അധ്യായം നാല്
നിങ്ങൾക്കെങ്ങനെ വീട്ടുകാര്യങ്ങൾ നോക്കിനടത്താനാവും?
1. വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് ഇന്നു വളരെ ദുഷ്‌കരമായിരിക്കുന്നത് എന്തുകൊണ്ട്?
“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്.” (1 കൊരിന്ത്യർ 7:31, NW) 1,900-ത്തിലധികം വർഷങ്ങൾക്കുമുമ്പ് എഴുതപ്പെട്ട വാക്കുകൾ. എങ്കിലും, ഇന്നത് എത്ര സത്യമാണ്! സംഗതികൾ മാറിക്കൊണ്ടിരിക്കുകയാണ്, വിശേഷിച്ചും കുടുംബജീവിതവുമായുള്ള ബന്ധത്തിൽ. 40-ഓ 50-ഓ വർഷങ്ങൾക്കുമുമ്പ് സാധാരണമോ പരമ്പരാഗതമോ ആയി വീക്ഷിക്കപ്പെട്ടിരുന്നത് ഇന്നു പലപ്പോഴും സ്വീകാര്യമല്ല. ഇതുനിമിത്തം, വിജയകരമായി വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്നതു കനത്ത വെല്ലുവിളികൾതന്നെ ഉയർത്തിയേക്കാം. എന്നിരുന്നാലും, തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കുന്നെങ്കിൽ, നിങ്ങൾക്ക് ആ വെല്ലുവിളികളെ നേരിടാനാവും.
നിങ്ങളുടെ വരുമാനത്തിലൊതുങ്ങി ജീവിക്കുക
2. ഏതു സാമ്പത്തിക സാഹചര്യങ്ങൾ കുടുംബത്തിൽ സമ്മർദം സൃഷ്ടിക്കുന്നു?
2 കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ലളിതമായ ഒരു ജീവിതത്തിൽ ഇന്ന് അനേകർക്കും തൃപ്‌തിയില്ല. വാണിജ്യ ലോകം കൂടുതൽ കൂടുതൽ ഉത്‌പന്നങ്ങൾ നിർമിച്ചു പൊതുജനത്തെ ആകർഷിക്കാൻ പരസ്യകലയെ വിദഗ്‌ധമായി ഉപയോഗിക്കുന്നതോടെ, ഈ ഉത്‌പന്നങ്ങൾ വാങ്ങാൻ കഴിയേണ്ടതിനു ലക്ഷക്കണക്കിനു മാതാപിതാക്കളും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നു. അന്നന്നത്തെ ഭക്ഷണത്തിനായിമാത്രം ലക്ഷക്കണക്കിന് ആളുകൾ അനുദിനം പാടുപെടുന്നു. കേവലം അവശ്യസാധങ്ങൾ വാങ്ങുന്നതിനായി, പതിവനുസരിച്ചു ചെയ്യുന്നതിനെക്കാളുമേറെ സമയം അവർക്കു പണിയെടുക്കേണ്ടിവരികയും, ഒരുപക്ഷേ രണ്ടു ജോലികൾ ചെയ്യേണ്ടിവരികയും ചെയ്യുന്നു. ഇനിയും, വ്യാപകമായ തൊഴിലില്ലായ്‌മ നിമിത്തം ഒരു ജോലി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്ന ചിലർ. അതേ, ആധുനിക കുടുംബത്തിനു ജീവിതം എല്ലായ്‌പോഴും അനായാസകരമല്ല. എന്നാൽ അത്തരം സാഹചര്യങ്ങളിൽ ഏറ്റവും പ്രയോജനപ്രദമായരീതിയിൽ പ്രവർത്തിക്കാൻ കുടുംബങ്ങളെ സഹായിക്കുന്നതിനു ബൈബിൾ തത്ത്വങ്ങൾക്കു കഴിയും.
3. പൗലോസ് അപ്പോസ്‌തലൻ ഏതു തത്ത്വം വിശദമാക്കി, അതു ബാധകമാക്കുന്നതു വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിൽ വിജയിക്കാൻ ഒരുവനെ സഹായിക്കുന്നതെങ്ങനെ?
3 പൗലോസ് അപ്പോസ്‌തലനു സാമ്പത്തിക സമ്മർദങ്ങൾ നേരിട്ടിരുന്നു. അവ കൈകാര്യം ചെയ്‌തപ്പോൾ മനസ്സിലാക്കിയ മൂല്യവത്തായ പാഠം അവൻ തന്റെ സുഹൃത്തായ തിമോത്തിക്കുള്ള ലേഖനത്തിൽ വിശദമാക്കുന്നുണ്ട്. പൗലോസ് ഇങ്ങനെ എഴുതുന്നു: “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” (1 തിമൊഥെയൊസ് 6:7, 8) ഒരു കുടുംബത്തിനു ഭക്ഷണവും വസ്‌ത്രവും മാത്രം പോരാ എന്നതു സത്യംതന്നെ. പാർക്കാൻ ഒരിടവും വേണം. കുട്ടികൾക്കു വിദ്യാഭ്യാസം ആവശ്യമാണ്. ആശുപത്രി ചെലവുകളും മറ്റു ചെലവുകളുമുണ്ട്. അപ്പോഴും, പൗലോസിന്റെ വാക്കുകളിലെ തത്ത്വം ബാധകമാണ്. നാം നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ വ്യാപൃതരാകാതെ, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തൃപ്‌തിയടയുന്നെങ്കിൽ, ജീവിതം കൂടുതൽ അനായാസകരമായിരിക്കും.
4, 5. വീട്ടുകാര്യങ്ങളുടെ നടത്തിപ്പിൽ ദീർഘവീക്ഷണത്തിനും ആസൂത്രണത്തിനും സഹായിക്കാനാവുന്നതെങ്ങനെ?
4 സഹായകരമായ മറ്റൊരു തത്ത്വം യേശുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്നിലുണ്ട്. അവൻ പറഞ്ഞു: “ഗോപുരം പണിയാൻ ഇച്ഛിക്കുമ്പോൾ, അതു പൂർത്തിയാക്കാൻവേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യമേതന്നെ കണക്കുകൂട്ടിനോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്?” (ലൂക്കാ 14:28, പി.ഒ.സി. ബൈ.) ദീർഘവീക്ഷണത്തെ, മുൻകൂട്ടിയുള്ള ആസൂത്രണത്തെ, കുറിച്ചാണ് യേശു ഇവിടെ സംസാരിക്കുന്നത്. യുവദമ്പതികൾ വിവാഹിതരാകാൻ പരിപാടിയിടുമ്പോൾ, ഇത് എങ്ങനെ സഹായിക്കുന്നുവെന്ന് ഒരു മുൻ അധ്യായത്തിൽ നാം കാണുകയുണ്ടായി. വിവാഹത്തിനുശേഷം, കുടുംബം നോക്കിനടത്തുന്നതിലും ഇതു സഹായകമാണ്. ഈ മേഖലയിൽ ദീർഘദൃഷ്ടിയുണ്ടായിരിക്കുകയെന്നാൽ കയ്യിലുള്ള വിഭവങ്ങൾ ഏറ്റവും ബുദ്ധിപൂർവം ഉപയോഗിക്കുന്നതിനു മുന്നമേ ആസൂത്രണം ചെയ്‌തുകൊണ്ട് ഒരു ബഡ്‌ജറ്റ് ഉണ്ടായിരിക്കുകയെന്നാണ് അർഥം. ഈ വിധത്തിൽ, ദിവസംതോറുമോ വാരംതോറുമോ അത്യാവശ്യ സംഗതികൾക്കുള്ള പണം മാറ്റിവെച്ചുകൊണ്ട്, എന്നാൽ പരിധിവിട്ടു ചെലവഴിക്കാതെ ഒരു കുടുംബത്തിനു ചെലവുകൾ നിയന്ത്രിക്കാനാവും.
5 ചില രാജ്യങ്ങളിൽ, അത്തരം ബഡ്‌ജറ്റ് ഉണ്ടാക്കുകയെന്നാൽ അർഥം അത്യാവശ്യമില്ലാത്ത സംഗതികൾ വാങ്ങാൻ ഉയർന്ന പലിശയിൽ കടമെടുക്കാനുള്ള പ്രേരണയെ ചെറുത്തുനിൽക്കേണ്ടിവരുമെന്നാണ്. മറ്റു ചിലരുടെ രാജ്യങ്ങളിൽ, ക്രെഡിറ്റ് കാർഡുകൾ വളരെ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നായിരിക്കാം അതിനർഥം. (സദൃശവാക്യങ്ങൾ 22:7) ആവശ്യങ്ങളും ഭവിഷ്യത്തുകളും പരിശോധിക്കാതെ, നൈമിഷികമായ തോന്നലിനാൽ തിടുക്കത്തിൽ എന്തെങ്കിലും വാങ്ങുന്ന പ്രേരണയെ ചെറുക്കുന്നതും അത് അർഥമാക്കിയേക്കാം. കൂടാതെ, ചൂതാട്ടം, പുകയില വലി, അമിത മദ്യപാനം എന്നിവയ്‌ക്കുവേണ്ടി സ്വാർഥമായി പണം പാഴാക്കുന്നത് കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിക്കു ഹാനികരമായിരിക്കുമെന്നും ഒരു ബഡ്‌ജറ്റ് വ്യക്തമാക്കും. തന്നെയുമല്ല അവ ബൈബിൾ തത്ത്വങ്ങൾക്ക് എതിരായ പ്രവൃത്തിയാണുതാനും.—സദൃശവാക്യങ്ങൾ 23:20, 21, 29-35; റോമർ 6:19; എഫെസ്യർ 5:3-5.
6. ദാരിദ്ര്യത്തിൽ ജീവിക്കേണ്ടിവരുന്നവരെ ഏതു തിരുവെഴുത്തു സത്യങ്ങൾ സഹായിക്കുന്നു?
6 എന്നാൽ, ദാരിദ്ര്യത്തിൽ ജീവിക്കാൻ നിർബന്ധിതരായിരിക്കുന്നവരുടെ കാര്യമോ? ലോകവ്യാപകമായ ഈ പ്രശ്‌നം കേവലം താത്‌ക്കാലികമാണെന്ന് അറിയുന്നത് അവർക്ക് ആശ്വാസമാകുമെന്നതാണ് ഒരു സംഗതി. അതിവേഗം പാഞ്ഞെത്തിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്തിൽ, മനുഷ്യവർഗത്തിനു കഷ്ടപ്പാടുണ്ടാക്കുന്ന മറ്റെല്ലാ ദുരിതങ്ങൾക്കുമൊപ്പം ദാരിദ്ര്യവും യഹോവ നീക്കിക്കളയും. (സങ്കീർത്തനം 72:1, 12-16) അതിനിടെ, സത്യക്രിസ്‌ത്യാനികൾക്ക്, തങ്ങൾ എത്ര ദരിദ്രരായിരുന്നാലും, തികഞ്ഞ നിരാശ തോന്നുന്നില്ല. കാരണം യഹോവയുടെ ഈ വാഗ്‌ദാനത്തിൽ അവർക്കു വിശ്വാസമുണ്ട്: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.” അതുകൊണ്ട്, ഒരു വിശ്വാസിക്ക് ഉറപ്പോടെ ഇപ്രകാരം പറയാനാവും: “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല.” (എബ്രായർ 13:5, 6) പ്രയാസകരമായ ഈ നാളുകളിൽ, യഹോവയുടെ ആരാധകർ അവന്റെ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കുകയും അവന്റെ രാജ്യം ജീവിതത്തിൽ ഒന്നാമതു വെക്കുകയും ചെയ്യുമ്പോൾ അവൻ അവരെ അനേക വിധങ്ങളിൽ പിന്തുണക്കുന്നുണ്ട്. (മത്തായി 6:33) പൗലോസ് അപ്പോസ്‌തലന്റെ ഈ വാക്കുകൾ പറഞ്ഞുകൊണ്ട് അനേകർക്കും ഇതു സാക്ഷ്യപ്പെടുത്താനാവും: “താഴ്‌ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:12, 13.
ഭാരം പങ്കുവെക്കൽ
7. ബാധകമാക്കുന്നപക്ഷം, യേശുവിന്റെ ഏതു വാക്കുകൾ വീട്ടുകാര്യങ്ങളുടെ നടത്തിപ്പിന്റെ വിജയത്തിനു സഹായിക്കും?
7 തന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോട് അടുത്തപ്പോൾ, യേശു പറഞ്ഞു: “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.” (മത്തായി 22:39, NW) ഈ ബുദ്ധ്യുപദേശം കുടുംബത്തിൽ ബാധകമാക്കുന്നതു വീട്ടുകാര്യങ്ങളുടെ നടത്തിപ്പിനെ വളരെയധികം സഹായിക്കുന്നു. എന്തായാലും, ഭർത്താക്കന്മാർ, ഭാര്യമാർ, മാതാപിതാക്കൾ, കുട്ടികൾ എന്നിങ്ങനെ കുടുംബത്തിൽ താമസിക്കുന്നവരല്ലാതെ വേറെ ആരാണ് നമ്മുടെ ഏറ്റവും അടുത്ത ഏറ്റവും പ്രിയപ്പെട്ട അയൽക്കാർ? കുടുംബാംഗങ്ങൾക്കു പരസ്‌പരം സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയുന്നതെങ്ങനെ?
8. കുടുംബത്തിനുള്ളിൽ സ്‌നേഹം പ്രകടിപ്പിക്കാനാവുന്നതെങ്ങനെ?
8 ഓരോ കുടുംബാംഗവും പതിവു വീട്ടുജോലികളിൽ തങ്ങളുടെ ന്യായമായ പങ്കു നിവർത്തിക്കുകയാണ് ഒരു വിധം. അങ്ങനെ, വസ്‌ത്രമായാലും കളിപ്പാട്ടമായാലും, ഉപയോഗത്തിനുശേഷം അവ മറ്റൊരു സ്ഥാനത്തു മാറ്റിക്കൊണ്ടുവെക്കണമെന്ന കാര്യം കുട്ടികളെ പഠിപ്പിക്കണം. ദിവസേന രാവിലെ കിടക്ക ശരിയാക്കിയിടുന്നതിനു സമയവും ശ്രമവും ആവശ്യമായിരിക്കാമെങ്കിലും, വീട്ടുകാര്യങ്ങളുടെ നടത്തിപ്പിൽ അത് ഒരു വലിയ സഹായംതന്നെയാണ്. തീർച്ചയായും, നിസ്സാരവും താത്‌കാലികവുമായ ചില ക്രമക്കേടുകൾ സംഭവിച്ചുവെന്നിരിക്കും. എന്നിരുന്നാലും, ഭവനത്തെ ന്യായമായവിധം ശുചിയായി സൂക്ഷിക്കാനും ഭക്ഷണത്തിനുശേഷമുള്ള ശുചീകരണവേലയിൽ ഏർപ്പെടാനും എല്ലാവർക്കും ഒരുമിച്ചു പ്രവർത്തിക്കാനാവും. അലസത, തന്നിഷ്ടപ്രകാരം നടക്കൽ, പിറുപിറുപ്പ്, മനസ്സില്ലായ്‌മ എന്നിവയെല്ലാം സകലരുടെമേലും ദോഷകരമായ ഫലമുണ്ടാക്കും. (സദൃശവാക്യങ്ങൾ 26:14-16) നേരേമറിച്ച്, ഉന്മേഷപൂർണമായ മനസ്സൊരുക്കം ഒരു സന്തുഷ്ട കുടുംബജീവിതത്തെ പരിപുഷ്ടിപ്പെടുത്തുന്നു. “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.”—2 കൊരിന്ത്യർ 9:7.
9, 10. (എ) കുടുംബത്തിൽ സാധാരണമായി സ്‌ത്രീ പേറേണ്ടിവരുന്ന ഭാരമേത്, ഇത് എങ്ങനെ ലഘൂകരിക്കാനാവും? (ബി) വീട്ടുജോലിയെക്കുറിച്ചു സമനിലയുള്ള ഏതു വീക്ഷണം നിർദേശിക്കപ്പെടുന്നു?
9 പരിഗണനയും സ്‌നേഹവും ചില കുടുംബങ്ങളിൽ കാണുന്നതരം ഗുരുതരമായ സ്ഥിതിവിശേഷം ഉളവാകുന്നതു തടയാൻ ഉപകരിക്കും. പരമ്പരാഗതമായി കുടുംബജീവിതത്തിലെ പ്രധാന കഥാപാത്രം അമ്മമാരാണ്. കുട്ടികളുടെ കാര്യം നോക്കലും ഭവനശുചീകരണവും തുണി അലക്കലും ഭക്ഷണസാധനങ്ങൾ വാങ്ങി പാചകം ചെയ്യലുമെല്ലാം അവരുടെ വേലയാണ്. ചില രാജ്യങ്ങളിൽ, സ്‌ത്രീകൾ വയലിൽ പതിവായി പണിയെടുക്കുകയും ഉത്‌പന്നങ്ങൾ മാർക്കറ്റിൽ വിൽക്കുകയും ചെയ്‌തിട്ടുണ്ട്, അല്ലെങ്കിൽ കുടുംബ ബജറ്റിലേക്കു മറ്റു വിധങ്ങളിൽ സംഭാവന ചെയ്‌തിട്ടുണ്ട്. മുമ്പ് ഇതൊന്നും ഒരു പതിവല്ലാതിരുന്ന സ്ഥലങ്ങളിൽപ്പോലും, വിവാഹിതരായ ലക്ഷക്കണക്കിനു സ്‌ത്രീകൾ അത്യാവശ്യങ്ങൾ നിറവേറ്റുന്നതിനായി വീടിനു വെളിയിൽ പോയി ജോലിചെയ്യാൻ നിർബന്ധിതരായിരിക്കുന്നു. ഇങ്ങനെ വ്യത്യസ്‌ത മേഖലകളിൽ കഠിനമായി പണിയെടുക്കുന്ന ഭാര്യയും അമ്മയുമായവർ പ്രശംസ അർഹിക്കുന്നു. ബൈബിളിൽ വർണിച്ചിരിക്കുന്ന “സാമർത്ഥ്യമുള്ള ഭാര്യ”യെപ്പോലെ, അവൾ അദ്ധ്വാനശീലയാണ്. “[അവൾ] വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.” (സദൃശവാക്യങ്ങൾ 31:10, 27) എന്നിരുന്നാലും, ഭവനത്തിൽ വേലചെയ്യാൻ കഴിയുന്ന ഒരേ ഒരാൾ സ്‌ത്രീയാണെന്ന് ഇതിനർഥമില്ല. ഭാര്യയും ഭർത്താവും ദിവസംമുഴുവനും വീടിനു വെളിയിൽ വേലചെയ്‌തശേഷം, ഭർത്താവും കുടുംബത്തിലെ മറ്റംഗങ്ങളും വിശ്രമിക്കുമ്പോൾ, ഭാര്യ മാത്രമാണോ വീട്ടിലെ ജോലിയുടെ ഭാരം പേറേണ്ടത്? തീർച്ചയായും അല്ല. (2 കൊരിന്ത്യർ 8:13, 14 താരതമ്യം ചെയ്യുക.) ഉദാഹരണത്തിന്, അമ്മ ഭക്ഷണമുണ്ടാക്കാനുള്ള പുറപ്പാടിലാണെങ്കിൽ, കുടുംബത്തിലെ മറ്റംഗങ്ങൾ ഊണുമേശ ശരിയാക്കുകയും കടയിൽനിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങുകയും, അല്ലെങ്കിൽ വീട്ടിലെവിടെയെങ്കിലും അൽപ്പം ശുചീകരണം നടത്തുകയും ചെയ്‌തുകൊണ്ട് വേലയിൽ സഹായിക്കുന്നെങ്കിൽ, അത് അവർക്കു തൃപ്‌തികരമായിരുന്നേക്കാം. അതേ, എല്ലാവർക്കും ഉത്തരവാദിത്വത്തിൽ പങ്കുകൊള്ളാനാവും.—ഗലാത്യർ 6:2 താരതമ്യം ചെയ്യുക.
10 ചിലർ പറഞ്ഞേക്കാം: “ഞാൻ പാർക്കുന്നിടത്ത് അത്തരം സംഗതികളൊന്നും പുരുഷൻ ചെയ്യാറില്ല.” അതു ശരിയായിരിക്കാം. എന്നാൽ ഈ സംഗതിക്ക് അൽപ്പം പരിഗണനകൊടുക്കുന്നതു നല്ലതല്ലേ? യഹോവയാം ദൈവം കുടുംബത്തിനു രൂപംകൊടുത്തപ്പോൾ, ചില പണികൾ സ്‌ത്രീകൾ മാത്രമേ ചെയ്യാവൂ എന്ന് കൽപ്പന കൊടുത്തില്ല. യഹോവയിൽനിന്നുള്ള പ്രത്യേക സന്ദേശവാഹകർ വിശ്വസ്‌ത പുരുഷനായ അബ്രഹാമിനെ സന്ദർശിച്ച സന്ദർഭത്തിൽ, സന്ദർശകർക്കുവേണ്ടി ഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിൽ അവൻ വ്യക്തിപരമായി പങ്കെടുത്തു. (ഉല്‌പത്തി 18:1-8) “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു” എന്നു ബൈബിൾ അനുശാസിക്കുന്നു. (എഫെസ്യർ 5:28) ദിവസത്തിന്റെ അന്ത്യത്തിൽ, ഭർത്താവു ക്ഷീണിതനും വിശ്രമം ആഗ്രഹിക്കുന്നവനുമാണെങ്കിൽ, അങ്ങനെതന്നെ ഭാര്യയ്‌ക്കും തോന്നാൻ സാധ്യതയില്ലേ, ഒരുപക്ഷേ ഭർത്താവിനെക്കാളും കൂടുതലായി? (1 പത്രൊസ് 3:7) അപ്പോൾ, ഭർത്താവു ഭവനത്തിൽ സഹായിക്കുന്നത് ഉചിതവും സ്‌നേഹപുരസ്സരവും ആയിരിക്കില്ലേ?—ഫിലിപ്പിയർ 2:3, 4.
11. കുടുംബത്തിലെ ഓരോ അംഗത്തിനും യേശു ഒരു നല്ല മാതൃക വെച്ചിരിക്കുന്നത് ഏതു വിധത്തിൽ?
11 ദൈവത്തെ പ്രീതിപ്പെടുത്തിയതിന്റെയും തന്റെ സഹകാരികൾക്കു സന്തോഷം കൈവരുത്തിയതിന്റെയും ഏറ്റവും നല്ല മാതൃക യേശുവാണ്. വിവാഹം കഴിച്ചിരുന്നില്ലെങ്കിലും, യേശു ഭർത്താക്കന്മാർക്കു മാത്രമല്ല, ഭാര്യമാർക്കും കുട്ടികൾക്കും ഒരു നല്ല മാതൃകയാണ്. അവൻ തന്നെപ്പറ്റിത്തന്നെ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷ ചെയ്യപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്,” അതായത് മറ്റുള്ളവരെ സേവിക്കാനാണ്. (മത്തായി 20:28, NW) എല്ലാ അംഗങ്ങളും അത്തരമൊരു മനോഭാവം നട്ടുവളർത്തുന്ന കുടുംബങ്ങളിൽ എന്തൊരു ആഹ്ലാദമായിരിക്കും!
ശുചിത്വം—ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
12. തന്നെ സേവിക്കുന്നവരിൽനിന്നു യഹോവ എന്ത് ആവശ്യപ്പെടുന്നു?
12 വീട്ടുകാര്യങ്ങൾ നോക്കിനടത്തുന്നതിൽ സഹായിക്കാനാവുന്ന മറ്റൊരു ബൈബിൾ തത്ത്വം 2 കൊരിന്ത്യർ 7:1-ൽ [NW] കാണുന്നുണ്ട്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ശരീരത്തിന്റെയും ആത്മാവിന്റെയും എല്ലാ അശുദ്ധിയിൽനിന്നും നമ്മെത്തന്നെ ശുചീകരിക്കാം.” ഈ നിശ്വസ്‌ത വചനങ്ങൾ അനുസരിക്കുന്നവർ, “ശുദ്ധവും കളങ്കമില്ലാത്തതുമായ ആരാധന” ആവശ്യപ്പെടുന്ന യഹോവയ്‌ക്കു സ്വീകാര്യരാണ്. (യാക്കോബ് 1:27, NW) അതുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങൾ അവരുടെ കുടുംബത്തിനു ലഭിക്കുന്നു.
13. വീട്ടുകാര്യങ്ങളുടെ നടത്തിപ്പിൽ, ശുചിത്വം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 ഉദാഹരണത്തിന്, മേലാൽ രോഗവും ദീനവും ഉണ്ടായിരിക്കുകയില്ലാത്ത നാൾ വരുമെന്നു ബൈബിൾ നമുക്ക് ഉറപ്പുതരുന്നു. അന്ന്, “നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല.” (ഏശയ്യാ 33:24, പി.ഒ.സി. ബൈബിൾ; വെളിപ്പാടു 21:4, 5) എന്നാൽ ആ നാൾവരെ, കാലാകാലങ്ങളിൽ ഓരോ കുടുംബവും രോഗം പിടിപെടുമ്പോൾ ചികിത്സിക്കേണ്ടതുണ്ട്. പൗലോസിനും തിമോത്തിക്കുംപോലും അസുഖം പിടിപെട്ടു. (ഗലാത്യർ 4:13; 1 തിമൊഥെയൊസ് 5:23) എന്നിരുന്നാലും, അനേകം രോഗങ്ങളും പ്രതിരോധ്യമാണെന്നാണു വൈദ്യശാസ്‌ത്ര വിദഗ്‌ധർ പറയുന്നത്. ശാരീരികവും ആത്മീയവുമായ അശുദ്ധി ഒഴിവാക്കി, അങ്ങനെ ജ്ഞാനം പ്രകടമാക്കുന്ന കുടുംബങ്ങൾക്കു പ്രതിരോധ്യമായ ചില രോഗങ്ങൾ പിടിപെടുന്നില്ല. അതെങ്ങനെയെന്നു നമുക്കു പരിചിന്തിക്കാം.—സദൃശവാക്യങ്ങൾ 22:3 താരതമ്യം ചെയ്യുക.
14. ധാർമിക ശുദ്ധിക്ക് ഒരു കുടുംബത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനാവുന്നത് ഏതു വിധത്തിൽ?
14 ആത്മാവിന്റെ ശുദ്ധിയിൽ ധാർമിക ശുദ്ധി ഉൾപ്പെടുന്നുണ്ട്. പരക്കെ അറിയപ്പെടുന്നതുപോലെ, ബൈബിൾ ഉയർന്ന ധാർമിക നിലവാരങ്ങൾ ഉന്നമിപ്പിക്കുകയും വിവാഹത്തിനു പുറത്തുള്ള ഏതൊരു ലൈംഗിക അടുപ്പത്തെയും കുറ്റംവിധിക്കുകയും ചെയ്യുന്നു. “പരസംഗം ചെയ്യുന്നവർ . . . വ്യഭിചാരികൾ, അസ്വാഭാവിക ഉപയോഗത്തിനായി സൂക്ഷിക്കപ്പെടുന്ന പുരുഷന്മാർ, പുരുഷന്മാരോടുകൂടെ ശയിക്കുന്ന പുരുഷന്മാർ . . . ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10, NW) ജീർണിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ജീവിക്കുന്ന ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ഈ കർശന നിലവാരങ്ങൾ പാലിക്കുകയെന്നതു വളരെ പ്രധാനമാണ്. അപ്രകാരം ചെയ്യുന്നതു ദൈവത്തെ പ്രീതിപ്പെടുത്തുന്നു, മാത്രവുമല്ല എയ്‌ഡ്‌സ്, സിഫ്‌ലസ്, ഗോണറീയ, ക്ലാമിഡിയ മുതലായ ലൈംഗികമായി പകരുന്ന രോഗങ്ങളിൽനിന്നു കുടുംബത്തെ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 7:10-23.
15. അനാവശ്യ അസുഖങ്ങൾക്കിടയാക്കുന്ന ശാരീരിക ശുചിത്വത്തിന്റെ അഭാവത്തിന് ഒരു ഉദാഹരണം നൽകുക.
15 ‘ശരീരത്തിന്റെ എല്ലാ അശുദ്ധിയിൽനിന്നും സ്വയം ശുദ്ധീകരിക്കുന്നത്’ കുടുംബത്തെ മറ്റു രോഗങ്ങളിൽനിന്നു സംരക്ഷിക്കാൻ സഹായിക്കുന്നു. ശാരീരിക ശുചിത്വത്തിന്റെ അഭാവം നിമിത്തം അനേകം രോഗങ്ങൾ ഉണ്ടാകുന്നു. പുകവലിശീലംതന്നെ ഒന്നാന്തരം ഉദാഹരണം. പുകവലി ശ്വാസകോശങ്ങളെയും വസ്‌ത്രങ്ങളെയും വായുവിനെത്തന്നെയും മലിനമാക്കുന്നുവെന്നുമാത്രമല്ല, അത് ആളുകൾക്ക് അസുഖമുണ്ടാക്കുകയും ചെയ്യും. പുകയില ഉപയോഗം നിമിത്തം ലക്ഷക്കണക്കിന് ആളുകൾ വർഷംതോറും മരണമടയുന്നുണ്ട്. അതിനെക്കുറിച്ച് ഒന്ന് ആലോചിച്ചുനോക്കുക. ‘ശരീരത്തിന്റെ ആ അശുദ്ധി’ ഒഴിവാക്കിയിരുന്നെങ്കിൽ, വർഷംതോറും ലക്ഷക്കണക്കിന് ആളുകൾ അസുഖം പിടിപെട്ട് അകാല മൃത്യുവിന് ഇരയാകുമായിരുന്നില്ല!
16, 17. (എ) യഹോവ നൽകിയ ഏതു നിയമം ഇസ്രായേല്യരെ ചില രോഗങ്ങളിൽനിന്നു സംരക്ഷിച്ചു? (ബി) ആവർത്തനപുസ്‌തകം 23:12, 13-നു പിന്നിലെ തത്ത്വം എല്ലാ കുടുംബങ്ങളിലും ബാധകമാക്കാവുന്നതെങ്ങനെ?
16 മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഏതാണ്ട് 3,500 വർഷംമുമ്പ്, ദൈവം ഇസ്രായേൽ ജനതയ്‌ക്ക് അവരുടെ ആരാധന, ഒരളവുവരെ അവരുടെ അനുദിന ജീവിതം, വ്യവസ്ഥപ്പെടുത്തുന്നതിനുവേണ്ടി തന്റെ ന്യായപ്രമാണം കൊടുത്തു. ആരോഗ്യപരിപാലനത്തിൽ ഏതാനും അടിസ്ഥാന നിയമങ്ങൾ വെച്ചുകൊണ്ട് ആ ന്യായപ്രമാണം ജനതയെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാൻ സഹായിച്ചു. മനുഷ്യവിസർജ്യം എങ്ങനെ മറവു ചെയ്യണമെന്നതു സംബന്ധിച്ചുള്ളതായിരുന്നു അത്തരമൊരു നിയമം. ആളുകൾ പാർക്കുന്നിടം മലിനമാകാതിരിക്കാൻ അതു ക്യാമ്പിൽനിന്ന് അകലെ ശരിയാംവണ്ണം കുഴിച്ചുമൂടണമായിരുന്നു. (ആവർത്തനപുസ്‌തകം 23:12, 13) ആ പുരാതന നിയമം ഇപ്പോഴും നല്ല ഉപദേശംതന്നെയാണ്. അതു പിൻപറ്റാത്തതുകൊണ്ട്, ഇന്നുപോലും ആളുകൾ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നുണ്ട്. *
17 ആ ഇസ്രായേല്യ നിയമത്തിനു പിന്നിലെ തത്ത്വത്തിനു ചേർച്ചയിൽ, വീടിന് അകത്തായാലും പുറത്തായാലും കുടുംബത്തിന്റെ കുളിമുറിയും കക്കൂസും അവയുടെ പരിസരവും വൃത്തിയായും രോഗാണുവിമുക്തമായും സൂക്ഷിക്കണം. കക്കൂസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുമില്ല, അതേസമയം തുറന്നുകിടക്കുകയുമാണെങ്കിൽ, ഈച്ചകളെത്തി വീടിന്റെ മറ്റുഭാഗങ്ങളിലേക്കും, കൂടാതെ നാം കഴിക്കുന്ന ആഹാരസാധനങ്ങളിലേക്കും അണുക്കളെ പരത്തും! മാത്രവുമല്ല, ഇത്തരം സ്ഥലത്തേക്കു പോകുന്ന കുട്ടികളും മുതിർന്നവരും അവയുടെ ഉപയോഗത്തിനുശേഷം കൈകൾ കഴുകണം. അല്ലാത്തപക്ഷം, അവരുടെ ത്വക്കിലൂടെ അവർ അണുക്കളെയും കൊണ്ടുവരുന്നതായിരിക്കും. ഒരു ഫ്രഞ്ച് ഡോക്ടർ പറയുന്നതനുസരിച്ച്, കൈകഴുകൽ “ഇപ്പോഴും ചില ദഹന, ശ്വസന തകരാറുകളോ ത്വക്ക് രോഗങ്ങളോ പിടിപെടാതിരിക്കുന്നതിനുള്ള ഏറ്റവും നല്ല ഉറപ്പുള്ള സംഗതികളിലൊന്നാണ്.”
18, 19. മോശമായ ഒരു ചുറ്റുപാടിൽപ്പോലും ശുചിത്വമുള്ള ഒരു ഭവനം നിലനിർത്തുന്നതിന് എന്തു നിർദേശങ്ങൾ നൽകപ്പെടുന്നു?
18 മോശമായ ഒരു ചുറ്റുപാടിൽ ശുചിത്വം പാലിക്കുന്നത് ഒരു വെല്ലുവിളിയാണെന്നതു സത്യംതന്നെ. അത്തരം പ്രദേശങ്ങൾ പരിചയമുള്ള ഒരാൾ ഇങ്ങനെ വിശദീകരിക്കുകയുണ്ടായി: “ക്ഷീണിപ്പിക്കുന്ന ഉഷ്‌ണകാലാവസ്ഥ ശുചീകരണവേലയെ ഇരട്ടി ദുഷ്‌കരമാക്കുന്നു. പൊടിപറത്തി ആഞ്ഞടിക്കുന്ന കാറ്റ് വീടിന്റെ സകല വിടവുകളെയും നേരിയ കറുത്ത പൊടികൊണ്ടു മൂടും. . . . നഗരങ്ങളിലെയും ചില ഗ്രാമപ്രദേശങ്ങളിലെയും പെരുകുന്ന ജനസംഖ്യയും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തുറന്ന ഓടകൾ, ആരും എടുത്തുമാറ്റാനില്ലാതെ കുന്നുകൂടിക്കിടക്കുന്ന ചപ്പുചവറുകൾ, മലിനമായ പൊതു കക്കൂസുകൾ, രോഗാണുവാഹികളായ എലികൾ, പാറ്റകൾ, ഈച്ചകൾ എന്നിവയെല്ലാം സാധാരണ കാഴ്‌ചകളായിമാറിയിരിക്കുന്നു.”
19 ഇത്തരം അവസ്ഥകളിൽ ശുചിത്വം നിലനിർത്തുക ദുഷ്‌കരമാണ്. എന്നാലും, പ്രയത്‌നത്തിനുതക്ക മൂല്യമുണ്ട്. സോപ്പിനും വെള്ളത്തിനും കുറച്ച് അധിക വേലയ്‌ക്കും മരുന്നിനെക്കാളും ആശുപത്രി ബില്ലുകളെക്കാളും ചെലവുകുറവാണ്. അത്തരമൊരു ചുറ്റുപാടിലാണു നിങ്ങൾ പാർക്കുന്നതെങ്കിൽ, സാധിക്കുന്നിടത്തോളം നിങ്ങളുടെ സ്വന്തം വീടും മുറ്റവും വൃത്തിയായും മൃഗവിസർജ്യങ്ങൾ വീണുകിടക്കാതെയും സൂക്ഷിക്കുക. നിങ്ങളുടെ വീട്ടിലേക്കുള്ള വഴി മഴക്കാലത്തു ചെളികെട്ടിക്കിടക്കുന്നതാണെങ്കിൽ, ചരലോ കല്ലോ ഇട്ട് വീട്ടിലേക്കു ചെളി വരാതെ നോക്കരുതോ? ഷൂസോ ചെരിപ്പോ ഉപയോഗിക്കുന്നെങ്കിൽ, വീട്ടിലേക്കു പ്രവേശിക്കുന്നതിനുമുമ്പായി അവ അഴിച്ചുവെക്കാമോ? കൂടാതെ, നിങ്ങൾ ഉപയോഗിക്കുന്ന വെള്ളം മലിനമാകാതെ സൂക്ഷിക്കണം. അഴുക്കുവെള്ളവും മോശമായ ആരോഗ്യപരിപാലനവും നിമിത്തം വർഷംതോറും കുറഞ്ഞപക്ഷം 20 ലക്ഷം ആളുകളെങ്കിലും മരണമടയുന്നതായാണു കണക്ക്.
20. വീടു വൃത്തിയുള്ളതായിരിക്കണമെങ്കിൽ, ഉത്തരവാദിത്വത്തിൽ ആർക്കു പങ്കുണ്ടായിരിക്കണം?
20 വൃത്തിയുള്ള ഒരു ഭവനം മാതാവ്, പിതാവ്, കുട്ടികൾ, സന്ദർശകർ എന്നിങ്ങനെ സകലരെയും ആശ്രയിച്ചിരിക്കുന്നു. കെനിയയിൽ, എട്ടു മക്കളുള്ള ഒരു അമ്മ പറഞ്ഞു: “എല്ലാവരും തങ്ങളുടെ ഭാഗം നിർവഹിക്കാൻ പഠിച്ചിരിക്കുന്നു.” വൃത്തിയും വെടിപ്പുമുള്ള ഒരു ഭവനം മുഴുകുടുംബത്തിനും സൽപ്പേരുണ്ടാക്കുന്നു. ഒരു സ്‌പാനീഷ് പഴഞ്ചൊല്ല് ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദാരിദ്ര്യത്തിനും ശുചിത്വത്തിനും ഇടയിൽ യാതൊരു പോരാട്ടവുമില്ല.” ഒരാൾ താമസിക്കുന്നത് കൊട്ടാരത്തിലോ അപ്പാർട്ടുമെൻറിലോ സാധാരണ വീട്ടിലോ കുടിലിലോ ആയാലും നല്ല ആരോഗ്യമുള്ള കുടുംബത്തിനുള്ള ഒരു താക്കോലാണു ശുചിത്വം.
പ്രോത്സാഹനം നമ്മെ അഭിവൃദ്ധിപ്പെടുത്തുന്നു
21. സദൃശവാക്യങ്ങൾ 31:28-നോടുള്ള ചേർച്ചയിൽ, കുടുംബത്തിൽ സന്തുഷ്ടി കൈവരാൻ എന്തു സഹായിക്കും?
21 സാമർഥ്യമുള്ള ഭാര്യയെക്കുറിച്ചു ചർച്ചചെയ്യവേ, സദൃശവാക്യങ്ങൾ എന്ന പുസ്‌തകം പറയുന്നു: “അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്‌ത്തുന്നു; അവളുടെ ഭർത്താവും അവളെ പ്രശംസിക്കു”ന്നു. (സദൃശവാക്യങ്ങൾ 31:28) നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ നിങ്ങൾ എപ്പോഴാണ് അവസാനമായി പ്രശംസിച്ചത്? വാസ്‌തവത്തിൽ, വസന്തകാലത്ത് അൽപ്പം ഊഷ്‌മാവും ഈർപ്പവും ലഭിക്കുന്നതോടെ പുഷ്‌പിക്കാൻ തയ്യാറായിനിൽക്കുന്ന സസ്യങ്ങളെപ്പോലെയാണു നാം. നമ്മുടെ കാര്യത്തിൽ, പ്രശംസയുടെ ഊഷ്‌മളത നമുക്ക് ആവശ്യമാണ്. ഭർത്താവു തന്റെ കഠിനവേലയെയും സ്‌നേഹപുരസ്സരമായ പരിപാലനയെയും വിലമതിക്കുന്നുവെന്നും അദ്ദേഹം തന്നെ നിസ്സാരമട്ടിൽ കാണുന്നില്ലെന്നും അറിയാൻ അതു ഭാര്യയെ സഹായിക്കുന്നു. (സദൃശവാക്യങ്ങൾ 15:23; 25:11) വീടിന് അകത്തും പുറത്തും ഭർത്താവു ചെയ്യുന്ന വേലയ്‌ക്ക് അദ്ദേഹത്തെ ഒരു ഭാര്യ പ്രശംസിക്കുമ്പോൾ അതു സന്തോഷകരമാണ്. വീട്ടിലോ സ്‌കൂളിലോ ക്രിസ്‌തീയ സഭയിലോ കുട്ടികൾ ചെയ്യുന്ന വേലകൾക്ക് അവരെ മാതാപിതാക്കൾ പ്രശംസിക്കുമ്പോൾ അവരും പുഷ്‌പിക്കുന്നു. ചെറുതായൊരു കൃതജ്ഞതാപ്രകടനം എത്രമാത്രം നേട്ടമാണു കൈവരിക്കുന്നത്! “നന്ദി” എന്നു പറയുന്നതിന് എന്തു ബുദ്ധിമുട്ടാണുള്ളത്? വളരെ കുറച്ച്. എന്നിരുന്നാലും, ഇതിനു കുടുംബത്തിന്റെ മനോവീര്യം വളരെയധികം ഉയർത്താൻ കഴിയും.
22. ഒരു ഭവനം “ഉറപ്പായി സ്ഥാപിത”മാകുന്നതിന് എന്താവശ്യമാണ്, ഇത് എങ്ങനെ നേടിയെടുക്കാം?
22 അനേകം കാരണങ്ങളാൽ, വീട്ടുകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നത് എളുപ്പമല്ല. എങ്കിലും അതു വിജയകരമായി ചെയ്യാവുന്നതാണ്. ഒരു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു [“ഉറപ്പായി സ്ഥാപിതമെന്നു തെളിയും,” NW].” (സദൃശവാക്യങ്ങൾ 24:3) കുടുംബത്തിലെ എല്ലാവരും ദൈവേഷ്ടം പഠിക്കാനും അതു തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാനും കഠിനമായി ശ്രമിക്കുന്നെങ്കിൽ, ജ്ഞാനവും വിവേകവും നേടാവുന്നതാണ്. തീർച്ചയായും ശ്രമങ്ങൾക്കുതക്ക മൂല്യം ഒരു സന്തുഷ്ടകുടുംബത്തിനുണ്ട്!
^ അനേകം ശിശുമരണങ്ങൾക്ക് ഇടയാക്കുന്ന ഒരു സർവസാധാരണ രോഗമായ അതിസാരം പിടിപെടാതെ നോക്കേണ്ടതെങ്ങനെയെന്നു പറയുന്ന ഒരു ചെറുപുസ്‌തകത്തിൽ, ലോകാരോഗ്യ സംഘടന ഇങ്ങനെ പ്രസ്‌താവിക്കുന്നു: “കക്കൂസ് ഇല്ലെങ്കിൽ: മലവിസർജനം ചെയ്യുമ്പോൾ വീട്ടിൽനിന്നും കുട്ടികൾ കളിക്കുന്ന പ്രദേശത്തുനിന്നും അകലം കാക്കുക, വെള്ളം ലഭിക്കുന്നിടത്തുനിന്നു ചുരുങ്ങിയതു 10 മീറ്ററെങ്കിലും അകലമുണ്ടായിരിക്കണം. മലം മണ്ണിട്ടു മൂടുകയുംവേണം.”