ഹൾഡ്രിക്ക് സ്വിൻഗ്ലിയുടെ ബൈബിൾസത്യത്തിനായുള്ള അന്വേഷണം
ഇന്ന് ആത്മാർഥതയുള്ള മിക്ക മതവിശ്വാസികൾക്കും തങ്ങളുടെ വിശ്വാസങ്ങൾ ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെയാണോ എന്നു പരിശോധിച്ചറിയാൻ കഴിയും. എന്നാൽ 16-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അങ്ങനെയല്ലായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, അന്നത്തെ മിക്ക ആളുകൾക്കും സ്വന്തം ഭാഷയിലുള്ള ബൈബിൾ കൈവശമില്ലായിരുന്നു. അതുകൊണ്ട്, പള്ളിയിലെ കുറച്ച് അംഗങ്ങൾക്കു മാത്രമേ പള്ളിയിൽ പഠിപ്പിക്കുന്നതു ബൈബിളുമായി ഒത്തുനോക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇനി, പുരോഹിതന്മാരാണെങ്കിൽ, കാര്യമായി സഹായിച്ചിരുന്നുമില്ല. ക്രിസ്തീയ സഭാചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “സ്വിറ്റ്സർലൻഡിലെ പള്ളിയിലൊക്കെ തെറ്റായ കാര്യങ്ങളാണു നടന്നിരുന്നത്. . . . അവിടത്തെ പുരോഹിതന്മാരൊക്കെ അജ്ഞരും അന്ധവിശ്വാസികളും അധാർമികപ്രവൃത്തികളിലൊക്കെ ഏർപ്പെട്ടിരുന്നവരും ആയിരുന്നു.”
ഈ സമയത്താണ് ഹൾഡ്രിക്ക് സ്വിൻഗ്ലി ബൈബിൾസത്യങ്ങൾക്കായി അന്വേഷണം തുടങ്ങിയത്. അദ്ദേഹം എന്തു കണ്ടെത്തി? മനസ്സിലാക്കിയ കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ അദ്ദേഹം എന്തു ചെയ്തു? അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്നും വിശ്വാസങ്ങളിൽനിന്നും നമുക്ക് എന്തു പഠിക്കാം?
സ്വിൻഗ്ലി സത്യം അന്വേഷിച്ചുതുടങ്ങുന്നു
20-കളുടെ തുടക്കത്തിൽ ഒരു കത്തോലിക്കാ പുരോഹിതനാകാനായിരുന്നു സ്വിൻഗ്ലിയുടെ ആഗ്രഹം. പുരോഹിതനാകാൻ മറ്റുള്ളവരെപ്പോലെ സ്വിൻഗ്ലിക്കും തത്ത്വശാസ്ത്രവും സഭാപാരമ്പര്യങ്ങളും “സഭാപിതാക്കന്മാരുടെ” കൃതികളും ഒക്കെ പഠിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവർ ബൈബിൾ പഠിച്ചിരുന്നില്ല.
സ്വിൻഗ്ലി എങ്ങനെയാണ് ബൈബിൾസത്യങ്ങൾ കണ്ടെത്തിത്തുടങ്ങിയത്? സ്വിറ്റ്സർലൻഡിലെ ബാസലിലുള്ള യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സ്വിൻഗ്ലി പാപമോചനത്തോടു a ബന്ധപ്പെട്ട പള്ളിയുടെ ക്രമീകരണങ്ങളെ എതിർത്ത തോമസ് വിറ്റെൻബാക്കിന്റെ പ്രസംഗങ്ങൾ കേൾക്കാനിടയായി. സ്വിൻഗ്ലിയുടെ ജീവചരിത്രം എഴുതിയ ഒരു ചരിത്രകാരൻ പറയുന്നതനുസരിച്ച്, “ക്രിസ്തുവിന്റെ മരണം നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരിക്കലായി അർപ്പിച്ചതാണെന്ന് സ്വിൻഗ്ലി (വിറ്റെൻബാക്കിൽനിന്ന്) മനസ്സിലാക്കി.” (1 പത്രോസ് 3:18) യേശുവിന്റെ മോചനവിലയിലൂടെ മാത്രമേ പാപങ്ങൾ ക്ഷമിച്ചുകിട്ടുകയുള്ളൂ എന്ന് അദ്ദേഹം മനസ്സിലാക്കിയപ്പോൾ സഭാനേതാക്കന്മാർക്ക് പണം കൊടുത്താൽ പാപങ്ങൾ ക്ഷമിച്ചുകിട്ടും എന്ന പഠിപ്പിക്കലിനെ സ്വിൻഗ്ലി എതിർത്തു. (പ്രവൃത്തികൾ 8:20) ഇങ്ങനെയൊക്കെയായിരുന്നെങ്കിലും സ്വിൻഗ്ലി തന്റെ പഠനം തുടർന്നു. 22-ാം വയസ്സിൽ അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതനായി.
സ്വിൻഗ്ലി തന്റെ 20-കളിൽ ഗ്രീക്ക് ഭാഷ സ്വയം പഠിച്ചെടുത്തു. പുതിയ നിയമം എഴുതിയ ഭാഷ മനസ്സിലാക്കാൻവേണ്ടിയാണ് അദ്ദേഹം അത് പഠിച്ചത്. ഇറാസ്മസിന്റെ എഴുത്തുകളും അദ്ദേഹം പരിശോധിച്ചു. ബൈബിൾ പഠിപ്പിക്കുന്നതുപോലെ ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള ഒരേയൊരു മധ്യസ്ഥൻ യേശുവാണെന്ന് അങ്ങനെ അദ്ദേഹം മനസ്സിലാക്കി. (1 തിമൊഥെയൊസ് 2:5) ദൈവത്തെ സമീപിക്കുന്നതിനു വിശുദ്ധരുടെ പങ്കിനെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠിപ്പിക്കലിനെ അദ്ദേഹം സംശയിച്ചുതുടങ്ങി.
30 വയസ്സൊക്കെയായപ്പോൾ സ്വിൻഗ്ലി സത്യം കുറച്ചുകൂടി ഗൗരവമായി അന്വേഷിക്കാൻ തുടങ്ങി. എന്നാൽ അതേസമയം ഇറ്റലിയുടെ മേലുള്ള നിയന്ത്രണത്തിനായി യൂറോപ്പിലുടനീളം നടന്ന യുദ്ധങ്ങളുടെ സമയത്ത് അദ്ദേഹം ഒരു സൈനികപുരോഹിതനായി സേവിക്കുകയും ചെയ്തു. 1515-ൽ നടന്ന മരിഗ്നാനോ യുദ്ധത്തിൽ കത്തോലിക്കാ വിശ്വാസികൾതന്നെ ആയിരക്കണക്കിനു കത്തോലിക്കരെ കൊല്ലുന്നത് അദ്ദേഹം കണ്ടു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്വിൻഗ്ലി ഗ്രീക്ക് തിരുവെഴുത്തുകളുടെ മിക്ക ഭാഗങ്ങളും കൈകൊണ്ട് പകർത്തിയെഴുതുകയും മനഃപാഠമാക്കുകയും ചെയ്തു. 1519 ഒക്കെയായപ്പോൾ അദ്ദേഹം സ്വിറ്റ്സർലൻഡിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ കേന്ദ്രമായ സൂറിച്ചിൽ താമസിക്കുകയായിരുന്നു. അവിടെവെച്ച് തിരുവെഴുത്തുകളുടെ പിന്തുണയില്ലാത്ത എല്ലാ പഠിപ്പിക്കലും സഭ നിറുത്തണമെന്ന് അദ്ദേഹം മനസ്സിലാക്കി. മറ്റുള്ളവരും അതേ നിഗമനത്തിലെത്താൻ അദ്ദേഹം എന്തു ചെയ്തു?
“ഇതുപോലൊന്ന് മുമ്പ് കേട്ടിട്ടേ ഇല്ല”
ബൈബിൾസത്യം കേൾക്കുമ്പോൾ ആളുകൾ മതപരമായ നുണകൾ തള്ളിക്കളയുമെന്നു സ്വിൻഗ്ലി വിശ്വസിച്ചു. സൂറിച്ചിലെ പ്രശസ്തമായ ഗ്രോസ്മൂൺസ്റ്റർ പള്ളിയിൽ ഒരു പുരോഹിതനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആളുകളെ സത്യം അറിയിക്കാൻ അദ്ദേഹം ഒരു വഴി കണ്ടെത്തി. നൂറ്റാണ്ടുകളായി പള്ളിയിലെ പുരോഹിതന്മാർ ചെയ്തുവന്നിരുന്നതുപോലെ ലത്തീൻ പാരായണഭാഗങ്ങൾ b അദ്ദേഹം വായിച്ചില്ല. പകരം അദ്ദേഹം ബൈബിളിൽനിന്ന് നേരിട്ട് ഓരോരോ അധ്യായങ്ങളായി തുടക്കംമുതൽ അവസാനംവരെ പഠിപ്പിച്ചു. സഭാപിതാക്കന്മാർ പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനമാക്കിയല്ല, തിരുവെഴുത്തുകൾ ഉപയോഗിച്ചുതന്നെ അദ്ദേഹം വിശദീകരിച്ചു. ബൈബിളിലെ എളുപ്പമുള്ള ഭാഗങ്ങൾ ഉപയോഗിച്ച് അദ്ദേഹം ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ മനസ്സിലാക്കിക്കൊടുത്തു.—2 തിമൊഥെയൊസ് 3:16.
ബൈബിളിലെ ആശയങ്ങൾ ജീവിതത്തിൽ വളരെയധികം പ്രയോജനം ചെയ്യുമെന്നു മനസ്സിലാക്കാൻ സ്വിൻഗ്ലി ആളുകളെ സഹായിച്ചു. ബൈബിൾ വെച്ചിരിക്കുന്ന ധാർമികനിലവാരങ്ങളെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചു. അതുപോലെ യേശുവിന്റെ അമ്മയായ മറിയയെ ആരാധിക്കുന്നതിനെയും വിശുദ്ധരോടു പ്രാർഥിക്കുന്നതിനെയും പാപമോചനപത്രികയുടെ വിൽപ്പനയെയും പുരോഹിതന്മാരുടെ അധാർമികപ്രവൃത്തികളെയും എതിർത്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചു. ആളുകൾ അതിനോട് എങ്ങനെ പ്രതികരിച്ചു? അദ്ദേഹത്തിന്റെ ആദ്യത്തെ പ്രസംഗം കേട്ടപ്പോൾ ആളുകൾ ഇങ്ങനെ പറഞ്ഞു: “ഇതുപോലൊന്ന് മുമ്പ് കേട്ടിട്ടേ ഇല്ല.” സ്വിൻഗ്ലിയുടെ പ്രസംഗം കേട്ട കത്തോലിക്കാ സഭയിലുള്ള ചിലരെക്കുറിച്ച് ഒരു ചരിത്രകാരൻ എഴുതിയത് ഇങ്ങനെയാണ്: “പുരോഹിതന്മാരുടെ വിഡ്ഢിത്തവും അവരുടെ അധാർമികജീവിതവും കാരണം മടുപ്പുതോന്നി പള്ളി വിട്ടുപോയവരൊക്കെ ഇപ്പോൾ തിരിച്ചെത്തി.”
സഭയുടെ പഠിപ്പിക്കലിന് എതിരെ പ്രവർത്തിച്ചവരെ തടയാൻ 1522-ൽ പുരോഹിതന്മാർ സൂറിച്ചിലുള്ള രാഷ്ട്രീയക്കാരെ ഉപയോഗിച്ചു. ഇതിന്റെ ഫലമായി സ്വിൻഗ്ലിയെ മതനിന്ദകനായി കുറ്റം വിധിച്ചു. തന്റെ വിശ്വാസങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച സ്വിൻഗ്ലി കത്തോലിക്കാ പുരോഹിതൻ എന്ന സ്ഥാനത്തുനിന്ന് രാജിവെച്ചു.
സ്വിൻഗ്ലി എന്തു ചെയ്തു?
സ്വിൻഗ്ലി ഇപ്പോൾ ഒരു പുരോഹിതനല്ലെങ്കിലും പ്രസംഗിക്കുന്നതിൽ തുടർന്നു. തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കാൻ അദ്ദേഹം ശ്രമിച്ചു. സ്വിൻഗ്ലിയുടെ പ്രവർത്തനങ്ങൾ കാരണം അദ്ദേഹം ആളുകൾക്കിടയിൽ പ്രശസ്തനായി. അങ്ങനെ സൂറിച്ചിലെ രാഷ്ട്രീയക്കാർവരെ അദ്ദേഹം പറയുന്നതു കേൾക്കാൻതുടങ്ങി. തന്റെ രാഷ്ട്രീയസ്വാധീനത്തിലൂടെ സൂറിച്ചിൽ മതപരിഷ്കാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. ഉദാഹരണത്തിന്, 1523-ൽ തിരുവെഴുത്തുകളിൽനിന്ന് തെളിയിക്കാൻ പറ്റാത്ത മതപരമായ പഠിപ്പിക്കലുകളെ നിരോധിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം സൂറിച്ചിലെ കോടതി അധികാരികളെ ബോധ്യപ്പെടുത്തി. 1524-ൽ വിഗ്രഹാരാധനയും നിയമവിരുദ്ധമാക്കാൻ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. പുരോഹിതന്മാരുടെയും ആളുകളുടെയും സഹായത്തോടെ മജിസ്റ്റ്രേട്ടുമാർ കുറെ അൾത്താരകളും വിഗ്രഹങ്ങളും രൂപങ്ങളും തിരുശേഷിപ്പുകളും നശിപ്പിച്ചുകളഞ്ഞു. “വൈക്കിങ്ങുകൾ (കടൽക്കൊള്ളക്കാർ) മതപരമായ സ്ഥാപനങ്ങൾ കൊള്ളയടിച്ച സംഭവമൊഴിച്ചാൽ ഇത്തരമൊരു മനഃപൂർവമായ നാശം പാശ്ചാത്യസഭ കണ്ടിട്ടില്ല” എന്ന് സ്വിൻഗ്ലി—ദൈവത്തിന്റെ സായുധ പ്രവാചകൻ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. 1525-ഓടെ, പള്ളിവക കെട്ടിടങ്ങൾ ആശുപത്രികളാക്കി മാറ്റണമെന്നും വിവാഹം കഴിക്കാൻ സന്യാസിമാരെയും കന്യാസ്ത്രീകളെയും അനുവദിക്കണമെന്നും ഉള്ള ആശയം അദ്ദേഹം അധികാരികളോടു ഉന്നയിച്ചു. കുർബാനയ്ക്കു പകരം ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ ചെറിയൊരു ചടങ്ങുമാത്രം നടത്താനും അദ്ദേഹം നിർദേശിച്ചു. (1 കൊരിന്ത്യർ 11:23-25) ചരിത്രകാരന്മാർ പറയുന്നതു സ്വിൻഗ്ലിയുടെ പരിശ്രമം കാരണം മതരാഷ്ട്രനേതാക്കന്മാർ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങുകയും അങ്ങനെ അത് നവീകരണത്തിനും പ്രൊട്ടസ്റ്റന്റ് മതത്തിന്റെ രൂപീകരണത്തിനും ഇടയാകുകയും ചെയ്തു എന്നാണ്.
സ്വിൻഗ്ലി ചെയ്ത ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് ബൈബിളിന്റെ പരിഭാഷ. അതിനുവേണ്ടി 1520-കളിൽ അദ്ദേഹവും ഒരുകൂട്ടം പണ്ഡിതന്മാരും മൂല എബ്രായ-ഗ്രീക്ക് തിരുവെഴുത്തുകളും ഗ്രീക്ക് സെപ്റ്റുവജിന്റും ലാറ്റിൻ വൾഗേറ്റും ഉപയോഗിച്ചു. അവരുടെ രീതി വളരെ ലളിതമായിരുന്നു. ഓരോ വാക്യവും അവർ മൂല ഭാഷാന്തരത്തിൽനിന്നും സെപ്റ്റുവജിന്റും വൾഗേറ്റും പോലുള്ള മറ്റു പരിഭാഷകളിൽനിന്നും വായിക്കും. എന്നിട്ട് ആ വാക്യങ്ങളുടെ അർഥം ചർച്ച ചെയ്യുകയും കണ്ടെത്തിയ ആശയങ്ങൾ എഴുതിവെക്കുകയും ചെയ്യും. അവർ ദൈവവചനത്തിന്റെ അർഥം വിശദീകരിക്കുകയും അതു പരിഭാഷപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായി 1531-ൽ സൂറിച്ച് ബൈബിളിന്റെ ഒറ്റവാല്യ പതിപ്പ് പുറത്തിറങ്ങി.
സ്വിൻഗ്ലി ആത്മാർഥതയുള്ള ഒരാളായിരുന്നിരിക്കാം. എങ്കിലും അദ്ദേഹം മറ്റുള്ളവരുടെ വിശ്വാസങ്ങളെ ആദരിച്ചിരുന്നില്ല. അതുപോലെ അക്രമത്തെയും അനുകൂലിച്ചു. ഉദാഹരണത്തിന്, 1525-ൽ ശിശുക്കളെ സ്നാനപ്പെടുത്തണമെന്ന തന്റെ വിശ്വാസത്തോടു വിയോജിച്ച ജ്ഞാനസ്നാനഭേദഗതിവാദികളുടെ വിചാരണയിൽ അദ്ദേഹം പങ്കെടുത്തു. ശിശുസ്നാനത്തെ നിരസിക്കുന്നവർക്ക് മരണശിക്ഷയായിരിക്കും ലഭിക്കുന്നതെന്ന് കോടതി വിധിവന്നു. ആ വിധിയെ സ്വിൻഗ്ലി എതിർത്തില്ല. കൂടാതെ, മതനവീകരണം പ്രചരിപ്പിക്കുന്നതിനു സൈനികശക്തി ഉപയോഗിക്കാൻ അദ്ദേഹം രാഷ്ട്രീയനേതാക്കന്മാരെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ പുതിയ വിശ്വാസങ്ങളെ സ്വിറ്റ്സർലൻഡിലുള്ള പല ശക്തരായ കത്തോലിക്കാ വിഭാഗങ്ങളും എതിർത്തു. ഇതു കാരണം, ആഭ്യന്തരയുദ്ധം ഉണ്ടായി. സൂറിച്ചിൽനിന്നുള്ള പടയാളികളോടൊപ്പം ആ യുദ്ധത്തിൽ പങ്കെടുത്ത സ്വിൻഗ്ലി 47-ാമത്തെ വയസ്സിൽ കൊല്ലപ്പെട്ടു.
സ്വിൻഗ്ലി ചെലുത്തിയ സ്വാധീനം
വലിയ സ്വാധീനം ചെലുത്തിയ പ്രൊട്ടസ്റ്റന്റ് പരിഷ്കർത്താക്കളായ മാർട്ടിൻ ലൂഥറിന്റെയും ജോൺ കാൽവിന്റെയും അത്ര പ്രശസ്തനായില്ലെങ്കിലും ഹൾഡ്രിക്ക് സ്വിൻഗ്ലിക്കും ചരിത്രത്തിൽ ഒരു സ്ഥാനമുണ്ട്. ലൂഥറിനെക്കാൾ അധികം റോമൻ കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകളെ വ്യക്തമായി എതിർത്തത് സ്വിൻഗ്ലിയാണ്. അതുപോലെ സ്വിൻഗ്ലിയുടെ ശ്രമങ്ങൾ കാൽവിന്റെ ആശയങ്ങൾ സ്വീകരിക്കുന്നത് ആളുകൾക്ക് എളുപ്പമാക്കി. അതുകൊണ്ടുതന്നെ മതനവീകരണത്തിനു പിന്നിലെ മൂന്നാമൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
സ്വിൻഗ്ലിയുടെ പ്രവർത്തനങ്ങളിൽ നല്ല വശവും മോശം വശവും ഉണ്ടായിരുന്നു. തന്റെ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കാൻ അദ്ദേഹം രാഷ്ട്രീയവും യുദ്ധവും കരുക്കളാക്കി. എന്നാൽ, ഇങ്ങനെ ചെയ്തതിലൂടെ അദ്ദേഹം യേശുവിന്റെ മാതൃക പിൻപറ്റുന്നതിൽ പരാജയപ്പെട്ടു. കാരണം, യേശു രാഷ്ട്രീയത്തിലൊന്നും ഉൾപ്പെട്ടില്ല. അതുപോലെ ശത്രുക്കളെ കൊല്ലാനല്ല, അവരെ സ്നേഹിക്കാനാണ് യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്.—മത്തായി 5:43, 44; യോഹന്നാൻ 6:14, 15.
എങ്കിലും ഉത്സാഹമുള്ള ഒരു ബൈബിൾവിദ്യാർഥിയായിട്ടാണ് ആളുകൾ സ്വിൻഗ്ലിയെ ഓർക്കുന്നത്. താൻ പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പങ്കുവെക്കാൻ അയാൾ തീരുമാനിച്ചുറച്ചിരുന്നു. അദ്ദേഹം പല ബൈബിൾസത്യങ്ങളും കണ്ടെത്തി. അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തു.
a മരണശേഷം ശുദ്ധീകരണസ്ഥലത്ത് ആളുകൾ അനുഭവിക്കേണ്ടിവരുന്ന ശിക്ഷ കുറയ്ക്കാനോ അല്ലെങ്കിൽ ഇല്ലാതാക്കാനോ വേണ്ടി സഭാനേതാക്കന്മാർ പുറപ്പെടുവിക്കുന്ന പത്രികകൾ ആണ് പാപമോചന പത്രികകൾ.
b പാരായണഭാഗം എന്നത് വർഷത്തിലുടനീളം വായിക്കുന്നതിനുവേണ്ടി മുന്നമേ തിരഞ്ഞെടുത്ത ബൈബിൾവാക്യങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ്.