വസ്ത്രധാരണവും ഒരുക്കവും ആയിരുന്നു എന്നെ പിന്നോട്ടുവലിച്ചത്
വസ്ത്രധാരണവും ഒരുക്കവും ആയിരുന്നു എന്നെ പിന്നോട്ടുവലിച്ചത്
ഐലീൻ ബ്രൂംബോഗ് പറഞ്ഞപ്രകാരം
പരമ്പരാഗത ജർമൻ ബാപ്റ്റിസ്റ്റ് ബ്രദറൻ മതവിഭാഗത്തിലാണു ഞാൻ ജനിച്ചുവളർന്നത്. ആമിഷ്, മെനൊനൈറ്റ് മതവിഭാഗങ്ങളുമായി ഇതിനു വളരെ സാമ്യമുണ്ട്. 1708-ൽ ഒരു ആത്മീയനവോത്ഥാനത്തിന്റെ ഭാഗമായിട്ടാണ് ജർമനയിൽ ഈ മതവിഭാഗത്തിനു തുടക്കംകുറിച്ചത്. മതത്തെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം പറയുന്നതനുസരിച്ച് ഭക്തിപ്രസ്ഥാനം എന്ന ഈ ആശയം തുടങ്ങിയത് “മനുഷ്യർക്ക് ക്രിസ്തുവിന്റെ സുവിശേഷം ആവശ്യമുണ്ട് എന്ന ചിന്തയിൽ” നിന്നാണ്. ആ ലക്ഷ്യം കൈവരിക്കാനായി ലോകത്തിന്റെ പല ദേശങ്ങളിലേക്കും മിഷനറിമാർ എത്താൻ തുടങ്ങി.
1719-ൽ അലക്സാണ്ടർ മാക്കിന്റെ നേതൃത്വത്തിൽ ഒരു ചെറിയകൂട്ടം മിഷനറിമാർ ഐക്യനാടുകളിലേക്കു വന്നു, പെൻസിൽവേനിയ എന്ന് ഇന്ന് അറിയപ്പെടുന്ന സംസ്ഥാനത്തേക്ക്. അതിനുശേഷം കൂടുതൽ ഗ്രൂപ്പുകൾ രൂപപ്പെട്ടു. പിന്നീട് അവ പരസ്പരം വേർപിരിഞ്ഞു. ഓരോ ഗ്രൂപ്പുകളും അലക്സാണ്ടർ മാക്കിന്റെ പഠിപ്പിക്കലുകളെ സ്വന്തമായി വ്യാഖ്യാനിക്കുകയും അതുമായി മുന്നോട്ടുപോകുകയും ചെയ്തു. ഞങ്ങളുടെ ചെറിയ പള്ളിയിൽ അമ്പതോളം പേർ ഉണ്ടായിരുന്നു. ബൈബിൾ വായിക്കുന്നതും പള്ളിയധികാരികളുടെ തീരുമാനങ്ങളോടു പറ്റിനിൽക്കുന്നതും ഇവിടെ പ്രധാനമായിരുന്നു.
കുറഞ്ഞതു മൂന്നു തലമുറകളെങ്കിലും ഞങ്ങളുടെ കുടുംബം ഈ വിശ്വാസവും ജീവിതരീതികളുമാണു പിൻപറ്റിയത്. ഞാൻ 13-ാം വയസ്സിൽ സ്നാനമേറ്റ് ഈ സഭയുടെ ഭാഗമായി. ഒരു വണ്ടിയോ ട്രാക്ടറോ ടെലിഫോണോ റേഡിയോയോ മറ്റ് ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ ഒക്കെ, ഉപയോഗിക്കുന്നതോ സ്വന്തമാക്കുന്നതോ തെറ്റാണെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. ഞങ്ങളുടെ ഇടയിലെ സ്ത്രീകൾ മുടി മുറിക്കുമായിരുന്നില്ല. വളരെ ലളിതമായ വസ്ത്രമാണു ധരിച്ചിരുന്നത്. എപ്പോഴും ശിരോവസ്ത്രവും ധരിക്കുമായിരുന്നു. പുരുഷന്മാരാണെങ്കിൽ താടി വളർത്തും. ഞങ്ങളുടെ കാഴ്ച്ചപ്പാടിൽ ലോകത്തിന്റെ ഭാഗമാകരുത് എന്നു പറയുമ്പോൾ അതിൽ ഉൾപ്പെട്ടിരിക്കുന്നത് ആധുനികവസ്ത്രങ്ങൾ ധരിക്കാതിരിക്കുക, മേക്കപ്പ് ഇടാതിരിക്കുക, ആഭരണങ്ങൾ അണിയാതിരിക്കുക ഇതൊക്കയാണ്. ഇങ്ങനെയൊക്കെ ചെയ്യുന്നത് അഹങ്കാരവും പാപവും ആയിട്ടാണു കണക്കാക്കിയിരുന്നത്.
ബൈബിളിനെ വളരെയധികം ആദരിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു. അതായിരുന്നു ഞങ്ങളുടെ ആത്മീയാഹാരം. എല്ലാ ദിവസവും രാവിലെ ഭക്ഷണത്തിനു മുമ്പ് ഞങ്ങൾ ഒരുമിച്ചുകൂടുമായിരുന്നു. പപ്പ ബൈബിളിലെ ഒരു അധ്യായം വായിക്കുകയും അതെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറയുകയും ചെയ്യുമ്പോൾ ഞങ്ങൾ അതു ശ്രദ്ധിച്ചുകേൾക്കും. എന്നിട്ട് പപ്പ പ്രാർഥിക്കും. അപ്പോൾ ഞങ്ങളും മുട്ടുകുത്തി നിൽക്കും. അതുകഴിഞ്ഞ് മമ്മി കർത്താവിന്റെ പ്രാർഥന ഉരുവിടും. ഞങ്ങളുടെ ഈ പ്രഭാതാരാധന എനിക്ക് വളരെ ഇഷ്ടമായിരുന്നു. കാരണം ആത്മീയകാര്യങ്ങൾക്കുവേണ്ടി കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ചുകൂടുന്ന ഒരു സമയമായിരുന്നു അത്.
ഇൻഡ്യാനയിലെ ഡെൽഫിക്ക് അടുത്തുള്ള ഒരു ഫാമിലാണ് ഞങ്ങൾ താമസിച്ചത്. അവിടെ പല സാധനങ്ങൾ ഞങ്ങൾ കൃഷി ചെയ്തിരുന്നു. ഞങ്ങൾ ഈ സാധനങ്ങൾ കുതിരകൾ വലിക്കുന്ന ഉന്തുവണ്ടിയിൽ കയറ്റി വീടുകൾ തോറുമോ തെരുവിലോ കൊണ്ടുപോയി വിൽക്കും. കഠിനാധ്വാനം ചെയ്യുന്നത് ദൈവികസേവനത്തിന്റെ ഭാഗമാണ് എന്ന് ഞങ്ങൾക്കു തോന്നി. അതുകൊണ്ട് അക്കാര്യങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ഞായറാഴ്ചകളിൽ “കഠിനാധ്വാനം” ചെയ്യാൻ പാടില്ലായിരുന്നു. പലപ്പോഴും കൃഷിപ്പണിയിൽ ഒരുപാടു സമയം മുഴുകുന്നതുകൊണ്ട് ആത്മീയകാര്യങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നത് ഒരു ബുദ്ധിമുട്ടായി മാറി.
വിവാഹവും കുടുംബവും
1963-ൽ എന്റെ 17-ാമത്തെ വയസ്സിൽ ഞാൻ ജയിംസ് എന്ന ആളെ വിവാഹം കഴിച്ചു. ഞങ്ങൾ ഒരേ മതത്തിൽപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ അച്ഛന്റെ മുത്തശ്ശീമുത്തശ്ശന്മാർ മുതൽ ഇങ്ങോട്ട് ഈ വിശ്വാസത്തിൽ ഉള്ളവരായിരുന്നു. ദൈവത്തെ സേവിക്കണമെന്ന അതിയായ ആഗ്രഹം ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നു. ഞങ്ങളുടേതാണ് സത്യമതം എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു.
ഞങ്ങൾക്ക് ഏഴു മക്കളാണ്. 1975 ആയപ്പോഴേക്കും ആറു മക്കൾ ഉണ്ടായി. 1983-ൽ ഇളയ ആളും. രണ്ടാമത്തെയാൾ റിബേക്കയായിരുന്നു ഞങ്ങളുടെ ഒരേ ഒരു പെൺകുട്ടി. ഞങ്ങൾ നന്നായി അധ്വാനിച്ചിരുന്നു. ചെലവ് ചുരുക്കിയുള്ള ലളിതമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. മാതാപിതാക്കളിൽനിന്നും സഭയിലെ മറ്റുള്ളവരിൽനിന്നും പഠിച്ച ബൈബിൾതത്ത്വങ്ങൾ മക്കളിലും ഉൾനടാൻ ഞങ്ങൾ ശ്രമിച്ചു.
ഒരാൾ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിന് ഞങ്ങളുടെ സഭ വളരെ പ്രാധാന്യം കൊടുത്തിരുന്നു. ആളുകളുടെ ഹൃദയം വായിക്കാൻ കഴിയാത്തതിനാൽ വസ്ത്രധാരണത്തിലൂടെയേ അയാളുടെ ഉള്ളിലുള്ളത് അറിയാൻ കഴിയൂ എന്നാണ് ഞങ്ങൾ വിചാരിച്ചത്. അതുകൊണ്ട് മുടിയൊക്കെ വലിയ ഫാഷനിൽ കെട്ടിവെച്ചാൽ അത് അഹങ്കാരത്തിന്റെ ലക്ഷണമായിട്ടായിരുന്നു കണ്ടിരുന്നത്. ഇനി ആളുകളുടെ ശ്രദ്ധയാകർഷിക്കുന്ന വലിയ ഡിസൈനൊക്കെയുള്ള ഡ്രസ്സാണ് ധരിക്കുന്നതെങ്കിൽ അതും അഹങ്കാരമായി കണ്ടിരുന്നു. ചില സമയങ്ങളിൽ തിരുവെഴുത്തുകളെക്കാൾ പ്രാധാന്യം ഇങ്ങനെയുള്ള കാര്യങ്ങൾക്കാണു ഞങ്ങൾ കൊടുത്തിരുന്നത്.
ജയിലിലെ ഒരു അനുഭവം
എന്റെ ഭർത്താവിന്റെ അനിയൻ ജെസ്സിയും ഇതേ വിശ്വാസത്തിൽതന്നെയാണ് വളർന്നുവന്നത്. സൈനികസേവനത്തിൽ പങ്കെടുക്കാത്തതു കാരണം 1960-കളുടെ അവസാനം ജെസ്സിക്ക് ജയിലിൽ പോകേണ്ടിവന്നു. അവിടെവെച്ച് ജെസ്സി യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി. ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ യുദ്ധത്തിൽ പങ്കെടുക്കാത്തവരായിരുന്നു അവരും. (യശയ്യ 2:4; മത്തായി 26:52) യഹോവയുടെ സാക്ഷികളുമായി നടത്തിയ ഒരുപാടു ബൈബിൾചർച്ചകൾ ജെസ്സി വളരെ ആസ്വദിച്ചു. അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. കുറെക്കാലം ബൈബിൾ പഠിച്ചതിനുശേഷം ജെസ്സി ഒരു യഹോവയുടെ സാക്ഷിയായി സ്നാനമേറ്റു. അതു ഞങ്ങൾക്ക് ഒട്ടും ഇഷ്ടമായില്ല.
എന്റെ ഭർത്താവിനോട് പഠിച്ച കാര്യങ്ങളെക്കുറിച്ചൊക്കെ ജെസ്സി സംസാരിക്കുമായിരുന്നു. ഇനി, വീക്ഷാഗോപുരം, ഉണരുക! മാസികകൾ അദ്ദേഹത്തിന് സ്ഥിരമായി കിട്ടുന്നുണ്ട് എന്നും ജെസ്സി ഉറപ്പുവരുത്തും. ഇതൊക്കെ വായിച്ചപ്പോൾ ബൈബിളിലുള്ള അദ്ദേഹത്തിന്റെ താത്പര്യം ശരിക്കും കൂടി. എന്റെ ഭർത്താവിന് ദൈവത്തെ സേവിക്കാൻ എപ്പോഴും ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മുമ്പൊക്കെ അദ്ദേഹത്തിന് ദൈവത്തോട് ഒരു അകൽച്ച തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ദൈവത്തോട് അടുക്കാൻ സഹായിക്കുന്ന എന്തും ചെയ്യാൻ അദ്ദേഹം ഒരുക്കമായിരുന്നു.
ആമിഷ്, മെനൊനൈറ്റ് മതങ്ങളെയും മറ്റു പരമ്പരാഗത ബ്രദറൻ മതങ്ങളെയും ലോകത്തിന്റെ ഭാഗമായിട്ടാണു ഞങ്ങൾ കണ്ടിരുന്നതെങ്കിലും അവരുടെ പുസ്തകങ്ങൾ വായിക്കാൻ ഞങ്ങളുടെ പള്ളിയിലെ മൂപ്പന്മാർ പ്രോത്സാഹിപ്പിച്ചിരുന്നു. എന്റെ പപ്പയ്ക്ക് യഹോവയുടെ സാക്ഷികളെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. വീക്ഷാഗോപുരവും ഉണരുക!യും ഒന്നും ഒരിക്കലും വായിക്കരുത് എന്നാണു പപ്പ ചിന്തിച്ചത്. അതുകൊണ്ട് എന്റെ ഭർത്താവ് അതു വായിക്കുന്നതു കണ്ടപ്പോൾ എനിക്കു വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. അദ്ദേഹം അവരുടെ കൂടെ ചേരുമോ എന്നുള്ള പേടിയായിരുന്നു എനിക്ക്.
എന്നാൽ ഇതിനോടകംതന്നെ ഞങ്ങളുടെ സഭയിലെ പല വിശ്വാസങ്ങളെയും അദ്ദേഹം ചോദ്യംചെയ്ത് തുടങ്ങിയിരുന്നു, ബൈബിളിനു വിരുദ്ധമാണെന്ന് അദ്ദേഹത്തിനു തോന്നിയ പല കാര്യങ്ങളും. പ്രത്യേകിച്ച് ഞായറാഴ്ചകളിൽ “കഠിനവേല” ചെയ്യുന്നത് പാപമാണ് എന്ന പഠിപ്പിക്കൽ. ഉദാഹരണത്തിന്, ഞായറാഴ്ചകളിൽ മൃഗങ്ങൾക്കു വെള്ളം കൊടുക്കാം, പക്ഷേ കള പറിക്കാൻ പാടില്ല എന്നാണ് ഞങ്ങളുടെ സഭ പഠിപ്പിച്ചിരുന്നത്. ഇതൊന്നും തിരുവെഴുത്തുകൾ ഉപയോഗിച്ച് വിശദീകരിക്കാൻ അവിടത്തെ മൂപ്പന്മാർക്കു പറ്റിയില്ല. പതുക്കെപ്പതുക്കെ ഞാനും ഇങ്ങനെയുള്ള പഠിപ്പക്കലുകളെ സംശയിച്ചുതുടങ്ങി.
ഞങ്ങളുടേതാണു ശരിക്കും ദൈവത്തിന്റെ സഭ എന്ന് വർഷങ്ങളായി ഉറച്ചുവിശ്വസിച്ചിരുന്നതുകൊണ്ടും ഇതിൽനിന്ന് പോയാൽ എന്താണു സംഭവിക്കുന്നത് എന്ന് അറിയാവുന്നതുകൊണ്ടും സഭ വിടാൻ അത്ര എളുപ്പമല്ലായിരുന്നു. എങ്കിലും ബൈബിളിനെ പൂർണമായി പിൻപറ്റാത്ത ഒരു മതത്തിന്റെ ഭാഗമായിരിക്കാൻ ഞങ്ങളുടെ മനസ്സ് അനുവദിച്ചില്ല. അങ്ങനെ 1983-ൽ സഭ വിടാനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ഞങ്ങൾ ഒരു കത്ത് എഴുതി. അത് സഭയിൽ ഉറക്കെ വായിക്കാനും ഞങ്ങൾ ആവശ്യപ്പെട്ടു. തുടർന്ന് ഞങ്ങളെ സഭയിൽനിന്ന് പുറത്താക്കി.
സത്യമതം തേടി
പിന്നീട് അങ്ങോട്ട് സത്യമതം തേടിയുള്ള യാത്രയായിരുന്നു. പഠിപ്പിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽതന്നെ ബാധകമാക്കുന്ന ഒരു മതമാണു ഞങ്ങൾ അന്വേഷിച്ചുനടന്നത്. ആദ്യംതന്നെ യുദ്ധത്തിൽ പങ്കെടുക്കുന്ന എല്ലാ മതങ്ങളെയും ഞങ്ങൾ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. അപ്പോഴും ‘ലളിതമായ’ ജീവിതരീതിയും വസ്ത്രധാരണവും പ്രോത്സാഹിപ്പിക്കുന്ന മതങ്ങളാണ് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. കാരണം ഈ ലോകത്തിന്റെ ഭാഗമല്ലാത്തത് അവരാണ് എന്നു ഞങ്ങൾക്കു തോന്നി. അങ്ങനെ 1983 മുതൽ 1985 വരെ ഐക്യനാടുകളിൽ ഉടനീളം സഞ്ചരിച്ച് ഒന്നിനുപുറകേ ഒന്നായി ഓരോരോ മതങ്ങളെക്കുറിച്ചും പഠിക്കുകയായിരുന്നു. പ്രത്യേകിച്ച് ആഢംഭരങ്ങളില്ലാത്ത, ‘ലളിതമായി’ ജീവിച്ചിരുന്ന മെനനൈറ്റുകൾ, ക്വായ്ക്കേഴ്സുകൾ തുടങ്ങിയ മതവിഭാഗങ്ങളെക്കുറിച്ച്.
അങ്ങനെയിരിക്കെയാണ് ഇൻഡ്യാനയിലെ ക്യാംഡെണിൽവെച്ച് യഹോവയുടെ സാക്ഷികൾ ഞങ്ങളെ സന്ദർശിക്കുന്നത്. ജയിംസ് രാജാവിന്റെ ബൈബിൾ ഭാഷാന്തരം ഉപയോഗിച്ചാണ് സംസാരിക്കുന്നതെങ്കിൽ ശ്രദ്ധിക്കാമെന്ന് ഞങ്ങൾ അവരോടു പറഞ്ഞു. യുദ്ധത്തോടുള്ള സാക്ഷികളുടെ നിലപാടിനെ ഞാൻ മാനിച്ചു. പക്ഷേ അവർ പറയുന്നത് എല്ലാം അംഗീകരിക്കാൻ എനിക്കു ബുദ്ധിമുട്ടായിരുന്നു. കാരണം, ഡിസൈൻ ഒന്നും ഇല്ലാത്ത പ്ലെയിൻ വസ്ത്രങ്ങളല്ല അവർ ധരിച്ചിരുന്നത്. അപ്പോൾപ്പിന്നെ അവർക്ക് എങ്ങനെ ലോകത്തിൽനിന്ന് വ്യത്യസ്തരായിരിക്കാൻ പറ്റും എന്ന് ഞാൻ ഓർത്തു. അതുകൊണ്ട് ഞാൻ ഉറപ്പിച്ചു: ‘ഇത് സത്യമതമല്ല.’ ഞങ്ങളെപ്പോലെ ലളിതവസ്ത്രം ധരിക്കാത്തവർക്കൊക്കെ അഹങ്കാരമാണ് എന്നാണ് ഞാൻ ചിന്തിച്ചത്. ഒരാളുടെ വസ്തുവകകൾ അയാളെ അഹങ്കാരിയാക്കുമെന്നായിരുന്നു എന്റെ വിശ്വാസം.
എന്റെ ഭർത്താവ് യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ പോകാൻ തുടങ്ങി. ഞങ്ങളുടെ ആൺമക്കളിൽ ചിലരെയും കൂടെ കൊണ്ടുപോകുമായിരുന്നു. എനിക്ക് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. കൂടെച്ചെല്ലാൻ അദ്ദേഹം എന്നെയും നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു: “അവരുടെ എല്ലാ പഠിപ്പിക്കലുകളും നീ അംഗീകരിച്ചില്ലെങ്കിലും അവിടെ ഒന്ന് വന്നുനോക്ക്. അവർ തമ്മിൽതമ്മിൽ എങ്ങനെയാണ് ഇടപെടുന്നത് എന്നെങ്കിലും കാണാമല്ലോ.” അവരുടെ പെരുമാറ്റത്തിൽ അദ്ദേഹത്തിനു ശരിക്കും മതിപ്പുണ്ടായിരുന്നു.
അവസാനം ഞാൻ പോകാൻ തീരുമാനിച്ചു. പക്ഷേ നോക്കിയുംകണ്ടും ഒക്കെയാണ് ഞാൻ നിന്നത്. പ്ലെയിൻ ഡ്രസ്സുമിട്ട് തൊപ്പിയുംവെച്ച് ഞാൻ രാജ്യഹാളിലേക്കു ചെന്നു. ഞങ്ങളുടെ ചില ആൺമക്കളും അതുപോലത്തെ ഡ്രസ്സിൽതന്നെയാണു പോയത്. അവർ ചെരിപ്പും ഇട്ടിട്ടില്ലായിരുന്നു. എങ്കിലും സാക്ഷികൾ ഞങ്ങളുടെ അടുത്തുവന്ന് സ്നേഹത്തോടെ ഇടപെട്ടു. അപ്പോൾ ഞാൻ ഓർത്തു: ‘ഞങ്ങൾ ഇങ്ങനെയൊക്കെ ചെന്നിട്ടും അവർ ഞങ്ങളെ മാറ്റിനിറുത്തിയില്ലല്ലോ.’
അവരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം എന്നെ ശരിക്കും ആകർഷിച്ചു. എന്നാൽ അവരെ ഒന്ന് നിരീക്ഷിക്കുക എന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. അവർ പാട്ടുപാടുമ്പോൾ ഞാൻ എഴുന്നേറ്റൊന്നും നിൽക്കാറില്ല. അവരുടെ പാട്ടുകളും ഞാൻ പാടിയില്ല. മീറ്റിങ്ങ് കഴിഞ്ഞപ്പോഴേക്കും എന്റെ മനസ്സിൽ ചോദ്യങ്ങളോടു ചോദ്യങ്ങളായിരുന്നു. അവർ ചെയ്യുന്നതിൽ എനിക്ക് ശരിയല്ല എന്നു തോന്നിയ കാര്യങ്ങളെക്കുറിച്ചും ചില തിരുവെഴുത്തുകളുടെ അർഥത്തെക്കുറിച്ചും ഞാൻ അവരോടു ചോദിച്ചു. പരിഗണനയൊന്നുമില്ലാതെയാണ് ഞാൻ സംസാരിച്ചതെങ്കിലും അവർ എന്നോട് വളരെ ആത്മാർഥതയോടെയാണ് ഇടപെട്ടത്. ഒരേ ചോദ്യംതന്നെ പലരോടു ചോദിച്ചിട്ടും അവരുടെയെല്ലാം ഉത്തരം ഒന്നായിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ചിലപ്പോൾ അവർ എനിക്ക് ഉത്തരം എഴുതിത്തരും. അത് എനിക്ക് വലിയ സഹായമായിരുന്നു. കാരണം, പിന്നീട് സമയം കിട്ടുമ്പോൾ എനിക്ക് അത് നോക്കാനും പഠിക്കാനും ഒക്കെ പറ്റുമല്ലോ.
1985-ലെ ഒരു വേനൽക്കാലം. അന്ന് ടെനീസീയിലെ മെംഫിസിൽവെച്ച് നടത്തിയ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനു ഞങ്ങൾ എല്ലാവരും പോയി. എല്ലാം വെറുതെയൊന്ന് കണ്ടിരിക്കാനാണ് പോയത്. എന്റെ ഭർത്താവിന് അപ്പോഴും താടിയുണ്ടായിരുന്നു. അതുപോലെ പ്ലെയിൻ ഡ്രസ്സ് ഇട്ടിട്ടാണ് ഞങ്ങൾ പോയതും. ഇടവേളകളുടെ സമയത്ത് ഒരു മിനിട്ടുപോലും ഞങ്ങൾക്കു വെറുതെ ഇരിക്കേണ്ടി വന്നില്ല. ഓരോരുത്തരും മാറിമാറി വന്ന് ഞങ്ങളോടു വർത്തമാനം പറയുകയായിരുന്നു. അവരുടെ സ്നേഹവും ശ്രദ്ധയും പരിഗണനയും ഞങ്ങളെ ശരിക്കും സ്പർശിച്ചു. അവരുടെ ഇടയിലുള്ള ഐക്യം എടുത്തുപറയേണ്ടതു തന്നെയാണ്. കാരണം എവിടെയുള്ള മീറ്റിങ്ങിനു പോയാലും അവരുടെ പഠിപ്പിക്കലുകൾ എല്ലാം ഒന്നുതന്നെയാണ്.
സാക്ഷികളുടെ ആത്മാർഥതയിൽ എന്റെ ഭർത്താവിനു ശരിക്കും മതിപ്പുതോന്നി. അങ്ങനെ അദ്ദേഹം ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചു. പഠിക്കുന്നതെല്ലാം വളരെ ശ്രദ്ധയോടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തു. കാരണം പഠിക്കുന്നതു സത്യമാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. (പ്രവൃത്തികൾ 17:11; 1 തെസ്സലോനിക്യർ 5:21) അങ്ങനെ സത്യം കണ്ടെത്തിയെന്ന് അദ്ദേഹത്തിനു തോന്നി. എങ്കിലും എന്റെ മനസ്സ് ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലായിരുന്നു. ശരിയായതു ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ചെറുപ്പംമുതൽ മനസ്സിലാക്കിയതുപോലെ ‘ആധുനികവസ്തുക്കളൊക്കെ’ ഉപയോഗിച്ച് ‘ലോകത്തിന്റെ’ ഒരു ഭാഗമാണെന്നു തോന്നിപ്പിക്കാനും ഞാൻ ഒരുക്കമല്ലായിരുന്നു. അവസാനം ഞാൻ ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. പഠിക്കുന്ന സമയത്ത് ആദ്യമൊക്കെ ഞാൻ രണ്ടു ബൈബിൾ മടിയിൽ വെക്കും. ഒന്ന് ജയിംസ് രാജാവിന്റെ ഭാഷാന്തരവും പിന്നെ അതിനെക്കാൾ ലളിതമായ പുതിയലോക ഭാഷാന്തരവും. പറയുന്ന ഓരോ വാക്യവും രണ്ടു ബൈബിളിലും നോക്കി, ഞാൻ പറ്റിക്കപ്പെടുകയല്ല എന്ന് ഉറപ്പുവരുത്താൻവേണ്ടി.
ഞാൻ സത്യം കണ്ടെത്തി
സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചപ്പോൾ ഞങ്ങൾ ഒരുപാടു സത്യങ്ങൾ മനസ്സിലാക്കി. ഏറ്റവും പ്രധാനമായി നമ്മുടെ സ്വർഗീയപിതാവ് ഏകനാണ്, ത്രിയേകനല്ല എന്നു പഠിച്ചു. അടുത്തതായി നമ്മൾതന്നെയാണു ദേഹികളെന്നും മരണശേഷം തുടർന്ന് ജീവിക്കുന്ന ഒരു ദേഹി നമുക്കില്ല എന്നും പഠിച്ചു. (ഉൽപത്തി 2:7; ആവർത്തനം 6:4; യഹസ്കേൽ 18:4; 1 കൊരിന്ത്യർ 8:5, 6) ഇനി, നരകം എന്നു പറയുന്നത് നിത്യമായി ദണ്ഡിപ്പിക്കുന്ന ഒരു സ്ഥലമല്ല, മറിച്ച് അത് എല്ലാ മനുഷ്യരും ചെന്നെത്തുന്ന ശവക്കുഴിയാണെന്നും പഠിച്ചു. (ഇയ്യോബ് 14:13; സങ്കീർത്തനം 16:10; സഭാപ്രസംഗകൻ 9:5, 10; പ്രവൃത്തികൾ 2:31) പരമ്പരാഗത ബ്രദറൻ സഭയിൽ നരകത്തെക്കുറിച്ചുള്ള പഠിപ്പിക്കലിൽ ചില തർക്കങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഈ സത്യം മനസ്സിലാക്കിയത് ഞങ്ങളുടെ ജീവിതത്തിൽതന്നെ വലിയൊരു വഴിത്തിരിവായിരുന്നു.
അപ്പോഴും എന്റെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു: ‘ലോകത്തിന്റെ ഭാഗമായിരിക്കുന്ന ഈ മതത്തിന് എങ്ങനെയാണ് സത്യമതമാകാൻ കഴിയുക?’ കാരണം എന്റെ കണ്ണിൽ അവരുടേത് ഒരു ‘ലളിത’ജീവിതം അല്ലായിരുന്നു. എനിക്ക് അത് വളരെ നിർബന്ധവുമായിരുന്നു. എന്നാൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത എല്ലാവരോടും അറിയിക്കണം എന്നുള്ള യേശുവിന്റെ കല്പന അവർ അങ്ങനെതന്നെ അനുസരിക്കുന്നു എന്ന് എനിക്കു ബോധ്യമായി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി.—മത്തായി 24:14; 28:19, 20
എന്നാൽ ഈ സമയങ്ങളിലെല്ലാം സാക്ഷികളുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെ പ്രചോദിപ്പിച്ചു. സഭയിലുള്ളവർ എല്ലാവരും ഞങ്ങളുടെ കുടുംബത്തിന്റെ കാര്യത്തിൽ ഒരു പ്രത്യേകതാത്പര്യം എടുത്തു. പലപ്പോഴായി അവർ ഞങ്ങളെ കാണാൻ വരും. ഞങ്ങളുടെ ഫാമിലെ പാലും മുട്ടയും വാങ്ങിക്കാൻ എന്നു പറഞ്ഞാണ് വരാറുള്ളത്. അങ്ങനെ വന്നുവന്ന് അവർ എത്ര നല്ല ആളുകളാണെന്ന് ഞങ്ങൾക്കു മനസ്സിലായിത്തുടങ്ങി. സഭയിലെ ഒരാളാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നതെങ്കിലും മറ്റുള്ളവരും ഞങ്ങളെ കാണാൻവരുമായിരുന്നു. സഭയിലെ ആരെങ്കിലും ഞങ്ങളുടെ വീടിന്റെ അടുത്തെങ്ങാനും വന്നാൽ അവർ വീട്ടിൽ കയറാതെ പോകില്ല. അങ്ങനെ ഞങ്ങൾക്ക് സാക്ഷികളെ ശരിക്കും അറിയാൻ പറ്റി. അവർ കാണിച്ച ആത്മാർഥതയും സ്നേഹവും ഒന്നും ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ പറ്റില്ല.
ഞങ്ങൾ പോയിരുന്ന സഭയിലുള്ളവർ മാത്രമല്ല ഞങ്ങളുടെ കാര്യത്തിൽ താത്പര്യം കാണിച്ചത്. ഒരു ദിവസം അടുത്തുള്ള സഭയിലെ കേബ്രിഡ് സഹോദരി എന്നെ കാണാൻ വന്നു. സഹോദരി പൊതുവേ പ്ലെയിൻ വസ്ത്രങ്ങളാണു ധരിച്ചിരുന്നത്. അതായിരുന്നു അവർക്ക് ഇഷ്ടവും. മേക്കപ്പും ഇടില്ലായിരുന്നു. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ സാക്ഷികളുടെ നിലപാട് ഉൾക്കൊള്ളാൻ കഴിയാതിരുന്ന എനിക്ക് കേബ്രിഡ് സഹോദരിയുടെ വസ്ത്രധാരണരീതി വളരെ ആശ്വാസമായി തോന്നി. അതുകൊണ്ട് എനിക്ക് അവരോട് തുറന്ന് സംസാരിക്കാൻ പറ്റി. പിന്നീട് ഒരു ദിവസം ലൂയിസ് ഫ്ളോറ സഹോദരൻ എന്നെ കാണാൻവന്നു. സാക്ഷിയാകുന്നതിനു മുമ്പ് ആഢംബരങ്ങളില്ലാത്ത ഒരു ‘ലളിത’മത വിഭാഗത്തിൽപ്പെട്ട ആളായിരുന്നു അദ്ദേഹം. എന്റെ ഉള്ളിലെ സങ്കടം എന്റെ മുഖത്തുനിന്ന് അദ്ദേഹം വായിച്ചെടുത്തു. എന്റെ മനസ്സിനെ ഒന്നു ശാന്തമാക്കാൻ പിന്നീടു പത്തു പേജുള്ള ഒരു എഴുത്ത് അദ്ദേഹം എനിക്ക് എഴുതി. അദ്ദേഹത്തിന്റെ ആ സ്നേഹത്തോടെയുള്ള കരുതൽ ശരിക്കും എന്റെ കണ്ണു നനയിച്ചു. ഞാൻ ആ എഴുത്ത് വീണ്ടുംവീണ്ടും വായിച്ചു.
വേറൊരു അവസരത്തിൽ സഞ്ചാരമേൽവിചാരകനായ ഒഡേൽ സഹോദരനോട് യശയ്യ 3:18-23 വരെയുള്ള വാക്യങ്ങളും 1 പത്രോസ് 3:3, 4 വാക്യങ്ങളും ഒന്ന് വിശദീകരിച്ചുതരാമോ എന്നു ഞാൻ ചോദിച്ചു. “പ്ലെയിൻ വസ്ത്രങ്ങൾ ധരിക്കുന്നതാണു ദൈവത്തെ സന്തോഷിപ്പിക്കുന്നത്, അതല്ലേ ഈ വാക്യങ്ങളിൽ പറയുന്നത്” എന്നായിരുന്നു എന്റെ സംശയം. അദ്ദേഹം ചോദിച്ചു: “അപ്പോൾ തൊപ്പി ധരിക്കുന്നതിൽ തെറ്റില്ലെന്നാണോ? മുടി പിന്നുന്നതിൽ തെറ്റില്ലേ?” പരമ്പരാഗത ബ്രദറൻ സഭയിൽ കൊച്ചുപെൺകുട്ടികളുടെ മുടി പിന്നുകയും സ്ത്രീകൾ തൊപ്പി വെക്കുകയും ചെയ്യുമായിരുന്നു. അപ്പോഴാണ് അവരുടെ പഠിപ്പിക്കലുകളിലെ പൊരുത്തക്കേട് ഞാൻ തിരിച്ചറിഞ്ഞത്. ഒഡേൽ സഹോദരന്റെ ക്ഷമയോടെയും ദയയോടെയും ഉള്ള പെരുമാറ്റം എന്നെ ശരിക്കും സ്വാധീനിച്ചു.
പയ്യെപ്പയ്യെ എനിക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻതുടങ്ങി. അപ്പോഴും മറ്റൊരു കാര്യം എന്നെ അലട്ടിക്കൊണ്ടിരുന്നു—സാക്ഷികളായ സ്ത്രീകൾ മുടി വെട്ടുന്നു. അതായിരുന്നു എന്റെ പ്രശ്നം. സഭയിലെ മൂപ്പന്മാർ ഇതെക്കുറിച്ച് ചിന്തിക്കാൻ എന്നെ സഹായിച്ചു. ചില സ്ത്രീകളുടെ മുടി നല്ല നീളത്തിൽ വളരും. എന്നാൽ ചിലരുടെ അത്രയും വളരില്ല. ഒരാളുടെ മുടിക്ക് നീളമുണ്ട് എന്നുവെച്ച് ആ വ്യക്തി മറ്റെയാളെക്കാൾ മെച്ചമാണെന്നു വരുമോ? വസ്ത്രധാരണത്തിന്റെയും ഒരുക്കത്തിന്റെയും കാര്യത്തിൽ ഓരോരുത്തരുടെയും മനസ്സാക്ഷിക്ക് അനുസരിച്ചാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് എന്നു മനസ്സിലാക്കാൻ സഹോദരങ്ങൾ എന്നെ സഹായിച്ചു. ഇതിനെക്കുറിച്ച് കൂടുതലായി പറയുന്ന ചില വിവരങ്ങൾ അവർ എനിക്കു വായിക്കാൻ തന്നുവിടുകയും ചെയ്തു.
പഠിച്ചത് പ്രാവർത്തികമാക്കുന്നു
നല്ല ഫലം പുറപ്പെടുവിക്കുന്നവരെയാണ് ഞങ്ങൾ അന്വേഷിച്ചുനടന്നത്. അവരെ ഞങ്ങൾ കണ്ടെത്തുകയും ചെയ്തു. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.” (യോഹന്നാൻ 13:35) യഥാർഥസ്നേഹം കാണിക്കുന്നത് യഹോവയുടെ സാക്ഷികളാണെന്ന് ഞങ്ങൾക്ക് ഉറപ്പായി. എന്നാൽ ഞങ്ങളുടെ മൂത്തമക്കളായ നേഥനും റിബെക്കയ്ക്കും ആദ്യമൊക്കെ ഈ കാര്യങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. കാരണം അവർ പരമ്പരാഗത ബ്രദറൻ സഭയിലെ പഠിപ്പിക്കലുകൾ വിശ്വസിക്കുകയും അതിൽതന്നെ സ്നാനമേൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഈ ഒരു മാറ്റം അവർക്കു ബുദ്ധിമുട്ടായി തോന്നി. പതുക്കെപ്പതുക്കെ ഞങ്ങൾ പഠിച്ച ബൈബിൾസത്യങ്ങളെക്കുറിച്ച് അവരോടു പറയുമായിരുന്നു. ഞങ്ങൾ പറഞ്ഞകാര്യങ്ങളും സാക്ഷികളുടെ യഥാർഥസ്നേഹവും ഒക്കെ അവരെ ശരിക്കും സ്വാധീനിച്ചു.
റിബെക്കയാണെങ്കിൽ ദൈവവുമായി ഒരു അടുത്തബന്ധം ആഗ്രഹിച്ചിരുന്ന ഒരാളാണ്. ഒരാളുടെ ഭാവി ദൈവം മുന്നമേ എഴുതിവെച്ചിട്ടില്ല എന്ന് പഠിച്ചപ്പോൾ ദൈവത്തോടു പ്രാർഥിക്കാൻ അവൾക്കു കൂടുതൽ എളുപ്പമായി. ദൈവം നിഗൂഢമായ ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്നു മനസ്സിലാക്കിയതും ദൈവത്തോട് അവളെ കൂടുതൽ അടുപ്പിച്ചു. ദൈവം ഒരു യഥാർഥവ്യക്തിയാണെന്നും തനിക്ക് അനുകരിക്കാൻ പറ്റുന്ന ഒരാളാണെന്നും അവൾക്കു ബോധ്യമായി. (എഫെസ്യർ 5:1) ഇനി, അവളെ സന്തോഷിപ്പിച്ച ഒരു കാര്യമായിരുന്നു പ്രാർഥനയിൽ ദൈവത്തെ അഭിസംബോധന ചെയ്യുമ്പോഴെല്ലാം കട്ടിയായ വാക്കുകൾ ഉപയോഗിക്കേണ്ട എന്നു മനസ്സിലാക്കിയത്. അതായത്, ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്നതുപോലുള്ള കട്ടിയായ വാക്കുകൾ. കൂടാതെ ദൈവത്തോട് എങ്ങനെ പ്രാർഥിക്കണമെന്നു മനസ്സിലാക്കിയതും ഒരു പറുദീസാഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കണമെന്ന ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യത്തെക്കുറിച്ച് പഠിച്ചതും അവളെ സ്രഷ്ടാവിലേക്ക് കൂടുതൽ അടുപ്പിച്ചു.—സങ്കീർത്തനം 37:29; വെളിപാട് 21:3, 4.
ഞങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങൾ
1987-ൽ ഞാനും ഭർത്താവും മൂത്ത മക്കളായ നേഥനും റിബെക്കയും ജോർജും ഡാനിയലും ജോണും യഹോവയുടെ സാക്ഷികളായി സ്നാനമേറ്റു. 1989-ൽ ഹാർലിയും 1994-ൽ സൈമണും സ്നാനമേറ്റു. യേശുക്രിസ്തു ശിഷ്യന്മാരോട് ചെയ്യാൻ പറഞ്ഞ വേല, അതായത് ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത അറിയിക്കുക എന്ന നിയമനം ഞങ്ങളുടെ മുഴുകുടുംബവും ഇപ്പോഴും ഉത്സാഹത്തോടെ ചെയ്യുന്നു.
നേഥനും ജോർജും ഡാനിയലും ജോണും ഹാർലിയും റിബെക്കയും യഹോവയുടെ സാക്ഷികളുടെ ഐക്യനാടുകളിലെ ബ്രാഞ്ചോഫീസിൽ സേവിച്ചിട്ടുണ്ട്. ജോർജ് ഇപ്പോഴും അവിടെത്തന്നെയാണ്, 14 വർഷത്തിലധികമായി. 2001-ൽ സ്കൂൾപഠനം പൂർത്തിയാക്കിയശേഷം സൈമണും ബ്രാഞ്ചിൽ സേവിക്കാൻ തുടങ്ങി. ഞങ്ങളുടെ ആൺമക്കളെല്ലാം യഹോവയുടെ സാക്ഷികളുടെ സഭകളിൽ മൂപ്പന്മാരായോ ശുശ്രൂഷാദാസന്മാരായോ സേവിക്കുന്നു. എന്റെ ഭർത്താവ് മിസൂറിയിലെ തായർ സഭയിലെ ഒരു മൂപ്പനാണ്. ഞാനും ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നു.
ഞങ്ങൾക്ക് മൂന്നു കൊച്ചുമക്കളുണ്ട്—ജെസിക്ക, ലെറ്റീഷ, കാലേബ്. അവരുടെ അപ്പനമ്മമാർ ആ കുഞ്ഞുമനസ്സുകളിൽ യഹോവയോടുള്ള സ്നേഹം ഉൾനടാൻ ശ്രമിക്കുന്നതു കാണുമ്പോൾ എന്തു സന്തോഷമാണെന്നോ! ഞങ്ങളുടെ കുടുംബത്തെ യഹോവ തന്നിലേക്ക് അടുപ്പിച്ചത് എത്ര വലിയ ഒരു അനുഗ്രഹമാണ്! തന്റെ പേര് വഹിക്കുന്ന ഒരു ജനം ഉണ്ടെന്ന് തിരിച്ചറിയാൻ യഹോവ ഞങ്ങളെ സഹായിച്ചു. ദൈവജനത്തിന്റെ സ്നേഹമാണ് ഞങ്ങളെയും അവരോടൊപ്പം കൂട്ടിച്ചേർത്തത്.
ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഇന്നുണ്ട്. പക്ഷേ ബൈബിളിനെക്കാൾ കൂടുതൽ മതത്തിലെ നിയമങ്ങളാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ളവരെ കാണുമ്പോൾ ഞങ്ങൾക്ക് ഒരു പ്രത്യേകതാത്പര്യം തോന്നും. കാരണം ഈ സന്തോഷം അവർക്കും കിട്ടണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദൈവരാജ്യത്തെക്കുറിച്ചും അതിന്റെ അനുഗ്രഹങ്ങളെക്കുറിച്ചും മറ്റുള്ളവരെ അറിയിക്കുമ്പോഴുണ്ടാകുന്ന സന്തോഷം മുമ്പ് കൃഷിസാധനങ്ങളുമായി വീടുതോറും പോയിരുന്നതിനെക്കാൾ എത്രയോ വലുതാണ്! യഹോവയുടെ പേരിനാൽ അറിയപ്പെടുന്ന ജനം ഞങ്ങളോടു കാണിച്ച സ്നേഹവും ക്ഷമയും എല്ലാം ഓർക്കുമ്പോൾത്തന്നെ എന്റെ കണ്ണ് നിറയുകയാണ്.
[ചിത്രങ്ങൾ]
ഏഴു വയസ്സുള്ളപ്പോഴും മുതിർന്നശേഷവും
[ചിത്രം]
പ്ലെയിൻ വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്ന ജയിംസും ജോർജും ഹാർലിയും സൈമണും
[ചിത്രം]
ഞാൻ കൃഷിസാധനങ്ങളുമായി മാർക്കറ്റിലേക്കു പോകുന്നു. ഒരു പ്രാദേശികപത്രത്തിൽ വന്ന ചിത്രം
[ചിത്രം]
ഇപ്പോൾ ഞങ്ങളുടെ കുടുംബം