെ പറഞ്ഞു: ഒന്നാമതായി, “ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: പിന്നീട്, ‘നീ അവയെ നിന്റെ പുത്രനിൽ ഉൾനടണം.’ അതുകൊണ്ട്, ദൈവിക ഗുണങ്ങൾ ആദ്യം പിതാവിന്റെ ഹൃദയത്തിലുണ്ടായിരിക്കണം. പിതാവു സത്യത്തെ സ്നേഹിക്കുകയും അതനുസരിച്ചു ജീവിക്കുകയും വേണം. അപ്പോൾ മാത്രമേ അയാൾക്കു കുട്ടിയുടെ ഹൃദയത്തിലെത്താൻ കഴിയുകയുള്ളൂ. (സദൃശവാക്യങ്ങൾ 20:7) എന്തുകൊണ്ട്? തങ്ങൾ കേൾക്കുന്നതിനെക്കാളുപരി കാണുന്നതിനാലാണു കുട്ടികൾ സ്വാധീനിക്കപ്പെടുന്നത് എന്നതാണ് അതിന്റെ കാരണം.—ലൂക്കൊസ് 6:40; 1 കൊരിന്ത്യർ 11:1.
13. തങ്ങളുടെ കുട്ടികൾക്കു ശ്രദ്ധകൊടുക്കുന്നതിൽ ക്രിസ്തീയ മാതാപിതാക്കൾക്കു യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയുന്നതെങ്ങനെ?
13 ഒരു സുഹൃത്തായിരിക്കുക. യഹോവ ഇസ്രായേലിനോട് ഇങ്ങനെ പറഞ്ഞു: ‘നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും നിന്റെ മക്കളോടു സംസാരിക്കണം.’ മാതാപിതാക്കൾക്ക് എത്ര തിരക്കുണ്ടായിരുന്നാലും അവർ കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്നത് ഇത് ആവശ്യമാക്കിത്തീർക്കുന്നു. തന്റെ സമയം ലഭിക്കാൻ കുട്ടികൾക്ക് അർഹതയുണ്ടായിരുന്നുവെന്നു യേശുവിനു തോന്നിയെന്നതു വ്യക്തമാണ്. അവന്റെ ശുശ്രൂഷയുടെ അവസാന നാളുകളിൽ, “അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.” യേശുവിന്റെ പ്രതികരണം എന്തായിരുന്നു? “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” (മർക്കൊസ് 10:13, 16) യേശുവിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകൾ വളരെ അടുത്തെത്തിക്കഴിഞ്ഞിരുന്നുവെന്ന സംഗതി വിഭാവന ചെയ്യുക. എന്നിട്ടും, അവൻ ആ കുട്ടികൾക്കു തന്റെ സമയവും ശ്രദ്ധയും കൊടുത്തു. എന്തൊരു ഉത്തമ പാഠം!
14. കുട്ടികളോടൊത്തു സമയം ചെലവിടുന്നതു മാതാപിതാക്കൾക്കു പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
14 ആശയവിനിയമം നടത്തുന്നയാളായിരിക്കുക. നിങ്ങളുടെ കുട്ടികളോടൊത്തു സമയം ചെലവിടുന്നത് അവനുമായി ആശയവിനിയമം ചെയ്യാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ എത്രയധികം ആശയവിനിയമം ചെയ്യുന്നുവോ അത്രയധികം മെച്ചമായി നിങ്ങൾ അവന്റെ വ്യക്തിത്വം എങ്ങനെ വികാസംപ്രാപിക്കുന്നുവെന്നു വിവേചിക്കും. എന്നാൽ, ഓർക്കുക, കേവലം സംസാരിക്കുന്നതല്ല ആശയവിനിമയം. ബ്രസീലിലെ ഒരു മാതാവ് ഇങ്ങനെ പറഞ്ഞു: “എനിക്കു ശ്രദ്ധിക്കൽകല, ഹൃദയത്തിൽനിന്നു ശ്രദ്ധിക്കൽ, വികസിപ്പിച്ചെടുക്കേണ്ടതുണ്ടായിരുന്നു.” അവരുടെ ക്ഷമകൊണ്ടു ഫലമുണ്ടായി. പുത്രൻ അവന്റെ വികാരങ്ങൾ അവരുമായി പങ്കുവെക്കാൻ തുടങ്ങി.
15. വിനോദത്തിന്റെ കാര്യത്തിൽ എന്തു മനസ്സിൽപ്പിടിക്കേണ്ടതുണ്ട്?
15 “ചിരിപ്പാൻ ഒരു കാല”വും “നൃത്തം ചെയ്വാൻ ഒരു കാല”വും വിനോദത്തിന് ഒരു കാലവും കുട്ടികൾക്ക് ആവശ്യമാണ്. (സഭാപ്രസംഗി 3:1, 4; സെഖര്യാവു 8:5) മാതാപിതാക്കളും കുട്ടികളും ഒരുമിച്ച് ആസ്വദിക്കുമ്പോൾ വിനോദം വളരെ ഫലോത്പാദകമാണ്. അനേകം ഭവനങ്ങളിലും വിനോദമെന്നതിന്റെ അർഥം ടെലിവിഷൻ വീക്ഷിക്കലാണ് എന്നത് സങ്കടകരമായ ഒരു വസ്തുതയാണ്. ചില ടെലിവിഷൻ പരിപാടികൾ വിനോദപരമായിരുന്നേക്കാമെങ്കിലും, നല്ല മൂല്യങ്ങളെ തകർക്കുന്നതാണ് അവയിൽ അനേകവും. തന്നെയുമല്ല, ടെലിവിഷൻ വീക്ഷിക്കൽ കുടുംബത്തിനുള്ളിലെ ആശയവിനിമയത്തിനു വഴിമുടക്കിയെന്നുംവരാം. അതുകൊണ്ട്, നിങ്ങളുടെ കുട്ടികളോടൊപ്പം സർഗാത്മകമായ എന്തെങ്കിലും ചെയ്യരുതോ? പാട്ടുപാടുക, കളിക്കുക, സുഹൃത്തുക്കളുമായി സഹവാസത്തിലേർപ്പെടുക, രമണീയമായ സ്ഥലങ്ങൾ സന്ദർശിക്കുക. അത്തരം പ്രവർത്തനങ്ങൾ ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുന്നു.
16. യഹോവയെക്കുറിച്ചു മാതാപിതാക്കൾ കുട്ടികളെ എന്തു പഠിപ്പിക്കണം, അവർ അത് എങ്ങനെ ചെയ്യണം?
16 ഒരു ഉപദേഷ്ടാവായിരിക്കുക. “നീ [ഈ വചനങ്ങൾ] നിന്റെ പുത്രനിൽ ഉൾനടണം,” യഹോവ പറഞ്ഞു. എന്ത്, എങ്ങനെ പഠിപ്പിക്കണമെന്നു സന്ദർഭം നിങ്ങളോടു പറയുന്നു. ആദ്യമായി, “നിന്റെ ദൈവമായ യഹോവയെ നീ പൂർണഹൃദയത്തോടും പൂർണദേഹിയോടും മുഴുജീവശക്തിയോടും കൂടെ സ്നേഹിക്കണം.” (ആവർത്തനപുസ്തകം 6:5, NW) പിന്നെ, ‘ഈ വചനങ്ങൾ നീ ഉൾനടണം.’ യഹോവയോടും അവന്റെ നിയമങ്ങളോടും മുഴുദേഹിയോടെയുള്ള സ്നേഹം വികസിപ്പിച്ചെടുക്കാനുള്ള ലക്ഷ്യത്തിൽ പ്രബോധനം നൽകുക. (എബ്രായർ 8:10 താരതമ്യം ചെയ്യുക.) “ഉൾനടുക” എന്ന പദത്തിന്റെ അർഥം ആവർത്തനത്താൽ പഠിപ്പിക്കുകയെന്നാണ്. അതുകൊണ്ട്, ഫലത്തിൽ, ഒരു ദൈവിക വ്യക്തിത്വം വികസിപ്പിച്ചെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കാനുള്ള പ്രാഥമിക മാർഗം സ്ഥിരമായ അടിസ്ഥാനത്തിൽ അവനെക്കുറിച്ചു സംസാരിക്കുകയാണെന്നു യഹോവ നിങ്ങളോടു പറയുന്നു. അവരുമായി ക്രമമായ ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
17. മാതാപിതാക്കൾ തങ്ങളുടെ കുട്ടിയിൽ എന്തു വളർത്തിയെടുക്കേണ്ടതുണ്ടായിരിക്കാം? എന്തുകൊണ്ട്?
17 വിവരങ്ങൾ കുട്ടിയുടെ ഹൃദയത്തിലെത്തിക്കുകയെന്നത് എളുപ്പമല്ലെന്നു മിക്ക മാതാപിതാക്കൾക്കും അറിയാം. പത്രോസ് അപ്പോസ്തലൻ സഹക്രിസ്ത്യാനികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ [“വാഞ്ഛ ഉളവാക്കുവിൻ,” NW].” (1 പത്രൊസ് 2:2) “വാഞ്ഛ ഉളവാക്കുവിൻ” എന്ന പ്രയോഗം, അനേകർക്കും ആത്മീയ ആഹാരത്തിനുവേണ്ടി സ്വാഭാവിക വിശപ്പില്ലെന്നു സൂചിപ്പിക്കുന്നു. തങ്ങളുടെ കുട്ടികളിൽ ആ വാഞ്ഛ വളർത്തിയെടുക്കാൻ മാതാപിതാക്കൾ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടായിരിക്കാം.
18. അനുകരിക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്ന, യേശുവിന്റെ ചില പഠിപ്പിക്കൽ രീതികൾ ഏതെല്ലാം?
18 ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചുകൊണ്ട് യേശു ഹൃദയങ്ങളിലെത്തിച്ചേർന്നു. (മർക്കൊസ് 13:34; ലൂക്കൊസ് 10:29-37) കുട്ടികളുടെ കാര്യത്തിൽ ഈ പഠിപ്പിക്കൽവിധം വിശേഷാൽ ഫലപ്രദമാണ്. വർണശബളവും രസകരവുമായ കഥകൾ, ഒരുപക്ഷേ എന്റെ ബൈബിൾ കഥാപുസ്തകത്തിൽ കാണുന്നവ, ഉപയോഗിച്ചുകൊണ്ട് ബൈബിൾ തത്ത്വങ്ങൾ പഠിപ്പിക്കുക. * കുട്ടികളെ അതിൽ ആമഗ്നരാകാൻ ഇടയാക്കുക. ബൈബിൾ സംഭവങ്ങൾ ചിത്രീകരിക്കുന്നതിലും അഭിനയിച്ചുകാട്ടുന്നതിലും അവർ അവരുടെ സർഗവാസന ഉപയോഗിക്കട്ടെ. യേശു ചോദ്യങ്ങളും ഉപയോഗിച്ചു. (മത്തായി 17:24-27) അവന്റെ രീതി നിങ്ങളുടെ കുടുംബ അധ്യയനത്തിൽ അനുകരിക്കുക. ദൈവത്തിന്റെ ഒരു നിയമം കേവലം പ്രസ്താവിക്കുന്നതിനുപകരം, ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുക: യഹോവ ഈ നിയമം നമുക്കു നൽകിയതെന്തുകൊണ്ട്? നമ്മൾ അതു പാലിക്കുന്നപക്ഷം എന്തു സംഭവിക്കും? നമ്മൾ അതു പാലിക്കാത്തപക്ഷം എന്തു സംഭവിക്കും? ന്യായവാദം ചെയ്യാനും ദൈവനിയമങ്ങൾ പ്രായോഗികവും നല്ലതുമാണെന്നു മനസ്സിലാക്കാനും അത്തരം ചോദ്യങ്ങൾ ഒരു കുട്ടിയെ സഹായിക്കും.—ആവർത്തനപുസ്തകം 10:13.
19. തങ്ങളുടെ കുട്ടികളുമായുള്ള ഇടപെടലിൽ മാതാപിതാക്കൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നെങ്കിൽ, കുട്ടികൾ ഏതു മഹത്തായ പ്രയോജനങ്ങൾ അനുഭവിക്കും?
19 ഒരു മാതൃകയും സുഹൃത്തും ആശയവിനിയമം നടത്തുന്നയാളും ഉപദേഷ്ടാവും ആയിരിക്കുന്നതിനാൽ, നിങ്ങൾക്കു നിങ്ങളുടെ കുട്ടിയെ യഹോവയാം ദൈവവുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം രൂപപ്പെടുത്തിയെടുക്കാൻ ആദ്യവർഷങ്ങൾമുതൽതന്നെ സഹായിക്കാനാവും. ഒരു ക്രിസ്ത്യാനി എന്നനിലയിൽ, സന്തുഷ്ടനായിരിക്കാൻ ഈ ബന്ധം നിങ്ങളുടെ കുട്ടിയെ സഹായിക്കും. സഹപാഠികളിൽനിന്നുള്ള സമ്മർദവും പ്രലോഭനങ്ങളും നേരിടുമ്പോൾ, തന്റെ വിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കാൻ അവൻ കഠിനമായി പ്രയത്നിക്കും. ഈ അമൂല്യ ബന്ധത്തെ വിലമതിക്കാൻ എല്ലായ്പോഴും അവനെ സഹായിക്കുക.—സദൃശവാക്യങ്ങൾ 27:11.
ശിക്ഷണത്തിന്റെ മർമപ്രധാന ആവശ്യം
20. ശിക്ഷണം എന്നാൽ എന്ത്, അതു കൊടുക്കേണ്ടതെങ്ങനെ?
20 മനസ്സിനെയും ഹൃദയത്തെയും നേരെയാക്കുന്ന പരിശീലനമാണു ശിക്ഷണം. കുട്ടികൾക്ക് അതു നിരന്തരം ആവശ്യമാണ്. “[തങ്ങളുടെ കുട്ടികളെ] യഹോവയുടെ മാനസിക ക്രമവത്കരണത്തിലും ശിക്ഷണത്തിലും വളർത്തിക്കൊണ്ടുവരാ”ൻ പൗലോസ് പിതാക്കന്മാരെ ബുദ്ധ്യുപദേശിക്കുന്നു. (എഫേസ്യർ 6:4, NW) യഹോവ ചെയ്യുന്നതുപോലെ, മാതാപിതാക്കൾ സ്നേഹത്തിൽ ശിക്ഷണം നൽകണം. (എബ്രായർ 12:4-11) സ്നേഹത്തിലധിഷ്ഠിതമായ ശിക്ഷണം ന്യായവാദത്തിലൂടെ കൈമാറാവുന്നതാണ്. അതിനാൽ, “ശിക്ഷണത്തിനു ശ്രദ്ധകൊടുക്ക”ണമെന്നു നമ്മോടു പറഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 8:33) എങ്ങനെയാണു ശിക്ഷണം കൊടുക്കേണ്ടത്?
21. കുട്ടികൾക്കു ശിക്ഷണം കൊടുക്കുമ്പോൾ മാതാപിതാക്കൾ ഓർക്കേണ്ട തത്ത്വങ്ങളേവ?
21 കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്നതിൽ, വെറുതെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നതോ അവരെ ശകാരിക്കുന്നതോ അതുമല്ലെങ്കിൽ അധിക്ഷേപിക്കുന്നതോ മാത്രമേ ഉൾപ്പെട്ടിരിക്കുന്നുള്ളൂവെന്നാണു ചില മാതാപിതാക്കളുടെ ചിന്ത. എന്നിരുന്നാലും, ഇതേ വിഷയം സംബന്ധിച്ച്, പൗലോസ് ഇങ്ങനെ ജാഗ്രതപ്പെടുത്തുന്നു: “പിതാക്കന്മാരേ, നിങ്ങൾ നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്.” (എഫേസ്യർ 6:4, NW) ‘അനുകൂല മനോഭാവമില്ലാത്തവരെ ശാന്തതയോടെ പ്രബോധിപ്പിച്ചുകൊണ്ട് സകലരോടും സൗമ്യത’ കാട്ടാൻ എല്ലാ ക്രിസ്ത്യാനികളും ഉദ്ബോധിപ്പിക്കപ്പെടുന്നു. (2 തിമോത്തി 2:24, 25, NW) കുട്ടികൾക്കു ശിക്ഷണം കൊടുക്കുമ്പോൾ ക്രിസ്തീയ മാതാപിതാക്കൾ, ദൃഢതയ്ക്കുള്ള ആവശ്യം തിരിച്ചറിയുമ്പോൾത്തന്നെ, ഈ വാക്കുകൾ മനസ്സിൽപ്പിടിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ചിലപ്പോഴെല്ലാം ന്യായവാദം ചെയ്യൽ മതിയാകാതെ വരുന്നു. അപ്പോൾ ഏതെങ്കിലും തരത്തിലുള്ള ശിക്ഷ ആവശ്യമായി വന്നേക്കാം.—സദൃശവാക്യങ്ങൾ 22:15.
22. ഒരു കുട്ടിയെ ശിക്ഷിക്കേണ്ടതുണ്ടെങ്കിൽ, എന്തു മനസ്സിലാക്കാൻ അവനെ സഹായിക്കണം?
22 വ്യത്യസ്ത കുട്ടികൾക്കു വ്യത്യസ്ത വിധം ശിക്ഷണം ആവശ്യമാണ്. ചിലരെ “ഗുണീകരിപ്പാൻ വാക്കു മാത്രം പോരാ.” അനുസരണക്കേടിന് അവർക്ക് ഇടയ്ക്കിടയ്ക്കു കൊടുക്കുന്ന ശിക്ഷകൾ ജീവരക്ഷാകരമായിരുന്നേക്കാം. (സദൃശവാക്യങ്ങൾ 17:10; 23:13, 14; 29:19) എന്നാൽ, താൻ എന്തിനു ശിക്ഷിക്കപ്പെടുന്നുവെന്ന് ഒരു കുട്ടി മനസ്സിലാക്കണം. ‘വടി മാത്രമല്ല ശാസനയും ജ്ഞാനത്തെ നല്കുന്നു.’ (സദൃശവാക്യങ്ങൾ 29:15; ഇയ്യോബ് 6:24) തന്നെയുമല്ല, ശിക്ഷയ്ക്കു പരിധികളുണ്ട്. “ഞാൻ നിന്നെ ന്യായമായി [“ഉചിതമായ അളവോളം,” NW] ശിക്ഷിക്കും” എന്നു യഹോവ തന്റെ ജനത്തോടു പറഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യിരെമ്യാവു 46:28ബി) കുട്ടിക്കു ചതവും പരിക്കുപോലും ഉണ്ടാക്കുന്ന ദേഷ്യത്തോടെയുള്ള ചാട്ടവാർ കൊണ്ടുള്ള പ്രഹരമോ കഠിന മർദനമോ ബൈബിൾ യാതൊരു തരത്തിലും അനുവദിക്കുന്നില്ല.—സദൃശവാക്യങ്ങൾ 16:32.
23. മാതാപിതാക്കളിൽനിന്നു ശിക്ഷ ലഭിക്കുമ്പോൾ, ഒരു കുട്ടി എന്തു വിവേചിക്കാൻ പ്രാപ്തനായിരിക്കണം?
23 തന്റെ ജനത്തിനു ശിക്ഷണം നൽകുമെന്നു യഹോവ അവർക്കു മുന്നറിയിപ്പു കൊടുത്തപ്പോൾ അവൻ ആദ്യം ഇങ്ങനെ പറഞ്ഞു: ‘നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്.’ (യിരെമ്യാവു 46:28എ) അതുപോലെ, ഉചിതമായ ഏതൊരു വിധത്തിലും മാതാവ് അല്ലെങ്കിൽ പിതാവു കൊടുക്കുന്ന ശിക്ഷണം കുട്ടിയെ സംബന്ധിച്ചിടത്തോളം താൻ നിരസിക്കപ്പെടുന്നുവെന്നു തോന്നുന്നതായിരിക്കരുത്. (കൊലൊസ്സ്യർ 3:21) മറിച്ച്, മാതാവ് അല്ലെങ്കിൽ പിതാവു ‘തന്നോടുകൂടെ,’ തന്റെ പക്ഷത്ത് ആയിരിക്കുന്നതുകൊണ്ടാണ് ശിക്ഷണം ലഭിക്കുന്നതെന്നു കുട്ടിക്കു ബോധ്യമാവണം.
ദോഷത്തിൽനിന്നു നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക
24, 25. ഈ നാളുകളിൽ ഏതു വൃത്തികെട്ട ഭീഷണിയിൽനിന്നു കുട്ടികൾക്കു സംരക്ഷണം ആവശ്യമാണ്?
24 മുതിർന്നവരായ അനേകരും തങ്ങളുടെ സന്തുഷ്ടമായ കുട്ടിക്കാലത്തിലേക്കു തിരിഞ്ഞുനോക്കുന്നു. ഊഷ്മളമായ ഒരു സുരക്ഷിതത്വബോധത്തെക്കുറിച്ച്, ഏതു സാഹചര്യത്തിലും മാതാപിതാക്കൾ തങ്ങളെ സംരക്ഷിക്കുമെന്ന ഒരു ഉറപ്പിനെക്കുറിച്ച് അവർ അനുസ്മരിക്കുന്നു. കുട്ടികൾക്ക് അങ്ങനെ തോന്നണമെന്നതാണു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ ഇന്നത്തെ ജീർണിച്ച ലോകത്തിൽ, കുട്ടികളെ സുരക്ഷിതരായി നിർത്തുക മുമ്പത്തെക്കാളും പ്രയാസകരമാണ്.
25 ഈ അടുത്ത കാലത്തു വികാസംപ്രാപിച്ചിരിക്കുന്ന ഒരു വൃത്തികെട്ട ഭീഷണിയാണു കുട്ടികളോടുള്ള ലൈംഗിക ദ്രോഹം. മലേഷ്യയിൽ, കുട്ടികളോടുള്ള ലൈംഗിക ദ്രോഹത്തിന്റെ റിപ്പോർട്ടുകൾ പത്തു വർഷത്തിനുള്ളിൽ നാലിരട്ടിയായി പെരുകിയിരിക്കുന്നു. ജർമനിയിൽ വർഷംതോറും ലൈംഗിക ദുഷ്പെരുമാറ്റത്തിനു വിധേയമാകുന്നതു 3,00,000 കുട്ടികളാണ്. അതേസമയം, ഒരു പഠനം പറയുന്നതനുസരിച്ച്, ഒരു തെക്കേ അമേരിക്കൻ രാജ്യത്ത് ഇതിന്റെ വാർഷിക എണ്ണം അമ്പരപ്പിക്കുന്നതാണ്, 90,00,000! തങ്ങളുടെ സ്വന്തം വീട്ടിൽവെച്ച്, തങ്ങൾക്ക് അറിയാവുന്നവരും തങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുന്നവരുമായ ആളുകളാലാണ് ഈ കുട്ടികളിൽ മിക്കവരും ദ്രോഹിക്കപ്പെടുന്നത് എന്നതു സങ്കടകരംതന്നെ. എന്നാൽ അതിനെതിരെ മാതാപിതാക്കൾ കുട്ടികൾക്ക് ഒരു ശക്തമായ പരിരക്ഷണം ആയിരിക്കണം. മാതാപിതാക്കൾക്ക് എങ്ങനെ സംരക്ഷകരായിരിക്കാൻ കഴിയും?
26. കുട്ടികളെ സുരക്ഷിതരായി കാക്കാവുന്ന ഏതാനും വിധങ്ങളേവ, പരിജ്ഞാനത്തിനു കുട്ടിയെ സംരക്ഷിക്കാൻ കഴിയുന്നതെങ്ങനെ?
26 ലൈംഗിക കാര്യങ്ങളെക്കുറിച്ചു കാര്യമായി ഒന്നും അറിയില്ലാത്ത കുട്ടികൾ ലൈംഗിക ദ്രോഹക്കാരുടെ കൈകളിലകപ്പെടാൻ വിശേഷാൽ സാധ്യതയുള്ളവരാണെന്ന് അനുഭവം പ്രകടമാക്കുന്നതുകൊണ്ട്, അതു തടയാനുള്ള ഒരു വലിയ പടി കുട്ടിക്ക്, നന്നേ ചെറുപ്പമാണെങ്കിൽപ്പോലും, വിദ്യാഭ്യാസം കൊടുക്കുകയെന്നതാണ്. പരിജ്ഞാനം “മോശമായ വഴിയിൽനിന്ന്, വികടത്തരങ്ങൾ സംസാരിക്കുന്ന പുരുഷനിൽനിന്ന്” സംരക്ഷണം പ്രദാനം ചെയ്യും. (സദൃശവാക്യങ്ങൾ 2:10-12, NW) എന്തിനെക്കുറിച്ചുള്ള പരിജ്ഞാനം? ധാർമികമായ ശരിയും തെറ്റും സംബന്ധിച്ച, ബൈബിൾ തത്ത്വങ്ങളെക്കുറിച്ചുള്ള പരിജ്ഞാനം. കൂടാതെ, ചില മുതിർന്നവർ മോശമായ സംഗതികൾ ചെയ്യുമെന്നും ആളുകൾ അനുചിതമായ സംഗതികൾ നിർദേശിക്കുമ്പോൾ ഒരു യുവവ്യക്തി അവ അനുസരിക്കേണ്ടതില്ലെന്നുമുള്ള അറിവും. (ദാനീയേൽ 1:4, 8; 3:16-18 ഇവ താരതമ്യം ചെയ്യുക.) അത്തരം പ്രബോധനങ്ങൾ കേവലം ഒരിക്കൽ കൊടുത്തു മതിയാക്കരുത്. ശരിക്കും ഓർക്കണമെങ്കിൽ യുവപ്രായത്തിലുള്ള മിക്ക കുട്ടികളോടും ഒരു പാഠം ആവർത്തിച്ചു പറയേണ്ടതുണ്ട്. കുട്ടികൾ കുറച്ചു വളരുന്നതോടെ, പുത്രിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ പിതാവ് സ്നേഹപുരസ്സരം ആദരിക്കും. പുത്രന്റെ കാര്യത്തിൽ അമ്മയും. ഉചിതമായിരിക്കുന്നതെന്ത് എന്നതിനെക്കുറിച്ചുള്ള കുട്ടിയുടെ അവബോധത്തിന് അത് അങ്ങനെ കരുത്തേകും. കൂടാതെ, ദുർവിനിയോഗിക്കപ്പെടുന്നതിനെതിരെയുള്ള ഏറ്റവും നല്ല സംരക്ഷണങ്ങളിലൊന്നു മാതാപിതാക്കൾ എന്നനിലയിലുള്ള നിങ്ങളുടെ മേൽനോട്ടമാണ്.
ദിവ്യമാർഗനിർദേശം തേടുക
27, 28. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ വെല്ലുവിളികൾ നേരിടുമ്പോൾ മാതാപിതാക്കൾക്കുള്ള സഹായത്തിന്റെ ഏറ്റവും വലിയ ഉറവ് ആരാണ്?
27 ശൈശവംമുതൽ ഒരു കുട്ടിയെ പരിശീലിപ്പിക്കുന്നത് വെല്ലുവിളിയാണെന്നതു സത്യംതന്നെ. എന്നാൽ വിശ്വാസികളായ മാതാപിതാക്കൾ വെല്ലുവിളിയെ തനിച്ചു നേരിടേണ്ടതില്ല. പണ്ട്, ന്യായാധിപന്മാരുടെ നാളുകളിൽ, മനോഹ എന്നു പേരായ ഒരു മനുഷ്യൻ താൻ ഒരു പിതാവാകാൻ പോകുകയാണെന്നു മനസ്സിലാക്കിയപ്പോൾ, കുട്ടിയെ വളർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ മാർഗനിർദേശം വേണമെന്ന് അവൻ യഹോവയോട് ആവശ്യപ്പെട്ടു. യഹോവ അവന്റെ പ്രാർഥനകൾക്ക് ഉത്തരമേകി.—ന്യായാധിപന്മാർ 13:8, 12, 24.
28 സമാനമായ വിധത്തിൽ ഇന്ന്, വിശ്വാസികളായ മാതാപിതാക്കൾ കുട്ടികളെ വളർത്തിക്കൊണ്ടുവരുമ്പോൾ, അവർക്കും പ്രാർഥനയിൽ യഹോവയോടു സംസാരിക്കാനാവും. ഒരു മാതാവ് അല്ലെങ്കിൽ പിതാവ് ആയിരിക്കുന്നതു പ്രയാസകരമായ വേലയാണെങ്കിലും അതിനു മഹത്തായ പ്രതിഫലങ്ങളുണ്ട്. ഹവായിയിലുള്ള ഒരു ക്രിസ്തീയ ദമ്പതികൾ പറയുന്നു: “ദുർഘടമായ ആ കൗമാര വർഷങ്ങൾക്കുമുമ്പ് നിങ്ങളുടെ ജോലി ചെയ്തുതീർക്കാൻ നിങ്ങൾക്കു 12 വർഷങ്ങളുണ്ട്. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ നിങ്ങൾ കഠിനമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, തങ്ങൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്നതായി അവർ ഹൃദയാ തീരുമാനിക്കുമ്പോൾ, അതു സന്തോഷവും സമാധാനവും കൊയ്യാനുള്ള സമയമാണ്.” (സദൃശവാക്യങ്ങൾ 23:15, 16) നിങ്ങളുടെ കുട്ടി ആ തീരുമാനം എടുക്കുമ്പോൾ, നിങ്ങളും ഇങ്ങനെ ഉദ്ഘോഷിക്കാൻ പ്രേരിതരാകും: “മക്കൾ, യഹോവ നല്കുന്ന അവകാശ”മാണ്.
^ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.