പുതിയ നിയമത്തിൽ ദൈവനാമം പുനഃസ്ഥാപിച്ച രണ്ട് പരിഭാഷകർ
പല ആളുകൾക്കും പരിചിതമായ ഒരു പ്രാർഥനയാണ് കർത്താവിന്റെ പ്രാർഥന. യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർഥനയാണ് ഇത്. പൊതുവേ പുതിയ നിയമം എന്നറിയപ്പെടുന്ന ബൈബിൾ ഭാഗത്താണ് ഈ പ്രാർഥന കാണുന്നത്. അത് ഇങ്ങനെ തുടങ്ങുന്നു: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ (അല്ലെങ്കിൽ “പൂജിതമാകണമേ,” പി.ഒ.സി.).” (മത്തായി 6:9) എന്നാൽ, ഇംഗ്ലീഷിൽ “ജഹോവ” എന്നോ “യാഹ്വെ” a എന്നോ അറിയപ്പെടുന്ന ദൈവത്തിന്റെ പേര് പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളിൽ ചുരുക്കമായേ കാണുന്നുള്ളൂ. പക്ഷേ ഈ പരിഭാഷകളിൽ സീയൂസ്, ഹെർമിസ്, അർത്തെമിസ് എന്നിങ്ങനെയുള്ള വ്യാജദൈവങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോൾപ്പിന്നെ ബൈബിളിന്റെ യഥാർഥ എഴുത്തുകാരനായ സത്യദൈവത്തിന്റെ പേര് അവർ അതിൽ ഉൾപ്പെടുത്തേണ്ടതല്ലേ?—പ്രവൃത്തികൾ 14:12; 19:35; 2 തിമൊഥെയൊസ് 3:16.
ഇംഗ്ലീഷ് ബൈബിൾ പരിഭാഷകരായ ലാൻസലോട്ട് ഷാഡ്വെലും ഫ്രെഡറിക് പാർക്കറും പുതിയ നിയമത്തിൽ ദൈവനാമം പുനഃസ്ഥാപിക്കപ്പെടേണ്ടതാണെന്നു വിശ്വസിച്ചു. ദൈവനാമം പുനഃസ്ഥാപിക്കപ്പെടേണ്ടത് എന്തുകൊണ്ടായിരുന്നു? കാരണം ബൈബിളിൽ ആദ്യം ദൈവനാമം ഉണ്ടായിരുന്നെന്നും അതു പിന്നീട് നീക്കം ചെയ്തതാണെന്നും അവർ മനസ്സിലാക്കി. അവർ എങ്ങനെയാണ് അത്തരമൊരു നിഗമനത്തിൽ എത്തിയത്?
പ്രധാനമായും എബ്രായ ഭാഷയിൽ എഴുതിയ, പഴയ നിയമത്തിന്റെ കൈയെഴുത്തുപ്രതികളിൽ ദൈവത്തിന്റെ പേര് ആയിരക്കണക്കിനു തവണ ഉപയോഗിച്ചിരിക്കുന്നതായി ഷാഡ്വെലിനും പാർക്കറിനും അറിയാമായിരുന്നു. എന്നാൽ പുതിയ നിയമത്തിന്റെ ലഭ്യമായ കൈയെഴുത്തുപ്രതികളിൽ ദൈവനാമത്തിന്റെ പൂർണരൂപം നീക്കം ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർക്ക് അതിശയം തോന്നി. b ഇനി ഷാഡ്വെൽ മറ്റൊരു കാര്യവും ശ്രദ്ധിച്ചു. പഴയ നിയമത്തിൽ സാധാരണയായി കാണുന്ന ചില പദപ്രയോഗങ്ങൾ പുതിയ നിയമത്തിലും കാണാം. അത്തരം സ്ഥലങ്ങളിൽ, ഉദാഹരണത്തിന് “യഹോവയുടെ ദൂതൻ” എന്നതുപോലുള്ള പദപ്രയോഗങ്ങൾ പുതിയ നിയമത്തിൽ വരുന്നിടത്ത് യഹോവ എന്ന നാമത്തിനു പകരം “കർത്താവ്” എന്ന് അർഥം വരുന്ന കിരിയോസ് എന്ന ഗ്രീക്കുപദമാണ് കാണുന്നത്. പുതിയ നിയമത്തിന്റെ പകർപ്പെഴുത്തുകാർ യഹോവ എന്ന നാമം നീക്കി കിരിയോസ് എന്ന പദം ചേർത്തതായിരിക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി.—2 രാജാക്കന്മാർ 1:3, 15; പ്രവൃത്തികൾ 12:23.
ഷാഡ്വെലും പാർക്കറും അവരുടെ ഇംഗ്ലീഷ് പരിഭാഷകൾ പുറത്തിറക്കുന്നതിനു മുമ്പുതന്നെ മറ്റു പല പരിഭാഷകരും അവരുടെ പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളിൽ ദൈവനാമം പുനഃസ്ഥാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, വളരെ കുറച്ച് ഭാഗങ്ങളിലേ ആ പരിഭാഷകർ അങ്ങനെ ചെയ്തുള്ളൂ. c 1863-ലാണ് പാർക്കർ പുതിയ നിയമത്തിന് ഒരു പദാനുപദ പരിഭാഷ പുറത്തിറക്കിയത്. അതിനു മുമ്പ് മറ്റൊരു ഇംഗ്ലീഷ് പരിഭാഷയിലും ദൈവത്തിന്റെ നാമം ഇത്രയധികം പ്രാവശ്യം ഉപയോഗിച്ചിട്ടില്ല. ആരാണ് ലാൻസലോട്ട് ഷാഡ്വെലും ഫ്രെഡറിക് പാർക്കറും?
ലാൻസലോട്ട് ഷാഡ്വെൽ
ലാൻസലോട്ട് ഷാഡ്വെൽ (1808-1861) ഒരു വക്കീലും ഇംഗ്ലണ്ടിലെ വൈസ് ചാൻസലറായ സർ ലാൻസലോട്ട് ഷാഡ്വെലിന്റെ മകനും ആണ്. മകൻ ഷാഡ്വെൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമായിരുന്നു. അദ്ദേഹം ത്രിത്വത്തിൽ വിശ്വസിച്ചിരുന്നെങ്കിലും ദൈവനാമത്തെ വളരെയധികം ആദരിച്ചു. “യഹോവ എന്ന മഹനീയനാമം” എന്നാണ് അദ്ദേഹം പറഞ്ഞത്. മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷങ്ങൾ എന്ന തന്റെ പരിഭാഷയിൽ “യഹോവ” എന്ന നാമം, തിരുവെഴുത്തുഭാഗങ്ങളിൽ 28 തവണയും ഒപ്പമുള്ള കുറിപ്പുകളിൽ 465 പ്രാവശ്യവും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
പഴയ നിയമത്തിന്റെ ആദ്യകാല എബ്രായ പാഠത്തിൽനിന്നായിരിക്കാം ഷാഡ്വെൽ ദൈവനാമത്തെക്കുറിച്ച് മനസ്സിലാക്കിയത്. പഴയ നിയമത്തിന്റെ ഗ്രീക്കുപരിഭാഷകളിൽ ദൈവനാമത്തിനു പകരം കിരിയോസ് എന്ന പദം ചേർത്തവർ “സത്യസന്ധരല്ലാത്ത പരിഭാഷകരാണ്” എന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പരിഭാഷയിൽ ഷാഡ്വെൽ ആദ്യമായി “യഹോവ” എന്ന നാമം ഉപയോഗിക്കുന്നത് മത്തായി 1:20-ലാണ്. ആ വാക്യത്തിന്റെ കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പുതിയ നിയമത്തിലെ ഈ വാക്യത്തിലും മറ്റു പല വാക്യങ്ങളിലും കൊടുത്തിരിക്കുന്ന പദം (കിരിയോസ്) യഹോവയെയാണ് കുറിക്കുന്നത്. അതാണ് ദൈവത്തിന്റെ ശരിക്കുള്ള പേര്. ഇംഗ്ലീഷ് പരിഭാഷകളിൽ ആ പേര് പുനഃസ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്.” അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ദൈവത്തെ മഹത്ത്വപ്പെടുത്താൻ നമ്മൾ ഇതു ചെയ്തേ മതിയാകൂ. കാരണം, യഹോവ എന്നാണ് തന്റെ പേരെന്ന് ദൈവംതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ദൈവനാമം ഉപയോഗിക്കുന്നതിനെക്കാൾ ശരിയായ ഒരു കാര്യമില്ല.” ജയിംസ് രാജാവിന്റെ ഭാഷാന്തരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അതിൽ യഹോവ എന്ന നാമം വളരെ കുറച്ചേ കാണുന്നുള്ളൂ. . . . പലയിടത്തും ദൈവത്തിന്റെ പേരിനു പകരം നമ്മൾ കാണുന്നത് ദ ലോർഡ് എന്നാണ് (മലയാളത്തിൽ “കർത്താവ്” എന്ന് അർഥം വരുന്നു.).” ദൈവത്തിന്റെ പേരിനു പകരം “ദ ലോർഡ് എന്നു വിളിക്കുന്നത് . . . ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല” എന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. കാരണം തന്റെ നാട്ടിൽ തന്നെപ്പോലും മറ്റുള്ളവർ “ദ ലോർഡ്” എന്നു വിളിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
‘യഹോവ എന്നാണ് തന്റെ പേരെന്ന് ദൈവംതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ദൈവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ദൈവനാമം ഉപയോഗിക്കുന്നതിനെക്കാൾ ശരിയായൊരു കാര്യമില്ല.’—ലാൻസലോട്ട് ഷാഡ്വെൽ
മത്തായിയുടെ പരിഭാഷ ഷാഡ്വെൽ 1859-ലും മത്തായിയുടെയും മർക്കോസിന്റെയും ഒരുമിച്ചുള്ള പതിപ്പ് 1861-ലും പുറത്തിറക്കി. പിന്നീടുള്ള പരിഭാഷ ജോലികൾ അദ്ദേഹത്തിനു തുടരാനായില്ല. കാരണം, 1861 ജനുവരി 11-ന് 52-ാം വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ ശ്രമങ്ങളൊന്നും വെറുതെയായില്ല.
ഫ്രെഡറിക് പാർക്കർ
ഷാഡ്വെൽ ചെയ്ത മത്തായിയുടെ സുവിശേഷത്തിന്റെ പരിഭാഷ ലണ്ടനിലെ ഒരു സമ്പന്ന ബിസിനെസ്സുകാരനായ ഫ്രെഡറിക് പാർക്കറിന്റെ (1804-1888) ശ്രദ്ധയിൽപ്പെട്ടു. പാർക്കർ, തനിക്ക് ഏതാണ്ട് 20 വയസ്സുള്ളപ്പോൾ മുതൽ പുതിയ നിയമം പരിഭാഷ ചെയ്യാൻ തുടങ്ങിയിരുന്നു. ഷാഡ്വെലിൽനിന്ന് വ്യത്യസ്തമായി ത്രിത്വത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ പാർക്കർ വിശ്വസിച്ചില്ല. “ക്രിസ്ത്യാനികളെല്ലാം ഈ സത്യം അംഗീകരിക്കണമെന്നും അത്യുന്നതനായ യഹോവയെ മാത്രം ആരാധിക്കണമെന്നും” അദ്ദേഹം എഴുതി. പുതിയ നിയമത്തിന്റെ കൈയെഴുത്തുപ്രതികളിൽ കിരിയോസ് എന്ന പദം കർത്താവായ ദൈവത്തെയും കർത്താവായ യേശുവിനെയും കുറിക്കാൻ ഉപയോഗിച്ചതുകൊണ്ട് ഇവർ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പറ്റുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നി. അതുകൊണ്ട് ഷാഡ്വെലിന്റെ പരിഭാഷയിൽ ചില സ്ഥലങ്ങളിൽ കിരിയോസ് എന്ന പദത്തെ “യഹോവ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു കണ്ടപ്പോൾ പാർക്കറിന് അതിൽ താത്പര്യം തോന്നി.
പാർക്കർ ഇതെല്ലാം എങ്ങനെയാണു മനസ്സിലാക്കിയത്? അദ്ദേഹം ഗ്രീക്കുഭാഷ പഠിക്കുകയും ഗ്രീക്കു വ്യാകരണത്തെക്കുറിച്ചുള്ള പല പുസ്തകങ്ങളും ലഘുലേഖകളും എഴുതുകയും ചെയ്തിരുന്നു. അദ്ദേഹം ആഗ്ലോ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു അംഗവും ആയിരുന്നു. മെച്ചപ്പെട്ട ഇംഗ്ലീഷ് ബൈബിളുകൾ പുറത്തിറക്കാനായി ബൈബിളിന്റെ കൈയെഴുത്തുപ്രതികൾ ഗവേഷണം ചെയ്യാൻ ആ ഇൻസ്റ്റിറ്റ്യൂട്ട് പ്രോത്സാഹിപ്പിച്ചിരുന്നു. 1842 മുതൽ പാർക്കർ പുതിയ നിയമത്തിന്റെ പരിഭാഷ പല ഭാഗങ്ങളും പതിപ്പുകളും ആയി പുറത്തിറക്കാൻ തുടങ്ങി. d
ദൈവനാമം പുനഃസ്ഥാപിക്കാനുള്ള പാർക്കറിന്റെ ശ്രമങ്ങൾ
കുറച്ച് വർഷങ്ങളായി പാർക്കർ ഇത്തരം ചില ചോദ്യങ്ങളെക്കുറിച്ച് എഴുതുന്നുണ്ടായിരുന്നു: “കിരിയോസ് എന്ന പദം കാണുമ്പോൾ അത് കർത്താവായ യേശുവിനെയാണോ അതോ കർത്താവായ ദൈവത്തെയാണോ കുറിക്കുന്നത് എന്ന് എങ്ങനെ മനസ്സിലാക്കും?” “ഗ്രീക്കുവ്യാകരണമനുസരിച്ച് ഒരു പേര് പ്രതീക്ഷിക്കുന്ന പല സ്ഥലങ്ങളിലും എന്തുകൊണ്ടാണ് കിരിയോസ് എന്ന സ്ഥാനപ്പേര് ഉപയോഗിച്ചിട്ടുള്ളത്?”
1859-ലെ ഷാഡ്വെലിന്റെ മത്തായിയുടെ പരിഭാഷയും അതോടൊപ്പം കിരിയോസിനെക്കുറിച്ച് കൊടുത്തിരിക്കുന്ന കുറിപ്പുകളും കണ്ടപ്പോൾ പാർക്കറിന് ഒരു കാര്യം മനസ്സിലായി. ചില സന്ദർഭങ്ങളിൽ കിരിയോസ് എന്നതിന്റെ സ്ഥാനത്ത് “യഹോവ എന്നു പരിഭാഷ ചെയ്യണം.” അങ്ങനെ പാർക്കർ തന്റെ പുതിയ നിയമ ബൈബിളിന്റെ പരിഭാഷ പരിഷ്കരിക്കാൻ തീരുമാനിച്ചു. സന്ദർഭമോ ഗ്രീക്കുവ്യാകരണമോ അനുസരിച്ച് എവിടെയെല്ലാം യഹോവയുടെ പേര് വരണമെന്നു തോന്നിയോ അവിടെയെല്ലാം അദ്ദേഹം അത് പുനഃസ്ഥാപിച്ചു. അങ്ങനെ പുതിയ നിയമത്തിന് ഒരു പദാനുപദ പരിഭാഷ മുഴുവനായി പരിഷ്കരിച്ച് 1863-ൽ ഒരൊറ്റ വാല്യമായി പാർക്കർ പുറത്തിറക്കി. അതിന്റെ തിരുവെഴുത്തുഭാഗങ്ങളിൽ 187 തവണ ദൈവത്തിന്റെ പേരുണ്ടായിരുന്നു. ഇതുവരെയുള്ള അറിവനുസരിച്ച്, ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉടനീളം ദൈവനാമം ഉപയോഗിച്ചിരിക്കുന്ന ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷയാണ് ഇത് (ആദ്യം പുറത്തിറങ്ങിയത്). e
1864-ൽ പാർക്കർ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിന്റെയും . . . പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും ഒരു സമാഹാരം പുറത്തിറക്കി. പുതിയ നിയമത്തിന്റെ ഈ രണ്ട് പരിഭാഷയും ഒരുമിച്ച് ഒരൊറ്റ വാല്യമായി പുറത്തിറക്കിയതുകൊണ്ട് പാർക്കറിന്റെ പരിഭാഷയും ജയിംസ് രാജാവിന്റെ ഭാഷാന്തരവും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടെന്ന് വായനക്കാർക്കു മനസ്സിലാകുമായിരുന്നു. f
ദൈവത്തിന്റെ നാമം പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ പല വാക്യങ്ങളും പാർക്കർ ചൂണ്ടിക്കാണിച്ചു. അതിലൊന്നായിരുന്നു റോമർ 10:13. അവിടെ ഇങ്ങനെ പറയുന്നു: “‘കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും’ എന്നുണ്ടല്ലോ.” എന്നിട്ട് പാർക്കർ ചോദിച്ചു: ‘ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് യഹോവയെക്കുറിച്ചാണ് അല്ലാതെ മകനായ യേശുക്രിസ്തുവിനെക്കുറിച്ചല്ല എന്ന് ജയിംസ് രാജാവിന്റെ ഭാഷാന്തരം വായിക്കുന്ന ആർക്കെങ്കിലും മനസ്സിലാകുമോ?’
പാർക്കർ തന്റെ ലഘുലേഖകൾ, പ്രബന്ധങ്ങൾ, മറ്റ് എഴുത്തുകൾ എന്നിവ പുറത്തിറക്കുന്നതിനും അതു പരസ്യം ചെയ്യുന്നതിനുമായി ആയിരക്കണക്കിന് പൗണ്ടാണ് ചെലവാക്കിയത്. അന്നത്തെക്കാലത്ത് അത് വലിയൊരു തുകയായിരുന്നു. വെറും ഒരു വർഷംതന്നെ അദ്ദേഹം 800 പൗണ്ട് ചെലവാക്കി. ഇന്നത്തെ കണക്കനുസരിച്ച് അത്, ഒരു ലക്ഷത്തിലധികം ബ്രിട്ടീഷ് പൗണ്ട് (ഒരു കോടിയിലധികം രൂപ) വരും. അതുപോലെ അദ്ദേഹം തന്റെ പല പ്രസിദ്ധീകരണങ്ങളുടെയും കോപ്പികൾ, പരിചയമുള്ളവർക്കും ഉന്നത സ്ഥാനത്തുള്ള പുരോഹിതന്മാർക്കും വിലയിരുത്തുന്നതിനുവേണ്ടി സൗജന്യമായി അയച്ചുകൊടുത്തു.
പാർക്കറിന്റെ എഴുത്തുകളും അദ്ദേഹത്തിന്റെ ബൈബിൾ പരിഭാഷകളും കുറച്ച് മാത്രമേ അച്ചടിക്കപ്പെട്ടുള്ളൂ. ചില പണ്ഡിതന്മാർ ആ ശ്രമങ്ങളെ പരിഹസിച്ചു. പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളിൽ ദൈവനാമം പുനഃസ്ഥാപിക്കാനുള്ള പാർക്കറിന്റെയും ഷാഡ്വെലിന്റെയും മറ്റുള്ളവരുടെയും ആത്മാർഥമായ ശ്രമങ്ങൾക്ക് അവർ ഒരു വിലയും കൊടുത്തില്ല.
ധാരാളം വിവരങ്ങൾ അടങ്ങിയ ഈ പത്തു മിനിട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായേക്കാം: വാർവിക്ക് മ്യൂസിയം ടൂർ: “ബൈബിളും ദിവ്യനാമവും.”
a ദൈവത്തിന്റെ പേര് മലയാളത്തിൽ “യഹോവ” എന്നോ ചിലപ്പോൾ “യാഹ്വെ” എന്നോ പരിഭാഷപ്പെടുത്തുന്നു.
b “യഹോവ” എന്ന നാമത്തിന്റെ ചുരുക്കരൂപമാണ് “യാഹ്.” വെളിപാട് 19:1, 3, 4, 6 വാക്യങ്ങളിൽ കാണുന്ന “ഹല്ലേല്ലൂയ” എന്ന വാക്കിൽ ഈ ചുരുക്കരൂപം അടങ്ങിയിട്ടുണ്ട്. കാരണം, “ഹല്ലേല്ലൂയ” എന്ന വാക്കിന്റെ അർഥം “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!” എന്നാണ്.
c പുതിയ നിയമം പൂർണമായി പരിഭാഷ ചെയ്യാൻ ഷാഡ്വെലിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പുതിയ നിയമ പരിഭാഷയിൽ ഫിലിപ്പ് ഡോഡ്രിഡ്ജ്, എഡ്വേഡ് ഹാർവുഡ്, വില്യം ന്യൂക്കം, എഡ്ഗേർ ടെയ്ലർ, ഗിൽബേർട്ട് വെയ്ക്ക്ഫീൽഡ് എന്നിവരുടെ പരിഭാഷകളിലെ ചില ഭാഗങ്ങളുമുണ്ട്.
d പാർക്കർ തന്റെ ബിസിനെസ്സ് കാര്യങ്ങളും ബൈബിൾ ഗവേഷണവും തമ്മിൽ ഇടകലരാതിരിക്കാൻ, ഹെർമൻ ഹെയ്ൻഫെറ്റർ എന്ന തൂലികാനാമം ഉപയോഗിച്ചു. തന്റെ മതപരമായ എഴുത്തുകളും ബൈബിൾ പരിഭാഷകളും അദ്ദേഹം ആ പേരിലാണ് എഴുതിയത്. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ അനുബന്ധത്തിൽ ഈ പേര് കാണാം.
e 1864-ൽ പാർക്കർ പുറത്തിറക്കിയ പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ ദൈവത്തിന്റെ നാമം 186 തവണയുണ്ട്.
f പാർക്കറിന്റെ പരിഭാഷകൾക്കു മുമ്പുതന്നെ പുതിയ നിയമത്തിന്റെ പല ഹീബ്രൂ പരിഭാഷകളിലും ദൈവനാമം പല വാക്യങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ, 1795-ൽ യൊഹോൻ യൊക്കൊബ് ഷ്ടോൾസ് പുറത്തിറക്കിയ ജർമൻ പരിഭാഷയിൽ മത്തായി മുതൽ യൂദ വരെയുള്ള ഭാഗങ്ങളിൽ 90-ലധികം തവണ ദൈവത്തിന്റെ നാമം കാണാം.