അധ്യായം ഒന്ന്
കുടുംബസന്തുഷ്ടിക്ക് ഒരു രഹസ്യമുണ്ടോ?
1. മനുഷ്യ സമുദായത്തിൽ കരുത്തുറ്റ കുടുംബങ്ങൾ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന സ്ഥാപനമാണു കുടുംബം. മനുഷ്യ സമുദായത്തിൽ മർമപ്രധാനമായ ഒരു പങ്കാണ് അതിനുള്ളത്. ചരിത്രത്തിലുടനീളം, കരുത്തുറ്റ കുടുംബങ്ങൾ കരുത്തുറ്റ സമുദായങ്ങൾ ഉളവാക്കാൻ സഹായിച്ചിട്ടുണ്ട്. കുട്ടികളെ വളർത്തി പക്വതയുള്ള മുതിർന്നവർ ആക്കിത്തീർക്കുന്നതിനുള്ള ഏറ്റവും നല്ല ക്രമീകരണമാണു കുടുംബം.
2-5. (എ) ഒരു സന്തുഷ്ട കുടുംബത്തിൽ ഒരു കുട്ടിക്കു തോന്നുന്ന സുരക്ഷിതത്വം വർണിക്കുക. (ബി) ചില കുടുംബങ്ങളിൽ എന്തു പ്രശ്‌നങ്ങളുള്ളതായി റിപ്പോർട്ടുണ്ട്?
2 ഭദ്രതയ്‌ക്കും സുരക്ഷിതത്വത്തിനുമുള്ള ഒരു അഭയസ്ഥാനമാണു സന്തുഷ്ടകുടുംബം. ആദർശപൂർണമായ ഒരു കുടുംബത്തെ ഒരു നിമിഷം ഒന്നു വിഭാവന ചെയ്യുക. പരിപാലനമേകുന്ന മാതാപിതാക്കൾ അത്താഴവേളയിൽ കുട്ടികളോടൊപ്പമിരുന്ന് അന്നത്തെ സംഭവങ്ങൾ ചർച്ചചെയ്യുന്നു. സ്‌കൂളിൽ സംഭവിച്ച കാര്യങ്ങൾ മാതാവിനോടും പിതാവിനോടും പറയുമ്പോൾ കുട്ടികൾ ആവേശഭരിതരാകുന്നു, വാചാലരാകുന്നു. അങ്ങനെ ഒരുമിച്ചു ചെലവഴിക്കുന്ന ഉല്ലാസവേളകളിൽനിന്ന് ഓരോരുത്തർക്കും പുറമേയുള്ള ലോകത്തിൽ മറ്റൊരു ദിവസം ചെലവഴിക്കുന്നതിനുവേണ്ട നവോന്മേഷം ലഭിക്കുന്നു.
3 ഒരു സന്തുഷ്ടകുടുംബത്തിൽ, ഒരു കുട്ടിക്ക് അറിയാം, തനിക്കു രോഗം പിടിപെടുമ്പോൾ മാതാവും പിതാവും തന്നെ ശുശ്രൂഷിക്കുമെന്ന്, ഒരുപക്ഷേ രാത്രിമുഴുവൻ അവർ മാറിമാറി തന്റെ കിടക്കയ്‌ക്കരികിൽ വന്നു കൂട്ടിനിരിക്കുമെന്ന്. അവനറിയാം തന്റെ കുരുന്നു ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളുമായി മാതാവിന്റെയോ പിതാവിന്റെയോ അടുക്കൽ പോയി ഉപദേശവും പിന്തുണയും നേടാനാവുമെന്ന്. അതേ, പുറംലോകം എത്രമാത്രം കുഴപ്പങ്ങൾ നിറഞ്ഞതായിരുന്നാലുംശരി, കുട്ടിക്കു സുരക്ഷിതത്വം തോന്നുന്നു.
4 മക്കൾ വളർച്ചയെത്തുമ്പോൾ, സാധാരണമായി അവർ വിവാഹം കഴിക്കുന്നു. അതോടെ അവർക്ക് ഒരു കുടുംബമാവുകയായി. “തന്റെ മാതാപിതാക്കളോടു താൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ഒരുവൻ തിരിച്ചറിയുന്നത് തനിക്ക് ഒരു കുട്ടിയുണ്ടാകുമ്പോഴാണ്,” ഒരു പൗരസ്‌ത്യ പഴഞ്ചൊല്ലു പറയുന്നു. വളർച്ചയെത്തിയ കുട്ടികൾ, ആഴത്തിലുള്ള കൃതജ്ഞതാബോധത്തോടെയും സ്‌നേഹത്തോടെയും തങ്ങളുടെ സ്വന്തം കുടുംബത്തെ സന്തുഷ്ടമാക്കാൻ ശ്രമിക്കുന്നു. മാത്രവുമല്ല, ഇപ്പോൾ വാർധക്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന മാതാപിതാക്കളെ അവർ പരിപാലിക്കുകയും ചെയ്യുന്നു. അവർക്കാണെങ്കിലോ, തങ്ങളുടെ കൊച്ചുമക്കളോടൊപ്പമായിരിക്കുന്നതിൽ ആഹ്ലാദമേ ഉണ്ടായിരിക്കൂ.
5 ഒരുപക്ഷേ നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവും: ‘കൊള്ളാം, എന്നാൽ അത് ഇപ്പോൾ വർണിച്ച കുടുംബത്തെപ്പോലെയല്ലെങ്കിലും, എന്റെ കുടുംബത്തെ ഞാൻ സ്‌നേഹിക്കുന്നുണ്ട്. വ്യത്യസ്‌ത സമയങ്ങളിൽ ജോലിചെയ്യുന്ന ഞാനും എന്റെ ഇണയും പരസ്‌പരം കാണാറില്ല. ഇനി ഞങ്ങളുടെ സംസാരമാണെങ്കിലോ, മിക്കവാറും പണസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചായിരിക്കും. അല്ലെങ്കിൽ ‘എന്റെ മക്കളും കൊച്ചുമക്കളും മറ്റൊരു പട്ടണത്തിലാണു താമസിക്കുന്നത്. എനിക്ക് അവരെ ഒരിക്കലും കാണാനാവുന്നില്ല’ എന്നു നിങ്ങൾ പറയുന്നുവോ? അതേ, പലപ്പോഴും കാരണങ്ങൾ, ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ നിയന്ത്രണത്തിന് അപ്പുറമായിരിക്കുന്നതിനാൽ മിക്ക കുടുംബജീവിതവും ആദർശപൂർണമല്ല. എന്നാലും, ചിലർ സന്തുഷ്ട കുടുംബജീവിതം നയിക്കുന്നുണ്ട്. എങ്ങനെ? കുടുംബസന്തുഷ്ടിക്ക് ഒരു രഹസ്യമുണ്ടോ? ഉണ്ട് എന്നതാണ് ഉത്തരം. എന്നാൽ അത് എന്താണെന്നു ചർച്ചചെയ്യുന്നതിനുമുമ്പ്, നാം ഒരു പ്രധാന ചോദ്യത്തിന് ഉത്തരം നൽകണം.
ഒരു കുടുംബം എന്താണ്?
6. ഏതുതരം കുടുംബങ്ങളെപ്പറ്റിയായിരിക്കും ഈ പുസ്‌തകത്തിൽ ചർച്ചചെയ്യുക?
6 പാശ്ചാത്യരാജ്യങ്ങളിൽ, ഒരു പിതാവും മാതാവും കുട്ടികളും അടങ്ങുന്നതാണു മിക്ക കുടുംബങ്ങളും. വല്യമ്മവല്യപ്പന്മാർ സാധിക്കുന്നിടത്തോളംകാലം സ്വന്തം ഭവനങ്ങളിൽത്തന്നെ പാർത്തേക്കാം. കൂടുതൽ അകന്ന ബന്ധുക്കളുമായി സമ്പർക്കമുണ്ടാകുമെങ്കിലും, അവരോടുള്ള കടമകൾ പരിമിതമാണ്. അടിസ്ഥാനപരമായി, ഈ പുസ്‌തകത്തിൽ നാം ചർച്ചചെയ്യാൻ പോകുന്ന കുടുംബം ഇതാണ്. എന്നിരുന്നാലും, മാതാവോ പിതാവോ മാത്രമുള്ള കുടുംബം, രണ്ടാനമ്മയോ രണ്ടാനച്ഛനോ ഉള്ള കുടുംബം, ഏതെങ്കിലും കാരണത്താൽ മാതാപിതാക്കൾ ഒരുമിച്ചു പാർക്കാത്ത കുടുംബം എന്നിങ്ങനെയുള്ള മറ്റു കുടുംബങ്ങൾ സമീപവർഷങ്ങളിൽ കൂടുതൽ സാധാരണമായിത്തീർന്നിരിക്കുകയാണ്.
7. വിസ്‌തൃത കുടുംബം എന്താണ്?
7 ചില സംസ്‌കാരങ്ങളിൽ സാധാരണമായി കാണുന്ന ഒന്നാണ് വിസ്‌തൃത കുടുംബം. സാധ്യമെങ്കിൽ, മക്കൾ ദിനചര്യയെന്നപോലെ തങ്ങളുടെ വല്യമ്മവല്യപ്പന്മാരെ സംരക്ഷിക്കുകയാണ് ഈ ക്രമീകരണത്തിലെ പതിവ്. അകന്ന ബന്ധുക്കളുമായി അടുത്ത ബന്ധമുണ്ടായിരിക്കുകയും അവരോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഭാഗിനേയിമാർ, ഭാഗിനേയന്മാർ, അല്ലെങ്കിൽ അതിലും അകന്ന ബന്ധുക്കൾ മുതലായവരെ പിന്തുണച്ചു വളർത്തിക്കൊണ്ടുവരാനും അവരുടെ വിദ്യാഭ്യാസ ചെലവുകൾപോലും വഹിക്കാനും കുടുംബാംഗങ്ങൾ സഹായിച്ചേക്കാം. ഈ പ്രസിദ്ധീകരണത്തിൽ ചർച്ചചെയ്യാനിരിക്കുന്ന തത്ത്വങ്ങൾ വിസ്‌തൃത കുടുംബങ്ങൾക്കും ബാധകമാണ്.
സമ്മർദത്തിൻകീഴിലെ കുടുംബം
8, 9. കുടുംബത്തിനു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ചില രാജ്യങ്ങളിലെ ഏതെല്ലാം പ്രശ്‌നങ്ങൾ പ്രകടമാക്കുന്നു?
8 ഇന്നു കുടുംബത്തിനു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതു പ്രയോജനപ്രദമായ വിധത്തിലല്ല എന്നു പറയേണ്ടിവരുന്നതു സങ്കടകരംതന്നെ. ഉദാഹരണത്തിന് ഇന്ത്യയിലെ സ്ഥിതിയെടുക്കാം. ഭർത്താവിന്റെ കുടുംബത്തോടൊപ്പം ജീവിക്കുക, ഭവനത്തിൽ ഭർത്തൃബന്ധുക്കൾ പറയുന്ന ജോലികൾ ചെയ്യുക, ഇതാണ് ഇന്ത്യയിലെ ഭാര്യയുടെ സ്ഥിതി. എന്നാൽ ഈയിടെയായി, ഇന്ത്യയിലെ ഭാര്യമാർ വീടിനു പുറത്തു തൊഴിലെടുക്കുന്നത് ഒരു അസാധാരണ സംഗതിയല്ല. എന്നിട്ടും കുടുംബത്തിലെ പരമ്പരാഗത കർത്തവ്യങ്ങൾ നിറവേറ്റാൻ അവർ പ്രതീക്ഷിക്കപ്പെടുന്നുവെന്നതു വ്യക്തമാണ്. കുടുംബത്തിലെ മറ്റ് അംഗങ്ങളോടുള്ള താരതമ്യത്തിൽ, പുറത്തു ജോലിക്കുപോകുന്ന ഒരു സ്‌ത്രീ ഭവനത്തിൽ എന്തുമാത്രം ജോലിയെടുക്കണം എന്നതാണ് അനേകം രാജ്യങ്ങളിലും ഉന്നയിക്കപ്പെടുന്ന പ്രശ്‌നം.
9 പൗരസ്‌ത്യ സമുദായങ്ങളിൽ, കരുത്തുറ്റ വിസ്‌തൃത കുടുംബബന്ധങ്ങൾ പരമ്പരാഗതമാണ്. എന്നിരുന്നാലും, പാശ്ചാത്യ ശൈലിയിലുള്ള വ്യക്തിമാഹാത്മ്യവാദം ഹേതുവായുള്ള സ്വാധീനത്തിന്റെയും സാമ്പത്തിക പ്രശ്‌നങ്ങൾ ഹേതുവായുള്ള സമ്മർദത്തിന്റെയും കീഴിൽ പരമ്പരാഗത വിസ്‌തൃത കുടുംബം ദുർബലമാവുകയാണ്. അതുകൊണ്ട്, അനേകരും പ്രായംചെന്ന കുടുംബാംഗങ്ങളുടെ പരിപാലനത്തെ വീക്ഷിക്കുന്നതുതന്നെ ഒരു ഭാരമായിട്ടാണ്, അല്ലാതെ ഒരു കടമയോ പദവിയോ ആയിട്ടല്ല. പ്രായംചെന്ന ചില മാതാപിതാക്കൾ ദുഷ്‌പെരുമാറ്റത്തിനു വിധേയരാകുന്നു. വാസ്‌തവത്തിൽ, വൃദ്ധരോടുള്ള ദുഷ്‌പെരുമാറ്റവും അവഗണനയും ഇന്ന് അനേക രാജ്യങ്ങളിലും നിലവിലുണ്ട്.
10, 11. യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബത്തിനു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഏതെല്ലാം വസ്‌തുതകൾ പ്രകടമാക്കുന്നു?
10 വിവാഹമോചനം വർധിച്ച നിരക്കിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. 20-ാം നൂറ്റാണ്ടിലെ അവസാന പതിറ്റാണ്ടിന്റെ ആരംഭത്തോടെ സ്‌പെയിനിൽ വിവാഹമോചന നിരക്ക് 8 വിവാഹങ്ങളിൽ 1 എന്ന തോതിൽ ഉയർന്നു. അതാകട്ടെ, കേവലം 25 വർഷംമുമ്പുണ്ടായിരുന്ന 100-ൽ 1 എന്ന തോതിൽനിന്നുള്ള ഒരു വൻകുതിപ്പുതന്നെയാണെന്നു പറയാം. യൂറോപ്പിൽ ഏറ്റവും കൂടുതൽ വിവാഹമോചനനിരക്കു റിപ്പോർട്ടുചെയ്യപ്പെടുന്ന ബ്രിട്ടനിൽ (10-ൽ 4 വിവാഹങ്ങളും പരാജയപ്പെടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു) മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ ഒരു കുതിച്ചുകയറ്റംതന്നെ കാണുന്നുണ്ട്.
11 ജർമനിയിൽ അനേകരും പരമ്പരാഗത കുടുംബത്തെ മുഴുവനായി ഉപേക്ഷിക്കുന്നതായാണു കാണുന്നത്. 1990-കളിൽ ജർമനിയിലെ ഭവനങ്ങളിൽ 35 ശതമാനവും ഏകാംഗ കുടുംബങ്ങളായിരുന്നു; 31 ശതമാനം ഭവനങ്ങളിലാകട്ടെ, കേവലം രണ്ടു പേരും. വിവാഹിതരാകുന്ന ഫ്രഞ്ചുകാരുടെ എണ്ണവും കുറഞ്ഞുകുറഞ്ഞുവരുകയാണ്. വിവാഹം ചെയ്യുന്നവരാകട്ടെ, മുമ്പത്തെക്കാളധികമായും വേഗത്തിലും വിവാഹമോചനം നടത്തുന്നു. വിവാഹത്തിന്റെ ഉത്തരവാദിത്വം കൂടാതെ ഒരുമിച്ചു പാർക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. ലോകവ്യാപകമായി കണ്ടുവരുന്നതും സമാനമായ പ്രവണതതന്നെ.
12. ആധുനിക കുടുംബത്തിലെ മാറ്റങ്ങൾ നിമിത്തം കുട്ടികൾ കഷ്ടപ്പെടുന്നതെങ്ങനെ?
12 കുട്ടികളുടെ കാര്യമോ? ഐക്യനാടുകളിലും മറ്റ് അനേകം രാജ്യങ്ങളിലും ചില ഇളംകൗമാരപ്രായക്കാർ ഉൾപ്പെടെയുള്ളവർക്കു വിവാഹബന്ധത്തിനു വെളിയിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം വർധിച്ചുവരുകയാണ്. വ്യത്യസ്‌ത പിതാക്കന്മാരിൽനിന്നു പല കുട്ടികൾക്കു ജന്മം നൽകിയിരിക്കുന്ന കൗമാരപ്രായക്കാരായ പെൺകുട്ടികൾ അനേകരുണ്ട്. തെരുവിൽ അലഞ്ഞുതിരിയുന്ന, ഭവനരഹിതരായ ലക്ഷക്കണക്കിനു കുട്ടികളെക്കുറിച്ചു ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും റിപ്പോർട്ടുണ്ട്. അവരിൽ അനേകരും കുടുംബത്തിൽനിന്നു ലഭിക്കുന്ന ദുഷ്‌പെരുമാറ്റംനിമിത്തം ഓടിപ്പോരുന്നവരോ പോറ്റാനാവാത്തതുനിമിത്തം വീട്ടിൽനിന്നു പുറത്താക്കപ്പെടുന്നവരോ ആണ്.
13. വ്യാപകമായ ഏതു പ്രശ്‌നങ്ങളാണു കുടുംബങ്ങളുടെ സന്തുഷ്ടി കവർന്നെടുക്കുന്നത്?
13 അതേ, കുടുംബം പ്രതിസന്ധിയിലാണ്. ഇതിനോടകം പ്രതിപാദിച്ചതിനു പുറമേ, കൗമാരപ്രായക്കാരുടെ ധിക്കാരം, കുട്ടികളോടുള്ള ദുഷ്‌പെരുമാറ്റം, ദമ്പതികൾക്കിടയിലെ അക്രമം, മദ്യാസക്തി, മറ്റു നാശഗ്രസ്‌തമായ പ്രശ്‌നങ്ങൾ എന്നിവയെല്ലാം നിരവധി കുടുംബങ്ങളുടെ സന്തുഷ്ടി കവർന്നെടുക്കുന്നു. അനേകം കുട്ടികൾക്കും മുതിർന്നവർക്കും കുടുംബം ഒരു അഭയസ്ഥാനം ആയിരിക്കുന്നേയില്ല.
14. (എ) ചിലർ പറയുന്നതനുസരിച്ച്, കുടുംബ പ്രതിസന്ധിയുടെ കാരണങ്ങൾ എന്തെല്ലാം? (ബി) ഒന്നാം നൂറ്റാണ്ടിലെ ഒരു നിയമജ്ഞൻ ഇന്നത്തെ ലോകത്തെ വർണിച്ചതെങ്ങനെ, അദ്ദേഹത്തിന്റെ വചനങ്ങളുടെ നിവൃത്തിക്കു കുടുംബജീവിതത്തിന്മേൽ എന്തു സ്വാധീനമാണ് ഉണ്ടായിരിക്കുന്നത്?
14 കുടുംബ പ്രതിസന്ധിയുടെ കാരണമെന്താണ്? ഇപ്പോഴത്തെ കുടുംബ പ്രതിസന്ധിക്കു ചിലർ പഴിചാരുന്നതു തൊഴിൽസ്ഥലത്തേക്കുള്ള സ്‌ത്രീകളുടെ പ്രവേശനത്തെയാണ്. മറ്റുള്ളവർ ഇന്നത്തെ ധാർമികത്തകർച്ചയെ ചൂണ്ടിക്കാട്ടുന്നു. വേറെ കാരണങ്ങളും പറയുന്നുണ്ട്. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കുമുമ്പ്, ഒരു പ്രശസ്‌ത നിയമജ്ഞൻ അനേകം സമ്മർദങ്ങൾ കുടുംബത്തെ ഞെരുക്കുമെന്നു മുൻകൂട്ടിപ്പറയുകയുണ്ടായി. അദ്ദേഹം ഇങ്ങനെ എഴുതി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രുമായിരിക്കും. (2 തിമൊഥെയൊസ് 3:1-4) ഈ വാക്കുകൾ ഇന്നു നിവൃത്തിയേറുന്നുണ്ടെന്ന കാര്യത്തിൽ ആർക്കാണു സംശയം? ഇത്തരം അവസ്ഥകളുള്ള ഒരു ലോകത്തിൽ, അനേകം കുടുംബങ്ങളും പ്രതിസന്ധിയിലാണെന്നതിൽ എന്തെങ്കിലും അതിശയിക്കാനുണ്ടോ?
കുടുംബസന്തുഷ്ടിയുടെ രഹസ്യം
15-17. കുടുംബസന്തുഷ്ടിയുടെ രഹസ്യം ഉൾക്കൊണ്ടിരിക്കുന്നതായി ഏത് ആധികാരിക പ്രമാണത്തെയായിരിക്കും ഈ പുസ്‌തകത്തിൽ ചൂണ്ടിക്കാട്ടുക?
15 കുടുംബസന്തുഷ്ടി എങ്ങനെ നേടാമെന്നതു സംബന്ധിച്ചുള്ള ബുദ്ധ്യുപദേശം എല്ലായിടത്തും ലഭ്യമാണ്. പാശ്ചാത്യദേശത്ത്, ഉപദേശം നൽകുന്ന സ്വാശ്രയ പുസ്‌തകങ്ങളുടെയും മാസികകളുടെയും ഒടുങ്ങാത്ത ഒരു പ്രവാഹംതന്നെയുണ്ട്. മനുഷ്യ ഉപദേഷ്ടാക്കൾ പരസ്‌പരവിരുദ്ധമായ ഉപദേശങ്ങൾ നൽകുന്നുവെന്നതാണു പ്രശ്‌നം. കൂടാതെ, ഇന്നു ഹരമായിരിക്കുന്ന ഉപദേശം നാളെ അപ്രായോഗികമായി വീക്ഷിക്കപ്പെട്ടേക്കാം.
16 അപ്പോൾ, വിശ്വാസയോഗ്യമായ മാർഗനിർദേശത്തിനായി നമുക്ക് എങ്ങോട്ടു തിരിയാനാവും? 1,900 വർഷങ്ങൾക്കുമുമ്പ് എഴുതിത്തീർന്ന ഒരു പുസ്‌തകത്തിലേക്കു നിങ്ങൾ തിരിയുമോ? ഇത്തരമൊരു പുസ്‌തകം ഒരു പ്രതീക്ഷയ്‌ക്കും വകയില്ലാത്തവിധം കാലഹരണപ്പെട്ടതായിരിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്നാൽ അത്തരമൊരു ഉറവിടത്തിലാണു കുടുംബസന്തുഷ്ടിക്കുള്ള യഥാർഥ രഹസ്യം കുടികൊള്ളുന്നത് എന്നതാണു സത്യം.
17 ആ ഉറവിടം ബൈബിൾ ആണ്. എല്ലാ തെളിവും വെച്ചുനോക്കുമ്പോൾ, അതിനെ നിശ്വസ്‌തമാക്കിയിരിക്കുന്നതു ദൈവംതന്നെയാണ്. ബൈബിളിൽ നാം ഇത്തരമൊരു പ്രസ്‌താവന കാണുന്നു: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാ”ണ്. അവ “ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും [“കാര്യങ്ങൾ നേരെയാക്കുന്നതിനും,” NW] നീതിയിലെ അഭ്യസനത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ് 3:16) ഈ പ്രസിദ്ധീകരണത്തിൽ, ഇന്നു കുടുംബങ്ങളെ നേരിടുന്ന സമ്മർദങ്ങളും പ്രശ്‌നങ്ങളും കൈകാര്യംചെയ്യവേ, ‘കാര്യങ്ങൾ നേരെയാക്കുന്നതിന്’ ബൈബിളിനു നിങ്ങളെ എങ്ങനെ സഹായിക്കാനാവുമെന്നു പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്.
18. വൈവാഹിക ഉപദേശത്തിൽ ബൈബിളിനെ ആധികാരിക പ്രമാണമായി സ്വീകരിക്കുന്നതു ന്യായയുക്തമായിരിക്കുന്നത് എന്തുകൊണ്ട്?
18 കുടുംബങ്ങളെ സന്തുഷ്ടമാക്കാൻ ബൈബിളിനു സഹായിക്കാനാവുമെന്ന സാധ്യതയെ തള്ളിക്കളയാനാണു നിങ്ങളുടെ പ്രവണതയെങ്കിൽ, ഇതു പരിചിന്തിക്കുക: ബൈബിളിനെ നിശ്വസ്‌തമാക്കിയവൻതന്നെയാണു വിവാഹക്രമീകരണത്തിന്റെ കാരണഭൂതൻ. (ഉല്‌പത്തി 2:18-25) അവന്റെ നാമം യഹോവ എന്നാണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 83:18) അത് അവനെ സ്രഷ്ടാവ് എന്നും ‘സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവ്’ എന്നും വിളിക്കുന്നു. (എഫെസ്യർ 3:14, 15) മനുഷ്യവർഗത്തിന്റെ ആരംഭംമുതൽ യഹോവ കുടുംബജീവിതത്തെ നിരീക്ഷിച്ചിട്ടുണ്ട്. പൊന്തിവരാവുന്ന പ്രശ്‌നങ്ങൾ അറിയാവുന്ന അവൻ അവ പരിഹരിക്കുന്നതിനുള്ള ബുദ്ധ്യുപദേശവും നൽകിയിട്ടുണ്ട്. ചരിത്രത്തിലുടനീളം, കുടുംബജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ ആത്മാർഥമായി ബാധകമാക്കിയവർ വലിയ സന്തുഷ്ടി കണ്ടെത്തിയിട്ടുണ്ട്.
19-21. വൈവാഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ബൈബിളിന്റെ ശക്തി പ്രകടമാക്കുന്ന ആധുനിക അനുഭവങ്ങൾ ഏവ?
19 ഉദാഹരണത്തിന്, ഇൻഡോനേഷ്യയിലെ ഒരു വീട്ടമ്മ. ചൂതുകളിയോട് അടക്കാനാവാത്ത ഒരു അഭിനിവേശമായിരുന്നു അവർക്ക്. വർഷങ്ങളോളം കുട്ടികളുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലായിരുന്നു. ഭർത്താവുമായി എന്നും കലഹം. അങ്ങനെയിരിക്കെ ആ വീട്ടമ്മ ബൈബിൾ പഠിക്കാനാരംഭിച്ചു. കാലക്രമേണ ആ സ്‌ത്രീക്കു ബൈബിൾ പറയുന്നതിൽ വിശ്വാസമായി. അതിലെ ബുദ്ധ്യുപദേശം ബാധകമാക്കിയപ്പോൾ, അവർ ഒരു മെച്ചപ്പെട്ട ഭാര്യയായിത്തീർന്നു. ബൈബിൾ തത്ത്വങ്ങളിൽ അടിസ്ഥാനമാക്കിയുള്ള അവരുടെ ഉദ്യമങ്ങൾ മുഴുകുടുംബത്തിനും സന്തോഷം കൈവരുത്തി.
20 സ്‌പെയിനിലെ ഒരു വീട്ടമ്മ പറയുന്നു: “ഞങ്ങൾ വിവാഹിതരായിട്ട് ഒരു വർഷമായപ്പോഴേക്കും തുടങ്ങി ഗുരുതരമായ പ്രശ്‌നങ്ങൾ.” അവർ അത്ര പൊരുത്തമുള്ള ഭാര്യയും ഭർത്താവുമായിരുന്നില്ല. തർക്കിക്കുന്നതൊഴിച്ചാൽ അവർ തമ്മിൽ സംസാരമേ ഇല്ലായിരുന്നു. യുവപ്രായത്തിലുള്ള ഒരു മകളുണ്ടായിരുന്നിട്ടും, നിയമപരമായി വേർപിരിയാൻതന്നെ അവർ തീരുമാനിച്ചു. എന്നാൽ അതു സംഭവിക്കുന്നതിനുമുമ്പ്, ബൈബിൾ പരിശോധിക്കാൻ അവർ പ്രോത്സാഹിതരായി. വിവാഹിതരായ സ്‌ത്രീപുരുഷന്മാർക്കുള്ള ബുദ്ധ്യുപദേശം പഠിച്ച് അവർ ഇരുവരും അതു ബാധകമാക്കാൻ തുടങ്ങി. ഏറെ താമസിയാതെ, അവർക്കു സമാധാനപരമായി ആശയവിനിയമം നടത്താൻ കഴിഞ്ഞു. അവരുടെ കൊച്ചുകുടുംബം സന്തോഷപൂർവം ഏകീകൃതരായി.
21 പ്രായംചെന്ന ആളുകളെയും ബൈബിൾ സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒരു ജാപ്പനീസ് ദമ്പതികളുടെ അനുഭവം പരിചിന്തിക്കുക. ക്ഷിപ്രകോപിയായ ഭർത്താവ്. ചിലപ്പോഴൊക്കെ അക്രമാസക്തനും. ആദ്യം ദമ്പതികളുടെ പുത്രിമാർ, മാതാപിതാക്കളുടെ എതിർപ്പു വകവെക്കാതെ, ബൈബിൾ പഠിക്കാനാരംഭിച്ചു. പിന്നെ, പുത്രിമാരോടൊപ്പം ഭർത്താവും ചേർന്നു. എന്നാൽ ഭാര്യയുടെ എതിർപ്പു തുടരുകതന്നെ ചെയ്‌തു. എന്നിരുന്നാലും, വർഷങ്ങൾ പിന്നിട്ടപ്പോൾ, തന്റെ കുടുംബത്തിൽ ബൈബിൾ തത്ത്വങ്ങൾ നല്ല ഫലം ചെയ്യുന്നതായി അവർ ശ്രദ്ധിച്ചു. അമ്മയ്‌ക്കു പുത്രിമാരുടെ നല്ല പരിപാലനം. ഭർത്താവാണെങ്കിലോ, ഏറെ സൗമ്യപ്രകൃതക്കാരനുമായി. അത്തരം മാറ്റങ്ങൾ ആ സ്‌ത്രീയെ ബൈബിൾ പരിശോധിക്കാൻ പ്രേരിപ്പിച്ചു. അതേ നല്ല ഫലംതന്നെ അത് അവരിലും ഉളവാക്കി. പ്രായംചെന്ന ഈ സ്‌ത്രീ ഇങ്ങനെ ആവർത്തിച്ചു പറഞ്ഞു: “ഞങ്ങൾ യഥാർഥ വിവാഹിത ദമ്പതികൾ ആയിത്തീർന്നിരിക്കുന്നു.”
22, 23. സകല ദേശീയ പശ്ചാത്തലത്തിലുമുള്ള ആളുകളെയും കുടുംബജീവിതത്തിൽ സന്തുഷ്ടി കണ്ടെത്താൻ ബൈബിൾ സഹായിക്കുന്നതെങ്ങനെ?
22 കുടുംബസന്തുഷ്ടിയുടെ രഹസ്യം മനസ്സിലാക്കിയിട്ടുള്ള വളരെയധികം ആളുകളുടെ കൂട്ടത്തിൽപ്പെട്ടവരാണ് ഈ വ്യക്തികൾ. ബൈബിളിന്റെ ബുദ്ധ്യുപദേശം സ്വീകരിച്ച അവർ അതു ബാധകമാക്കി. മറ്റാരെയുംപോലെതന്നെ, അക്രമാസക്തവും അധാർമികവും സാമ്പത്തിക ക്ലേശവുമുള്ള ലോകത്തിൽത്തന്നെയാണ് അവരും ജീവിക്കുന്നത് എന്നതു സത്യംതന്നെ. അതിലുപരി, അവർ അപൂർണരാണ്. കുടുംബക്രമീകരണത്തിന്റെ കാരണഭൂതനായവന്റെ ഇഷ്ടം ചെയ്യാൻ ശ്രമിക്കുന്നതിൽ അവർ സന്തുഷ്ടി കണ്ടെത്തുന്നു. ബൈബിൾ പറയുന്നതുപോലെ, “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന”വനാണു യഹോവയാം ദൈവം.—യെശയ്യാവു 48:17.
23 ബൈബിൾ എഴുതിത്തീർന്നത് ഏതാണ്ടു രണ്ടായിരം വർഷംമുമ്പാണെങ്കിലും, അതിന്റെ ബുദ്ധ്യുപദേശം വാസ്‌തവത്തിൽ കാലാനുസൃതമാണ്. മാത്രവുമല്ല, അതു സകല ആളുകൾക്കുംവേണ്ടി എഴുതപ്പെട്ടതാണ്. അമേരിക്കക്കാരുടെയോ പാശ്ചാത്യരുടെയോ ഒരു പുസ്‌തകമല്ല ബൈബിൾ. യഹോവ “ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.” എല്ലായിടത്തുമുള്ള മനുഷ്യരുടെ രൂപഘടന അവനറിയാം. (പ്രവൃത്തികൾ 17:26) ബൈബിൾ തത്ത്വങ്ങൾ എല്ലാവർക്കും പ്രായോഗികമാണ്. നിങ്ങൾ അവ ബാധകമാക്കുന്നെങ്കിൽ, കുടുംബസന്തുഷ്ടിയുടെ രഹസ്യം നിങ്ങളും അറിയാനിടവരും.